കല്യാണം കഴിഞ്ഞു ജോലി പോയിരുന്നു എങ്കിൽ ഇവരെന്തു ചെയ്തേനെ.. ഇപ്പോഴത്തെ ഈ ടൈം മാറില്ലേ…….

ഒപ്പം

Story written by Ammu Santhosh

“അറിയാമല്ലോ സിറിൽ സാഹചര്യം മോശമായി തുടങ്ങി. തന്നെ മാത്രം അല്ല. 50% സ്റ്റാഫിനെ കുറയ്ക്കുകയാണ് കമ്പനി. പക്ഷെ ഇനിയൊരു നല്ല ടൈം കമ്പനിക്ക് വന്നാൽ ഞങ്ങൾ ആദ്യം പരിഗണിക്കുക തന്നെ ആയിരിക്കും sure “

സിറിയക് സാർ പറഞ്ഞപ്പോൾ പ്രതീക്ഷിച്ചതായിട്ട് കൂടി ഞാൻ വിയർത്തു കുളിച്ചു. ഹൃദയം ശക്തിയായി മിടിച്ചു. മെല്ലെ ചിരിക്കാൻ ശ്രമിച്ചു തലയാട്ടി ക്യാബിനു പുറത്തേക്ക് വന്നു. മറ്റുള്ളവരുടെ മുഖത്തു നോക്കാൻ ഒരു മടി. അവർക്ക് മനസിലായിട്ടുണ്ടാകും കാര്യം. സഹതാപം ആണ് സഹിക്കാൻ പറ്റാത്തത്. ഞാൻ ബാഗ് എടുത്തു തോളിലിട്ട് പുറത്തേക്ക് നടന്നു. എന്റെ വിവാഹനിശ്ചയം കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു. ഇപ്പൊ ആയിരുന്നു എങ്കിൽ ഒരു വിവാഹം എന്റെ അജണ്ടയിൽ ഉണ്ടാവില്ല. . എന്തായാലും അവരോടു പറയണം. അവർക്ക് സമയം ഉണ്ട്. പിന്നീട് താൻ കബളിപ്പിച്ചു എന്ന് പറയാതിരിക്കട്ടെ. ആദ്യം വീട്ടിലേക്ക്..

അമ്മയോടും പപ്പയോടും കാര്യം പറഞ്ഞു.. അമ്മക്ക് വിഷമം ആയി.. പാവം. പപ്പ സാരോല്ല ഡാ അതല്ലെങ്കിൽ വേറെ.. പപ്പയുടെ പെൻഷൻ ഉണ്ടല്ലോ പട്ടിണി കിടക്കുകേല എന്ന് പറഞ്ഞു.. ഞാൻ ഊഹിച്ചു പപ്പ ഇതെ പറയു.. ദുബായിൽ നല്ല ജോലി കിട്ടിയിട്ട് ഇതെ ഡയലോഗ് പറഞ്ഞു എന്നെ നാട്ടിൽ പിടിച്ചു നിർത്തിയ ആളാണ്.

“അവരെ ഒന്ന് വിളിച്ചു പറഞ്ഞേക്ക് പപ്പ എന്ന് പറഞ്ഞിട്ട് ഞാൻ മുറിയിലേക്ക് പോരുന്നു. അവരെന്താ എന്ന് വെച്ചാൽ തീരുമാനിക്കട്ടെ.. അവർ വെണ്ട എന്ന് പറയാനാണ് സാധ്യത.

“അപർണ “അതാണ് അവളുടെ പേര്. Architect ആണ്. കാണാൻ ചെന്നപ്പോൾ എന്നെ ഇഷ്ടം ആയോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒറ്റക്കാഴ്ചയിൽ തോന്നുന്നതല്ലലോ ഇഷ്ടം എന്ന് പറഞ്ഞു കളഞ്ഞ കക്ഷി ആണ്. ഫോൺ വിളികൾ ഒന്നുമില്ല എന്ന് പറഞ്ഞാൽ നിങ്ങൾ ചിലപ്പോൾ വിശ്വസിക്കില്ല. ഈ കാലത്തോ? എന്ന് തോന്നാം. ഞാൻ ഒന്ന് രണ്ടു തവണ വിളിച്ചിരുന്നു. അപ്പൊ ചോദ്യങ്ങൾക്ക് ഒന്ന് രണ്ടു ഉത്തരങ്ങൾ അത്രേ ഉള്ളാരുന്നു. പിന്നെ വിളിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇത് വെണ്ട എന്ന് പറഞ്ഞാൽ അവൾക്ക് വിഷമം ഉണ്ടാവില്ല. അത്രയും ഒരു അടുപ്പം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല എന്ന് എനിക്ക് തോന്നി.

