മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
അച്ഛനും കൃഷ്ണമ്മാമയും ഉമ്മറത്തിറത്തിരുന്ന് വല്ല്യ സംസാരത്തിലാണ്.
ചന്ദ്രൻ പറഞ്ഞയച്ച ടാക്സിക്കാരനും എത്തിയിട്ടുണ്ട്. ശ്രീലക്ഷ്മി രാത്രിയിലാ വന്നത്. അമ്മയ്ക്കൊപ്പം അടുക്കളയിലാണ്. സുഭദ്രമ്മായിയും ശ്രീക്കുട്ടിയും ഉണ്ടവിടെ.
ഹരിയും അനുവും മുകളിലത്തെ മുറിയിലാണ്. പോകാനുള്ള ഒരുക്കത്തിലാണ് ഹരി. കൊണ്ടുപോകാനുള്ള ഹരിയുടെ വസ്ത്രങ്ങളൊക്കെ എടുത്ത്ട്രോ ളി ബാഗിലേക്ക് മടക്കിവെക്കുകയാണ് അനു. കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ട്.
“എല്ലാം എടുത്ത് വെച്ചോ..?”
ഹരിയുടെ ചോദ്യത്തിന് മൂളിക്കൊണ്ട് തലയാട്ടി.
“ഈ കണ്ണീരോണ്ടാണൊ ന്ന പറഞ്ഞയക്ക്ണത്..?”
തന്നിലേക്ക് ചേർത്തി കൊണ്ടാണ് ഹരി ചോദിച്ചത്.
“ഇല്ല്യ ഹര്യേട്ടാ.. ഞാൻ കരയിണ്ല്ല്യ.. “
കൈകൊണ്ട് രണ്ടും കണ്ണും തുടച്ച് സങ്കടം ഒതുക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“ഹര്യേ… ഇറങ്ങാൻ നേരായൊ..?”
താഴെ നിന്നും അച്ഛൻ വിളിച്ചു ചോദിച്ചു.
“ദാ ഇറങ്ങിയച്ഛാ..”
അനുവിന്റെ തേങ്ങലുയർന്നു.
“ഹര്യേട്ടാ.. നിയ്ക്ക് കണ്ട് കൊതി തീർന്നിട്ടില്ല്യ..”
പൊട്ടിക്കരച്ചിലൂടെ ഹരിയുടെ രണ്ട് കവിളിലും അമർത്തി ചുംബിച്ചു. ഹരിയുടെ രണ്ട് കണ്ണും നിറഞ്ഞു തുളുമ്പി. അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവളുടെ നെറുകിൽ ചുംബിച്ചു.
ടോളിബാഗും തൂക്കി ഹരി താഴേക്കിറങ്ങിവന്നു. അനു കട്ടിലിൽ കമിഴ് കിടന്ന് കരയുവാണ്.
ബാഗ് വാങ്ങി അച്ഛൻ കാറിൽ കൊണ്ടു വെച്ചു.
“മോനെ ഹരീ.. അമ്മാവന്റെ ഏക ആശ്വാസം നീയായിര്ന്ന്..
ഇതുവരെ ഒരു പേടീംണ്ടായിര്ന്നില്ല നിയ്ക്ക്..
നീയിണ്ടല്ലോന്ന സമാധാനായിരുന്നു.
ഇനിയിപ്പോ ന്താ ചെയ്യേണ്ടന്ന് പോലും നിയ്ക്കറിയില്ല..”
അമ്മാവന്റെ വാക്കുകൾ ഇടറി.
“ഇല്ലമ്മാവാ.. എത്ര ദൂരത്താണങ്കിലും മനസ്സ് കൊണ്ട് ഞാൻ ഇവടത്തന്നണ്ട്.. അച്ഛനെ പറഞ്ഞ് ഏല്പ്പിച്ചിട്ടുണ്ടെല്ലാം.. ചന്ദ്രനും കൂടെയുണ്ടാകും, വേണ്ടതൊക്കെ അവര് ചെയ്തോളും. ഒരു കാര്യത്തിലും അമ്മാവൻ വെഷമിക്കണ്ട.. ശ്രീക്കുട്ടിയ്ക്ക് ഒന്നും സംഭവിക്കില്ല.. അതെന്റെ വാക്കാ..”
