ഒന്നുമില്ല അനിയേട്ട.. … ഇതൊക്കെ പെട്ടന്ന് കഴിയും . പഴയ പോലെ ഓടി നടക്കും . “”‘ ആശ്വസിപ്പിച്ചിട്ട് ലക്ഷ്മി ടോയ്‌ലെറ്റിലേക്ക്…….

_upscale _blur _autotone

“ഭൂമിയിലെ മാലാഖ…എന്റെയും… “

Story written by Rejitha Sree

യൂറിൻ ബാഗുമെടുത്തു ടോയ്‌ലെറ്റിലേക്ക് നടക്കുന്ന ലക്ഷ്മിയുടെ കയ്യിൽ അനിൽ പിടിച്ചു .

“ലക്ഷ്മി …ഞാൻ .. സോറി ..ഞാൻ നിന്നെ …””

അനിലിന്റെ മുടിയിഴകൾ ഒതുക്കിയിട്ട് ലക്ഷ്മി പുഞ്ചിരിച്ചു .

“” ഒന്നുമില്ല അനിയേട്ട.. … ഇതൊക്കെ പെട്ടന്ന് കഴിയും . പഴയ പോലെ ഓടി നടക്കും . “”‘ ആശ്വസിപ്പിച്ചിട്ട് ലക്ഷ്മി ടോയ്‌ലെറ്റിലേക്ക് നടന്നപ്പോൾ അനിലിന്റെ കണ്ണുകളിൽ നിന്നും ര ക്ത തുള്ളികൾ പോലെ രണ്ടു തുള്ളി കണ്ണുനീർ വീണു.. കണ്ണടച്ചു ഓർമകളിലേക്ക് കടന്നു .

********************

“നായരേ … ഈ കുട്ടി കൊള്ളാല്ലോ..ന്താ ഇതിന്റെ പേര്..

“ശ്രീ ലക്ഷ്മി “ന്നാണ്.

ജാനകി അമ്മ ഫോട്ടോ സൂക്ഷിച്ചു നോക്കി. എന്നിട്ട് കണ്ണാടി മുഖത്തുനിന്ന് എടുത്തു പറഞ്ഞു ഈ കുട്ടിയെ നോക്കിയാലോ.. നല്ല ഐശ്വര്യമുള്ള കുട്ടി..

“ആ.. പക്ഷെ… ” അയാൾ നിന്നു വിക്കി..

“ആ ന്താ.. “ജാനകിയമ്മ ആകാംഷയോടെ ചോദിച്ചു.

“നിങ്ങളുടെ നിലയ്ക്കും വിലയ്ക്കും ഈ കുട്ടി ചേരില്ല.. കുട്ടിക്ക് സാമ്പത്തികം കുറച്ചു കുറവാണ്”

” പിന്നെ… “

“പിന്നെ…!! ജാനകിയമ്മയുടെ മുഖം മാറി.

“പിന്നെ.. കുട്ടി നേഴ്സ് ആണ്.. “

കയ്യിലിരുന്ന ഫോട്ടോ അയാളുടെ മടിയിലേക്കു ഒരേറു വച്ചുകൊടുത്തു.

“ഇങ്ങനെയുള്ള ഒന്നും കൊണ്ട് ഈ പടി കടക്കരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ.” ജാനകിയമ്മയുടെ കണ്ണുകളിൽ തീപാറി.

അത് പിന്നെ വേറെ ആലോചനയ്ക്കു കാണിക്കാൻ വച്ചിരുന്നതാണ്. കാണാൻ ഐശ്വര്യമുള്ള കുട്ടിയെ വേണമെന്ന് പറഞ്ഞപ്പോൾ കാണിച്ചുന്നേയുള്ളു..

“മ്മ്.. ജാനകിയമ്മ ഒന്ന് ഇരുത്തി മൂളി… “

“നായര് നില്ക്കു.. ഞാൻ പോയിട്ടു ഇപ്പോൾ വരാം.”

.അവർ അകത്തുപോയി അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ അയാൾക്ക്‌ കൊടുത്തു. അയാളുടെ മുഖം പ്രസന്നമായി.

“അപ്പോൾ ഞാൻ ഇടയ്ക്ക് വരാം വേറെ കൊണ്ടുവരാം. “

“ന്നാൽ ഞാൻ അങ്ങോട്ട്.. “

“മ്മ് മ്മ് ചെല്ലെന്നാൽ..”

രാത്രി കിടക്കാൻ നേരവും ആ പെൺകുട്ടിയുടെ മുഖം ജാനകിഅമ്മയുടെ മനസ്സിൽ നിറഞ്ഞു നിന്നു.നല്ല വെണ്ണക്കട്ടി പോലത്തെ നിറം… ലക്ഷണമൊത്ത മൂക്ക്. കണ്ണ്. ഐശ്വര്യമുള്ള മുഖം. അനിമോന് നന്നായി ചേരും.

