എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
മാട്രിമോണിയിൽ കണ്ട് ഇഷ്ട്ടപ്പെട്ടവളുടെ കുടുംബത്തുകയറി പെണ്ണ് ചോദിച്ചപ്പോൾ ആ മാതാപിതാക്കൾ എന്നെ സസന്തോഷം സ്വാഗതം ചെയ്തൊരു ഗ്ലാസ്സ് നാരങ്ങവെള്ളവും രണ്ട് ലഡ്ഡുവും തന്നു.
‘എന്താ മോന്റെ ജോലി..?’
അവളുടെ പിതാവിന്റെ ആ ചോദ്യത്തിന് ഞാൻ ഉടൻ തന്നെ മറുടികൊടുത്തു.
“എനിക്ക് പന്തലിന്റെയൊക്കെ പണിയാണ്. നാട്ടിലൊരഞ്ച് സെന്റ് സ്ഥലവും അതിലൊരു ഓടിട്ട വീടുമുണ്ട്. വീട്ടിലമ്മ മാത്രം…. “
കേട്ടപ്പോൾ തന്നെ അവളുടെ അമ്മ ആ പിതാവിനെ കൈയ്യും കണ്ണും കാണിച്ച് രഹസ്യമായി അകത്തേക്ക് വിളിച്ചു. ഞാനൊരു ലഡ്ഡു തിന്ന് തീർക്കുമ്പോഴേക്കും ആ പിതാവ് തിരിച്ചു വന്നു.
‘ഒന്നും വിചാരിക്കല്ലേ മോനെ.. ഈ ബന്ധം ശരിയാകില്ല. വീട്ടിൽ കേറിവരുന്ന മരുമോനൊരു സർക്കാർ ജീവനക്കാരനായിരക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. ഒന്നുമില്ലെങ്കിലും അവളിത്തിരി പഠിച്ചതല്ലേ.. സാമ്പത്തിക സ്ഥിതിയും നോക്കണമല്ലോ…’
പിന്നെ എനിക്ക് അവിടെയിരിക്കാൻ തോന്നിയില്ല. ശരി എന്നാലെന്നും പറഞ്ഞ് മിച്ചമുണ്ടായിരുന്ന ലഡ്ഡുവുമെടുത്ത് ഞാൻ ഇറങ്ങി.
അന്നത്തേതും കൂട്ടി കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പതിനെട്ടാമത്തെ പെണ്ണുകാണലാണ്. കണ്ട പതിനെട്ട് പെൺകുട്ടികളേയും എനിക്ക് വല്ലാതെ ബോധിച്ചിരുന്നു. പക്ഷേ, പെൺഭാഗത്തിനും കൂടി ബോധ്യപ്പെടണമല്ലോ..
അങ്ങനെ ഒരിക്കൽ ആരാരുമില്ലാത്ത ഒരുപെണ്ണിന് ജീവിതം കൊടുക്കണമെന്ന തീരുമാനത്തിൽ ഞാനൊരു വീട്ടിലേക്ക് പോയി. എട്ടിൽ തോറ്റുപോയതാണ് അവളെന്ന് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. അമ്മാവന്റെ വീട്ടിലെ ആശ്രിതയായി ജീവിക്കുന്ന അവൾ തന്നെയാണ് എന്റെ രാജകുമാരിയെന്ന് മനസ്സിൽ ഞാൻ പറഞ്ഞു. പക്ഷേ, അവൾക്കും എന്നെ ഇഷ്ട്ടപ്പെട്ടില്ല. അവളുടെ സങ്കല്പത്തിലെ രാജകുമാരന് എന്നിലും കൂടുതൽ നിറവും പഠിപ്പും പണവുമുണ്ടത്രേ…
ഒടുവിൽ ഞാനൊരു തീരുമാനത്തിലെത്തി. ഇനി ഉടുത്തൊരുങ്ങി ഒരുത്തിയുടെയും വീട്ടിലേക്ക് അപമാനിതനാകാൻ പോകുന്നില്ല. ഒരുപാട് ആഗ്രഹിച്ച വൈവാഹിക ജീവിതമൊന്നും പത്ത് പാസാകാത്ത പന്തലുപണിക്കാരന് അന്യമാണെന്ന് എനിക്ക് പരിപൂർണ്ണമായി ബോധ്യമായി.
