കിലുക്കാംപെട്ടി ~ ഭാഗം 12, എഴുത്ത്: ശിഥി

ഭാഗം 11 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

മനസിന്റെ ഭാരം കണ്ണീരായി ഒഴുകി ഇറങ്ങുമ്പോൾ സിദ്ധാർഥിന്റെ കൈ അവളെ ചേർത്തു പിടിച്ചിരുന്നു..

രാത്രി റൂമിലേക്ക് കയറിയപ്പോൾ സിദ്ധാർത്ഥ് അവിടെ ഉണ്ടായിരുന്നില്ല…. ബാൽക്കണിയിലേക്ക് ചെന്ന് നോക്കിയപ്പോൾ അവിടെ എന്തോ ലാപ്ടോപ്പിൽ തിരക്കിട്ട പണിയിലാണ്… പതിയെ അടുത്തേക്ക് നടന്നു

“ആഹ് താൻ വന്നോ….. സോറി ടോ എനിക്ക് ഇത്തിരി തിരക്കുണ്ട് താൻ പോയി കിടന്നോ” ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ ആണ് അത്രയും പറഞ്ഞത്… പിന്നെയും പോവാൻ മടിച്ച് നിന്നവളോട് മുഖമുയർത്തി എന്താ എന്ന് പിരികം ഉയർത്തി ചോദിച്ചു..

“സിദ്ധുവേട്ടാ അത്…. അത് നിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് ” മടിച്ചുമടിച്ചാണ് പറഞ്ഞത്

” അയ്യോ നമുക്ക് നാളെ സംസാരിക്കാം ഇപ്പോ ഞാൻ ഇത്തിരി ബിസിയാണ് കേട്ടോ… റിയലി സോറി ” ദയനീയമായി പറയുന്നത് കേട്ടപ്പോൾ പിന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി റൂമിൽ വന്നു കിടന്നു..

രാവിലെ കുളിച്ച് വേഗം അടുക്കളയിലേക്ക് ചെന്നു…സുജമ്മ രാവില്ലാതെ തിരക്കിലാണ്.

“അഹ് മോൾ എണീറ്റോ…. സ്ഥാലം മാറി കിടന്നിട്ട് ഉറക്കം ഒക്കെ ശരിയായോ” വാൽസല്യത്തോടെ സുജമ്മ തലയിലൂടെ തലോടി ചോദിച്ചപ്പോൾ ഒന്നും മൂളി

“ദാ… “ഫ്ലാസ്കിൽ നിന്ന് ചായ കപ്പിലേക്ക് പകർന്നു അവൾക്ക് കൊടുത്തു…കുടിച്ച് കഴിഞ്ഞപ്പോൾ ഒരു കപ്പിൽ ചായ എടുത്ത് റൂമിലേക്കു നടന്നു…നല്ല ഒറക്കത്തിൽ ആണ് സിദ്ധു… അടുത്തേക്ക് ചെന്ന് തട്ടി വിളിച്ചപ്പോ ചാടി എണീക്കുന്നത് കണ്ട് പേടിച്ചു ഒന്ന് പിന്നിലേക്ക് നിന്നു… നാലുപുറവും നോക്കി മാളുവിനെ കണ്ടപ്പോ ഒരു ദീർഘശ്വാസം വിട്ടു.

“അത് ഞാൻ… പേടിക്കും വിചാരിച്ചില്ല ” മാളു ചായ കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു

” ഏയ്യ് സാരല്യ….. ഒരുപാട് വൈകി ഇന്നലെ കിടന്നപ്പോൾ.. ഓഫീസിലെ ഓർമ്മയിലാണ് കിടന്നത്.. നല്ല ഉറക്കം പിടിച്ചപ്പോഴാണ് താൻ തട്ടിയത്…ഓഫീസിൽ പോകണ്ടേ ന്ന് ആലോചിച്ച്‌ ഞെട്ടി എണീറ്റത്… ലീവിൽ ആണ് എന്നൊന്നും ഓർമ ഇല്ല ” അൽപ്പം ചമ്മലോടെ പറയണ കേട്ടപ്പോൾ മാളുവിന് ചിരിവന്നു..

