എഴുത്ത്:-സൽമാൻ സാലി
” ഇക്കാ ഇങ്ങക്ക് ഈ ചളി എഴുത്തൊന്ന് നിർത്തിക്കൂടെ .. വെറുതെ ആൾകാരെക്കൊണ്ട് ചിരിപ്പിക്കാനായിട്ട് ..?!!!
” അല്ലേലും എന്റെ സാഹിത്യം നിനക്ക് ചളി ആയിട്ടല്ലേ തോന്നൂ ..!
””പിന്നെ എന്റെ ചളി വായിച്ചിട്ട് ആളുകൾ ചിരിക്കുന്നുണ്ടല്ലോ അത് മതി ..!
” ഇങ്ങള് പൊട്ടനോ അതോ പൊട്ടനായിട്ട് അഭിനയിക്കുന്നതോ ..? ആളുകൾ ചിരിക്കുന്നത് നിങ്ങളുടെ എഴുത്ത് വായിച്ചിട്ടല്ല നിങ്ങളുടെ പൊട്ടത്തരങ്ങൾ ആലോചിച്ചിട്ടാണ് ..!
ഓള് എന്റെ എഴുത്തിനെയും സാഹിത്യത്തെയും പുച്ചിച്ചു തള്ളുകയാണ് ..!!
” ഡീ ഷഹീ .. ഇയ്യ് വേണേൽ എന്നെ പുച്ചിച്ചോ പക്ഷെ എന്റെ സാഹിത്യത്തെ തൊട്ട് കളിച്ചാൽ ഞാൻ സഹിക്കൂല ട്ടാ …
” ഓ .. ഇങ്ങളെ ഒലക്കമ്മേലെ ഒരു സാഹിത്യം .. അല്ല മനുഷ്യാ ഇങ്ങക്ക് സാഹിത്യം എന്താന്ന് അറിയോ ..?
” സാഹിത്യം എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റാത്ത സത്യം .. സാഹിത്യം ..
” ഓഹോ എന്നിട്ടാണോ സഹിക്കാൻ പറ്റാത്ത കള്ളങ്ങൾ എഴുതുന്നത് .. എന്നിട്ട് സാഹിത്യകാരനാണ് പോലും സാഹിത്യകാരൻ …
ഓള് ഒരിഞ്ചിന് വിട്ട് തരാനുള്ള ഭാവമില്ല .. ഇവളെയൊക്കെ ന്യൂസ് ചാനലിൽ വൈകിട്ട് ചർച്ചക്ക് വിട്ടാൽ മതിയായിരുന്നു .. അവതാരകൻ പണിയും നിർത്തി പോയേനെ ..
” ഇങ്ങള് വല്യ സാഹിത്യകാരൻ അല്ലെ . എന്നാൽ രാത്രി ആകാശത്ത് നക്ഷത്രം തെളിഞ്ഞു എന്ന് ഒന്ന് സാഹിത്യത്തിൽ എഴുതിയെ ..
” ഛെ .. ഇത്രയും സിംപിൾ ആക്കിയാലോ നീ .. ” മോന്തിക്ക് ആകാശത്ത് നക്ഷത്രങ്ങൾ ലൈറ്റിട്ടു ..” എങ്ങിനുണ്ട് .. എങ്ങിനുണ്ട് ന്റെ സാഹിത്യം ..
കൈ രണ്ടും ചുരുട്ടി പിടിച്ചു പല്ല് കടിച്ചുകൊണ്ട് ഓള് എന്നെ ഒരു നോട്ടം ..
” ഇനി മേലാൽ ഈ വക സാഹിത്യം കൊണ്ട് വന്നാൽ ഇങ്ങളെ മോന്തക്ക് ഞാൻ കുത്തും പിന്നെ ആംബുലൻസിൽ നക്ഷത്രം എണ്ണിക്കൊണ്ട് ലൈറ്റും ഇട്ട് പോകേണ്ടി വരും പറഞ്ഞേക്കാം …!!!
അതും പറഞ്ഞു അവൾ അലക്കാനായി പോയി ..
വെറുതെ എന്തിനാണ് അവിടെ കിടന്ന് എക്സ്പ്രഷനിട്ട അവളുടെ പ്രെഷർ കൂട്ടുന്നത് എന്ന് കരുതി ഞാൻ ഉമ്മറത്തേക്ക് നടന്നു .. അവൾ അപ്പോഴും എന്നോടുള്ള ദേഷ്യം തീർക്കാനെന്നോണം എന്റെ ജോക്കി ജെട്ടികൊണ്ട് അലക്ക് കല്ല് തല്ലിപൊട്ടിക്കാനുള്ള ശ്രമത്തിലായിരുന്നു …
” എന്നാലും ഓള് അങ്ങിനെ പറയേണ്ടായിരുന്നു .. ചുമ്മാ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ എന്റെ മുഖപുസ്തകം തുറന്നു ഇന്നലത്തെ പോസ്റ്റിന്റെ കമന്റ് വായിക്കാൻ തുടങ്ങി ..
” ഇങ്ങള് പൊളിയാണ് . എഴുത്ത് ഗംഭീരം . നിങ്ങളുടെ എഴുത്ത് എനിക്ക് ഇഷ്ട്ടമാണ് . അങ്ങിനെ എന്റെ എഴുത്തിനെ പുകഴ്ത്തിക്കൊണ്ടുള്ള ഒരുപാട് കമന്റുകൾ …
ഇതൊക്കെ വായിച്ചപ്പോൾ എനിക്കൊരു സംശയം .. ഇനി കമന്റ് ഇടുന്നവർ സത്യം പറയുന്നതോ അതോ എനിക്കിട്ട് താങ്ങുന്നതോ എന്ന് …
എന്തായാലും കുറച് സാഹിത്യം പഠിക്കണം .. എന്നിട്ട് വേണം ഓളെ ഒന്നൂടെ വെല്ലുവിളിക്കാൻ ..