അവളോട് കല്യാണം കഴിഞ്ഞു ജോലിയ്ക്കു പോകണ്ടാന്നു പറയാം. ന്തായാലും നാളെ അയാളെ വിളിച്ചു ആ കുട്ടിയുടെ ജാതകം കൊണ്ട് വരാൻ പറയാം.. ജാനകിയമ്മ മനസ്സിൽ ഓർത്തു..

“അമ്മ എന്താ ഇത്ര വല്യ ആലോചന.. “

“അല്ല മോനെ ആ ബ്രോക്കർ നായരില്ലെ അയാൾ ഇന്ന് ഒരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു.. നല്ല ഐശ്വര്യമുള്ള കുട്ടി.. പക്ഷെ.. “

“ന്താണ് ഒരു പക്ഷെ…..ഇതുവരെ ഒരുപെണ്ണിനേം കണ്ണിൽ പിടിക്കാത്തതാണല്ലോ… ” അനി കളിയാക്കിയ മട്ടിൽ ചോദിച്ചു..

“അത്…അവൾ നേഴ്സ് ആണ് മോനെ…നമ്മുടെ ഈ നിലയ്ക്കും വിലയ്ക്കും അങ്ങനൊരു പെണ്ണിനെ നമുക്ക്.. ആലോചിക്കാൻ പറ്റുമോ..”

നേഴ്സ് എന്ന് കേട്ടപ്പോഴേ അനിലിന്റെ മുഖത്ത് നിരാശ പടർന്നു..

“ഇനിയിപ്പോ എന്താണ് അമ്മയുടെ തീരുമാനം.. “

“എന്തായാലും ഞാൻ അയാളോട് ഒന്ന് സംസാരിക്കാൻ പോവ്വാ.. നാളെ. കണ്ടു കാര്യം പറയാം.. “

“ഹ്മ്മ്…. ” അനിൽ ഒന്ന് നീട്ടി മൂളി.. “അമ്മ കിടന്നോ എന്നാൽ നേരം ഒരുപാടായി.. “

അമ്മയുടെ നാവിൽ നിന്നും ഒരു ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയ സ്ഥിതിക്ക് പെണ്ണിനെ ഒന്ന് കണ്ടേക്കാം . ബാക്കിയുള്ളത് പിന്നെയല്ലേ ? അനി മനസ്സിൽ ഓർത്തു..

പിറ്റേന്ന് വൈകുനേരം ബ്രോക്കർ കൊണ്ട് വന്നു തന്ന പെണ്ണിന്റെ ഫോട്ടോ അമ്മയുടെ കയ്യിൽ നിന്നും വാങ്ങി നോക്കി. ഒറ്റ നോട്ടത്തിൽ തന്നെയിഷ്ടമായി ..

ജാനകിയമ്മ അനിയുടെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു…”നായരേ…ജാതകം ഒന്ന് നോക്കിക്കോളൂ.. ചേരുമെങ്കിൽ ഈ ആഴ്ച തന്നെ പെണ്ണ് കാണൽ ചടങ്ങ് അങ്ങ് നടത്താം.. “

നായരുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. തനിക്ക് നേരിട്ട് അറിയാവുന്ന വീട്ടിലെ കുട്ടി. പാവം പിടിച്ച വീട്ടുകാർ. അവൾക്കു പ്രശസ്തമായ ആലങ്ങാട്ട് തറവാട്ടിൽ നിന്നും ഉള്ള ആലോചന.. ഒറ്റ മകൻ.. നാട് നീളെ ഭൂസ്വത്തുക്കൾ.. ഇതിൽ കവിഞ്ഞ ഒരു ഭാഗ്യം അവൾക്കു കിട്ടാനില്ല അയാൾ മനസ്സിൽ ഓർത്തു.

ഇടുങ്ങിയ വഴികളിലൂടെ അനിലിന്റെ ബെൻസ് കാർ ലക്ഷ്മിയുടെ വീടിന്റെ മുറ്റത്തെത്തി.

“രാഘവൻ ചേട്ടൻ ഇവിടെ നില്പുണ്ടാരുന്നോ..”

കാറിൽ നിന്നിറങ്ങി നായരുടെ ചോദ്യം കാതിൽ മുഴങ്ങിയെങ്കിലും രാഘവൻ നോക്കിയത് കാറിന്റെ ഡോർ തുറന്ന് ഇറങ്ങി വന്ന ജാനകിയമ്മയെയും അനിലിന്റേയും ആയിരുന്നു.

