ഓ അതൊരു വായ്പയ്ക്കായിരുന്നു സാറെ അവരത് തന്നില്ല.വലിയ ശമ്പളമുള്ള ജാമ്യക്കാരൻ വേണോന്ന്. എനിക്കാരെയും കിട്ടിയില്ല. പിന്നെ ഞാനതുപേക്ഷിച്ചു സാറെ……..

ജാമ്യക്കാരൻ

Story written by Jayachandran NT

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഒരു വായ്പയെടുക്കാനായിരുന്നു അയാൾ ആ ബാങ്കിലെത്തിയത്. ബാങ്ക് മാനേജർ ക്യാബിനുള്ളിലായിരുന്നു. അയാളതിനു പുറത്ത് കാത്ത് നിന്നു.

മുൻപ് വന്നപ്പോഴൊക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞയാളെ തിരിച്ചയച്ചിരുന്നു. നട്ടുച്ച കഴിഞ്ഞ് വിയർത്തൊലിച്ചായിരുന്നു അവസാനം കയറി ചെന്നത്.

വേഷം മുഷിഞ്ഞിരുന്നു. കാക്കിത്തുണി നരച്ച നിറമായിരിക്കുന്നു. ഗ്ലാസ്ഡോർ തുറന്ന് ക്യാബിനിലേക്ക് കയറിയപ്പോൾ മാനേജർ മൂക്ക് ചുളിച്ചു. അനിഷ്ടത്തോടെയുള്ള നോട്ടത്തിൽ എന്തു വേണമെന്ന ചോദ്യമുണ്ടായിരുന്നു.

”ഒരു വായ്പക്ക് അപേക്ഷിക്കാനാണ്.” അയാളുടെ ഒച്ച വ്യക്തമായില്ല. തൊണ്ട വരണ്ടിരിക്കുന്നു. വെള്ളദാഹം കലശലായിട്ടുണ്ടായിരുന്നു.

മാനേജർ പേര് ചോദിച്ചപ്പോൾ പേരിനോടൊപ്പം അയാൾ പറഞ്ഞ വാൽ മാനേജരുടെ മുഖം കൂടുതൽ കറുപ്പിച്ചു.

അയാൾ ദാഹത്തോടെ മുറിയുടെ മൂലയിലിരിക്കുന്ന കളിമൺ കൂജയിലേക്കും അതിനു മുകളിൽ വച്ച സ്റ്റീൽ ഗ്ലാസിലേക്കും കൊതിയോടെ നോക്കി. വെള്ളം കുടിച്ചോളാൻ മാനേജർ പറയുമെന്ന് അയാൾ കരുതി. അയാളോട് പുറത്തിറങ്ങി നിൽക്കാനാണ് മാനേജർ പറഞ്ഞത്. ബാങ്ക് പൂട്ടുന്ന സമയം വരെ അയാൾ കാത്തു നിന്നു.

മാനേജർ പുറത്തിറങ്ങിയപ്പോഴാണ് അയാളെ കണ്ടത്.

”താനിതുവരെ പോയില്ലേ?”

”സാർ പറഞ്ഞു പുറത്തു നിൽക്കാൻ!” അയാൾ പറഞ്ഞു.

”ആണോ? എന്തായിരുന്നു തൻ്റെ ആവശ്യം?”

”വായ്പ്പക്കായിരുന്നു.”

”ങാ ജാമ്യക്കാരനായൊരു സർക്കാരുദ്യോഗസ്ഥനുണ്ടേൽ കൊണ്ടു വന്നാൽ നോക്കാം. സാലറി മാസമൊരു പതിനായിരം രൂപയെങ്കിലും ഉള്ള ആളായിരിക്കണം.” എന്നു പറയുമ്പോൾ മാനേജരുടെ മുഖത്ത് ഇവനൊക്കെ ആരെ കിട്ടാനാണ് എന്നൊരു ഭാവമുണ്ടായിരുന്നു.

