മഴനിലാവ്
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ചിത, കത്തിയമരുകയാണ്. പച്ച മാവിൻ വിറകുകൾ അടുക്കിവച്ച പട്ടട കത്തിയമർന്നു താണു. അഗ്നി വിഴുങ്ങിയമർന്നതിനുള്ളിൽ നിന്നെവിടെയോ എന്തോ പൊട്ടിച്ചിതറുന്നു. കത്തിയ മാം സഗന്ധം അന്തരീക്ഷമാകെ പടർന്നിരിക്കുന്നു. സമീപത്തെ ചെറുചെടികളേയും വാഴയിലകളേയും വാടലേൽപ്പിച്ച് തീയൊരു ഭസ്മക്കൂനയാകുന്നു. ഉടഞ്ഞ മൺകലശങ്ങൾ തെളിനീർ വറ്റിച്ചിതറിക്കിടക്കുന്നു. എള്ളും, ഉണക്കലരിയും, ദർഭക്കൊടികളും മണ്ണുപറ്റി ചിതറിക്കിടന്നു.
നിഖിത, ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. കത്തിയമരാൻ ഒരുങ്ങുന്ന പട്ടടയ്ക്കരികിലിരുന്നു കാർമ്മികൻ നഷ്ടബോധങ്ങളുടെ വ്യഥ പേറി നിലകൊണ്ട പ്രിയബന്ധുക്കളോട് സവിസ്തരം ചൊല്ലുന്നു. സഞ്ചയന കർമ്മങ്ങളും, പുലയടിയന്തിരവുമാകാം വിഷയം.
നിഖിതയുടെ ഉള്ളിൽ നിന്നും ഒരേങ്ങൽ പുറത്തുവന്നു. കണ്ണീർ ചാലിട്ടുണങ്ങിയ കവിൾത്തടങ്ങൾ ഉപ്പു പുരണ്ട് വലിഞ്ഞു നീറുന്നു. ആരോ കടും ചായ നീട്ടുന്നു.
“നിഖീ, എന്തെങ്കിലുമൊന്ന് കഴിക്കൂ. എത്ര നേരമായി ഒരിറ്റു വെള്ളം ഉള്ളിലെത്തീട്ട്”
നിഖിത മുഖം തിരിക്കാനേ പോയില്ല. നോക്കിനോക്കി നിൽക്കേ കനൽപ്പൊട്ടു കളുടെ കൂട്ടമായി ചിതയൊടുങ്ങി. കാറ്റലകളിൽ കനലുകൾ മിന്നിത്തിളങ്ങി. ഭിത്തിയിലെ പ്രസാദിന്റെ ചിത്രത്തിലെ പൂമാല ആടിയുലയുന്നു. പതിവില്ലാതെ; പ്രസാദിനിപ്പോൾ സന്തോഷമായിക്കാണും. ആവന്തിക അരികിലെത്തിയല്ലോ. വിവാഹത്തിന്റെ ഏഴാം മാസം ടാർനിരത്തിൽ ചിതറിയ പ്രസാദിന്റെ ചുടുരക്തം. അന്യമായ ജീവൻ. പതിനാറു വർഷങ്ങൾക്കു ശേഷം പ്രസാദ്, പാരിജാതപ്പൂക്കൾ ഇതൾ വിടർന്ന മാനത്തേ പറുദീസയുടെ വഴിയോരത്ത് കാത്തുനിൽപ്പുണ്ടാവും. അവന്തികയേ എതിരേൽക്കാൻ.
പ്രസാദ്, നിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടോ? നമ്മുടെ മോള് നിനരികിലെത്തിയതിൽ? .ഞാനവളേ പതിനാറു വർഷം കണ്ണിലെ കൃഷ്ണമണി പോലെ കാത്തൂ പ്രസാദ്. ഇനിയെന്നാണ് ഞാൻ, നിങ്ങൾക്കൊപ്പം വന്നുചേരുന്നത്? ആത്മഹ ത്യ, എനിക്ക് ഭയമാണെന്ന് നിനക്കറിയില്ലേ?
ലാസ്റ്റ് ഗ്രേഡ് സർവന്റ് ആയതിനാൽ മോളെ വളർത്താൻ ബുദ്ധിമുട്ടു വന്നിരുന്നില്ല. ആവന്തിക എന്ന പേര് പ്രസാദിന്റെ ഇഷ്ടമായിരുന്നു. പ്രസാദിന് അത്രക്കും നിശ്ചയമായിരുന്നു, വരാനിരിക്കുന്നത് പെൺകുഞ്ഞാണെന്നത്.
പ്രസാദിന്റെ അകാലനിര്യാണം മനസ്സിനെ അത്രമേൽ ഉലച്ചുകളഞ്ഞിരുന്നു. ഉന്മാദങ്ങൾ കീഴടക്കിയ മനസ്സിനെ നേർരേഖയിലെത്തിച്ചത് അവന്തികയുടെ കടന്നുവരവായിരുന്നു..
