ഒറ്റമന്ദാരം ❤️ ~~ഭാഗം 11 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

പതിവില്ലാത്ത വേനൽ മഴ കോരിച്ചൊരിയുന്നുണ്ട്.

നിയമ നടപടികളെല്ലാം കഴിഞ്ഞ് ബാംഗ്ലൂർന്ന് അരവിന്ദ്ന്റെ ബോഡി നാട്ടിലെ തറവാട്ടിലെത്തുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു. ബന്ധുക്കളും കുറച്ചു നാട്ടുകാരും മാത്രമാണ് അവിടെയുള്ളത്.

ബാഗ്ലൂർന്ന്ള്ള അരവിന്ദ്ന്റെ കുറച്ച് സുഹൃത്തുക്കളും ബോഡിയെ അനുഗമിച്ച് വന്നിട്ടുണ്ട്. അധികം വെച്ച് താമസിപ്പിക്കാതെ കർമ്മങ്ങളെല്ലാം ചെയ്ത് ബോഡി അടക്കം ചെയ്തു. അപ്പഴേക്കും മഴയും നിലച്ചു.

നാട്ടിൽ അരവിന്ദ്ന് പറയത്തക്ക സുഹൃത്തുക്കളൊ ബന്ധങ്ങളൊ ഒന്നും തന്നെയില്ല.

വളർന്നതും പഠിച്ചതുമൊക്കെ അമ്മയുടെ കൂടെ ബാംഗ്ലൂരാണ്.

അമ്മ അവിടെ ഹോമിയൊ ഡോക്ടറാണ്.

ഓണത്തിനോ വിഷൂനോ അല്ലെങ്കിൽ ബന്ധത്തിലുള്ള ആരുടെയെങ്കിലും കല്യാണം കൂടാനോ വല്ലപ്പോഴുമൊക്കെ അച്ഛന്റെയും അമ്മയുടെയും കൂടെ വരും.

വന്നാലും അച്ഛന്റെ തറവാട്ടിലേക്ക് പോവില്ല. അമ്മയും മോനും അമ്മയുടെ വീട്ടിലേക്ക് പോവും.

“മഹീന്ദ്രനും ഭാനുമതിയും..”

അരവിന്ദ്ന്റെ അച്ഛനും അമ്മയും..!

പ്രണയ വിവാഹമായിരുന്നു മഹിയും ഭാനുമതിയും തമ്മിൽ.

തറവാട്ടില് വല്യ കോലാഹലം ഉണ്ടാക്കിയതാണ്. പ്രശ്നം ജാ തി തന്നെ.

ഭാനുമതി താഴ്ന്ന ജാ തിക്കാരിയാണ്.

“ഇവടവന്ന് കയറ്യോരും ഇവടന്ന് പറഞ്ഞയച്ചോരൊക്കെ തറവാടിന്റെ അന്തസ്സിന് ചേർന്ന നിലക്കെ വന്നിട്ടും പോയിട്ടും ഒള്ളൂ…”

വല്യമ്മാമയാ അതു പറഞ്ഞത്.

“എന്നാ ആ പതിവ് മഹീന്ദ്രൻ തെറ്റിക്ക്യാ.. വല്യോര കൂട്ടത്ത്ക്ക് താഴ്ജാ തീന്നും വരട്ടെ ഒരു പെണ്ണ്…”

മഹിയും ഉറച്ചു നിന്നു.

“മഹീന്ദ്രാ…വല്യമ്മാമയോടാ നീയീ വഷളത്തരം പറയുന്നതെന്നോർക്കണം..”

അമ്മ മഹിയെ ശകാരിച്ചു.

“ഇല്ലമ്മേ…വഷളത്തരല്ല.. ഒരു പെണ്ണിനെ കെട്ടി കൊണ്ട് വന്ന് അന്തസ്സായി പോറ്റുന്ന
കാര്യാ ഞാൻ പറഞ്ഞെ..?

അത് തെറ്റാണെന്ന് ഏട്ടന് തോന്നുണ്ടോ..?

വല്യേട്ടനോട് ചോദിച്ചു.

“തെറ്റും ശെരിയും നോക്കിട്ടല്ല ഇതൊക്കെ തീരുമാനിക്ക്യാ.. മ്മ്യ്ക്കൊരു നെലേം വെലേം ഇല്ല്യേ.. അതെങ്കിലും നോക്കണ്ടെ നീയ്യ്..?