“കയറി ഇരിക്കൂ… “

രാഘവൻ തോളിൽ കിടന്ന തോർത്തുകൊണ്ട് കസേര ഒന്നുകൂടി തുടച്ചു..

ജാനകിയമ്മ വീടും പരിസരവും ആകെ ഒന്ന് നോക്കി. ഓടിട്ട ചെറിയ വീട്….മനോഹരമായി ഒതുക്കി നിർത്തിയ ചെറിയ മുറ്റം.. അകത്തു കുറെ ഇടുങ്ങിയ മുറികൾ…അവിടത്തെ കാഴ്ചകൾ ജാനകിയമ്മയുടെ മനസ്സിനെ ഒന്ന് അലോസരപ്പെടുത്തി.

നായരും അനിലും എന്തൊക്കെയോ പറഞ്ഞു. രാഘവനും അത് കേട്ട് എന്തൊക്കെയോ മറുപടി പറയുന്നുണ്ടായിരുന്നു..

“മോളെ ചായ.. “

അകത്തേയ്ക്കു നോക്കി രാഘവൻ വിളിച്ചു.

മകൾക്കൊപ്പം അകത്തുനിന്നും അമ്മയും ഇറങ്ങി വന്നു. ഉമ്മറത്തേക്ക് വന്ന പെൺകുട്ടിയുടെ മുഖം കണ്ടപ്പോൾ ജാനകിയമ്മയുടെ മനസ്സ് നിറഞ്ഞു. അനിലിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ദേവിയെപോലെ തിളങ്ങുന്ന മുഖകാന്തി.

ചായ അനിലിന്റെ നേർക്ക് നീട്ടിയപ്പോൾ അവളുടെ കൈ ചെറുതാ യൊന്നു വിറച്ചു. ജാനകിയമ്മ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“മോള് അകത്തേയ്ക്കു പൊക്കൊളു.. “രാഘവൻ പറഞ്ഞു.

ജാനകിയമ്മ രാഘവന്റെ മുഖത്തേയ്ക്കു നോക്കി.. “പെൺകുട്ടിയെ ഞങ്ങൾക്ക് ഇഷ്ടമായി.. ജാതകവും ചേരും ഇനി ആ ചടങ്ങ് അങ്ങ് നടത്താം അല്ലെ.”
.
രാഘവൻ നിസ്സഹായനായി പറഞ്ഞു.. “നിങ്ങളുടെ നിലയ്ക്കും വിലയ്ക്കും ഉള്ളതൊന്നും എനിക്ക് ചെയ്യാൻ ആകില്ല.. “

“എന്റെ അവസ്ഥകൾ… “”

ജാനകിയമ്മ ഇടയ്ക്ക് കയറി പറഞ്ഞു..

“അത് ഒന്നും സാരമില്ല.. ഞങ്ങൾക്ക് പെണ്ണിനെ മാത്രം മതി.. “

രാഘവന്റെ കണ്ണുകൾ നിറഞ്ഞു.. തൊഴുകൈയ്യോടെ നിൽക്കുന്ന ആ മുഖം ഇപ്പോഴും മനസ്സിൽ മായാതെ…

“അനിയേട്ടാ… “

ലക്ഷ്മിയുടെ ശബ്ദം കേട്ടാണ് അനിൽ ഉറക്കമുണർന്നത്.. “നേരം ഇത്ര പെട്ടന്നു വെളുത്തോ.. കല്യാണം കഴിഞ്ഞുള്ള ആദ്യ രാത്രി ഇത്ര പെട്ടന്ന് തീർന്നോ..? ” അനിൽ ലക്ഷ്മിയോട് ചോദിച്ചു.. ലക്ഷ്മിയുടെ മുഖം നാണത്താൽ കുനിഞ്ഞു..

“താൻ നേരത്തെ എണീറ്റോ.. “?

“മ്മ്.. അമ്മ വിളിച്ചു.. ” കുളിച്ചു കുറിതൊട്ട് സെറ്റ് സാരിയിൽ നിൽക്കുന്ന അവളുടെ കയ്യിൽ നിന്നും ചായ കപ്പ് വാങ്ങി..

“റെഡി ആയി താഴേയ്ക്ക് വരാൻ പറഞ്ഞു അമ്മ.. “

മൂവരും കഴിക്കാനായി ഇരുന്നു.. “ഇവിടത്തെ ശീലങ്ങൾ ഒക്കെ ലക്ഷ്മിക്ക് ഞാൻ വഴിയേ പറഞ്ഞുതരാം. ഇപ്പോൾ രണ്ടുപേരും കൂടി അമ്പലത്തിൽ ഒക്കെ പോയി ഇവന്റെ രണ്ടു ഫ്രണ്ട്സ് ഉണ്ട് അവിടെയും കേറിയിട്ടു വാ..”

