കവിളിലേക്ക് പടർന്ന കണ്ണീരു തുടച്ച് അവൾ പുറത്തേക്കിറങ്ങിയിരുന്നു…. പിന്നാലെ പോകാൻ

മീനാക്ഷി

Story written by Indu Rejith

അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയപ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്….

നെറ്റിയിൽ പേനകൊണ്ട് തട്ടി തട്ടി ജനാലയോട് ചേർന്ന് നിൽപ്പായിരുന്നു അവൾ അന്ന് ….ഒറ്റനോട്ടത്തിൽ ഒരു മാലാഖ തന്നെ…അധികം സംസാരിക്കാത്ത പ്രകൃതം എങ്കിലും അമ്മയുടെ ആവിശ്യങ്ങൾ അവൾ കൃത്യമായി മനസിലാക്കി പെരുമാറിക്കൊണ്ടേ ഇരുന്നു…. നേഴ്സ് അല്ലേ എല്ലാം അറിഞ്ഞു ചെയ്യാൻ ദൈവത്തിനും ഇവരെ പോലുള്ള കുറച്ചു പേർക്കുമല്ലേ അധികവും സാധിക്കുന്നത്….

അവളുടെ നിപ്പിലും നടപ്പിലുമെല്ലാം എനിക്കു വല്ലാത്ത ഒരിഷ്ടവും കൗതുകവു മൊക്കെ തോന്നാൻ തുടങ്ങിയിരുന്നു…വെറുമൊരു മോഹത്തിനപ്പുറം എന്തോ ഒന്ന് അവളിലേക്ക് എന്നേ പിടിച്ച് അടുപ്പിച്ചു കൊണ്ടിരുന്നു….

മോൾടെ പേരെന്താ…..?? മാളവിക….. ഇതെന്റെ മോനാ ഹരി…. എഞ്ചിനീയർ ആണ്…. അവൾ എന്നേ നോക്കിയൊന്ന് ചിരിച്ചു… തിരികെ ഞാനും…. മോൾടെ കല്യാണം വല്ലതും ആയോ….??

ഏത് പെണ്ണിനെ കണ്ടാലും ചോദിക്കാൻ മറക്കാത്ത ചോദ്യം അവളോടും അമ്മ ചോദിച്ചു…

ഞാൻ കല്യാണം കഴിച്ചതാണമ്മേ…. എന്റെയും അമ്മയുടേം മുഖം ഒരുപോലെ വാടിയിരുന്നു….

എന്തെ ചോദിക്കാൻ….??

എനിക്ക് മോളേ വല്ലാണ്ട് ഇഷ്ടപ്പെട്ടിരുന്നു… ദാ ഇവന് വേണ്ടി നോക്കാനായിരുന്നു….
ഹാ ഹാ ഇനി നടപ്പില്ല അമ്മേ പുള്ളിക്കാരൻ വളരെ സ്ട്രിക്ട് ആണ്… ഇടയ്ക്ക് ഒരു വിളി വരും ഉടനെ ഞാനങ്ങു ചെല്ലണം അല്ലെങ്കിൽ ഒരു വരവുണ്ട് അതൊക്കെ താങ്ങാൻ പറ്റുമെങ്കിൽ ഒരു രണ്ടാം കെട്ടിന് സ്കോപ്പ് ഉണ്ട്…. എന്തെ അമ്മയ്ക്ക് താല്പര്യം ഉണ്ടോ..പൊട്ടിച്ചിരിച്ചു കൊണ്ടാണ് അവൾ പറഞ്ഞു നിർത്തിയത്….

അപ്പോൾ സംസാരിക്കാത്ത ആളല്ല ഞാൻ മനസ്സിൽ പറഞ്ഞു….

എങ്കിൽ പോട്ടെ പരിചയത്തിൽ നല്ല കുട്ടികൾ വല്ലോം ഉണ്ടെങ്കിൽ ഈ അമ്മയോട് ആലോചിച്ചിട്ട് ഒന്നു പറയുമോ?

പറയാം…. ഇപ്പോ അമ്മ കിടക്ക്… ഞാൻ പിന്നെ വരാം…. വാതിൽ പതിയെ അടച്ച് അവൾ പുറത്തേക്ക് പോയി….

കഴുത്തിൽ മിന്നുമില്ല നെറ്റിയിൽ ഒരു നുള്ള് സിന്ദൂരവുമില്ല ആ കുട്ടി വെറുതെ പറഞ്ഞതാരികുമെടാ….

