കാണുന്നവർക്ക് അറിയില്ലല്ലോ അതെല്ലാം ഹരിയേട്ടന്റെ ഫോണിൽ കാണുന്ന ഓരോ ഫോട്ടോക്കും മെസ്സേജ് നും നേരെ കണ്ണടക്കുമ്പോൾ കിട്ടുന്ന സമ്മാനം ആണെന്നും…….

_exposure _upscale

ഭാര്യയുടെ പ്രതികാരം

രചന: Kamala Karthikeyan

“ഇന്ദൂ…. ഒന്നുറക്കെ കരയ്യ് മോളെ… ”

ചുറ്റും നിന്ന ഏതോ ഒരു തലനരച്ച അമ്മായിയാണ്… പറയണ് കേട്ടാ എന്റെ തലനരച്ചില്ല എന്ന് തോന്നും…

ഹും… ഞാൻ എന്തിന് കരയണം, എനിക്ക് അതിന്റെ ആവശ്യമില്ല… ഒരു തുള്ളി കണ്ണുനീർ പോലും കണ്ണിൽ നിന്നും വരുന്നില്ല എന്നതാണ് സത്യം.

ഇന്ദു ഈ ലോകത്തിൽ ഒന്നും അല്ല… ഏഴു വെള്ളകുതിരകളെ പൂട്ടിയ സ്വർണ്ണ രഥത്തിൽ മേഘങ്ങൾക്കിടയിലൂടെ രാജകുമാരിയേ പോലെ പായുകയാണ്.. . ലക്ഷ്യം കാണാതെ മുന്നോട്ട്…

പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ വെക്കേഷൻ ൽ ആണ് പെണ്ണുകാണാൻ ഹരിയേട്ടൻ വരുന്നത്,,…. ആള് പോയതിന്റെ പിന്നാലെ മുഖം വീർപ്പിച്ചു അമ്മയുടെ അടുത്തേക്ക് ചെന്നു.

“അമ്മേ…, ഞാൻ സമ്മതിക്കില്ല കേട്ടോ.. എനിക്ക് എൺപത് ശതമാനം മാർക്കുണ്ട്, പഠിക്കണം എനിക്ക്, വക്കീലാവുന്നത് എന്റെ സ്വപ്നം ആണ് ”

അടുക്കളയിൽ തിടുക്കത്തിൽ എന്തോ പണി എടുക്കുന്ന അമ്മയുടെ പിന്നാലെ നടന്നാണ് പതം പറച്ചിൽ…

“നീയൊന്നു മിണ്ടാതെ നിക്ക് കുട്ടി, നിനക്ക് താഴേ രണ്ടെണ്ണം ആണ് നീയോ ഞാനോ എന്ന മട്ടിൽ വളർന്നു വരുന്നേ…. എങ്ങനെ എങ്കിലും ഒന്നിനെ പടിയിറക്കി വിട്ടാ അത്രേം ആശ്വാസം ആണ് അച്ഛന്…”

എന്നോട് പറഞ്ഞു കൊണ്ട് അമ്മ മുകളിലേക്ക് നോക്കി കൈക്കൂപ്പി..

“ഭഗവാനേ നടന്നു കിട്ടിയാ മതി, ചെക്കനേ ദുബായ്ക്കാരനാ… ”

കിട്ടാവുന്നടത്ത് നിന്ന് കടം വാങ്ങിയും ഉള്ളത് നുള്ളി പെറുക്കിയും കല്യാണം നടത്തി.

ഒരുപാട് പ്രതീക്ഷ ഒന്നും ഇല്ലാതെ തന്നെ ആണ് ജീവിതത്തിലേക്ക് കടന്നു ചെന്നത്. ഒരുപാട് ഒന്നും ആഗ്രഹിക്കാൻ അർഹത പോരായിരുന്നു എന്നതാണ് സത്യം.