ഇന്നിപ്പോഴയാൾ ഒരു ജാമ്യക്കാരനുമായാണ് ബാങ്കിലെത്തിയത്. വന്നയുടൻ ക്യാബിനിൽ കയറി അറിയിച്ചു. ”സാറെ ജാമ്യക്കാരൻ വന്നിട്ടുണ്ട്.”

”ങാ.. വല്ല അത്തപ്പാടികളുമാണോടെ!.പുറത്തിറങ്ങി നിൽക്ക് ഞാൻ വിളിക്കാം.”

അയാളുടെ പേരിനോടൊപ്പമുള്ള വാല് മാത്രം ചൊല്ലിയുള്ള സംബോധനയിൽ മാനേജരുടെ സ്വരത്തിൽ പുച്ഛം മുഴച്ചു നിന്നു. അയാൾ പുറത്തിറങ്ങി നിന്നു.

അയാൾക്കു ജാമ്യം നിൽക്കാൻ വന്നയാൾ ഒരു ചെറുപ്പക്കാരനായിരുന്നു. അവൻ്റെ കാലിൽ ബാൻഡേജ് ചുറ്റിയിരിക്കുന്നു. അയാൾക്ക് അവനെ പരിചയമായിട്ട് ഒരു മാസമേ ആയിട്ടുണ്ടായിരിന്നുള്ളു. ഒരപകടത്തിൽ അവൻ്റെ കാലിന് ചെറിയൊരു പരിക്ക് പറ്റി.

”കുറച്ചു ദിവസം കാർ ഓടിക്കണ്ടെന്ന് ഡോക്ടർ പറഞ്ഞു. രാവിലെയും, വൈകുന്നേരവും എന്നെ ഓഫീസിലും, വീട്ടിലും കൊണ്ടുവിടണം. താങ്കൾക്ക് പറ്റുമോ?”.ആദ്യത്തെ സവാരിക്കിടയിൽ അവൻ അയാളോട് ചോദിച്ചു.

ബുദ്ധിമുട്ടുകൾക്കിടയിൽ സ്ഥിരമായൊരു സവാരി അയാൾക്ക് മരുഭൂമിയിലെ മഴയായിരുന്നു. അയാൾ ആ ജോലി ഏറ്റെടുത്തു. ബാങ്ക് വായ്പക്കുള്ള കടലാസ്സുകൾ നിരാശയോടെ അയാൾ ഓട്ടോയുടെ പുറകിൽ ഉപേക്ഷിച്ചിരുന്നു. ഒരു ദിവസം അവൻ ആ കടലാസ്സുകൾ കണ്ടപ്പോഴായിരുന്നു അയാളോട് കാര്യം അന്വേഷിച്ചത്.

“ഓ അതൊരു വായ്പയ്ക്കായിരുന്നു സാറെ അവരത് തന്നില്ല.വലിയ ശമ്പളമുള്ള ജാമ്യക്കാരൻ വേണോന്ന്. എനിക്കാരെയും കിട്ടിയില്ല. പിന്നെ ഞാനതുപേക്ഷിച്ചു സാറെ

എൻ്റെ അപ്പനായിട്ടൊക്കെ കർഷകർക്കും, കൈത്തറിക്കാർക്കും സഹായത്തി നായുണ്ടാക്കിയ സഹകരണ സംഘമായിരുന്നത്. പിന്നെ പിന്നതിൽ അംഗങ്ങൾ കൂടി വന്നു. രാഷ്ട്രീയം വന്നു. തിരഞ്ഞെടുപ്പായി. അധികാരികളായി. സഹകരണബാങ്കായി മാറി. ഇപ്പൊ ഒരു സഹായം കിട്ടണോങ്കി വെല്ല്യ നെയമങ്ങളൊക്കെയാ സാറെ ”

“താങ്കൾക്ക് എന്തിനായിപ്പൊ വായ്പ?” “അത് തറവാടൊന്ന് ഓലമേയണം ഇവനെ ഒന്നു കുട്ടപ്പനാക്കണം.” ഓട്ടോ ഇരപ്പിച്ചു അയാൾ പറഞ്ഞു. അവൻ ബാങ്കിലെ അപേക്ഷാ കടലാസുകൾ എടുത്തു നോക്കി.

