ഒറ്റക്കിരുന്ന് ആരും കാണാതെ ഇങ്ങനെ പൊട്ടിക്കരയുമ്പോൾ ഒരു പെരുമഴ പെയ്തു തോരുന്ന പോലെ എന്റെ സങ്കടങ്ങൾ ഇല്ലാതാകുമെന്ന് ഇക്കാക്ക് അറിയില്ലേ……

_upscale

രാവിന്റെ നോവ്

Story written by Navas Amandoor

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഒറ്റക്കിരുന്ന് ആരും കാണാതെ ഇങ്ങനെ പൊട്ടിക്കരയുമ്പോൾ ഒരു പെരുമഴ പെയ്തു തോരുന്ന പോലെ എന്റെ സങ്കടങ്ങൾ ഇല്ലാതാകുമെന്ന് ഇക്കാക്ക് അറിയില്ലേ…?

ചോദ്യങ്ങൾ പോലെ സങ്കടങ്ങളുടെ വലിയൊരു നിര തന്നെയുണ്ട് ഇക്കനോട് പറയാൻ. ക്ഷമിച്ചു ക്ഷമിച്ച് അവസാനമെത്തുമ്പോൾ ചങ്ക് പൊട്ടിപ്പോകും. പറയുന്നതിന്റെ ഇടയിൽ വിങ്ങി വിങ്ങി കണ്ണുകൾ നിറഞ്ഞൊഴുകി പൊട്ടിക്കരയും. കരച്ചിലിന്റെ ശബ്ദം മുറിവിട്ട് പുറത്ത് പോകാ തിരിക്കാൻ ഒരു കൈ കൊണ്ട് വായ പൊത്തിപ്പിടിക്കും.

അറിയോ..എങ്ങനെയാണ് ഒരാൾ ഒറ്റക്കായി പോകുന്നതെന്ന്…?

കൂട്ടിക്കെട്ടിയ ഇണകളിൽ ഒരാളെ മാത്രം പടച്ചോൻ വിളിക്കുമ്പോൾ ബാക്കി യാകുന്ന ഒരാൾ ഇരുട്ടിലേക്ക് എടുത്തെറിയപ്പെടും. ജീവിച്ചു കൊതി മാറും മുൻപേ.. കണ്ട് തീരും മുൻപേ വിട പറയുമ്പോൾ…ഇടക്കിടെ സംസാരം കേൾക്കുന്ന പോലെ തോന്നും. കണ്മുന്നിൽ വന്നു നിൽക്കുന്നത് പോലെ തോന്നും. കൂടെ തന്നെയുണ്ടെന്നുള്ള തോന്നലിലും വേർപെട്ട് പോയൊരു നോവ് മനസ്സിൽ തികട്ടി വരും.

ഒറ്റയാകുമ്പോൾ ജീവിതത്തിന്റെ നിറം മാറുകയാണ്. ഇന്നലെ വരെ ഉണ്ടായിരുന്ന വർണ്ണങ്ങൾ മാഞ്ഞു പോകും. ഇന്നലെ വരെ ഉണ്ടായിരുന്ന അധികാരങ്ങളും അവകാശങ്ങളും മാത്രമല്ല സന്തോഷവും സമാധാനവും നഷ്ടപ്പെടും.

ഒന്ന് മനസ്സു തുറന്ന് ചിരിക്കാൻ പോലും അവകാശമില്ല. ഇഷ്ടമുള്ള വസ്ത്രം ധരിച്ചാലും അറിയുന്ന ആളുകളോട് മിണ്ടിയാലും സംശയ ദൃഷ്ടികളുടെ കാക്കനോട്ടം. ആ നോട്ടങ്ങൾക്ക് മുൻപിൽ തല കുനിക്കേണ്ടി വരും.

ചുറ്റും നിയന്ത്രണങ്ങളുടെ മറയുണ്ടാക്കി നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊണ്ട് കാവൽ നിൽക്കുന്നവർ കാണാതെ പോകുന്ന സങ്കടങ്ങളാണ് പാതിരാത്രി കരഞ്ഞു തീർക്കുന്നത്.

ഇക്ക… ഞാനൊന്ന് മൈബൈൽ നോക്കി ഇത്തിരി നേരം ഇരുന്നതിന്.. അതിൽ നോക്കിയിരുന്നപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ വിടർന്ന പുഞ്ചിരിക്ക് അവി ഹിതത്തിന്റെ കഥ ഉണ്ടാക്കിയവരുണ്ട്…

അവൾക്കുമില്ലേ കൂട്ടുകാരൊക്കെ…?കെട്ടിയോൻ മരിച്ചപോയ പെണ്ണിന് കൂടെ നിൽക്കുന്ന കൂട്ടുകാർ പാടില്ലെന്നുണ്ടോ…? അവരോട് സംസാരിക്കാൻ പാടില്ലെന്നുണ്ടോ…? അവരുടെ മെസ്സേജുകളിൽ കരുതലും സ്‌നേഹവുമുണ്ട്. കുറച്ചൊക്കെ സങ്കടങ്ങളെ മാറ്റി നിർത്താൻ അവരുടെ വാക്കുകൾക്ക് കഴിയുമെന്ന് അവൾക്കല്ലേ അറിയൂ.

