എഴുത്ത്:-നിഹാരിക നീനു…
ആരതീ
അമ്മ വിളിച്ചതും വേഗം അങ്ങോട്ടേക്ക് ചെന്നു ആരതി….
അച്ഛന്റെ ഫോൺ ഉണ്ടായിരുന്നു..
അച്ഛൻ ഈ മാസം അവസാനം ലീവിന് വരുന്നുണ്ട് എന്ന്..
അത് കേട്ട് തുള്ളിച്ചാടാൻ പോയ അവളുടെ എല്ലാ സന്തോഷവും തiല്ലിക്കെടുത്തി അമ്മ മറ്റൊന്നുകൂടി പറഞ്ഞു….
“””സിദ്ധുവും വരുന്നുണ്ടത്രെ എന്ന് “””
വന്ന സന്തോഷം അതേപോലെ പോകുന്നതറിഞ്ഞു ആരതി…
അവൾ ആകെ മൂഡ് ഓഫ് ആയി..
അച്ഛന്റെ പെങ്ങളുടെ മകനാണ് സിദ്ധാർത്ഥ് എന്ന് സിദ്ദു..
അവനു അഞ്ചു വയസ്സുള്ളപ്പോഴാണ് അവന്റെ അമ്മ കാൻസർ വന്ന് മരിക്കുന്നത്… പെങ്ങളെ ജീവനുതുല്യം സ്നേഹിച്ച ആങ്ങളക്ക് അത് വലിയൊരു ഷോക്ക് ആയിരുന്നു….
സിദ്ധാർത്ഥിനേ അതിനുശേഷം ഏറ്റെടുത്തത് ആരതിയുടെ അച്ഛൻ വിനയചന്ദ്രൻ ആണ്…
സിദ്ധാർത്ഥ്ന്റെ അച്ഛൻ അമേരിക്കയിലായിരുന്നു….
ബിസിനസിന്റെ തിരക്ക് കാരണം അയാൾക്ക് മകനെ ശ്രദ്ധിക്കാൻ ആദ്യമൊന്നും സമയം കിട്ടിയിരുന്നില്ല ഒരു അഞ്ചുവയസുകാരനെ പ്രത്യേകിച്ചും…
അതുകൊണ്ടുതന്നെ വിനയചന്ദ്രൻ അവനെ സ്വന്തം ഭാര്യ ഏൽപ്പിച്ച് ഗൾഫിലേക്ക് പോയി…
പത്ത് വയസ്സുവരെ അവൻ അവരുടെ കൂടെ കഴിഞ്ഞു…. പിന്നീട് അവന്റെ അച്ഛൻ വന്നവനെ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയി അത് വിനയചന്ദ്രന് വല്ലാത്ത വിഷമം ആയിരുന്നു…
സ്വന്തം പെങ്ങളുടെ പകരമായാണ് അയാൾ സിദുവിനെ കണ്ടത്…. സ്നേഹിച്ചത്…
എങ്കിലും സ്വന്തം അച്ഛൻ വന്നു വിളിക്കുമ്പോൾ അവനെ അയാളുടെ കൂടെ വിടാതെ തരമില്ലായിരുന്നു…
സിദ്ധു വിന്റെ അച്ഛൻ അവിടെ നിന്നു തന്നെ മറ്റൊരു വിവാഹം കഴിച്ചത് സിദ്ധുവിനെയും അച്ഛനെയും തമ്മിൽ അകറ്റി…. പുതിയ ജീവിതത്തിലേക്ക് ശ്രദ്ധപതിപ്പിച്ചതോടെ അയാൾക്ക് സിദ്ധാർത്ഥനെ ശ്രദ്ധിക്കാൻ സമയം ഇല്ലാതെയായി..
പിന്നെ സിദ്ധുവിനാശ്രയം അവന്റെ അങ്കിൾ ആയിരുന്നു…. വിനയചന്ദ്രൻ അവനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു… അവൻ വരാൻ കാത്തു നിൽക്കുന്നത് പോലെ ആയിരുന്നു…
വിനയചന്ദ്രൻ അവനെ തന്റെ കൂടെ ഗൾഫിൽ കൊണ്ടുപോയി നിർത്തി..
കൂടെ നിർത്തി തന്നെ പഠിപ്പിച്ച് ജോലി വാങ്ങി കൊടുത്തു…. അവനും ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവന്റെ അങ്കിളിനെ മാത്രമായിരുന്നു… തന്റെ മകളെ കൂടി അവനെ ഏൽപ്പിച്ചാൽ സ്വസ്ഥമായി കണ്ണടക്കാം എന്ന് പറഞ്ഞായിരുന്നു അയാൾ ഇരുന്നത്…
ആരതിയുടെ ഗ്രാജുവേഷൻ കഴിയാൻ കാത്തിരിക്കുകയായിരുന്നു…
ഇത്തവണ നാട്ടിൽ വരുമ്പോൾ സിദുവിനെ കൂടി കൊണ്ടു വരും അവരുടെ കല്യാണം നടത്തും..
