എഴുത്ത്:-സൽമൻ സാലി
””സാലിയെ ഇത് നടക്കുമോ ..അതോ മുൻപ് കോഴിയെ വാങ്ങിയപോലെ ആവുമോ ..?
””ന്റെ വാപ്പേ ..ഇങ്ങള് ഇങ്ങനെ നെഗറ്റീവ് അടിക്കാതെ ഒന്ന് ഓക്കേ പറ..ബാകി ഞാൻ ഏറ്റു ..!
”എന്നാൽ ഇയ്യ് നോക്കിക്കോ പൈസ ഞാൻ അയക്ക്ണ്ട് …!!
ഞാൻ എപ്പോൾ പുറത്ത് പോയി വന്നലും ഉമ്മച്ചി വീട്ടിലുണ്ടാവില്ല ..പിന്നെ ഉമ്മാ..ന്ന് കെടന്ന് നെലോളിച്ചാൽ അപ്പുറത്തെ ഏതേലും വീട്ടീന്ന് ചിരിച്ചുകൊണ്ട് ഇറങ്ങിവരും ..
ഉമ്മച്ചീടെ ഈ കറക്കം നിക്കാൻ വേണ്ടി ഒരു പശുക്കിടാവ്‌നെ വാങ്ങിയാലോ എന്നാലോചിക്കുവായിരുന്നു വാപ്പയോടൊപ്പം ..
അയൽവക്കത്ത് മുഴുവൻ കുടുംബക്കാര് ആയത്കൊണ്ട് എവിടേലും എന്ത് പരിപാടി..ണ്ടേലും ഉമ്മച്ചി വേണം അവിടെ ..ആർക്കേലും ഹോസ്പിറ്റലിൽ പോവാണേൽ കൂട്ടിന് പോകാൻ ആദ്യം വന്നു വിളിക്കുന്നത് ഉമ്മച്ചീനെ ആണ് ..!
അങ്ങിനെ ഉമ്മാന്റെ പോക്ക് നിക്കാൻ വേണ്ടി ഒരിക്കൽ വാപ്പച്ചീന്റെ കയ്യിന്ന് പൈസ വാങ്ങി 4800 രൂപ കൊടുത്ത് 12 മുട്ടക്കോഴികളെ വാങ്ങി ..രണ്ടീസം ഉമ്മച്ചി അയിനെ നോക്കി ..പിന്നെ കൂട്ടിന്ന് ഇറക്കാതെ തീറ്റ കൂട്ടിൽ കൊണ്ടിട്ട് ഉമ്മാന്റെ കറക്കം തുടർന്നു ..
ഒരീസം കോഴിക്കൂട്ടിൽ മുട്ട എടുക്കാൻ പോയി വന്ന എനിക്ക് ദേഹമാകെ ഒരു ചൊറിച്ചിൽ ..പിന്നെയാണ് അത് കോഴിക്കൂട്ടിൽ നിന്നും കോഴിപ്പേന് ആയതാണെന്ന് മനസിലായത് ..ഞാൻ അപ്പൊ തന്നെ പോയി ഉറുമ്പിന് അടിക്കുന്ന രണ്ട് ഹിറ്റ് സ്പ്രൈ വാങ്ങി ഓരോ കോഴീടേം മേല് നല്ലോണം അടിച്ചുകൊടുത്തു …
വൈകിട്ട് കോഴിക്കൂടിന്റെ അടുത്ത് നിന്ന് ഉമ്മാടെ നെലോളി കേട്ട് ചെന്ന് നോക്കിയപ്പോ എല്ലാ കോഴിയും മജ്ജത്തായിക്കണ് ..അതോടെ കോഴിക്കൂട് ഉമ്മച്ചി അടച്ചു …
അങ്ങിനാണ് പശുവിനെ വാങ്ങാം എന്ന പുതിയ ഐഡിയ ഇറക്കിയത് ..
മൂത്തുമ്മാടെ അടുത്ത് രണ്ട് കിടാവ് ഉണ്ട് അതിലെ ഒന്നിനെ ഉമ്മച്ചിക്ക് വേണം എന്നും പറഞ്ഞു എട്ടായിരം ഉറുപ്പിയക്ക് ശരിയാക്കി ..നെരെ പോയത് കേളപ്പേട്ടന്റെ വീട്ടിലേക്ക് ഒരു ചെറിയ ആല കെട്ടിത്തരാൻ പറഞ്ഞു വീട്ടിലേക്ക് വന്നു …
പിറ്റേ ദിവസം ..
