Story written by Sajitha Thottanchery
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“അമ്മേ…ദേ നോക്കിയേ”
കുഞ്ഞു മാളൂട്ടി രാഖിയുടെ അടുത്തേക്ക് കയ്യും നീട്ടി ഓടി വന്നു.
“ആഹാ; എന്ത് രസാണ് കാണാൻ.ആരാ അമ്മേടെ കുട്ടിക്ക് മയിലാഞ്ചി ഇട്ടു തന്നെ “
“ഞാനില്ലേ,ജാനു വല്യമ്മേടെ അവടെ പോയപ്പോ അമ്മുച്ചേച്ചി ഇട്ടു തന്നതാ “മാളൂട്ടി കൊഞ്ചി പറഞ്ഞു
“നന്നായിട്ടുണ്ടല്ലോ ,അമ്മേടെ കുട്ടിക്ക് എന്തേലും കഴിക്കണ്ടേ ;വാ നമുക്ക് മാമുണ്ണാലോ “
“ഞാൻ അമ്മുച്ചേച്ചീടെ അടുത്തുന്നു കഴിച്ചതാ അമ്മേ,ദേ കുമ്പായി വീർത്തിരിക്കുന്ന കണ്ടോ “മാളൂട്ടിയുടെ മറുപടി കേട്ട് രാഖി ചിരിച്ചു .
“അച്ചമ്മേടെ മാളൂട്ടി എവിടായിരുന്നു ഇത്ര നേരം “എന്ന് ചോദിച്ചു കൊണ്ട് അമ്മിണി അമ്മ അവരുടെ അടുത്തേക്ക് വന്നു.
“ഞാൻ ജാനു വല്യമ്മേടെ അവിടായിരുന്നു അച്ചമ്മേ ;ദേ നോക്കിയേ;എനിക്ക് അമ്മു ചേച്ചി കയ്യിൽ ഇട്ടു തന്നിരിക്കുന്നെ “മാളൂട്ടി കയ്യും നീട്ടി കൊണ്ട് അമ്മിണി അമ്മയുടെ അടുത്തേക്ക് ചെന്നു.
“ജാനു വല്യമ്മയോ ;ആ വീട്ടിലെ പെണ്ണ് എങ്ങനാ ടീ നിന്റെ വല്യമ്മ ആകുന്നേ. മേലും കീഴും ഒന്നുല്യാണ്ടായിരിക്കണു. കഷ്ടം .ഏത് നേരോം അവിടെ പോയി ഇരിക്കരുതെന്നു ഞാൻ പറഞ്ഞിട്ടില്യേ നിന്നോട് “അമ്മിണി അമ്മ മാളൂട്ടിയോട് ശുണ്ഠി എടുത്തു .
“എന്നെ അമ്മു ചേച്ചി വിളിച്ചപ്പോ പോയതാ ഞാൻ അച്ചമ്മേ.അമ്മയോട് പറഞ്ഞിട്ടാ ഞാൻ പോയെ “കൊഞ്ചിയുള്ള ആ വാക്കുകളിൽ ഇത്തിരി സങ്കടം കലർന്നിരുന്നു .
“ചേച്ചിയും, വല്യമ്മയും ; പണ്ടൊന്നും ഈ പടി ധൈര്യത്തോടെ കടന്നു വരാറില്ല ഇവരൊന്നും .അംബ്രാളെ ന്നു തികച്ചു വിളിക്കില്ല.ഇപ്പൊ ചേച്ചിയും,വല്യമ്മയും . ഇവിടെ വന്നു രാഖിന്നു വിളിക്കണ കേൾക്കുമ്പോ എനിക്ക് ചൊറിഞ്ഞു കേറണുണ്ട് .അതെങ്ങനാ ഇവിടെ ഉള്ളോരു തന്നെയല്ലേ അതിനൊക്കെ വളം വച്ചു കൊടുക്കണേ. “രാഖിയെ ഉദ്ദേശിച്ചാണ് അവർ അത് പറഞ്ഞത് .
രാഖിയെ ഒരിക്കൽ അംബ്രാളെ ന്നു വിളിച്ചപ്പോൾ അവൾ തന്നെയാ അത് വിലക്കിയത്.അത് കേൾക്കുമ്പോൾ അവൾക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു.അവളുടെ വീട്ടിൽ അങ്ങനെ ജാതി നോക്കി വിളിക്കാൻ അവളെ ശീലിപ്പിച്ചിരുന്നില്ല.ഇവിടെ വന്നപ്പോൾ അരുണിന്റെ അമ്മയ്ക്ക് അതൊക്കെ ഭയങ്കര നോട്ടമായിരുന്നു. .എന്നാലും ജാതി നോക്കിയുള്ള പെരുമാറ്റം രാഖി ഇഷ്ടപ്പെട്ടിരുന്നില്ല .പ്രായത്തിനു മുതിർന്നവരോട് ബഹുമാനത്തോടെ തന്നെ അവൾ പെരുമാറിയുള്ളു.അരുണിന്റെ കൂട്ടുകാരുടെ കല്യാണങ്ങൾക്കെല്ലാം രാഖി പോകുമ്പോ അമ്മ മുഖം വീർപ്പിക്കൽ പതിവായിരുന്നു. അരുൺ കൂടെ നിൽക്കുന്നത് കൊണ്ട് രാഖി അതൊന്നും ശ്രദ്ദിക്കാറില്ല .ഇപ്പോ മോളോടും തുടങ്ങി അമ്മ .
