ഒറ്റമന്ദാരം ❤️ ~~ഭാഗം 22 എഴുത്ത്: മഷ്ഹൂദ് തിരൂർ.

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:-

ഉച്ചയ്ക്കു ശേഷം കോടതി കൂടിയപ്പോഴാണ് വിധി പറയാനായി ശ്രീനന്ദയുടെ കേസ് വിളിച്ചത്.

കോടതി വരാന്തയിൽ രാവിലെ മുതലുള്ള കാത്തിരിപ്പാണ്. വട്ടേക്കാടന്റെ മനസ്സിൽ നേരിയ ഭീതിയുണ്ടെങ്കിലും അത് മറ്റുള്ളവര് കാണാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വരാന്തയുടെ ഒരു മൂലയിൽ ആലോചിച്ചിരിക്കുകയാണ് രാമേട്ടൻ. ഇടയ്ക്ക് നിറഞ്ഞു വരുന്ന കണ്ണീര് ആരും കാണാതെ തുടക്കുന്നുണ്ട്. അത്രയേറെ സങ്കടമുണ്ട് ആ പാവത്തിന്റെ മനസ്സിൽ.

അല്പം മാറി സംസാരിച്ച് നിൽക്കുകയാണ് മത്യു സാറും മഹീന്ദ്രനും.

രണ്ടരയായപ്പോ ശ്രീനന്ദയെയും കൊണ്ടുള്ള പോലീസ് വാഹനം കോടതി കോമ്പൗണ്ടിലേക്ക് വന്നു നിന്നു.

വരാന്തയിലൂടെ പോലീസുകാർക്കൊപ്പം വരുന്നതിനിടയിൽ, വട്ടേക്കാടൻ വക്കീലിനൊപ്പം ചെന്ന് രാമേട്ടൻ ശ്രീനന്ദയെ കണ്ടു.

അമ്മാനവനെ കണ്ടതും ശ്രീക്കുട്ടിയുടെ സങ്കടം അണപൊട്ടിയൊഴുകി. അവൾക്ക് മുന്നിൽ കരയാതെ പിടിച്ചു നിൽക്കാൻ രാമേട്ടൻ നന്നെ കഷ്ടപ്പെട്ടു.

“കരയണ്ട.. എല്ലാ കോടതിക്ക് മുകളിലും ഈശ്വരന്റെ കോടതീണ്ട്.. ന്റെ കുട്ടിനെ കൈവിടില്ല്യ..”

ഇടറിയ ശബ്ദത്തോടെ രാമേട്ടൻ ശ്രീനന്ദയെ സമാധാനിപ്പിച്ചു.

“കേസ് നമ്പർ 1092/2012”

വിധി പ്രസ്താവനക്കായി ശ്രീനന്ദയുടെ കേസ് വിളിച്ചു. പ്രതിക്കൂട്ടിലേക്ക് കയറി ജഡ്ജിയെ കൈ കൂപ്പി വണങ്ങി. പ്രോസിക്യൂഷൻ അഡ്വക്കേറ്റ് വട്ടേക്കാടനെ രൂക്ഷമായൊന്നു നോക്കി.

കോടതി നിശ്ശബ്ദമായി..

“സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാലും,പോലീസിന്റെ ഭാവനാ സൃഷ്ടിയാണ് ഈ കേസെന്നും കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ആയതിനാൽ പ്രതിയുടെ നിരപരാധിത്വം മനസ്സിലാക്കിയ സാഹചര്യത്തിൽ പ്രതി ശ്രീനന്ദയെ നിരുപാധികം വിട്ടയക്കാൻ ഈ കോടതി ഉത്തരവിടുന്നു.

ഇക്കാലയളവിൽ പ്രതിക്ക് നേരിട്ട വലിയ നഷ്ടത്തിന് കോടതി മാപ്പു ചോദിക്കുന്നു. അതോടൊപ്പം തന്നെ ജയിലിൽ നിന്നും നേരിട്ട പീഢനത്തിന് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നീക്കി കൊണ്ട് അന്വോഷണത്തിനും ഈ കോടതി ഉത്തരവിടുന്നു.”

