ഒന്നൂല്യ.. മോൾക്ക് നോക്കാൻ കഴിയില്ലങ്കിൽ അമ്മ നോക്കിക്കോളാം..ഇങ്ങനെ ഇട്ടെറിഞ്ഞു പോകാൻ ഞാൻ സമ്മതിക്കില്ല..” ഇത്തവണ……..

കാലംവിധിപറയുമ്പോൾ

Story written by Unni K Parthan

“ഞങ്ങളുടെ അച്ഛൻ ഉണ്ടായിരുന്നേൽ ഇങ്ങനെ ഞങ്ങൾ നരകിച്ചു ജീവിക്കേണ്ടി വരില്ല ല്ലേ അമ്മാമേ.”

എഴു വയസുകാരൻ കാശിയുടെ ചോദ്യം കേട്ട് മാലിനിയുടെ ഉള്ളം പൊള്ളി..

ചോറുരുള കൈയ്യിൽ ഇരുന്ന് ഒന്ന് വിറച്ചു.. “ന്തെ.. ന്റെ കുഞ്ഞിന് അങ്ങനെ ഒരു ചിന്ത..”

“അമ്മയ്ക്ക് ഞങ്ങളെ നോക്കാൻ നേരമില്ലലോ.. അമ്മാമ കൂടെ പോയ.. പിന്നെ ഞങ്ങള് തനിച്ചാകും..” ഉമ്മറത്തെ സിമന്റ് തറയിൽ ഓടി കളിക്കുന്ന മാളുവിനെ നോക്കി കാശി പറഞ്ഞപ്പോൾ മാലിനി ഒന്നുടെ പിടഞ്ഞു..

“മോൻ.. ഒരു ഉരുള കഴിച്ചേ..” ചോറുരുള കാശിയുടെ ചുണ്ടിലേക്ക് നീട്ടി..

“മാളുന് കൊടുത്തോ.. ഓൾക്ക് നല്ല വിശപ്പുണ്ടാവും.. അവള് കഴിച്ചിട്ട് മതി എനിക്ക്.. എനിക്ക് കുറച്ചു എഴുതാൻ ണ്ട് അമ്മമേ ഞാൻ എഴുതി വെയ്ക്കട്ടെ ട്ടോ..”

എഴു വയസുകാരൻ പതിനേഴു വയസുകാരൻ ആവുന്നത് മാലിനി അറിയുകയായിരുന്നു ആ നിമിഷം..

*****************

“ഞാൻ പോകുമ്പോൾ കൊണ്ട് പൊയ്ക്കോട്ടെ കുട്ടികളെ..” രാത്രി അത്താഴം കഴിച്ചു ഉമ്മറ കോലായിൽ ഇരുന്നു മുടി മെടഞ്ഞു കെട്ടുന്ന ശോഭയെ നോക്കി മാലിനി ചോദിച്ചു..

“എങ്ങോട്ട്..”

“ദിനേശന്റെ വീട്ടിലേക്ക്..”

“ഓ… നിങ്ങളുടെ വീട്ടിലേക്ക്…”

“മ്മ്..”

“എനിക്ക് നോക്കാൻ പ്രാപ്തിയില്ല എന്ന് നാട്ടുകാരെ ബോധിപ്പിക്കാൻ ഉള്ള അടവ് അല്ലേ..”

“അങ്ങനെ അല്ല മോളേ.. മക്കളുടെ അവസ്ഥ കണ്ടിട്ട് നെഞ്ച് പൊട്ടുവാ..”

“അതിന് മാത്രം നെഞ്ച് പൊട്ടാൻ ഇവിടെ എന്താ ഉണ്ടായേ..”

“നാലു വയസേള്ളു.. മാളുന്…ആ കുഞ്ഞിനെ കാശിമോന്റെ അടുത്ത് നിർത്തി പോയപ്പോൾ.. മോൾക്ക് ഒന്നും തോന്നിയില്ലേ.. എവടെ പോയതാ മോള്.. ഞാൻ വൈകുന്നേരം നാലുമണി ആയപ്പോൾ വന്നതാ.. കുഞ്ഞിന് ഇന്ന് സ്കൂൾ ഉച്ച വരെ ഉണ്ടായുള്ളൂ.. മോൻ വന്നപ്പോൾ ചോറ് പോലും തരാതെ അമ്മ ഇറങ്ങി പോയി ന്ന് പറഞ്ഞു.. പിന്നെ മോള് കേറി വന്നത് വിളക്ക് വെയ്ക്കണ നേരത്തും..”