അമ്മാവനെ പറഞ്ഞു സമാധാനിപ്പിച്ചു.
“അച്ഛാ ചന്ദ്രൻ വരും.. കൃത്യസമയത്ത് ശ്രീക്കുട്ടിയെയും കൊണ്ട് ഗസ്റ്റ് ഹൗസിലെത്തണം. കുറച്ചു കാര്യങ്ങള് ഞാനവനെ പറഞ്ഞേല്പിച്ചിട്ടുണ്ട്.. അവശ്യം വന്നാ അതുപോലെയൊക്കെ ചെയ്യണം..”
അച്ഛനെയും കാര്യങ്ങളൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.
“ഇവടത്തെ കാര്യങ്ങളൊക്കെ ഞങ്ങള് നോക്കിക്കോളാം.. ന്റെ കുട്ടി അതൊന്നും ആലോചിച്ച് വെഷമിക്കണ്ട.. സമാധാനത്തോടെ ഇറങ്ങിക്കോ..”
എല്ലാവരോടും യാത്ര പറഞ്ഞ് അനുഗ്രഹം വാങ്ങി ഹരി മുറ്റത്തേക്കിറങ്ങി. തിരിഞ്ഞ് ശ്രീക്കുട്ടിയെ അടുത്തേക്ക് വിളിച്ചു. നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ ഹരിക്കരികിലേക്ക് ചെന്നുചെന്നു.
അവളെയും കൊണ്ട് അല്പം ദൂരത്തേക്ക് മാറിനിന്നു.
“ശ്രീക്കുട്ടി പറഞ്ഞത് ഇപ്പഴും ന്റെ കാതിലുണ്ട്.. അത് സത്യമാണെങ്കിക്കൂടി ഞാനത് വിശ്വസിക്കില്ല്യ. മടങ്ങിവരുമ്പോ പഴയ ശ്രീക്കുട്ടിയായിട്ട് നിയ്ക്ക്ക്ക് കാണണം.. തോറ്റു കൊടുക്കരുത്.. ഒരാളുടെയും മുന്നിൽ..”
അതും പറഞ്ഞ് ഹരി കാറിൽ ചെന്നു കയറി. കാറ് അവനെയും കൊണ്ട് പടിപ്പുരയും കടന്ന് നീങ്ങിയകന്നു. തോരാത്ത കണ്ണീരോടെ കണ്ണിൽ നിന്നും മറയുന്നത് വരെ അനു ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.
ഗസ്റ്റ് ഹൗസിന് പുറത്ത് അക്ഷമയോടെ കാത്തിരിക്കുകയാണ് ഹരിയുടെ അച്ഛനും ശ്രീക്കുട്ടിയുടെ അച്ഛനും.ഒപ്പം ചന്ദ്രനും ഉണ്ട്.
“ചന്ദ്രാ.. ഹരി നിന്നെന്തോ പറഞ്ഞേല്പിച്ചിട്ട്ണ്ടെന്ന് പറഞ്ഞ്..”
അല്പം മാറി നിന്നാ ഹരിയുടെ അച്ഛൻ രാമേട്ടൻ ചന്ദ്രനോട് ചോദിച്ചത്.
“അതൊരു വക്കിലിന്റെ കാര്യാ.. അഡ്വക്കേറ്റ് വട്ടേക്കാടൻ..”
“വട്ടേക്കാനൊനൊ..?”
രാമേട്ടൻ സംശയത്തോടെ ചോദിച്ചു.
“ങ.. അഡ്വ: ജോൺ ഫിലിപ്പ് വട്ടേക്കാടൻ.. അതാ മുഴുവൻ പേര്, വട്ടേക്കാടൻ വക്കീലെന്നാ അറിയണപ്പെട്ണത്. ഞാനും ഹരിയും വക്കീലിനെ പോയി കണ്ടിരുന്നു.”