ഇരു കൈകളും കൂപ്പി നിറക്കണ്ണുകളോടെ ശ്രീനന്ദ ജഡ്ജിക്ക് മുന്നിൽ വണങ്ങി നിന്നു. രാമേട്ടന്റെ കണ്ണീര് ആനന്ദക്കണ്ണീരായി. മഹീന്ദ്രനെ കെട്ടിപ്പിടിച്ച് രാമേട്ടൻ പൊട്ടിക്കരഞ്ഞു.

ബസിലാണ് നാട്ടിലേക്കുള്ള മടക്കം. മാത്യുസാറ് തന്നെപോയി അവർക്ക് നാലു പേർക്കുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തു വന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഭക്ഷണവും കഴിച്ചിട്ടാണ് ഇറങ്ങിയത്.

“ചെയ്തു തന്ന ഉപകാരങ്ങക്കൊക്കെ എങ്ങനാ നന്ദി പറയേണ്ടന്ന് നിയ്ക്കറിയില്ല്യ.. രാവും പകലും ന്റെ കുട്ടിയ്ക്ക് വേണ്ടിയാ ഓടിയത്.. മറക്കില്ല്യ.. മരണം വരെ.. “

മാത്യു സാറിന്റെ കൈയ്യിൽ പിടിച്ച് രാമേട്ടൻ വിതുമ്പി.

“എന്റെ മോൾക്ക് വേണ്ടി ഞാനല്ലാതെ പിന്നാരാ ഓടേണ്ടത്.. ഇതും എന്റെ മോളല്ലെ രാമേട്ടാ.. എനിക്കും ഇല്ലെ ഇതുപോലൊന്ന്..”

മാത്യു സാറിന്റെയും ശബ്ദമിടറി, കണ്ണും നിറഞ്ഞു.

“ഇനിയൊന്ന് കൊണ്ടും മോള് വെഷിക്കണ്ട.. ഉറങ്ങാൻ നേരം കണ്ട ഒരു ദുഃസ്വപ്നം.. അങ്ങിനെ കണ്ട് മറക്കണം എല്ലാം. ഒരുപാട് കരഞ്ഞു തീർത്തില്ലെ.. ഇനീ കണ്ണ് നിറയരുത്..”

ശ്രീനന്ദയെ സമാധാനിപ്പിക്കാനും മാത്യു സാറ് മറന്നില്ല. അവളെ തലയിൽ കൈ വെച്ച് അനുഗ്രഹിക്കുകയും ചെയ്തു.

“അപ്പോ വക്കീലെ.. ഈ വഴി വരുമ്പോ മാത്യുസിനെ വിളിക്കാൻ മറക്കണ്ട.. നമുക്കൊന്ന് കൂടാന്നെ.. ന്ത്യേ..?”

മാത്യുസിന്റെ പറച്ചില് കേട്ട് ശ്രീനന്ദയ്ക്കടക്കം ചിരിയാണ് വന്നത്. കുറച്ചു കാലങ്ങൾക്ക് ശേഷം അവളുടെ ചുണ്ടിൽ വിരിഞ്ഞ ആദ്യ പുഞ്ചിരി.

“മാത്യുസെ.. അവിടുന്നെ ഞാൻ വിളി തുടങ്ങും.. നീയൊരുക്കി വെച്ചേക്കണം..”

കൈ കൊണ്ട് ആഗ്യം കാണിച്ച് വക്കീല് പറഞ്ഞു. അക്കാര്യം ഞാനേറ്റെന്ന മട്ടിൽ മാത്യൂസ് തലകുലുക്കി സമ്മതം മൂളി. ബസ് പുറപ്പെടാനുള്ള സമയമായിത്തുടങ്ങി. മാത്യു സാറിനോട് യാത്രപറഞ്ഞ് അവർ ബസിലേക്ക്ക യറിയിരുന്നു.

അമ്മാവനൊപ്പമാണ് ശ്രീനന്ദ ഇരുന്നത്. തൊട്ടപുറകിലെ സീറ്റിലായി വട്ടേക്കാടനും മഹീന്ദ്രനും ഇരുന്നു. ബാംഗ്ലൂർ നഗരത്തോട് യാത്ര പറഞ്ഞ് ബസ് മുന്നോട്ടു നീങ്ങിത്തുടങ്ങി.

