കൂട്ടിയോടും കുട്ടിയുടെ അമ്മയോടും… പൊറുക്കാനാവാത്ത തെറ്റാണ് ഞാൻ ചെയ്തത്… അവൾ ജീവൻ വെടിഞ്ഞതും മോന് മോന്റെ ‘അമ്മ ഇല്ലാതായതും എല്ലാം ഞാൻ കാരണം………

മോക്ഷം

Story written by Sarath Krishna

അമ്മയുടെ ആണ്ട് ബലി ഇടാൻ വന്ന ഞാൻ എന്തിന് വേണ്ടിയായിരുന്നു ദർപ്പണത്തിനൊടുവിൽ ഭാരത പുഴയുടെ തീരത്ത് നിന്നും ഈ ബസിൽ കയറിയെന്ന് അയാൾ മൂകമായി ചിന്തിച്ചു..

കർമ്മങ്ങളുടെ അവസാനം കാക്കളെ കൈ കൊട്ടി വിളിച്ച് അമ്മയെ മനസിൽ ധ്യാനിച്ച നേരം മനസിൽ തെളിഞ്ഞത് ആ നാടും അവിടെ ശുഭ വർസ്ത്രമണിഞ്ഞു നിൽക്കുന്ന അമ്മയുടെ രൂപവുമായിരിന്നു.

മടങ്ങി വരു എന്ന് കാതിൽ ആരോ താഴ്ന്ന സ്വരത്തിൽ മന്ത്രിക്കുന്ന പോലെ കേട്ടു.

അയാൾ കണ്ണുകൾ തുറന്നു..

ചുറ്റും നോക്കി.

അടുത്ത് എങ്ങും ആരുമില്ല..

മുന്നിൽ ഉരുള കൂട്ടിയ ബലി ചോർ എള്ളും വറ്റുമായി വേർ തിരിഞ്ഞു ചിതറി കിടക്കുന്നു .

ഉരുള പാകിയ നാക്കില കാക്കകൾ കൊത്തി വലിക്കുന്നു

കൂടെ ഉണ്ടായിരുന്ന ശാന്തി പുതിയ ഒരാളെയും തേടി തനിക്ക് അരികിൽ നിന്ന് ദൂരത്തേക്ക് അകന്ന് കഴിഞ്ഞിരുന്നു..

പക്ഷേ കാതുകളിൽ ആ ശബ്ദം വ്യക്തമായി തന്നെ കേട്ടു…

ആ സ്വരത്തിൽ ഇടർച്ചയും യാചനയും അനുഭവിച്ചറിഞ്ഞു..

അത് മനസിൽ ഇരിക്കുന്ന ‘അമ്മയുടെയോ അച്ഛന്റെയോ സ്വരമല്ല..

പിന്നെ ആരാണ്.. ?

ഏതോ ഒരു അദൃശ്യമായ ശക്തിയുടെ സ്പർശമോ സാമീപ്യമോ തന്നെ നിയന്ത്രിക്കുന്നു എന്ന് വ്യക്തം..

തനിക്ക് വേണ്ടി ഏറെ കാലങ്ങളായി ആരോ കാത്തിരിക്കുന്നു..

പവിത്രം കെട്ടിയ വിരലുകളിൽ പിടിച്ചു ആരോ മുന്നോട്ട് നയിക്കുന്ന പോലെ..

അയാൾക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിൽ കണ്ടക്റ്റർ അയാളെ തട്ടി വിളിച്ചപ്പോഴായിരുന്നു ഓർമകളിൽ നിന്ന് അയാൾ ഉണർന്നത്

ബസ് നിർത്തി അയാൾ ഇറങ്ങി….

ആ നാടിന് ഇത്ര കാലത്തിനിടയിൽ വന്ന മാറ്റങ്ങളെ ഒരു നോട്ടം കൊണ്ട് വിലയിരുത്തി അയാൾ മുന്നിൽ കണ്ട ചായ കടയിലേക്ക് കയറി ….

അതിരാവിലെ എണീറ്റ ഉറക്ക ചടവോ ഇന്നലെ ഒരിക്കൽ എടുത്തതിന്റെ ക്ഷീണമോ അയാളെ അശേഷം അലട്ടിയിരുന്നില്ല..…

വിശപ്പ് തോന്നുന്നില്ല എങ്കിലും തൊണ്ട വരളുന്നു..