“ഞാൻ ചായ തെരാൻ വന്നതാ…. ഉറക്കം മതിയായില്ലെങ്കിൽ കുറച്ചുനേരം കൂടി കിടന്നോളൂ” പറഞ്ഞു കൊണ്ട് പോകാൻ നിന്നവളെ കയ്യിൽ പിടിച്ച് അവന്റെ അടുത്തിരുത്തി.. ഒരു പിടച്ചിലോടെ അവൾ അവനെ നോക്കി

“താൻ ഇന്നലെ ന്തോ പറയാൻ വന്നില്ലേ… പറ ഇപ്പൊ ഞാൻ ഫ്രീയാ..” കയ്യിൽ നിന്ന് ചായ വേടിച്ച് അവൻ ചുണ്ടോടടുപ്പിച്ചു

“അത്….. അത് പിന്നെ ഞാൻ…. ” അവൾ തപ്പിതടയുന്നത് കണ്ടിട്ട് അവൻ മുഖമുയർത്തി അവളെ നോക്കി..

” ന്താ പറ…. എന്തിനാ എങ്ങനെ മടിക്കുന്നെ….പറ”

” അത് സിദ്ധുവേട്ട നിക്ക് നിക്ക് ഒരാളെ ഇഷ്ടമാണ് ” പറയുമ്പോൾ തല കുനിഞ്ഞു പോയി… കപ്പ് സൈഡിലെ ടേബിളിൽ വെച്ചിട്ട് ബാക്കി വാക്കുകൾക്കായി അവളെ ഉറ്റുനോക്കി…

“എന്നിട്ട് താൻ ന്താ ഇത് ആദ്യം പറയാതിരുന്നേ…. വിട്ടുകാരുടെ നിർബന്ധപ്രകാരമാണോ ഈ കല്യാണം” ഗൗരവത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ അല്ല എന്ന് അവൾ തലയാട്ടി.

“പിന്നെ…”

“നിക്ക് മാത്രേ ഇഷ്ടം ഉണ്ടായിരുന്നുള്ളു”……പതിയെ മാളു മനുവിനെ കുറിച്ചും അവളുടെ പ്രണയത്തെ കുറിച്ചും എല്ലാം പറഞ്ഞു…മനു പറഞ്ഞതും എല്ലാം…

“ഞാൻ…നിക്ക് സിദ്ധുവേട്ടൻ കുറച്ച് സമയം തരണം കാര്യങ്ങളോട് പൊരുത്തപ്പെടാൻ…സിദ്ധു ഏട്ടനെ മനസ്സുകൊണ്ട് സ്നേഹിക്കാൻ എനിക്ക് ഇത്തിരി കൂടി സമയം തരണം” കണ്ണീർ പൊടിയുന്നുണ്ടെങ്കിലും അത് അവനിൽ നിന്നു മറച്ച് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സിദ്ധുവിൽ നിന്ന് ഒരു ദീർഘശ്വാസം അവൾ കേട്ടു.

“ഇതൊക്കെ സാദാരണ അല്ലെ… പ്രേമിക്കുന്നത് ഒക്കെ…. അവരെ കിട്ടണം എന്ന് നിർബന്ധം ഒന്നുല്ല്യ…അത് സാരമില്ല…. നീ പറഞ്ഞു വന്നപ്പോൾ ഞാൻ വിചാരിച്ചു നിന്നെ പിടിച്ച് അവനെ കെട്ടിച്ചു കൊടുക്കേണ്ടിവരും എന്ന്..” തമാശയോടെ പറഞ്ഞുകൊണ്ട് അവളെ നോക്കിയപ്പോളാണ് അവളുടെ കവിളിലൂടെ കണ്ണീരൊഴുകി ഇറങ്ങുന്നത് കണ്ടത്…

“അയ്യേ കരയാ…സാരമില്ല പോട്ടെ…. എന്നെ സ്നേഹിക്കും ലോ…. അത് കേട്ടാൽ മതി ” അടുത്തേക്ക് ഇരുന്ന് കുസൃതിയോടെ പറഞ്ഞുകൊണ്ട് കണ്ണീർ തുടച്ചു കൊടുത്തു.

