Story written by Sumayya Beegum T A
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
നല്ല ആകാശ നീല കളർ സാരിയിൽ വെള്ള എംബ്രോഡയറി, അതിന്റെ കൂടെ വെള്ള മുത്തുകൾ പിടിപ്പിച്ച അതേ കളർ ബോട്ടിൽ നെക്ക് ബ്ലൗസും. നീല കളർ ജിമിക്കി കമ്മലും കഴുത്തിലൊരു വല്യ നീല ലോക്കറ്റ് കറുത്ത ചരടിൽ കൊരുത്തൊരു മാലയും.
പൊളിച്ചു മോളെ സൂപ്പർ ആയിട്ടുണ്ട്.
ഒരു നീലപൊന്മാനേ പോലെ വന്ന നാസിയയെ നോക്കി സ്മിത സന്തോഷത്തോടെ പറഞ്ഞു.
നീയും തകർത്തല്ലോ.
മെറൂൺ നെറ്റ് സാരിയുടുത്തു സുന്ദരിയായി നിൽക്കുന്ന സ്മിതയെ നോക്കി നാസിയും പറഞ്ഞു.
സ്മിതക്ക് മാത്രല്ല അവിടെ ഉണ്ടായിരുന്ന എല്ലാ കൂട്ടുകാർക്കും നാസിയെ ഒന്ന് പുകഴ്ത്തി പറയാതിരിക്കാൻ പറ്റുമായിരുന്നില്ല അത്രയ്ക്ക് ഭംഗി ഉണ്ടായിരുന്നു അപ്പോൾ അവളെ കാണാൻ.
മാനേജരുടെ മോളുടെ ആദ്യ കുർബാനക്ക് ഓഫീസിൽ നിന്നും എല്ലാരും എത്തിയിരുന്നു. സതീഷ് സാർ നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തിന്റെ വീട്ടിലെ ആഘോഷം എല്ലാർക്കും അടിച്ചുപൊളിക്കാനുള്ള അവസരമായിരുന്നു.
നല്ല കുരുമുളകിട്ടു വറുത്ത പോത്തിറച്ചി ഒരു പ്ലേറ്റ് കഴിച്ചുകൊണ്ടിരുന്ന ഓഫീസ് സ്റ്റാഫിന്റെ ടേബിളിന്റെ നടുക്ക് കൊണ്ടുവെച്ചിട്ടു സതീഷ് സർ പറഞ്ഞു നാസി, ഫിദ കഴിച്ചോളൂ ഹലാൽ ആണ് ഇത് മാത്രല്ല ചിക്കനും.
ഒരു തവി വെള്ള ചോർ എടുത്തു കൈയിട്ടു ഇളക്കി കൊണ്ടിരുന്ന നാസി പെട്ടന്ന് ഉഷാറായി.
വേറൊരു പ്ലേറ്റ് എടുത്തു ചിക്കൻ ബിരിയാണി കോരിയെടുത്തവൾ സതീഷിനോട് പറഞ്ഞു.
ഇതാണ് കേരളം ഇതാണ് മതമൈത്രി സർ മുത്താണ്.
ന്റെ നാസി നീ ഇങ്ങനെ ഒന്നും വിളിക്കല്ലേ അപ്പുറത്തു ഡെയ്‌സി നില്പുണ്ട്. മിക്കവാറും ഇന്നവൾ എന്നെ നിലത്തുകിടത്തും.
അതുകേട്ടു ജിഷ്ണുവും ഫൈസലും ഉൾപ്പടെയുള്ള സ്റ്റാഫ് മൊത്തം പൊട്ടിച്ചിരിച്ചു.
ഭക്ഷണമൊക്കെ കഴിഞ്ഞു സാറിന്റെ മോൾ സനക്കു വാങ്ങിയ സ്വര്ണമോതിരം എല്ലാരും ചേർന്ന് മോൾക്ക് കൊടുത്തു ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ നാസിയോട് കുട്ടി പറഞ്ഞു.
ആന്റി ടുഡേ യൂ ലുക്ക് മോർ ബ്യൂട്ടിഫുൾ.
താങ്ക്സ് ഡാ എന്നും പറഞ്ഞു കുട്ടിക്ക് കവിളിൽ ഒരു മുത്തവും കൊടുത്തു നാസി ഇറങ്ങി വരുമ്പോൾ ഫിദ അസൂയയോടെ അവളെ തന്നെ നോക്കി നിന്നു.
ആ നോട്ടം കണ്ടാവണം സ്മിത ഫിദയോട് ചോദിച്ചു.