പുഴയിലെ തണുത്ത വെള്ളത്തിൽ പല കുറി മുങ്ങി നീർന്നത് കൊണ്ടാകാം.

കഴിക്കാൻ എന്ത് വേണമെന്ന് ചോദിച്ച ചായക്കടക്കാരനോട് ഒരു ചായ മാത്രം മതിയെന്ന് പറഞ്ഞു നിർത്തി..

ചായക്കടയിൽ തനിക്ക് ചുറ്റും ഇരിക്കുന്ന മുഖങ്ങളിൽ അയാൾ ഒന്നൊന്നായി കണ്ണുകൾ ഓടിച്ചു.

ഓർത്തെടുത്താൽ കിട്ടിയേക്കാവുന്ന രൂപ സാദൃശ്യങ്ങൾ പല മുഖങ്ങളിലും കാണണം..

വേണ്ട..! ആരെയും ഒന്നും ഓര്മപ്പെടുത്താനോ കണ്ണികൾ അറ്റുപ്പോയ ബന്ധങ്ങളെ കോർത്തു കെട്ടാനോ അല്ല താൻ വീണ്ടും ഇവിടെ വന്നത്….

പിന്നെ കാലങ്ങൾക് ശേഷം വീണ്ടും താൻ ഇവിടെ എന്തിന് വന്നു എന്ന് ചോദിച്ചാൽ അത് തനിക്കും അവ്യക്തമാണ് .

അതിന് ഉത്തരം ‘അമ്മയോ അല്ലെങ്കിൽ ഈ നാട് വഴികളിലൂടെ തന്നെ കൈ പിടിച്ചു നടത്തിയ അച്ഛനോ പറഞ്ഞു തരണം..

എങ്കിൽ മാത്രമേ ഉച്ചക്കുള്ള ഗുരു ദേവ് എസ്പ്രെസ്സിൽ കൊൽക്കത്ത യിലേക്ക് മടങ്ങി പോകേണ്ടിരുന്ന താൻ ഇവിടെ എന്തിന് വന്നെന്ന് അറിയൂ..

ഇനി താൻ ഇവിടെ നിന്ന് എങ്ങോട്ട് പോകണം എന്നറിയു..

ആവി ആളുന്ന ചായ മുന്നിൽ കൊണ്ട് വെച്ച് ചായക്കടക്കാരൻ ചോദിച്ചു ..

ഇവിടെ പുതിയ ആള് ആണല്ലേ . ?

അതേ..

എന്തെങ്കിലും ആവശ്യമായി വന്നതാണോ…?

എന്ത് പറയും..!!

അതിനുള്ള ഉത്തരം മനസിൽ തേടി കൊണ്ടാണ് നിങ്ങൾ തന്ന ചായയുമായി നിങ്ങൾക്ക് അഭിമുഖമായി ഞാൻ ഇരിക്കുന്നത് സുഹൃത്തേ.. അറിയാത്ത ഒരു കാര്യത്തെ കുറിച്ച് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ലലോ..

ചായക്കടക്കാരനോട് മറുപടി ഒന്നും പറയാതെ അയാൾ പുഞ്ചിരിക്കേ മാത്രം ചെയ്തു…

തുടർ ചോദ്യങ്ങൾക്ക് ഇട കൊടുക്കാൻ നിൽക്കാതെ മുന്നിൽ കിടന്നിരുന്ന പാത്ര താളുകളിൽ അയാൾ കണ്ണുകൾ ഓടിച്ചു..

അതിൽ ലേഖനം പോലെ ഒരു വാർത്ത… .

ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം അമ്മയെ തിരഞ്ഞെത്തിയ ഒരു മകന്റെ കഥ..

ചായ ക്ലാസ് താഴെ വെച്ചു അല്പം ആവേശത്തോടെ സസൂഷ്മം അയാൾ അത് വായിച്ചു…

ആ ലേഖനം തന്റെ ജീവിതവുമായി ഏറെ ബന്ധപെട്ടു നിൽക്കുന്നു

ഒന്ന്‌ മാത്രം വിചിത്രം തന്നെ കാത്തിരിക്കാൻ വാർത്തയിലെ പോലെ സൗദാമിനി എന്നൊരു ‘അമ്മ ഇല്ല…

ഇന്നത്തെ നാളും ചേർത്ത് ഒരു ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് മുൻപ് എന്റെ ‘അമ്മ ആകാശ പ്രപഞ്ചത്തിലെ ഒരു നക്ഷത്രമായി മാറി കഴിഞ്ഞു…

ഈ നാടിന്റെ ശ്വാസത്തിലാണ് ‘അമ്മ അവസാനമായി അലിഞ്ഞു ചേർന്നത്.

