ഒറ്റമന്ദാരം ❤️ ~~ഭാഗം 02 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ:

തുടർഭാഗങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഈ പോസ്റ്റ് ലൈക്ക് ചെയ്ത ശേഷം കമൻ്റ് ചെയ്താൽ മതി…

മുൻഭാഗങ്ങൾ കമന്റ് ബോക്സിൽ…

“ശ്രീനന്ദ…” ശ്രീഹരിയുടെ ശ്രീക്കുട്ടി..!അമ്മാവന്റെ മോളാണ്.. കൃഷ്ണമ്മാമന്റെ മോള്. നാലുവയസ്സിന്റെ പ്രായ വ്യത്യാസമെ അവർ തമ്മിലുള്ളൂ.”നന്ദന” എന്നാ അച്ഛനുമമ്മയും അവൾക്കിട്ട പേര്.

തന്റെ പേരിലെ “ശ്രീ” അവളുടെ പേരിനൊപ്പം ചേർത്ത് ” ശ്രീനന്ദ “യാക്കിയത് ശ്രീഹരിയാ. കുഞ്ഞായിരിക്കുമ്പഴേ ശ്രീഹരിയെ കണ്ടാമോണകാട്ടി ചിരിക്കും.എപ്പഴും അവൾക്കൊപ്പം തന്നെയായിരുന്നു ശ്രീഹരി.

ഉണ്ണാനും ഉറങ്ങാനും വരെ ശ്രീഹരി വേണമെന്നായി. അമ്മ വഴക്ക് പറഞ്ഞാലും ചിണുങ്ങി ഓടിയെത്തന്നത് ശ്രീഹരിയുടെ അടുത്തേക്കായിരുന്നു.തൊടിയിലെ മാവിൽ കല്ലെറിഞ്ഞും..മണ്ണപ്പം ചുട്ടും.. പൂവാലിപ്പശുവിനോട് കിന്നാരം പറഞ്ഞും കളിച്ചും രസിച്ചും അവർ വളർന്നു.

ശ്രീഹരിയുടെ വിരൽതുമ്പിൽ തൂങ്ങിയെ അവൾ നടക്കാറുള്ളൂ. എവിടെ പ്പോകുമ്പോഴും ശ്രീഹരിയുടെ കൈയ്യിൽ മുറുക്കെപ്പിടിച്ചിട്ടുണ്ടാവും. അത്രക്കായിരുന്നു അവളുടെ ശ്രീയേട്ടൻ.ശ്രീക്കും അതെ ജീവൻ തന്നെയായിരുന്നു.

കല്യാണം കഴിഞ്ഞു പോകുന്നത് വരെ ശ്രീക്കുട്ടൻ വാങ്ങി കൊടുക്കുന്ന വളയുംമാലയും കമ്മലും കൺമഷിയും പൊട്ടുമൊക്കെ മാത്രമെ അവളഞ്ഞിട്ടുള്ളൂ. സ്വന്തം അച്ഛൻ പോലും അതൊന്നും വാങ്ങിച്ചു കൊടുത്തിട്ടില്ല. അവൾക്കെല്ലാം ശ്രീയേട്ടനായിരുന്നു.

“ന്റെ ശ്രീയേട്ടൻ വാങ്ങിച്ചു തന്നതാ…”

വാങ്ങിച്ചു കൊടുത്തതെന്തായാലും അതണിഞ്ഞു വന്ന് നാലുപേരുടെ മുന്നിൽ ഗമ പറഞ്ഞാലെ അവൾക്ക് സമാധാനമാവൂ.

“കല്യാണോം കഴിഞ്ഞ് വേറൊരുത്തന്റെ കൂടെപോകുന്നത് വരെ പെണ്ണിന്റെ തുള്ളിച്ചാട്ടംണ്ടാവൂ.. “

ഇടയ്ക്ക് അമ്മ ശകാരിക്കുമ്പോ മുഖം കൂർപ്പിക്കും കണ്ണും നിറയ്ക്കും.

“എന്തിനാ ഏടത്തി വല്ലവന്റെയും കൈപിടിച്ച് കൊടുക്കുന്നത്..

ശ്രീഹരിക്ക് കൊടുക്കുന്നത് തന്നല്ലേ നല്ലത്..”

ഒരിക്കൽ സരസ്വതിച്ചിറ്റ അമ്മയോട് പറയുന്നത് കേട്ടപ്പോ അതുവരെ ഇല്ലാത്തൊരു ആനന്ദമാണ് അവൾക്ക് തോന്നിയത്.