“അതിന്…”

“ഒന്നൂല്യ.. മോൾക്ക് നോക്കാൻ കഴിയില്ലങ്കിൽ അമ്മ നോക്കിക്കോളാം..
ഇങ്ങനെ ഇട്ടെറിഞ്ഞു പോകാൻ ഞാൻ സമ്മതിക്കില്ല..” ഇത്തവണ മാലിനിയുടെ ശബ്ദം കനത്തു..

“കൊണ്ട് പൊയ്ക്കോ… എനിക്ക് കാണണം എന്ന് തോന്നുമ്പോൾ ഞാൻ വന്നു കൊണ്ട് വന്നോളാം..” യാതൊരു ഭാവ വ്യത്യാസമില്ലാതെ ശോഭ പറഞ്ഞത് കേട്ട് മാലിനി ഒന്ന് ഞെട്ടി..

“മോളുടെ ഈ യാത്ര ശരിയല്ല.. ദിനേശൻ പോയതും.. എങ്ങനെ ആണെന്ന് അറിയാലോ..”

“വി ഷം വാങ്ങി കുടിക്കാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല… ജീവിക്കാൻ യോഗ്യതയില്ലാത്തവർ ചാ വുന്നത് തന്നെയാണ് നല്ലത് എനിക്ക് ഉറക്കം വരുന്നു.. ഞാൻ വെളുപ്പിന് പോകും.. കുട്ടികളുടെ എല്ലാം എടുത്തോ..”

“നീ ഒരു അമ്മയാണോ..”

“അല്ല.. നിങ്ങളുടെ മോന് അച്ഛനാവാൻ പറ്റിയോ.. ഇല്ല ലോ.. പിന്നെ ഞാൻ എന്തിന് അമ്മയാവണം..”

“ഒന്നും പറയുന്നില്ല ഞാൻ.. നിന്റെ ഈ അ ഴിഞ്ഞാട്ടം കണ്ടു തന്നെയാണ് അവൻ പോയതും..”

“പിന്നെ.. അങ്ങേര് പൊട്ടൻ.. മര്യാദക്ക് ഒന്നും കണ്ടില്ല കേട്ടില്ല എന്നും പറഞ്ഞു നിന്നാ പോരേ.. ഇതൊന്നും എവിടേം നടക്കാത്തത് അല്ല ലോ..

കുട്ടികൾ അവിടെ കിടന്നോട്ടെ.. എനിക്ക് ഉറക്കം വരണു..” മാലിനി അകത്തേക്കു കയറി വാതിൽ അടച്ചു.. കാശിയും മാളുവും നല്ല ഉറക്കത്തിൽ ആയിരുന്നു.. ആ സമയം.

“ഉറങ്ങട്ടെ.. സ്വസ്ഥമായി..” മാലിനി അവരുടെ നെറ്റിയിൽ തലോടി കൊണ്ട് ഉള്ളിൽ പറഞ്ഞു..

രാത്രി ഇരുട്ടിൽ ശോഭയുടെ മുറിയിൽ അടക്കി പിടിച്ചുള്ള സംസാരം കേട്ടാണ് മാലിനി കണ്ണു തുറന്നത്.. സീ ൽക്കാരങ്ങൾ കുറുകലിനും നേർത്ത ചിരികൾക്കുമായി വഴി മാറുന്ന നിമിഷം മാലിനി എഴുന്നേറ്റു ലൈറ്റ് ഇട്ടു.. അപ്പുറത്തെ മുറിയിലെ ശബ്ദം പെട്ടന്ന് നിന്നു..

മേശയുടെ മുകളിൽ ഇരുന്ന കാശിയുടെ പുസ്തകങ്ങൾ എല്ലാം അവന്റെ ബാഗിൽ എടുത്തു വെച്ചു രണ്ടു മക്കളേയും ഇരു തോളിലും ഇട്ട് മാലിനി ആ രാത്രി അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി തന്റെ വീട് ലക്ഷ്യമാക്കി നടന്നു..

