കൈ വലിച്ചു ബാലൻസ് ചെയ്തു നിക്കാൻ നോക്കിയെങ്കിലും വളവു തിരിയുമ്പോൾ കമ്പിയിൽ പിടിക്കാതെ തരമില്ല ആ സമയം നോക്കി അയാൾ വീണ്ടും കേറിപിടിക്കും………

_upscale

ഉദ്യോഗസ്ഥ

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഇവടെ ഒക്കെ ഒരു യോഗം വല്ലതും അറിയണോ ?നേരം വെളുക്കുമ്പോൾ ഒരുങ്ങി കെട്ടി ഇറങ്ങും. പിള്ളേരെ നോക്കണ്ട. വീട്ടിലെ പണിയും ചെയ്യണ്ട. പ്രായം ചെന്ന അമ്മായിഅമ്മമാരെ ഇട്ടു മാട് പോലെ പണിയിപ്പിക്കും ഒരു മനഃസാക്ഷിയും ഇല്ലാത്ത ജോലിക്കാരികൾ.

ഡാ രഘു പതുക്കെ പറ ലവള് കേക്കും.

കേട്ടാൽ എന്നാ അങ്ങ് തൂക്കിക്കൊല്ലുമോ നീ ഒന്നുപോടാ ഷുക്കൂറെ. ഞാൻ എപ്പോളും ഇങ്ങനെ തന്നെ പറയും.

ധൃതി വെച്ചു ബസിനായി ഓടുമ്പോൾ വഴിയിലെ കടക്കു മുമ്പിൽ ഒരു പണിയു മില്ലാതെ ഇരിക്കുന്ന ചേട്ടന്മാരുടെ സംസാരം കേക്കാഞ്ഞിട്ടല്ല. തിരിച്ചു പറഞ്ഞാൽ സമൂഹത്തിൽ നമുക്കുള്ള വില പോകും എന്നുമാത്രമല്ല അയാൾ സുധിയേട്ടന്റെ അകന്ന ബന്ധു കൂടിയാണ്.

ബസിൽ ഒരുവിധത്തിൽ കയറിപറ്റി. കമ്പിയിൽ തൂങ്ങി നിൽക്കവേ കുറെ നേരമായി ഒരുത്തൻ അറിയാത്തവണ്ണം കയ്യിൽ കയറിപിടിക്കുന്നു.

കൈ വലിച്ചു ബാലൻസ് ചെയ്തു നിക്കാൻ നോക്കിയെങ്കിലും വളവു തിരിയുമ്പോൾ കമ്പിയിൽ പിടിക്കാതെ തരമില്ല ആ സമയം നോക്കി അയാൾ വീണ്ടും കേറിപിടിക്കും.

പലതവണ ആവർത്തിച്ചപ്പോൾ അനിയന്റെ പ്രായമുള്ള ആ മോനോട് നിനക്ക് എന്തിന്റെ സൂക്കേടാ ചെക്കാ എന്ന് ഇത്തിരി ഉറക്കെ ചോദിച്ചതും അവൻ ആൾത്തിരക്കിലേക്കു ഊളയിട്ടു.

മോളെ ബാലെ ബസ് അല്ലേ തട്ടും മുട്ടും ഒക്കെ കിട്ടും സൂക്ഷിച്ചും കണ്ടും നിൽക്കണം അല്ലാതെ ഇങ്ങനെ ഒച്ചവെച്ചു പത്തു പേരെ അറിയിച്ചിട്ട് എന്ത് കാര്യമാണ് നാട്ടുകാര് ഇനി ഇത് വെച്ചു കഥ മെനഞ്ഞാൽ സുധിക്കല്ലേ നാണക്കേട്.

തൊട്ടടുത്ത വീട്ടിലെ അമ്മച്ചിയാണ് രാവിലെ മോളുടെ വീട്ടിൽ പോകുവാ. തിരിച്ചെന്തു പറയാൻ. പറഞ്ഞിട്ട് കാര്യമില്ലാത്തിടത്തു പറയാതിരിക്കുന്നതിൽ പലതുണ്ട് കാര്യം.

