മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
“ശ്രീഹരി വിദേശത്തേക്ക് പോവാന്ന്..”
അമ്മ പറഞ്ഞപ്പഴാ അച്ഛൻ വിവരമറിയുന്നത്.
“വിദേശത്തേക്കോ..?
സംശയത്തോടെയാ ചോദിച്ചത്.
“ഇന്നലയാ എന്നോടിക്കാര്യം പറഞ്ഞെ..സലാഹൂന്റെ മോന് ചെല്ലാൻ പറഞ്ഞത്രെ..”
അച്ഛന്റെ ആത്മമിത്രമാണ് സലാഹുദ്ധീൻ. എല്ലാവരുടെയും പ്രിയപ്പെട്ട സലാഹുക്ക. പണ്ട് ലാഞ്ചിക്ക് കേറിപ്പോയതാ. അതിന്റെ വീരകഥകളൊക്കെ ഇന്നും നാട്ടിൽ പട്ടാണ്.
ഇന്ന് നല്ലരീതിയിൽ തന്നെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു ബിസ്സിനസ്സ് ശൃംഖല തന്നെ സലാഹുക്കാക്കുണ്ട്.
മൂപ്പരുടെ മോൻ സുഹൈലും ശ്രീഹരിയും ഒരേ പ്രായക്കാരാണ്. ഒരുമിച്ചു കളിച്ചും പഠിച്ചും വളർന്നവര്. അച്ഛമ്മാരെ പോലെ അവരും നല്ല ആത്മമിത്രങ്ങളാണ്.
” രണ്ടാഴ്ച്ച മുമ്പല്ലേ സുഹൈല് തിരിച്ചു പോയത്..ശ്രീഹരിയുടെ കൂടെ രണ്ട് മൂന്ന് തവണ ഇവിടെ വര്യേം ചെയ്തു.. എന്നിട്ടും എന്നോടൊന്നും പറഞ്ഞില്ലല്ലൊ..?”
പരിഭവം കണക്കെയാണ് അച്ഛനത് പറഞ്ഞത്.
“പറയണ്ടാന്ന് പറഞ്ഞിട്ടുണ്ടാവും ശ്രീഹരി..”
അമ്മ അച്ഛനെ സമാധാനിപ്പിച്ചു.
“ങും..”
മറുപടി അച്ഛൻ ഒരു മൂളലിലൊതുക്കി.
” ന്റെ കുട്ടി പോവന്ന്യാ നല്ലത്.. ശ്രീക്കുട്ടി പോയെപിന്നെ അവന്റെ കളിയും ചിരിയും ഓട്ടോം ചാട്ടോം ഒക്കെ നിന്നു.. “
സങ്കടം പറഞ്ഞ് സാരിത്തലപ്പ് കൊണ്ട് അമ്മ കണ്ണ് തുടച്ചു.
“എടീ…നമ്മള് കണ്ടതല്ലേ.. പിള്ളേരെങ്ങനാ ഇവിടെ വളർന്നതെന്ന്..അവളെക്കൂട്ടാതെ അവനെങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ..?പെട്ടന്ന് അവള് പോയപ്പോ ഒറ്റപ്പെട്ട പോലെ തോന്നിയിട്ടുണ്ടാവും..അവന് പോകാൻ താല്പര്യണ്ടങ്കില്ന മ്മളായിട്ട് തടസ്സം നിക്കണ്ട..”
അമ്മയെ സമാധിപ്പിച്ചു കൊണ്ട് അച്ഛനെഴുന്നേറ്റ് അകത്തേക്ക് കയറിപ്പോയി. കണ്ണ് തുടച്ച് കൊണ്ട് അമ്മയും പുറകെ പോയി.
ശ്രീക്കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ട് മാസം മൂന്ന് കഴിഞ്ഞു. ദിവസങ്ങളെത്ര പെട്ടന്നാ പോയത്.
പക്ഷെ ആ ഒറ്റപ്പെടലിൽ നിന്നും ശ്രീഹരി ഇപ്പഴും മോചിതനായിട്ടില്ല.
കൂടുതൽ സമയവും എന്തെങ്കിലുമൊക്കെ എഴുതിയും വായിച്ചും മുറിയിൽ തന്നെ ഇരിപ്പാണ്.
വല്ലപ്പോഴും ഒന്ന് പുറത്ത് പോകും. അതും വല്ലതുമൊക്കെ പറഞ്ഞ് അമ്മ ശകാരിക്കുമ്പോ. കുറച്ചു നേരം അങ്ങാടിയിലൊ തൊടിയിലൊ ഒക്കെ ഒന്ന് പോയെന്ന് വരുത്തി വീണ്ടും വന്ന് മുറിക്കുള്ളിൽ അടച്ചിരിക്കും.
കല്യാണം കഴിഞ്ഞ് പോയതിൽ പിന്നെ രണ്ട് തവണ മാത്രമെ ശ്രീക്കുട്ടി തറവാട്ടിൽ വന്നിട്ടുള്ളൂ. അരവിന്ദ്ന്റെ കൂടെ ബാംഗ്ലൂരാണ്..
അരവിന്ദ്ന് ലീവധികം ഇല്ലാത്തത് കൊണ്ട് കല്യാണം കഴിഞ്ഞ് പതിനഞ്ചാംപക്കം അവര്സി ബാംഗ്ലൂർക്ക് പോയിട്ടുണ്ട്.