പതിയെ പതിയെ സിദ്ധു അവൾക്കൊരു നല്ല കൂട്ടായി മാറുകയായിരുന്നു… എന്നിരുന്നാലും പലപ്പോഴായി മനുവിന്റെ ചിന്തകൾ അവളെ തേടിയെത്തി… അതിനു ശാസിച്ച് നിർത്തുമ്പോഴും മനുവിനോട് തോന്നിയ അടുപ്പം സിദ്ധുവിനോട് അവൾക്ക് തോന്നിയില്ല…

🍁🍁🍁🍁🍁🍁🍁

“മാളു…. നിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ…. വൈകിയാൽ അവിടെ എത്തുമ്പോഴേക്കും വൈകും ട്ടോ ” സിദ്ധു റൂമിന്റെ പുറത്തുനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

“ദാ വരണു സിദ്ധുവേട്ടാ..” വേഗം ഒരുങ്ങി അവർ താഴേക്ക് ചെന്നു..

“പോയിട്ട് വരട്ടെ അമ്മേ…. എന്നാലും അമ്മയ്ക്കും കൂടി വരാർന്നു” യാത്ര അയക്കാൻ വന്ന് നിന്ന് സുജയോട് മാളു പറഞ്ഞു

” അത് വേണ്ട നിങ്ങൾ പോയിട്ട് വാ…പിന്നെ രണ്ട് ദിവസം കഴിഞ്ഞ ഇങ്ങോട്ട് തന്നെ വരണം ട്ടോ” സുജ അവളുടെ ഒപ്പം കാർ വരെ ചെന്നു…കാർ ഗേറ്റ് കടക്കുന്ന വരെ മാളു തല പുറത്തേക്കിട്ട് സുജമ്മയോട് യാത്ര പറഞ്ഞു… വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു…മാളൂന്റെ അച്ഛനും അമ്മയും വാസുവേട്ടനും ഭാര്യയും അപ്പുവും മീനുന്റെ അച്ഛനും അമ്മയും അങ്ങനെ എല്ലാവരും.. ചെന്ന് കേറിയപോളേ മീനു വന്ന് മാളൂനെ കെട്ടിപിടിച്ചു ഉള്ളിലേക്കു കൂട്ടി കൊണ്ട് പോയി…

“എന്തൊക്കെ ഉണ്ട് മാളുസേ..” മാളൂനെ കട്ടിലിൽ പിടിച്ചിരുത്തി മീനു അടുത്തിരുന്നു.

“എല്ലാം നിന്നോട് വിളിച്ചു പറയണതല്ലേ… വേറെ പ്രത്യേകിച്ചൊന്നുമില്ല” വലിയ ഉഷാർ ഇല്ലാതെയുള്ള മാളൂന്റെ പറച്ചിൽ കേട്ട് മീനുന് ദേഷ്യം വന്നു