മധുവിധു നാളുകൾ മനോഹരം തന്നെ ആയിരുന്നു. പക്ഷേ അത് അധികം നീണ്ടില്ല, കല്യാണം കഴിഞ്ഞു കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഹരിയേട്ടൻ തിരിച്ചു പോയി.

പോകുന്നതിനു മുൻപ് കാര്യമായി ഹരിയേട്ടൻ ഉപദേശിച്ചു. അച്ഛനേം അമ്മയേം നന്നായി നോക്കണം, ഏടത്തിയെ ബഹുമാനിക്കണം.

അമ്മയുടെ അനുവാദം വാങ്ങിയിട്ട് വേണം എങ്ങോട്ടെങ്കിലും പോകാൻ… നിറഞ്ഞ മിഴിയോടെ എല്ലാം സമ്മതിച്ചു.

കളിച്ചു നടക്കായിരുന്നു വീട്ടിൽ, അനിയത്തി ഒരു സൈഡ് മുറ്റം തൂത്താൽ മറുവശം ഞാൻ തൂക്കും, അതിന് പോലും തല്ലുക്കൂട്ടം ആണ്.

ആ ആള് വെളുപ്പിന് ഉണർന്നാൽ കിടക്കും വരെ പണിയുണ്ട്. വീട്ടിലെ പണിക്ക് പുറമേ പറമ്പിലെ പണിയും.

ഏറ്റവും സങ്കടം വീട്ടിലേക്ക് പോകാൻ പറ്റാത്തത് ആണ്. ആദ്യം ഹരിയേട്ടന്റെ സമ്മതം, പിന്നെ അമ്മ, ഒടുവിൽ അച്ഛനും കൂടെ സമ്മതിച്ചാൽ മാത്രമേ വീട്ടിലേക്ക് പോകാൻ ഒക്കൂ.

വീട്ടിൽ നിന്നും അച്ഛൻ വന്ന് കൂട്ടികൊണ്ട് പോകണം, തിരിച്ചു കൊണ്ടാക്കുകയും വേണം എന്നത് എഴുതപ്പെടാത്ത നിയമം ആണ്.

കല്യാണം കഴിഞ്ഞ ഗൾഫ്കാരന്റെ ഭാര്യ ആയ ചേച്ചി വീട്ടിലേക്ക് വരുമ്പോ കൊണ്ട്വരുന്ന പലഹാരപൊതികൾ കാത്തിരിക്കുന്ന അനിയത്തിമാരുടെ മുൻപിലേക്ക് വെറുംകയ്യോടെ ചെന്നു കയറുമ്പോ ഉള്ളം വിങ്ങും.

എങ്കിലും വീട്ടിലെ ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണ്… കണ്ണീരോടെ ആണ് തിരിച്ചു പോക്ക്….

ആ വീട്ടിലെ ഓരോരുത്തരുടെയും ഇഷ്ട്ടത്തിന് പലതരം കറികൾ വെച്ചും വിളമ്പിയും, പതിയെ പതിയെ സ്വന്തം ഇഷ്ട്ടങ്ങൾ ഓരോന്നായി ഇന്ദു മറക്കാൻ തുടങ്ങി.

വല്ലപ്പോഴും വരുന്ന ഹരിയേട്ടന്റെ ചില കത്തുകൾ , അത് പേപ്പർ പിന്നിക്കീറുന്നത് വരെ പിന്നെയും പിന്നെയും വായിച്ചു രാത്രി മുഴുവൻ സ്വപ്നലോകം തീർത്തു.

ആരെയും കാത്ത് നിൽക്കാതെ കാലം പിന്നെയും പടവുകൾ താണ്ടി. ഹരിയെട്ടൻ പലതവണ നാട്ടിൽ വന്ന് പോയി. രണ്ട് മക്കളും ആയി.

പലതവണ ആയിരം പരാതികൾ ആയി ഭർത്താവിന്റെ മുന്നിൽ ചെന്നു നിന്നു.

