ഗായത്രിയുടെ വീട്ടിൽ കല്യാണപന്തൽ ഒരുങ്ങുമ്പോൾ അപ്പുവിന്റെ ഉള്ളിൽ ഒരു പൊള്ളൽ ആയിരുന്നു. ആരും കാണാതെ ആരും അറിയാതെ ആ തേങ്ങൽ കണ്ണുനീർ ആയി ഒഴുക്കി….

അപ്പു….

എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“ടാ അപ്പു നിന്റെ മൊബൈലിൽ ആരോ വളിക്കുന്നു… ” ഇതിപ്പോ ആരാ രാവിലെ, കയ്യിൽ പറ്റിയ അഴുക്ക് കോട്ടൺ വേസ്റ്റിൽ തുടച്ചുകൊണ്ട് അപ്പു മൊബൈൽ എടുക്കാൻ പോയി. മൊബൈലിൽ പെങ്ങളുടെ ചിരിക്കുന്ന മുഖം. വീട്ടിൽ നിന്ന് വന്നതല്ലേ ഉള്ളൂ, ഇവളെന്തിനാ ഇപ്പോൾ വിളിക്കുന്നത്.          

” ഹലോ.. എന്താടി… ”           

” ടാ നീ ജോലിയിൽ ആണോ.. ”      

” അല്ല ഞാൻ ഇവിടെ സിനിമ കാണുകയാ… എന്തേയ് വരുന്നോ… ”       

” ഏത് സിനിമ ആണെടാ…        

” കളിച്ചുകൊണ്ട് നിൽക്കാതെ കാര്യം പറ, എനിക്ക് ഒരുപാട് ജോലിയുണ്ട്….”         

“അതെ നീ ഉച്ചക്ക് കഴിക്കാൻ വരുമ്പോൾ ഒരു ബിരിയാണി വാങ്ങി വരുമോ..            

” അതെന്താ ഇന്ന് വീട്ടിൽ ചോറ് വച്ചില്ലേ..   “

” ഉണ്ട്  , എന്നാലും ഒരെണ്ണം വാങ്ങിവാടാ പ്ലീസ്… ”       

” ആ ഞാൻ നോക്കട്ടെ… 

” നോക്കിയാൽ പോര വാങ്ങണം കേട്ടല്ലോ.. “തിരികെ മറുപടിക്ക് നിൽക്കാതെ അവൾ കാൾ കട്ട്‌ ചെയ്തു.     

” ഇന്നെന്താ മോനെ പതിവില്ലാതെ ബിരിയാണിയൊക്കെ… ” ചായക്കടക്കാരൻ രാമേട്ടൻ ആണ് ചോദിച്ചത്..   

  ” പെങ്ങൾക്കാ ചേട്ടാ… ”    

” നിനക്ക് രാവിലെ കുറച്ച് ചോറ് കൊണ്ട് വന്നുകൂടെ, അല്ലേൽ ഒരു പഴയ വണ്ടി എടുക്ക്, ഈ വെയിലും കൊണ്ട് ഇങ്ങനെ നടക്കണ്ടല്ലോ… ”      

” വണ്ടിയൊന്നും വേണ്ട പെട്രോളിനൊക്കെ കുത്തനെ വിലകൂടുക അല്ലേ ചേട്ടാ.. പിന്നെ ചോറ് കൊണ്ട് വരണമെങ്കിൽ അമ്മ രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറണം.. ഇവിടുന്നു കുറച്ചല്ലേ ഉള്ളു നടക്കാൻ.. നടക്കുന്നത് ആരോഗ്യത്തിനും നല്ലത് ആണ്… “

” നിനക്ക് എല്ലാത്തിനും ഓരോ ന്യായം ഉണ്ടാകും..  അതും പറഞ്ഞുകൊണ്ട് രാമേട്ടൻ ബിരിയാണി പാർസൽ ആക്കി അപ്പുവിന് കൊടുത്തു. പൈസ കൊടുത്ത് ചിരിച്ചു കൊണ്ട് അതും വാങ്ങി അപ്പു ആ വെയിലത്ത്‌ കൂടി വീട്ടി ലേക്ക് നടന്നു

ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് പെങ്ങൾ അമ്മു. അപ്പു ഉമ്മറത്തേക്ക് കയറിയപ്പോൾ തന്നെ അമ്മു അപ്പുവിന്റെ കയ്യിൽ ഇരുന്ന കവറും വാങ്ങി ഉള്ളിലേക്ക് പോയി.       