ഒന്നുകിൽ പ്രേമിച്ചൊരുത്തിയെ വീട് ചാടിക്കാനുള്ള കഴിവ് വേണം. അല്ലെങ്കിൽ, ഉയർന്ന വരുമാനം വേണം. അതുമില്ലെങ്കിൽ സാമ്പത്തിക ഭദ്രതയുണ്ടെന്ന് കാണിക്കാൻ പാകമൊരു പൊങ്ങച്ച വീടെങ്കിലും വേണം. വിവാഹ കമ്പോളത്തിൽ, ആസ്തിയില്ലാത്ത ആണുങ്ങളെല്ലാം എല്ലാകാലത്തും പൂജ്യർ തന്നെയാണ്. ആരും കൂടാനില്ലാത്ത വട്ടപ്പൂജ്യങ്ങൾ…
മാസങ്ങൾ കഴിഞ്ഞു. നഗരത്തിലെ പന്തലുപണി വിട്ട് ഞാൻ നാട്ടിലേക്ക് തിരിച്ചെത്തി. വീടിന്റെ ആധാരം പണയപ്പെടുത്തി ഒരു വായ്പയുമെടുത്തു. അങ്ങനെ, അമ്മയുടെ പേരിലൊരു കടയിട്ട് പന്തല് പണികളൊക്കെ സ്വയം ഏറ്റെടുത്ത് ചെയ്യാൻ ആരംഭിച്ചു. സഹായികളായി രണ്ടുമൂന്ന് അന്യദേശ തൊഴിലാളികളുമുണ്ട്…
ഒരുനാൾ കടയിലേക്കൊരു ബുക്കിങ്ങ് വന്നു.. സമീപ ഗ്രാമത്തിൽ അടുത്ത തിങ്കളാഴ്ച്ചയൊരു വിവാഹം. ആയിരം പേർക്കോളം പങ്കെടുക്കാൻ പറ്റുന്ന വിധത്തിലായിരിക്കണം പന്തലൊരുക്കാൻ.
മൂന്ന് ദിവസം മുമ്പ് തന്നെ ഞങ്ങൾ വിവാഹ ചെറുക്കന്റെ വീട്ടിലെത്തി. വീടിന്റെ ഇരുവശവും മുന്നിലുമായൊരു പടുകൂറ്റൻ പന്തലൊരുക്കി അലങ്കരിച്ചു. വീടുണർന്നു. കുട്ടികളുടെ കലപില ശബ്ദവും മുതിർന്നവരുടെ നിയന്ത്രണ ശബ്ദവും ആ പന്തലിനുള്ളിലാകെ നിറഞ്ഞു.
അങ്ങനെ വിവാഹനാളെത്തി. കൃത്യ സമയത്ത് തന്നെ പെണ്ണുവീട്ടുകാരുമെത്തി. വീടിന് മുന്നിൽ ഞാൻ അലങ്കരിച്ചൊരുക്കിയ മണ്ഡപത്തിലേക്ക് പെണ്ണ് വന്നിരുന്നു.
നിറയെ സ്വർണ്ണമുടുത്ത അവളുടെ മുഖം പാടെ വിയർത്തിരിക്കുന്നു. ചമയക്കൂട്ടുകൾ വിയർപ്പിൽ വല്ലാതെയങ്ങ് തിളങ്ങുന്നുണ്ട്. ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവളെ പിടിച്ചിരുത്തിയ പിതാവിനേയും നോക്കി.
അതെ..! അവൾ തന്നെ..! പണ്ട് ഞാൻ വിവാഹ അഭ്യർത്ഥനയുമായി കയറിച്ചെന്ന എന്റെ പതിനെട്ടാമത്തെ പെണ്ണ്…!
