കളിയാക്കേണ്ട സജിയേട്ടാ നമ്മുടെ പഴയ വീടില്ലേ വിറകുപുരയായി ഉപയോഗിക്കുന്നത് അതിൽ അപ്പടി എലി നിറഞ്ഞിരിക്കുകയാണ്..അവിടെ കൂട്ടിയിട്ടുള്ളത് തേങ്ങയുടെ എണ്ണത്തിലും കുറവുണ്ട്…..

ബന്ധന യോഗം

Story written by Vijay Lalitwilloli Sathya

പഞ്ചായത്തിൽ ജോലിക്ക് പോകുന്നതിനു മുമ്പായി, രാവിലത്തെ അടുക്കള ജോലി കഴിഞ്ഞ് കിട്ടിയ അല്പസമയത്തിനുള്ളിൽ രാവിലെ വീടിനു പുറത്തുള്ള ഔട്ട്ഹൗസിൽ എന്തോ ജോലി കഴിഞ്ഞ് എത്തിയതായിരുന്നുഅരുന്ധതി..

“ഇത് എന്നാ കോലമാടി ഭാര്യേ…”

രാവിലെ തന്നെ ഭാര്യ തന്റെ പളുങ്ക് മേനി അഴുക്കിൽ പുരണ്ടു വരുന്നത് കണ്ടപ്പോൾ സജീവ് ചോദിച്ചു..

“കളിയാക്കേണ്ട സജിയേട്ടാ നമ്മുടെ പഴയ വീടില്ലേ വിറകുപുരയായി ഉപയോഗിക്കുന്നത് അതിൽ അപ്പടി എലി നിറഞ്ഞിരിക്കുകയാണ്..അവിടെ കൂട്ടിയിട്ടുള്ളത് തേങ്ങയുടെ എണ്ണത്തിലും കുറവുണ്ട്.. അതിനി വെറുതെ അടച്ചു വെച്ചാൽ പോരാ പൂട്ടിട്ടു പൂട്ടണം.. ഞാൻ അതിനകം ഒന്ന് അടിച്ചു വൃത്തിയാക്കിയതാ..”

“ആണോ നന്നായി.. പൂട്ടിവിടെ അലമാരയിൽ ഉണ്ടല്ലോ ഒരെണ്ണം.”

ഒരു ഉദ്യോഗസ്ഥയുടെ ജാഡ ഒന്നും ഇല്ലാതെ തൊടിയിലും പറമ്പിലും അവൾ കുറച്ച് അധ്വാനിക്കും.. കർഷക കുടുംബത്തിൽ നിന്നും വന്ന പെണ്ണാണ് അവൾ. അതിന്റെ ഗുണം കാണുമല്ലോ..?

ക്‌ളാർക്ക് ആയ അരുന്ധതിക്ക് അവരുടെ പഞ്ചായത്ത് ഓഫീസിൽ തന്നെയാണ് ജോലി…

“പിന്നെ സജിയേട്ടാ എന്റെ ഫോണിൽ ബാലൻസ് ഇന്നലെ പാതിരാത്രി തീർന്നു. നെറ്റും ഫ്രീ കോളും ഇല്ല.”

“നിന്റെ ഓഫീസിനടുത്ത് റീചാർജ് കടയൊന്നും ഇല്ലേ… “

“ഉണ്ടല്ലോ..! ഞാനവിടെ നിന്നും റീചാർജ് ചെയ്യാറില്ല എന്ന് അറിയാമല്ലോ..”

അപ്പോഴാണ് സജി ഓർത്തത് തന്റെ ഭാര്യ സുന്ദരിയാണെന്ന്..