എന്തിനാടി നിന്നിങ്ങനെ വെള്ളമിറക്കുന്നേ നിനക്കും ഇടയ്ക്കൊക്കെ ഒരുങ്ങി നടന്നുകൂടെ.
ഈ ചാക്കുപോലത്തെ നിറമില്ലാത്ത ഗൗൺ ഒക്കെ മാറ്റി ഇടയ്ക്കൊക്കെ ഒന്ന് സാരിയൊക്കെ ഉടുത്തു വാടോ ?
അതിനു മറുപടി പറഞ്ഞത് ജിഷ്ണുവാണ് ഒന്ന് പോ സ്മിതേ അവളുടെ പുള്ളിക്ക് ജോലിക്ക് അവളെ വിടുന്നത് തന്നെ പേടിയാണ് മൂപ്പർ ഗൾഫിൽ മനസമാധാനത്തോടെ ഇരിക്കുന്നത് തന്നെ ഇവളിങ്ങനെ കോലംകെട്ടു നടക്കുന്നത് കൊണ്ടാണ്.
എന്താണ് എല്ലാരും കൂടി ഒരു ചർച്ച സാറിന്റെ വൈഫിനോട് സംസാരിച്ചുകൊണ്ടു നിന്നിരുന്ന നാസിയും ഫൈസലും അവർക്കൊപ്പം ചേർന്നു.
ഡി നാസി ഇനി ഡ്രസ് എടുക്കാൻ പോവുമ്പോൾ ഫിദക്ക് കൂടി നീ സെലക്ട് ചെയ്താൽ മതി കേട്ടോ. ജിഷ്ണു നാസിയോട് പറഞ്ഞു.
അതൊക്കെ എന്തിനാണ് ജിഷ്ണു. ഓരോരുത്തരും ധരിക്കുന്നതു അവരവരുടെ ഇഷ്ടത്തിനനുസരിച്ചല്ലേ വേറെ ഒരാൾ അതിൽ ഇടപെടേണ്ട കാര്യമില്ലല്ലോ. പിന്നെ ഞാനും സ്മിതയും ഒക്കെ എത്ര ഒരുങ്ങിയാലും ഫിദയുടെ അത്ര വരുമോ ?നമ്മുടെ മൊഞ്ചത്തി കുട്ടിയല്ലേ ഫിദ.
ജിഷ്ണുവിനും ഫൈസിക്കുമൊക്കെ ഇതുപോലെ ഭാര്യമാരുടെ ഡ്രസ്സിങ്ങിൽ എന്തെങ്കിലുമൊക്കെ നിലപാടുകൾ ഉണ്ടോ ? സ്മിത കിട്ടിയ അവസരം മുതലാക്കി പുരുഷ പ്രജയെ ചോദ്യം ചെയ്തു.
തീർച്ചയായും ഉണ്ട് അല്ലേ ജിഷ്ണു. ഫൈസൽ അവന്റെ തോളിൽ കയ്യിട്ടു ഉറപ്പിച്ചു പറഞ്ഞു.
പിന്നെ കോലം കെട്ടി നടക്കാനൊന്നും സമ്മതിക്കില്ല വൾഗർ ആയിട്ട് ഡ്രസ്സിങ് പാടില്ല. പക്ഷേ മാന്യമായിട്ടു എന്ത് ഡ്രസ്സ് വേണേലും ധരിക്കാം.
ഭാര്യമാർ ഒരുങ്ങി നടക്കുന്ന കാണാൻ തന്നെയാടോ സ്മിതേ ഞങ്ങൾക്കിഷ്ടം.
അവരുടെ ചർച്ചകൾ നീണ്ടു സ്ത്രീ സമത്വവും ഫെമിനിസവും മതപരവും ഒക്കെയായി നീണ്ടുപോകുമ്പോൾ ഫിദയുടെ കണ്ണുകൾ പലവിധ നിറങ്ങളിൽ ഉള്ള സാരികളിലും ലെഹങ്കയിലുമൊക്കെ പാറി നടന്നു.
കഴിഞ്ഞ പെരുന്നാളിന് തുണിയെടുക്കാൻ പോയപ്പോൾ മുന്തിരി കളർ സാരി സെയിൽസ് ഗേൾ തന്നെ ഉടുപ്പിച്ചു നോക്കിയത് മോൾ ഫോട്ടോ എടുത്തു അവളുടെ വാപ്പിക്ക് അയച്ചു കൊടുത്തു.
