എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
വിലാസം തെറ്റി വന്നയൊരു ഫോൺ കോളായിരുന്നു എല്ലാത്തിനും തുടക്കം. അപരിചിതരായ രണ്ടുപേർ തമ്മിൽ അപകടപരമായ ലോകത്തെ കുറിച്ച് വളരേ ആധികാരികതയോടെ അന്ന് സംസാരിച്ചു.
ആർക്കും ആരേയും വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ചിരിക്കുമ്പോൾ അവളുടെ അടുത്ത് നിന്നൊരു കുഞ്ഞ് കാറി കരയുന്ന ശബ്ദം ഞാൻ കേട്ടു. എന്തിനാണ് കുഞ്ഞ് കരയുന്നതെന്ന് ചോദിച്ചപ്പോൾ അവളൊന്നും പറഞ്ഞില്ല. പറ്റുമെങ്കിൽ, തനിക്ക് വരാൻ പോകുന്ന ആഘോഷ നാളിൽ ഒരു സമ്മാനപ്പൊതിയുമായി വരാൻ പറ്റുമോയെന്ന് അവൾ എന്നോട് ചോദിച്ചു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നെ എങ്ങനെയാണ് നിനക്ക് വിശ്വസിക്കാൻ സാധിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. അതെന്നെ വല്ലാതെ ഭയപ്പെടുത്തി. ആ ഭയമെന്നെ വലിച്ചെറിഞ്ഞത് നാലഞ്ച് വർഷങ്ങൾ പിറകിലേക്കായിരുന്നു.
ഒറ്റ നോട്ടം കൊണ്ട് പരസ്പരം ഇഷ്ട്ടപ്പെട്ടയൊരു പ്രണയകാലം എനിക്കുണ്ടായിരുന്നു. ഒരുനാൾ ആ പ്രണയം ആയുസ്സ് മുഴുവൻ ഒരുമിച്ച് ജീവിക്കാനെന്നോണം എന്റെ കൂടെയിറങ്ങി വന്നു. അതുമായി വന്നവളുടെ ഉടയാത്ത തുടുത്ത മേനിയിൽ പതം വന്നപ്പോൾ പതിയേ എന്റെയുള്ളിൽ മടുപ്പിന്റെ നുര നിറഞ്ഞു. ആവർത്തന വിരസതയേറ്റ ചുറ്റുപാടുകളെ മുറുകെ പിടിക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല.
അവൾക്കൊരു പിടിയുമില്ലാത്ത ആ നഗരത്തിൽ നിന്നൊരു നാൾ അപ്രത്യക്ഷമായതിൽ പിന്നെ അവളെ മറക്കാൻ വേണ്ടി പോലും ഞാൻ ഓർത്തിട്ടില്ല. ഓരോ മണ്ണിലും ഓരോ പെണ്ണുമായി ആ ലിംഗനം ചെയ്ത് ജന്മം ഞാൻ ആഘോഷിക്കുക യായിരുന്നു. പരസ്പര പൂരകമായി ഒരുവളിൽ ചേർന്നാൽ പിന്നെ എനിക്കാകെയൊരു അസ്വസ്ഥതയാണ്.
