എഴുത്ത്:- ശ്രേയ
” അനുവേട്ടാ… ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ? “
രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ അനുവിന്റെ മുന്നിലേക്ക് വന്നു നിന്നുകൊണ്ട് മാലതി ചോദിച്ചു.
അവൻ അവളെ തിരിഞ്ഞൊന്നു നോക്കി.
” അല്ലെങ്കിൽ തന്നെ ഇന്ന് രാവിലെ എഴുന്നേറ്റത് ലേറ്റ് ആയി. ഇനി വണ്ടി എടുക്കാൻ ചെല്ലുമ്പോൾ മുതലാളിയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും. അതിനിടയ്ക്ക് കൂടി നിന്റെ പുന്നാരം കൂടി കേട്ടു കൊണ്ടിരിക്കാനുള്ള നേരം എനിക്കില്ല. എന്താ കാര്യം എന്ന് വെച്ചാൽ പറയുന്നുണ്ടോ..? “
അവൻ ഒരല്പം കടുത്ത സ്വരത്തിലാണ് അവളോട് ചോദിച്ചത്. അത് അവൾക്ക് വല്ലാത്ത മാനസിക പ്രയാസം ഉണ്ടാക്കുക തന്നെ ചെയ്തു. അവളുടെ മുഖം വാടി.
“ഇതാണ് കുഴപ്പം.. എന്തെങ്കിലും പറഞ്ഞാൽ ഉടനെ മുഖവും എടുത്ത് ഏറ്റി പിടിച്ചു നിന്നോളും. ഇത് കണ്ടാൽ സമാധാനത്തോടെ ജോലിക്ക് പോകാൻ പറ്റുമോ..?”
അവന്റെ ശബ്ദത്തിൽ ഒരു അയവും അവൾ കണ്ടില്ല. അവൾക്ക് വിഷമം തോന്നിയെങ്കിലും ഒന്നുമില്ല എന്ന മട്ടിൽ അവൾ ചിരിച്ചു നിന്നു.
“ഞാൻ വെറുതെ ചോദിച്ചതാ.. ഏട്ടൻ ജോലിക്ക് പൊയ്ക്കോ..”
നിറഞ്ഞു വന്ന കണ്ണുകൾ അവൻ കാണാതെ ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു. അവളുടെ മുഖത്ത് നോക്കി ഒന്ന് തലയാട്ടിക്കൊണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി.
ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ അവൻ ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കി…
” ഒരു പെണ്ണിന്റെ ചതിയാൽ വേദനിച്ചിരുന്ന എന്നെ പുതിയൊരു മനുഷ്യനാക്കി മാറ്റിയെടുത്ത മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിലേക്ക് വന്നു കയറിയ ദിവസം എങ്ങനെ മറക്കാനാണ്…? ഇത് എന്റെ വായിൽ നിന്ന് തന്നെ കേൾക്കാൻ ആണല്ലോ മോള് രാവിലെ തന്നെ വന്നു ചോദിക്കുന്നത്.. “
അതും പറഞ്ഞുകൊണ്ട് അവൻ ചിരിച്ചപ്പോൾ അവൾക്ക് സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവപ്പെടുന്നത് പോലെ തോന്നി.. മറ്റൊന്നും ഓർക്കാതെ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു കൊണ്ടാണ് സന്തോഷം പങ്കുവെച്ചത്.
” മതി മതി.. അധികം സ്നേഹപ്രകടനം ഒന്നും വേണ്ട.. ഞാൻ പോയിട്ട് വരട്ടെ.. “
അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ സമ്മതത്തോടെ അവളും മാറി നിന്ന് അവനെ നോക്കി പുഞ്ചിരിച്ചു.
അവനു ഈ ദിവസം ഓർമ്മയുണ്ടാകും എന്ന കാര്യത്തിൽ അവൾക്ക് ഒരുറപ്പും ഉണ്ടായിരുന്നില്ല.
അവൻ പോയി കഴിഞ്ഞപ്പോൾ അവൾ ചിന്തകളുടെ ലോകത്തിലേക്ക് ചേക്കേറി..
അവൻ അനീഷ്.. ഒരു പ്രൈവറ്റ് ബസ്സിന്റെ ഡ്രൈവറാണ്.. മാലതിക്ക് ഒരു ചിട്ടി കമ്പനിയിലാണ് ജോലി… മാലതിയുടെ വീടിന്റെ അടുത്തുകൂടി പോകുന്ന ബസ്സിലെ ഡ്രൈവർ ആണ് അനീഷ്.
