ഒറ്റമന്ദാരം ❤️ ~~ഭാഗം 16 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

അച്ഛനും കൃഷ്ണമ്മാമയും ഓടിക്കിതച്ച് ആശുപത്രിയിലെത്തി.

പുറത്ത് ഡ്രൈവർ ചന്ദ്രൻ നിൽക്കുന്നുണ്ട്. എങ്ങിനയൊ വിവരം അറിഞ്ഞ് എത്തിയതാണ് ചന്ദ്രൻ.

ചന്ദ്രനെ കണ്ടതും..,

“ഹരിയെവിടെ…?

എന്താടാ ചന്ദ്രാ ന്റെ കുട്ടിയ്ക്ക് പറ്റ്യേ..?”

സങ്കടപ്പെട്ട് വെപ്രാളത്തോടെ അച്ഛൻ ചോദിച്ചു

“ഒന്നൂല്ല രാമേട്ടാ.. ബൈക്ക് ചെറുതായിട്ടൊന്ന് തട്ടി.. അത്രേ ഒള്ളൂ..”

ചന്ദ്രൻ ഹരിയുടെ അച്ഛനെ സമാധാനിപ്പിച്ചു.

“എടാ ചന്ദ്രാ… സത്യം പറ.. നീയവനെ കണ്ടോ..?”

ക്ഷമയില്ലാതെ കൃഷ്ണമ്മാമനാണ് ചോദിച്ചത്.

“ന്റെ കൃഷ്ണേട്ടാ… ഞാനവനെ കണ്ടു നമ്മട ഹരിക്കൊന്നും പറ്റിയിട്ടില്ല.. ഒരു എക്സറേ എടുക്കാൻ വേണ്ടി കൊണ്ടോയതാ..”

ചന്ദ്രൻ അമ്മാവനെയും സമാധാനിപ്പിച്ചു.

“എന്റീശ്വരാ.. എക്സറെ എടുക്കാനൊ.. എവിടയാടാ അത്..?”

സമാധാനമില്ലാതെ അച്ഛൻ ചോദിച്ചു.

“വാ..”

ചന്ദ്രൻ അവരെയും കൂട്ടി എക്സറേ റൂമിനടുത്തേക്ക് പോയി.

അങ്ങോട്ടെത്തിയതും എക്സറെ റൂമിൽ നിന്നും ഹരി പുറത്തേക്കിറങ്ങി വന്നു. അവനെ കണ്ടപ്പോഴാണ് അച്ഛനും അമ്മാവനും ശ്വാസം നേരെ വീണത്. അച്ഛനെയും അമ്മാവനെയും കണ്ടതും..,

“നിങ്ങളെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്…?”

ഇഷ്ടപ്പെടാത്ത മട്ടിലാ ഹരി ചോദിച്ചത്.

“ചന്ദ്രന്റെ ഫോൺ വന്നപ്പോ കേട്ട പാതി കേക്കാത്ത പാതി ഇറങ്ങി ഓടിയതാ..

നിന്നെ കാണുന്നത് വരെ അച്ഛന്റെ നെഞ്ചില് തീയായിര്ന്നു മോനെ.. ഇപ്പഴാടാ അച്ഛന് സമാധാനായത്..”

വികാരധീരനായി അച്ഛൻ പറഞ്ഞു. അത് കേട്ടപ്പോഹരിക്ക് ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോയി.

“എനിയ്ക്കൊന്നും പറ്റിയിട്ടില്ലച്ഛാ.. വണ്ടിയൊന്ന് സ്ലിപ്പായതാ അത്രയെ ഒള്ളൂ..

ദാ നോക്ക്… മുട്ടിത്തിരി അരങ്ങിയിട്ടുണ്ട്… കൈയ്യും.., അമർത്തി ചവിട്ടുമ്പോ കാലിനൊരു വേദന.. അതാ എക്സ് റേ എടുത്ത് നോക്കാൻ ഡോക്ടർ പറഞ്ഞത്..”

ഹരി അച്ഛനെയും അമ്മാവനെയും സമാധാനിപ്പിച്ചു.

“ചന്ദ്രനാ വിളിച്ചു പറഞ്ഞ് പേടിപ്പിച്ചത്..”

ഹരി ചന്ദ്രനെ നോക്കി.

“വിളിച്ചു പറഞ്ഞൂന്നുള്ളത് നേരാ… പക്ഷെ പറഞ്ഞ് പേടിപ്പിച്ചിട്ടില്ല..”

