ഒറ്റമന്ദാരം ❤️ ~~ഭാഗം 07 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ശ്രീഹരി പോയിട്ട് വർഷം ഒന്നായി. അനൂം അവിടെത്തന്നെയാണ്. അടുത്ത ആഴ്ച്ച രണ്ടു മാസത്തെ ലീവിന് വരുന്നുണ്ട്. പെട്ടന്നുള്ള വരവാണ്.

“ടാ..മോനെ ശ്രീഹരി.. ഒന്ന് വന്നിട്ടു പോ.. അച്ഛന് കാണാ തോന്നാ..”

പതിവില്ലാതെയാ വിളിച്ചപ്പോ അച്ഛനിത് പറഞ്ഞത്. വിളിക്കുമ്പോഴൊക്കെ അമ്മയായിരുന്നു പരാതിപ്പെട്ടി.

ഇതിപ്പോ ആദ്യായിട്ടാ അച്ഛനിങ്ങനെ പറയുന്നത്. അത് കേട്ടപ്പോ പോവാതിരിക്കാൻ തോന്നിയില്ല ശ്രീഹരിക്ക്.

അനൂനോട് ഇക്കാര്യം പറഞ്ഞപ്പോ നാളത്തന്നെ നാട്ടിലെത്തിയാൽ മതീന്നായി അവൾക്കും.

പെട്ടന്നുള്ള യാത്രയായതിനാൽ അധികം സാധനങ്ങളൊന്നും വാങ്ങിയിട്ടില്ല. അച്ഛനും അമ്മക്കും പിന്നെ ചേച്ചിക്കും വേണ്ട സാധനങ്ങള് വാങ്ങിച്ചു.

കല്യാണം കഴിഞ്ഞ് പോയിട്ടുള്ള ആദ്യത്തെ വരവല്ലെ, അനൂന്റെ വീട്ടിലേക്കും ചില്ലറ സാധനങ്ങൾ വാങ്ങിച്ചു.

രാത്രി അത്താഴത്തിന്റെ നേരായപ്പോഴേക്കും അവര് വീട്ടിലെത്തി. അത്താഴോം കഴിഞ്ഞ് അച്ഛനും മോനും കൂടി ഉമ്മറത്ത് കുറെ നേരം വർത്താനം പറഞ്ഞിരുന്നിട്ടാ ഉറങ്ങാൻ കിടന്നത്.

കാലത്ത് ശ്രീഹരിയെ വിളിച്ചുണർത്തിയതും അച്ഛൻ തന്നെയാണ്.

“ഈശ്വരാ.. തെന്താ പതിവില്ല്യാത്തൊരു സ്നേഹം.. അച്ഛന് മോനോട്..? ഇന്നലെ വന്ന് കേറിയപ്പോ തൊട്ട് തൊടങ്ങ്യേതാള്ളൊ..?

അച്ഛനെ കളിയാക്കി കൊണ്ടാ അമ്മ ചോദിച്ചത്.

“എടീ…ന്റെ മോനെ സ്നേഹിക്കാൻ നിയ്ക്ക് നേരോം കാലോം നോക്കണാ..? ഞങ്ങള് അച്ഛനും മോന്വാ..

നീ വാടാ..”

ഭാര്യയോട് വീരവാദേം മുഴക്കി ശ്രീഹരിയെയും കൂട്ടി നേരെ കുളത്തിലേക്കാ പോയത്.

നേരം കുറച്ചായി അച്ഛനും മോനും കൂടി കുളത്തില് നീരാടാൻ തുടങ്ങിയിട്ട്. തോർത്തും കൈയ്യ്പ്പിടിച്ച്‌ കുളപ്പടവില് അവരുടെ നീരാട്ടും കണ്ടിരിക്ക്വാ അനു.

“തെന്തു ഭാവിച്ചാ അച്ഛാ ഈ പ്രായത്തില മോനേയും കൂട്ടി ഈ കുത്തിമറിച്ചില്..? അമ്മ അടുക്കളേലിര്ന്ന് പിറുപിറുക്കുന്നുണ്ട്..”