ഇന്നത്തെ പെൺകുട്ടികളിൽ അധികവും അതൊന്നും ഇടാത്തവരല്ലേ അമ്മേ ചിലപ്പോൾ അവളും അങ്ങനെ ആവും… സങ്കടമില്ലെന്നു വരുത്തി തീർക്കാൻ ഞാനിങ്ങനെ മറുപടി പറഞ്ഞു…

ഇടയ്ക്ക് ഇടയ്ക്ക് അവൾ പിന്നെയും വന്നു…. കണ്ടവന്റെ ഭാര്യയെ വായി നോക്കരുതല്ലോ കാണുന്ന ദിവസങ്ങളിൽ എല്ലാം മുഖം കൊടുക്കാതെ ഞാൻ എന്റെ അമർഷം അവളെ അറിയിച്ചു കൊണ്ടിരുന്നു….

വൈകിട്ട് കൂട്ടി കൊണ്ട് പോവാൻ ഭർത്താവ് വരുമോ? ചോദ്യം ചോദിച്ചത് അമ്മയാണെങ്കിലും ഉത്തരം കേൾക്കാൻ കാതോർത്തിരുന്നത് ഞാനായിരുന്നു….ഹേയ് വന്നു കൊണ്ട് പോയാൽ പിന്നെ…..എല്ലാം അവസാനിച്ചില്ലേ…ഇപ്പോൾ ഞങ്ങൾ അൽപ്പം പിണക്കത്തിലാ അമ്മേ… ഇടയ്ക്കൊക്കെ കാണാൻ വരുമായിരുന്നു…ഒരുപാടെന്നെ നോവിച്ചു….ജീവൻ മാത്രം അവശേഷിപ്പിച്ചാണ് അന്ന് അയാൾ പോയത് …. ഇനി ഒരു കൂടിക്കാഴ്‌ച്ച ഉണ്ടായാലും അതിനപ്പുറമൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല… ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാവല്ലേ എന്നാണ് പ്രാർത്ഥന പക്ഷേ എന്റെ ശരീരത്തോട് അയാൾക്ക് വല്ലാത്ത ഭ്രാന്താണമ്മേ……ഒന്നായി പോയവരല്ലേ എല്ലാത്തിനും ഞാൻ നിന്നുകൊടുക്കും അത്രതന്നെ…

മോളേ ഞാൻ വെറുതെ …. കല്യാണം കഴിച്ചതാണ് എന്ന് പറഞ്ഞപ്പോൾ വിശ്വാസം ആയില്ല…. കൂട്ടികൊണ്ട് പോകാൻ വരുമ്പോൾ ഒന്ന് നേരിൽ കാണണം എന്നു പറയുമ്പോൾ മോള് സത്യം പറയുമെന്ന് കരുതി… ഇത്രയും നോവ് ചുമന്നാണ് നിന്നതെന്ന് ഈശ്വരനാണെ ഈ അമ്മയ്ക്ക് അറിയില്ലായിരുന്നു….

കവിളിലേക്ക് പടർന്ന കണ്ണീരു തുടച്ച് അവൾ പുറത്തേക്കിറങ്ങിയിരുന്നു…. പിന്നാലെ പോകാൻ എന്റെ മനസ്സെന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു….

താനൊന്ന് നിന്നെ….

വിളി കേട്ടതും അവൾ നനഞ്ഞ കൺപീലികൾ പൊക്കി എന്നേ ഒന്ന് നോക്കി…. വാതിലടച്ച് വരാന്തയിലൂടെ അവളുടെ പിന്നാലെ നടന്നു…

താൻ പറഞ്ഞത് സത്യമാണോ….?? എനിക്കെന്തോ വിശ്വസിക്കാൻ പറ്റുന്നില്ല…. ഈ കണ്ണീരിനു പിന്നിൽ അത്‌ തന്നെ ആണോ കാരണം….. തന്നെ പോലെ ഒരു പെണ്ണ് ഒരു അന്യപുരുഷന്റെ മുന്നിൽ വെച്ച് സ്വന്തം ഭർത്താവിന്റെ കാമഭ്രാന്തിനെ പറ്റി പറയുമോ….. ഇനി അത്‌ തന്നെ ആണെന്നിരിക്കട്ടെ കാരണം…. അമ്മയെ മാറ്റി നിർത്തി എന്നെ ഒഴിവാക്കി തനിക്കത് പറയാമായിരുന്നു…

എന്തിന്??