ചന്ദ്രൻ പറഞ്ഞു.

“വീട്ടിപ്പറഞ്ഞോ അച്ഛാ…?”

സംശയത്തോടെയാ ചോദിച്ചത്.

”എന്നാ നല്ല ശേലായി,നെലവിളിച്ച് കൊണ്ട് വന്നേനെ എല്ലാം കൂടി..”

അപ്പഴേക്കും എക്സറേയുടെ റിസൾട്ട് കിട്ടി. പൊട്ടോ ചതവോ ഒന്നും തന്നെയില്ല.

വീഴ്ച്ചയിലുള്ള വേദനയാണ്. വേറെ പറയത്തക്ക കുഴപ്പമൊന്നും ഇല്ല. ഫാർമസിയിൽ നിന്ന് മരുന്നും വാങ്ങിച്ച് ചന്ദ്രന്റെ ഓട്ടോയിൽ നേരെ വീട്ടിലേക്ക് പോയി.

വെപ്രാളപ്പെട്ട് ഇറങ്ങിപ്പോയ അച്ഛൻ ചന്ദ്രന്റെ ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ട് പന്തികേട് തോന്നി അമ്മ ഉമ്മറത്തേക്കിറങ്ങി വന്നു. അച്ഛന്റെ തോളിൽ പിടിച്ചാണ് ഹരി ഓട്ടോയിൽ നിന്നിറങ്ങിയത്.

ഇത് കണ്ടതും..

“ഈശ്വരാ.. ന്താ ന്റെ കുട്ടിയ്ക്ക് പറ്റ്യേ…?”

നിലവിളിയോടെ അമ്മ മുറ്റത്തേക്കിറങ്ങി വന്നു.

“എന്താ അമ്മേ…?”

അമ്മയുടെ നിലവിളി കേട്ട് വിളിച്ച് ചോദിച്ച് കൊണ്ട് അകത്ത്നി ന്ന് അനുവും ഉമ്മറത്തേക്ക് ഓടിയെത്തി.

ഹരിയുടെ നിപ്പ് കണ്ടതും..

“ഹര്യേട്ടാ…”

നിലവിളിയോടെ അവളും മുറ്റത്തെത്തി. ഇവിടുത്തെ ബഹളം കേട്ട് തറവാട്ടിൽ നിന്ന് അമ്മായിയും ശ്രീക്കുട്ടിയും ഓടിയെത്തി. അയൽവാസികളും എത്തി. മുറ്റം മുഴുവൻ ആളായി.

ഇതെല്ലാം കണ്ട് അന്തംവിട്ട് നിന്നു ചന്ദ്രൻ.

“അവന്റെ ബൈക്കൊന്ന് മറിഞ്ഞു. ദൈവാധീനം കൊണ്ട് അവനൊന്നും പറ്റിയിട്ടില്ല..”

കൃഷ്ണമ്മാമയാണ് പറഞ്ഞത്. കേട്ടതും അമ്മ വീണ്ടും കരയാൻ തുടങ്ങി.

“എന്റമ്മേ… ഈ കരച്ചിലൊന്ന് നിർത്ത്..”

ഹരി ദേഷ്യപ്പെട്ടു.

“ഹര്യേട്ടാ… എന്താ പറ്റിയെ ഹര്യേട്ടന്..?

കരച്ചിലോടെ അനൂന്റെ ചോദ്യവും വന്നു.

“ഹോ… എനിക്കൊന്നും പറ്റിയിട്ടില്ല്യ.. ജീവനോടെ നിക്ക്ണത് കണ്ടില്ല്യേ.. പിന്നെന്തിനാ ഈ കൂട്ടക്കരച്ചില്.. “

സഹികെട്ട് ദേഷ്യത്തോടെ ഹരി ഉച്ചത്തിൽ ചോദിച്ചു. അതോടെ എല്ലാവരുടെയും കരച്ചിൽ നിന്നു.

“ശ്രീയേട്ടാ….”

സങ്കടത്തോടെയാണ് ശ്രീക്കുട്ടി വിളിച്ചത്. ആ വിളിയിൽ അവന്റെ മനസ്സൊന്ന് തണുത്തു.

“ഇല്ല ശ്രീക്കുട്ട്യേ… നിയ്ക്കൊന്നും പറ്റിയിട്ടില്ല്യ. അടിതെറ്റിയാൽ ആനേം വീഴുന്നല്ലെ.. ഞാനും ഒന്നു വീണു.. അത്രേ ഉള്ളൂ…അതിനാ കരഞ്ഞ് ബഹളം വെച്ച് ഇത്രേം അളക്കൂട്ടിയത്..”