“അവർക്ക് ഒന്നുടെ ആലോചിക്കണം എന്ന പറയുന്നേ ” കുറച്ചു ദിവസം കഴിഞ്ഞു പപ്പ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു.

“കല്യാണം കഴിഞ്ഞു ജോലി പോയിരുന്നു എങ്കിൽ ഇവരെന്തു ചെയ്തേനെ.. ഇപ്പോഴത്തെ ഈ ടൈം മാറില്ലേ? ഇത്രേം ഉള്ളോ മനുഷ്യൻ? “അമ്മ സങ്കടത്തോടെ പറഞ്ഞു

“അവരുടെ മോളുടെ സേഫ്റ്റി അവർക്ക് നോക്കണ്ടേ അമ്മേ? ” ഞാൻ അമ്മയെ സമാധാനിപ്പിച്ചു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.

പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് കാൾ വന്നപ്പോൾ ഞാൻ സംശയത്തോടെ കാൾ എടുത്തു.

“അപർണ ആണ്.. “ഞാൻ ഒന്ന് അമ്പരന്നു.

“പറയു “ഞാൻ സ്വാഭാവികത വരുത്താൻ ശ്രമിച്ചു.

“ഒന്ന് കാണാൻ പറ്റുമോ? “

“ഇല്ല “പെട്ടെന്ന് ഞാൻ പറഞ്ഞു.

കാൾ കട്ട്‌ ചെയ്യുകയും ചെയ്തു. അത് വരെ അടക്കി നിർത്തിയ സങ്കടം, ദേഷ്യം ഒക്കെ കണ്ണീരായി ഒഴുകി. ഞാൻ എന്തിനാ അവളോട്‌ ദേഷ്യപ്പെട്ടു ഫോൺ കട്ട്‌ ചെയ്തത് എന്ന് പിന്നെ ഞാൻ ചിന്തിച്ചു. അവളോട്‌ എനിക്ക് സ്നേഹം ഉണ്ടായിരുന്നു. ജോലി പോയതിലും വേദന ഉണ്ടായിരുന്നു അവളെ നഷ്ടം ആയപ്പോൾ എന്ന് എനിക്കപ്പോ മനസിലായി. . . വീണ്ടും കാൾ വന്നു പലതവണ. ഞാൻ എടുത്തില്ല.

“മോനെ ആ കൊച്ചു വിളിക്കുന്നു.. ദേ “അമ്മയുടെഫോണിൽ അവളുടെ കാൾ. അമ്മയുടെ മുന്നിൽ വെച്ച് കട്ട്‌ ചെയ്യാൻ പറ്റാത്തത് കൊണ്ട് ഞാൻ സംസാരിച്ചു.

“ഒന്ന് നേരിൽ കാണണം. വൈകുന്നേരം കോഫി ഹൌസിൽ വരണം. വന്നില്ലെങ്കിൽ ഞാൻ വീട്ടിലോട്ട് വരും. “

എന്നെ അടിമുടി വിറച്ചു. എന്ത് അഹങ്കാരം ആണ്. അമ്മ യെന്നേ നോക്കി നിൽക്കുകയാണ്. ഞാൻ ശരി എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു. ചെന്നില്ല എങ്കിൽ വീട്ടിൽ വരുമത്രെ എന്തിന്? ഒടുവിൽ പോകാൻ തീരുമാനിച്ചു.