ആ വാർത്തയുടെ ഒടുവിൽ അയാൾ സൗദാമിനി പേര് ഒരിക്കൽ കൂടി അയാൾ നാവിൽ ഉച്ചേരിച്ചു…

സൗദാമിനി അല്ലല്ലോ തന്നെ കാത്തിരിക്കുന്ന ഒരു അമ്മ ഇന്ന് ഉണ്ടങ്കിൽ അത് ദേവയാനി അല്ലേ .. ?

ആ നിമിഷം മനസിൽ നിന്ന് അയാൾ അയാളുടെ അമ്മയുടെ ശബ്ദം കേട്ടു….

നീ എന്തിന് ഇവിടെ വന്നു എന്നുള്ള ഉത്തരം എവിടേക്ക് പോകണം എന്നുള്ള ഉത്തരവും ഇത് തന്നെയാണ്.. കഴിഞ്ഞതെല്ലാം പൊറുക്കുക.. ആത്മാവായി മാറിയ എനിക്ക് അതിന് കഴിഞ്ഞെങ്കിൽ ജീവൻ തുടിക്കുന്ന നിന്റെ ഹൃദയത്തിനും അത് കഴിയണം. അവർ ഇന്നും തനിച്ചാണ്. തിരികെ നീ മടങ്ങുമ്പോൾ അവരെ കൂടെ കൂട്ടണം അതും പറഞ്ഞു ‘അമ്മ മനസിൽ നിന്ന് മാഞ്ഞു..

എല്ലാം ഉൾ വിളി പോലെ അയാൾ അറിഞ്ഞു..

ചായ പാതിയിൽ ഉപേക്ഷിച്‌ കുന്നിൻ ചെരുവിലെ സർപ്പക്കാവുള്ള ആ വീട് ലക്ഷ്യമാക്കി അയാൾ ഇറങ്ങി..

നാടു വഴികൾ പിന്നിട്ട് അരളികൾ തണൽ വിരിച്ചു നിൽക്കുന്ന മുറ്റത്ത് അയാൾ എത്തി നിന്നു..

മുറ്റം നിറയെ ചുവപ്പും വെള്ളയും നിറത്തിലുള്ള അരളി പൂക്കൾ ഇട കലർന്ന് ചിതറി കിടക്കുന്നു..

ആദ്യമായി ഈ മുറ്റത്ത് എത്തിയ നാളും തന്നെ അത്ഭുത പ്പെടുത്തിയതും ഈ അരളി പൂവിന്റെ വശ്യതയായിരുന്നു. കാൽ കീഴിൽ നിന്ന് ഒരു പൂവ് എടുത്ത് അയാൾ മുഖത്തോട് ചേർത്ത് പിടിച്ച് തലച്ചോറിനെ കിഴ്പ്പെടുത്തുന്ന ഗന്ധത്തെ അയാൾ ഒരിക്കൽ കൂടെ ആസ്വദിച്ചു..

അരളി പൂക്കൾ ഈർക്കിളിയിൽ കോർതാൽ കാറ്റിന്റെ ദിശയിൽ അവ അങ്ങനെ തെന്നി മാറും . ഒരു പമ്പരം പോലെ കറങ്ങും ഭൂമിയിൽ മറ്റൊരു പൂവിനുമില്ലാതൊരു കഴിവ്. ആ സൂത്രം തനിക്കു കാണിച്ചു തന്നത് അച്ഛനാണ്.. ആ അച്ഛനെ തിരിഞ്ഞാണ് ഗോപിയേട്ടന്റെ കൈ പിടിച്ചു ആദ്യമായി ഞാൻ ഇവിടെ വന്നതും.

