ബാലചന്ദ്രന്റെയും സുമതിയുടെയും പെണ്ണ് കാണൽ
Story written by Suresh Menon
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ന്നാ പിന്നെ പഴയ കാലമല്ലല്ലൊ .അവർക്ക് എന്തെങ്കിലും സംസാരിക്കണം ച്ചാൽ ആയിക്കോട്ടെ “
പഴയ കാലമായാലും പുതിയ കാല മായാലും ആ സ്ഥിരം ശൈലി ഡയലോഗിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല ….. ഡയലോഗ് കേട്ട വഴി ചെറുക്കൻ പതിയെ എഴുന്നേറ്റു .
“ഓള് മേലെയുണ്ട് അങ്ങോട്ട് ചെന്നോളു ” ആരോ പറഞ്ഞത് ചെറുക്കൻ തലകുലുക്കി കേട്ടു ….
മുകളിൽ തുറന്നിട്ട നേരെയുള്ള വാതിലിലൂടെ നോക്കിയപ്പോൾ ബാൽക്കണിയിൽ അവൾ പുറം തിരിഞ്ഞു നിൽക്കുന്നു. പതിയെ ബാൽക്കണിയിലേക്ക് നടന്നു …. ബാൽക്കണി നിറയെ ചെടികൾ …
” പൂക്കളും ചെടികളും ഒരുപാടിഷ്ടാല്ലെ”
ശബ്ദം കേട്ട യുവതി തിരിഞ്ഞു നോക്കി അയാളുടെ മുഖത്ത് നോക്കി പതിയെ ചിരിച്ചു …
“എന്റെതായ സ്വപ്നങ്ങളും വികാരങ്ങളും വിചാരങ്ങളും എല്ലാം ഇവരോട് പറഞ്ഞു തീർക്കും ഞാൻ . “
സുമതി എന്നു പേരുള്ള ആ യുവതി ബാലചന്ദ്രൻ എന്ന് പേരുള്ള യുവാവിനോട് പറഞ്ഞു.
“അതെന്താ സുമതിയുടെ വിചാരങ്ങളും സ്വപ്നങ്ങളുമെല്ലാം സുഹൃത്തു ക്കളുമായൊ അല്ലെങ്കിൽ വരാൻ പോകുന്ന ഭർത്താവുമായൊ പങ്കിടാൻ താൽപ്പര്യമില്ലെ”
” ഇല്ല ഒട്ടുമില്ല…എന്റെ സ്വപ്നങ്ങൾ എനിക്ക് മാത്രം ആസ്വദിക്കാനുള്ളതാണ്. പിന്നെ എന്റെ ഈ പ്രിയപെട്ട ചെടികൾക്കും “
“ഹോ ദാറ്റ്സ് എ ഗ്രേയ്റ്റ് തോട്ട് “
“ബാലചന്ദ്രന് എങ്ങിനെയാ ….”
” എനിക്ക് എന്റെ മോഹങ്ങൾ സ്വപ്നങ്ങൾ എല്ലാം പങ്ക് വെക്കുന്നതാണ് ഷ്ടം. പങ്ക് വെക്കലിൽ ഒരു സുഖമില്ലെ “
” നമ്മൾ രണ്ടു പേരും രണ്ടു ധ്രുവങ്ങളിലാണെന്ന് തോന്നുന്നു “
സുമതിയുടെ ഉത്തരം കേട്ട ബാലചന്ദ്രൻ ചിരിച്ചു
“കരിയർ ഡവലപ്പ്മെന്റിനെ പറ്റി ന്താ സുമതിയുടെ പ്ലാൻ “
“എനിക്കീ ബിൽഡിങ്ങ് ഡിസൈൻസ് ഒക്കെ ഒത്തിരി ഷ്ടമാ .എന്ത് രസമാ ല്ലെ ഓരോരോ വീടുകൾ ….അതിൽ സ്പെഷ്യലൈസ് ചെയ്യണം “
” അപ്പൊ ഒരു architect ആവാനാണ് താൽപ്പര്യം “
“അതെ എനിക്കാ ഫീൽഡ് ഒത്തിരി ഷ്ടമാ “
“ബാലചന്ദ്രന് ഏത് ഫീൽഡാ …”
“ഞാനൊരു ബിസിനസ്സ് കാരനാണെന്ന് അറിയാലൊ …. ഒന്നിനും സമയം കിട്ടാറില്ല ഇന്ത്യയടക്കമുള്ള ലോകം ചുറ്റിക്കറങ്ങണം. ഒരു പാട് പേരുമായി സംസാരിക്കണം …. അവരിലൊരാളാവണം. കണ്ടതും അനുഭവിച്ചതുമെല്ലാം കടലാസിൽ പകർത്തണം.എന്റെ വലിയ ഒരാഗ്രഹമാണത്..”