ഇടക്കുള്ള ട്രാഫിക് ബ്ലോക്കും രാവിലത്തെ തിരക്കും എല്ലാം കൂടി ആയപ്പോൾ ബസ് 5മിനിറ്റ് ലേറ്റ്. എന്താ ബാലെ ഇതങ്ങു പതിവാക്കുകാണോ ?കറക്റ്റ് ടൈമിൽ എത്തണ്ടേ ?കുട്ടികൾ അധ്യാപകരെ കണ്ടല്ലേ പഠിക്കേണ്ടത്.

ഇല്ല മാഡം നാളെ തോട്ടു ലേറ്റ് ആവില്ല എന്ന് പറഞ്ഞു ഒരു വിധം രക്ഷപെട്ടു. എത്ര നേരത്തെ എഴുന്നേറ്റാലും എന്നും ഇങ്ങനെ തന്നെ. പഴയ രീതികളെ അതേപടി പിന്തുടരുന്ന കുടുംബത്തിലെ ഒരേ ഒരു ആൺ തരിയുടെ ഭാര്യയായി വന്നുകേറിയപ്പോൾ തന്നെ മനസിലാക്കിയതാണ് മുമ്പോട്ടുള്ള ജീവിതം ഒരുപാട് വിട്ടു വീഴ്ചകളും പ്രതിസന്ധികളും നിറഞ്ഞതാവു മെന്നു.

ഇഷ്ടമില്ലാത്ത വാക്കുകളോടോ മുഖങ്ങളോടോ പടവെട്ടി ഒരു ഇറങ്ങിപ്പോക്ക് അസാധ്യം. ഒറ്റ മകന്റെ കണ്ണിലേക്കു നോക്കി ജീവിക്കുന്ന മാതാപിതാക്കളെ അകറ്റാനോ സ്വയം അകലാനോ ശ്രമിച്ചാൽ അതൊരു ദുരന്തമാവും. സ്വന്തം ഇഷ്ടം പോലൊരു വീട്, സ്വതന്ത്രമായ അന്തരീക്ഷം, ഇഷ്ടാനുസരണമുള്ള ജീവിതം ഇതൊക്കെ ഒറ്റമകന്റെ ഭാര്യമാർക്ക് ആഗ്രഹിക്കാൻ പറ്റുന്ന കാര്യങ്ങളല്ല.

ആ മാതാപിതാക്കളെയും മറ്റു കുടുംബാംഗങ്ങളെയും സ്നേഹിച്ചും പരിചരിച്ചും കുടുംബത്തിൽ എത്തുന്ന ബന്ധുമിത്രാദികളെ സന്തോഷപൂർവം സത്കരിച്ചും അനുസരണയോടെയും സ്നേഹത്തോടെയും ജീവിച്ചാൽ മാത്രമേ വിജയിക്കാൻ പറ്റൂ. ആദ്യത്തെ വർഷങ്ങൾ ഒക്കെ പൊരുത്തക്കേടിന്റെയും അസഹിഷ്ണുത യുടെയും ദിവസങ്ങളായിരുന്നു. ഒരു ന്യൂക്ലിയർ ഫാമിലിയിൽ നിന്നും വന്ന മരംകേറി പെണ്ണിനെ ചട്ടവും മര്യാദയും പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ അമ്മായിയമ്മയെ കാണുമ്പോൾ ഒന്നുതൊട്ട് പത്തുവരെ പഠിച്ച കോൺവെന്റ് സ്കൂളിലെ ഹെഡ് മിസ്ട്രെസ്സിനെയാണ് ഓർമ വന്നിരുന്നത്. കാലങ്ങൾ എടുത്തു അന്നത്തെ ശിക്ഷണം ഒരു സുദീർഘമായ കുടുംബജീവിതത്തിനു അടിത്തറയിട്ടു ഭദ്രമാക്കി തന്നതാണെന്നു മനസിലാക്കാൻ.

എന്തൊക്കെ പറഞ്ഞാലും അമ്മായി അമ്മയും അച്ഛനുമൊക്ക ഇല്ലാത്തൊരു ജീവിതം ഇനി സങ്കൽപ്പിക്കാൻ പോലും ആവില്ല. നേരമിരുട്ടുമ്പോൾ ചേട്ടൻ ഇത്തിരി വരാൻ താമസിച്ചാലും ഈ അമ്മ വീട്ടിൽ ഉണ്ടേൽ ഒത്തിരി ആൾക്കാർ ഉള്ള ഒരു ഫീൽ. അമ്മ എങ്ങോട്ടേലും മാറിനിന്നാൽ എന്തെന്നറിയാത്ത ഒരു ഭയം ആണ്. ഒറ്റക്കായതുപോലെ.