ഓർമ്മകൾക്കൊപ്പം അച്ഛനും അയാളുടെ മുന്നിൽ നിറയാൻ തുടങ്ങി…

കൂപ്പിൽ നിന്ന് മരങ്ങൾ എടുത്ത് നാട്ടിൽ കൊണ്ട് വന്ന് വിൽക്കുന്ന കച്ചവടമായിരുന്നു അച്ഛന്.. അന്ന് എന്തിനും ഏതിനും അച്ഛന്റെ സഹായിയായി കൂടെയുണ്ടായിരുന്നത് ഗോപിയേട്ടനായിരുന്നു..

അച്ഛനേക്കാൾ രണ്ട് വയസ് കുറവേ ഉണ്ടായിരുന്നുള്ളു ഗോപിയേട്ടന്. എന്നിട്ടും ഉണ്ണിയേട്ടൻ എന്നല്ലാതെ ഒരിക്കൽ പോലും അച്ഛനെ പേരിടുത്തോ അമ്മയെ ഏടത്തി എന്നല്ലാതെയോ വിളിച്ച് കേട്ടിട്ടില്ലേ..

ഇവിടുന്ന് വീട് വിറ്റു പോയിട്ടും അച്ഛന്റെ അവസാനം വരെയും ഒരു കൈ താങ്ങായി അച്ഛനൊപ്പം ഗോപിയേട്ടൻ ഉണ്ടായിരുന്നു..

അച്ഛനെ സഹായിക്കുന്ന തിരക്കിൽ സ്വന്തമായി ഒരു കുടുംബം ഉണ്ടാക്കാൻ ആ പാവം മറന്നു ..

കൊൽക്കത്തയിൽ ജോലി ശരിയായപ്പോൾ ഞാൻ കൂടെ വിളിച്ചിരുന്നു. സഹായി ആയിട്ടല്ല എന്നെ നേർ വഴി കാണിക്കാൻ ഒരു കൂട്ടായിട്ട് പക്ഷേ വന്നില്ല.

വയ്യാണ്ടായിരിക്കണു കുട്ട്യേ.. അത്ര ദൂരം വന്ന് അവിടത്തെ രീതികളോട് പൊരുത്തപ്പെടാൻ ഇനി ആയുസില്ലന്ന്..

ശരിയാണ് ഗോപിയേട്ടന് പ്രായം അറുപത്തിയഞ്ചു കഴിഞ്ഞു കാണും.. ഇപ്പോൾ ഏതോ അകന്ന ബന്ധുവിന്റെ വീട്ടിലാണ്, അവരുടെ പറമ്പും കൃഷിയുമൊക്കെ നോക്കി നടത്തുന്നത് ഗോപിയേട്ടനാണ് ..

എന്തൊക്കെ വിഷമങ്ങൾ ഉണ്ടായാലും മറ്റൊരാൾക്ക് മുന്നിൽ ഉള്ള് തുറക്കാൻ ശീലിച്ചിട്ടില്ല .

എനിക്ക് ഇവിടെ സുഖമാണെന്നു മാത്രം പറയും..

ഇടക്കൊക്കെ വിശേഷം ചോദിച്ചു എഴുതും.. കത്തിലൂടെ കുറെ ആശീർവദിക്കും അതും ഒരു ജീവിതം.. എല്ലാവരെയും സഹായിച്ചു സ്വന്തമായി ജീവിക്കാൻ മറന്നു പോയ ജീവിതം.

ഓർമകളുടെ പിടി വിട്ട് അയാൾ പതിയെ മുറ്റത്തേക്ക് ഇറങ്ങി..

വീടിന്റെ പൂമുഖത്തിന് കുറച്ചു മാറി കിഴക്കോട്ട് ദർശനമായി കുടുംബ ക്ഷേത്രം കാണാം. നിത്യ പൂജയും അന്തി തിരിവെട്ടവും ക്ഷേത്രത്തിന്റെ അകത്തു ഇരിക്കുന്ന ദേവൻ പോലും മറന്നിട്ടു കാലങ്ങളായെന്നു ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാണ്. വീടിന്റെ ഉള്ളിൽ ജീവിച്ചിരിക്കുന്ന ദേവിയെ പ്രീതിപ്പെടുത്താൻ കഴിയാതെ പോയ ദേവന്റെ വേദന പോലെ ആ ക്ഷേത്രം അത് അതിന്റെ അവസാന വക്കിൽ എത്തി നിൽക്കുന്നു.