“This is not fare. “ഞാൻ കണ്ട ഉടനെ അവളോട്‌ പറഞ്ഞു

“Yes not fare. ഒരാൾ ഫോൺ ചെയുമ്പോൾ ഇങ്ങനെ ചെയ്യുന്നത് മര്യാദ അല്ല “അവളും പറഞ്ഞു.

“ഞാൻ എന്തിനാ ഫോൺ എടുക്കുന്നത്. നീ എന്റെ ആരാ,? “ഞാൻ പൊട്ടിത്തെറിച്ചു. “നമ്മൾ തമ്മിൽ ഇപ്പൊ ഒന്നുല്ല. മനസ്സിലായോ.. ഇനി വിളിക്കണ്ട “ഞാൻ കൂട്ടിച്ചേർത്തു.

അവൾ ശാന്തമായി എന്നെ നോക്കിയിരുന്നു. എന്നിട്ട് ഒരു കവർ എന്റെ മുന്നിലേക്ക് നീക്കി വെച്ചു.

“നല്ല കമ്പനി ആണ്. നല്ല സാലറി ആണ് ഓഫർ ചെയ്തേക്കുന്നത്.. ഇന്റർവ്യൂ ഉണ്ട് ബുധനാഴ്ച.. സിറിളിന് കിട്ടും.. “

“ഓഹോ എനിക്ക് ജോലി മേടിച്ചു തരാൻ ആണോ ഈ പ്രഹസനം ഒക്കെ? എനിക്ക് വേണ്ട നിന്റെ കെയർ ഓഫിൽ ജോലി “ഞാൻ അത് നീക്കി വെച്ചു.

“എന്തിനാ വാശി? ” ആരോടാണ് ദേഷ്യം? എന്നോടോ? ഞാൻ എന്താ ചെയ്തേ സിറിൽ? “ആ കണ്ണുകളിൽ നനവ് ഞാൻ പെട്ടെന്ന് തണുത്തു.

“ഇഷ്ടം ഉണ്ടെങ്കിൽ പോകു… ഞാൻ പറഞ്ഞിട്ടില്ല സിറിളിനെ എനിക്ക് വേണ്ട എന്ന്, ഈ കല്യാണം വേണ്ട എന്ന്.പപ്പയെ വിളിച്ചു പറഞ്ഞു ജോലി പോയി എന്ന്. ഒരു വാക്ക് എന്നോട് പറഞ്ഞില്ല.. നോക്ക് സിറിലിട്ട മോതിരം ഇപ്പോഴും എന്റെ വിരലിൽ ഉണ്ട് ” ഞാൻ അമ്പരപ്പോടെ ആ മുഖത്തു നോക്കി.നീട്ടിയ ആ വിരലുകളിലേക്ക്.. എന്റെ മോതിരം..

“വീട്ടുകാരെ വിഷമിപ്പിക്കാതെ സിറിലിനൊപ്പം ജീവിക്കാൻ ആഗ്രഹം ഉണ്ട്.അത് കൊണ്ടാണ് ഈ ഇന്റർവ്യൂവിനു പോകാൻ പറഞ്ഞത്. ഇനി ജോലി ഇല്ലെങ്കിലും എന്നെ ഇഷ്ടം ആണെങ്കിൽ ഞാൻ വരും. എന്നെ വിളിച്ചാൽ.. “അവൾ പെട്ടെന്ന് എഴുന്നേറ്റു..

“എന്നെ വേണ്ടെങ്കിലും സാരോല്ല.. ഈ ഇന്റർവ്യൂവിനു പോകു..ഞാൻ ആരുമല്ല എന്നിപ്പോ പറഞ്ഞില്ലേ.. നിശ്ചയം കഴിഞ്ഞത് മുതൽ എനിക്ക് പക്ഷെ സിറിൽ എന്റെ സ്വന്തം തന്നെ ആയിരുന്നു.. മനസ്സിൽ “അവൾ കണ്ണീരോടെ ചിരിച്ചു.

“പോട്ടെ ഓഫീസിൽ തിരക്കുണ്ട് “

അവളോട്‌ പോകണ്ട എന്ന് പറയാൻ തോന്നി ആ നിമിഷം. നിന്നേ എനിക്ക് ഭയങ്കര ഇഷ്ടം ആണ് എന്ന്, നീ നഷ്ടം ആയെന്നു തോന്നിയപ്പോൾ നിരാശ, ദേഷ്യം ഒക്കെ വന്നിട്ടാണ് അങ്ങനെ ഒക്കെ എന്നൊക്കെ പറയാൻ തോന്നി.