“വീട് ന് സ്ഥലം വാങ്ങിയപ്പോഴും, പ്ലാൻ വരച്ചപ്പോഴും എന്നോട് പറഞ്ഞില്ല ല്ലോ ഏട്ടാ? അച്ഛനോടും അമ്മയോടും ഒക്കെ ചോദിച്ചല്ലോ? ”

“നിന്റെ ത ന്ത തന്ന കാശിന് അല്ല പണിയുന്നെ ” ഉടനെ മറുപടി വന്നു.

ഉത്തരങ്ങൾ എല്ലാം നെഞ്ച് പൊള്ളിക്കുന്നത് ആയോണ്ട് പരാതികൾ പതിയെ ഒഴിവാക്കി തുടങ്ങി.

ഒരു ഭർത്താവ് കൂടെ ഉണ്ടാവേണ്ട ഒരു സാഹചര്യത്തിലും ഹരിയേട്ടൻ കൂടെ ഉണ്ടായിരുന്നില്ല.

രണ്ട് മക്കളെ പ്രസവിച്ചപ്പോൾ, വേണ്ടപ്പെട്ടവരുടെ കല്യാണങ്ങൾ. അച്ഛൻ മരിച്ചപ്പോൾ… കൂടെ ഉള്ളപ്പോഴും വേദനകൾ മാത്രേ തരാറുള്ളൂ … നിയമങ്ങളുടെ കൂട്ടിൽ ആയിരുന്നു.,,,

എല്ലായിടത്തും ഒറ്റയ്ക്ക് ആയിരുന്നു. ജീവിച്ചിരിക്കുന്ന ഭർത്താവിന്റെ വിധവ, അങ്ങനെ തന്നെ ആയിരുന്നു ഇന്നോളം ജീവിതം.

കുഞ്ഞ് കുഞ്ഞ് മോഹങ്ങളെ ഉണ്ടായിരുന്നു ള്ളൂ, ഒന്നും ഒന്നും നടന്നില്ല. സാധാരണ കൂലിപ്പണിക്കാരന്റെ ഭാര്യ ആയി ജീവിച്ചാൽ മതി എന്നായിരുന്നു അക്കാലത്തിലെ വലിയ സ്വപ്നം.

പുറമേ നിന്ന് നോക്കുന്നവർക്ക് സൗഭാഗ്യത്തിന് നടുവിൽ ജീവിക്കുന്നവളാണ് ഇന്ദു. കയ്യിലും കഴുത്തിലും വേണ്ടത്ര സ്വർണ്ണം,,

കാണുന്നവർക്ക് അറിയില്ലല്ലോ അതെല്ലാം ഹരിയേട്ടന്റെ ഫോണിൽ കാണുന്ന ഓരോ ഫോട്ടോക്കും മെസ്സേജ് നും നേരെ കണ്ണടക്കുമ്പോൾ കിട്ടുന്ന സമ്മാനം ആണെന്നും, അതെന്റെ കയ്യിൽ കിടന്നു പൊള്ളുകയാണ് എന്നും.

വേണ്ടത്ര പണം…. ശെരിയാണ്, പക്ഷേ അതിൽ നിന്ന് ഒരു രൂപ പോലും എഴുതി വെക്കാതെ ചിലവാക്കാൻ അനുവാദം ഇല്ലെന്ന് കാണുന്നവർക്ക് അറിയില്ല.

രണ്ട് ആൺകുട്ടികൾ ആണ്, അവളുടെ ഭാഗ്യം….

അങ്ങനെ കാണുന്നവർ മുഴുവൻ അവളുടെ ഭാഗ്യത്തെ പറ്റി വാനോളം പുകഴ്ത്തി.

വിദ്യാഭ്യാസവും പോകാൻ ഒരു ഇടവും ഇല്ലാത്തത് കൊണ്ട് മാത്രം അവളും ആ ‘ഭാഗ്യങ്ങളിൽ ‘ജീവിച്ചു.