അടഞ്ഞു കിടക്കുന്ന വീടിന്റെ മുൻ വാതിൽ..

അതിനോട് ചേർന്ന കിടക്കുന്ന ഉമ്മറത്തെ തിണ്ണയും കുമ്മായം പൂശിയ ചുമരും ഏറെ കുറെ വിണ്ടു തുടങ്ങി .

ഇട നാഴിയുടെ ഓരത്ത് തൂകി ഇട്ടിരിക്കുന്ന ഭാസമ തട്ട് മുക്കാൽ ഭാഗവും ചിതൽ പുറ്റായി മാറി കഴിഞ്ഞു

മുറ്റത്ത് ഇടക്കിടടെ അങ്ങിങ്ങായി വീശുന്ന കാറ്റിനൊപ്പം കരിയിലകൾ പലതു പോകാൻ ഒരുങ്ങി നിൽക്കുന്ന പോലെ..

ഉമ്മറത്തെ ആദ്യ പടിയിൽ കയറി നിന്ന് അയാൾ അടഞ്ഞു കിടന്ന വാതിൽ നോക്കി ഉച്ചത്തിൽ ചോദിച്ചു…

ഇവിടെ ആരുമില്ലേ…. ?

ഇട വിട്ട് ആ ചോദ്യം കുറച്ചു കൂടെ ഉച്ചത്തിൽ ഒന്നു രണ്ടു തവണ കൂടി അയാൾക്ക് ആവർത്തികേണ്ടി വന്നു..

അധികം വൈകാതെ തന്നെ ഇരു പാളികൾ ഉള്ള ചന്ദനം തൊട്ട വാതിൽ അയാൾക്കു മുന്നിൽ തുറക്കപ്പെട്ടു..

നര വീണു തുടങ്ങിയ എണ്ണ മയമുള്ള മുടിയിഴ അലസമായി കെട്ടി വെച്ചിരിക്കുന്നു .. നെറ്റിയിൽ അടർന്ന് വീഴാറായ ചന്ദന കുറി. പിന്നി തുടങ്ങിയ നേരിയതിന്റെ തലപ്പിൽ കൈകൾ തുടച്ചു അയാൾക്ക് മുന്നിലേക്ക് ഒരമ്മ കടന്ന് വന്നു….

അയാളുടെ മുഖത്ത് നിന്ന് കണ്ട് മറന്ന ഒരു മുഖച്ഛായ വായിച്ചെടുത്ത അതിശയത്തിൽ നേരിയ പുഞ്ചിരിയോടെ ചോദിച്ചു…

ആരാ… ?

ആ ചോദ്യവും ആ മുഖത്തെ നേരിയ ചിരിയും കണ്ട് തെല്ല് അധികാരത്തോടെ അയാൾ ഉമ്മറത്തെ തിണ്ണയിൽ കയറി ഇരുന്നു..

എന്നെ മനസ്സിലായില്ലേ…

ഇല്ല… പക്ഷേ എവിടെയോ കണ്ടിരിക്കുന്നു.. ഇനി എന്റെ തോന്നലാണോ. ?

കണ്ണു ഇപ്പോ ശരിക്കും പിടിക്കുന്നില്ല.. കൈ അകലത്തിൽ നിന്നാൽ പോലും ആളെ തിരിച്ചറിയണമെങ്കിൽ കണ്ണട വേണം .. കുട്ടി ഇരിക്കുട്ടോ ഞാൻ കണ്ണട എടുത്തിട്ട് വരാം…

അകത്തേക്ക് പോകാൻ തുടങ്ങിയ അമ്മയെ തടഞ്ഞു കൊണ്ടായാൾ പറഞ്ഞു..

അല്ല…!

തോന്നൽ അല്ല.. ഞാൻ മുൻപ് ഇവിടെ വന്നിട്ടുണ്ട്. ഒന്നല്ല ഒരുപാട് തവണ ഞാൻ ചെനോത്തെ ഉണ്ണിയുടെ മകനാണ്.

ആ നിമിഷം ആ മുഖത്തെ പുഞ്ചിരിയും ആശ്ചര്യവും കെട്ടടങ്ങി.. ഒരു ദീര്ഘ നിശ്വാസം വിട്ട് ‘അമ്മ ചുമരിലേക്ക് ചാരി നിന്നു .…

അയാൾ പതിയെ എണീറ്റ് അമ്മയുടെ തോളിൽ കൈ വെച്ചു ചോദിച്ചു ..