അതും പറഞ്ഞ് വേച്ച് വേച്ച് ഉമ്മറത്തേക്ക് കയറി. ശ്രീക്കുട്ടി പോകാൻ തുനിഞ്ഞതാ, അപ്പഴേക്കും അനു ചെന്ന് ഹരിയെ പിടിച്ചു. അവളുടെ കൈയ്യും പിടിച്ച് ഹരി വീടിനകത്തേക്ക് കയറിപ്പോയി.

അയൽവാസികളും പിരിഞ്ഞു പോയി.

അമ്മായിയും അമ്മാവനും തറവാട്ടിലേക്ക് നടന്നു, ഒപ്പം ശ്രീക്കുട്ടിയും. രണ്ടടി നടന്ന് അവളൊന്നു തിരുഞ്ഞു നോക്കി, മുറ്റത്ത് ആരുമില്ല. നിറഞ്ഞ കണ്ണുകൾ തുടച്ച് തിരിഞ്ഞ് വീട്ടിലേക്ക് നടന്നു.അകത്ത് ജനവാതിലിലൂടെ അനു ഇതെല്ലാം കാണുന്നുണ്ടായിരുന്നുരുന്നു.

ഹരിയെ കുളിപ്പിച്ച് കൊടുക്കുകയാണ് അനു. നല്ല അനുസരണയുള്ള കുട്ടിയായിട്ട് ഇരുന്ന് കൊടുക്കുന്നുണ്ട്.മുറിവുള്ള ഭാഗം നനയാതിയി കവറ് കൊണ്ട് കെട്ടിയിട്ടുണ്ട്.

“ഹര്യേട്ടാ…. ശെരിയ്ക്കും ന്താ ണ്ടായെ..?”

സംശയം വെച്ച് അനു ചോദിച്ചു.

“പറഞ്ഞാ മതിയൊ, അതൊ ണ്ടായതെന്താന്ന് ഇവടെ ചെയ്ത് കാണിക്കണൊ..?”

തമാശ രൂപേണ ഹരി തിരിച്ചു ചോദിച്ചു.

“കള്ളം പറയാണ്ട് പറഞ്ഞാ മതി.., ന്റെ മോൻ കാണിക്കണ്ട…”

ഹരിയുടെ മുഖത്ത് നോക്കിപ്പറഞ്ഞു.

“ന്റെ പൊന്നുമോളെ… വരുന്ന വഴി നല്ല ചാറ്റൽ മഴയാർന്നു, ബ്രേക്ക് പിടിച്ചപ്പോ ടയറ് സ്ലിപ്പായി വീണു.. അത്രെ ഉള്ളൂ..”

“സത്യം..?”

സംശയത്തോടെ ഹരിയുടെ മുഖത്തേക്ക് നോക്കി അനു വീണ്ടും ചോദിച്ചു.

“സത്യം…!”

അനുവിന് മുഖം കൊടുക്കാതെ ഹരി പറഞ്ഞു.

“അല്ലാതെ ഹര്യേട്ടനെ ആരും ഉപദ്രവിച്ചതല്ലല്ലൊ…?”

ഹരിയുടെ മുഖം ഉയർത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു. ഒന്നും പറയാതെ അവളുടെ മുഖത്ത് നിന്നും ഹരി കണ്ണടുത്തു.

“ആരാ സ്റ്റീഫൻ…?”

അനു വീണ്ടും ചോദിച്ചു. ആ ചോദ്യത്തിൽ ഹരി ശരിക്കും ഞെട്ടി. സംശയത്തോടെ അവളെയൊന്നു നോക്കി.

“അച്ഛന്റെ ഫോണിലേക്ക് അയാള് വിളിച്ചുന്നു. ചന്ദ്രന്റെ ഫോൺ വന്ന വെപ്രാളത്തില് ഫോണെടുക്കാതയാ അച്ഛൻ ഹര്യേട്ടന്റടുത്തേക്ക് വന്നത്, അവടന്ന് കുറച്ച് കഴിഞ്ഞാ അയാള് വിളിച്ചത്.. ഞാനാ ഫോണെടുത്തത്..”

ഒരു വിധത്തിൽ അനുപറഞ്ഞു.