ആൺ പെൺ വ്യത്യാസമില്ലാതെ ഇവിടെ കയറി ഇറങ്ങുന്ന മനുഷ്യരെ എല്ലാം എടുത്തും പിടിച്ചും ആശ്വസിപ്പിച്ചും ജീവിക്കുന്നവളാണ് ഞാൻ…. എല്ലാവരുടെയും വേദനയും നെഞ്ചിലെ ഭാരവും എല്ലാം ഒരേ പോലെ ആണ്…. അപ്പോൾ ആര് അറിഞ്ഞാലെന്ത്….എന്ത് ആണ് എന്ത് പെണ്ണ്…. അത്‌ കൊണ്ട് പറഞ്ഞതാ….

എങ്കിൽ പെങ്ങള് പൊയ്ക്കോ ഞാൻ കുറച്ച് പഴഞ്ചൻ ആയിപോയി….സോറി….

ഹരി… ഒന്ന് നിന്നെ….

എന്റെ കണ്ണുകലങ്ങിയപ്പോൾ കൂടെ ഇറങ്ങി വരാൻ കാണിച്ച ഈ മനസ്സിൽ നന്മ മാത്രേ ഉള്ളു എന്ന് ഈ ചുരുങ്ങിയ ദിവസം കൊണ്ട് അറിഞ്ഞാവളാ ഞാൻ…. അത്‌ പോലൊരു സാധു അമ്മയുടെ മോനല്ലേ അങ്ങനെ വരു….

മറ്റു സിസ്റ്റേഴ്സിനോടെല്ലാം അമ്മ എന്നേ കുറിച്ച് അന്യോഷിക്കുന്നു എന്നറിഞ്ഞു… ഞാൻ വിവാഹിത അല്ലെന്ന് അറിഞ്ഞാൽ അടുത്ത നിമിഷം ആ അമ്മ എന്നേ നിങ്ങളുടെ ഭാര്യയായി ക്ഷണിക്കും…. ഒരു പക്ഷേ എന്റെ മനസ്സും ഇടയ്ക്ക് എപ്പോഴോ അത്‌ ആഗ്രഹിച്ചിരുന്നു…. മറ്റൊരു പുരുഷനാൽ അങ്ങേ അറ്റം ചൂഷണം ചെയ്യപ്പെട്ട ശരീരത്തെ തന്റെ മകന് വേണ്ടി നൽകാൻ ഒരമ്മയും തയാറാവില്ലല്ലോ അത്‌ കൊണ്ടാണ് അത്തരം ഒരു നുണ പറഞ്ഞത്…എങ്കിലും അറിഞ്ഞു കൊണ്ട് നിങ്ങളെ ദ്രോഹിക്കാൻ എനിക്കു കഴിയുന്നില്ല ഹരി……

ഞാൻ വിവാഹിത അല്ല ഹരി… പക്ഷേ എന്നെ അടക്കി ഭരിക്കുന്ന ഒരാൾ എന്റെ ഒപ്പം ഉണ്ട്…. എന്റെ ശരീരത്തിലെ ഓരോ അവയവത്തെയും ചൂണ്ടി കാട്ടി എനിക്കു വേണം എന്നവൻ വാശി പിടിക്കും…. കൊടുത്തില്ലെങ്കിൽ തട്ടി പിടിച്ചു വാങ്ങിക്കും…. എനിക്കു കാൻസർ ആണ് ഹരി….ഒരു കുഞ്ഞിനെ വഹിക്കാനുള്ള ഗർഭപാത്രം പോലും എന്റെ ശരീരത്തിൽ ഇല്ല ….ഇത് ഞാൻ ആ അമ്മയുടെ മുന്നിൽ വെച്ച് പറഞ്ഞാൽ ആ അമ്മയിൽ നിന്ന് ഇവിടെ ഉള്ള ആരെങ്കിലുമൊക്കെ അത്‌ അറിയും…ചുരുക്കം ചിലർക്കേ എന്റെ ഈ കഥ അറിയൂ…ആരുടെയും മുന്നിൽ ഒരു രോഗിയായി കനിവ് പറ്റാൻ എനിക്കു സാധിക്കില്ല…. പിടിച്ചു നിക്കാനാവില്ല എന്ന് വന്നാൽ അഭിമാനത്തോടെ മരിക്കും…. അത്രേയുള്ളൂ എനിക്ക് ഈ ജന്മത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ….

തന്നോട് ഒളിച്ചുവെക്കാൻ തോന്നിയില്ല…. അത്‌ എന്താണെന്നു ചോദിക്കരുത് എനിക്ക് അറിയില്ല…ഒന്ന് പ്രണയിക്കാൻ പോലും യോഗ്യത ഇല്ലാത്തവൾ ആണ് ഞാൻ ഹരി… മുഖം പൊത്തി പിടിച്ച് അവൾ കരഞ്ഞു പോയി….