സുഖമാണോ ദേവുമ്മക്ക്….

പെട്ടന്ന് അമ്മയുടെ കണ്ണുകൾ വിടർന്ന് വാത്സല്യം തുളുമ്പി..

അയാൾ പതിയെ പുഞ്ചി ചിരിച്ചു..

എന്നും ഈ വിളി എന്റെ ഉള്ളിൽ ഉണ്ടായിരുന്നു ഈ കാലം വരെയും അതിന് ഒരു കളങ്കവും വന്നിട്ടില്ല..

അന്ന് തന്നെ സ്നേഹവും വാത്സല്യവും മറന്നിട്ടില്ല.. അതും മനസിന്റെ ഒരു കോണിലുണ്ട്..

ഇത്രയെല്ലാം മനസിൽ ഉണ്ടായിട്ടും പിന്നെ എന്തേ ഇവിടെ വരാൻ ഇത്രയും വൈകി എന്ന് ചോദിച്ചാൽ…അതിന് മനസിൽ ഇരിക്കുന്ന ‘അമ്മ നിയോഗിച്ച നാൾ ഇന്നായിരുന്നു..

തോളിലിരിക്കുന്ന അയാളുടെ കൈ പടത്തിൽ മുഖം അമർത്തി ആ ‘അമ്മ വിതുമ്പി കരഞ്ഞു..

ഇടർന്ന സ്വരത്തോടെ പറഞ്ഞ പൊറുക്കണം എന്ന വാക്ക് മുഴിവിക്കാൻ ആ അമ്മയെ അയാൾ സമ്മതിച്ചില്ല..

പകരം സ്വാന്തനം നിറഞ്ഞ കൈ കൊണ്ട് പതിയെ അയാൾ ആ നിറഞ്ഞ കണ്ണുകൾ തുടച്ചു..

തളർന്നു നിൽക്കുന്ന അമ്മയെ അയാൾ തിണ്ണയിൽ ഇരുത്തി അരികിൽ അയാളും ഇരുന്നു .

കരച്ചിലിന്റെ കിതപ്പ് ഒന്ന് ആറിയപ്പോൾ ‘അമ്മ അയാളുടെ കൈയിൽ ദയനീയമായി പിടിച്ചു

കൂട്ടിയോടും കുട്ടിയുടെ അമ്മയോടും… പൊറുക്കാനാവാത്ത തെറ്റാണ് ഞാൻ ചെയ്തത്… അവൾ ജീവൻ വെടിഞ്ഞതും മോന് മോന്റെ ‘അമ്മ ഇല്ലാതായതും എല്ലാം ഞാൻ കാരണം ..

പാപിയാണ് ഞാൻ..

ഏത് ഗംഗയിൽ പോയി നിർനാലാണ് ഏത് ഈശ്വരന്റെ മുന്നിൽ കുമ്പിട്ടലാണ് മോക്ഷം കിട്ടുക എന്നറിയില്ല..

പ്രണനുള്ള കാലം വരെയും ഒറ്റയ്ക്ക് ഈ വീട്ടിൽ ഇങ്ങനെ നീറി നീറി കഴിയാനക്കും വിധി…

കണ്ണടയുന്നത്തിന് മുന്നേ മനസ് കൊണ്ട് ആ കാൽക്കൽ ഒന്ന് വീഴാൻ ഒരിക്കൽ എങ്കിലും മോനെ ഇത് പോലെ എന്റെ മുന്നിൽ കൊണ്ട് നിർത്തിതരണേയെന്ന് എന്നും വിളിച്ചു തൊഴാത്ത ഈശ്വരന്മാർ ഇല്ല….

കണ്ടുല്ലോ…!

സമാധാനമായി.. തീർത്താൽ തീരാത്ത പാപത്തിന്റെ ഒരു കണിക മോക്ഷമെങ്കിലും ഈ വൃദ്ധക്ക് കിട്ടി…

അയാൾ തിരുത്തി…

ഇനിയും അരുത് ഈ ഏറ്റു പറച്ചിൽ..