“കൊള്ളാം എനിക്കെന്തൊ അത്തരം അലച്ചിലുകൾ ദൂരയാത്രകൾ അതിനോടൊന്നും താൽപ്പര്യമില്ല .പൊതുവെ ഈ ബിസിനസ്സുകളോടും എന്തൊ ഒരലർജിയാണ് “
“എന്തൊക്കെയാണ് സുമതിയുടെ കൊച്ചു കൊച്ചിഷ്ടങ്ങൾ “
“പറയട്ടെ . “
” ഉം പറയു “
“എനിക്ക് മാവേൽ ഓടിക്കയറണം. മാങ്ങ പറിക്കണം ആൺപിള്ളേരെ പോലെ . പിന്നെ മാസത്തിൽ ഞങ്ങൾക്ക് വരുന്ന ചില ദിവസങ്ങളിലെ തൊട്ടുകൂടായ്മയുണ്ടല്ലൊ. അതിന് തൊടാതെ ഇരിക്കാനൊ ഒന്നും പ റ്റില്ല എനിക്ക് സാധാരണ പോലെ ഫ്രീയായി വീട്ടിൽ നടക്കണം “
” ഇതൊക്കെ ഏതെങ്കിലും വീട്ടുകാർ സമ്മതിക്കുമൊ “
” സമ്മതിച്ചില്ലെങ്കിൽ ആ വീട്ടിലേക്ക് ഞാനില്ല “
ബാലചന്ദ്രൻ ഒന്നും മിണ്ടിയില്ല ….
സുമതി പാടുമൊ “
” ഇല്ല എനിക്ക് വീണ ഒരു പാടിഷ്ടമാണ് പഠിക്കാൻ കുറച്ച് ദിവസം പോയി. കല്യാണാലോചനകൾ വന്നു കൊണ്ടിരുന്നതിനാൽ ഇനി അതൊന്നും വേണ്ട എന്ന് അച്ഛൻ പറഞ്ഞു ……”
” ഇണയെക്കുറിച്ചുള്ള ബാലചന്ദ്രന്റെ കൺസപ്റ്റ് എന്താ “
” എന്നെ അറിയുന്ന എന്നെ മനസ്സിലാക്കുന്ന ഒരു പെൺകുട്ടി ….”
“അത് ഒരു തരം സ്വാർത്ഥതയല്ലെ . ആ പെൺകുട്ടിക്കും അങ്ങിനെ ആഗ്രഹിച്ചു കൂടെ …,
” അവളെ ഞാൻ മനസ്സിലാക്കിയിരിക്കും …. അതിലൂടെ അവൾക്കെന്നെ അറിയാൻ കഴിയും “
ഹ ഹ ഹ സുമതി പൊട്ടിച്ചിരിച്ചു.