എന്റെ മനസ്സും ശ രീരവും ഒരാണിന് കൊടുത്തതാണ്. വേറെയൊരാണിനെ ആ സ്ഥാനത്ത് ചിന്തിക്കുന്നത് പോലും അവൾക്ക് അ റപ്പും വെ റുപ്പുമാണ്. അതൊക്കെ അറിഞ്ഞിട്ടും അവളെ കെട്ടിക്കാൻ നടക്കുന്നവരുടെ മനസ്സിൽ ആയിഷ വഴിതെറ്റി പോകാതിരിക്കാനാണത്രേ ഈ തീരുമാനം. ഒരുപക്ഷെ അവർക്ക് അറിയില്ലായിരിക്കും ഈ പെണ്ണിന്റെ ഉള്ളിൽ വേറെ ഒരാൾക്കും സ്ഥാനമില്ലാത്ത വിധം അവളുടെ ഇക്കാനോടുള്ള സ്‌നേഹം നിറഞ്ഞു തുളുമ്പുകയാണെന്ന്.

“ഇക്ക… സത്യമായിട്ടും ഇനി എനിക്ക് ആലോചനയുമായി ആര് വന്നാലും അവരുതല ഞാൻ തല്ലിപ്പൊട്ടിക്കും.”

ഇക്കാനോടുള്ള സ്‌നേഹം കൊണ്ട് മാത്രമല്ല അങ്ങനെയൊരു തീരുമാനം. മോനെ നോക്കണം. അവനെ നല്ലത് പോലെ പഠിപ്പിച്ചു വളർത്തി വലുതാക്കണം. ജീവിതത്തിലെ മങ്ങിപ്പോയ വെളിച്ചം ഇനി തെളിയുന്നത് മകനിലൂടെയായിരിക്കും.

ഇന്ന് ഈ വീടിന്റെ അതിർത്തിക്ക് പുറത്തിറങ്ങാനും എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുമൊക്കെ എത്രയോ പേരുടെ സമ്മതം വേണം ആയിഷാക്ക്.. മുൻപ് ഇക്കാടെ സമ്മതം മാത്രം മതിയായിരുന്നു.ഇക്ക ഇല്ലാതായപ്പോൾ അവളിൽ എല്ലാവർക്കും അധികാരമായി. സമ്മതം ചോദിച്ചില്ലെങ്കിൽ അഹങ്കാ രിയെന്ന പേരും വീഴും.

“ആരുടേയും സമ്മതം വാങ്ങാതെ ഇക്കാടെ അടുത്തേക്ക് വരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല… നമ്മളെ മോനെ ഓർത്ത് മാത്രമാണ് ഞാൻ ക്ഷമിക്കുന്നത്.”

പറയുന്നതിന്റെ ഇടയിൽ ആയിഷ കരയുന്നുണ്ട്. കണ്ണീർ തുടക്കുന്നുണ്ട്. രാത്രിമഴ പോലെ അവളുടെ കണ്ണുകളിലൂടെ സങ്കടം പെയ്തൊഴിയുകയാണ്.

മനസ്സും നാവും സംസാരിക്കുന്നത് മാസങ്ങൾക്ക് മുൻപ് പള്ളിക്കാട്ടിൽ അടക്കം ചെയ്ത ജീവന്റെ ജീവനായ ഭർത്താവിന്റെ മുൻപെപ്പോഴോ എടുത്ത ചിരിച്ചു നിൽക്കുന്ന ഫോട്ടോയോടാണ്. ആ ഫോട്ടോ എടുത്തു നെഞ്ചോട് ചേർത്ത് വെക്കുമ്പോൾ ഇക്ക അവളുടെ അരികിൽ ഉണ്ടെന്ന തോന്നലിൽ മനസ്സിലുള്ളതൊക്കെ പറഞ്ഞു തീർക്കും.

പരാതി പറഞ്ഞും സങ്കടം പറഞ്ഞും കണ്ണീർ തുടച്ചും വിതുമ്പുന്ന അവളെ നോക്കി ആ സമയം അവളുടെ ഇക്ക പറയുന്നുണ്ടാവും..

“നീ കാണുന്നില്ലെങ്കിലും നിന്നെ ഞാൻ കാണുന്നുണ്ട്.. ഇങ്ങനെ എന്നെ സ്‌നേഹിക്കുന്ന നിന്നെ വിട്ട് എന്റെ റൂഹ് എവിടെയും പോകില്ല ആയിഷ.. നിന്റെ അരികിൽ നിന്നെ തഴുകി… നിനക്കൊപ്പം ഞാനുണ്ട്. “

ഭർത്താവിന്റെ ഫോട്ടോ നെഞ്ചോട് ചേർത്തുവെച്ച് സങ്കടങ്ങൾ പെയ്തൊഴിഞ്ഞ മനസുമായി അവൾ ഉറങ്ങി.

രാത്രിമഴ പെയ്തുതോർന്ന പുലരി പോലെ ആരോടും പിണക്കമില്ലാതെ ഒരു ചെറു പുഞ്ചിരിയോടെ അവൾ ഉണരും. അവൾക്ക് അവളുടെ ഭർത്താവ് ബാക്കി വെച്ച പലതും ചെയ്തു തീർക്കാൻ ഉണ്ട്.

അതെ…അവൾ ജീവിതത്തിന്റെ ഒപ്പം ഒഴുകിക്കൊണ്ടേയിരിക്കട്ടെ. ഒഴുകാതിരിക്കുന്നതെന്തും കെട്ടുപോകും

ഒറ്റക്കാക്കി തോൽപ്പിച്ച വിധിയെ ജയിക്കാൻ ജീവിതത്തോട് സമരം ചെയ്യാൻ ആയിഷയെ പോലെ ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തിൽ. സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതിരിക്കുക.