തെറ്റിന്റെയും ശിക്ഷയുടെയും കാലം കഴിഞ്ഞിട്ട് ഏറെയായില്ലേ…

കണ്ണടയുന്ന നാൾ വരെയും ഇതേ നീറ്റലിന്റെ വേദനയിൽ രാമ നാമം ചൊല്ലിയാണ് അച്ഛനും ദൈവത്തിൽ ലയിച്ചു ചേർന്നത്….

അവസാന നാൾ വരെയും ആ മനസിനും സമാധാനമുണ്ടായിട്ടില്ല .

ഇനിയും ആർക്ക് വേണ്ടിയാണ്… ?

ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ അ ന്തി ഉറങ്ങി എന്ന് പത്ത് വയസ്സിന്റെ നിഷ്കളങ്കതയിൽ മകൻ വന്ന് പറയുന്ന കേട്ടപ്പോൾ ഒരു സാധുവായ ഭാര്യ ചെയ്യുന്ന കടുംകൈ എന്റെ അമ്മയും ചെയ്തു….

‘അമ്മ അച്ഛന്റെ ജീവിതത്തിൽ വരുന്നതിന് മുൻപ് നിങ്ങൾക്ക് ഇടയിലുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴവും പരപ്പും മനസിലാക്കി എന്നെ മാ. റോട് ചേർത്ത് ഒന്ന് കരഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അമ്മയ്ക്ക് ആ നിമിഷത്തെ വേണ്ടാത്ത തോന്നൽ ഉണ്ടാവില്ലായിരുന്നു..

ഏതോ ഒരു നിമിഷത്തിൽ നിങ്ങൾക്ക് പറ്റിയ തെറ്റ്. അതിന് ഈ മകനെ പോലും ഓർക്കാതെ ‘അമ്മ അമ്മയുടെ ജീവൻ തന്നെ ബലി കഴിച്ചു..

ചിലപ്പോൾ ഭഗവാൻ എന്റെ അമ്മക്ക് അത്രയേ ആയുസേ വിധിച്ചിട്ടുണ്ടാവുള്ളു..

അതിന് ഇതൊരു കാരണായി

ഞാൻ എന്നും അങ്ങനെ സമാധാനിക്കാനെ ശ്രമിച്ചിട്ടുള്ളൂ..

ഇത്ര കാലം വരെയും മനസിനെ അങ്ങനെ പറഞ്ഞു പഠിപ്പിച്ചാണ് ജീവിച്ചത്..

ഇന്ന് ആ ഓർമകളെല്ലാം ഓർത്തെടുക്കാനാകാത്ത ദൂരത്തോളം പോയി മറഞ്ഞിരിക്കുന്നു..

എല്ലാം അവസാനിച്ചു.

ആരോട് തെറ്റ്‌ ചെയ്‌തെന്ന് കരുതുന്നുവോ അവർ മോക്ഷം തന്നു എന്ന് കരുതുക .. ആ ആത്മാവ് തന്നെയാണ് ശ്രാദ്ധ ബലിക്ക് ഒടുവിൽ എന്നെ ഇന്ന് ഇവിടെ കൊണ്ട് നിർത്തിയതും.. പോകുമ്പോൾ വരാൻ വിരോധമില്ലങ്കിൽ കൂടെ കൂട്ടണം എന്നും പറഞ്ഞു..

‘അമ്മ വരണം…

മകനാണ് വിളിക്കുന്നത് ഒരു അമ്മയായി വിളി കേട്ട് കൂടെ വരണം..

എന്നിട്ട് എന്റെ തനിച്ചുള്ള ജീവിതത്തിന് ഒരു അർത്ഥമുണ്ടാക്കി തരണം ..

പാതി വഴിയിൽ നഷ്ട്ടപ്പെട്ടു പോയ അമ്മയുടെ സ്നേഹം തേടി വന്ന ഒരു മകന്റെ അപേക്ഷയാണ്..

ആ മകനോട് അമ്മയ്ക്ക് മറുത്തു പറയാൻ കഴിഞ്ഞില്ല….

ഏറെ നാളായി അടഞ്ഞു കിടന്ന ക്ഷേത്രത്തിൽ ഇരു തിരി നാളം കത്തിച് ആ ‘അമ്മ മകന്റെ കൈ പിടിച്‌ മോക്ഷം തേടി ഇറങ്ങി…