” അയ്യോ വേണ്ട.. ഞാൻ വൈകിട്ട് ഓഫീസിൽ നിന്നും ജോലി കഴിഞ്ഞു വരുമ്പോൾ ചെയ്യാമെടി. “

അരുന്ധതി വേഗം കുളിച്ചു ഫ്രഷ് ആയി ഒരുങ്ങി പോകാൻ നേരം അലമാരിയിൽനിന്നും പൂട്ട് എടുത്തു അവൾ സജിയോട് പറഞ്ഞു

“എനിക്ക് ജോലിക്ക് പോകാൻ സമയമായി പുറത്തുള്ള നമ്മുടെ വിറകുപുരയുടെ വാതിൽ ആ ദേ ഈ മേശപ്പുറത്തുള്ള പൂട്ട് ഇട്ട് പൂട്ടണേ.. “

സജിക്ക് കാണുന്നവിധം പൂട്ട് എടുത്തു മേശപ്പുറത്തു വെച്ചു…

സജിയും പത്രമോഫീസിൽ ജോലിക്ക് പോകാൻ ഇറങ്ങുകയാണ്.

അവരുടെ വീടിന്റെ രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലാണ് ആണ് സജിക്കും അരുന്ധതിക്കും ജോലി.. ഒരാൾക്ക് തെക്കും ഒരാൾക്കു വടക്കും പോകണം…!

ഞാൻ ഇറങ്ങാൻ നേരം പൂട്ടിയേക്കാമെടി നീ പൊയ്ക്കോ.. ബസ് മിസ്സാണ്ട… “

“പൂട്ടാൻ മറക്കല്ലേ… ബസ്സ് വരാൻ നേരമായി ഞാൻ പോകുകയാണ്. “

എന്നും പറഞ്ഞ് അരുന്ധതി ബാഗുമെടുത്ത് പുറത്തേക്കിറങ്ങി.

അപ്പോഴാണ് മൊബൈൽ ഓർമ്മവന്നത്. ബാഗ് തപ്പിനോക്കി….

അയ്യോ അതു വിറകുപുരയ്ക്കുള്ളിലാ. അവിടെ വൃത്തിയാക്കിയശേഷം ഒരു എലിപ്പെട്ടി കൂടി വെച്ചപ്പോഴാണ്പ്യൂ ൺ രാജൻ വിളിച്ചത്… അവൾ ഓർത്തു

അരുന്ധതി മൊബൈൽ അന്വേഷിച്ചു വേഗം വിറകു പുരയ്ക്കുള്ളിൽ കയറി….!

മുൻ വാതിൽ മാത്രമുള്ള പഴയ അവരുടെ തന്നെ ഒരു വീടാണ് വിറകുപുര ആയും ഔട്ട്ഹൗസ്പോലെയും ഉപയോഗിക്കുന്നത്.

പുതിയ വീടിന്റെ മുമ്പിൽ തന്നെ ആയതുകൊണ്ട് വാതിൽ ചുമ്മാ ചാരി ഇടുകയാണ് പതിവ്.

അതിനകത്ത് ഒരു മുറി കൂടി ഉണ്ട്.

അതിനുള്ളിൽ വെച്ചാണ് രാജനോട് സംസാരിച്ചു ഫോൺ വച്ചിട്ടുള്ളത്
അവൾ അത് എടുക്കാൻ ചെന്നു..

അപ്പോഴതാ അകത്തു കിടന്ന ഫോൺ റിങ്ങ് ചെയ്തു കൊണ്ടിരിക്കുന്നു…

ഈശ്വരാ ആരായിരിക്കും

‘അയ്യോ രാഘവൻ സാർ’

അവൾ ആത്മഗതം ചെയ്തുകൊണ്ട് ഫോൺ കയ്യിൽ എടുത്തു..

അവളുടെ പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറിയാണ് രാഘവൻ സാർ.

“എത്ര നേരമായി വിളിക്കുന്നു… അരുന്ധതി നിന്നെ ഞാൻ..”

“അത്….സാർ ഞാൻ..ഫോൺ…”

അവൾ പറയുമ്പോഴേക്കും അയാൾ തുടർന്നു

“അത് സാരമില്ല….ഇന്ന് ഞാൻ ലീവ് ആണ് അത് പറയാനാ വിളിച്ചത്…!”

രാഘവൻ സാർ ഒരു കാര്യം പത്തു കാര്യമായി പറയും.. പ്രത്യേകിച്ച് അരുന്ധതിയെ പോലുള്ള ഓഫീസ് ജീവനക്കാരോട്…

അങ്ങനെ അയാളുമായി സംസാരിച്ചിരിക്കുകയാണ് അരുന്ധതി…!