“ആരോടും പറയാതെ കണ്ണിലൊന്ന് കാണുന്നത് വരെ ഇതിനകത്ത് പിടിച്ചിരുന്നത് ഹര്യേ

ഹര്യേട്ടാ നിയ്ക്കും ദൈവത്തിന്വോ അറിയൂ…”

മുഴുമിപ്പിക്കാനാവാതെ അനു പൊട്ടിക്കരഞ്ഞു. അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് ഹരി ആശ്വസിപ്പിച്ചു.

“ജീവിച്ച് കൊതിതീർന്നിട്ടില്ല്യ നിയ്ക്ക്.. ഹര്യേട്ടനെന്തെങ്കിലും പറ്റ്യാപ്പിന്നെ ഞാനുണ്ടാവൂലട്ടൊ..”

ഹരിയെ കെട്ടിപ്പിടിച്ച് അനു പൊട്ടിക്കരഞ്ഞു. തന്നിലേക്ക് ചേർത്ത് പിടിച്ച് അവളെ സമാധാനിപ്പിച്ചു. അന്നേരം മനസ്സിലെന്തൊക്കയൊ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതവന്റെ കണ്ണുകളിൽ കാണാമായിരുന്നു.

വസ്ത്രം മാറി നേരെ പോയത് തറവാട്ടിലേക്കാണ്..

“ശ്രീക്കുട്ടി…”

ഉച്ചത്തിൽ വിളിച്ച് കൊണ്ടാണ് ഹരി കയറി വന്നത്. പതിവില്ലാത്ത വിളിയിൽ എന്തെന്നറിയാതെ പകച്ചു നിന്നു അമ്മാവനും അമ്മായിയും ശ്രീക്കുട്ടിയും.

“വാ…”

ശ്രീക്കുട്ടിയുടെ കൈയ്യിൽ പിടിച്ച് ഹരി പുറത്തേക്ക് നടന്നു.

“എന്താ ഹരീ… എങ്ങോട്ടാ നീ ഇവളെയും കൊണ്ട്…?

അമ്മാവൻ ചോദിച്ചു. അതിനൊന്നും അവൻ ചെവികൊടുക്കാതെ ശ്രീക്കുട്ടിയെയും വലിച്ചു മുറ്റത്തേക്കിറങ്ങി. അപ്പോഴേക്കും അനു അങ്ങോട്ട് ഓടിയെത്തി.തറവാട്ടിലേക്കുള്ള ഹരിയുടെ വരവിൽ പന്തികേട് തോന്നിയാണ് അനു അവിടേക്ക് ഓടിയെത്തിയത്.

“എന്താ ഹര്യേട്ടാ… ഇത്, എങ്ങോട്ടാ ശ്രീക്കുട്ടിയെയും കൊണ്ട്…?

കരഞ്ഞുകൊണ്ട് അനു ഹരിയെ തടഞ്ഞു.

“അനൂ മാറാൻ…”

ദേഷ്യത്തോടെ അനൂനെ പിടിച്ചു തള്ളിമാറ്റി. ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ് ശ്രീക്കുട്ടി. ശ്രീക്കുട്ടിയെ പിടിച്ച് കാറിലേക്ക് കേറ്റിയിരുത്തി.

“എന്റെ കുടുംബത്തിന് സമാധാനത്തോടെ ജീവിക്കണം.. ചെന്ന് കണ്ട് ചിലരെയൊന്ന് അത് ബോധ്യപ്പെടുത്തണം..”

അതും പറഞ്ഞ് കാറിലേക്ക് ചെന്ന് കയറി ശരവേഗത്തിൽ ഓടിച്ചു പോയി.

“ഹര്യേട്ടാ….”

അനു ഉച്ചത്തിൽ വിളിച്ചു.

അതിവേഗം കാറോടിച്ചു പോവുകയാണ് ഹരി. എന്തിനാണെന്നോ എങ്ങോട്ടാണെന്നോ അറിറിയാതെ പകച്ചിരിക്കുകയാണ് ശ്രീക്കുട്ടി.

പെട്ടന്ന് ഹരിയുടെ ഫോൺ ശബ്ദിച്ചു. ഹരി കോൾ അറ്റന്റ് ചെയ്തു.,

“ങ ചന്ദ്രാ… പറ.., എവടെ..? എസ്റ്റേറ്റ് ബംഗ്ലാവിലൊ..? ശരി..”

ഫോൺ ഡിസ്കണക്ട് ചെയ്ത് വന്നവഴി തിരിച്ച് എസ്റ്റേറ്റ് ബംഗ്ലാവിനെ ലക്ഷ്യം വെച്ച് കാറ് ചീറിപ്പാഞ്ഞു.