അവൾ ആ ബസ്സിലായിരുന്നു സ്ഥിരമായി യാത്ര ചെയ്തിരുന്നത്.. കാണാൻ സുമുഖനായ അനീഷിനെ ഒറ്റനോട്ടത്തിൽ തന്നെ മാലതിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഡ്രൈവർമാരെ കുറിച്ച് നല്ല അഭിപ്രായം ഒന്നും ആ നാട്ടിൽ കേട്ടിട്ടില്ലാത്തതു കൊണ്ട് തന്നെ അനീഷിനോടുള്ള ഇഷ്ടം തുറന്നു പ്രകടിപ്പിക്കാൻ അവൾക്കു മടിയായിരുന്നു.
പൊതുവേ യാത്രക്കാരോടുള്ള അനീഷിന്റെ ശാന്തമായ പെരുമാറ്റം അവളെ വല്ലാതെ ആകർഷിച്ചിരുന്നു.. സ്ത്രീകൾക്ക് പ്രത്യേക പരിഗണന അവൻ നൽകി.അവർക്ക് ഇറങ്ങേണ്ട സ്റ്റോപ്പുകളിൽ അതാത് സ്ഥലത്ത് അവൻ നിർത്തി കൊടുക്കാറുണ്ടായിരുന്നു.
സാധാരണ സ്റ്റോപ്പുകളിൽ ബസ് നിർത്താൻ പ്രൈവറ്റ് ബസ്സിലെ ഡ്രൈവർമാർക്ക് ഇത്തിരി മടി ആണല്ലോ.. എവിടെയാണ് ആൾക്കാര് കാത്തു നിൽക്കുന്നത് അതിനെക്കാളും 100 മീറ്റർ അപ്പുറത്തോട്ടോ ഇപ്പുറത്തോട്ടോ മാത്രമേ അവർ വണ്ടി നിർത്താറുള്ളൂ..
അനീഷിന്റെ ഈ സൗമ്യമായ പെരുമാറ്റവും സൗന്ദര്യവും മാലതിയെ മാത്രമല്ല ആ നാട്ടിലുള്ള ഒരുവിധം പെൺകുട്ടികളെ ഒക്കെ ആകർഷിച്ചിരുന്നു. മറ്റാരെങ്കിലും അനീഷിനെ തട്ടിയെടുക്കുന്നു എന്നുള്ള ഭയത്തിൽ രണ്ടും കൽപ്പിച്ച് ഒരു ദിവസം മാലതി അവനോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു.
പുച്ഛത്തോടെയുള്ള ഒരു ചിരിയായിരുന്നു അവന്റെ മറുപടി.
” പണ്ടൊരിക്കൽ ഇതുപോലെ ഒരുത്തി വന്നു എന്നോട് ഇഷ്ടം പറഞ്ഞതാണ്. അന്ന് ഇഷ്ടമല്ല ഇഷ്ടമല്ല എന്ന് ഞാൻ എത്ര പറഞ്ഞിട്ടും കേൾക്കാതെ എന്റെ പിന്നാലെ നടന്നു എന്റെ ഇഷ്ടം പിടിച്ചു വാങ്ങി… അവസാനം അവളില്ലാതെ എനിക്ക് പറ്റില്ല എന്നൊരു അവസ്ഥ വന്നപ്പോൾ എന്നെക്കാളും നല്ലൊരു പെൺകുട്ടിയെ ചേട്ടൻ കിട്ടും എന്നുള്ള സ്ഥിരം ഡയലോഗും പറഞ്ഞു ഒരു അമേരിക്കക്കാരന്റെ തോളിൽ തൂങ്ങി അവൾ പോയി.. അന്ന് ആ വിഷമത്തിൽ നിന്ന് കര കയറാൻ ഒരുപാട് സമയം എടുത്തു. ഇനിയും അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാൻ തല്ക്കാലം താല്പര്യവുമില്ല.. സമയവുമില്ല.. “
അവന്റെ മറുപടി കേട്ട് അവളുടെ കണ്ണ് നിറഞ്ഞു. ഇങ്ങനെ ഒരു മറുപടി അവൾ പ്രതീക്ഷിച്ചിരുന്നില്ല..