“താങ്കൾക്ക് ജാമ്യം ഞാൻ നിന്നാ മതിയോ” “ഓ അതൊന്നും നടക്കില്ല സാറെ വെല്ല്യ ശമ്പളൊക്കെ വേണം അതിൻ്റെ കടലാസൊക്കെ വേണം അങ്ങനെ നൂലാമാലകൾ കൊറെയുണ്ട്.” “താങ്കൾക്ക് എത്രയാ വായ്പ വേണ്ടത്?”

”എനിക്കൊരു അമ്പതായിരം മതി. പക്ഷേങ്കി മാസശമ്പളം പതിനായിരോങ്കിലും ജാമ്യക്കാരനൊണ്ടെങ്കിലേ വായ്പ തരൂ”

“ശരി ഞാൻ വരാം. കടലാസൊക്കെ ഞാൻ കൊണ്ടുവരാം താങ്കൾ ദിവസം പറഞ്ഞാൽ മതി.” അവൻ പറഞ്ഞു.

അയാൾക്കു വിശ്വാസമായില്ലെങ്കിലും അവൻ തന്നെ നിർബന്ധിച്ചാണ് വീണ്ടും അവർ ഒരുമിച്ച് ബാങ്കിലെത്തിയത്. തിരക്കൊഴിഞ്ഞ് മാനേജർ അവരെ അകത്തേക്ക് വിളിച്ചു. അവൻ മാനേജർക്ക് മുന്നിലുണ്ടായിരുന്ന കസേരയിൽ ഇരുന്നു. അയാൾ നിന്നതേയുള്ളു.

മാനേജരുടെ മുഖത്ത് ഇഷ്ട്ടക്കേട് പ്രകടമായിരുന്നു. അയാളോട് ഇരിക്കാൻ അവൻ പറഞ്ഞു. കടലാസ്സുകൾ മാനേജർക്ക് നൽകി. മാനേജർ അതെല്ലാം പരിശോധിച്ചു.

“സാലറി സർട്ടിഫിക്കറ്റ് വേണം. അവസാന സാലറിയുടെ പേസ്ലിപ്പടക്കം.” അയാൾ പറഞ്ഞു.

അവൻ ആ രണ്ടുകടലാസ്സുകൾ അയാളുടെ മേശപ്പുറത്ത് വച്ചു. റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ്റെ സാലറി സർട്ടിഫിക്കറ്റും, പേസ്ലിപ്പും കണ്ടയാളുടെ കണ്ണുകൾ മിഴിച്ചു.

“പതിനായിരമല്ലേ സാലറി ചോദിച്ചത്? ഇത് ഒരു ലക്ഷത്തിൽ കൂടുതലുണ്ട്. ഇതു മതിയാകുമല്ലോ!” മനേജർ അമ്പരന്നെഴുന്നേറ്റു നിന്നു. “ഇനി ഇയാൾക്ക് ഇരിക്കാലോ! ഇരിക്ക് മാഷെ” അവൻ അയാളോട് പറഞ്ഞു. അയാളും അവിടെ ഇരുന്നു. വായ്പ്പത്തുകയുമായി പടിയിറങ്ങുമ്പോൾ മാനേജരോട് നന്ദി പറയാൻ അയാൾ മറന്നില്ല. മുഖത്ത് കൂടുതൽ കറുപ്പ് പടരുന്നത് കാണാതിരിക്കാൻ മാനേജർ തല കുമ്പിട്ടിരുന്നു.