എസ്റ്റേറ്റ് ബാംഗ്ലാവിന്റെ കോമ്പൗണ്ടിലേക്ക് അതിവേഗത്തിൽ വന്ന കാറ് പൊടിപറത്തി വട്ടം കറങ്ങി നിന്നു. പുറത്തെ ശബ്ദം കേട്ട് സ്റ്റീഫനും സംഘവും കോമ്പൗണ്ടിലേക്കിറങ്ങി വന്നു.

പൊടിയുടെ അവ്യക്തതയിൽ സ്റ്റീഫൻ ശ്രീനന്ദയെ കണ്ടു. അവന്റെ മുഖത്ത് ഒരു പ്രത്യേക ചിരി നിറഞ്ഞു.

“കിട്ടേണ്ടത് കിട്ടിയപ്പോ നീയായിട്ട് തന്നെ കൊണ്ടുവന്നു തന്നു അല്ലേ ശ്രീഹരി..?”

പരിഹാസച്ചിരിയോടെ സ്റ്റീഫൻ ചോദിച്ചു.

“അതേടാ നിനക്ക് കാണിക്കയിടാൻ കൊണ്ടുവന്നതാ…”

ദേഷ്യം കൊണ്ട് ഹരി കിടന്നലറി.

സ്റ്റീഫനത് പിടിച്ചില്ല, അവന്റെ മുഖത്തെ പരിഹാസച്ചിരിമാഞ്ഞു. സ്റ്റീഫന്റെ ആജ്ഞയെന്നോണം ശിങ്കിടികളിൽ ഒരുത്തൻ ശ്രീക്കുട്ടിക്ക് നേരെ പാഞ്ഞടുത്തു.

കാലാഞ്ഞുവീശി അവന്റെ നെഞ്ചകം നോക്കി ഹരി ആഞ്ഞു ചവിട്ടി.ചവിട്ട് കൊണ്ട് അയാൾക്ക് ദൂരേക്ക് തെറിച്ചു വീണു. ഇതുവരെ കാണാത്ത ശ്രീയേട്ടന്റെ രൗദ്രഭാവം കണ്ട് ഞെട്ടിത്തരിച്ചു നിന്നു.

“വേണ്ട… കൈയ്യാങ്കളിക്ക് ഒരുമ്പെട്ടിറങ്ങ്യാ പിന്നെ നീ വിചാരിച്ചാലും നിർത്തില്ല്യ ഞാൻ..”

മുഷ്ടി ചുരുട്ടി പല്ലുറുമ്പി നിന്നു സ്റ്റീഫൻ.

“നിന്നെക്കുറിച്ച് കേട്ടത് ആണൊരുത്തനാണെന്നാ പക്ഷെ ഇന്നെനിക്കു ബോധ്യായി ആ പേരെ നെനക്കു ചേരൂ, പദവി ചേരല്ല്യ.. തല്ലാനാണേലും കൊ ല്ലാനാണേലും ചങ്കൂറ്റത്തോടെ മുന്നീനിന്ന് വേണം ചെയ്യാൻ…ആണുങ്ങളെപ്പോലെ”

പുശ്ചത്തോടെ സ്റ്റീഫനെ നോക്കി ഹരി പറഞ്ഞു.

“അടിച്ചുവീഴ്ത്താനുള്ളതിനെ അടിച്ചുവീഴ്ത്തണം.. എറിഞ്ഞു വീഴ്ത്താനുള്ളതിനെ എറിഞ്ഞും വീഴ്ത്തണം.. അതാ സ്റ്റീഫന്റെ രീതി…”

ഗൗരത്തിൽ സ്റ്റീഫനും പറഞ്ഞു.

“ആ രീതി എട്ടായി മടക്കീട്ട് മടിക്കുത്തില് വെച്ചാ മതി, ഇങ്ങോട്ടെടുക്കണ്ടാ.. അരവിന്ദുമായി നിനക്കുള്ള ഇടപാടിലേക്ക് ഇവളെ നീ വലിച്ചിഴച്ചാൽ… മോനെ സ്റ്റീഫാ.. പിന്നെ നീ ഉണ്ടാവില്ല്യ.”

താക്കീതിന്റെ സ്വരത്തിലാ ഹരി പറഞ്ഞത്. വാക്കിലും നോക്കിലും അത്രയേറെ മൂർച്ചയുണ്ടായിരുന്നു.