ഇതും പറഞ്ഞുകൊണ്ടാ ശ്രീലക്ഷ്മി അങ്ങോട്ട് വന്നത്.

“ങ… അവക്കതിനെ നേരം കാണൂ..”

അമർഷത്തോടയാ പറഞ്ഞത്.

“ഒരങ്കത്തിന്ള്ള ബാല്യം അച്ഛന് ഇപ്പളും ഉണ്ടടി മോളെ…”

“പിന്നെ…അരോമൽ ചേകവരല്ലേ.. കൃഷിയാഫീസില് ചെല്ലാൻ പറഞ്ഞ ദിവസാ.. അത് മറക്കണ്ട.. അങ്കം മ്മ്യ്ക്ക് പിന്നെ വെട്ടാം..”

അച്ഛനെ കളിയാക്കിപ്പറഞ്ഞു കൊണ്ട് അവള്പോയി.

“മോളെ അനൂ..”

മരുമോളെ വിളിച്ച് കൊണ്ട് അച്ഛൻ കുളപ്പടവിലേക്ക് കയറിയിരുന്നു.

“പണ്ട് ഇവനെയും ശ്രീക്കുട്ടിയെയും കൊണ്ട് അച്ഛൻ കുളിക്കാനിറങ്ങി.. ദാ ആ പടിവില് അള്ളിക്കിടന്നാ രണ്ടാളുടെയും അഭ്യാസം..”

വെള്ളത്തിലേക്കിറങ്ങി കിടക്കുന്ന കല്പടവ് ചൂണ്ടിപ്പറഞ്ഞു.

“ന്റെ കണ്ണൊന്ന് തെറ്റീതെ ഒളളൂ.. പിടിവിട്ട് ശ്രീക്കുട്ടി വെള്ളത്തിലേക്ക് പോയി..

“ന്റീശ്വരാ…ന്ന്ട്ട്…?”

അറിയാനുള്ള ആകാംക്ഷയോടെ അനുചോദിച്ചു.

“അവളെപ്പിടിക്കാൻ നോക്കിയതാ.. ദേ അവനും പോയി..”

കുളപ്പടവിലേക്ക് കയറിയിരുന്ന ഹര്യേട്ടനെ നോക്കി അനു മൂക്കത്ത് വിരൽ വെച്ചു.

“ഞാൻ നോക്കുമ്പോ രണ്ടുംകൂടെ മുങ്ങിത്താഴാ… ചാടിപ്പിടിച്ചു.

ആദ്യം കിട്ട്യേത് ഇവന്വേ.. ഇത്തിരി വെള്ളം കുടിച്ചിട്ടാ ശ്രീക്കുട്ടീനെ കിട്ട്യേത്…”

അച്ഛന്റെ വർത്താനം കേട്ട് അനൂന് ചിരി വന്നു.

“അവടരിയ്ക്ക് ഹര്യേട്ടാ… തല നല്ലോം തോർത്തീലെങ്കി നീരെറങ്ങും.. പിന്നതു മത്യാകും…”

കൊച്ചുകുട്ടിയെ പോലെ പിടിച്ചിരുത്തി തല തോർത്തികൊണ്ട് അനു പറഞ്ഞു. അനുസരണയോടെ അവനിരുന്നു കൊടുത്തു.

അച്ഛനും മോനും ഒരുമിച്ചാ കൃഷിയാഫീസിലും പോയത്. പച്ചക്കറിവിത്തും വാഴക്കന്നും ഒക്കെ ആയിട്ടാ മടങ്ങി വന്നത്. വന്നപാടെ തൂമ്പയെടുത്ത് തൊടിയിലേക്കിറങ്ങി. കുഴിയെടുത്ത് വാഴക്കന്ന് വെച്ചും ഉഴുത് മറിച്ച് വിത്ത് പാകിയും അന്നത്തൊരു ദിവസം അച്ഛനും മോനും തൊടിയിൽ തന്നെയായിരുന്നു. കൂട്ടിന് എടുക്കാനും വെക്കാനും നനയക്കാനുമൊക്കെ അനുവും ഉണ്ട്.