എന്തൊരു പുകിലായിരുന്നു പിന്നെ ഒരു ആഴ്ച്ച തന്നെ വിളിച്ചിട്ടു കൂടിയില്ലായിരുന്നു.
പിന്നെ എന്തൊക്കെ പറഞ്ഞാണ് ഒന്ന് പിണക്കംമാറ്റിയത് ഇക്കാ ഒരു പ്രത്യേക സ്വഭാവം ആണ് ആൾക്ക് ചില നിർബന്ധങ്ങൾ ഉണ്ട് അതൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. വീടിന്റെ ഉള്ളിൽ ക്യാമറ വരെ വെച്ചിട്ടുണ്ട് കക്ഷി. പുള്ളിയെ പറ്റിച്ചു ഒരു പരിപാടിയും നടക്കൂല്ല.
അധികം താമസിക്കാതെ എല്ലാരും പോകാനിറങ്ങി അടുത്തടുത്ത വീടുകൾ ആയതിനാൽ നാസിയും ഫിദയും ഒരുമിച്ചാണ് യാത്ര തിരിച്ചത്. രാവിലെ മോൾക്ക് സ്കോളർഷിപ് എക്സാം ഉണ്ടായിരുന്നത് കൊണ്ട് നാസി താമസിച്ചു അതാണ് ഫിദ നേരത്തേയെത്തിയത്.
ബസിൽ ഇരിക്കുമ്പോൾ ഫിദക്ക് ഭർത്താവ് സഫീറിന്റെ കാളുകൾ പലവട്ടം വന്നു. എപ്പോൾ വീട്ടിൽ എത്തും ?ആരുണ്ട് കൂടെ ?അങ്ങനെ അങ്ങനെ ?
വീട്ടിലോട്ട് കുറച്ചു ദൂരമുണ്ട്. ഫോൺ വിളി ഒക്കെ കഴിഞ്ഞു താടിക്കു കൈ കൊടുത്തു സൈഡ് സീറ്റിൽ ഫിദ പുറത്തേക്കു നോക്കി വിഷാദിച്ചിരുന്നു.
ഡി ഫിദ എന്താണ് നീ ആലോചിക്കുന്നത് ഇന്ന് അവരൊക്കെ പറഞ്ഞത് കേട്ടിട്ടാണോ ?
നീ വിഷമിക്കണ്ടാട്ടൊ സഫീറിനെപ്പോലെ ഒരുപാട് കരുതൽ ഉള്ള ആൾക്കാർ ഇത്തിരി പൊസെസ്സിവ് ആവും. എന്റെ കെട്യോനെ കണ്ടോ ഇതുവരെ എവിടെ എത്തി എന്നുപോലും ചോദിച്ചിട്ടില്ല.
ഓരോരുത്തരും ഓരോ പ്രകൃതം. അങ്ങനെ അങ്ങ് ഓർത്താൽ മതി. പിന്നെ സംസാരം അന്ന് നടന്ന ചടങ്ങിനെപ്പറ്റിയും ഡെയ്സി ചേച്ചിയെപ്പറ്റിയും ഒക്കെയായി. സ്ഥലം എത്തിയത് രണ്ടാളും അറിഞ്ഞില്ല.
ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ നാസി വിളിച്ചിട്ട് അവളുടെ ഭർത്താവ് സുഹൈൽ എത്തിയിരുന്നു.
രണ്ടുപേരും കാറിൽ കയറുമ്പോൾ നാസിയെ കടകണ്ണിട്ടു നോക്കി സുഹൈൽ ഫിദയോട് ചോദിച്ചു.
ഫിദ ഇവൾ എന്താ ചന്ദനകുടത്തിനു പോയതാണോ ?
നാസി മുഖം കോട്ടി. ഫിദ ഊറിച്ചിരിച്ചു.
സുഹൈൽ നാസിയെ ദേഷ്യം പിടിപ്പിക്കാനായി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
അവരുടെ പിണക്കവും ഇണക്കവും കണ്ടു ഫിദ അവരോടൊപ്പം കൂടി. അഞ്ചുമിനുട്ടിനുള്ളിൽ ഫിദയുടെ വീടിനു മുമ്പിൽ വണ്ടിയെത്തി.
നാസിയോട് യാത്ര പറഞ്ഞു ഫിദ ഗേറ്റ് തുറന്നു അകത്തുകേറി.
കുളിയൊക്കെ കഴിഞ്ഞു വൈകിട്ട് ഫിദ കെട്ടിയോൻ സഫീറിനെ വിളിച്ചപ്പോൾ അന്നത്തെ വിശേഷങ്ങൾ എല്ലാം വിശദമായി പറഞ്ഞു കേൾപ്പിച്ചു കൂടെ എടുത്ത സെൽഫികളും അയച്ചുകൊടുത്തു.