രണ്ട് മൂന്ന് തവണ അവള് ശ്രീഹരിയെ വിളിച്ചിരുന്നു. പിന്നീട് ആ വിളിയും ഉണ്ടായിട്ടില്ല. വല്ലപ്പോഴും മാത്രമെ വീട്ടിലേക്കും വിളിക്കാറുള്ളൂ എന്ന് ഒരിക്കൽ അമ്മയോട് അമ്മായി പരിഭവംപറയുന്നത് കേട്ടിരുന്നു.
ഒരു തവണ അമ്മാവനും അമ്മായിയും കൂടി അവരുടെ അടുത്തേക്ക് അങ്ങോട്ട് പോയിരുന്നു. ഒരാഴ്ച്ചകഴിഞ്ഞാ മടങ്ങി വന്നത്. അമ്മയോട് അവിടുത്തെ പോരിശ പറയുന്നതും കേട്ടിരുന്നു.
” ശ്രീഹരി..”
അവനെ വിളിച്ച് കൊണ്ടാണ് അച്ഛൻ മുറിയിലേക്ക് കയറി വന്നത്.
എന്തോ വായിച്ചു കൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്ന അവൻ അച്ഛനെ കണ്ടതും കട്ടിലിൽ എഴുന്നേറ്റിരുന്നു.
“നീ വിദേശത്തേക്ക് പോവാണെന്ന് അമ്മ പറഞ്ഞു..?”
അവന്റെടുത്ത് കട്ടിലിൽ വന്നിരുന്ന് കൊണ്ട് അച്ഛൻ ചോദിച്ചു.
“ചെല്ലാൻ പറയുന്നണ്ടച്ഛാ.. ഒന്നും തീരുമാനിച്ചിട്ടില്ല..”
“ഇതിലൊക്കെ എന്ത് തീരുമാനിക്കാണ് ശ്രീഹരി.. ഇങ്ങിനെ അടച്ചു പൂട്ടിയിരിക്കുന്നതിനേക്കാൾ നല്ലത് ഒരു യാത്ര തന്ന്യാ..”
എന്നും പറഞ്ഞ് ഒരാശ്വാസവും ധൈര്യവും കൊടുത്തു.
“ന്റെ മോന് പോകാനുള്ള ഒരുക്കങ്ങള് നോക്കിക്കൊ.. ബാക്കിയൊക്കെ അച്ഛനേറ്റു..”
അവന്റെ മുടിയിൽ തലോടി സമാധാനിപ്പിച്ച് കൊണ്ട് അച്ഛനെഴുന്നേറ്റ് പോയി. എന്തൊക്കയൊ ആലോചിച്ച് കൊണ്ട് ശ്രീഹരി കുറച്ചു നേരം അവിട തന്നെയിരുന്നു.
ശ്രീക്കുട്ടിയുടെ കല്യാണം പോലത്തന്നെ ശ്രീഹരിയുടെ വിദേശത്തേക്കുള്ള യാത്രയും പെട്ടന്നായിരുന്നു.
“എത്ര മണിയ്ക്കാ ഫ്ലൈറ്റ്..?”
കൃഷ്ണമ്മാമനാ ചോദിച്ചത്.
“ഉച്ചയ്ക്കാണ്.. രണ്ടരയ്ക്ക്..”
“നീയും പോവാണൊ ശ്രീക്കുട്ടാ..?”
അമ്മായിയുടെ ചോദ്യം കേട്ട് അവനൊന്ന് ചിരിക്കാൻ ശ്രമിച്ചു.
“എന്ത് ചോദ്യാ നീയീ ചോദിക്കണേ.. എങ്ങും പോവാതെ ഇവിടെയിങ്ങനെ അടച്ചു പൂട്ടിയിരുന്നാ മത്യൊ..
അല്പം ശബ്ദം കനപ്പിച്ചാ അമ്മാവനത് പറഞ്ഞത്.
“മ്മ്ടെ സലാഹൂന്റെടുത്തേക്കല്ലേ പോണെ.. അച്ഛന്റെ ചങ്ങായി..അവന്റെ ചെക്കനാണേ ഓന്റേം ചങ്ങായി.. പിന്നെന്താ വെഷമിക്കാന്..”
അതും പറഞ്ഞ് എല്ലാവരേയും സമാധാനിപ്പിക്കുകയും ചെയ്തു.
“ശ്രീഹരീ…വൈകണ്ട.. ഇറങ്ങാൻ നോക്കിക്കോളൂ…”
അച്ഛൻ ദൃതിവെച്ചു.
മുണ്ടുടുത്ത് മാത്രം ശീലിച്ചിട്ടാണെന്ന് തോന്നുന്നു പാന്റിട്ടപ്പോൾ ഒരസ്ഥതയാണ് ശ്രീഹരിക്ക് തോന്നിയത്.
അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിയാണ് ഇറങ്ങിയത്.
ആദ്യമായിട്ടാണ് വീടും നാടും വിട്ട് ഒരു പടിയിറക്കം. മനസ്സിൽ സങ്കടങ്ങളുടെ പേമാരി പെയ്യുന്നുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി. ആരെയും ഒന്നും അറിയിച്ചില്ല, കാണിച്ചതുമില്ല.
തനിക്ക് പ്രിയപ്പെട്ടതൊന്നിനേക്കാൾ നഷ്ടം മറ്റൊന്നിനുമില്ലല്ലോ..?
എല്ലാവരോടും യാത്ര പറഞ്ഞ്, ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളിറക്കിവെച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്.
എണ്ണപ്പാടങ്ങളെ ഗർഭം ചുമക്കുന്ന മണലാരണ്യത്തിന്റെ നാട്ടിലേക്ക്..!!!
തുടരും..