വല്ല്യേട്ടൻ തിരിച്ച് ചോദിച്ചു.

“ന്റെ കാര്യത്തില് ആ നെലേം വെലേം നിയ്ക്ക് വേണ്ട.. കെട്ടുന്നെങ്കി ന്റെ ഭാനൂനെ.ൻഇല്ലങ്കി ഒറ്റത്തടിയായിട്ട്.. മരിക്ക്ണത് വരേല്ലെ ഉള്ളൂ.. അതിനപ്പറത്തേക്ക് ഇല്ല്യാലൊ..”

അതും പറഞ്ഞ് മഹി ഇറങ്ങിപ്പോയി.

” കണ്ടോ..മുത്തശ്ശന്റെ വാശ്യാ അവന്.. തല പോവുംന്ന് പറഞ്ഞാലും പിടിച്ച കൊമ്പ് വിടില്യ..

നാളെ അവളെയും വിളിച്ച് ഇവടക്കേറി വന്നാ അതും നമ്മള് കാണണ്ടേ..

നെലേം വെലേം ജാതീം ഒക്കെ തല്ക്കാലം അങ്ങട്ട് മറക്വാ.. ന്ന്ട്ട് അവന്റെ ഇഷ്ടം നടത്തി കൊടുക്വാ..”

അതും പറഞ്ഞ് വായിലെ മുറുക്കാൻ നീട്ടിത്തുപ്പി വല്യമ്മാമയും ഇറങ്ങിപ്പോയി.

മഹീന്ദ്രന്റെ ഭീഷണിക്കും നിർബന്ധത്തിനും വഴങ്ങി ഒട്ടും താല്പര്യമില്ലാതെയാണ് വീട്ടുകാര് അവരുടെ വിവാഹം നടത്തുന്നത്. അതിന്റെ ദുരിതങ്ങളത്രയും അനുഭവിച്ചത് ഭാനുമതിയായിരുന്നു.

സ്വകാര്യ ബാങ്കിലായിരുന്നു മഹിയ്ക്ക് ജോലി. ഹോമിയോക്ക് പഠിക്കുകയായിരുന്നു ഭാനുമതി.

വീട്ടിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാവാതെ വന്നപ്പോ വാടക വീട്ടിലേക്ക് മാറാൻ തീരുമാനിച്ചു.

”വേണ്ട മഹ്യേട്ടാ… ന്നച്ചൊല്ലി ങ്ങള് വാടക വീട്ടിലേയ്ക്ക് മാറണ്ട.. ന്ന ന്റെ വീട്ടിൽ കൊണ്ടാക്കിത്തന്നാ മതി..

മഹ്യേട്ടന് എപ്പോ വേണങ്കിലും അങ്ങോട്ട് വരാലൊ.. “

ഭാനു മഹിയെ വിലക്കി.

പഠനം കഴിഞ്ഞ് പ്രാക്ടീസിന് കയറിയപ്പോഴേക്കും അരവിന്ദും ജനിച്ചു.

ആ ഇടയ്ക്ക് തന്നെ മഹിക്ക് ബാംഗ്ലൂരിലെ നല്ലൊരു ബാങ്കിൽ ബ്രാഞ്ച് മാനേജറായി ജോലിയും കിട്ടി.

ഒരു വർഷമായപ്പോഴേക്കും ഭാനുവിനെയും മോനെയും ബാഗ്ലൂർക്ക് കൊണ്ടുപോവുകയും ചെയ്തു.

തുടർന്നുള്ള ഏഴെട്ടു വർഷം സന്തോഷകരമായിരുന്നു അവരുടെ ജീവിതം.

ഇടയ്ക്ക് വല്ലപ്പോഴും നാട്ടിൽ വരും. കുറച്ച് ദിവസം നിന്ന് ബന്ധുക്കളൊക്കെ കണ്ട് ബാംഗ്ലൂർക്ക്ത ന്നെ തിരിച്ച് പോകും.

അതിനിടയിൽ ഒരു പെൺകുഞ്ഞുകൂടി അവർക്ക് ജനിച്ചു.

പക്ഷെ രണ്ടാം വയസ്സിൽ മഞ്ഞപ്പിത്തം ബാധിച്ചു ആ കുഞ്ഞു മരിച്ചു.

അതേ തുടർന്നാണ് അവർക്കിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാവാൻ തുടങ്ങിയത്.