അൽപ്പം കഴിഞ്ഞു ശോഭ വാതിൽ തുറന്നു പുറത്തേക്ക് വന്നു..
വിടർന്നു കിടന്ന മുടി എടുത്ത് പുറകിലേക്ക് വാരി വലിച്ചു കുത്തി പമുറ്റത്തേക്ക് ഇറങ്ങി ഇടം വലം നോക്കി.. പിന്നെ തിരിച്ചു അകത്തേക്കു നടന്നു വാതിൽ കുറ്റിയിട്ട് വീണ്ടും മുറിയിലേക്ക് കയറി..

************

ഒരുപാട് വർഷങ്ങൾക്ക് ശേഷം..

“അമ്മയാണ് എന്ന് പറഞ്ഞു ഒരു സ്ത്രീ വന്നിരുന്നു ഇവിടെ..” പോർച്ചിൽ കാർ നിർത്തി പുറത്ത് ഇറങ്ങിയ കാശിയെ നോക്കി അനുപമ പറഞ്ഞു.

“മ്മ്.. എന്നിട്ട്..” ഒന്നും സംഭവിക്കാത്ത മട്ടിൽ കാശി അനുപയെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു..

“ഏട്ടന്റെ അമ്മയായിരുന്നു അത്..”

“ആണോ.. നല്ല കാര്യം..

നീ വാ.. എനിക്ക് വിശക്കുന്നു.. മോൻ സ്കൂളിൽ നിന്നും വന്നോ.. അവനു ഇന്ന് ഉച്ച വരെ അല്ലേ ക്ലാസ്സ്‌ ഉള്ളൂ..”

“മ്മ്.. വന്നു അമ്മയുടെ കൂടെ അകത്തുണ്ട്..”

“അമ്മേ..” കാശി മാലിനിയുടെ റൂമിലേക്കു കയറി നീട്ടി വിളിച്ചു..

“ഡാ.. കാശി.. നീ എന്നെ ഒന്ന് അമ്മൂമ്മേ ന്ന് വിളിക്കോ..”

“ഇല്ല . ലോ.. എന്റെ ആദിമോൻ വിളിക്കുന്നുണ്ട് ലോ അത് മതി ട്ടാ..”
മാലിനിയുടെ അടുത്ത് വന്നിരുന്നു കൊണ്ട് കാശി പറഞ്ഞു..

“എങ്ങനെ ണ്ട് ഇപ്പൊ.. എണീറ്റ് നടക്കാൻ പറ്റോ.. അങ്ങനെ ആണേൽ ഇന്ന് വൈകുന്നേരം കടല് കാണാൻ പോവാ എല്ലാരും കൂടി..”

“എനിക്ക് വയ്യ ഡാ..”

“അമ്മൂമ്മ.. വരും അച്ഛാ.. മ്മക്ക് പോവാ..” ആദി മാലിനിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

“അമ്മ വരും ഏട്ടാ.. മ്മക്ക് പോവാ വൈകുന്നേരം..” അനുപമയും കാശിയെ നോക്കി പറഞ്ഞു..

“അപ്പൊ സെറ്റ്..” കാശി അവരേ നോക്കി പറഞ്ഞു..

******************

“ഏട്ടൻ എന്ത് പറഞ്ഞു.. അമ്മ കണ്ടില്ലേ ഏട്ടനെ..” മാളു ശോഭയുടെ നേർക്ക് ചായ കപ്പ് നീട്ടി കൊണ്ട് പറഞ്ഞു..

“അതിന് എന്നെ കാണാൻ ആ മ ച്ചിലമ്മ സമ്മതിച്ചില്ല ലോ..”

“ആര് ഏട്ടത്തിയോ…”

“ഓ… കേട്ടത്തി തന്നെ..”

“അമ്മാ.. ഏട്ടത്തിയെ കുറ്റം പറയാൻ ആണേൽ മേലാൽ ഇവിടെ വരരുത്..”

“അപ്പൊ ഞാൻ ഇവിടന്ന് പോണോ..”

“പിന്നെ.. പോവാതെ.. ഇവിടെ ഗിരിയേട്ടന് ഇഷ്ടല്ല അമ്മയെ.. പിന്നെ ആളെ ധിക്കരിച്ചു എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല..”

