ഒടുവിൽ ഷാനിന്റെ വായിൽ നിന്നും മോശം വാക്കുകൾ പ്രഹരിച്ചു. പെട്ടന്ന് ഷാൻ ആ പയ്യന്റെ മുഖത്ത് ആഞ്ഞടിച്ചു….

ഭാര്യയെ തല്ലിയാൽ കിട്ടുന്ന ആണത്തം

Story written by Shaan Kabeer

“ഇന്ന് വീട്ടിൽ ഭക്ഷണമൊന്നും ഉണ്ടാക്കിയിട്ടില്ല. മോൾക്ക് അമ്മ ഹോട്ടലീന്ന് വല്ലതും മേടിച്ചു തരാട്ടോ. ഉമ്മാക്ക് തീരെ വയ്യ, മേലാകെ വേദനിക്കുന്നു “

ഉമ്മ നിറകണ്ണുകളോടെ പറയുന്നത് കേട്ട് നാലു വയസ്സുകാരി മകൾ തലയാട്ടി.

“ഉമ്മയെ എന്തിനാ ഉപ്പച്ചി എപ്പോഴും ഇങ്ങനെ തല്ലുന്നേ “

മോളുടെ മുടിയിൽ തലോടിക്കൊണ്ട് അവളെ തന്റെ മാറോടണച്ചു. തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ സാരിത്തുമ്പുകൊണ്ട് തുടച്ചുമാറ്റി

“മോളുടെ ഉപ്പ ഷാൻ കബീർ വല്യ ദേഷ്യക്കാരനാ, ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കൈ പൊക്കും. മൂക്കത്താ ശുണ്ഠി. നിസ്സാര കാരണം മതി ദേഷ്യപ്പെടാൻ “

“ഉമ്മക്ക് വേദനിക്കുമ്പോൾ തിരിച്ച് ഒന്ന് കൊടുത്തൂടെ “

“അങ്ങനൊന്നും പറയരുത് ട്ടോ. വാ കുളിപ്പിച്ച് തരാം “

ഷാഹിന അതായിരുന്നു അവളുടെ പേര്. ചെറുപ്പത്തിലേ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട അവൾ വളർന്നതൊക്കെ ഉമ്മയുടെ കുടുംബത്തിനൊപ്പം ആയിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. പക്ഷെ കല്യാണ പ്രായമെത്തിയപ്പോൾ അവൾ എന്ന ബാധ്യതയെ ഒഴിവാക്കാൻ എല്ലാവർക്കും തിടുക്കമായി. നല്ലൊരു കുടുംബത്തിലേക്ക് അവളുടെ വിവാഹം നടത്തികൊടുത്തു.

കല്യാണം കഴിക്കുന്ന സമയത്ത് അവൾക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളു, തുടർന്ന് പഠിക്കണം എന്ന്. അവളുടെ ആവശ്യം ഷാൻ കബീറും വീട്ടുകാരും അംഗീരിച്ചു. ആദ്യമൊക്കെ നല്ല രീതിയിൽ പെരുമാറിയിരുന്ന ഷാൻ പതിയെ പതിയെ സ്വരൂപം പുറത്തെടുക്കാൻ തുടങ്ങി. എന്തിനും ഏതിനും ഉച്ചത്തിലുള്ള വഴക്ക്‌ പറച്ചിലും, ദയയില്ലാത്ത മർദ്ദനവും. പോരാത്തതിന് സംശയ രോഗവും. ചുരുക്കി പറഞ്ഞാൽ കല്യാണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ അവളുടെ പഠിത്തം നിർത്തിച്ചു അയാൾ.

പക്ഷെ അവൾ ആരോടും ഒന്നും പറഞ്ഞില്ല. ഉപ്പയും ഉമ്മയും ഇല്ലാത്ത അവൾ ആർക്കും ഒരു ബാധ്യത ആവാൻ തയ്യാറല്ലായിരുന്നു. എല്ലാം അവൾ തന്റെ മുറിയിലെ നാല് ചുവരുകൾക്കുള്ളിൽ കടിച്ചമർത്തി.