കഴിക്കുന്നതിനിടയിൽ ലക്ഷ്മി ഏറുകണ്ണിട്ടു അനിലിനെ നോക്കി.. അനിൽ ചെറുതായൊന്നു കണ്ണടച്ച് കാട്ടി അവളെ..

കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് അകത്തുകയറിയപ്പോൾ അവൾക്കു അമ്പരപ്പായിരുന്നു.. ആദ്യായിട്ടാണ്..

അനിൽ അവളുടെ കയ്യിൽ തന്റെ കയ്യാൽ മൃദുവായി പിടിച്ചു.. “പോകാം.. “

കാർ സ്റ്റാർട്ട്‌ ആയി മുന്നോട്ട് നീങ്ങി..

അടുത്ത കൂട്ടുകാരനും ഫാമിലി ഫ്രണ്ടും ആയ ഗിരീഷിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്..

ഗിരീഷിന്റെ ഭാര്യ “സ്നേഹ “ലക്ഷ്മിയെ കണ്ട അന്നുമുതൽ കുറ്റം പറയുന്നുണ്ട്.. ഒരുമിച്ചിരുന്നു കഴിച്ചു കഴിഞ്ഞപ്പോൾ സ്നേഹയുടെ വക തട്ട്..

“അല്ല.. ഞാൻ അന്ന് ഒരു നേഴ്സ് പെങ്കൊച്ചിന്റെ ആലോചന കൊണ്ടുവന്നപ്പോൾ അനിക്ക്‌ വേണ്ടാന്ന് പറഞ്ഞിട്ട്…അതാണേൽ ഇതുപോലെയും ആയിരുന്നില്ല നല്ല സാമ്പത്തികവും ഉണ്ടായിരുന്നു.. ആ നേഹ ഗ്രുപ്പ് ഓഫ് കമ്പനീസ് ഇന്റെ…അല്ലെ ഗിരിയേട്ടാ.. “

ഗിരി അടുത്തത് ഇനി എന്താ പറയുക ന്നോർത്തു ഒന്നും മിണ്ടാതെ സ്നേഹയുടെ മുഖത്തും അനിലിന്റെ മുഖത്തും മാറി മാറി നോക്കി.

“അല്ല.. അന്ന് നേഴ്സ് പെണ്ണിനെ വേണ്ടാന്ന് അനിൽ പറഞ്ഞു. അവരുടെ ജോലിയും നൈറ്റ്‌ ഡ്യൂട്ടിയും പിന്നെ കണ്ടവരുടെ ഒക്കെ ദേഹത്തുപിടിച്ചും ഒക്കെയല്ലേ… അമ്മ എങ്ങനെ സമ്മതിച്ചു അനിയെ.. സ്വഭാവം വച്ചു സമ്മതിക്കേണ്ടതല്ലല്ലോ ഇങ്ങനൊരു ബന്ധം.. “

ഗിരി സ്നേഹയെ ദേഷ്യത്തോടെ ഒന്ന് തറപ്പിച്ചു നോക്കി. അതുകണ്ട അവൾ പറഞ്ഞു കൊണ്ട് വന്നത് നിർത്തി.

ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു…

അനിലിന്റെ മുഖം നാണക്കേട് കൊണ്ട് കുനിഞ്ഞ പോലെ ആയി..

ഗിരി എന്താ പറയണ്ടേ ന്നറിയാതെ നിന്നു വിയർത്തു..

“അത്.. അനി.. നീ ഇതൊന്നും കാര്യമാക്കണ്ട.. അവളുടെ സംസാരം അറിയാല്ലോ പറയേണ്ടേ എന്തെന്നറിയില്ല… “

“സാരമില്ല ഗിരി.. ഞങ്ങൾ എന്നാൽ ഇറങ്ങുവാ.. “

ഗിരി എന്തോ പറയാനായി വന്നതും അനിൽ കാറിന്റെ കീ എടുത്തു പുറത്തേയ്ക്കിറങ്ങി ഒപ്പം ലക്ഷ്മിയും…

വീട്ടിൽ എത്തിയിട്ടും അനിലിന്റെ മനസ്സിൽ നിന്നും ആ വാക്കുകൾ മറനീക്കി പോയതേയില്ല.

കിടക്കാൻ നേരം അനിൽ ഗൗരവമായി അവളോട് ചോദിച്ചു …

“താൻ ഏത് ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നതെന്ന പറഞ്ഞത്.. “

“സിറ്റി ഹോസ്പിറ്റൽ.. “

“ഹ്മ്മ്.. ഇനി പോകാൻ ആഗ്രഹമുണ്ടോ.. “

അവൾ വിക്കി വിക്കി പറഞ്ഞു..