“നിങ്ങൾ പുരുഷന്മാർ എന്താ ഇങ്ങനെ പെൺകുട്ടിയെ അറിയാൻ പലരും ശ്രമിക്കാറില്ല “
” ചില കഥകളിലൊക്കെ വായിക്കാറുണ്ട് …. കെട്ടി കൊണ്ടുവന്ന പെണ്ണിനോട് അമ്മായിഅമ്മ പറയുന്നത് .ഇനി എന്റെ മോനെ നന്നായി നോക്കണെന്ന് …. എനിക്കത് വായിക്കുമ്പോൾ ചൊറിഞ്ഞു വരും”
സുമതി വീണ്ടും ചിരിച്ചു.
” സിനിമ കാണാറുണ്ടൊ … “.ബാല ചന്ദ്രൻ ചോദിച്ചു
“ഉം .എനിക്കിഷ്ടമാ സിനിമ കാണാൻ പ്രത്യേകിച്ച് സെക്കന്റ് ഷോ .”
“സെക്കന്റ് ഷോ യൊ “
” അതെ ന്ത് രസാ ല്ലെ …. രാത്രി ഭക്ഷണമൊക്കെ കഴിച്ച് റിലാക്സ് ആയി സിനിമ കണ്ട് വന്ന് അങ്ങനെ സുഖായികിടന്നുറങ്ങാൻ ….”
“എനിക്കീ സിനിമയോടൊന്നും അത്ര വലിയ താൽപ്പര്യമില്ല. രണ്ട് രണ്ടര മണിക്കൂർ അതിനകത്ത് വാതിലടച്ച് ഇരുട്ടിൽ ഇരിക്കുക എന്നൊക്കെ പറയുന്നത് …ഹോ …… അത് മാത്രമല്ല ഞാൻ ഒമ്പത് ഒമ്പതരക്ക് കിടക്കും എന്നിട്ട് രാവിലെ നാലര അഞ്ചിന് എഴുന്നേൽക്കും എന്നിട്ട് ഓടാൻ പോകും “
” മൈ ഗോഡ് ഒമ്പതരക്ക് കിടക്കുകയൊ ഞാൻ ഭക്ഷണം കഴിക്കുന്നത് തന്നെ പത്ത് മണിയാകും എന്നിട്ട് രാവിലെ എട്ടര ഒമ്പത് വരെ സുഖായി ഉറങ്ങും …..”
ബാലചന്ദ്രൻ ഒന്നും മിണ്ടിയില്ല. പിന്നെ ഒരിത്തിരി മൗനം:
“സത്യത്തിൽ സുമതി കുടുംബ ജീവിതത്തെക്കുറിച്ച് കരുതുന്നതെന്താ….”
“വളരെ ഇൻഡിപെന്റന്റായുള്ള ജീവിതം … അങ്ങിനെയായിരിക്കണം ഫാമിലി ലൈഫ്”
“ഒരു ദാമ്പത്യ ജീവിതത്തിൽ അത്രക്കും ഫ്രീഡം കിട്ടുമെന്ന് കരുതുന്നുണ്ടൊ ….”
“എന്ത് കൊണ്ടായിക്കൂടാ നമ്മൾ രണ്ട് വ്യക്തികളല്ലെ …. ആ സ്വാതന്ത്ര്യം നമുക്ക് വേണ്ടെ,
“ഒരു ഫാമിലി ലൈഫിൽ കുറെയൊക്കെ compromise വേണ്ടെ “
ബാലചന്ദ്രന്റെ ചോദ്യത്തിന് പെട്ടെന്ന് തന്നെ സുമതി ഉത്തരം പറഞ്ഞു
” ഞാൻ ഏറ്റവും അധികം വെറുക്കുന്ന വാക്കാണ് കോംപ്രമൈസ്….”