പിന്നീടുള്ള ഓരോ നിമിഷവും അവന്തികയ്ക്കു മാത്രമായിട്ടായിരുന്നു. അവളുടെ വളർച്ചയുടെ ഓരോ പടവുകൾ. കുഞ്ഞുടുപ്പിൽ നിന്നും പട്ടുപാവാടഞൊറികളുടെ ചിറകു വീശിയ ശലഭമായ് അവൾ ആദ്യമായി വിദ്യാലയത്തിൽ പോയത്. സന്ധ്യകളിൽ മുത്തച്ഛനേയും മുത്തശ്ശിയേയും തന്നേയും അവൾ ചൊല്ലിക്കേൾപ്പിച്ച നുറുങ്ങു പാട്ടുകൾ. പ്രസാദിന്റെ അച്ഛനുമമ്മയും എത്രയധികം, തന്നെ സ്നേഹിച്ചിരുന്നു. അതിലേറെ അവന്തികയേയും.
എൽ കെ ജി യിലെ പഠനകാലത്താണ് അത് ആദ്യമായി ശ്രദ്ധയിൽ വരുന്നത്. നടക്കാൻ മാത്രം ദൂരമുള്ള വിദ്യാലയം. ഒരിക്കൽ,അവന്തികയുടെ കൈപിടിച്ച് സ്കൂൾ വിട്ടു മടങ്ങുമ്പോൾ അവളൊരു സ്വപ്നാടനത്തിലെന്ന പോലെയാണ് കൂടെ വന്നത്. സ്കൂളിലെ വിശേഷങ്ങളോ, വിശേഷങ്ങൾക്കുള്ള ചോദ്യങ്ങൾ ക്കുള്ള മറുപടിയോ അവളിൽ നിന്നുണ്ടായില്ല. ആകെയൊരു മൗഢ്യം. ഒരു പക്ഷേ, സ്കൂൾ വിടും നേരത്ത് ഉറങ്ങിയതാവാം. അതായിരിക്കാം ഈ അലസത. നടന്നുനടന്നു വിടിന്നരികിലെത്തി.
ഗേറ്റ് എത്തുമ്പോഴേക്കും അവൾ കൈവിടുവിച്ച് ഓടാറുള്ളതാണ്. പക്ഷേ, ഇക്കുറി അതുണ്ടായില്ല. ഗേറ്റു കണ്ടിട്ടും അവൾ മുന്നോട്ടു നടന്നു. സ്ഥലകാല ബോധങ്ങളില്ലാതെ. ഏറെ പരിഭ്രമത്തോടെ യാണ് അവന്തികയെ എടുത്ത് വീട്ടിലെത്തിച്ചത്.
“മോളേ….” എന്ന വിളികൾക്കൊന്നും അവളിൽ നിന്നും പ്രതികരണമുണ്ടായില്ല. ഞൊടിയിടയിൽ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി തണുത്ത ജലത്തിൽ കുളിപ്പിച്ചു. ദേഹത്തു ശക്തിയായി തട്ടി, ഉറക്കേ വിളിച്ചു.
“മോളെ” അവൾ സുഷുപ്തിയിൽ നിന്നുണർന്ന പോലെ മിഴികൾ വിടർത്തി. മെല്ലെ മന്ത്രിച്ചു. “എന്താ, അമ്മേ…”
അതൊരു തുടക്കമായിരുന്നു. അന്നത്തേ സ്വപ്നാടന രീതികൾക്കൊപ്പം, രാത്രിയുറക്കത്തിലേ ചർദ്ദിയും പതിവായി വന്നു. ഗവർമെന്റ് ആശുപത്രിയിലേ ദഹനക്കേടിനുള്ള ഗുളികകൾ അടിയറവു പറഞ്ഞപ്പോഴാണ്, നഗരത്തിലെ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ അഭയം തേടിയത്.
പ്രഗത്ഭയായ വനിതാ ഡോക്ടർ അവന്തികയേ സസൂക്ഷ്മം നിരീക്ഷിച്ചു. എന്നിട്ട് ഇ ഇ ജി പരിശോധനക്ക് നിർദ്ദേശിച്ചു. അരമണിക്കൂറോളം നീണ്ട ടെസ്റ്റ്. തലയിലാകെ നീണ്ട കുഴലുകളും വയറുകളും പതിപ്പിച്ച് തെല്ല് വ്യസനം ജനിപ്പിക്കുന്ന പരിശോധന. റിസൾട്ട് വന്നു. സൂക്ഷ്മ പരിശോധനക്കു ശേഷം, ഡോക്ടർ അസുഖം പ്രഖ്യാപിച്ചു.സീഷർ അഥവാ അപസ്മാരം.
ഇത്രയേറെ തളർന്നുപോയ ഒരു മുഹൂർത്തം ജീവിതത്തിലുണ്ടായിരുന്നില്ല. നിഖിത ഉള്ളിലാർത്തു കരഞ്ഞു. ഏതു ജന്മബന്ധത്തിന്റെ വേരുകളിൽ നിന്നായിരിക്കും അവന്തികക്ക് ഈ രോഗം പകർന്നു കിട്ടിയത്? ഏതു മുജ്ജന്മ പാപഫലമാണിത്?
