ഭൂമിക്ക് മുകളിലെ ജീവി…
Story written by Vijay Lalitwilloli Sathya
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
സുഹൃത്തുക്കളൊക്കെ പലരും നിർബന്ധിച്ചു… ടൂർ പാക്കേജാണ്… തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളും കാണാം കൂടാതെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാം… കുട്ടികളെയും ഹസ്ബന്റിനെയും കൂട്ടി വാ… എന്ന്..
ഇതുപോലെ മുമ്പും അവർ വിളിച്ചതാണ്… പക്ഷേ തിരക്ക് കാരണം പോകാൻ പറ്റിയില്ല.
കഴിഞ്ഞതവണ അവർ ഉത്തരേന്ത്യൻ ക്ഷേത്രങ്ങളും പ്രകൃതിസുന്ദരമായ പലയിടങ്ങളിലും പോയതിന്റെ കഥകൾ കേട്ടപ്പോൾ മുതൽ പൂതി പൊരുത്തതാണ്…
ഇപ്രാവശ്യം പുള്ളിയെ സോപ്പിട്ട് എങ്ങനെയെങ്കിലും പോകണം…
അങ്ങനെയാണ് ഈ കഴിഞ്ഞ അവധിക്ക് ഞങ്ങൾ തമിഴ്നാടിലെ രാമേശ്വരം മധുര മീനാക്ഷി തഞ്ചാവൂർ പളനി കന്യാകുമാരി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നത്..
ഞാൻ ഒരു കണ്ടീഷൻ വച്ചു… ക്ഷേത്രദർശനം കഴിയും വരെ നോൺവെജ് പാടില്ല..
പുള്ളി എന്നെപ്പോലെ ഭക്ത ഒന്നുമല്ല.. നോൺ വേജില്ലാതെ ഒന്നും കഴിക്കില്ല..
ഹിംസാത്മക ഭക്ഷണം ഒന്നും കഴിക്കരുത് എന്ന് പറഞ്ഞാൽ ഒന്നും പുള്ളി കേൾക്കില്ല
ഈ ഭൂമിയ്ക്ക് താഴെയുള്ളത് എന്തും മനുഷ്യന്റെ ആഹാരമാണെന്നാ പുള്ളി പറയുന്നത്…
അങ്ങനെ തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളും സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്..
ഓരോ ക്ഷേത്രങ്ങളിലും പോകുമ്പോൾ നോൺവെജ് കഴിക്കാതിരിക്കേണ്ടതിന്റെ ആവശ്യം ഞാൻ പറഞ്ഞു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അങ്ങനെ അതൊക്കെ തിന്നാതിരിക്കുന്നതിന്റെ ദേഷ്യം എന്നോട് പ്രകടിപ്പിച്ചു കൊണ്ട് എന്റെയും കുട്ടികളുടെയും കൂടെ പലയിടങ്ങളിലും വന്നു നിന്ന് സഹകരിച്ചു.
അന്ന് കുട്ടികളുടെ സന്തോഷത്തിനുവേണ്ടി എല്ലാവരും ക്ഷേത്രങ്ങൾക്ക് അവധി നൽകി
അങ്ങനെ രണ്ടുദിവസം കുട്ടികളുടെ വിനോദത്തിനായി പാർക്കിലും മറ്റുമായി നടക്കുന്ന സമയം….ഒരു റസ്റ്റോറന്റിൽ കയറി..
ഇനി അല്പം നോൺവെജ് കഴിക്കാമെന്ന് ആശ്വാസത്തിൽ ആയിരുന്നു പുള്ളി..
ഞാനും വിചാരിച്ചു കഴിച്ചോട്ടെ..
അങ്ങേര് ഒരു വിധം അറിയാവുന്ന തമിഴ് ഭാഷയിൽ സപ്ലൈയോട് ചോദിച്ചു എന്താ ഉള്ളത്..
അണ്ണാച്ചി… കഴിക്കിറുതുക്ക് എന്നാ പുതുമയായി ഇരിക്കെ..