ഭാനുവുവിന്റെ അശ്രദ്ധയും പരിചരണക്കുറവുമാണ് കുഞ്ഞിന്റെ മരണത്തിലെത്തിച്ചത് എന്നായിരുന്നു മഹിയുടെ ആരോപണം.

ഇതേ തുടർന്ന് മിക്കപ്പോഴും വഴക്കായിരുന്നു രണ്ടാളും തമ്മിൽ.

“മഹി..നിയ്ക്കൊരു തീരുമാനം അറിയണം..

വർഷം രണ്ടായി ഇതിനകത്ത് തമ്മിത്തല്ലി കഴിയാൻ തൊടങ്ങീട്ട്..

ഇനിയത് പറ്റില്ല്യ..

നമ്മ്ട മോൻ വളർന്നു വരുന്നുണ്ട്.. അവന്റെ ഭാവിയെങ്കിലും നിയ്ക്ക് നോക്കണം..”

സഹികെട്ടാണ് ഭാനു പറഞ്ഞത്.

“ഓഹോ..സ്വന്തം കാലിലൊന്ന് നിവർന്ന് നിയക്കാൻ തൊടങ്ങിയപ്പോ നിനക്ക് തീരുമാനം വേണം.. മോന്റെ ഭാവിനോക്കണം..?

ദേഷ്യപ്പെട്ടാ മഹിയും സംസാരിച്ചത്.

അതെ…സ്വന്തം കാലില് നിക്കുമ്പോഴെങ്കിലും മക്കളുടെ കാര്യം നോക്കിലെങ്കിൽ നാളെ തെരുവിൽ കിടക്കേണ്ടിവരും ന്റെ മോന്..”

“വേണ്ട…വേണ്ടടി…ഞാൻ കാരണം നമ്മ്ട മോന് പെരുവഴിയിലാവണ്ട..”

അതും പറഞ്ഞ് ഇറങ്ങിപ്പോയതാ മഹി. പിന്നീട് മടങ്ങി വന്നിട്ടില്ല.

വിവാഹ മോചനവും ആവശ്യപ്പെട്ട് കൊണ്ടുള്ള ഡൈവേഴ്സ് നോട്ടിസാണ് പിന്നീട് ഭാനുമതിക്ക് കിട്ടുന്നത്.

അതോടെ അച്ഛനും അമ്മയും തമ്മിലുള്ള നീണ്ട പത്തു വർഷത്തെ ദാമ്പത്യം അവിടെ യവസാനിച്ചു.

അതിനു ശേഷം വല്ലപ്പോഴും മാത്രമെ ഭാനു നാട്ടിൽ വരാറുള്ളൂ. ജോലിയും അരവിന്ദ്ന്റെ പഠനവുമൊക്കെയായി കൂടുതലും ബാംഗ്ലൂർ തന്നെയാണ്.

കുറച്ചു കാലങ്ങൾക്ക് ശേഷമാണ് ഭാനുവിന്റെ ജീവിതത്തിൽ ചില തിരിച്ചടികളുണ്ടായി ത്തുടങ്ങിയത്. അത് ക്യാൻസറിന്റെ രൂപത്തിലായിരുന്നു.കണ്ണിനായിരുന്നു ക്യാൻസർ. അസുഖം അറിഞ്ഞു വന്നപ്പഴേക്കും വൈകിയിരുന്നു. പതിയെ കണ്ണിന്റെ കാഴ്ച്ചയും കുറഞ്ഞു വന്നു. കീമൊ എടുത്ത് ശരീരവും ശോശിച്ചു.

അരവിന്ദ്ന്റെ കാര്യത്തിലായിരുന്നു ഭാനുമതിക്ക് ആധിമുഴുവൻ.

അവിനിപ്പോ ചെറിയ കുട്ടിയല്ല.

ചില ചീത്ത കുട്ടുകെട്ടുകളൊക്കെ ഉണ്ടെന്ന കാര്യവും അറിഞ്ഞിരുന്നു.

അതിന്റെ പേരിൽ ഇടയ്ക്കൊന്നുരണ്ട് തവണ അമ്മേം മോനും വഴക്കടിച്ചിട്ടുമുണ്ട്. എന്നാലും നല്ല സ്നേഹമായിരുന്നു അമ്മയോട്.

ഭാനുവിന് സുഖ മില്ലെന്നറിഞ്ഞിട്ടാണ് ഒരിക്കൽ മഹി ബാംഗ്ലൂരിൽ ഭാനുവിനെ കാണാൻ വരുന്നത്. അന്ന് ഭാനു സംസാരിച്ചതു മുഴുവൻ അരവിന്ദ്നെ ക്കുറിച്ചായിരുന്നു.