”എന്താ കേളപ്പാ രാവിലെ തന്നെ ..?
””അല്ല ആ ചെക്കൻ എന്തോ പണി ണ്ടെന്ന് പറഞ്ഞു വന്നിരുന്നു …
കേളപ്പേട്ടനും ഉമ്മചീം സംസാരിക്കുന്നത് കേട്ടപ്പോ ചാടി എണീറ്റ് മുറ്റത്തേക്കിറങ്ങി കേളപ്പേട്ടന് ന്റെ റൂമിന്റെ സൈഡിലുള്ള പറമ്പിൽ സ്ഥലം കാണിച്ചു കൊടുത്തു …
പറമ്പിലെ ഒരു കവുങ്ങും മുറിച്ചു ടാർപ്പായ വിരിച്ചു വൈകിട്ടോടെ ഒരു ചെറിയ തൊഴുത്ത് ശരിയാക്കി കേളപ്പേട്ടൻ 600 രൂപയും വാങ്ങി സ്ഥലം വിട്ടു …
””സാലിയെ ..എന്താ അന്റെ ഉദ്ദേശം ….ഇയ്യ് ..പ്പൊ എന്തിനാ അവിടെ ഒരു തൊഴുത്ത് ണ്ടാക്കിയെ ..
””അത് ഇങ്ങളെ ഇവിടെ കെട്ടിയിടാൻ ഉപ്പച്ചി പറഞ്ഞതാ ഒരു കിടാവിനെ വാങ്ങാൻ ..മൂത്തുമ്മ കിടാവിനെ തരാന്നു പറഞ്ഞക്കണ് ..
””ഹ്ം ….അന്റെ വാപ്പ വിളിക്കട്ടെ ..ഞാൻ പറയുന്നുണ്ട് …
പാവം ഉപ്പച്ചിക്ക് ഇന്ന് നല്ല സമാധാനം കിട്ടും എന്ന് ഓർത്ത് ഞാൻ കളിക്കാനായി പോയി ..
രണ്ടീസം കഴിഞ്ഞിട്ടാണ് മൂത്തുമ്മ കിടാവിനെ തന്നത് ..
അന്ന് രാത്രി ഉമ്മച്ചി നല്ലോണം ഉറങ്ങി ….പക്ഷെ കിടാവിന്റെ കരച്ചിൽ കേട്ട് ന്റെ ഉറക്കം പോയിക്കിട്ടി ..
””സാലിയെ ….ഇയ്യ് കുറച് പുല്ല് വാങ്ങി വാ ട്ടോ ….അയ്ന് ഒന്നും കൊടുത്തിട്ടില്ല ..കളിക്കാൻ ഇറങ്ങിയപ്പോ ഉമ്മാന്റെ ഒരു ഡയലോഗ് ..
പുല്ലും കൊണ്ടക്കൊടുത്തു ഗ്രൗണ്ടിലേക്ക് ഓടിയതാണ് .കളി പകുതി ആയപ്പോളേക്കും ചങ്ങായി വന്നു പറഞ്ഞു ഉമ്മച്ചി തൊഴുത്തിൽ വീണിട്ടുണ്ട് ഇയ്യ് വേഗം ചെല്ല് ….ന്ന് ..!!!
വീട്ടിൽ ചെല്ലുമ്പോൾ കുടുംബക്കാര് മൊത്തം ഉമ്മാക്ക് ചുറ്റും നിന്ന് എന്നെ ചീത്തപറയുകായാണ് ….പാവം ചാണകത്തിൽ ചവിട്ടാതിരിക്കാൻ ഒന്ന് കാല് നീട്ടി അപ്പുറത്ത് വെച്ചതും കിടാവ് വാല് വീശിയതും ഒന്നിച്ചായിരുന്നു..
നടുവും കുത്തി വീണ് ഒന്ന് കൈ ഒടിഞ്ഞു അത്രയേ പറ്റിയുള്ളൂ ..