“ന്താ…നീ ഇപ്പോളും അങ്ങേരെ ആ മനുവേട്ടനെ വിചാരിച്ചിരിക്യാ… ഡീ നിന്റെ കല്യാണം കഴിഞ്ഞു… ഇപ്പൊ വരെ ഒരാളുടെ ഭാര്യ ആണ്… ഇങ്ങോട്ട് ഇഷ്ടം ഇല്ലാതെ ഒരാളെ വിചാരിച്ച് നീ സ്വന്തം ഭർത്താവിനെ മറക്കരുത്… സിദ്ധുവേട്ടന് നിന്നെ സ്നേഹിക്കുന്നുണ്ടാവും അത് നീ മറക്കരുത്… ഞാൻ എത്ര വട്ടമായി ഇത് പറയണു… എന്ത് പറഞ്ഞാലും മനസ്സിലാവില്ലച്ചാ എന്താ ചെയ്യാ… നിനക്ക് എന്താ മാളു ഭ്രാന്തുണ്ടോ…നീ പിന്നെ എന്തിനാ സിദ്ധുവേട്ടനെ കല്യാണം കഴിച്ചേ..വെറുതെ അങ്ങേരുടെ ജീവിതം കൂടി ഇല്ലാതെ ആകാൻ ആണോ…അങ്ങേര് നല്ല മനുഷ്യനാ മാളു ഒക്കെ അറിഞ്ഞിട്ടും നിന്നോടുള്ള ഇഷ്ടം കൊണ്ടാ, നീ അങ്ങേരെ സ്നേഹിക്കും വിചാരിച്ചാ ഒന്നും പറയുകയോ ഒന്നിനും നിർബന്ധിക്കുകയോ ചെയ്യാത്തത്”

“എനിക്ക് പറ്റണില്ല മാളു…. നിക്ക് സിദ്ധുവേട്ടനെ ഇഷ്ട പക്ഷെ മനുവേട്ടനോട് തോന്നിയ അടുപ്പം തോന്നണില്ലാ… പക്ഷെ ഞാൻ പിന്നീട് ഒരിക്കലും മനുവേട്ടനെ ഓർക്കാൻ ശ്രമിച്ചിട്ടില്ല… എന്നിട്ടും എനിക്ക് പറ്റണില്ല മീനു ” മാളൂന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“നിനക്ക് വട്ടാ മാളു… സാരമില്ല പോട്ടെ…ഇനി നീ സിദ്ധുവേട്ടന്റെ മാത്രം ആണ്… അത് നീ മറക്കണ്ട…. നിനക്ക് കഴിയും മാളു സിദ്ധുവേട്ടനെ മനസ്സ് കൊണ്ട് സ്വീകരിക്കാൻ..” ഒന്ന് നിർത്തി മീനു വീണ്ടും തുടർന്നു.

“ഒക്കെ പോട്ടെ…കുറച്ചു കാലം കഴിഞ്ഞ ഒക്കെ ശരിയാവും… ഇപ്പൊ നീ പോയി ഇതൊക്കെ മാറ്റി വാ…രണ്ട് ദിവസം നമ്മക് അടിച്ചുപൊളിക്കാം ” പറഞ്ഞ്കൊണ്ട് മീനു റൂമിന്റെ പുറത്തേക്ക് പോയി..

“അച്ഛാ ഞങ്ങൾ ഈയാഴ്ച തന്നെ മുംബൈയിലേക്ക് പോകണച്ചിട്ട..ഇപ്പൊ രണ്ട് മാസം ആയില്ലേ ഞാൻ ലീവെടുത്ത് വന്നിട്ട്” എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് സിദ്ധു പറഞ്ഞത്.

“ആഹ് അപ്പൊ ഇവളെയും കൊണ്ടുവാ ലേ… ഇവിടെ നിർത്തിച്ചാൽ സുജമ്മക്ക് ഒരു കൂട്ടാവില്ലേ സിദ്ധു “

” അമ്മ നാടുവിട്ടു വരില്ല…ഞാൻ ഇല്ലാത്തപ്പോ അമ്മ അമ്മേടെ വീട്ടിലേക്ക് പോവില്ലേ… പിന്നെ ഞാൻ അവിടെ ഒറ്റക്കല്ലേ… അതും അല്ല ഇവൾക്ക് അവിടെ വന്ന നല്ല വല്ല കോളേജിലും ഹയർ സ്റ്റഡീസ് ചെയ്യല്ലോ.. “

“ആഹ് അതാ നല്ലത്… മോൻ അവിടെ ഒറ്റയ്ക്കല്ല “മാളൂന്റെ അമ്മ പറഞ്ഞത് ശരി വെച്ചു കൊടുത്തു…..

തുടരും….