നാസിയയുടെ ഡ്രെസ്സിനെ പറ്റി വളരെ മോ ശമായി സഫീർ സംസാരിക്കുന്ന കേട്ടപ്പോൾ എന്തോ ഒരു വല്ലായ്‌മ തോന്നിയെങ്കിലും മൂളികേട്ടു. ആ സുഹൈൽ അവനിട്ടു വേണം കൊടുക്കാൻ പെണ്ണുങ്ങളെ ഇങ്ങനെയൊക്കെ അണിഞ്ഞൊരുങ്ങി നടത്താൻ ആ നാണം കെട്ടവൻ സമ്മതിച്ചിട്ടല്ലേ?
പക്ഷേ വൃത്തിയായി ശ രീരത്തിന്റെ ഒരു തരിമ്പു പോലും പ്രകടമാക്കാതെ സാരി ഉടുത്തു ഇളം നീല ഷാൾ കൊണ്ട് തലമറച്ച നാസിയയുടെ വസ്ത്രധാരണം എന്തുകൊണ്ട് സഫീറിന്റെ കണ്ണിൽ മോശമായി എന്നോർത്ത് ഫിദക്ക് ഒരെത്തും പിടിയും കിട്ടിയില്ല എങ്കിലും സഫീറിന്റെ സ്വഭാവം അറിയാവുന്ന കൊണ്ട് തർക്കിക്കാൻ നിന്നില്ല.
ഫിദ, ഇന്ന് രാത്രിയിൽ എക്സ്ട്രാ വർക്ക് ഉണ്ട് എല്ലാം നിനക്കും മക്കൾക്കും വേണ്ടിയാണെന്ന് പറഞ്ഞു സഫീർ ഫോൺ വെക്കുമ്പോൾ മനസ്സിൽ നേരിയ ഒരു കുളിർമ തോന്നി.
പിടിവാശി ഉണ്ടെങ്കിലും രാപകലില്ലാതെ തങ്ങൾക്കു വേണ്ടി കഷ്ടപ്പെടുന്ന സഫീറിനെ കൂടുതൽ സ്നേഹിച്ചു ആ മുഖം സ്വപ്നം കണ്ടുറങ്ങി ഫിദ.
അതേ സമയം നാസിയയുടെ വീട്ടിൽ അവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
അതെ കല്യാണത്തിന് പോയിട്ട് വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.
അവളോട് ഒട്ടികിടന്നു നാസിയുടെ മുഖത്ത് തലോടി സുഹൈൽ ചോദിക്കുമ്പോൾ നാസി ആ കൈത്തട്ടി മാറ്റി.
വേണ്ട വേണ്ട ഞാൻ ഒരുങ്ങിയിട്ടു നിങ്ങൾ ഒരു നല്ല വാക്കുപോലും പറഞ്ഞില്ലല്ലോ ?
എല്ലാര്ക്കും ഇഷ്ടപെട്ടിട്ടും എന്നെ നിങ്ങൾ കളിയാക്കി ഇല്ലേ ഫിദ കേൾക്കെ.
ഹഹഹ അതാണോ കാര്യം ഞാൻ ഓർത്തു എന്താണ് ഇത്ര ജാടയെന്നു ?
എന്റെ മുത്തേ നിനക്കു അത് ചേരുന്ന കൊണ്ടല്ലേ ഞാൻ തന്നെ നിന്റെ കൂടെ വന്നു വാങ്ങിത്തന്നത്. പിന്നെ പ്രത്യേകം പറയാണോ.ചുമ്മ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞു എന്നല്ലാതെ അതിൽ ഒരു കാര്യവുമില്ല. അടിപൊളി അല്ലേ എന്റെ ഭാര്യ.
അയ്യടാ അങ്ങനെ കാര്യം കാണാനുള്ള സോപ്പിങ് ഒന്നുംവേണ്ട.
സഫീറിനെ കണ്ടുപഠിക്കു എത്ര വട്ടമാണ് ഫിദയെ വിളിക്കുന്നത് അവൾ ഒരുങ്ങുന്നത് അയാൾക്കിഷ്ടമല്ല ആരും അവളെ നോക്കുന്നപോലും സഹിക്കില്ല. അയാൾക്കു അവളെ പ്രാണനാണ്.
ഉവ്വ് ഉവ്വ് എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. മുഷിച്ചിലോടെ സുഹൈൽ നാസിയയുടെ ദേഹത്ത് നിന്നും കൈയെടുത്തു.