നാണം കൊണ്ട് തുടുത്ത മുഖ ത്തോടെ കണ്ണാടിക്ക് മുന്നിൽ ചെന്നാണ് നിന്നത്. എല്ലാം തികഞ്ഞൊരു പെണ്ണായെന്ന് അന്നവൾക്ക് തോന്നിയത്.

കൗമാരത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കാനും തുടങ്ങിയത്..!

“ശ്രീക്കുട്ടീ…”

ശ്രീഹരിയുടെ വിളി കേട്ടാണ് അവളിറങ്ങി വന്നത്.പട്ടുപാവാടയിൽ പതിവിലും സുന്ദരിയായിട്ടുണ്ട്.

“ശ്രീയേട്ടാ.. നിക്കണേ…ദാ വരുന്നു…”

ഒരുങ്ങിയിട്ടും മതിയാവാത്ത പോലെ പതിവില്ലാത്തൊരു പിടച്ചിലോടെ കണ്ണാടിക്ക് മുന്നിൽ തന്നെ നിന്നു.

ഈശ്വന്റെ മുന്നിൽ അന്നാദ്യമായ് അവൾ മനസ്സറിഞ്ഞു പ്രാർത്ഥിച്ചത് തന്റെ ശ്രീയേട്ടനെ തന്നിൽ നിന്നും അകറ്റല്ലേ എന്നാണ്.

“എടി…തുള്ളിച്ചാട്ടമൊക്കെ നിർത്തിക്കോ ഇന്നൊരു കൂട്ടര് നിന്നെ കാണാൻ വരുന്നുണ്ട്…”

ഒരടി കൊടുത്ത് കൊണ്ട് അമ്മ അത് പറഞ്ഞപ്പോ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. കണ്ണ് രണ്ടും നിറഞ്ഞു.

“ഇവടള്ളോര് കണ്ടാ മതി.. പൊറത്ത്ന്നാരും ന്ന പ്പോ കാണണ്ട..”

സങ്കടവും ദേഷ്യവും കണക്കെ പറഞ്ഞ് കൊണ്ട് പുറത്തേക്കിറങ്ങിയോടി.

“ശ്രീക്കുട്ടീ.. നീ ഇതെവിടക്കാടി പോണത്.. അവരിപ്പം ഇങ്ങെത്തും ട്ടോ.. ശ്രീക്കുട്ടീ..”

അമ്മ പറഞ്ഞതിനും വിളിച്ചതിനുമൊന്നും അവൾ ചെവികൊടുക്കാൻ നിന്നില്ല.

“ഈശ്വരാ.. കല്യാണപ്പെണ്ണെന്താ ഇവിടെ.. മുഖോം കൂർപ്പിച്ച് കണ്ണും കലക്കി.. നല്ല ശേല്ണ്ട് പ്പോ കാണാൻ..”

ശ്രീഹരിയത് പറഞ്ഞപ്പോ ആ കണ്ണുകൾ സങ്കടം കൊണ്ട് ഒന്നുകൂടി നിറഞ്ഞു.

“ഹോ…ന്ന പറഞ്ഞയക്കാൻ ശ്രീയേട്ടനും ദൃതിയായൊ..”

സങ്കടത്തോടെയാണ് അവളത് ചോദിച്ചത്.?

“എന്നായാലും വേണ്ടേ.. ഇതിപ്പോ ഇത്തിരി നേരത്തെ ആയന്നല്ലേ ഉള്ളൂ.

ശ്രീഹരിയുടെ അമ്മയാണ് അത് പറഞ്ഞത്.

” അമ്മായിക്കും ന്ന പറഞ്ഞയക്കണം ല്ലേ..? ശ്രീയേട്ടനും ഇപ്പോ അവരുടെ സൈഡായി.. ന്റെ കൂടെ കാണുംന്നാ ഞാൻ കരുതിയെ.. അതാ ഓടിവന്നത്.. ശ്രീയേട്ടാ.. ഞാൻ പോണു…”

അരുവരെയില്ലാത്ത കണ്ണീരോടെയാണ് അന്നവൾ ആ വീടിന്റെ പടിയിറങ്ങിയത്.

അവളെ നോക്കി നിന്ന ശ്രീഹരിയുടെ കാഴ്ച്ച മറച്ചത് നിറഞ്ഞുവന്ന കണ്ണീരാണെന്ന് തോന്നുന്നു.

തുടരും…