” ഞാൻ തമാശക്ക് ഒന്നുമല്ല.. ശെരിക്കും ഇഷ്ടം ഉള്ളോണ്ടാ.. കുറെ നാളായി മനസ്സിൽ കൊണ്ട് നടക്കുവാണ്.. ഇപ്പോഴാ പറയാൻ ഒരു അവസരം കിട്ടീത്.. അതാ.. “
അവൾ തന്റെ ഇഷ്ടം അവനെ പറഞ്ഞു കൺവിൻസ് ചെയ്യാൻ ശ്രമിച്ചെങ്കിലും അവൻ അമ്പിനും വില്ലിനും അടുക്കില്ല എന്ന ഭാവത്തിൽ ആയിരുന്നു.
അന്ന് ഒരുപാട് സങ്കടത്തോടെയാണ് മാലതി മടങ്ങിപ്പോയത്. പിന്നീടുള്ള ദിവസങ്ങളിൽ ബസ്സിൽ അവൾ യാത്ര ചെയ്യുന്നുണ്ടെങ്കിലും അവന്റെ ഒരു നോട്ടം പോലും അവളിലേക്ക് എത്തിയിരുന്നില്ല.
അതൊക്കെ അവൾക്ക് വല്ലാത്ത പ്രയാസം ഉണ്ടാക്കുന്നതായിരുന്നു..
അങ്ങനെയിരിക്കെ ഒരു ദിവസം അവൾ ജോലി കഴിഞ്ഞ് ഇറങ്ങാൻ പതിവിലും താമസിച്ചു. അതുകൊണ്ടു തന്നെ അനീഷിന്റെ ബസ് അവൾക്ക് കിട്ടിയതുമില്ല.
പിന്നീട് കിട്ടിയ വണ്ടികളൊക്കെ കയറി അവളുടെ കവലയിൽ എത്തിയപ്പോഴേക്കും ഏകദേശം സന്ധ്യ മയങ്ങിയിരുന്നു.
അവിടെ നിന്ന് കുറച്ചു ദൂരം ഉള്ളിലേക്ക് നടക്കണമായിരുന്നു അവളുടെ വീട്ടിലേക്ക് എത്താൻ. ആ സമയത്ത് അതുവഴി ഒറ്റയ്ക്ക് പോകാൻ അവൾക്ക് ഭയം ഉണ്ടെങ്കിലും, അതല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല എന്ന് കണ്ടതോടെ അവൾ നടന്നു തുടങ്ങി.
ഒരു ഓട്ടോ എങ്കിലും കിട്ടിയിരുന്നെങ്കിൽ അതിൽ വീട്ടിൽ പോകാമായിരുന്നു എന്നൊരു ചിന്ത അവൾക്കുണ്ടായിരുന്നു. പക്ഷേ അവളുടെ ഭാഗ്യമോ നിർഭാഗ്യമോ അന്ന് ആ വഴി ഒരു വണ്ടിയും വന്നില്ല..
അവൾ വീട്ടിലേക്ക് നടക്കുന്ന വഴിയിലാണ് പെട്ടെന്ന് രണ്ടു മൂന്നു ചെറുപ്പക്കാർ അവളുടെ മുന്നിലേക്ക് വന്നു പെട്ടത്..
അവളെ കണ്ടതോടെ അവർ പല കമന്റുകളും പറയാനും അവളുടെ പിന്നാലെ നടക്കാനും തുടങ്ങി. അവൾ കൂട്ടിയെങ്കിലും അവൾക്ക് പിന്നാലെ തന്നെ അവരും ചെന്നതോടെ അവൾ ഓടുകയായിരുന്നു.
അവരുടെ കയ്യിൽ അകപ്പെട്ടാൽ ഒരുപക്ഷേ നാളത്തെ പത്രത്തിലെ തലക്കെട്ട് താനായി പോകുമോ എന്നൊരു ഭയം അവൾക്കുണ്ടായിരുന്നു.വഴിയിൽ ഒന്നും ആരെയും കാണാതെ അവൾ വല്ലാതെ വിഷമിച്ചു.
ഓടി അവളുടെ കാലുകൾ കുഴഞ്ഞപ്പോഴേക്കും അവരിൽ ഒരുത്തൻ അവളുടെ കയ്യിൽ പിടി മുറുക്കിയിരുന്നു..