ഓരോന്നോർത്തു നിന്നാൽ വീണ്ടും ടീച്ചറുടെ വക ക്ലാസ്സ്‌ കേകേണ്ടി വരും കാരണം ബെൽ അടിച്ചു. ഇനി റെസ്പോൺസിബിലിറ്റിയെ പറ്റി ആവും കൃത്യനിഷ്ഠയോ ഇല്ല ഇനി ഉത്തരവാദിത്തം കൂടി ഇല്ല എന്ന് കേൾപ്പിക്കാതെ വേഗം ക്ലാസിലെത്തി.

പഠിപ്പിക്കേണ്ടത് woman empowerment എന്ന topic ആണ് ആ വിഷയത്തെ ആധാരമാക്കി ക്രിസ്ത്യൻ ലഗാർഡ് എന്ന ആദ്യ ഫ്രഞ്ച് ഫിനാൻസ് മിനിസ്റ്ററുടെ മനോഹരമായ speech പഠിപ്പിക്കുമ്പോൾ ഉള്ളിലൊരു കോൺഫിഡൻസ്. അതിൽ സ്ത്രീകൾ ആർജ്ജിക്കേണ്ട 3Ls -learning, labour,leadership.

ഇന്നത്തെ സാമൂഹ്യ വ്യവസ്ഥതയിൽ പോലും ആ ടോപ്പിക്ക് എത്ര മാത്രം important ആണെന്ന് ഞാനും കൂടി ചിന്തിക്കുകയാരുന്നു.ഒരു സ്ത്രീ ആദ്യം നേടിയെടുക്കേണ്ടത് അറിവാണ് ആ അറിവാണ് അവളെ തന്റെ കരുത്തും പോരായ്മകളും നേടിയെടുക്കേണ്ട ലക്ഷ്യങ്ങളും എന്തെന്ന് മനസ്സിലാക്കി ക്കൊടുക്കുക കിട്ടുന്ന വിജ്ഞാനം പ്രയോഗികമാക്കാനും സ്വയം പര്യാപ്തമാവാനും ഒരു തൊഴിൽ വേണം പിന്നെ എല്ലാം നേടിയെടുക്കാൻ നേതൃത്വപാടവും. ക്ലാസ്സ്‌ കത്തികയറവെ മുമ്പിൽ ഇരിക്കുന്ന പുരുഷപ്രജകൾക്ക് എന്തോ ഒരു വൈക്ലബ്യം. അപ്പോഴാണ് ഇത്തവർക്കത്ര ദഹിക്കുന്നതല്ലലോ എന്നൊരു ഓർമ വന്നത്. ചിലർ കോട്ടുവായിടുന്നു മറ്റുചിലർ അസ്വസ്ഥരായി പിറുപിറുക്കുന്നു.

എന്താണ് ബോയ്സ് ടോപ്പിക്ക് ഇഷ്ടയില്ലേ എന്നുചോദിച്ചതും കോറസ് ആൻസർ നോ.

പിന്നെ അവരെ ടോപ്പിക്ക് ഇഷ്ടപെടുത്തുക എന്നൊരു കടമ്പ അതിനായി ഫെമിനിസ്റ്റിനെ ജനലിക്കൂടി ഒരേറു കൊടുത്തു സോഫ്റ്റ്‌ ആയി. Boys ഇവിടെ പറയുന്നത് സ്ത്രീകളെ നിങ്ങളെക്കാൾ ഉയർത്തണം എന്നല്ല നിങ്ങൾ അനുഭവിക്കുന്ന ആസ്വദിക്കുന്ന എല്ലാം നിങ്ങളുടെ കൂടപ്പിറപ്പായ ഈ ഗേൾസിനും കൂടി ഉറപ്പാക്കണം അത്രേയുള്ളൂ അപ്പോൾ അവരുടെ മൈൻഡ് ഒന്ന് മാറി. ഒരല്പം അയവൊക്കെ വന്നു.