“അമ്മ എന്തൊക്കെയാ ഈ പറയണേ .ഇത് പണ്ടത്തെ കാലം ഒന്നുമല്ല .എല്ലാവരോടും നന്നായി പെരുമാറാൻ അല്ലെ നമ്മൾ മക്കളെ പഠിപ്പിക്കേണ്ടത് “.രാഖി പറഞ്ഞു .
“ഓ…ഒരു പുരോഗമനക്കാര് വന്നേക്കാണു . അവനവന്റെ വില നോക്കാതെ ഉള്ള പുരോഗമനം.എനിക്ക് കേൾക്കണ്ട.പണ്ടത്തെ ഒരു ബഹുമാനോം ആർക്കും ഇല്ലാതായിരിക്കണു.ഒക്കെ പുരോഗമനം അല്ലെ .”ഒരല്പം പുച്ഛത്തോടെ അവർ പറഞ്ഞു.
“ഈ ബഹുമാനം എന്താ അമ്മെ.ഒന്ന് ചേച്ചീന്നു വിളിച്ചോണ്ട് പോകുന്ന ഒന്നാണോ.”
“ഇനി എന്നോട് തർക്കുത്തരം പറയണ്ട.നിങ്ങൾക്കോ ആ നോട്ടമൊന്നുമില്ല .ആ കുട്ടിയെ എങ്കിലും അവനോന്റെ നിലയ്ക്ക് അനുസരിച്ചു പെരുമാറാൻ പഠിപ്പിക്കു.ഏത് നേരോം ആ വീട്ടിലാ. ഊണും ഉറക്കോം എല്ലാം .എനിക്ക് കാണുമ്പോ തന്നെ ഇഷ്ടവാണില്ല.” അമ്മിണി അമ്മയുടെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു.
“എന്റെ അമ്മെ, ഞാൻ ഒന്ന് ചോദിക്കട്ടെ.ഞങ്ങൾ വീട്ടിൽ ഇല്ലാത്ത നേരത്തു അമ്മയ്ക്ക് ഒന്ന് വയ്യാതായാൽ ,അയൽവീട്ടുകാരാണ് ഓടി വരുന്നത്. ഒന്ന് എണീക്കാൻ വയ്യാത്ത നേരം ആണേൽ ഒരു ഗ്ലാസ് വെള്ളം എടുത്തു തന്നാൽ നിങ്ങൾ എടുത്ത് തരുന്ന വെള്ളം എനിക്ക് വേണ്ട .എന്റെ ജാതിക്കാർ വരട്ടെ ന്നു അമ്മ പറയോ .ഈ ജാതീം മതോം ഒക്കെ നമ്മൾ മനുഷ്യന്മാർ ഉണ്ടാക്കീതല്ലേ അമ്മെ.എല്ലാരോടും നന്നായി പെരുമാറാനല്ലെ നമ്മൾ നോക്കേണ്ടത് “.രാഖി പറഞ്ഞു .
“നിങ്ങളോട് തർക്കിച്ചു ജയിക്കാൻ എന്നെ കൊണ്ട് ആവില്ല.നിങ്ങൾക്ക് എല്ലാത്തിനും ന്യായം ഉണ്ടാകും .എന്താന്ന് വച്ചാൽ ചെയ്യൂ .എന്നെ ഉപദേശിച്ചു തിരുത്തണ്ട.ഞാൻ ഈ പ്രായം വരെ ഇങ്ങനൊക്കെയാ ജീവിച്ചേ.ഇതൊന്നും എനിക്ക് ശീലമില്ല.” തോൽവി സമ്മതിക്കാനാവാതെ അമ്മിണി അമ്മ അവിടെ നിന്നും എഴുന്നേറ്റ് പോയി.
അവരൊന്നും ഇനി മാറാൻ പോകുന്നില്ല .അടുത്ത തലമുറയെ എങ്കിലും ഈ തെറ്റുധാരണകൾ ഇല്ലാതെ വളർത്താം.രാഖി മനസ്സിലോർത്തു .
ഇതെല്ലാം കേട്ട് താനെന്തോ വല്യേ തെറ്റ് ചെയ്തോ എന്ന സംശയത്തോടെ മാറി നിന്നിരുന്ന മാളൂട്ടിയോട് കണ്ണിറുക്കി ചിരിച്ചു രാഖി അവളെ ചേർത്ത് പിടിച്ചു