പെട്ടന്നാരൊ തട്ടി വിളിച്ചപ്പോഴാണ് ഹരി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. നോക്കുമ്പോ അവന് മുന്നിൽ കുനിഞ്ഞു നിൽക്കുന്ന ഹെയർ ഹോസ്റ്റസ്.

“please put your seat belt..we are ready for landing..”

ഹരിയോടായി പറഞ്ഞു കൊണ്ട് അവർ തൊട്ടടുത്ത സീറ്റിലേക്ക് നീങ്ങി. വിൻഡോ ഗ്ലാസിലൂടെ താഴെ കാണുന്ന പച്ചപ്പിലേക്ക് ആർത്തിയോടെ നോക്കി. മനസ്സിൽ കുളിരു നിറഞ്ഞു. ഭീമാകാരനായ ആകാശപ്പക്ഷി നിലം തൊടാനായി ഭൂമിയിലേക്ക്
താഴ്ന്നടുത്തു. പിൻചക്രം റൺവെയിലുരസി പുക പരത്തി.

ലഗേജൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ചെക്കിംഗും എമിഗ്രേഷനും കഴിഞ്ഞ് ഹരി പുറത്തെത്തി. പുറത്ത് ചന്ദ്രൻ കാത്തു നിൽപ്പുണ്ട്.

“ചന്ദ്രാ നിന്റെ ഫോണൊന്ന് താ ഞാന് വീട്ടിലേക്കൊന്നു വിളിക്കട്ടെ “

ചന്ദ്രനെ കണ്ടപാടെ ഹരി ചോദിച്ചു.

“ഞാനച്ഛനെ വിളിച്ച് പറഞ്ഞതെ ഒള്ളൂ.. നിന്റെ ഫ്ലൈറ്റ് ലാൻഡ് ചെയ്തെന്ന്..നിയിപ്പോ നേരെ വീട്ടിലേക്കല്ലെ പോണത്..”

“വീട്ടിലേക്കോ..?”

ചന്ദ്രൻ പറഞ്ഞത് കേട്ട് ഹരി സംശയത്തോടെ ചോദിച്ചു. അതിനുള്ള മറുപടി ചന്ദ്രൻ ഒരു മൂളലിലൊതുക്കി.

“ശ്രീക്കുട്ടീനെ വീട്ടിലേക്ക് കൊണ്ടു വന്നോ..?”

ചന്ദ്രന്റെ മറുപടിയിൽ സംതൃപ്തിവരാതെ ഹരി വീണ്ടും ചോദിച്ചു. അപ്പഴേക്കും ചന്ദ്രൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്തിരുന്നു.

“ങേ.. ങ.. ഇന്നലെ കൊണ്ടന്ന്.. “

മറ്റെന്തോ ചിന്തയിലെന്നപോലെ ചന്ദ്രൻ പറഞ്ഞു.

“നീയിതേതു ലോകത്താ ചന്ദ്രാ.. നിനക്കെന്താടാ പറ്റിയെ..?”

ചന്ദ്രന്റെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി സംശയത്തോടെ ചോദിച്ചു കൊണ്ട് ഹരി കാറിലേക്ക് കയറി ഇരുന്നു.

“എനിക്കെന്തു പറ്റാൻ.. നിനക്ക് വെറുതെ തോന്നിയതാവും”

ചിരിക്കാൻ ശ്രമിച്ച് കൊണ്ട് ചന്ദ്രൻ ഹരിയെ സമാധാനിപ്പിച്ചു. എയർപോർട്ടിൽ നിന്നും കാറ് വീടനെ ലക്ഷ്യം വെച്ച് നീങ്ങിത്തുടങ്ങി

“ചന്ദ്രാ.. എന്താടാ ശ്രീക്കുട്ടിയ്ക്ക് പറ്റിയത്..? നീ എന്തൊക്കയൊ മറച്ച് വെക്കാൻ ശ്രമിക്ക്ന്ന്ണ്ട്..?”

സംശയത്തോടെയാണ് ഹരി ചോദിച്ചത്.

“എന്തു മറച്ചുവെക്കാനാ ഹരീ ഞാൻ..”

ഹരിക്ക് മുഖം കൊടുക്കാതെ ഡ്രൈവിംഗിൽ ശ്രദ്ധി കൊണ്ട്ച ന്ദ്രൻ പറഞ്ഞു.