“ഇല്ല… ഇവളെ ഞാൻ വലിച്ചിഴക്കില്ല.. പക്ഷെ ഇവള് പറയണം ആ ഇടപാടുമായി ഇവൾക്കൊരു ബന്ധവുമില്ലെന്ന്..,

ഈ സ്റ്റീഫനുമായും ഒരു ബന്ധമില്ലെന്ന്..”

സ്റ്റീഫന്റെ ചോദ്യം കേട്ട് ശ്രീക്കുട്ടി സ്തംഭിച്ചു നിന്നു.മനസ്സിലെ ഭീതി ശ്രീഹരി അവളുടെ മുഖത്ത് നിന്നും വായിച്ചെടുത്തു.

“അവളല്ല ഞാൻ പറയും.., ഇതിന്റെ പേരിൽ ഇനിയും ആ വഴി നീ വന്നാ..”

ബാക്കി പറയാതെ വിരൽ കൊണ്ട് താക്കീത് കൊടുത്തു.

“ആ വഴിയല്ല.., ഏതു വഴി വേണേലും ഞാൻ വരും എന്റെ കാര്യത്തിൽ ഒരു തീരുമാനമാവുന്നത് വരെ.. അതുവരെ ഞാനിവിടത്തന്നെയുണ്ടാവും..”

പറഞ്ഞു കൊണ്ട് കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു. സ്റ്റീഫനെ തറപ്പിച്ച് നോക്കി കൊണ്ട് ഹരി അതിവേഗം കാറോടിച്ച് പോവുകയും ചെയ്തു.

മൊട്ടക്കുന്നിന്റെ മുകളിൽ മേടക്കാറ്റ് ആഞ്ഞുവീശുന്നുണ്ട്. അവിടെ നിന്ന് നോക്കിയാൽ അങ്ങ് ദൂരെ വരെ കതിരിട്ട് നിൽക്കുന്ന നെൽവയൽ കാണാം. പച്ചപ്പട്ട് വിരിച്ചതാണെന്ന് തോന്നും. അങ്ങറ്റത്ത് നീണ്ടു കിടക്കുന്ന റെയിൽ പാളവും കാണാം.

ദൂരക്കാഴ്ച്ചകളിലേക്ക് നോക്കി നിൽക്കുകയാണ് ശ്രീക്കുട്ടി.

“ഇതുവരെ നിന്നോടൊന്നും ഞാൻ ചോദിച്ചിട്ടില്ല്യ പലതും ഞാൻ കേട്ടു.. നിനക്ക് വെഷമാവുംന്ന് കരുതിയാ ഒന്നും ചോദിക്യാതിരുന്നത്, പക്ഷെ ഇപ്പോ എനിക്കറിയണം..?”

ദയനീയതയോടെ ശ്രീക്കുട്ടി ഹരിയെ ഒന്നു നോക്കി.

“എന്താണ് നീ ഒളിച്ചുവെയ്ക്കാൻ ശ്രമിക്കുന്നത്..?”

“ആരാണ് സ്റ്റീഫൻ..?”

“അയാളുമായി നെനക്കെന്താ ബന്ധം..?”

“അരവിന്ദ്ന് എന്താ സംഭവിച്ചത്..?”

ഒന്നിനു പിറകെ ഒന്നായി ഹരി ചോദിച്ചു.

കുറച്ച് നേരത്ത് ശ്രീക്കുട്ടി നിശ്ശബ്ദയി നിന്നു.

“ഒരു ചോദ്യത്തിന്ള്ള ഉത്തരം മാത്രെ നിയ്ക്കിപ്പോ അറിയൂ ബാക്കിയൊന്നും ന്നോട് പ്പോ ചോദിയ്ക്കരുത്.. ഒരിക്കൽ എല്ലാരും എല്ലാം അറിയും.. അന്ന് ശ്രീയേട്ടനെന്നെ ശപിയ്ക്കരുത്, വെറുക്കരുത്..”

വിതുമ്പലടക്കി കൊണ്ട് പറഞ്ഞു. ഒരുപാട് സംശയങ്ങളോടെ ഹരി അവളെ നോക്കി.

“അരവിന്ദ് ആ ത്മഹത്യ ചെയ്തതല്ല… കൊ ന്നതാണ്..”

പറഞ്ഞ് കൊണ്ട് അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ഞെട്ടലോടെയാണ് ഹരിയത് കേട്ടത്. അവളെ ചേർത്ത് പിടിച്ച് സ്തംഭിച്ചു നിന്നു..!

തുടരും….