ചന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു.
“എന്തിനാടാ ചന്ദ്രാ വക്കീലൊക്കൊ..?”
രാമേട്ടൻ സംശയത്തോടെ വീണ്ടും ചോദിച്ചു.
“അത് രാമേട്ടാ.. കാര്യങ്ങളൊക്കെ ആകെ കൊഴഞ്ഞുമറിഞ്ഞാ കെടക്കണത്.. ശ്രീക്കുട്ടിന്റെ കാര്യത്തില് എന്ത് വേണങ്കിലും നടക്കും.. വല്ലതും സംഭവിച്ചാ സഹായത്തിനാ വക്കീല്.. എല്ലാ കാര്യങ്ങളും ഹരി പറഞ്ഞേല്പിച്ചിട്ടുണ്ട് വക്കീലിനെ..”
“എന്തൊക്കയാടാ ചന്ദ്രാ നീയീ പറയ്ണത്.. നിയ്ക്കൊന്നും തിരിയ്ണില്ല്യ..”
രാമേട്ടൻ വേവലാതിപ്പെട്ടു.
മണിക്കൂർ നാലായി ശ്രീക്കുട്ടിയെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട്. ഇതുവരെ ഒരു വിവരവും പുറത്തേക്ക് കിട്ടിയിട്ടില്ല.
ഫയൽ തുറന്ന് കുറച്ച് പേപ്പറുകളെടുത്ത് ഉദ്യോഗസ്ഥൻ ശ്രീക്കുട്ടിക്ക് മുന്നിൽ വെച്ചു. തുടർന്ന് ശ്രീക്കുട്ടിയോട് ചോദിച്ചു തുടങ്ങി..,
“Meditech International എന്ന അരവിന്ദ്ന്റെ കമ്പനി ശ്രീനന്ദയുടെയുംകൂടി പേരിലായിരുന്നു.. അല്ലേ..?”
“അതെ..!”
“ഇക്കാര്യം ശ്രീനന്ദക്ക് അറിയാമായിരുന്നൊ.?”
മറ്റൊരു ഉദ്യോഗസ്ഥൻ ചോദിച്ചു.
“ഇല്ല്യ..”
“എന്ത്കൊണ്ടറിഞ്ഞില്ല…?”
പെട്ടന്നായിരുന്നു ഓരോ ചോദ്യവും. പതറാതെ തന്മയത്വത്തോടെയാണ് ഓരോ ചോദ്യത്തിനുള്ള മറുപടിയും കൊടുക്കുന്നത്.
“ന്നോട് പറഞ്ഞില്ല.. ഒരു കാര്യവും ന്നോട് പറയാറില്ല്യ.. ഞാൻ ചോദിയ്ക്കാനും നിയ്ക്കാറില്ല..”
”ശരി, നിങ്ങൾ അറിഞ്ഞില്ല ചോദിച്ചില്ല.. വിശ്വസിക്കുന്നു.. പക്ഷെ എങ്ങനെയാണ് കമ്പനിയുടെ ലീഗൽ എഗ്രിമെന്റ്പേ പ്പറിൽ ശ്രീനന്ദയുടെ ഒപ്പ് വന്നത്..? അത്യാവശ്യം എജുക്കേറ്റഡാണ് ശ്രീനന്ദ.. ഒരെഗ്രിമെന്റ് പേപ്പറിൽ ഒപ്പുവെക്കുമ്പോ ഏതൊരാളും മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നു വായിച്ചു പോകും. അതും ചെയ്തില്ലെന്നാണൊ ശ്രീനന്ദ പറയാനുദ്ധേശിക്കുന്നത്..? അതോ ഒപ്പ് വ്യാജമാണെന്നോ..?”
ചിരിച്ച് കൊണ്ട് സഹ ഉദ്യോഗസ്ഥനെ ഒന്നു നോക്കി.