” അമ്മേ… ചോറെടുക്ക്..വേഗം പോണം..  “

അപ്പു കയ്യും കാലും മുഖവും കഴുകി കഴിക്കാനിരുന്നു. അമ്മ ചോറും കറിയും കൊണ്ട് വച്ചപ്പോഴേക്കും ബിരിയാണിയും കൊണ്ട് അമ്മുവും വന്നിരുന്നു.    

” ടി കുറച്ച് അവന് കൂടി കൊടുക്ക്‌.. ”  

” ഇത് മുഴുവൻ എനിക്ക് വേണം, അവന് വേണമെങ്കിൽ ഒന്നൂടി വാങ്ങിക്കൂടായിരുന്നോ… “

അമ്മു അതും പറഞ്ഞ് ബിരിയാണി കൈ കൊണ്ട് മറച്ചു..

” എനിക്ക് വേണ്ട നീ തിന്നോ… അല്ലേലും അതൊക്കെ വയറിന് കേടാണ്.. “

അമ്മു മറ്റൊന്നും ശ്രദ്ധിക്കാതെ ബിരിയാണി തിന്ന് തീർക്കുന്ന തിരക്കിൽ ആണ്..           

ഭക്ഷണം കഴിച്ച് പോകാനായി ഇറങ്ങിയപ്പോഴേക്കും അമ്മ ഒരു കടലാസ് അപ്പുവിന്റെ നേർക്ക് നീട്ടി..

” നീ വരുമ്പോൾ ഇത് കൂടി വാങ്ങിയിട്ട് വാ..  ” 

കടലാസ് ഒന്ന് നോക്കി മടക്കി പോക്കറ്റിൽ ഇട്ടുകൊണ്ട് അപ്പു നടന്ന് നീങ്ങി..    

” ഒന്ന് നിൽക്കുവോ… ”  

പിന്നിൽ നിന്ന് വിളി കെട്ടാണ് അപ്പു തിരിഞ്ഞു നോക്കിയത്. ഗായത്രി ആണത്, വീടിന്റെ അടുത്ത് തന്നെ ഉള്ളതാണ്. രാവിലെയും വൈകുന്നേരവും അപ്പു നടന്ന് പോകുമ്പോൾ ജനലിന്റ ഇടയിൽ കൂടി അപ്പുവിനെ പിന്തുടരാറുണ്ട് അവളുടെ കണ്ണുകൾ..

  ” ഒന്ന് പയ്യെ നടക്ക് മാഷേ..   ഗായത്രി ഓടി അപ്പുവിന്റെ ഒപ്പം എത്തി.. 

  ” താനിത് എങ്ങോട്ടാ ഈ വെയിലത്ത്.. “

” ഒരിടം വരെ,  അല്ല എന്തെങ്കിലും തീരുമാനം ആകുമോ..

“എന്ത് തീരുമാനം.. “

” ഈ പുറകെ നടക്കലും, വഴിയിൽ കൂടി പോകുമ്പോൾ ആരും കാണാതെ ഉള്ള നോട്ടവും,  എല്ലാം മാഷിന് അറിയാല്ലോ പിന്നെന്തിനാ കണ്ടില്ല എന്ന് നടിക്കുന്നത്.. “

” അതൊന്നും നടക്കില്ല… ആദ്യം പെങ്ങളെ ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണം… അതെയുള്ളൂ മനസ്സിൽ.. “

“ഇങ്ങനെ പെങ്ങൾക്ക് വേണ്ടി ജീവിച്ചാൽ അവസാനം ഒറ്റയ്ക്ക് ആകും.. “

ഗായത്രിക്ക് ഒരു ചിരി സമ്മാനിച്ച് കൊണ്ട് അപ്പു വീണ്ടും നടത്തത്തിന്റെ. വേഗത കൂട്ടി..    