ഒരു പരീക്ഷണ ലബോററ്ററിയെ പോലെയാണ് എന്റെ ജീവിതം. പുതുമ തേടി പോകാനുള്ള ഏതോയൊരു ലായനി എന്റെ ജീവന്റെ കരളിൽ ലയിക്കുകയും എല്ലായിടത്തും വേർതിരിഞ്ഞ് പോകുന്നയൊരു ലീനമാകുകയും ചെയ്യുന്നു. പിറകിലേക്ക് നോക്കുമ്പോൾ എന്തൊക്കെ കലർന്നുണ്ടായ മിശ്രിതമാണ് ഞാനെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല. വിചാര മണ്ഡലം കുറ്റബോധമെന്ന വികാരത്തെ തിരഞ്ഞെടുത്ത് അലമുറയിടുന്നത് പോലെ…
വളരേ നാടകീയമായി വഴി തെറ്റി വന്നയൊരു ഫോൺകോളിന്റെ അങ്ങേത്തലയിൽ ചിരിച്ച് കൊണ്ട് അവൾ സംസാരം തുടർന്നു. ഒരിക്കൽ വഞ്ചിക്കപ്പെട്ട തന്നെ ഇനിയാർക്കും കബളിപ്പിക്കാൻ പറ്റില്ലെന്ന് അവൾ പറഞ്ഞു. അതുകേട്ട എന്റെയുള്ളിൽ പല മുഖങ്ങളും മിന്നലടിച്ചത് പോലെ തെളിഞ്ഞു. നേരിട്ട് കാണാമെന്ന വാക്കുകൊണ്ട് അവൾ സംസാരം നിർത്തിയിട്ടും ഭൂതകാല ചിത്രങ്ങൾ എന്നിൽ മറഞ്ഞു കൊണ്ടേയിരുന്നു. ലോകത്തിൽ പുരുഷനാൽ ചതിക്കപ്പെട്ട സകല പെൺകൊടികളുടേയും ചൂണ്ടുവിരൽ എനിക്ക് ചുറ്റും തമ്പടിച്ചപ്പോൾ ഞാൻ കണ്ണുകൾ അടച്ചു. ഇനിയുള്ള ജീവിതം ഇരുട്ടാണെന്ന് ബോധം പറയുന്നത് പോലെ….
മടുപ്പിന്റെയൊരു ഖര പ്രതിമയായി ഞാൻ പരിണാമപ്പെട്ട് പോകുന്ന വേളയായത് കൊണ്ടാകണം മരത്തിൽ കൊത്തിയെടുത്ത ചിറകുള്ളയൊരു മാലാഖയുടെ ശിൽപ്പവുമായി അവളെ തേടി ആ ആഘോഷനാളിൽ ഞാൻ പോകാൻ തീരുമാനിച്ചത്.
ഈ ബന്ധത്തിലെങ്കിലും സത്യസന്ധതയോടെ നിലനിൽക്കണമെന്ന ആഗ്രഹത്തോടെ അന്നേ ദിവസം അവളുടെ വിലാസത്തിൽ ഞാൻ എത്തി. പെറ്റിക്കോട്ട് ധരിച്ചയൊരു കുസൃതി കുഞ്ഞ് കതക് തുറക്കുകയും എന്നോട് ചിരിക്കുകയും ചെയ്തു. തുടർന്ന് തിരിഞ്ഞ് നോക്കിയിട്ട് അമ്മേയെന്ന് വിളിച്ചു.
ആ കുഞ്ഞിന്റെ ചിരിയിലൊരു മാസ്മരികതയുണ്ടായിരുന്നു. എന്നെ പകർത്തി വരച്ചത് പോലെയൊരു ചിത്രമായാണ് എനിക്ക് ആ മോളെ കണ്ടപ്പോൾ തോന്നിയത്. ചുറ്റുമൊരു മായാ ലോകം എന്നെ സ്തംഭിപ്പിച്ച് കൊണ്ട് നിർമ്മിക്കപ്പെടുന്നത് പോലെയാണ് അകത്ത് നിന്ന് അവൾ വന്നത്.
എന്റെ കണ്ണിൽ പൂത്തിരി കത്തിയ തെളിച്ചമായിരുന്നു അപ്പോൾ. ഒരിക്കൽ ആയുസ്സ് മുഴുവൻ ഒരുമിച്ച് ജീവിക്കാനെന്നോണം എന്റെ കൂടെയിറങ്ങി വന്ന അതേ പെണ്ണ്… പണ്ട് ഞാൻ മടുത്തിറങ്ങി പോയപ്പോൾ അനാഥമായ അവളുടെ മുഖത്ത് ഇന്നെന്തൊരു തെളിച്ചമാണ്. അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞിട്ട് അവൾ എനിക്കൊരു കപ്പ് കാപ്പിയും മൂന്ന് അവലോസുണ്ടയും തന്നു. എന്റെ കയ്യിലെ സമ്മാന പൊതി കുഞ്ഞിന് കൊടുക്കാൻ നിർദ്ദേശിച്ചപ്പോൾ ഞാൻ അക്ഷരം പ്രതിയനുസരിച്ചു.