പൊറോട്ട ചപ്പാത്തി ദോശ ഫ്രൈഡ്രൈസ് കറി ബീഫ്,മട്ടൻ,ചിക്കൻ താറാ, മടമുയൽ… പുള്ളിക്ക് സന്തോഷമായി…
ചിക്കനും മട്ടനും ഒക്കെ ഒരുപാട് നാട്ടിൽനിന്ന് കഴിക്കുന്നതാണ്..
അതുകൊണ്ട്
ശരി എനിക്ക് പൊറോട്ടയും മടമുയൽ പോരട്ടെ ഇവർക്ക് എന്താണ്വേണ്ടത് ചോദിച്ചു കൊടുത്തോളൂ
പുള്ളി സപ്ലൈയറോടു പറഞ്ഞു..
ഞാൻ പൂരിയും വാജീയും കുട്ടികൾ അവർക്ക് ഇഷ്ടമുള്ള മാസല ദോശയും ഓർഡർ ചെയ്തു..
ഇത്തിരി നേരം കഴിഞ്ഞപ്പോൾ എല്ലാം ടേബിളിൽ പെട്ടെന്ന് എത്തി..
കിട്ടിയപാടെ കുട്ടികൾ മസാല ദോശ കഴിക്കാൻ തുടങ്ങി..
കുറേ ദിവസം നോൺവെജ് കാണാത്ത ആവേശത്തിൽ പുള്ളി ആർത്തിയോടെ മടമുയലും പൊറോട്ടയും തിന്നുന്നത് ഞാൻ നോക്കി നിന്നു..
ഞാൻ പതുക്കെ പൂരിയും ബാജിയും കഴിച്ചു തുടങ്ങി..
കുട്ടികൾ മസാലദോശയ്ക്ക് ശേഷം അവർക്ക് ഇഷ്ടമുള്ള വേറെ എന്തൊക്കെ പറഞ്ഞുവാങ്ങി കഴിച്ചു വയറു നിറച്ചു..
മടമുയൽ നല്ല ടേസ്റ്റ് ആണെന്ന് പറഞ്ഞു പുള്ളി ഒരു പ്ലേറ്റ് കൂടി വരുത്തിച്ചു കഴിച്ചു..
എല്ലാം കഴിച്ച് പുള്ളി വലിയ വായയിൽ ഏമ്പക്കം വിട്ടപ്പോൾ ഞാൻ ചോദിച്ചു..
ഇപ്പൊ കഴിച്ചത് എന്താണെന്ന് വല്ല നിശ്ചയം ഉണ്ടോ..?
എന്താ കാട്ടു മുയൽ…. മട മുയൽഎന്നായിരിക്കും ഇവിടെ പറയുക..
ആണോ സപ്ളേയറെ വിളിച്ചു ഒന്ന് ചോദിച്ചു നോക്കൂ..
സപ്ലയറേ അദ്ദേഹം അടുത്ത് വിളിച്ചു
അണ്ണാച്ചി ഈ മടമുയൽ എന്ന് പറഞ്ഞാൽ ശരിക്ക് എന്നതാ..
ഇങ്കെ തമിഴ്നാട്ടിൽ മടമുയൽ.അതുവന്ത് കേരളത്തിൽ പെരുസായി… എന്ന് സൊല്ലേ…
എന്ത് പെരുച്ചാഴിയോ…
ആമാപ്പ ..അന്ത മാളവില് കൂടണ പെരുച്ചാഴി…
അതുകേട്ടപ്പോൾ അയ്യോ എന്നും പറഞ്ഞ് പുള്ളി വയറു തടവിഎന്നെ നോക്കി..
അപ്പോൾ ഞാൻ കുട്ടികളെ നോക്കി പറഞ്ഞു
മക്കളെ ഈ പെരുച്ചാഴി ഭൂമിക്കു മുകളിൽ തന്നെയല്ലേ..
അതേ അമ്മേ…