ആ സമയത്ത് സജിയെ പിക്ക് ചെയ്യാൻ സുഹൃത്ത് ബൈക്കുമായി വന്നു..

“ദേ വരുന്നടെ ഒരു മിനിറ്റ്”

എന്നും പറഞ്ഞ് സജി ഔട്ട് ഹൗസിന്ടെ വാതിൽ വലിച്ചടച്ച് പൂട്ടിട്ട് പൂട്ടി.

പിന്നെ സുഹൃത്തിന്റെ ബൈക്കിൽ കയറി പോയി.രാഘവൻ സാർ കുടുംബസമേതം തീർത്ഥാടനത്തിന് പോകുന്ന കാര്യം പറഞ്ഞു ഫോൺ വെച്ചു.

അരുന്ധതി വാതിലിന് അരികിൽ എത്തിയപ്പോഴേക്കും വാതിൽ പുറത്ത് പൂട്ടി ഭർത്താവ് പോയിരുന്നു.

“സജിയേട്ടാ വാതിൽ തുറക്കൂ”

അരുന്ധതി ഒച്ചയിട്ടു. എവിടെ.. സജി സുഹൃത്തിന്റെ ബൈക്കിൽ കയറി പോയില്ലേ.

അവൾ വേഗം ഫോൺ എടുത്തു വിളിക്കാൻ ശ്രമിച്ചു.

” ക്ഷമിക്കണം താങ്കളുടെ ഫോണിൽ ഈ കോൾ ചെയ്യാനുള്ള മതിയായ ബാലൻസില്ല”

അരുന്ധതി ശരിക്കും കുടുങ്ങിയെന്നു അവൾക്കു മനസ്സിലായി.. മച്ചകം മുതൽ ജനലും വാതിലും വരെ കട്ടമരം കൊണ്ട് പണിത പഴയ ഒരു കെട്ടിടത്തിൽ നിന്നും ഒരുവിധത്തിലും പുറത്തുകടക്കാൻ ആവില്ലെന്ന് അവൾക്കറിയാം.. ഇനി ആരെങ്കിലും തന്റെ ഫോണിലേക്ക് ഒരു കോൾ വിളിച്ചാൽ രക്ഷപ്പെടും.. ആരാ ഈ ഓഫീസ് സമയത്ത് വിളിക്കുക…

അവൾ ബാഗ് തുറന്നു ബോട്ടിൽ എടുത്ത് അല്പം വെള്ളം എടുത്തു കുടിച്ചു…!

അല്പം കഴിഞ്ഞപ്പോൾ പിരിവുകാർ അവളുടെ പുതിയ വീടിനു മുമ്പിൽ വന്നു ആളില്ലാത്തത് കാരണം തിരിച്ചു പോകുന്നത് അവൾ കണ്ടു..

ഒച്ചയിട്ടു വിളിച്ചാലോ അവൾ ആലോചിച്ചു… നാണക്കേട്.. താൻ ഇങ്ങനെ പൂട്ടപ്പെട്ട കിടക്കുകയാണെന്ന് അവർ അറിയുന്നത് തന്നെ ഒരു കുറച്ചിലാണ്.. ആത്മാഭിമാനം പണയം വെക്കാൻ അവൾ തയ്യാറായില്ല..

അവൾ ജനലിലൂടെ വിടവിൽ അവർ പോകുന്നത് നോക്കി നിന്നു..

“ചേട്ടാ പൂട്ടിയിട്ടിരിക്കുകയാണ് ഇനി തേങ്ങ എടുക്കാൻ പറ്റില്ലല്ലോ”

പുറത്തു നിന്നും രണ്ടു കൊച്ചു പയ്യൻമാരുടെ ശബ്ദം അവൾ ശ്രദ്ധിച്ചു താൻ പൂട്ടപ്പെട്ട വാതിലിനു മുമ്പിൽ നിന്നാണ്..