“അല്ല…”
ശ്രീക്കുട്ടിയുടെ മറുപടി കേട്ട് ഉദ്യോഗസ്ഥർ സംശയത്തോടെ പരസ്പരം ഒന്നു നോക്കി.
ശ്രീനന്ദ തുടർന്നു..
“അതെന്റെ ഒപ്പ് തന്നെയാണ്. പക്ഷെ ഞാനൊപ്പ്ട്ടത് കമ്പനിയുടെ പേപ്പറിലല്ല.. പുതിയ ഫ്ലാറ്റിന്റെ എഗ്രിമെന്റ് പേപ്പറിലാണ്..”
ഉദ്യോഗസ്ഥൻ സംശയത്തോടെ ശ്രീനന്ദയെ നോക്കി.
“വാടകക്കായിരുന്നു ആദ്യം താമസിച്ചിരുന്നത്. പുതിയ ഫ്ലാറ്റിന് അഡ്വാൻസ് കൊടുത്തിട്ട്ണ്ടെന്നും 6 മാസത്തിനുള്ളിൽ അങ്ങോട്ട് മാറുമെന്നും,
എന്റെയും അരവിന്ദ്ന്റെയും പേരിലാ പുതിയ ഫ്ലാറ്റ് വാങ്ങിക്കുന്നതെന്നും പറഞ്ഞാ എന്നോട് എഗ്രിമെന്റ്പേ പ്പറിൽ ഒപ്പുവെക്കാൻ പറഞ്ഞത്. അല്ലാതെ കമ്പനിയുടെ ഒരു പേപ്പറിലും ഞാനൊപ്പ് വെച്ചിട്ടില്ല്യ.”
അവൾ പറഞ്ഞു നിർത്തി.
Ok, അപ്പോ സ്റ്റീഫന് കൊടുത്ത ബ്ലാങ്ക് ചെക്ക് ..? അതും ശ്രീനന്ദയുടെ പേരിലാണ്.
ഉല്യാഗസ്ഥന്റെ മറു ചോദ്യം വന്നു.
“സ്റ്റീഫൻ വന്ന് ബഹളം വെച്ച് പറഞ്ഞപ്പഴാ അക്കാര്യവും ഞാനറിയിണത്. പുതിയ ഫ്ലാറ്റ് രണ്ടാളുടെയും പേരിലായത്കൊണ്ട് ഗ്യാരണ്ടി ചെക്ക് വേണംന്ന് പറഞ്ഞിട്ടാ ന്റടുത്ത്ന്ന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വാങ്ങിച്ചത്.”
പതറാതെ തന്നെ അവൾ മറുപടി കൊടുത്തു.
“സ്വന്തം ഭാര്യയിൽ നിന്നും എല്ലാം മറച്ചുപിടിക്കുന്ന ഭർത്താവ്..
Good Husband..! കമ്പനിയുടെ യഥാർത്ഥ ഉടമ അരവിന്ദല്ല.. You..”
ശ്രീനന്ദയുടെ മുഖത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.
“You are the Managing Director of Meditech Interenational,
He is just managin partner..
സ്വന്തം ഭാര്യ പോലും അറിയാതെ, ഭാര്യയുടെ പേരിൽ ഇങ്ങനെയൊരു കമ്പനി തുടങ്ങിയതു പിന്നിൽ അയാൾക്ക് മറ്റെന്തൊക്കയൊ ലക്ഷ്യങ്ങളുണ്ടായിക്കാണും.”
ഉദ്യോഗസ്ഥൻ പറഞ്ഞു നിർത്തി.
“എല്ലാ കാര്യവും ഭാര്യയിൽ നിന്നും മറച്ചുപിടിച്ച ഭർത്താവ് എല്ലാം അറിഞ്ഞു കഴിയുമ്പോ സ്വാഭാവികമായും ഏതൊരു ഭാര്യക്കും ഉണ്ടാകുന്ന ദേഷ്യം, വെറുപ്പ്, കോപം.. ഇതൊക്കെ ത്തന്നെയാണ് അരവിന്ദ്ന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പറഞ്ഞാൽ നിഷേധിക്കാൻ പറ്റില്ല ശ്രീനന്ദക്ക്..”