“ഉണ്ട്.. “

അനിലിന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു..

“പോകണ്ട ന്നു ഞാൻ പറഞ്ഞാലും… “

അവൾക്കു വേറെ ഗതിയില്ലാതെ അവൾ പറഞ്ഞു..

“അനിയേട്ടാ… ആ ജോലിയ്ക്കു എന്താ കുഴപ്പം.. രോഗികളെ ശുശ്രുഷിക്കുകയല്ലേ അത്.. ഒരു മനുഷ്യന്റെ ശരീരതെ അവന് നോക്കാൻ ആവതില്ലാതെ വരുമ്പോൾ മനസ്സും ശരീരവും തളർന്നു പോകുമ്പോൾ മരുന്നും പരിചരണവും കൊണ്ട് അവരെ ജീവിത ത്തിലേയ്ക്ക് നമ്മൾ വീണ്ടും കൈപിടിച്ചുയർത്തുവല്ലേ അത്..

ചിലർ അപ്പോൾ കൈ കൂപ്പി പറഞ്ഞിട്ടുണ്ട് എന്റെ മക്കൾ പോലും എന്നെ ഇങ്ങനെ നോക്കില്ല.. എന്റെ ഭർത്താവ് പോലും എന്നെ ഇങ്ങനെ ശുശ്രുഷിക്കില്ലന്നു… “

“ഞാൻ വളരെ ആലോചിച്ചു ഉറപ്പിച്ചെടുത്ത ജോലിയാണ് ഇത്. വീട്ടിലെ കഷ്ടപ്പാടിൽ ലോൺ എടുത്താണ് പഠിച്ചത്. അത് ഇപ്പോഴും അടഞ്ഞു തീർന്നിട്ടില്ല.

” വയസുകാലത്തു അച്ഛനും അമ്മയ്ക്കും തണലേകാൻ ഞാൻ ഒറ്റമകളെ ഉള്ളു അവർക്ക്.. “അവൾ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു..

“എന്തൊക്കെ പറഞ്ഞാലും വേണ്ട.. എന്റെ തീരുമാനത്തിൽ മാറ്റവുമില്ല.. “

“എന്റെ അമ്മയ്ക്കും അതാണ് ഇഷ്ടം. നീ ഇവിടെ വീട്ടിലെ കാര്യങ്ങൾ നോക്ക്. നിന്റെ പഠിപ്പിന്റെ ലോൺ ഞാൻ അടയ്ക്കാം.. “

“നീ ഈ ജോലി വേണ്ടാന്ന് വെക്ക്.. “

അതുവരെ ഇല്ലായിരുന്ന ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു..

“ഇത് എനിക്ക് ഒരു ജോലി മാത്രമല്ല അനിയേട്ടാ.. മറ്റുള്ളവരെ.. വീണുപോയവരെ പരിചരിക്കാനുള്ള എന്റെ കടമ കൂടിയാണ്. എനിക്ക് ഇത് വേണ്ടാന്ന് വെക്കാൻ പറ്റില്ല..”

കയ്യിൽ കിട്ടിയ എന്തോ ശക്തമായി വലിച്ചെറിഞ്ഞു അനിൽ ഡോർ വലിച്ചടച്ചു പുറത്തേയ്ക്കിറങ്ങി..

ബൈക്കിന്റെ കീ എടുത്തു ധൃതിയിൽ ദേഷ്യത്തോടെ പോകുന്ന അനിലിനെ നോക്കി,, ജാനകിയമ്മ അവളുടെ റൂമിലേയ്ക്ക് കയറി ചെന്നു.

കട്ടിലിൽ വീണുപൊട്ടി കരയുന്ന അവളുടെ മുടിയിഴകളിൽ മേലെ തലോടി..

“മോള് വിഷമിക്കേണ്ട… അവന് ആദ്യം ഒരു പെൺകുട്ടിയെ ഇഷ്ട മായിരുന്നു.. അവൾ നേഴ്സ് ആയിരുന്നു. അന്ന് ഈ ഞാൻ ആണ് കല്യാണം നടത്താൻ സമ്മതിക്കാഞ്ഞത്…..

എന്തോ എല്ലാവരും കൂടി ഓരോ കുത്തുവാക്കുകൾ പറഞ്ഞപ്പോൾ.. എന്റെ ഇഷ്ടത്തിന് എതിർക്കാൻ കഴിയാത്തതുകൊണ്ട് അവൻ ആ ബന്ധം വേണ്ടാന്ന് വച്ചു.