പിന്നീടൊന്നും ചോദിക്കാൻ നിന്നില്ല ഹരി. പക്ഷെ അവന്റെ മനസ്സിൽ എന്തൊക്കയൊ ചില സംശയങ്ങൾ ഊറി വന്നു. ആലോചനയോടെ സീറ്റല്പം പുറകിലേക്ക് വലിച്ചിട്ട് ചാരിക്കിടന്ന് കണ്ണടച്ചു. പെട്ടന്ന് ചന്ദ്രന്റെ ഫോൺ ശബ്ദിച്ചു.. ഹരിയെ ശ്രദ്ധിച്ച് കൊണ്ട് ചന്ദ്രൻ ഫോണെടുത്തു..

“ങ പറ ഫൈസലേ.. വന്ന് കൊണ്ടിരിക്ക്യാ.. ഇല്ല.. ങ ശരി..”

കൂടുതലൊന്നും സംസാരിക്കാതെ ചന്ദ്രൻ വേഗം ഫോൺ കട്ട് ചെയ്തു.

“ആരാ ഫൈസലാ വിളിച്ചത്..?”

കിടന്ന കിടപ്പിൽ കണ്ണുതുറക്കാതെ തന്നെ ഹരി ചോദിച്ചു.

“ങ.. പുറപ്പെട്ടോന്നറിയാൻ വിളിച്ചതാ.. അവന്റെ അളിയന്റെ വണ്ടിയാ ദ്..”

പെട്ടന്ന് തന്നെ ചന്ദ്രൻ മറുപടിയും കൊടുത്തു. പിന്നീടൊന്നും ഹരി ചോദിച്ചില്ല. അരുതാത്തതെന്തോ ശ്രീക്കുട്ടിയ്ക്ക് സംഭവിച്ചിട്ടുണ്ട്. ആരും ഒന്നും പറയുന്നില്ല. പലതും എന്നിൽ നിന്നും മറച്ചു പിടിക്കുന്നു..

കണ്ണടച്ചു കിടന്നെങ്കിലും സംശയങ്ങളുടെ തിരയിളക്കം അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി.

നാല് മാസം കഴിഞ്ഞു ശ്രീക്കുട്ടി വീട്ടിലെത്തിയിട്ട്. ശ്രീഹരിയുടെ വീട്ടിലാണ് അമ്മയും അവളും ഇപ്പോ ഉള്ളത്. പുറത്തിറങ്ങാതെ മുറിയിൽ തന്നെ ഒരേ ഇരുപ്പായിരുന്നു. അവളനുഭവിച്ച ദുരന്തത്തേക്കാൾ അവളെ വേദനിപ്പിച്ചത്അ ച്ഛന്റെ മരണമാണ്. കുറച്ചധികം സമയംതന്നെ എടുത്തു അതിൽ നിന്നും മുക്തിയാവാൻ.

അനുവാണ് അവളെ പതിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. രാവും പകലും അവൾക്ക് കൂട്ട് അനുവാണ്. എന്നും ഹരിയും വിളിക്കും,രണ്ടാളോടും സംസാരിക്കും. പതിയെപ്പതിയെ എല്ലാം മറന്നവൾ ജീവിതത്തിലേക്ക് വന്നു തുടങ്ങി. വീട്ടുജോലി കഴിഞ്ഞാൽ രണ്ടാളും അച്ഛന്റെ ഇടവും വലവുമായി തൊടിയിലുണ്ടാവും. വിളിക്കുമ്പോ അച്ഛൻ പറയും..

“ഹര്യേ.. നിയ്ക്കിപ്പോ രണ്ട് പെൺമക്കളെ കിട്ടിയടാന്ന്..”

ഇക്കഴിഞ്ഞ ശ്രീഹരിയുടെ പിറന്നാള് ശ്രീക്കുട്ടിയാണ് അനുവിനെ ഓർമ്മപ്പെടുത്തിയത്. പുറത്തായത് കാരണം അനുവിന് അമ്പലത്തിൽ പോവാനും പറ്റിയില്ല. രാവിലെ കുളിച്ച് തൊഴുത് അമ്പലത്തിൽ പോയി ഹരിയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് വഴിപാട് നടത്തിയത് ശ്രീക്കുട്ടിയാണ്.