കണ്ണീര് തുടയ്ക്ക് പ്ലീസ് ആരെങ്കിലും തെറ്റിദ്ധരിക്കും…. വിവാഹം കഴിഞ്ഞായിരുന്നു ഇങ്ങനെ എങ്കിലോ… ഞാൻ ചികിത്സ നടത്തി പൊന്നു പോലെ നോക്കിക്കോളാം… പറ്റില്ലെന്ന് പറയല്ലേ… തന്നെ ഉപേക്ഷിക്കാൻ സാധിക്കാഞ്ഞിട്ടാണ്….

ഒരു ഭാര്യയുടെ കടമ പോലും ചെയ്തു തരാൻ ചിലപ്പോൾ എന്നെകൊണ്ട് സാധിച്ചു എന്നാവില്ല ഹരി…. എന്റെ നൊമ്പരങ്ങളെ മറക്കാനുള്ള മുഖംമൂടിയാണ് പലപ്പോഴും എനിക്കി ജോലി പോലും….എന്നോട് ഒന്നും തോന്നരുത് ആർക്കും ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല….

ഈ വരാന്തയിൽ വെച്ച് എല്ലാം കളഞ്ഞിട്ട് അമ്മയുടെ അടുത്തേക്ക് ചെല്ല്… ഞാനും പോവാ എന്നേ അന്യോഷിക്കും….ഇനി തമ്മിൽ കാണുമ്പോൾ ഇതൊക്കെ മനസ്സിൽ വെച്ച് എന്നോട് പെരുമാറരുത്…. ഏത് നിമിഷമാണ് മുകളിൽ നിന്ന് വിളിവരുന്നതെന്നു അറിയില്ല എല്ലാം ഇട്ടെറിഞ്ഞു പോകുമ്പോൾ ആരുടേയും ഹൃദയത്തെ പറിച്ചു കൊണ്ടോവാൻ വയ്യാഞ്ഞിട്ടാണ്….

പിന്നെ അവളെ നിർബന്ധിക്കാൻ തോന്നിയില്ല എന്തിനാ അതിനെ നോവിക്കുന്നതെന്നു തോന്നി… എല്ലാം അവിടെ അവസാനിപ്പിച്ചു…മനസ്സിൽ അവൾ അവശേഷിച്ചിരുന്നിട്ടും….

******************

പിന്നീട് ജോലിയുടെ ഭാഗമായി പലപല നാടുകൾ അലഞ്ഞു….. ഇടയ്ക്ക് എപ്പോഴോ ഈശ്വരൻ എനിക്കായി പറഞ്ഞു വെച്ച പെണ്ണും എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു മീനാക്ഷി….. ഒരു അനാഥപെണ്ണ് വേണ്ടപ്പെട്ടവരെല്ലാം എങ്ങനെയൊക്കെയോ നഷ്ടപ്പെട്ടവൾ അവളിലേക്ക് എന്റെ ജീവിതം ചുരുങ്ങി പോയിരുന്നു…. പക്ഷേ മാളവിക ജീവനോടെ ഉണ്ടോ എന്നറിയാൻ മനസ്സ് ഇടയ്ക്ക് വല്ലാതെ വെമ്പുമായിരുന്നു….

എന്നേ നന്നായിട്ടറിയുന്ന എന്റെ പെണ്ണിനോട് ഞാനീ കഥ പറഞ്ഞു….എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ അവളിൽ തെല്ലസൂയ പോലും എനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല…. ഇടയ്ക്ക് അവളുടെ കണ്ണിൽ നനവ് പൊടിഞ്ഞിരുന്നു….

എന്തെ പറഞ്ഞത് സങ്കടമായോ…

മാളവികയുടെ അനിയത്തിയാ ഏട്ടാ ഞാൻ… ഒറ്റ ശ്വാസത്തിൽ അത്‌ പറഞ്ഞു തീർത്ത് എന്റെ നെഞ്ചിലേക്ക് ആഞ്ഞടിച്ചു പെയ്തിരിന്നു അവൾ…

എനിക്കു പ്രതികരണം നഷ്ടപ്പെട്ടിരുന്നു..

നിങ്ങളുടെ കഥ ചേച്ചിയുടെ വായിൽ നിന്ന് ഒരായിരം തവണ കേട്ടിട്ടുണ്ട് ഞാൻ… ഹരി ഏട്ടൻ എന്റെ ചേച്ചിയുടെ ഭർത്താവായി വരുന്നത് ഞാനും സ്വപ്നം കണ്ടിരുന്നു… ചേച്ചിക്ക് ഏട്ടനെ വല്യ ഇഷ്ടമായിരുന്നു… നിങ്ങൾ ആ ആശുപത്രിയിൽ ഉണ്ടായിരുന്ന ഒരാഴ്ച്ച കാലം എന്റെ ചേച്ചി ഒരുപാട് സന്തോഷിച്ചിരുന്നു….