അൽപ്പ നേരത്തേക്ക് മാത്രമേ ഉള്ളിൽ ആ ഞെട്ടൽ ഉണ്ടായിരുന്നുള്ളൂ. താലികെട്ട് കാണാനൊന്നും നിൽക്കാതെ ഞാൻ സദ്യയുടെ പരിസരത്തേക്ക് ഉൾവലിഞ്ഞു.
ഏറെനേരം കഴിഞ്ഞിട്ടും ഉണ്ണാനാരും വന്നില്ല. മണ്ഡപത്തിലേക്ക് ചെന്ന് അന്വേഷിച്ചപ്പോഴല്ലേ കാര്യമറിയുന്നത്. വിവാഹത്തിന് മുന്നേ കൊടുക്കാമെന്ന് പറഞ്ഞ ഇരുപതുലക്ഷത്തിന് അഞ്ച് ലക്ഷം രൂപയുടെ കുറവ്. ചെക്കന്റെ അച്ഛൻ പെണ്ണിന്റെ അച്ഛനോട് കയർത്ത് സംസാരിക്കുന്നു. സ്ത്രീധനമൊക്കെ പഴഞ്ചൻ ഏർപ്പാടും നിയമവിരുദ്ധവും അല്ലേയെന്ന് പറഞ്ഞ പെണ്ണിന്റെ കുടുംബക്കാരിൽ ഒരാളോടും അയാൾ കയർത്തു.
‘ആര് ചോദിച്ചു സ്ത്രീധനം..? ഉള്ളതെല്ലാം പെണ്ണിനാണെന്നും വിവാഹത്തിന് തൊട്ട് മുമ്പ് ഇരുപത്തിയഞ്ച് ലക്ഷം തരാന്നും ഇങ്ങോട്ട് പറഞ്ഞതിങ്ങേരാണ്.’
പെണ്ണിന്റെ അച്ഛൻ തലകുനിച്ചു.
‘ഇത് പറഞ്ഞ് പറ്റിക്കലല്ലേ… കല്യാണം നടക്കില്ല.’
ചെക്കന്റെ അച്ഛൻ അറുത്തുമുറിച്ച് കല്യാണം നടക്കില്ലെന്ന് പറഞ്ഞു. അര മണിക്കൂറിനുള്ളിൽ ഭൂരിഭാഗം ആൾക്കാരും പന്തലൊഴിഞ്ഞു. എന്നും, വിവാഹ വിഷയം വന്നാൽ പെണ്ണ് വീട്ടുകാർക്ക് തങ്ങളിലും സാമ്പത്തികമുയർന്ന കുടുംബത്തിലേക്ക് മോളെ കെട്ടിച്ച് വിടാൻ വല്ലാത്തൊരു ആവേശമാണ്. കിടപ്പാടം വിറ്റിട്ടായാലും അവരതിന് ശ്രമിക്കുമെന്നതാണ് സത്യം.
സന്ധ്യക്ക് പന്തൽ അഴിക്കുമ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോയി. മറ്റൊന്നും കൊണ്ടല്ല. എന്നാണ് ധനബോധം മാറ്റിനിർത്തി ഒരാണും പെണ്ണും ഈ ഭൂമിയിൽ കുടുംബ സമക്ഷം വിവാഹിതരാകുകയെന്ന് ഓർത്തായിരുന്നു ആ ചിരി…
അല്ലെങ്കിലും, പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞാലും, ആസ്തിയും വരുമാനവും കുറഞ്ഞ പാവപ്പെട്ട ആണുങ്ങളെ ആർക്ക് വേണമല്ലേ..!? അങ്ങനെ ചിന്തിച്ചപ്പോൾ എന്തിനാണ് മനുഷ്യർക്കിടയിൽ വിവാഹമെന്ന മറ്റൊരു ചോദ്യം എന്നിൽ ഉദിച്ചു. കുടുംബ വാഴ്ച്ചയുടെ കൃത്യമായ സാമ്പത്തിക കൈമാറ്റത്തിന്റെ ചങ്ങല നിർമ്മിക്കുകയെന്നല്ലാതെ മറ്റെന്താണല്ലേ ആ ചോദ്യത്തിന്റെ ഉത്തരം