ഞാൻ ജോലിയിൽ ജോയിൻ ചെയ്തു. അപർണ പിന്നേ എന്നെ വിളിച്ചില്ല. ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തുമില്ല. ഞാൻ അവളുടെ ഓഫീസിൽ ചെന്നു ഒരു ദിവസം.

“വാശി ആണ് അല്ലെ? “ഓഫീസ് ക്യാന്റീനിൽ ഇരിക്കുമ്പോൾ ഞാൻ ചോദിച്ചു.

“ഉം “അവൾ മൂളി

“സോറി പറഞ്ഞാൽ മതിയോ? “

അവൾ മിണ്ടിയില്ല

“ക്ഷമിക്ക് “

“ഞാൻ ആരുമല്ല എന്നല്ലേ പറഞ്ഞത്? “ആ മുഖം ചുവന്നു

“എന്റെ പൊന്നേ അപ്പോഴത്തെ അവസ്ഥ ഓർത്തു നോക്ക്.ജോലി പോയി എന്ന് പറഞ്ഞപ്പോൾ നിന്റെ പപ്പ ഇത് ഒന്നുടെ ആലോചിക്കണം എന്ന് പറഞ്ഞു. നിന്നേ എനിക്ക് നഷ്ടം ആകുകയാണ്. ജോലി, പെണ്ണ് എല്ലാം ഒറ്റയടിക്ക് നഷ്ടം ആയവന്റെ അവസ്ഥ ആലോചിക്ക് “ഞാൻ കെഞ്ചി

“ഏത് അവസ്ഥയിലും അത് പറയാമോ? ദൈവത്തിന്റെമുന്നിൽ വെച്ച് വാക്ക് തന്നിട്ട്? “

“ഇനി പറയില്ല ഒരിക്കലും സത്യം “

അവൾ അപ്പൊ ചിരിച്ചു. എങ്കിലും മറന്നില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞു. വർഷങ്ങൾക്കിപ്പുറവും ഒരു പിണക്കം വന്നാൽ അവൾ ചോദിക്കും

“ഞാൻ ആരാ സിറിളിന്റെ? ” അപ്പൊ ഞാൻ പറയും

“എന്റെ ജീവൻ.. എന്റെ എല്ലാം.. എല്ലാം “

അപ്പൊ ഒരു ചിരിയുണ്ട്. എന്ത്‌ ഭംഗിയുള്ള ചിരിയാണെന്നോ അത്.. എന്റെ താഴ്ചയിൽ, വീഴ്ചയിൽ അവൾ ഒപ്പം ഉണ്ട് എന്നതാണ് ഏറ്റവും വലിയ ധൈര്യം. അതല്ലേ ഒരു പെണ്ണിൽ നിന്നും ആണിന് കിട്ടേണ്ടതും?ഒരു പാട് മധുരം പുരട്ടിയ വാചകങ്ങൾ പറയണ്ട. മുത്തേ പൊന്നേ എന്ന് വിളിച്ചില്ല എങ്കിലും സാരമില്ല. ഒപ്പം ഉണ്ടായാൽ മതി. എന്നും ഇങ്ങനെ ഒപ്പം. അതാണ് ആണിന്റെ ആത്മബലം. അങ്ങനെ ഉള്ള പെണ്ണാണ് അവന്റെ ആത്മവിശ്വാസവും.

അതാവട്ടെ പെണ്ണ്.. ഒരിക്കലും ഉപേക്ഷിക്കാതെ തന്റെ പുരുഷനെ നെഞ്ചോട് ചേർക്കുന്നവളാവട്ടെ..

അവന്റെ ശ്വാസം ആകട്ടെ.. അപ്പൊ അവന് ഈ വിശ്വം തന്നെ കീഴടക്കാൻ കഴിയും.. എവിടെയും ജയിക്കാൻ കഴിയും…