ക്ലാസ്സൊക്കെ കഴിഞ്ഞു വൈകിട്ട് വീട്ടിലോട്ടു യാത്ര തിരിക്കവേ പതിവ് പോലെ തിരക്കാണ്. തട്ടലും മുട്ടലും ഇല്ലാതെ സ്വസ്ഥമായി നില്കാൻ ഒരിടം കണ്ടുപിടിച്ചു മനോരാജ്യങ്ങളിൽ മുഴുകുമ്പോൾ ഒരമ്മയും കുഞ്ഞും ആ സ്റ്റോപ്പിൽ നിന്നും കേറി. ഒരു വയസ് ഏകദേശം തോന്നുന്ന മോളെ മാറോടടുക്കി അവരു സീറ്റിനായി പരതി എങ്കിലും ആരും എഴുന്നേറ്റില്ല. ഈ അടുത്ത് ഇങ്ങനെ സീറ്റ്‌ കിട്ടാതെ ഒരു ഗർഭിണി മരിക്കുകയും മൂന്നുകുട്ടികൾ അനാഥമാകുകയും ചെയ്തിട്ടും കുറെ ഫേസ്ബുക് വാട്ട്‌ സ് അപ്പ്‌ പ്രതിഷേധങ്ങൾ അല്ലാതെ ആരുടെയും മനസാക്ഷിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നത് അത്ഭുതത്തോടെയാണ് കണ്ടത്. ജീൻസും ടോപ്പും ഇട്ടു ഇയർഫോണിൽ കൂടി സംഗീതം ആസ്വദിച്ചു കണ്ണടച്ചു കിടക്കുന്ന കൗമാരക്കാരി. ഇവൾ ഒന്നും ഒരിക്കലും പ്രസവിക്കുകയോ അമ്മയാവുകയോ ചെയ്യാതെ ഉടലോടെ സ്വർഗത്തിൽ പോവാനുള്ള പാസ്സ് വാങ്ങി ഇരിക്കുകയാണെന്നു തോന്നിപോകും. അവളുടെ തൊട്ടടുത്തിരുന്ന അമ്മ എന്ന് തോന്നുന്ന സ്ത്രീ ഒരല്പം കേറി ഇരുന്നു ഇരിക്കാനുള്ള ഔദാര്യം അമ്മയ്ക്കും കുഞ്ഞിനും കൊടുത്തു. രണ്ടുപേരുടെ സീറ്റിൽ ഞെരിഞ്ഞിരിക്കുന്ന അമ്മയെയും കുഞ്ഞിനേയും ഒക്കെ കണ്ടപ്പോൾ രാവിലെ പഠിപ്പിച്ചതൊന്നും വേണ്ടെരുന്നു എന്ന് തോന്നിപോയി.

ആരോടും ദയ ഇല്ലാത്ത സഹജീവികളെ കാണാത്ത ഇന്റർനെറ്റ്‌ എന്ന പിശാചുവലയിൽ മാത്രം കുരുങ്ങിക്കിടക്കുന്ന ഇന്നത്തെ തലമുറയെ ഇനി ശാക്തീകരിക്കുക കൂടി ചെയ്യാത്ത കുഴപ്പമേ ഉള്ളൂ.സ്വയം പഴിച്ചുള്ള ചിന്തകളിൽ നിന്നുണർത്തി ബെൽ. വീടിനടത്തുള്ള സ്റ്റോപ്പ്‌ എത്തി.

വീട്ടിലോട്ടു കേറവേ ഒരുവയസുള്ള കുഞ്ഞു ഓടി വന്നു ചുറ്റിപിടിച്ചു. അമ്മിഞ്ഞ പാലിനുള്ള പരാക്രമം. വാരിയെടുത്തു ഉമ്മ നൽകി പാലുകൊടുക്കവേ മൂത്തമകൾ ഒരു കുന്നു വിശേഷങ്ങളുമായി പുറകെ കൂടി. പിന്നെ പതിവുപോലുള്ള പണികൾ ചെയ്തു തീർക്കുന്നതിനിടയിൽ ചായ കുടിക്കാനോ വിശപ്പടക്കാനോ തോന്നിയില്ല.