രോഗത്തിനുള്ള ചികിത്സാരീതികൾ ആരംഭിക്കുകയായിരുന്നു. ഓക്സിറ്റോൾ ഗുളികകളും വാൽപാരിൻ ടാബ്ലറ്റുകളും വീട്ടിലെപ്പോഴും സ്റ്റോക്ക് ചെയ്യപ്പെട്ടു. വർഷങ്ങൾ, നീണ്ട വർഷങ്ങൾ. ഒടുവിൽ, ഡോസേജ് കുറച്ചുകൊണ്ടുവന്ന് ഓരോ മരുന്നുകളായി നിർത്തി പൂർണ്ണവിമുക്തിയി ലേക്കെത്തിയപ്പോഴെക്കും അവന്തികക്ക് പതിനാലുവയസ്സു പിന്നിട്ടിരുന്നു.
കൈക്കുടന്നയിൽ കൊണ്ടുനടന്ന്, ഒരു വിനോദയാത്രയ്ക്കോ മറ്റു തനിച്ചുള്ള യാത്രകൾക്കോ വിടാതെ കാത്ത പതിനാലു വർഷങ്ങൾ. അസുഖം മടങ്ങി വരില്ലെന്ന് ഡോക്ടറും പ്രത്യാശ പറഞ്ഞിരുന്നു. അവന്തിക മിടുക്കിയായിരുന്നു.
ഫിറ്റ്സ് ബാധിച്ചവർക്ക് ജീവിതത്തിൽ നാഴികക്കല്ലുകൾ പിന്നിടാൻ കഴിയില്ലെന്ന് ആരാണ് പറഞ്ഞത്? അവന്തികയുടെ കവിതകൾ, ചെറുകഥകൾ. പഠിക്കാനും ഏറെ മുന്നിലായിരുന്നു. അകത്തളത്തിലേ ഷെൽഫിൽ പുരസ്കാരങ്ങൾ നിറഞ്ഞുകവിഞ്ഞു. ഒരിക്കൽ അവൾ പറയുക കൂടി ചെയ്തു.
“അമ്മേ, ഷെൽഫിൽ ട്രോഫികൾ നിറഞ്ഞല്ലോ? ഇനിയെവിടെ വയ്ക്കും ഇതെല്ലാം? ഇനിയെനിക്കു മെഡലുകൾ വിധിച്ചിരിക്കില്ലേ?”
ഒരു ശാസനയിൽ മറുപടിയൊതുക്കിയെങ്കിലും, മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. ഈശ്വരാ, എന്റെ കുഞ്ഞിനേ കാക്കണേ.
എന്നിട്ടും, ഇന്നലെ വൈകീട്ട്, കുളിമുറിയിലെ വെള്ളം നിറച്ച തൊട്ടിയിലേക്ക് അവൾ വീണത് താൻ അറിയാതെ പോയല്ലോ. വാതിൽ ഭേദിച്ച്, ശുചിമുറിയിൽ കയറുമ്പോൾ കണ്ട കാഴ്ച്ച. തൊട്ടിയിലേക്ക് മുഖം കമിഴ്ന്നു കിടന്ന പൊന്നു മോൾ. വാരിയെടുക്കുമ്പോൾ, അവളുടെ കവിളിൽ പതഞ്ഞ നുരയേ തൊട്ടിയിലെ ജലം തുടച്ചു മാറ്റിയിരുന്നു. അവളുടെ മിഴികൾ വല്ലാതെ തുറന്നിരുന്നു. ഏതോ ദിക്കിലേക്ക് കൃഷ്ണമണികൾ കൂർത്ത് നിശ്ചലമായി നിന്നു.
ചിത, വീണ്ടും ജ്വലിക്കാൻ തുടങ്ങി. ധനുക്കാറ്റ് വീശിക്കൊണ്ടേയിരുന്നു. നിഖിതയുടെ കാതുകളിൽ ഡോക്ടറുടെ ശബ്ദം അലയടിച്ചു കൊണ്ടേയിരുന്നു.
” ഇപ്പോൾ അസുഖലക്ഷണമൊന്നും കാണുന്നില്ല. മരുന്ന് പൂർണ്ണമായും നിർത്താം. അപൂർവ്വം ചില സന്ദർഭങ്ങളിൽ രോഗം മടങ്ങിയെത്താനും സാധ്യതയുണ്ട്. കാരണം, അപസ്മാരം ഒരു രോഗമല്ല. തലച്ചോറിലെ ഇലട്രിക് തരംഗങ്ങളുടെ വ്യതിയാനം മാത്രമാണ്”
നിഖിത ജനലുകളടച്ചു. പുറത്തെവിടെയോ ഒരു രാപ്പക്ഷി കരഞ്ഞു. ഒരു വിലാപം പോലെ….