“മഹീ…നിയ്ക്കധികം ആയുസ്സില്ലെന്നൊരു തോന്നൽ..കാഴ്ച്ചകളോരോന്നായി മറഞ്ഞു തുടങ്ങി.. അരവിന്ദ്ന്റെ പോക്ക് അത്ര ശരിയല്ല.. ഞാൻ പോയാ അവനീ നഗരത്തിക്കിടന്ന് നശിക്കും..

മഹി അവനെ കൊണ്ടു പോണം.. എന്തൊക്കെയാണേലും മഹി അവന്റെ അച്ഛനാണ്.

മഹിയുടെ കൈയ്യിൽ പിടിച്ച് ഭാനു കരഞ്ഞു.

“ഇതുവരെ ഞാനെന്റെ മോനെ വേണ്ടാന്ന് പറഞ്ഞിട്ടില്ല.. ഞാൻ വിളിച്ചാൽ ന്റെ മോനായി വരാൻ തയ്യാറാണെങ്കിൽ ഞാൻ കൊണ്ടു പൊയ്ക്കോളാം..”

മഹി സമാധാനിപ്പിച്ചു.

അന്ന് അരവിന്ദ്നെയും കണ്ടാണ് മഹി നാട്ടിലേക്ക് മടങ്ങിയത്. കാണുമ്പോൾ എന്തായിരിക്കും അരവിന്ദ്ന്റെ പ്രതികരണം എന്നോർത്ത് മഹിക്ക് ചെറിയ പേടിയുണ്ടായിരുന്നു. എന്നാൽ മഹി പേടിച്ചപോലെയായിരുന്നില്ല, വളരെ സ്നേഹത്തോടെയാണ് അവൻ അച്ഛനോട് പെരുമാറിയത്. ബാംഗ്ലൂര് മുഴുവൻ അച്ഛനെ ചുറ്റി കാണിച്ചു.

അച്ഛന്റെ രണ്ടാം ഭാര്യയിലുള്ള തന്റെ കൂടപ്പിറപ്പിള്ള വസ്ത്രങ്ങളും മറ്റുമൊക്കെ വാങ്ങിക്കൊടുത്താണ് അച്ഛനെ ബാംഗ്ലൂരിൽ നിന്നും അരവിന്ദ് യാത്രയാക്കിയത്. ഭാനുമതിയെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള ദിവസവും അന്നായിരുന്നു.

അമ്മയുടെ മരണശേഷം കുറച്ചു കാലം അരവിന്ദ് അച്ഛന്റെ കൂടെത്തന്നെയായിരുന്നു. ജോലിയിൽ നിന്നും ഒരു മാസത്തെ ലീവെടുത്താണ് അച്ഛന്റെ കൂടെ നാട്ടിൽ നിന്നത്. ആ കുറഞ്ഞ ദിവസം കൊണ്ട് തന്നെ തറവാട്ടിൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായി അവൻ മാറി.

ബാംഗ്ലൂരാണെങ്കിലും എന്നും വിളിക്കും. ഇടയ്ക്കൊക്കെ അച്ഛനെ കാണാനും വരും. മടങ്ങി പ്പോകുന്നത് വരെ തറവാട്ടിൽ ഉത്സവമാണ്. ഭാനു പറഞ്ഞ പോലെയുള്ള ദുശ്ശീലങ്ങളൊന്നും തന്നെ ഇക്കാലത്തിനിടക്ക് മഹി അവനിൽ കണ്ടതുമില്ല.

ഇടയ്ക്ക് വന്ന് അച്ഛന്റെ സ്നേഹം പറ്റി പോകുന്ന അരവിന്ദ്നെ മാത്രമെ അച്ഛനായ മഹി അറിഞ്ഞിരുന്നുള്ളൂ. അതിനപ്പുറത്തേക്കുള്ള അരവിന്ദ്നെക്കുറിച്ച് ഒരാൾക്കും ഒന്നും അറിയില്ല. അയാളെ ശരിക്കറിഞ്ഞതും മനസ്സിലാക്കിയതും ശ്രീക്കുട്ടിയാണ്. ഒരവസരം കിട്ടിയാൽ കൊല്ലാൻ തന്നെയുള്ള ദേഷ്യം അവൾക്കുണ്ടായിരുന്നു.

തുടരും..