പറഞ്ഞു കൊണ്ട് ഉദ്യോഗസ്ഥൻ മേശക്ക് മുകളിൽ ആഞ്ഞടിച്ചു. അതുവരെ പതറാതെ പിടിച്ചിരുന്ന ശ്രീനന്ദി ഞെട്ടിത്തരിച്ചു.
“ഇല്ല ഞാൻ കൊന്നിട്ടില്ല..”
അവൾ നിറക്കണ്ണുകളോടെ പറഞ്ഞു.
“വിശ്വസിക്കാൻ പ്രയാസമാണ് ശ്രീനന്ദ.. ചോദിക്കാൻ ഇനിയുമുണ്ട് ചോദ്യങ്ങൾ..ഉത്തരം മുട്ടിപ്പോവും. സംഭവം നടക്കുമ്പോൾ വീട്ടിലുള്ളത് ശ്രീനന്ദമാത്രം.. വിഷക്കുപ്പിയിലുള്ള വിരലടയാളവും ശ്രീനന്ദയുടേത് അതു തന്നെ ധാരാളം.
So please co operative..”
അതും പറഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിപ്പോയി. ആ വലിയ മുറിയിൽ ശ്രീക്കുട്ടി ഒറ്റക്കായി. അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.
എമിഗ്രേഷൻ കഴിഞ്ഞ് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയതെ ഉളളൂ ഹരി. പുറത്ത് അനൂന്റെ വല്ല്യമ്മേട മോൻ സേതു വണ്ടിയും കൊണ്ട് കാത്തുനിക്കുന്നുണ്ട്.
ഇറങ്ങിയ പാടെ അനുന്റെ ഫോണിലേക്ക് വിളിച്ചു. ഫോൺ സ്വിച്ചോഫ് ആണ്. സേതുന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നത്. അച്ഛന്റെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നുമില്ല. അമ്മാവന്റെ ഫോൺ പരിധിക്ക് പുറത്തെന്നും പറയുന്നു. സമാധാനമില്ലാതെയാണ് ഹരി കാറിലിരിക്കുന്നത്. ചന്ദ്രനെ വിളിച്ചിട്ട് അവനും എടുക്കുന്നില്ല. ഹരിക്ക് ദേഷ്യവും വരുന്നുണ്ട്.
ഒന്നുകൂടി ചന്ദ്രന്റെ ഫോണിലേക്ക് വിളിച്ചു.. ചന്ദ്രൻ ഫോൺ എടുത്തു..
“ചന്ദ്രാ.. എത്ര നേരായി വിളിക്ക്ണു.. ഒരെണ്ണത്തിനെയും കിട്ടുന്നുംല്യ എടുക്കുന്നുംല്യ.. എന്താ അവടത്തെ കാര്യങ്ങള്..?”
ദേഷ്യപ്പെട്ടാ ഹരി ചോദിച്ചത്.
“ഹരീ.. ശ്രീക്കുട്ടിയെ അറസ്റ്റ് ചെയ്തു.. “
ഞെട്ടലോടെയാണ് ഹരി ആ വാർത്ത കേട്ടത്. അവന് കണ്ണിൽ ഇരുട്ട് കയരുന്നതുപോലെ തോന്നി.
“ഹരീ..”
മറുപടിയൊന്നും കേൾക്കാതയപ്പോ ചന്ദ്രൻ വിളിച്ചു. ഹരിയൊന്ന് മൂളി.
“എടാ.. കൃഷമ്മാമ പോയി..”
ഇടിത്തി പോലയാ ഹരിയത് കേട്ടത്. താങ്ങാവുന്നതിലപ്പുറമായിരുന്നു. അടക്കിപ്പിച്ച സങ്കടങ്ങളെല്ലാം പൊട്ടിക്കരച്ചിലായി മാറി..!!!
തുടരും..