ചേച്ചിയേ കുറിച്ചെല്ലാം ചേട്ടനോട് പറഞ്ഞോ എന്ന് ഞാൻ ഒരു നശിച്ച നിമിഷത്തിൽ ചോദിച്ചതോർമ ഉണ്ട്….

ശരിയാണല്ലോ ഞാൻ സൂക്കേട് ഉള്ള കുട്ട്യാണെന്ന് ഇടയ്ക്ക് അങ്ങ് മറക്കും മീനു….

അങ്ങനെ പറഞ്ഞ് ഇറങ്ങിയ ദിവസമാണ് ഹരിയേട്ടനോട് അവൾ എല്ലാം തുറന്നു പറഞ്ഞത്…. അവൾ പിന്നെ മൂന്ന് വർഷമാണ് ജീവിച്ചിരുന്നത്…ആ സമയത്തിനുള്ളിൽ മൂന്ന്കോടി തവണ ഹരി എന്നവൾ പറഞ്ഞിട്ടുണ്ടാവണം….. ഒരാഴ്ച മാത്രം നീണ്ടു നിന്ന കണ്ടു മുട്ടലിൽ ഒരു പെണ്ണ് ഒരാളെ ഇത്രയേറെ ഭ്രാന്തമായി സ്നേഹിക്കുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു…. രോഗമെല്ലാം മാറി ഏട്ടനെ നേരിൽ കണ്ട് കല്യാണം കഴിക്കാൻ സമ്മതമാണോ എന്ന് ചോദിക്കാൻ അവളുടെ മനസ്സ് ആഗ്രഹിച്ചിരുന്നു…. പക്ഷേ ശരീരം അനുവദിച്ചില്ല…. മരിക്കുന്നതിന് മുമ്പ് നിങ്ങളെ ഒന്ന് കൊണ്ട് കാണിക്കണം എന്ന് എനിക്കുണ്ടായിരുന്നു പക്ഷേ അന്ന് എനിക്ക് അതിന് സാധിച്ചില്ല….

നോവ് പെരുകി പെരുകി തളർന്ന ശരീരത്തിലെ കുഴഞ്ഞനാവു കൊണ്ട് അവൾ എന്നോട് ഒന്നേ ആവശ്യപെട്ടുള്ളു…. ഹരിയെ എന്റെ മീനുന് വിവാഹം കഴിക്കാമോ… നീ എന്റെ രക്തമല്ലേ മറ്റൊരു പെണ്ണിന് കൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല… ഹരിയുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാവില്ലാ എന്ന് മനസ്സ് പറയുന്നു…ഹരി എന്നെ പറ്റി ഒരിക്കൽ പോലും പറഞ്ഞില്ല എങ്കിൽ നീ എന്റെ അനിയത്തി ആണെന്ന് പറഞ്ഞ് എന്റെ ഈ പ്രണയത്തെ നീ അപമാനിക്കരുത്…..പിന്നെ അവൾ ഒന്നും എന്നോട് സംസാരിച്ചിട്ടില്ല….

പിന്നെ വകയിലുള്ള ഒരു അമ്മാവന്റെ വീട്ടിലായി എന്റെ ജീവിതം…. പിന്നെ നിങ്ങളിലേക്കുള്ള യാത്രയിൽ എനിക്കു വഴി തെളിച്ചത് അവളുടെ ആത്മാവാണെന്ന് ഞാനിന്നും വിശ്വസിക്കുന്നു….ഈ ശരീരം മാത്രേ എന്റെ ഉള്ളു ഏട്ടാ…. ഇത് മാളവിക തന്നെ ആണ് അങ്ങനെയാണ് ഞാൻ നിങ്ങളുടെ താലി പോലും കഴുത്തിൽ അണിഞ്ഞിരിക്കുന്നത്…. ഇന്നും അവളെ ഏട്ടൻ മറന്നിട്ടില്ല എന്ന് അറിഞ്ഞ് അവള് സന്തോഷിക്കുന്നുണ്ടാവും അങ്ങ് മേലെ ആകാശത്ത്‌…അല്ലേ ഏട്ടാ….

അതിന് അവൾ മരിച്ചിട്ടില്ലല്ലോ…. അവൾ നീ അല്ലേ….

ശുഭം