ബാലചന്ദ്രൻ പിന്നെയൊന്നും മിണ്ടിയില്ല കുറച്ചു നേരത്തിന് …. പതിയെ വാച്ചിൽ നോക്കി
” സുമതി ഐ തിങ്ക് നമ്മൾ തമ്മിൽ ഒരു പാട് വൈരു ദ്ധ്യങ്ങളുണ്ട്. നമുക്കിത് ഇവിടെ വെച്ച് നിർത്താം “
സുമതി തലയാട്ടി
“നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം :ല്ലെ”
” തീർച്ചയായും “
സുമതിയും ബാലചന്ദ്രനും കൈകൾ പിടിച്ചു കുലുക്കി …..
ബാലചന്ദ്രനും സുമതിയും ബാൽക്കണിയിൽ നിന്ന് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു. പെട്ടെന്നാണ്മു.കളിലത്തെ നിലയിലുള്ള ബെഡ് റൂമിൽ നിന്ന് അഭിഷേകും അഭിനവും ആമേയയും കൈകൾ കൊട്ടി പൊട്ടിച്ചിരിച്ച് ബാലചന്ദ്രനെ യും സുമതിയെയും വളഞ്ഞത്.
” അഛാ എക്സലന്റ് . “.” ഹോ അമ്മ തകർത്തു ..” ” എന്നാ പ്രസന്റേഷനാ രണ്ടു പേരും “
ബാലചന്ദ്രനും സുമതിയും അത് കേട്ട് പൊട്ടി പൊട്ടി ചിരിച്ചു.
നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ബാലചന്ദ്രന്റെയും സുമതിയുടെയും വിവാഹ വാർഷിക ത്തിന് മക്കളൊരുക്കിയ ഒരു പ്രത്യേക പരിപാടിയായിരുന്നു ” പെണ്ണുകാണൽ റീ ലോഡഡ് ” എന്ന ഈ ചടങ്ങ് .സഹായത്തിന് ഏറ്റവും അടുത്ത കുറച്ച് കൂട്ടുകാരും …
ഇരുപത്തി ആറാമത്തെ വയസ്സിൽ ബാലചന്ദ്രൻ വിവാഹം ചെയ്യുമ്പോൾ സുമതിക്ക് വയസ്സ് ഇരുപത്തിരണ്ട് . ഗൾഫിലെ തിരക്ക് പിടിച്ച ബിസിനസ്സ് ജീവിതത്തിൽ ബാലചന്ദ്രന് ഒന്നിനും സമയമില്ലായിരുന്നു. അമ്മ ഒരു ഫോട്ടോ അന്ന് തപാലിൽ അയച്ചു .അമ്മക്കിഷ്ടായി …. തിരിച്ച് ബാലചന്ദ്രൻ തന്റെ ഒരു ഫോട്ടോ അമ്മക്കും . സുമതി അത് കണ്ടു. അച്ഛൻ പറഞ്ഞു നല്ല തറവാട്ടുകാരാണ് നല്ല പയ്യനാണ്. എന്ത് കൊണ്ടും ചേരും. ബാലചന്ദ്രൻ നാട്ടിൽ എത്തിയപ്പോൾ കല്യാണ കത്ത് വരെ റഡിയായിരുന്നു. പേരിനൊരു പെണ്ണ് കാണൽ. ചായയും ലഡുവും മിക്സ്ചറും സാക്ഷികളായി.
ഒന്ന് മാത്രം നടന്നു. കണ്ടപ്പോൾ പരസ്പരം രണ്ട് പേർക്കും ഇഷ്ടപെട്ടു അത്ര മാത്രം ….