“മ്മ്.. ശരി.. ഞാൻ ആർക്കും ഒരു ബാധ്യത ആവുന്നില്ല..”

“ചിന്തിക്കാൻ അമ്മയ്ക്ക് കാലം ഒരിക്കലും അവസരം തരുന്നില്ലലോ ന്ന് മാത്രം ആണ് സങ്കടം.. അന്നും ഇന്നും എന്നും അമ്മക്ക് അമ്മയുടെ കാര്യം മാത്രം..

മുട്ടിലിഴഞ്ഞും.. നില തെറ്റി വീണും.. നടന്നു പഠിച്ച ബാല്യം തന്ന ഒരു കരുത്തുണ്ട്.. അത് കൊണ്ട് ചിലപ്പോൾ.. ഹൃദയം കല്ലായി പോയെങ്കിൽ.. ഞങ്ങളെ തെറ്റ് പറയാൻ കഴിയില്ല ആർക്കും.. അമ്മയോട് സ്നേഹമല്ല…പക്ഷേ.. വെറുപ്പുമല്ല.. അറിയില്ല എന്തൊ ഒരു തരം മരവിപ്പ്..”

“മ്മ്… ആരോടും പരിഭവമില്ല.. പരാതിയുമില്ല.. ആരുടെയും സ്വര്യം കെടുത്തുന്നുമില്ല ഞാൻ.. ആർക്കും ബാധ്യതയാകാനും ഇല്ല.. ജീവിതം നിങ്ങളെ പിച്ച വെച്ചു നടക്കാൻ സ്വയം പഠിപ്പിച്ചുലോ..

അത് മതി.. എന്റെ ലോകം എന്നും ഇങ്ങനെയാണ്.. അതിൽ എനിക്ക് പരാതിയുമില്ല.. ഇനി കേറി വരില്ല ഈ പടി..” ശോഭ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി..

*******************

“ഏട്ടാ.. ആൾക്ക് തീരെ വയ്യ… ഇവിടെ വന്നിരുന്നു.. കണ്ടിട്ട് സങ്കടം വരുന്നുണ്ട്.. ഗിരിയേട്ടൻ സമ്മതിക്കില്ല.. ഇല്ലേ ഞാൻ ഇവിടെ നിർത്തിയേനെ..” ശോഭ പുറത്ത് ഇറങ്ങിയതും മാളു കാശിയെ ഫോണിൽ വിളിച്ചു പറഞ്ഞു..

“മോള് പേടിക്കണ്ട.. ഞാൻ പുറത്ത് ഉണ്ട്.. കൊണ്ടു പൊയ്ക്കോളാം ഞാൻ വീട്ടിലേക്ക്.. പോരേ..”

“മ്മ്..” കാൾ കട്ട്‌ ചെയ്തു മാളു ഗേറ്റ് ന് അടുത്തേക്ക് വന്നു..

“ഞങ്ങൾ കടല് കാണാൻ പോണ്.. അമ്മ വരുന്നേൽ കൂടെ കേറിക്കോ..”

കാറിന്റെ ഡോർ തുറന്നു കൊണ്ട് അനുപമ ശോഭയെ നോക്കി പറഞ്ഞു..

ശോഭയുടെ നെഞ്ച് ഒന്ന് പിടഞ്ഞു.. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങാതെ കാശി ശോഭയെ നോക്കി..

“വാ.. കേറൂ..” അനുപമ ശോഭയുടെ കൈയ്യിൽ പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു..

“മുന്നിൽ ഇരുന്നോ… ഞാൻ പിറകിൽ ഇരിക്കാം.” മാലിനി മുന്നിലേ ഡോർ തുറക്കാൻ ശ്രമിച്ചു..

“അമ്മ അവിടെ ഇരുന്നോ.. ഞങ്ങൾ ഇവിടെ ഇരുന്നോളാം..” ശോഭ ശബ്ദം താഴ്ത്തി മെല്ലെ പറഞ്ഞു..

മാളുവിനെ നോക്കി കാശി കണ്ണിറുക്കി പുഞ്ചിരിച്ചു.. കാർ മെല്ലെ മുന്നോട്ട്..

ശുഭം