“ശരിയാണല്ലോ പൂട്ടിയിരിക്കുന്നു.. വാ നമുക്ക് പോവാം..”

അവര് വേഗം സ്ഥലംവിട്ടു…

അപ്പോൾ ഇതാണല്ലേ തേങ്ങ കള്ളന്മാർ…അവൾ ഉള്ളിൽ നിന്നും മനസ്സിലാക്കി..

സമയം ഉച്ചയോടു അടുത്തു… ഈ സമയത്ത് സജിയുടെ പത്രമോഫീസിൽ നിന്നും ന്യൂസ് കവർ ചെയ്യാൻ വേണ്ടി സജിയെയും ടീമിനെയും അന്യസംസ്ഥാനത്തേക്ക് അയക്കാൻ തീരുമാനമാകുന്നത്…

അന്നു രാത്രി വരാൻ പറ്റില്ലെന്ന് ഭാര്യയെ വിളിച്ച് അറിയിക്കാൻ വേണ്ടി സജി ഫോണെടുത്തു… അപ്പോഴാണ് അവൾക്ക് റീചാർജ് ചെയ്യാൻ പറഞ്ഞ കാര്യം ഓർമ്മ വന്നത്.. അപ്പോഴേക്കും ലഞ്ച് ബ്രേക്കിന് സമയമായി… ഇനി ഏതായാലും ഭക്ഷണം കഴിച്ചിട്ട് ചെയ്യാം അവൻ തീരുമാനിച്ചു..

ഔട്ട് ഹൗസിൽ കുടങ്ങപ്പെട്ട അരുന്ധതി ഊണു സമയമായപ്പോൾ വിശക്കാൻ തുടങ്ങി..

ഒരേസമയം അവർക്ക് സങ്കടവും പറ്റിയ അബദ്ധം ഓർത്തു ഓർത്തു ചിരിയും വരുന്നുണ്ട്..

ബാഗ് തുറന്നു ഭക്ഷണം കഴിച്ചു.. വെള്ളവും കുടിച്ചു..

അപ്പോഴതാ ഒരു പ്രശ്നം.. ഒന്നിനു പോണം…

ഭക്ഷണം കഴിച്ചാൽ ഓഫീസിൽനിന്ന് പതിവുള്ളതാണ് ഈ ചടങ്ങ്.. എന്നാ ചെയ്യും അവൾ ആലോചിച്ചു..

പക്ഷേ ഭക്ഷണത്തിനുശേഷം പ്രസ് ടീമിന്റെ കൂടെ സജി ന്യൂസ് കവറിങ്ങിനായി യാത്രയായപ്പോൾ മാത്രമാണ്അ രുന്ധതി റീചാർജ് ചെയ്യാൻ പറഞ്ഞ കാര്യം വീണ്ടും മനസ്സിലെത്തിയത്… അപ്പോഴേക്കും കുറേ ദൂരം സഞ്ചരിച്ചിരുന്നു..

ഉടനെ സജി മരുമകൻ ദീപക്കിനെ വിളിച്ചു കാര്യം പറഞ്ഞു…

“അങ്കിൾ ഞാൻ ഫുട്ബോൾ ഗ്രൗണ്ടിൽ ആണ്.. മാച്ച് നടന്നു കൊണ്ടിരിക്കുകയാണ് കുറച്ചു ബിസിയാ”

എങ്കിൽ പിന്നെ അരുന്ധതി തന്നെ ചെയ്യട്ടെ Lഎന്നുകരുതി ഏകദേശം നാലു മണി ആകുമ്പോൾ സജി വിളിച്ചുപറയാൻ ഫോണെടുത്തു…

ഈ സമയം അരുന്ധതി ആ കെട്ടിടത്തിനുള്ളിൽ കിടന്നു എരിപിരി കൊള്ളുകയാണ്..

സജി ചേട്ടന്റെ ഫോൺ വന്നപ്പോൾ അവൾ പൊട്ടിക്കരഞ്ഞു.. കുറെ പൊട്ടിത്തെറിച്ചു..