വന്നിട്ടിപ്പോ മാസം ഒന്ന് കഴിഞ്ഞു. ഏറിയ സമയവും അച്ഛന്റെ കൂടത്തന്നയാ ശ്രീഹരി.

അമ്മ പരിഭവം പറയുമ്പോ ഇത്തിരി നേരം അമ്മയുടെ മടിയിൽ തലവെച്ച് കിടക്കും.

“ന്റെ കുട്ടിന്റൊരു കാര്യം…”

അവന്റെ മുടിയിൽ തലോടികൊണ്ട് അമ്മ പറയും. വാത്സല്യം മുഴുവനും ആ വാക്കിലുണ്ടാവും.

കാലത്തെ തൂമ്പയെടുത്ത് തൊടിയിലേക്കിറങ്ങും. ഒരുവിധം പച്ചക്കറികളൊക്കെ തൊടിയിൽത്തന്നെയുണ്ട്. എല്ലാം അച്ഛനുണ്ടാക്കിയതാ. നനയക്കലും കിളക്കലും ഒക്കെയായി ഒരു നേരം വരെ തൊടിയിൽ തന്നെയാണ് അച്ഛനും മോനും. എല്ലാം കഴിഞ്ഞ് കുളത്തിൽ പോയി നല്ലൊരു കുളിയും പാസാക്കിയെ അകത്തേക്ക് കയറൂ.

രാത്രി അത്താഴോം കഴിഞ്ഞ് അച്ഛനും മക്കളും കൂടി നടുമുറ്റത്തിരുന്ന് സൊറ പറഞ്ഞിട്ടെ കിടക്കാനും പോകൂ. ഹരി വന്ന അന്നു മുതൽ ഇതാ പതിവ്.

“അച്ഛനെവിടെ അമ്മേ..?”

വന്നപാടെ ഹരി അച്ഛനെ തിരക്കി.

അനൂന്റെ വീട്ടിൽ പോയതായിരുന്നു ഇന്നലെ. അവടന്ന് വന്ന് കേറിയതെ ഉള്ളൂ.

“ന്ന് നേരത്തെ തൂമ്പടെത്ത് എറങ്ങീട്ട്ണ്ട്.. മണ്ണ് കൊത്തി ഇടാണ്ട്ന്നൊക്കെ പറ്വേണത് കേട്ടു.. തൊടിയിക്കാണും.. പോയി നോക്ക്… “

അമ്മ പറഞ്ഞതും കേട്ട് ഹരി തൊടിയിൽ പോയി നോക്കി. അവടെങ്ങും അച്ഛനില്ല. തൈ തെങ്ങിന് മണ്ണ് കൊത്തി തടം കെട്ടിയിട്ടുണ്ട്. ഒന്ന് പാതിക്ക് വെച്ച് നിർത്തീട്ടുണ്ട്

” അച്ഛനിതെവിടെപ്പോയി..?”

മനസ്സിൽ പറഞ്ഞ് കൊണ്ട് ഹരി വീട്ടിലേക്ക് തന്നെ തിരിച്ചു.

“അച്ഛനവടെങ്ങും ഇല്ലമ്മേ..”

“പിന്ന തെവിടപ്പോയി..?”

അമ്മ ഹരിയോട് ചോദിച്ചു.

”തൊടീത്തന്നണ്ടാവും.. നീ ശെരിക്ക് നോക്കീട്ട്ണ്ടാവില്ല്യ…”

ഹരിയെ ശകാരിച്ച് ശ്രീലക്ഷ്മി തൊടിയിലേക്ക് പോയി. ഹരി അകത്തേക്കും പോയി.

“ഹര്യേട്ടാ…”

പെട്ടന്നാണ് തൊടീന്ന് അനൂന്റെ അലർച്ച കേട്ടത്. കേട്ടതും ശരവേഗത്തിൽ ഹരി തൊടിയിലേക്കിറങ്ങിയോടി..!!!

തുടരും..