ചോദ്യ ഭാവത്തിൽ കൈകുത്തി തലയുയർത്തി നാസി ഭർത്താവിനോട് ചോദിച്ചു.
എന്താണ് സുഹൈൽ, കുറേനാളായി നിങ്ങൾ സഫീറിന്റെ കാര്യം പറയുമ്പോൾ ഇങ്ങനെ ഒക്കെ പറയുന്നു. നിങ്ങളും അയാളും ദുബായിൽ ഒരുമിച്ചു ജോലി ചെയ്തതല്ലേ പറ എന്താണ് അയാൾക്ക് ഇത്ര കുഴപ്പം.
ഒപ്പം ഉണ്ടായിരുന്ന കൊണ്ടാണ് ഞാൻ പറയുന്നത് എന്നുമാത്രം ഇപ്പോൾ അറിഞ്ഞാൽ മതി. കാര്യം എന്താണെന്നു ഞാൻ പറയില്ല അതിനു രണ്ടു കാരണം ഉണ്ട് ഒന്ന് നീ പെണ്ണാണ് നിങ്ങൾ പെണ്ണുങ്ങൾക്ക് രഹസ്യം സൂക്ഷിക്കാൻ പറ്റില്ല രണ്ടു ഫിദ നിന്റെ ബെസ്ററ് ഫ്രണ്ട് ആണ് പോരാത്തതിന് ഒരു തൊട്ടാവാടിയും.
അയ്യടാ പൊന്നുമോനെ വേല മനസിലിരിക്കട്ടെ ഞാൻ ചോദിക്കാതിരിക്കാൻ ഉള്ള നമ്പർ അല്ലേ ?കുശുമ്പാണ് നിങ്ങൾക്ക് സഫീറിനോട്.
ഒന്നുപോടി എന്നുപറഞ്ഞു സുഹൈൽ തിരിഞ്ഞു കിടന്നപ്പോൾ കെട്ടിപിടിക്കാതെ ഉറങ്ങാൻ പറ്റില്ല മിസ്റ്റർ എന്നുപറഞ്ഞു നാസിയവനോടു ചേർന്ന് കിടന്നു. സഫീർ പോയി പണി നോക്കട്ടെ എനിക്ക് എന്റെ കെട്യോനെ കെട്ടിപിടിക്കണം. ഒരുമ്മ പോരട്ടെ.
രാത്രി പാതിരാ കഴിയുമ്പോൾ…..
കടലുകൾക്കപ്പുറം വിശാലമായ മെത്തയിൽ തൂവെള്ള നിറത്തിൽ റോസാ ദളങ്ങൾ പൊഴിയുന്ന പോലെ മനോഹരമായ പ്രിന്റ് ഉള്ള ബെഡ്ഷീറ്റിൽ ന ഗ്നമായ രണ്ടു രൂപങ്ങൾ ഒന്നായി തീർന്നു തളർന്നു മയങ്ങി.
അപ്പോഴാണ് ടേബിളിലിലെ ഫോണിന്റെ ഡിസ്‌പ്ലേയിൽ ഫിദയുടെ നമ്പർ തെളിഞ്ഞതു. ശല്യം എന്നുപറഞ്ഞു സഫീർ ആ ഫോൺ സ്വിച്ച് ഓഫ് ആക്കി തന്നെ നോക്കികിടക്കുന്ന സഹപ്രവർത്തകയായ വെള്ളാരംകണ്ണുള്ള സുന്ദരിയെ ഇറുകെ പുണർന്നു.
അവൾക്കായി അവൻ വാങ്ങിയ മുട്ടൊപ്പം ഇറക്കമുള്ള കൈകൾ ഇല്ലാത്ത ഫ്രോക്ക് ഒരിക്കൽ കൂടി അഴിഞ്ഞു കട്ടിലിന്റെ ചുവട്ടിലേക്ക് വീണു.
(പങ്കാളിയുടെ ഇഷ്ടത്തിനോ മതപരമായോ വസ്ത്രം ധരിക്കുന്നതിനെതിരെയുള്ള കഥ അല്ലിത്. ആദർശങ്ങൾ അടിച്ചേൽപ്പിച്ചു വഞ്ചനയുടെ മേച്ചില്പുറങ്ങളിൽ അഴിഞ്ഞാടുന്ന ചില മിടുക്കന്മാർ അവരുടെ ഭാര്യമാരുടെ നിസ്സഹായത വരികളാക്കി എന്നുമാത്രം. )