പാത്രം കഴുകവെ രഘുവേട്ടന്റെ വാക്കുകൾ ഓർമ വന്നു. എന്ത് സുഖമാണ് ഇവരൊക്കെ കാണുന്നത് ജോലിക്കാരിയുടെ ജീവിതത്തിൽ. പലപ്പോഴും എത്ര ചെയ്താലും തീരാത്ത പണികളും വൃത്തിയില്ല വെടുപ്പില്ല എന്ന പരാതികളും മാത്രം. അതിൽ നിന്നൊക്കെ തലയൂരി കേട്ടില്ല എന്ന മട്ടിൽ ഇറങ്ങുമ്പോൾ കരയുന്ന കുഞ്ഞിന്റെ മുഖം നീറ്റും അതിലേറെ . പോകുന്ന വഴിക്കും ജോലിസ്ഥല ത്തുമൊക്ക പ്രശ്നങ്ങൾ പലവിധം. വന്നാലോ ഒരിക്കലും തീരാത്ത കാര്യങ്ങൾ പിന്നെയും. മക്കളെ പഠിപ്പിച്ചു ഭർത്താവിനായി സമയം കണ്ടെത്തി ഒരു സെക്കന്റ്‌ പോലും കളയാതെ ഓടുമ്പോളും നാട്ടുകാർക്ക് പരിഹാസം മാത്രം.

രഘുവേട്ടനെ പറ്റി ഓർത്തതെ ഉള്ളൂ ധാ അങ്ങേരല്ലേ വരുന്നത്.

ബാലെ ജാനകിയേടത്തി ഇവിടില്ലേ ?വിളികേട്ടു സുധിയേട്ടന്റെ അമ്മ ഇറങ്ങിവന്നു ഉമ്മറത്തേക്ക്.

ആഹാ രഘുവോ. എന്താടാ ഈ വഴിക്കൊക്കെ ?

ജാനകിയേടത്തിയെ നമ്മുടെ മോനില്ലേ ആകാശ്, അവന്റെ കല്യാണം ഉറപ്പിച്ചു ക്ഷണിക്കാൻ വന്നതാ.

ജോലിക്കാരിയാണോടാ രഘു.

ന്റെ എടത്തിയെ ഇട്ടുമൂടാൻ ഉള്ളത് അവൻ ഉണ്ടാക്കുന്നുണ്ട് അങ്ങ് ദുബായിൽ പിന്നെ എന്തൊന്നിനാ പെണ്ണിനെ പണിക്കു വിടുന്നത് അല്ലേലും നമ്മുടെ കുടുംബക്കാർക്കു അതൊന്നും ചേരില്ല പെണ്ണ് വീട്ടിൽ ഇരുന്നാൽമതി.

ഞാനും അവിടെ നിൽപ്പുണ്ട് എന്നൊരു ബോധം പോലുമില്ലാതെ അമ്മയെ അയാൾ പിരി കേറ്റുമ്പോൾ അലക്കാനുള്ള തുണികളുമായി ഞാൻ പിന്നാമ്പുറത്തെത്തി. അല്ലേലും പൂച്ചക്കെന്തു കാര്യം പൊന്നുരുക്കുന്നിടത്തു.

രഘുവേട്ടന്റെ മോൻ ആകാശിന്റെ കല്യാണം കെങ്കേമമാരുന്നു. ഒരു എം. കോം വരെ പഠിച്ച ശാലീന സുന്ദരി. അമ്മായി അമ്മ അന്നുമൊത്തം ഇരുന്നു വർണിച്ചിട്ടും മതിയാവുന്നില്ല. കേട്ടുമടുത്തപ്പോൾ തോന്നി വിവാഹത്തിന്റ കാര്യത്തിൽ സെക്കന്റ്‌ ചോയ്സ് ഉണ്ടാരുന്നേൽ മാറികൊടുക്കരുന്നു. ഇവരുടെ ഇഷ്ടത്തിന് ഒരു മരുമകളെ കിട്ടാൻ. ഇതിപ്പോ അങ്ങനൊരു ഓഫർ ഇല്ലല്ലോ.