ഗൾഫിൽ നിന്ന് നിർത്തി പോരാൻ ഹരിയേട്ടൻ തീരുമാനിച്ചത് അമ്പത്തി അഞ്ചാം വയസ്സിലാണ്. അപ്പോഴേക്കും രണ്ടാണ്മക്കളും വിവാഹപ്രായം എത്തിയിരുന്നു. ഹരിയേട്ടന്റെ അച്ഛനും അമ്മയും ഒക്കെ മരിച്ചു.

സത്യം പറഞ്ഞാൽ ഇന്ദുവിന് സന്തോഷം തോന്നി. കാത്തിരുന്ന സമയം എത്തി.

മക്കൾ അച്ഛന്റെ ജീവനാണ്. പക്ഷേ കല്യാണം കഴിഞ്ഞു ഒരു കുടുംബം ഒക്കെ ആയാൽ അവർക്ക് അച്ഛന്റെ പുറകെ നടക്കാൻ നേരം കാണില്ല, അദ്ദേഹത്തിന് ഇനി സ്വന്തം എന്ന് പറയാൻ ആരും ഇല്ല.

ഇനി എന്തിനും ഏതിനും ഒരു ഭാര്യയുടെ സഹായം ആവശ്യമാണ്… പിന്നെയും കാത്തിരുന്നു, മക്കളുടെ വിവാഹം കഴിയുന്നത് വരെ…

ഇത്രയും കാലം എന്നെ വേണ്ടാത്ത ആളെ ഇനി എനിക്കും വേണ്ടാ… മക്കളും അവരുടെ കാര്യം നോക്കാൻ ആയി. ദൂരെയുള്ള ഒരു ആശ്രമത്തിൽ ചേരാൻ എല്ലാ നടപടികളും പൂർത്തിയായി. ഹരിയേട്ടന്റെ ദേഷ്യത്തിനും ചിട്ടക്കും ജീവിക്കാൻ ഒരു മരുമക്കളും തയ്യാറാവില്ല. മക്കൾ അവരുടെ കാര്യം നോക്കി പോയ്ക്കോളും. രണ്ട് പേരും എൻജിനീയർ മാരാണ്…

ഒറ്റയ്ക്ക് ആരും ഇല്ലാതെ ജീവിക്കട്ടെ… ഇനിയുള്ള ജീവിതം മുഴുവൻ ആള് എന്നെപ്പറ്റി ഓർത്ത്‌ ജീവിക്കണം, ഇതെന്റെ പ്രതികാരം ആണ്.

പോകാൻ ഇറങ്ങുമ്പോഴും സങ്കടം ആയിരുന്നില്ല. ഉള്ള് മുഴുവൻ സന്തോഷം കൊണ്ട് തുടികൊട്ടുകയായിരുന്നു…

“ഹരിയേട്ടാ… ”

“ഞാൻ ഇറങ്ങുകയാണ് ” മറുപടി ഇല്ലാത്തത് കൊണ്ട് തല ഉയർത്തി നോക്കിയപ്പോൾ പത്രം നെഞ്ചോടു ചേർത്തു ഇരിക്കുവാണ്.

പറയാൻ കുറേയുണ്ട്, അതെല്ലാം പറഞ്ഞിട്ടേ പോകുന്നുള്ളൂ… ഉറങ്ങിപോയത് ആണെന്ന് തോന്നുന്നു, കുലുക്കി വിളിച്ചതും എന്റെ മേലേക്ക് ചാഞ്ഞു വീണ് പോയി…

അറ്റാക്ക് ആയിരുന്നു അത്രേ….

പിന്നെയും പിന്നെയും ജയിച്ചു കൊണ്ട് ഹരിയേട്ടൻ യാത്രയാവുകയാണ്…

പിന്നെയും പിന്നെയും തോറ്റു കൊണ്ട് ഞാൻ ഈ നശിച്ച ജന്മം ജീവിച്ചു തീർക്കുകയാണ്….. ജയിക്കട്ടെ… ഇനിയും ജയിക്കട്ടെ. ഞാൻ കരയുന്നില്ല… എനിക്ക് കരയേണ്ട ആവശ്യം ഇല്ല്യ….