കെട്ടിയോൻ ഉറങ്ങിയതിന് ശേഷം ഒരു കൂസലും ഇല്ലാതെ പാതിരാത്രി ഏതവനോടാണ് എന്റെ പെണ്ണിന്റെ ചാറ്റിങ്……

തളത്തിൽ അൻവർ

എഴുത്ത്:- നവാസ് ആമണ്ടൂർ

കണ്ണ് തുറന്നപ്പോൾ അരികെ ഷെമിയെ കാണുന്നില്ല. കട്ടിലിന്റെ മറ്റേ തലക്കൽ ഓള് മൊബൈലുമായി ഇരിക്കുന്നു. പാതിരാത്രി രണ്ട് മണി നേരത്ത് അവൾ എന്താണ് മൊബൈലിൽ കാണുന്നത്.

മുറിയിലെ ഇരുട്ടിൽ മൊബൈൽ വെളിച്ചത്തിൽ ഷെമിയുടെ ചുണ്ടിലെ പുഞ്ചിരി ഞാൻ കണ്ടതാണ്.

ഞാൻ ശബ്ദമുണ്ടാക്കാതെ പതുക്കെ അവളുടെ അരികിലേക്ക് അടുത്ത് കിടന്നു.

ശ്രദ്ധ മൊബൈലിൽ ആയതോണ്ട് അവൾ എന്നെ കണ്ടില്ല.

ഞാൻ ഒരു കണ്ണ് തുറന്നു പിടിച്ചു പുതപ്പിന്റെ ഉള്ളിൽ കിടന്ന് അവളുടെ മൊബൈലിലേക്ക് നോക്കി.

പടച്ചോനെ അവൾ ആരോടോ ചാറ്റ് ചെയ്യുന്നു…..

കെട്ടിയോൻ ഉറങ്ങിയതിന് ശേഷം ഒരു കൂസലും ഇല്ലാതെ പാതിരാത്രി ഏതവനോടാണ് എന്റെ പെണ്ണിന്റെ ചാറ്റിങ്.

എന്റെ സമയം നല്ലതായൊണ്ട് ഞാൻ നോക്കിയ നേരത്ത് അവൾക്ക് അവനൊരു ഫോട്ടോ അയച്ചു.

എന്നേക്കാൾ നിറമുണ്ട്. എന്നേക്കാൾ പൊക്കവും.. പിന്നെ നല്ല ഭംഗിയുള്ള താടിയും.

പക്ഷെ അവനെക്കാൾ സ്‌നേഹം എനിക്ക് അവളോട് ഉണ്ടെന്ന് അവൾക്ക് അറിയില്ലെ……!!!

ആ ഫോട്ടത്തിന് അവൾ കുറേ ലവ് കൊടുത്തു.

എന്റെ ഒരു ഫോട്ടോ കണ്ടാൽ നിങ്ങക്ക് വേറെ പണിയില്ലെന്ന് ചോദിക്കുന്നവൾ.. അവനു വാരി കോരി ലവ് കൊടുക്കുന്നു.. ദ്രോഹി.

കെട്ടിയോന്റെ കണ്മുന്നിൽ വെച്ചും അല്ലാതെയും വേറെ ഒരു ചെറ്റക്ക് ലവ് കൊടുക്കുന്ന കെട്ടിയോളെ ഇടിച്ചു ചമ്മന്തി ആക്കണം.

പ്രണയം ലേഖനം കൊടുക്കുന്നത് തെറ്റ് ആക്കിയപ്പോലെ ഈ ലവ് കൊടുക്കുന്ന പരിപാടിയും കുറ്റമാക്കണം.

“ഞാൻ വന്നാൽ എന്നെ ക്കൂടെ കൊണ്ടൊവോ നീ.”

“അതെന്താ അങ്ങനെ ചോദിച്ചത്..?”

“എനിക്ക് മടുത്തു ഇവിടെ.. എന്തിനും കുറ്റം.. ഒരു നല്ല വാക്ക് പറയില്ല.. ഇനി വയ്യ.. നീ വിളിച്ചാൽ ഞാൻ വരും..”

“അപ്പൊ മക്കളോ….?”

“മക്കൾ എന്റെ മാത്രം അല്ലല്ലോ.. അയാളെയും അല്ലെ.. അങ്ങേര് വേറെകെട്ടി ക്കോളും..”

ഇത് എന്ത്‌ ജാതി പടപ്പാണ്.!!! മക്കളോടും പോലും സ്‌നേഹമില്ലാത്ത താടക.അവനോട് ചാറ്റി എന്നെ ചീറ്റ് ചെയ്യുന്നോൾ.

ഞാൻ അധ്വാനിച്ച ക്യാഷ് കൊടുത്ത് വാങ്ങിയ മൊബൈൽ. മക്കളെ പഠിപ്പിന്റെ കാര്യവും പറഞ്ഞു എന്റെ കൈയിലെ ക്യാഷ് കൊടുത്ത് ഞാൻ റീചാർജ് ചെയ്തു കൊടുത്ത നെറ്റിൽ ഓള് എന്നെ തന്നെ തേക്കുന്നു.