പക്ഷെ മോള് പാവമാണ്.. ചെയ്യുന്ന ജോലിയിൽ മാത്രമല്ല അവരുടെ സ്വഭാവത്തിലും ഉണ്ട് കാര്യങ്ങൾ… അതിന്റെ ദേഷ്യം ഇപ്പോഴും അവന്റെ മനസ്സിൽ ഉണ്ട്. അതാകും.. മോള് ഒന്നും കാര്യമാക്കണ്ട.. “

ജാനകിയമ്മ അവളുടെ കണ്ണുകൾ തുടച്ചു..

രാത്രി ഏറെ വൈകിയിട്ടും അനിലിനെ കാണാതായപ്പോൾ ലക്ഷ്മിയ്ക്ക് ആധികൂടാൻ തുടങ്ങി.. അവൾ അമ്മയുടെ റൂമിന്റെ കതകിൽ തട്ടി..

“അമ്മേ നേരം ഒരു മണി കഴിഞ്ഞു.. ഇതുവരെ അനിയേട്ടൻ എത്തിയിട്ടില്ല.. ഇതിപ്പോ വിളിച്ചിട്ടാണേൽ ഫോൺ സ്വിച്ചോഫ് ആണ്.. “

ജാനകിയമ്മ ലാൻഡ് ഫോണിൽ നിന്നും ഗിരിയെ വിളിച്ചു. അന്വേഷിക്കാൻ പറഞ്ഞു.

രാത്രിയുടെ ഓരോ നിമിഷവും എണ്ണി എണ്ണി ഓരോ യുഗങ്ങൾ പോലെ അവൾ തള്ളിനീക്കി.. സമയം മൂന്നുമണി ആയപ്പോൾ ലാൻഡ് ഫോൺ റിങ് ചെയ്തു. അവൾ ആകാംഷയോടെ അമ്മയെ നോക്കി.

” പറ ഗിരി എന്തേലും … “

ഏതാനും നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ജാനകിയമ്മ നിറകണ്ണുകളോടെ ഫോൺ വച്ചു.

ലക്ഷ്മി എന്തെന്നറിയാതെ ശ്വാസമടക്കി പിടിച്ചു നിന്നു.ലക്ഷ്മിയുടെ മുഖത്ത് നോക്കി പെട്ടന്ന് എന്തോ ഓർമ്മ വന്നപോലെ കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു.. ഒന്നുമില്ല മോളെ.. അവന്റെ ബൈക്ക് ഒന്ന് സ്ലിപ് ആയി. ഇവിടെ അടുത്ത ഹോസ്പിറ്റലിൽ ഉണ്ട് ..

അവൾ നെഞ്ചിൽ കൈവച്ചു പൊട്ടിക്കരഞ്ഞു..ഇടയ്ക്ക് പിറുപിറുക്കുന്നുമുണ്ടായിരുന്നു..

“ഞാൻ ആണ് . ഞാൻ കാരണമാണ്… എന്റെ അനിയേട്ടൻ… “

“അമ്മേ ഞാൻ കാരണമാണ്.. “

ജാനകിയമ്മ അവളെ ആശ്വസിപ്പിച്ചു..

“ഇല്ല മോളെ.. മോളുടെ ഭാഗ്യം കൊണ്ട് അവന് ഒന്നും സംഭവിച്ചില്ല.. ദൈവം നമ്മുടെ കൂടെയുണ്ട്. മോള് വിഷമിക്കാതെ. ഗിരി ഇപ്പോൾ വരും.. നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം.. മോള് ഈ വേഷമൊക്കെ ഒന്ന് മാറ്..”

ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ നിൽക്കുമ്പോൾ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു ലക്ഷ്മി. ഇടയ്ക്കിടെ കരച്ചിൽ അടക്കാൻ വയ്യാതെ പ്രയാസപ്പെടുന്ന അമ്മയുടെ അടുത്ത് ചെന്നവൾ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

ഓപ്പറേഷൻ തീയറ്റർ തുറന്നിറങ്ങി വരുന്ന ഡോക്ടറെ കണ്ടു ലക്ഷ്മിയും അമ്മയും എഴുന്നേറ്റു..

“‘ശ്രീലക്ഷ്മി ..താനിവിടെ ? ഡോകടർ അവളുടെ അടുത്തേക്ക് വന്നു .

“‘ഡോക്ടർ എന്റെ ഹസ്ബൻഡാണ് അനിൽ “

“‘ഓ .. ഒക്കെയൊക്കെ ..അനിൽ .. ഹി ഈസ് ഓൾ റൈറ്റ് .. പക്ഷെ നട്ടെല്ലിനു പൊട്ടലുണ്ട്.. പിന്നെ വലതു കാലിന്റെ ജോയിന്റ് ഭാഗത്തു വളരെ ആഴത്തിൽ ഒരു മുറിവും പിന്നെ എല്ലിന് പൊട്ടലും ഉണ്ട് ….”

