മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
പെണ്ണുകാണലും ചടങ്ങുകളുമെല്ലാം ഇത്ര വേഗത്തിലാവുമെന്ന് ശ്രീഹരി പോലും കരുതിയിട്ടില്ല. അവൾക്കാണെങ്കിൽ വയസ്സ് പത്തൊമ്പത് കഴിഞ്ഞിട്ടെ ഉള്ളൂ.
എല്ലാം കൊണ്ടും നല്ലൊരു കാര്യം ഒത്തുവന്നപ്പോ നടത്താൻ തന്നെ തീരുമാനിച്ചു. പറഞ്ഞ സമയം കൊണ്ട് കല്യാണ ദിവസവും ഇങ്ങെത്തി.
കൃഷ്ണമ്മാമന്റെ ഉറ്റ ചങ്ങായിന്റെ ബോസിന്റെ മകനാണ് ശ്രീക്കുട്ടിയുടെ വരൻ.
“അരവിന്ദ്..”
ബാംഗ്ലൂരിലെ ഒരു ഫാർസ്യൂട്ടിക്കൽ കമ്പനിയിലെ പ്രൊഡക്ഷൻ മാനേജരാണ്. എല്ലാം കൊണ്ടും നല്ലൊരു കുടുംബം.
ആളും ആരവങ്ങളുമായി കല്യാണത്തിരക്കിലാണ്. എല്ലാത്തിനും മുൻപന്തിയിൽ ഓടി നടക്കാൻ ശ്രീഹരിയുണ്ട്.
കുറച്ചു കാലത്തിന് ശേഷം തറവാട്ടിലെ ആദ്യത്തെ കല്യാണാണ്. ഒന്നിനും ഒരു കുറ്റോം കുറവും ആരും പറയരുത്.
മാമ്പറ്റ കുഞ്ഞികൃഷ്ണനും കൂട്ടരുമാണ് ദേഹണ്ണക്കാര്. നാലുകൂട്ടം പായസമടക്കം സദ്യവട്ടങ്ങളെല്ലാം തന്നെ കെങ്കേമമാണ്.
“ന്റെ ശ്രീഹരി…കുറച്ചു നേരം ഒന്ന് കാല് നീട്ടി ഇരുന്നോ.. രണ്ട് മൂന്ന് ദിവസായില്ലെ നിയീ ഓട്ടം തുടങ്ങിയിട്ട്..
ശ്രീക്കുട്ടിയുടെ അമ്മയാണ് അത് പറഞ്ഞത്.
“കാല് നീട്ടി ഇരിക്ക്യല്ല…നീണ്ടു നിവർന്ന് കിടക്കെന്ന വേണം.. അത്രയ്ക്കുണ്ട് ക്ഷീണം..”
പറഞ്ഞു വന്നപ്പഴേക്കും ആരോ വിളിച്ചു.
“ദാ…വര്ണു..” എന്നും പറഞ്ഞ് അങ്ങോട്ടോടി.
“എന്താ ശ്രീക്കുട്ടി നിന്റെ മുഖത്തിനൊരു തെളിച്ചല്ല്യാത്തത്..”
കളിയാക്കി കൊണ്ട് സരസ്വതിച്ചിറ്റയാണ് ചോദിച്ചത്.
“തുളളിച്ചാട്ടം നിന്നിലേ.. അതിന്റെ ദേഷ്യാ.. കൂട്ടിന് ശ്രീഹരിയും ഇല്ലല്ലൊ..”
അമ്മതന്നെയാണ് അതു പറഞ്ഞത്.
ഒന്നിനും അവളൊരു മറുപടിയും പറഞ്ഞില്ല. മനസ്സ് കിടന്ന് അത്രയേറെ നീറുന്നുണ്ടായിരുന്നു. കരയാൻ പോലും കണ്ണീരുണ്ടായിരുന്നില്ല. അത്രയേറെ ആരും കാണാതെ കരഞ്ഞു തീർത്തിട്ടുണ്ട് അവള്.
പുടവചുറ്റി കല്യാണപ്പെണ്ണായി കതിർമണ്ഡപത്തിലേക്ക് വരുന്നത് അവൾ സ്വപ്നം കണ്ടിട്ടുണ്ട്. തന്റെ ശ്രീയേട്ടന്റെ കൈപിടിച്ച് വലയം വെച്ച് ഒരായുസ്സ് മുഴുവൻ ജീവിച്ചു തീർക്കാൻ അവള് മോഹിച്ചിട്ടുണ്ട്.