ഇതിനിടയിൽ അവർക്കൊരു കുഞ്ഞ് ജനിച്ചു. അതിന് ശേഷമെങ്കിലും ഷാൻ മാറുമെന്ന് അവൾ പ്രത്യാശിച്ചു. പക്ഷെ അതുവരെ അവരുടെ മുറിയിലെ നാല്‌ ചുവരുകൾ മാത്രമേ ഷാഹിനയുടെ കണ്ണീരിന് സാക്ഷിയായിരുന്നെതെങ്കിൽ ഇപ്പോൾ അവളുടെ കുഞ്ഞും എല്ലാത്തിനും സാക്ഷിയാണ്. അതിക്രൂരമായി മർദിക്കുന്ന രാത്രികളിൽ അവൾ ദയനീയമായി ഷാനിനോട് ചോദിക്കാറുണ്ടായിരുന്നു എന്തിനാ എന്നെ ഇങ്ങനെ തല്ലുന്നത് എന്ന്. അതിനുള്ള ഷാൻ കബീറിന്റെ ഉത്തരം ഇങ്ങനാണ്

“ആണാണ്ടീ ഞാൻ, ആണത്തമുള്ള ആണുങ്ങൾ ഇങ്ങനാടീ. പെണ്ണിനെ തന്റെ കാൽകീഴിൽ നിർത്തുന്നവനാണ് പുരുഷൻ. അല്ലാതെ പെണ്ണിന്റെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്ന കോന്തൻ ആവാൻ എന്നെ കിട്ടില്ല “

അവൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിച്ചു. അങ്ങനെയിരിക്കെയാണ് ഷാനിന്റെ കുടുംബത്തിൽ ഒരു കല്യാണം കൂടാൻ അവർ പോവുന്നത്. കുറച്ചു ദൂരെയായിരുന്നു കല്യാണം. കല്യാണത്തിന്റെ അന്ന് ഷാഹിനയെ മോശമായി നോക്കി എന്നും പറഞ്ഞ് ഷാൻ ഒരു പയ്യനുമായി ഉടക്കി. ആദ്യമൊക്കെ പയ്യൻ ഒന്നും മിണ്ടാതെ നിന്നു. ഒടുവിൽ ഷാനിന്റെ വായിൽ നിന്നും മോശം വാക്കുകൾ പ്രഹരിച്ചു. പെട്ടന്ന് ഷാൻ ആ പയ്യന്റെ മുഖത്ത് ആഞ്ഞടിച്ചു. സത്യം പറഞ്ഞാൽ ആ ആഞ്ഞടിച്ചത് മാത്രേ ഷാനിന് ഓർമയുണ്ടായിരുന്നുള്ളു. പയ്യൻ ഷാൻ കബീറിന് മേൽ കാളിയ നർത്തനമാടി.

ഷാൻ കബീറിന് ശരിക്കും ഒന്ന് ബോധം വരുന്നത് പിറ്റേ ദിവസം ഭാര്യ ശരീരത്തിൽ ചൂട് പിടിച്ച് കൊടുക്കുമ്പോഴായിരുന്നു. അവൻ ഭാര്യക്ക് നേരെ ഉറഞ്ഞുതുള്ളി

“എല്ലാം നീ കാരണാ പുല്ലേ, നിന്നെ ഞാൻ”

ഷാൻ അവളെ അടിക്കാൻ കൈയ്യോങ്ങി. സാധാരണ അവൻ അടിക്കാൻ കയ്യോങ്ങുമ്പോൾ ഷാഹിന ഭയന്ന് കരയാറാണ് പതിവ്. പക്ഷെ ഈ പ്രാവശ്യം അവൾക്ക് ചിരിയാണ് വന്നത്.

“തല്ലിക്കൊ, എത്ര വേണേലും തല്ലിക്കൊ. ഞാൻ കൊണ്ടോളം. ഞാനാവുമ്പോ തിരിച്ച് തല്ലില്ലല്ലോ. ഭാര്യയെ തല്ലുന്നതാണ് ആണത്തം എന്ന് കരുതുന്ന നിങ്ങൾക്ക് അഭിമാനിക്കേം ചെയ്യാം. എന്നാലും എന്റെ മനുഷ്യാ ആ നരുന്ത് പോലത്തെ പയ്യനെവരെ തിരിച്ചു തല്ലാൻ ശേഷിയില്ലാത്ത നിങ്ങൾക്ക് നാണമാവുന്നില്ലേ ആണത്തം കാണിക്കാൻ എന്നെ ഇങ്ങനെ തല്ലാൻ “

അവൾ ഇത്രേം പറഞ്ഞതും ഷാനിന്റെ കൈ മെല്ലെ താഴ്ന്നതും ഒരുമിച്ചായിരുന്നു. പിന്നീടൊരിക്കലും അവന്റെ കൈ അവളുടെ നേരെ ഉയർന്നിട്ടില്ല.

എന്തായാലും അന്ന് മുതൽ അവളുടെ പ്രാർത്ഥനയിൽ ആ പയ്യനെയും ചേർത്ത് തുടങ്ങി. കാരണം അവനാണല്ലോ അവളുടെ ജീവിതം മാറ്റിമറിച്ചത്.