കാര്യങ്ങൾ അറിഞ്ഞ് സജി കുറ്റബോധത്താൽ പകച്ചു… സംഭവത്തിന് ഗൗരവം ഓർത്തു അന്തംവിട്ടുപോയി.. എന്താ ചെയ്യുക അവനാണെങ്കിൽ കർണാടക ബോർഡിൽ എത്താനായി… പൂട്ടിയിട്ട പൂട്ടിന്റെ ചാവി അവന്റെ കയ്യിൽ ആണ്….
സജി കർണാടകയിലേക്ക് പോവുകയാണ് ഇന്ന് വരുന്നില്ല എന്നറിഞ്ഞ അരുന്ധതിക്ക് ആകെ ഭയമായി…

അതോടുകൂടി സജി തന്റെ അടുത്ത വീട്ടിലെ പയ്യനായ സുഭാഷിനെ വിളിച്ചു പൂട്ടുപൊളിച്ച് അരുന്ധതിയെ ഔട്ട് ഹൗസിൽ നിന്നും രക്ഷിക്കാൻ പറയാൻ ആയി അവൻ ഫോണിലേക്ക് വിളിച്ചു..

പക്ഷേ ഫോണെടുത്തത് അവന്റെ അപ്പൻ നെട്ടൂരാൻ കുഞ്ഞാപ്പു ആണ്.. പുള്ളി നാട്ടിലെ കിണ്ണം കിണ്ടി കോഴി അങ്ങനെ അല്ലറചില്ലറ മോഷണവും ഒക്കെയായി പേരെടുത്ത വിദഗ്ധനാണു..

സുഭാഷ് ആണെന്ന് കരുതി സജി കാര്യങ്ങൾ ഒറ്റശ്വാസത്തിൽ പറഞ്ഞു..
ഒരക്ഷരം മറുപടി പറയാതെ കേട്ട നെട്ടൂരാൻ പിന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു..

ഇവിടെ എന്റെ മോൻ സുഭാഷിനെ ആരും വിളിച്ചിട്ടുമില്ല ആരും ഫോൺ എടുത്തിട്ടും ഇല്ല ഒന്നും കേട്ടിട്ടുമില്ല.. നെട്ടൂരാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു..

തന്റെ അയല്പക്കകാരൻ സജി സ്ഥലത്തില്ല ഭാര്യയെ രാവിലെ അവൻ അബദ്ധത്തിൽ മറ്റൊരു വീട്ടിൽ പൂട്ടിയിട്ടു പോയി.. കാര്യങ്ങൾ ആരും അറിഞ്ഞിട്ടില്ല…

ഈ അരുന്ധതി ആണെങ്കിൽ മുടിഞ്ഞ സ്വർണ കമ്പകാരിയാ… ഒക്കെ ഉള്ളത് ലോക്കറിൽ വെക്കുകയാണ് പതിവ്.. പക്ഷേ നാളെ ഒരു കല്യാണം ഉണ്ടല്ലോ അതിനായി എടുത്തുകൊണ്ടു വച്ചിട്ടുണ്ടാവും നെട്ടൂരാൻ മനസ്സിൽ കരുതി..

രാത്രി ആവട്ടെ നെട്ടൂരാൻ നല്ല അവസരം കാത്തു നിന്നു….

നേരം സന്ധ്യയോട് അടുത്തു.. കർണാടകയിൽ കടന്നു കാരണം സജിക്ക് ഈസി ചെയ്തു കൊടുക്കാനും പറ്റാതായി.. മരുമകൻ ദീപക് ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് വരുമ്പോൾ പാതിരാത്രി ആകും…സുഭാഷിനെ വിളിച്ചിട്ട് ഉണ്ടല്ലോ അവൻ പോയി പൂട്ട് പൊളിക്കും സജി കരുതി…സജി വീണ്ടും ഭാര്യയെ വിളിച്ചു.. സുഭാഷ് വന്നിട്ടില്ല എന്ന് അരുന്ധതി പറഞ്ഞപ്പോൾ സജി വീണ്ടും അവൻ ഫോണിൽ വിളിച്ചു നോക്കി.. അതു സ്വിച്ച് ഓഫ് ആയിരുന്നു..