രാത്രി തിരികെ വീട്ടിൽ വരുമ്പോൾ അമ്മയും പെങ്ങളും ടീവി യുടെ മുന്നിൽ ആണ്. സാധനങ്ങൾ വാങ്ങി വന്ന കവർ അമ്മയെ ഏൽപ്പിച്ചു.. അമ്മുവിന്റെ  മുഖം കടന്നൽ കുത്തിയപോലെ ഉണ്ട്.

“എന്തുപറ്റി അമ്മ ഇവളുടെ മുഖത്ത് കടന്നൽ കുത്തിയോ..

” പെണ്ണിനെ ലാളിച്ച് വഷളാക്കി കളഞ്ഞു അതിന്റെ കുഴപ്പം ആണ്.. “അത്‌ പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി..

” എന്താടി പറ്റിയത്… “

” നീയും ഗായത്രിയും തമ്മിൽ എന്താ ബന്ധം… “

“എന്ത് ബന്ധം…

” ഞാൻ കാണാറുണ്ട് നീ പോകുമ്പോൾ അവളുടെ നോട്ടവും നിങ്ങളുടെ സംസാരവും…

” അതിനിപ്പോ എന്താ..

” എനിക്ക് ഇഷ്ടമല്ല അവളെ.. നിനക്ക്  വേറെ നല്ല പെൺകുട്ടിയെ കിട്ടും…

“അതിന് ഞങ്ങൾ തമ്മിൽ ഒന്നുമില്ല..”

” ആ ഒന്നും വേണ്ട… “അതും പറഞ്ഞ് അമ്മു അകത്തേക്ക് പോയി…

പിറ്റേന്ന് പതിവുപോലെ അപ്പു ജോലിക്ക് പോയി. അവിടേക്ക് ഗായത്രി വന്നപ്പോൾ അപ്പു ഒന്ന് സംശയിച്ചു..

“എന്താ താൻ ഇവിടെ… “

“മാഷിനെ കാണാൻ തന്നെയാ… “നമുക്ക് കുറച്ച് അങ്ങോട്ട് മാറി നിൽക്കാം..”.

  “എന്താടോ കാര്യം .. “

അവൾക്കൊപ്പം കുറച്ച് മാറി നിന്നു കൊണ്ട് അപ്പു ചോദിച്ചു…

“മാഷിന് ഞാൻ ഒരു ശല്യം ആണേൽ നേരിട്ട് പറഞ്ഞാൽ പോരെ പെങ്ങളെ കൊണ്ട് പറയിപ്പിക്കണ്ടായിരുന്നു… “.

  ” താൻ എന്തൊക്കെയാ ഈ പറയുന്നത്… “.

” ഇന്നലെ മാഷിന്റെ പെങ്ങൾ എന്നോട് പറഞ്ഞു, ഇനി മാഷിന്റെ പുറകെ നടക്കരുത് എന്ന്… “

” അതൊന്നും ഞാൻ പറഞ്ഞിട്ട് അല്ല,  ഞാൻ അറിഞ്ഞതും ഇല്ല.. “

“ഇങ്ങനെ പെങ്ങൾക്ക് വേണ്ടി ജീവിച്ച് ജീവിതം കളയാതിരുന്നാൽ മതി… എനിക്ക് അതെ പറയാനുള്ളു… ”