നാൽപ്പതാം വാർഷിക ആഘോഷങ്ങളുടെ പാർട്ടി യൊക്കെ കഴിഞ്ഞ് എല്ലാരും പിരിഞ്ഞ് പോയപ്പോൾ ബാലചന്ദ്രനും സുമതിയും മക്കളും ബാൽക്കണിയിൽ വട്ടം വളഞ്ഞിരുന്നു …
“അമ്മെ ഞങ്ങളൊരു കാര്യം പറയാൻ പോവുകയാ”
ആമേയ തുടക്കമിട്ടു
” അച്ഛനും അമ്മയും ബാൽക്കണിയിൽ വെച്ച് നടത്തിയ ഓരോ ഡയലോഗും ഞങ്ങൾ ശ്രദ്ധിച്ച് കേൾക്കുകയായിരുന്നു. നാൽപ്പത് വർഷം മുമ്പ് നിങ്ങൾക്ക് പറയാൻ പറ്റാതെ പോയ പലതും കെട്ടഴിച്ചുവിട്ടത് പോലെയായിരുന്നു അത്. രണ്ടു പേരും. സത്യമല്ലെ “
ബാലചന്ദ്രനും സുമതിയും പരസ്പരം മുഖത്തോട് മുഖം നോക്കി.
“പലപ്പോഴും നിങ്ങൾ രണ്ടു പേരും പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട് പെണ്ണുകാണൽ ചടങ്ങു പോലും നടത്താതെ വിവാഹം ചെയ്തവരാണ് അച്ഛനും അമ്മയും എന്ന് ….അപ്പൊ പിന്നെ അവിടെ തുറന്ന് സംസാരിക്കാൻ പോലും സമയം കിട്ടിക്കാണില്ല . ആ കാലം അങ്ങിനെയായിരിക്കാം. പിന്നെ ഇത്രയും കാലം അമ്മ പറഞ്ഞ പോലെ ഒരു തരം കോംപ്രമൈസ് അല്ലെ … പിന്നെ ഞങ്ങളെ നോക്കി പഠിപ്പിച്ച് വലുതാക്കാൻ മറ്റൊരു കോംപ്രമൈസ് സത്യമല്ലെ ….”
അമേയ തുടരുന്നതിനിടയിൽ അഭിനവ് ഇടപെട്ടു.
” ഇനി അങ്ങനെയൊരു ജീവിതം വേണ്ട. അമ്മയും അച്ഛനും രണ്ട് സ്വതന്ത്ര വ്യക്തികളായി ജീവിക്ക് ഇനിമുതൽ . ഹോസ്റ്റലിലെ മുറിയിൽ താമസിക്കുന്ന നല്ല രണ്ടു സുഹൃത്തുക്കളെ പോലെ … നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് . നോ ബോണ്ടിങ്ങ് എറ്റ് ആൾ. ഭാര്യ ഭർത്താവ് അച്ഛൻ അമ്മ …..ഇനി അതൊന്നും വേണ്ട. “
“അമ്മക്ക് ആർക്കിടെക്ച്ചറൽ ഫീൽഡ് ഒത്തിരിഷ്ടാ ല്ലെ ….”
അഭിഷേക് സുമതിയുടെ മുഖത്ത് നോക്കി ചോദിച്ചു.
” പഠിക്കാൻ ഇനിയും വൈകിയിട്ടില്ല അമ്മെ . ഞാനൊന്ന് ഗുഗിളിൽ സർച്ച് ചെയ്യട്ടെ അതിന്റെ സാദ്ധ്യതകൾ എന്താണെന്ന് “
” അച്ഛന് ലോകം കറങ്ങാൻ ഒരു പാടിഷ്ടം. ഞങ്ങളുടെ വക ഒരു നല്ല പാക്കേജ് അച്ഛന് ഗിഫ്റ്റുണ്ട് … ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ആദ്യം . കുടുംബം മക്കൾ ഒന്നും നോക്കാതെ അച്ഛൻ എഴുത്ത് തുടങ്ങണം. ഒരു നല്ല യാത്ര വിവരണം …”
ബാലചന്ദ്രനും സുമതിയും കൗതുകത്തോടെ എല്ലാം കേട്ടിരുന്നു ….