നാളുകൾക്കു ശേഷം അമ്പലത്തിൽ പോയിവരുന്ന വഴി സുലോചന ചേച്ചിയാണ് പറഞ്ഞത് ആകാശിനു എന്തോ അസുഖം ആണെന്നും നാട്ടിൽ വന്നെന്നും. അമ്മ പറഞ്ഞു മഞ്ഞപിത്തം കൂടിപോയതാണെന്നു. സുധിയേട്ടനും അമ്മയും കൂടി കാണാൻ പോയിരുന്നു.

പിന്നെയും മാസങ്ങൾക്കു ശേഷം ജോലികഴിഞ്ഞു എറണാകുളത്തു ജോലിചെയ്യുന്ന ബീനയുമായി നടന്നുവരുമ്പോൾ രഘുവേട്ടനെ കണ്ടു. മൊത്തത്തിൽ നിരാശ വീണ മുഖം ഉള്ളതിലും അധികം പ്രായം തോന്നും ഇപ്പോൾ കണ്ടാൽ. അടുത്തെത്തിയതും നിറഞ്ഞ മിഴികളുമായി ബീനയോട് രഘുവേട്ടൻ പറഞ്ഞു

മോളെ ബീന നീ ഏതോ പാർക്കിൽ അല്ലെ ജോലി ചെയ്യുന്നത്. അതെ രഘുവേട്ട പാർക്ക്‌ അല്ല ഇൻഫോപാർക്കിൽ. ആ അത് തന്നെ അവിടെ എം. കോം ഒക്കെ പഠിച്ചവർക്ക് ജോലി ഉറപ്പാണെന്ന് കെട്ടു. നമ്മുടെ മരുമോൾ മിടുക്കിയ നന്നായി പഠിച്ചു മാർക്ക്‌ ഒക്കെ വാങ്ങിയിട്ടുണ്ട്. ആകാശ് ഇനി ഉടനെ ഒന്നും ദുബായിക്ക് പോകില്ല.മാത്രമല്ല കരളിന് നീർക്കെട്ട് വന്നു ഒരല്പം പ്രശ്നമായത് കൊണ്ടു ശരീരം സൂക്ഷിച്ചിലേൽ അപകടമാണ്. അതുകൊണ്ടൊക്കെ മരുമോൾക്കു നല്ല ഒരു ജോലി കിട്ടിയിരുന്നേൽ ഉപകാരമായേനെ .

അതിനെന്താ ചേട്ടാ ഞാൻ ഒന്ന് ശ്രെമിച്ചുനോക്കട്ടെ എന്ന് ബീന ആശ്വസിപ്പിച്ചപ്പോൾ എനിക്കും സങ്കടം തോന്നി. മുമ്പോട്ടു നടന്നു നീങ്ങവേ ബാലേ എന്ന് വിളിക്കുന്ന കെട്ടു തിരിഞ്ഞു നോക്കുമ്പോൾ രഘുവേട്ടൻ കയ്യിൽ കേറിപിടിച്ചു. മോളെ ഏട്ടനോട് ക്ഷമിക്കണം കേട്ടോ അറിവില്ലായ്മ കൊണ്ട് മോളെ ജോലിക്ക് പോകുന്നതിനു ഈ പാപി ഒത്തിരി പരിഹസിച്ചിട്ടുണ്ട് മാപ്പ്. എയ് സാരമില്ല എന്നുപറഞ്ഞു ആ കൈകളിൽ മെല്ലെ തട്ടിയപ്പോൾ രണ്ടു തുള്ളി കണ്ണീർ അറിയാതെന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞുപോയി…

ഓർക്കുകയാരുന്നു ഒരു അനുഭവം ഉണ്ടാവുന്ന വരെ മറ്റൊരാളെ നാം വ്യഥാ കല്ലെറിയും അതിന്റെ വേദന സ്വയം അറിയുമ്പോൾ എത്രയോ ആഴത്തിലൊരു മുറിവ് മറ്റൊരാൾക്ക്‌ നൽകി ഇരിക്കും. മനുഷ്യൻ ഇങ്ങനാണ് ഒന്നിനും മടിക്കാത്തവർ കൂടണയുന്ന രണ്ടു ഇണക്കുരുവികൾ പറഞ്ഞു കൊണ്ട്പറക്കുന്നതും അതായിരിക്കും അല്ലേ….