കുഞ്ഞിന്റെ നിറം നോക്കി. ആരുടേ ഛായ ആണെന്ന്‌ സസൂക്ഷ്മം വിലയിരുത്തി. ചിലര് പറഞ്ഞു…..

Story written by Ezra Pound

പെങ്ങടെ മോള്‌ പ്രസവിച്ചു.

അതിനെന്താ..

നിങ്ങക്കങ്ങനെ ചോദിക്കാൻ തോന്നീലെ..എനിക്കറിയാരുന്നു.

പെണ്ണായാൽ പ്രസവിക്കും..സ്വഭാവികം. കുഞ്ഞിനെ നോക്കി പുഞ്ചിരിക്കും. മു ലയൂട്ടുമ്പോഴാ മുഖത്തുണ്ടാവുന്ന നിർവൃതിയെക്കാൾ മനോഹരമായി മറ്റെന്തുണ്ടാവും.

പക്ഷെ ബന്ധുക്കൾക്കും അയല്പക്കത്തുള്ളോർക്കും അത് പോരായിരുന്നു. അവര്‌ കുഞ്ഞിനെ കാണാനെന്ന വ്യാജേന വീട്ടിലേക്ക്‌ വന്നു..

കുഞ്ഞിന്റെ നിറം നോക്കി. ആരുടേ ഛായ ആണെന്ന്‌ സസൂക്ഷ്മം വിലയിരുത്തി. ചിലര് പറഞു ഉപ്പാനെ പോലെയെന്ന്..മറ്റ്‌ ചിലര് ഉമ്മാനെ പോലെയാണെന്നും. ഭാഗ്യത്തിന് അയല്പക്കത്ത് വാടകക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ കൂട്ടാണെന്നൊന്നും പറഞ്ഞീല.

ഒന്നങ്ങോട്ടോ ഇങ്ങോട്ടൊ തെറ്റിയാൽ കുടുംബം കലങ്ങുന്ന കേസാണ് ഇവരൊക്കെ നിസ്സാരമായി പറഞ്ഞു പോവുന്നെ.

വെല്ലിമ്മ പറഞ്ഞത്‌ മരിച്ചോയ വെല്ലിപ്പാനെ പോലിണ്ടെന്നാ…

പിന്നേ പൊടി ഡപ്പി പോലത്തെ മുഖോള്ള കുഞ്ഞിനല്ലേ വെല്ലിപ്പാന്റെ ഛായ..ഒന്ന് പോയെ..ചുമ്മാ ഇരുന്നെങ്ങ് തള്ളുവാണെന്നെ.

കുഞ്ഞിനവര് പറയുന്നതൊന്നും മനസ്സിലാവാത്തോണ്ടാരിക്കും എല്ലാരേം നോക്കി നിഷ്കളങ്കതയോടെ പല്ലില്ലാ മോണ കാട്ടി പുഞ്ചിരിച്ചു.

അവിടം കൊണ്ടും തീർന്നീല..പ്രസവ ശുശ്രൂഷക്ക് ആരെയാണ് ഏർപ്പാടാക്കിയേ എന്നറിയണം ചിലർക്ക്.ആരുമില്ല ഞാനും മോളും കൂടെ തനിയെ ചെയുവാണെന്ന് പെങ്ങള് പറഞ്ഞപ്പോ എന്തോ കൊടും പാതകം ചെയ്ത പോലാരുന്നു ചോദിച്ചൊരുടെ മുഖം.

“തനിയെ ചെയ്യേ..നാണക്കേട്..ഓലിക്ക് കൊടുക്കാനുള്ള ഇരുപത്തയ്യായിരം പോലും എടുക്കാനില്ലേ അന്റെ കെട്യോന്” എന്നൊക്കെ ചോദിച്ചോണ്ട് അവര് പിറു പിറുത്തു.

പരസ്പരം നോക്കി കണ്ണുകളൊണ്ട് അവർക്കു മാത്രം മനസ്സിലാവുന്ന ഭാഷയിൽ എന്തൊക്കെയോ കൈമാറി. അതും പോരാഞ്ഞിട്ട് മൂക്കത്ത് വിരൽ വെച്ചു.

അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..അങ്ങനെയാണല്ലോ നാട്ട് നടപ്പ്.

പക്ഷെ അവളാരോടും വിശദീകരിക്കാനോ തർക്കിക്കാനോ നിന്നില്ല. തിളച്ച വെള്ളത്തിൽ പുഴുങ്ങി എടുത്തില്ല. പുറം ലോകവുമായി ബന്ധപ്പെടാനുള്ള സകലമാന സംവിധാനങ്ങളും നിഷേധിച്ചു ക്വാറന്റൈനിൽ ആക്കിയില്ല.

സാധാരണ പോലെ എഴുന്നേറ്റ് നടന്നു..സാധാരണ പോലെ ഭക്ഷണം കഴിച്ചു..കെട്യോനോടൊപ്പം സമയം ചിലവഴിച്ചു.ചിരിച്ചു സംസാരിച്ചു..ടീവി കണ്ട്..മൊബൈൽ നോക്കി..മാനവും മേഘങ്ങളും മഴയും കണ്ട്..

അത്ഭുതമെന്ന് പറയട്ടെ അവൾക്കൊന്നും സംഭവിച്ചില്ല..ആരോഗ്യത്തോടെയവൾ ഓടിച്ചാടി നടന്നു. അവളോടൊപ്പം ചാടി നടക്കാൻ വയ്യാത്ത പരിഭവത്തലാവണം തൊട്ടിലിൽ കിടന്നൊണ്ട് കുഞ്ഞു വാവിട്ട് കരഞ്ഞു..കരച്ചില് കേട്ടോടി വന്നവളാ കുഞ്ഞിനെ വാരിയെടുത്ത് മാറോടു ചേർത്ത് വാവാവോ പാടി..എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും എന്ന ഭാവത്തിൽ കുഞ്ഞവളുടെ മുഖത്തേക്ക് നോക്കി.

കാര്യങ്ങളിങ്ങനെ സുഖകരവും സന്തോഷകരവുമായി പൊക്കൊണ്ടിരിക്കെ പഴയ സന്ദർശകർ വീണ്ടുമെത്തി..അവരമ്മയെയും കുഞ്ഞിനേയും മാറി മാറി നോക്കി.

മെലിഞ്ഞു സുന്ദരിയായിരിക്കുന്ന കുഞ്ഞിന്റമ്മയെ ഒന്നുടെ നോക്കിയ ശേഷം പെങ്ങടെ നേർക്ക് കണ്ണുകൾ പായിച്ചോണ്ടൊരു ചോദ്യം..

“അല്ലാടീ നീയിവൾക്ക് തിന്നാനൊന്നും കൊടുക്കാറില്ലെ”ന്ന്.

അവരുടെ കാഴ്ചപ്പാടിൽ പ്രസവ ശേഷമുള്ള പെണ്ണ് തടിച്ചുരുണ്ടിരിക്കണമെന്നതാണ്. കുഞ്ഞിനും തടി പോരെന്നായി മറ്റൊരു പരിഭവം. ഒക്കെ കഴിഞ്ഞവരൊരു നിഗമനത്തിലെത്തി.

“ചുമ്മാതല്ല ഇങ്ങനൊക്കെ സംഭവിച്ചേ..പ്രസവ ശുശ്രൂഷക്ക് ആളെ വെക്കാത്തോണ്ടാ..ഇനിയെന്തൊക്കെ അനുഭവിക്കണം പടച്ചോനെ” എന്നും കൂടെ കൂട്ടിച്ചേർത്തു..

“വെറുതെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ ഇറങ്ങിപ്പോ വീട്ടിന്ന്” എന്നാരുന്നു മറുപടി പറയേണ്ടതെങ്കിലും ആത്മ സംയമനത്തോടെ പെങ്ങളവരെ നോക്കി പുഞ്ചിരിച്ചൊണ്ട് പറഞ്ഞു.

“ഇരിക്ക് ട്ടോ..ഞാനിപ്പോ ചായയെടുക്കാം..”