അത് കേട്ടതും അമ്മയുടെ കണ്ഠത്തിൽ നിന്നുമൊരേങ്ങൽ പുറത്തേക്ക് വന്നു . ലക്ഷ്മിയുടെ നെഞ്ചടിപ്പു പെട്ടന്ന് നിന്നപോലെ തോന്നി അവൾ അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു.

“‘ശ്രീ ലക്ഷ്മി .. താനിതിലും കൂടുതൽ വലിയ ആക്സിഡന്റുകൾ കണ്ടിട്ടുളളതാണ് …

അത്കൊണ്ടാണ് ഞാൻ തന്നോട് പറഞ്ഞതും…

ഇതത്ര വലുതൊന്നുമല്ല . പക്ഷെ കിടക്കേണ്ടി വരും കുറച്ചു നാൾ .. “

കരച്ചിലടക്കാൻ പാടുപെടുന്ന അമ്മയെ നോക്കി ഡോക്ടർ പറഞ്ഞു..

“അമ്മേ.. പേടിക്കാനൊന്നുമില്ല . ഈ ഹോസ്പിറ്റലിലെ ഏറ്റവും മികച്ച നേഴ്‌സ് അല്ലെ കൂടെയുള്ളത് . അവൾ നോക്കിക്കോളും എല്ലാം… “

“പിന്നെ ഇപ്പൊൾ ട്രീറ്റ്മെന്റൊക്കെ പണ്ടത്തെ പോലല്ല . അനിൽ പഴയതിലും ബെറ്ററായി എഴുന്നേറ്റ് നടക്കും ഷുവർ “‘ ഡോക്ടർ അമ്മയെ സമാധാനിപ്പിച്ചിട്ട് നടന്നകന്നു .

കിടന്നകിടപ്പിൽ ഇപ്പോൾ മാസം പലതു കഴിഞ്ഞു.. അനിൽ കട്ടിലിൽ നിന്ന് ഒന്ന് അനങ്ങാൻ നോക്കി..

“എന്താ അനിയേട്ടാ.. കൊച്ചുകുട്ടികളെ പോലെ..ബോഡി ഷേക്ക്‌ ആകരുത്..പെട്ടന്ന് എഴുനേറ്റു നടക്കണെങ്കിൽ ഡോക്ടർ പറയുന്നത് കേൾക്കണം..

“ഇന്നാണ് ഡോക്ടർ കാണാൻ ചെല്ലാൻ പറഞ്ഞത്..

ഇങ്ങനെ കിടന്നാൽ എങ്ങനാ…അവൾ അയാളെ താങ്ങി പിടിച്ചു തലയിണയിൽ ചാരി ഇരുത്തി.. കണ്ണും മുഖവും നനഞ്ഞ ടർക്കി കൊണ്ട് തുടച്ചു. ബ്രഷ് കൊണ്ട് പല്ല് തേപ്പിച്ചു. ശരീരം മുഴുവൻ ചൂടുവെള്ളം മുക്കി തുടച്ചു.. ഡ്രസ്സ്‌ ഇടീച്ചു. കാലിന്റെ കാലിലെ വ്രണ തുല്യമായ മുറിവ് ഡ്രസ്സ്‌ ചെയ്തു…അനിയുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞു..

“വേദനിക്കുന്നുണ്ടോ അനിയേട്ടാ..സാരമില്ല ഇത് ഇപ്പൊ കഴിയും.. “

അവളുടെ മുഖത്തെ പുഞ്ചിരിയിൽ അനി എല്ലാ വേദനകളും മറക്കുകയായിരുന്നു…

ഇതിനിടയിൽ വീട്ടിലെ കാര്യങ്ങളും അവൾ ഭംഗിയായി നോക്കി.. പണ്ട് മരുന്നുകൾ കഴിക്കാൻ മടിയായിരുന്നു അമ്മയ്ക്ക്. ഇപ്പോൾ സമയമാകുമ്പോൾ അവളുടെ ഓർമപ്പെടുത്തൽ ഉള്ളതുകൊണ്ട് അമ്മയുടെ കുറെ വേദനകൾ മാറി പണ്ടത്തെലും ആരോഗ്യവതിയായി..

ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ കാലിന്റെ പ്ലാസ്റ്റർ മാറ്റാൻ എഴുതിക്കൊടുത്തു..” ഇനി പതിയെ നടക്കണം.. ഇത്ര നാൾ അനങ്ങാതിരുന്ന കാലിനു ഒരു മടുപ്പിക്കൽ ഒക്കെ കാണും.. ഞാൻ ഒന്നും പറഞ്ഞു തരണ്ടല്ലോ അല്ലെ ലക്ഷ്മി… “

“അറിയാം സർ.. ഞാൻ എല്ലാം വേണ്ടപെലെ ചെയ്തോളാം.. “

“ആട്ടെ.. താൻ എന്നു മുതലാണ് ഇനി ജോയിൻ ചെയ്യുന്നത്.. “

അതിന്റെ മറുപടിക്കായി അവൾ അനിലിന്റെ മുഖത്തേയ്ക്കു നോക്കി..

വീട്ടിൽ എത്തി വീണ്ടും മാസങ്ങൾ ലക്ഷ്മിയുടെ തോളിൽ ചാരി പിച്ചവച്ചു നടന്നപ്പോൾ അവൾ ശെരിക്കും ” മാലാഖ” ആണെന്ന് തോന്നി.

.” എന്റെ ജീവിതത്തിലെ മാലാഖ… “!!

ഒരു കൊച്ചു കുട്ടിയുടെ അവസ്ഥയിൽ പോലെ ആയ തന്നെ നോക്കാൻ മനസ്സുള്ളവൾ..

ശെരിയാണ് അവൾ പറഞ്ഞിരുന്നത്.. “ഒരു നേഴ്സ് എന്താണെന്ന്.. “

അതിനൊപ്പം ഒരു ഭാര്യയുടെ കരുതലും… അവളുടെ ആ മനസ്സ് ഓർത്തു ഒരായിരം വട്ടം മനസ്സിൽ അഭിമാനം കൊണ്ടു.. കുറ്റപെടുത്തിയ തോർത്തു താൻ എത്ര ദുഷ്ടനാണെന്നു മനസ്സിൽ ഒരായിരം വട്ടം സ്വയം ശപിച്ചു…

ദിവസങ്ങൾക്കുള്ളിൽ അനിൽ പഴയ ആരോഗ്യം വീണ്ടെടുത്തു.. പഴയതിലും നല്ല ഒരു മനസ്സും..

രാത്രി ബാൽക്കണിയിൽ നിന്ന് പുറത്തെ നിലാവെളിച്ചത്തെ നോക്കി നിൽക്കുകയായിരുന്നു ലക്ഷ്മി.. ഡിസംബർ മാസത്തിന്റെ തണുപ്പും നിലാവും ആ രാത്രിയെ മനോഹരമാക്കി.. ദൂരെ എണ്ണിയാൽ തീരാത്ത നക്ഷത്രങ്ങളെ നോക്കി അനിയുടെ തോളിൽ ചാരി അവൾ നിന്നു…

“ലക്ഷ്മി… താൻ ആ കാണുന്ന നക്ഷത്രങ്ങൾ കണ്ടോ… “

“മ്മ്.. “

“അവയേക്കാൾ പ്രകാശം ഉണ്ട് ഇപ്പോൾ താൻ എനിക്ക് തിരികെ തന്ന ഈ ജീവിതത്തിന്…. “!

അവൾ കേട്ടത് വിശ്വസിക്കാനാകാതെ അനിലിന്റെ മുഖത്തേക്ക് നോക്കി..

“അതേടോ.. താൻ പറയുന്നതായിരുന്നു ശെരി.. ഒരാളുടെ വീണു കിടക്കുന്ന അവസ്ഥയിൽ പരിചരിക്കുന്ന ആ മനസ്സുണ്ടല്ലോ… “അതിലാണ് ദൈവം.. “!!

“താൻ ഇനിമുതൽ ജോലിക്ക് പോകണം..ഇനിയും ഒരുപാട് രോഗികൾക്ക് തന്റെ സേവനം ആവിശ്യമുണ്ട്… “

താൻ വിളിച്ചു പറഞ്ഞോളൂ നാളെ മുതൽ ജോയിൻ ചെയ്യാൻ വരികയാണെന്ന്..

അതുകേട്ട അവളുടെ മനസ്സിൽ നിറഞ്ഞ സന്തോഷം കണ്ണുനീരായി കവിളിലൂടെ ഒഴുകി..

“ആഹാ.. താൻ കരയുകയാണോ..”

“സത്യമാടോ ഞാൻ പറഞ്ഞത്… “

തിരികെ കിട്ടിയ ആ സ്നേഹത്തിനു മുൻപിൽ തിരികെ ഒന്നും പറയാനാകാതെ അവൾ അനിലിന്റെ നെറുകയിൽ ഒന്നമർത്തി ചുംബിച്ചു..

അഭിപ്രായങ്ങൾ തെറ്റായാലും ശെരി ആയാലും പറയാൻ മടിക്കരുത്.. നേഴ്സ് എന്ന മാലാഖയോട് ഒരുപാട് ഇഷ്ടം..