“പിന്നെ ഒരു കാര്യം കൂടി …. ഇത്രയും കാലം നിങ്ങൾ സ്വരുക്കൂട്ടി വെച്ച സ്വത്തും മുതലുമെല്ലാം അത് നിങ്ങൾക്കാവിശ്യമുള്ള ജീവിതത്തിനായി മടികാണിക്കാതെ ഉപയോഗിക്കണം. വരാൻ പോകുന്ന തലമുറക്ക് വേണ്ടി സ്വന്തം ജീവിതം ശരിക്കൊന്ന് ആസ്വദിക്കാതെ കൈമാറുന്ന ആ ഒരു സിസ്റ്റം . അത് ഇവിടെ വേണ്ട … ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസമുണ്ട് ജോലിയുണ്ട് ദാറ്റ്സ് ഇനഫ് “
ഒരുത്തരവും നൽകാതെ അവർ അതെല്ലാം കേട്ടുകൊണ്ടിരുന്നു ….
: “നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുന്ന സ്വതന്ത്ര വ്യക്തികളായി കാണാനാ ഇനി ഈ മക്കൾക്കിഷ്ടം” മുന്ന് പേരും ഒരേ സ്വരത്തിലാണ് അത് പറഞ്ഞത്.
ലീവ് കഴിഞ്ഞ് മക്കൾ എല്ലാം പോയി …
അന്ന് രാത്രി സമയം എട്ടേമുക്കാൽ … സുമതി ഡ്രസ്സ് ചെയ്തു …. ടി വി കണ്ടു കൊണ്ടിരുന്ന ബാലചന്ദ്രനോടായി ചോദിച്ചു
“കാറിന്റെ ചാവി എവിടെ “
ബാലചന്ദ്രൻ ചൂണ്ടിക്കാണിച്ചു
” സിനിമക്ക് വരുന്നൊ സെക്കന്റ് ഷൊ …. കണ്ണൂർ സ്ക്വാഡ് “
ബാലചന്ദ്രൻ ഇല്ലെന്ന് തലയാട്ടി
സുമതി കാർ സ്റ്റാർട്ട് ചെയ്തു തിയറ്ററിലെത്തി
“ബാലചന്ദ്രൻ വന്നില്ലെ”
പടിഞ്ഞാറെ വീട്ടിലെ ദിനേശിന്റെ ഭാര്യ ചിത്ര .കൂടെ മക്കളും കൊച്ചുമക്കളും .
” ഇല്ല ബാലചന്ദ്രൻ വന്നില്ല “
“അതെന്താ …” “ബാലചന്ദ്രന് സിനിമ വല്യ താൽപ്പര്യമില്ല “
” അത് കൊണ്ട് ബാലചന്ദ്രനെ വീട്ടിലാക്കി നീ ഒറ്റക്ക് പോന്നൊ …”
അതു പറയുമ്പോൾ ചിത്രയുടെ നെറ്റിയിൽ ചോദ്യങ്ങളുടേയും ഉത്തരങ്ങളുടേയും സംശയങ്ങളുടേയും ചുളിവുകൾ തിങ്ങിക്കിടപ്പുണ്ടായിരുന്നു ….
പണ്ട് പാവാട പ്രായത്തിൽ പച്ചമാങ്ങ പറിക്കാൻ ആൺ പിള്ളേരോടൊപ്പം മാവേൽ പെടച്ച് കയറിയപ്പോൾ പെണ്ണാണെന്ന് പറഞ്ഞ് തന്നെ താഴെയിറക്കാൻ വടിയുമായി നിന്ന അമ്മുമ്മയുടെ നെറ്റിയിലെ അതേ ചുളിവുകൾ
കാലമെത്ര പുരോഗമിച്ചാലും ചുളിവുകൾക്ക് ഇപ്പോഴും അതിന്റേതായ സ്പേസ് ഉണ്ട് …
സുമതി മനസ്സിൽ ചിരിച്ചു കൊണ്ട് പറഞ്ഞ് തിയറ്ററിനകത്തേക്ക് കയറി
***********