പിറ്റേദിവസം മുതല് നേരം വെളുത്താൽ ഉമ്മച്ചി തുടങ്ങും .
””സാലിയെ കിടാവിന് വെള്ളം കൊടുക്ക് ,,സാലിയെ കിടാവിന് പുല്ല് കൊടുക്ക് ,,സാലിയെ തൊഴുത്ത് വൃത്തിയാക്ക് എന്നും പറഞ്ഞു എനിക്കിട്ട് പണിയും തന്ന് അപ്പുറത്തെ വീട്ടിൽ പോയിരുന്ന് സംസാരിക്കും ..
അങ്ങിനെ ഉമ്മാക്ക് പകരം ഞാൻ വീട്ടിലും ഉമ്മ കറക്കവും തുടർന്നപ്പോൾ പൈ കച്ചവടക്കാരൻ ശശിയേ വിളിച്ചു 5000 ഉറുപ്പിയ്ക്ക് കിടാവിനെ വിറ്റ് ഞാൻ ന്റെ തടി കൈച്ചലാക്കി …..
””അതിനർത്ഥം നിങ്ങടെ ഹീറോ തോറ്റ് പോയി എന്നല്ലേ …
””കഥ ..ഇനിയാണ് ആരംഭിക്കുന്നത് …
”മുറിവേറ്റ ഉമ്മച്ചീടെ കറക്കം സന്തോഷ് ജോർജ് കുളങ്ങരയെക്കാൾ കൂടുതലായിരുന്നു ….
വർഷം നാലഞ്ച് പിന്നേം കടന്നു പോയി ഉമ്മച്ചിയുടെ കറക്കവും കളി കഴിഞ്ഞു വരുമ്പോൾ ഉമ്മാനെ കാണാതെ ”ഉമ്മച്ചിയെ ന്നുള്ള നെലോളിയും തുടർന്നുകൊണ്ടേയിരുന്നു ..
അങ്ങിനെ ഞാൻ പുരനിറഞ്ഞു നില്കുന്നത് കണ്ടിട്ട് എന്നെക്കൊണ്ടൊരു പെണ്ണ് കെട്ടിക്കാൻ തീരുമാനിചത് ..
അതുകേട്ട് ന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ….ഇനി എവിടേലും പോയി വരുമ്പോൾ ഉമ്മച്ചി ഇല്ലെലും കെട്യോള് ഉണ്ടാവുമല്ലൊ ….അങിനെ അടിപൊളി ആയിട്ട് കല്യാണവും സൽക്കാരവും കഴിഞ്ഞു ..കുറച്ചീസം കഴിഞ്ഞപ്പോൾ ഞാൻ കളിക്കാനായി പോയി ..
കളി കഴിഞ്ഞു വരുമ്പോളാണ് ഒരു കാര്യം ഓർത്തത് കെട്യോള് അവിടെ ബോറടിച്ചിരിപ്പാവും എന്ന് കരുതി പഴം പൊരിയും പരിപ്പ് വടയും വാങ്ങി ഞാൻ വീട്ടിലെത്തിയപ്പോൾ ഉമ്മച്ചിയും കെട്യോളും ഒരുമിച്ചിരുന്നു കട്ടൻ കുടിക്കുന്നു …
പിന്നീട് അങ്ങോട്ട് ഉമ്മച്ചി ഒരു സ്ഥലത്തും പൊവാതെ കെട്യോളുടെ ഒപ്പം തന്നെ കൂടി അവർ രണ്ടാളും നല്ല അടയും ശർക്കരയും പോലെ ഒന്നിചിരിക്കും .ഞമ്മള് സാമ്പാറിലെ കറിവേപ്പില പോലെ പുറത്തും ….
കെട്യോളേം കൂട്ടി എവിടേലും പോവാന്ന് വിചാരിച്ചാൽ ഓള് പറയും ഉമ്മ ഒറ്റക്കാണ് ഞമ്മക്ക് പോകണ്ടാ ന്ന് ..
വെറുതെ കോഴീനേം പശുവിനേം വാങ്ങി പണികിട്ടിയ നേരത്ത് ഒരു പെണ്ണ് കെട്ടിയാൽ മതിയായിരുന്നു എന്ന് ആലോചിക്കുവാ ഇപ്പൊ ….