അന്നത്തെ സദ്യവട്ടങ്ങളൊരുക്കിയതും അവള് തന്നെയായിരുന്നു. നിത്യവും രണ്ട് നേരം അമ്പലത്തിൽ പോയി തൊഴുത് വരും. ദേവീ പ്രതിഷ്ഠയാണ് തൃശ്ശേരി അമ്പലത്തില്. ദേവിയുടെ കടാക്ഷം ഒന്നുകൊണ്ട് മാത്രാ എല്ലാ ദുരന്തങ്ങളിൽ നിന്നും താൻ കരകയറിയതെന്നാണ് അവൾ ഉറച്ചു വിശ്വസിക്കുന്നത്. മുടങ്ങാതെ അച്ഛന്റെ അസ്ഥിത്തറയിൽ വിളക്കുവെക്കുന്നതും അവളാണ്. ഇങ്ങിനെ സന്തോഷത്തോടെ പോകുമ്പോഴാണ് അവൾക്കെന്തോ സംഭവിച്ചിരിക്കുന്നത്.

പെട്ടന്നുള്ള ആലോചനയിൽ ഹരി ഞെട്ടിയുണർന്നു. സൈഡ് ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി. നാടെത്തിയിരിക്കുന്നു. സീറ്റ് മുന്നിലേക്ക് വലിച്ചിട്ട് നേരെയായി നിവർന്നിരുന്നു. വീടടുക്കാറായിത്തുടങ്ങി. പതിവില്ലാതെ റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്ത് കിടക്കുന്നുണ്ട്.

“ഇതെന്താ ചന്ദ്രാ.. ഇവടെ ഇത്രേം വാഹനങ്ങള് പാർക്ക് ചെയ്തിരിക്ക്ണത്..?”

ഇരുവശത്തെയും വാഹനങ്ങൾ ശ്രദ്ധിച്ച് കൊണ്ട് സംശയത്തോടെ ഹരി ചോദിച്ചു.

“റോഡല്ലേ ഹരീ.. “

എന്തു പറയണമെന്നറിയാതെ ചന്ദ്രൻ പരുങ്ങി.

“ചന്ദ്രാ.. എന്താടാ.. ന്നോട് പറയടാ..?”

ഹരിയുടെ ശബ്ദം ഇടറി. കാറ് വീട്ടിലേക്കടുത്തു തുടങ്ങി. റോഡിന്റെ ഇരുവശവും വാഹനങ്ങളെകൊണ്ട് നിറഞ്ഞിട്ടുണ്ട്. വീടും പരിസരവും നാട്ടുകാരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. എന്താന്നറിയാത്ത അങ്കലാപ്പിലാണ് ഹരി കാറിൽ നിന്നും ഇറങ്ങിയത്. തടിച്ചു കൂടിയ ജനസാഗരത്തെ ഒന്നു കണ്ണോടിച്ചു. എല്ലാവരുടെയും മുഖത്ത് ദു:ഖം നിഴലിച്ചു നിൽക്കുന്നുണ്ട്. കുഞ്ഞിക്ക വന്ന് അവന്റെ കൈയ്പിടിച്ചു.

“വാ..”

ആളുകളെ വകഞ്ഞുമാറ്റി അവനെയും കൊണ്ട് കുഞ്ഞിക്ക ഉമ്മറത്തേക്ക് കയറി നിന്നു. എരിഞ്ഞു കത്തുന്ന ചന്ദനത്തിരിയുടെ ഗന്ധം അവന്റെ മൂക്കിലേക്ക് ഇരച്ചു കയറി. കാലിനു താഴെ തിരിയിട്ട് കത്തിച്ചുവെച്ച തിരിനാളവും അവൻ കണ്ടു. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ അവന്റെ കാഴ്ച്ചയെ മറച്ചു പതിയെ അകത്തളത്തിലേക്ക് കാലെടുത്തു വെച്ചു. അകത്തളത്ത് വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്ന പ്രിയപ്പെട്ടവളുടെ മുഖം കണ്ട് ഹരി അലമുറയിട്ട് കരഞ്ഞു. വീട്ടിനകത്ത് നിന്നും കൂട്ടക്കരച്ചിലുയർന്നു..!!!

തുടരും..