അവനെ തട്ടിമാറ്റിക്കൊണ്ട് ഓടാൻ ശ്രമിച്ചു എങ്കിലും അവൾ പരാജയപ്പെട്ടു പോയി..
ആ സമയത്താണ് അവളുടെ രക്ഷകനെ പോലെ അനീഷ് ആ വഴിക്കെത്തുന്നത്.
ആ ചെറുപ്പക്കാരിൽ നിന്നും അവളെ അവൻ രക്ഷപ്പെടുത്തിയതിന് നന്ദി പറഞ്ഞുകൊണ്ട് അവൾ അവനിൽ നിന്ന് അകന്നു പോകാനാണ് ശ്രമിച്ചത്.
പക്ഷേ അപ്പോഴേക്കും അവളെ അവൻ പിന്നിൽ നിന്ന് വിളിച്ചിരുന്നു.
” നീ അന്ന് എന്നോട് ഒരു കാര്യം പറഞ്ഞില്ലേ..? അത് ശരിക്കും പറഞ്ഞതാണോ..? “
പെട്ടെന്നുണ്ടായ അത്ഭുതത്തിൽ അവളുടെ കണ്ണുകൾ വിടർന്നു… എന്നിട്ട് അതെ എന്ന ഭാവത്തിൽ തലയാട്ടി..
” അങ്ങനെയാണെങ്കിൽ എനിക്കൊരു കാര്യം പറയാനുണ്ട്.. പ്രേമിച്ചു നടക്കാൻ ഒന്നും എനിക്ക് സമയമില്ല.. നിനക്കെന്നോട് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് കല്യാണം കഴിക്കാം.. അതും വളരെ പെട്ടെന്ന്… എന്തു പറയുന്നു..? “
അവന്റെ ചോദ്യം കേട്ടപ്പോൾ താൻ സ്വപ്നം കാണുകയാണോ എന്നൊരു ഭയം പോലും അവൾക്ക് ഉണ്ടായി.. സ്വയം കയ്യിൽ നുള്ളി നോക്കിക്കൊണ്ട് അത് സ്വപ്നമല്ല എന്ന് അവൾ ഉറപ്പിച്ചു.
” എനിക്ക് നൂറുവട്ടം സമ്മതം… എപ്പോഴാ കല്യാണം നടത്തുന്നത് എന്ന് മാത്രം പറഞ്ഞാൽ മതി.. “
അവളുടെ മറുപടി കേട്ട് അവൻ പൊട്ടിച്ചിരിച്ചു പോയി…
” ഞാൻ അച്ഛനെയും അമ്മയെയും വീട്ടിലേക്ക് പറഞ്ഞു വിടാം.. ഇപ്പൊ നീ ചെല്ലാൻ നോക്ക്..”
അവളോട് പറഞ്ഞു കൊണ്ട് അവൻ ചിരിച്ചു.. അവൾ കൺവെട്ടത്തൊന്നു മായുന്നതു വരെ അവൻ അവളെയും നോക്കി നിന്നു.
അവൻ പറഞ്ഞത് വെറും വാക്കല്ല എന്ന് അവൾക്ക് മനസ്സിലായത് പിറ്റേ ദിവസം രാവിലെ അവന്റെ അച്ഛനും അമ്മയും ഒരു വിവാഹാലോചനയുമായി അവളുടെ വീട്ടിലേക്ക് എത്തിയപ്പോൾ ആയിരുന്നു…
അവളുടെ വീട്ടിൽ ആർക്കും എതിർപ്പില്ലാത്തത് കൊണ്ട് തന്നെ പിന്നീടുള്ള കാര്യങ്ങൾ വളരെ വേഗത്തിൽ നടന്നു..
വിവാഹം കഴിഞ്ഞു അവനോടൊപ്പം പുതിയൊരു ജീവിതത്തിലേക്ക് കടന്നപ്പോൾ ഈ ലോകത്തിലെ ഭാഗ്യവതി താനാണെന്ന് അവൾക്ക് തോന്നി …
ഇന്നാണ് ആ ദിവസം… അവളുടെ ജീവിതത്തിലേക്ക് ഒരു രക്ഷകനെ പോലെ അനീഷ് എത്തിയതിന്റെ രണ്ടാം വാർഷികം…!!
കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും അവർ ജീവിക്കട്ടെ ….