ലോകമറിയാത്ത ആ കുഞ്ഞ് ചിലപ്പോഴൊക്കെ അവളുടെ അച്ഛനെ ചോദിക്കാറുണ്ട് പോലും… ഏതെങ്കിലുമൊരു ആഘോഷ നാളിൽ മോൾക്കുള്ള സമ്മാനവുമായി അച്ഛൻ വരുമെന്ന് പറഞ്ഞ് അവൾ ആ ചോദ്യത്തെ നേരിടും. ഇന്ന് കുഞ്ഞിന്റെ നാലാം പിറന്നാൾ ആണെന്നും വന്നതിൽ സന്തോഷമെന്നും ഒരു ഭാവ വ്യത്യാസവുമില്ലാതെ അവൾ എന്നോട് പറഞ്ഞു. അഗ്നിപർവ്വതത്തിൽ നിന്ന് മഞ്ഞ് മലയിലേക്ക് ഒഴുകി ഘനീഭവിച്ച ലാവ പോലെ ഞാൻ ഉറച്ച് ഇരിക്കുകയായിരുന്നു.
ഒരുതരത്തിലും പിടി തരാത്ത രീതിയിലാണ് എന്നോട് സംസാരിച്ചതെങ്കിലും, മെഴുക്ക് പ്രതലത്തിലേക്ക് ഇറ്റ് വീഴുന്ന നീർത്തുള്ളികൾ പോലെയായിരുന്നു അവളുടെയോരോ ചിരിയും. അത് കൊള്ളുമ്പോഴെല്ലാം ഞാൻ വഴുക്കി വീണുകൊണ്ടേയിരുന്നത് അവൾ കണ്ടതായി ഭാവിച്ചതേയില്ല.
ക്ഷണം സ്വീകരിച്ച് സമ്മാനപ്പൊതിയുമായി വന്നതിലും കണ്ടതിലും സന്തോഷമെന്ന് ഒരിക്കൽ കൂടി അവൾ എന്നോട് പറഞ്ഞു. തുടർന്ന് ധൃതിയിൽ യാത്രയാക്കിയപ്പോൾ എന്റെ നാവിൽ ഒരുനുള്ള് വാക്കുപോലും അവളോട് മിണ്ടാൻ ഉണ്ടായിരുന്നില്ല. ഉളി കൊണ്ട് പോലും മിനുസ്സപ്പെടുത്താൻ പറ്റാത്തയൊരു ഉള്ളുമായാണ് അവൾ ഇന്ന് ജീവിക്കുന്നതെന്ന് എനിക്ക് പരിപൂർണ്ണമായി ബോധ്യപ്പെട്ടു.
വിലാസം തെറ്റിയെന്ന് അവകാശപ്പെട്ടുകൊണ്ട് വന്ന ഫോൺകോൾ അവളുടെ മധുര പ്രതികാരമായിരുന്നുവോ എന്നുപോലും തിരിച്ചറിയാനുള്ള ബുദ്ധിയെന്റെ തലയിൽ പ്രവർത്തിച്ചിരുന്നില്ല. അങ്ങനെ ഓർത്തപ്പോൾ എല്ലാം അർഹിക്കുന്നുവെന്ന മാനസിക തലത്തിൽ ഞാൻ അവളോട് ചിരിച്ചു.
തിരിഞ്ഞ് നോക്കികൊണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ കണ്ണിന്റെ അസ്ഥിയിൽ കൊള്ളാൻ പാകം, മരത്തിൽ കൊത്തിയെടുത്ത ചിറകുള്ളയൊരു മാലാഖയുടെ ശിൽപ്പവുമായി അവളുടെ…. അല്ല… എന്റെ കുഞ്ഞ് ആ കതകിൽ ചാരി നിന്ന് എന്നോട് ചിരിക്കുന്നുണ്ടായിരുന്നു…!!!