അങ്ങനെ ദുഃഖിച്ചു ഇരിക്കെ താൻ വച്ച് എലി പെട്ടിയിൽ ഒരു എലി വീണിരിക്കുന്നത് കണ്ടു.അവൾക്കതു വിഷമമായി. ബന്ധനത്തിന് കാഠിന്യം എന്തെന്ന് അവൾ അറിഞ്ഞു കൊണ്ടിരിക്കുന്ന നിമിഷം.

ബന്ധനത്തിൽ ആകുന്ന എല്ലാവരുടെ ദുഃഖം ഒന്നാണ്…

അവൾ ആ എലീയെ സ്വതന്ത്രമാക്കി….

അതിനകത്ത് കറണ്ട് കണക്ഷൻ ഇല്ല… അകത്ത് ഇരുട്ട് വ്യാപിച്ചു.. അവൾ മൊബൈൽ ഉള്ള ടോർച്ച് ഓൺ ചെയ്തു വെച്ചു..

സുഭാഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് അറിഞ്ഞപ്പോൾ സജിക്ക് പിന്നെ അടങ്ങിയിരിക്കാൻ ആയില്ല..അവനു സംശയം ഉണ്ടായിരുന്നു ഫോണെടുത്തത് അവന്റെ അപ്പൻ നെട്ടൂരാൻ ആയിരിക്കുമെന്ന്…!

തുടർന്ന് സജി തന്റെ ക്ലബ്ബിലേക്ക് വിളിച്ചു

“എടാ മനു…. അരുന്ധതി എന്റെ ഔട്ട്ഹൌസിലേ റൂമിൽ പെട്ട് കിടക്കുകയാണ് രാവിലെ ഞാൻ ആ വീട് പൂട്ടിയിട്ട് വരുന്ന സമയത്ത് അവൾ അകത്തു നിന്ന് ഫോൺ ചെയ്യുകയായിരുന്നു… എല്ലാവരെയും കൂടി ഒന്ന് പോയിട്ടു അവളെ റിലീസ് ചെയ്യടാ… ഞാനിവിടെ കർണാടകയിലാ നാളെ വൈകിട്ടെ എത്തുള്ളൂ.. “

കേട്ട പാതി കേൾക്കാത്ത പാതി എല്ലാവരും നേരെ സജിയുടെ വീടിന്റെ മുകളിൽ ഉള്ള പഴയ വീട്ടിലേക്ക് എത്തി.

ബന്ധന മുക്തനായ എലി ഓടി പോകവേ…

പുറത്തു സജിയുടെ കുറെ ഫ്രണ്ട്സ് വന്നു പൂട്ട് തല്ലി പൊളിച്ചു അരുന്ധതിയെ പുറത്തുകൊണ്ടുവന്നു…!

അരുന്ധതിക്ക് ആശ്വാസമായി.. കരയണമെന്നോ ചിരിക്കണമെന്നോ അറിയാതെ കുറെ നിമിഷങ്ങൾ കടന്നു പോയി..

രാവിലെ തന്നെ പെട്ടു കിടക്കുകയാണെന്ന് അറിഞ്ഞപ്പോൾ പലരും ഫോൺ വിളിക്കാ മായിരുന്നില്ലേ എന്നൊക്കെ ചോദിച്ചു..

പക്ഷേ സംഭവമൊക്കെ അരുന്ധതി വിവരിച്ചപ്പോൾ എല്ലാവർക്കും സംഭവത്തിലെ ഗൗരവ വിഷയമായ ടൈമിംഗ് എന്ന ഘടകത്തിന്റെ പ്രാധാന്യം മനസ്സിലായി..

അരുന്ധതിയുടെ വീട്ടിൽ നിന്നും ചെറുപ്പക്കാർ പോകാവെ വഴിക്കുവച്ച് കുറെ നാളുകൾക്കു ശേഷം ആയുധ സാമഗ്രികളുമായി വീണ്ടും മോഷണത്തിന് ഇറങ്ങിയ നെട്ടൂരാനെ അവർ ഓടിച്ചു വിട്ടു.