ഓർമ്മവെച്ച നാള് മുതൽ ” ന്റെ ശ്രീയേട്ടൻ” എന്നല്ലാതെ വിളിച്ചിട്ടില്ല. ആ കൈപിടിച്ചേ ശ്രീക്കുട്ടി ഈ ലോകം കണ്ടിട്ടൊള്ളൂ.
ഇന്നിപ്പോ മറ്റൊരാളുടെ കൈപിടിച്ച് മറ്റൊരു ലോകത്തേക്ക്.. ഓർക്കാൻ പോലുമുള്ള ശേഷി അവൾക്കില്ലായിരുന്നു.
കല്യാണപ്പെണ്ണിന്റെ വേഷത്തിൽ തന്റെ ശ്രീക്കുട്ടിയെ കണ്ടപ്പോൾ കുറച്ചു നേരം അവളത്തന്നെ നോക്കി നിന്നു ശ്രീഹരി.
“ഇപ്പഴാ..നീ ശരിക്കൊരു പെണ്ണായത്..”
ശ്രീയേട്ടനത് പറഞ്ഞപ്പോ അവളൊന്നു ചിരിക്കാൻ ശ്രമിച്ചു.
” ശ്രീയേട്ടന്റെ ശ്രീക്കുട്ടി പോവാണ്.. ന്റെ ശ്രീയേട്ടന്.. ഇന്നോടെന്തെങ്കിലും പറയാനുണ്ടോ..?
ഉള്ളിലെ സങ്കടം മുഴുവൻ ഒതുക്കിപ്പിടിച്ചാ അവൾ ചോദിച്ചത്.
” ഒന്നല്ല…ഒരുപാട് പറയാനുണ്ട് ന്റെയീ മരംകേറി പെണ്ണിനോട്…”
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളൊന്നു വിടർന്നു.
“അമ്മ പറയുന്നത് പോലെ തുള്ളിച്ചാട്ടം നിർത്തിക്കോണം.. ആരാന്റെ വീടാ.. ആ ഓർമ്മ വേണം..
തൊട്ടതിനും പിടിച്ചതിനുമൊന്നും വഴക്കടിക്കരുത്.. ഓടിവരാൻ ശ്രീയേട്ടനില്ല. അരവിന്ദ് നല്ല പയ്യനാ.. പൊന്നുപോലെ നോക്കിക്കോളും..”
അത്രയും പറഞ്ഞ് അവളുടെ നെറുകിൽ ഒരുമ്മ കൊടുത്തു.
അതുവരെ പിടിച്ചു നിർത്തിയിരുന്ന സങ്കടമെല്ലാം അണപൊട്ടിയൊഴുകി.
ശ്രീയേട്ടന്റെ മാറിലേക്ക് വീണ് അവൾ പൊട്ടിക്കരഞ്ഞു. കണ്ടു നിന്നവരെയും അത് ഈറനണിയിച്ചു.
ശ്രീഹരി തന്നെയാണ് അവളെ കതിർമണ്ഡപത്തിലേക്ക്കൈ പിടിച്ച് കൊണ്ടു വന്നിരുത്തിയത്.
ചടങ്ങുകൾ കഴിയുന്നത് വരെ ശ്രീഹരി അവിടത്തന്നെ ഉണ്ടായിരുന്നുരു.
യാത്ര പറഞ്ഞ് ഇറങ്ങാൻ നേരത്തും ശ്രീക്കുട്ടി പരതിയത് ശ്രീയേട്ടനെയാണ്. പക്ഷെ എവിടെയും കണ്ടില്ല.
ആരോടെക്കയൊ ചോദിച്ചും നോക്കി, ശ്രീയേട്ടനെവിടെയെന്ന്..? അന്നേരം നോക്കിയിട്ട് ശ്രീഹരിയെ കണ്ടതുമില്ല.
കാറിലേക്ക് കയറുമ്പഴും ചുറ്റിലും നോക്കിയത് ശ്രീയേട്ടനെയാണ്. ആൾക്കൂട്ടത്തിലെവിടെയെങ്കിലും ഉണ്ടോ എന്ന്.
പക്ഷെ കണ്ടില്ല.
അന്നായിരിക്കാം ഒരു പക്ഷെ അല്പമെങ്കിലും ദേഷ്യം അവൾക്ക് ശ്രീയേട്ടനോട് തോന്നിയത്.
നീങ്ങിയകന്ന കാറിലിരുന്നും അവൾ നോക്കിയത്, ഇടവഴിയെങ്ങാനും തന്റെ ശ്രീയേട്ടൻ തന്നെ കാണാൻ വേണ്ടി കാത്തു നിൽക്കുന്നുണ്ടോന്നാണ്.
പക്ഷെ എവിടെയും ശ്രീയേട്ടനെ അവൾ കണ്ടില്ല..!!!
തുടരും..