ഗായത്രി അത്‌ പറഞ്ഞു പോകുമ്പോൾ അപ്പുവിന് എവിടെയോ എന്തോ നഷ്ടപെട്ടത് പോലെ തോന്നി…

പിന്നീടുള്ള ദിവസങ്ങളിൽ വഴിയിൽ കൂടി നടക്കുമ്പോൾ ജനലിലൂടെ ഉള്ള ഗായത്രിയുടെ നോട്ടം പ്രതീക്ഷിച്ചു, എങ്കിലും കാണാൻ കഴിഞ്ഞില്ല…            

ഗായത്രിയുടെ വീട്ടിൽ കല്യാണപന്തൽ ഒരുങ്ങുമ്പോൾ അപ്പുവിന്റെ ഉള്ളിൽ ഒരു പൊള്ളൽ ആയിരുന്നു. ആരും കാണാതെ ആരും അറിയാതെ ആ തേങ്ങൽ കണ്ണുനീർ ആയി ഒഴുക്കി കളയാൻ മാത്രമേ അവനായുള്ളു…              

അമ്മുവിന്റെ കല്യാണം ഉറപ്പിച്ചപ്പോൾ അവളുടെ വാശി ഒരു കാറിന് ആയിരുന്നു. അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാറുള്ള അപ്പു അതും സാധിച്ചു കൊടുത്തു. വിവാഹം കഴിഞ്ഞ് ചെറുക്കന്റെ കയ്യും പിടിച്ച് ഇറങ്ങുന്ന അമ്മുവിന്റെ കയ്യിലേക്ക് കാറിന്റെ താക്കോൽ കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ ഒന്നുകൂടി തിളങ്ങി… ചിരിച്ചു സന്തോഷ ത്തോടെ അമ്മു പടിയിറങ്ങുമ്പോൾ അപ്പു ആരും കാണാതെ  തന്റെ കണ്ണുനീർ മുണ്ടിന്റെ അറ്റം കൊണ്ട് തുടച്ചു….           

ആളും തിരക്കും എല്ലാം കഴിഞ്ഞ് ആ വീട്ടിൽ അപ്പുവും അമ്മയും മാത്രം ആയി.. ഉമ്മറത്ത് ഇരിക്കുന്ന അപ്പുവിന്റെ അടുക്കൽ അമ്മ വന്നിരുന്നു…

“മോനെ….. “

” എന്താ അമ്മേ…. ”  

” മോന് അമ്മയോട് ദേഷ്യം ഉണ്ടോ… “

” എന്തിനാ അമ്മേ…. “

” എല്ലാം ഒറ്റയ്ക്ക്…   എല്ലാ ഭാരവും ഈ ചുമലിൽ അല്ലെടാ, അമ്മയുടെ മോൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്….. “

തഴമ്പുകൾ കൊണ്ട് കല്ലിച്ച അപ്പുവിന്റെ കൈകൾ തടവിക്കൊണ്ട് അമ്മ പറയുമ്പോൾ, ആ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു…

” അതൊക്കെ എന്റെ ചുമതല അല്ലേ അമ്മ…. ഒരുപാട് ക്ഷീണിച്ചു താഴെ വീഴും എന്ന് തോന്നുമ്പോൾ കുറച്ച് നേരം തലചായ്ച്ച് കിടക്കാൻ അമ്മ അടുത്ത് ഉണ്ടായാൽ മതി… “

എന്ന് പറഞ്ഞ് അപ്പു അമ്മയുടെ മടിയിൽ തലവെച്ച് കിടന്നു.

” ഇനി നിനക്കും ഒരാളെ കണ്ടുപിടിക്കണം… “

“ആദ്യം ഈ കടങ്ങളൊക്കെ തീർത്ത് ഒന്ന് നടുനിവർക്കട്ടെ… എന്നിട്ട് മതി മറ്റെന്തും… “

അടുത്ത പ്രാരാബ്ദങ്ങളും കഷ്ടപാടുകളും, ഇടയിൽ ചെറിയ ചെറിയ സ്വപ്നങ്ങളും കണ്ട് അപ്പു ആ മടിയിൽ തല ചായിച്ചു കിടന്നു…..