എന്നെല്ലാം അച്ഛൻ ആദ്യം പറഞ്ഞിരുന്നു എങ്കിലും ആരതി അത്ര സീരിയസ് ആക്കിയില്ല…
പക്ഷേ ഇപ്പോൾ അച്ഛൻ ഭയങ്കര സീരിയസ് ആണെന്ന് മനസ്സിലായ തോടുകൂടി അവൾ ആകെ തകർന്നു പോയി….
അതിന് വ്യക്തമായ ഒരു കാരണവുമുണ്ടായിരുന്നു….
അവളെ കോളേജിൽ പഠിപ്പിക്കുന്ന സാർ…
“””‘ഗൗതം”””‘
എന്നാണ് പരസ്പരം ശ്രദ്ധിച്ച് തുടങ്ങിയത് എന്ന് അറിയില്ല…
പരസ്പരമുള്ള ഓരോ നോട്ടവും ചിരിയും പറയാതെ പറഞ്ഞിരുന്നു രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമുണ്ട് എന്ന്…
ഗൗതം തന്നെയാണ് മുൻകൈയെടുത്ത് അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞത് കേൾക്കാൻ കാത്തിരിക്കുന്നത് പോലെ ആയിരുന്നു ആരതിയും….
ഇതിനെപ്പറ്റി അച്ഛനോട് സംസാരിക്കാൻ ഇരിക്കുകയായിരുന്നു ആരതി…..
അപ്പോഴാണ് സിദ്ധുവിനെയും കൂട്ടി വരുന്നുണ്ട് എന്ന് പറഞ്ഞത്….
ഒപ്പം കല്യാണം നടത്താൻ പോവുകയാണ് എന്നും….
ആളാകെ ടെൻഷനടിച്ചു നടക്കുകയാണ്..
ഗൗതമി നോട് പറഞ്ഞപ്പോൾ പേടിക്കേണ്ട അച്ഛൻ വരട്ടെ അയാൾ സംസാരിച്ചു കൊള്ളാം എന്ന് പറഞ്ഞു….
എത്ര സംസാരിച്ചാലും അച്ഛൻ ഇതിനോട് യോജിക്കുകയില്ല എന്നത് നൂറ് തരം ആയിരുന്നു കാരണം അച്ഛൻ സിദ്ധു വിനെ കാണുന്നത് സ്വന്തം പെങ്ങളുടെ പകരമായിരുന്നു…..
ഇതെല്ലാം അറിഞ്ഞു വെച്ചു കൊണ്ട് തന്നെയാണ് അവർ ഗൗതവുമായി അടുത്തത്…. പ്രണയം അങ്ങനെയാണല്ലോ എപ്പോൾ, ആരോട് തോന്നും എന്നൊന്നും പറയാൻ കഴിയില്ലല്ലോ….
ഗൗതം കൊടുത്ത ധൈര്യത്തിൽ അവൾ ദിവസങ്ങൾ തള്ളി നീക്കി…
അങ്ങനെ അവർ ഗൾഫിൽ നിന്നും എത്തി…
മനപൂർവ്വം ആരതി സിദ്ധുവിനെ അവഗണിച്ചു….. അവന്റെ മുന്നിൽ പോയി പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…
അമ്മയും അച്ഛനും കൂടി അവരുടെ വിവാഹത്തിന് നാള് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു…
ജോലിസംബന്ധമായി ഗൗതമിനും എങ്ങോട്ടോ ഒരു മീറ്റിംഗിന് പോകേണ്ടിവന്നു…. ആകെക്കൂടി പെട്ട അവസ്ഥയിലായിരുന്നു ആരതി..
ഇനിയും ഒളിച്ചു കളിച്ചിട്ട് കാര്യമില്ല എന്ന് ആരതിക്ക് മനസ്സിലായി…
സിദ്ധുവിനോട് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ചെന്നു ആരതി…
തന്റെയും ഗൗതമിന്റെയും അഫയറിനെപ്പറ്റി സിദ്ധുവിനോട് പറഞ്ഞു…..
സിദ്ധുവിനെ ഒരു ബ്രദറിന്റെ സ്ഥാനത്താണ് കാണുന്നത് എന്നും…..
അയാൾ നിശബ്ദം എല്ലാം കേട്ടു നിന്നു …
പിന്നെ അവളോട് പറഞ്ഞു…
വിനയ് അങ്കിൾ പറഞ്ഞതുകൊണ്ട് മാത്രമാണ് ഈ കല്യാണത്തിന് തയ്യാറായത് എന്ന്…..
അവൾക്ക് താല്പര്യം ഇല്ലെങ്കിൽ ആരും ഇതിന് നിർബന്ധിക്കില്ല എന്ന്…
അത് കേട്ട് ആരതിക്ക് വളരെ സന്തോഷമായി….
പിന്നീട് വിനയചന്ദ്രനെ പറഞ്ഞ് മനസ്സിലാക്കിയതെല്ലാം സിദ്ധുവായിരുന്നു….
അയാൾക്ക് ആരതിയെ ഒരു പെങ്ങളെ പോലെ മാത്രമേ കാണാൻ കഴിയൂ എന്ന് വിനയചന്ദ്രനോട് സിദ്ധു പറഞ്ഞു….