ഇതിനെയാണല്ലോ റബ്ബേ റൂഹിന്റെ നൂറായി പുന്നാരത്തോടെ കൊണ്ട് നടന്നതെന്ന് ഓർത്തപ്പോൾ കലി വന്നു.

ഡീ …..യെന്ന് അലറി ഓളെ കൈയിലെ മൊബൈൽ വാങ്ങി നിലത്തെറിയാൻ കൈ നീട്ടി.

എന്റെ അലർച്ച കേട്ട് ഷെമി ഉണർന്നു.

“ഇക്ക.. എന്താണ്.. എന്റെ കയ്യിന്ന് വിട്.. ഇക്ക എന്താണ് ഒച്ച ഉണ്ടാക്കുന്നത്.”

അപ്പോഴാണ് അൻവറിന് സത്യത്തിൽ കണ്ടത് സ്വപ്‌നമാണെന്ന് മനസ്സിലായത്.

“ഞാനൊരു സ്വപ്നം കണ്ടതാ..”

“ആഹാ നന്നായി…”

“എന്ത്‌ സ്വപ്നമാ കണ്ടത്.. ഇങ്ങനെ കിടന്ന് അലറാൻ..?”

“നീ ഏതോ ഒരുത്തനുമായി ചാറ്റുന്നു..”

“മൊബൈൽ ഒന്ന് തൊടാൻ മക്കൾ സമ്മതിക്കുന്നില്ല… പിന്നെയാ ചാറ്റ്..ഒന്ന് പോയി കിടന്ന് ഉറങ്ങ് മനുഷ്യ.”

ഷെമി അങ്ങനെ കിടന്ന് ഉറങ്ങി. പക്ഷെ അൻവറിന്റെ ഉറക്കം പോയി. കണ്ടത് സ്വപ്‌നമാണങ്കിലും മനസ്സിൽ ഭയം.വെറുതെ ഇങ്ങനെയൊരു സ്വപ്നം കാണുമോയെന്നൊക്കെ മനസ്സ് ചോദിച്ചുകൊണ്ടിരുന്നു.

ഉറക്കം വരാതെ അയാൾ ഷെമിയുടെ മൊബൈൽ എടുത്തു.

ആദ്യം തന്നെ ഫേസ്ബുക് വഴി വാട്ടസ്സാപ്പിൽ എത്തിയ താടി വെച്ച ആരങ്കിലും ഉണ്ടോന്നു നോക്കി.

“ഓള് സ്വപ്‌നത്തിൽ അവനോട് ചാറ്റിയപ്പോൾ ഫോട്ടോ നോക്കിയ നേരത്ത് ആ നികൃഷ്ട ജീവിയുടെ പേരും നോക്കിയാൽ മതിയായിരുന്നു..”

അവളുടെ മൊബൈലിൽ പല മെസ്സേജുകളും ഓപ്പൺ ചെയ്തിട്ടില്ല. അതെല്ലാംഓപ്പൺ ചെയ്തു.

ഗാലറിയിൽ.. പിന്നെ ഫയൽ മേനജർ.. വിട്ടതും കിട്ടിയതും വോയിസ്‌ ഉൾപ്പെടെ.. എല്ലാം എല്ലാം…അരിച്ചു പെറുക്കിയിട്ടും ആരാന്റെ കെട്ടിയോളെ പഞ്ചാര അടിക്കാൻ നടക്കുന്ന ആ മ്ലേച്ചനെ കിട്ടിയില്ല.

ആ സ്വപ്നം അയാൾ പോലും അറിയാതെ ആയാളെ തളത്തിൽ ദിനേശനാക്കി.

പിന്നെയങ്ങോട്ട് മിക്കവാറും അവളുടെ മൊബൈൽ അൻവറിന്റെ നീരിക്ഷണത്തിലാണ്.

സത്യത്തിൽ ഭാര്യയെക്കാൾ സംശയത്തിന് അടിമ ഭർത്താക്കന്മാരാണ്.. ഒട്ടുമിക്ക ഭർത്താവിന്റെയും ഉള്ളിലുമുണ്ട് ഇടക്കിടെ ആക്റ്റീവ് ആകുന്ന തളത്തിൽ ദിനേശൻ.

മനസ്സിൽ സംശയവുമായാണ് നടക്കുന്നതെങ്കിലും തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുന്ന ശീലം മാറ്റാൻ എളിയ ശ്രമം അൻവറിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട്.

‘തളത്തിൽ അൻവർ ‘

താമസിയാതെ അനവറിന്റെ മാറ്റം ഷെമി തിരിച്ചറിഞ്ഞു. അത് കൊണ്ട് തന്നെ അൻവറിന് ഷെമി ഒരു പേര് സമ്മാനിച്ചു.