അവൾക്കുവേണ്ടി അയാൾ വാദിക്കുമ്പോൾ വിനയചന്ദ്രൻ അയാളെ വല്ലാതെ തെറ്റിദ്ധരിച്ചു….
കാരണം ആരതിയുടെ പ്രണയ ബന്ധത്തെപ്പറ്റി ഒരിക്കൽപോലും സിദ്ധാർത്ഥ വിനയചന്ദ്രനോട് പറഞ്ഞില്ല…
സ്വന്തം മകളെ ഒഴിവാക്കാനുള്ള സിദുവിന്റെ അടവ് ആയി വിനയചന്ദ്രൻ അതിനെ എടുത്തു ….
ആദ്യമായി അയാളോട് ദേഷ്യപ്പെട്ടു…
ഇറങ്ങിപ്പോകാൻ വരെ പറഞ്ഞു… സിദ്ധാർത്ഥ് അവിടെ നിന്നും ഇറങ്ങിപ്പോയി…
തനിക്കുവേണ്ടി കുറ്റക്കാരനായ സിദ്ധാർത്ഥ നോട് ആരതിക്ക് വല്ലാത്ത സഹതാപം തോന്നി… പക്ഷേ അവൾ സ്വാർത്ഥ ആയിരുന്നു അവളുടെ ജീവിതം മാത്രം മുന്നിൽ കണ്ടു….
ഈ സമയത്ത് കല്യാണ ആലോചനയുമായി വന്ന് ഗൗതമായി അവളുടെ വിവാഹം വിനയചന്ദ്രൻ നിശ്ചയിച്ചു….
സിദ്ധാർത്ഥ് പിന്നീട് അവിടെ നിന്നില്ല അയാൾ എല്ലാം എടുത്തു തിരിച്ചു പോകാൻ ഇറങ്ങി….
അമ്മയുടെ കുഴിമാടത്തിനു അരികിൽ ചെന്ന് നിൽക്കുമ്പോൾ അവൻ വല്ലാതെ പൊട്ടി പോയിരുന്നു…
അവിടെ നിന്നും കരഞ്ഞ് എല്ലാ ഭാരങ്ങളും അവിടെ ഇറക്കി വച്ചു…
ചെറുപ്പം മുതൽ കൊണ്ടുനടക്കുന്നതായിരുന്നു ആരതിയെ മനസ്സിൽ…
ആരൊക്കെയോ ചേർന്ന് അവന്റെ പെണ്ണാണെന്ന് പറഞ്ഞപ്പോൾ കയറിക്കൂടിയ ഒരു മോഹം…
പക്ഷേ ആരെയും സങ്കടപ്പെടുത്തി അവന് അത് നേടാൻ ആഗ്രഹം ഇല്ലായിരുന്നു … അതുകൊണ്ടുതന്നെയാണ് വിട്ടുകൊടുത്തത് ..
എല്ലാം അമ്മയോട് പറഞ്ഞു എണീറ്റപ്പോൾ ഒരു കൈ സാന്ത്വനം എന്നപോലെ അവന്റെ തോളിൽ പതിഞ്ഞു….
അവൻ തിരിഞ്ഞു നോക്കി
വിനയചന്ദ്രൻ “””””
നിന്നെ മനസ്സിലാക്കാൻ ഇത്തിരി വൈകി…..ആരതി കുറ്റബോധത്തോടെ എല്ലാം പറഞ്ഞപ്പോഴാണ് അറിഞ്ഞത്… എന്നുപറഞ്ഞ് അവന്റെ കൈ പിടിച്ചു വിനയചന്ദ്രൻ…
സാരമില്ല അങ്കിൾ അവന്റെ നിരപരാധിത്വം മനസ്സിലാക്കിയല്ലോ അത് മതി എന്ന് മാത്രം പറഞ്ഞു അവൻ നടന്നകന്നു….
അവന്റെ ഉള്ളിൽ തോന്നിയ ഒരു ഇഷ്ടം അതിന്റെ പേരിൽ ആരതിയെയോ അതുവഴി അങ്കിളിനെ യോ വിഷമിപ്പിക്കരുത് എന്ന് അവന് നിർബന്ധ മുണ്ടായിരുന്നു…
നഷ്ടപ്പെടലുകൾ ചെറുപ്പം മുതലേ അനുഭവിച്ച അവന്, ഇതും സഹിക്കാൻ കഴിയുമെന്ന് പൂർണ ബോധ്യമുണ്ടായിരുന്നു….
സ്നേഹം ലഭിക്കേണ്ട ഇടത്തുനിന്നും സ്നേഹം ലഭിക്കാതെ വന്നപ്പോൾ അവൻ അതിനോട് പൊരുത്തപ്പെട്ടിരുന്നു….
ചിലർക്ക് അങ്ങനെയാണ്,, ഒരിക്കലും സ്നേഹിക്കപ്പെടാൻ യോഗം ഉണ്ടാവില്ല…
ഈൗ ശാപം എന്നൊക്കെ പറയുന്നതുപോലെ..