എളേപ്പനാണെന്നൊന്നും ഞാൻ നോക്കത്തില്ല… കരഞ്ഞും കണ്ണീരൊലിപ്പിച്ചും സാബുവിന്റെ മനസ്സ് മാറ്റി കാര്യം സാധിച്ചെടുക്കാം…..

ബന്ധുവാര് ശത്രുവാര്?

Story written by Aswathy Joy Arakkal

ആങ്ങള അങ്ങ് ഗൾഫീന്നു ലീവില് വന്നതിലുള്ള സന്തോഷം ആഘോഷിക്കുന്ന തിരക്കിലായിരുന്നു ഞങ്ങൾ…. ടോണിച്ചൻ വന്നതിനൊപ്പം ഞാനും സേവിച്ചായനും ഞങ്ങടെ കുരുട്ടടക്കയും കൂടെ വീട്ടിലെത്തിയപ്പോൾ പിന്നെ പറയാനുണ്ടോ… ഒപ്പം അമ്മച്ചിയുടെ സ്പെഷ്യൽ ഫുഡ്‌ ഐറ്റംസും .. ഒന്നും പറയണ്ട… ഇതൊന്നും പോരാതെ സന്തോഷം വരുമ്പോൾ മാത്രം അപ്പന് നിർബന്ധമുള്ള സേവിച്ചായന്റെ മിലിറ്ററി കോട്ടയും… അങ്ങനെ ഞങ്ങള് അപ്പനും മക്കളും പാട്ടും മേളവുമായി തകർക്കുന്നതിനിടയിലാണ് പുറത്തു നിന്ന് എന്തോ ബഹളം കേൾക്കുന്നതു…

“എന്നതാടി മേരിപ്പെണ്ണേ പുറത്തൊരു ഒച്ചയും ബഹളോമൊക്കെ ” എന്നു അമ്മച്ചിയോടു ചോദിച്ചു ആദ്യം പുറത്തേക്കിറങ്ങിയത് അപ്പനാണ്.. പിന്നാലെ സ്കൂളു വിട്ടപോലെ ഞങ്ങളും..

നോക്കുമ്പോ അയൽവക്കത്തെ സാബുവിന്റെ വീട്ടിൽ നിന്നാണ് ബഹളം… ആൾക്കാരൊക്കെ ഓടികൂടുന്നുണ്ട്..

സാബുവും അവന്റെ അപ്പന്റെ അനിയൻ പോളേട്ടനും തമ്മിലാണ് പ്രശ്നം ..

“എളേപ്പനാണെന്നൊന്നും ഞാൻ നോക്കത്തില്ല… കരഞ്ഞും കണ്ണീരൊലിപ്പിച്ചും സാബുവിന്റെ മനസ്സ് മാറ്റി കാര്യം സാധിച്ചെടുക്കാം എന്നാണ് വിചാരം എങ്കില് അതങ്ങു മനസ്സിലു വെച്ചാ മതി… മര്യാദക്ക് കെട്ട്യോനും കെട്ട്യോളും കൂടെ ഇറങ്ങിക്കോണം എന്റെ മുറ്റത്തു നിന്ന്.അല്ലെങ്കി വീടുകേറി ആക്രമിച്ചെന്നു പറഞ്ഞു ഞാനിപ്പോ പോലീസിനെ വിളിക്കും… ” സാബു പോളേട്ടന്റെ ഷർട്ടിൽ കുത്തിപിടിച്ചു കൊണ്ടാണ് വെല്ലുവിളി…

“വിളിക്കടാ.. എന്നിട്ട് അവരോടു ഞങ്ങളെയങ്ങു കൊന്നു കളഞ്ഞേക്കാൻ കൂടെ പറ.. അതോടെ തീരുവല്ലോ.. ” അത്രയും പറഞ്ഞു തീർന്നപ്പോഴേക്കും പോളേട്ടന്റെ ഭാര്യ സിസിലിയേടത്തി പൊട്ടിക്കരഞ്ഞു പോയിരുന്നു..

“ദേ.. പെണ്ണുമ്പിള്ളേ ചാവാനാണെങ്കില് സ്വന്തം വീട്ടില്. ഞങ്ങടെ വീട്ടുമുറ്റത്തു കിടന്നു നിങ്ങടെ അഭ്യാസമൊന്നും വേണ്ട ” സാബുവിന്റെ ഭാര്യ ജെസ്സി അവനെക്കാൾ അപ്പുറമായിരുന്നു.

“എന്തു പറഞ്ഞടി ” എന്നു ചോദിച്ചു ജെസ്സിക്ക് നേരെ തിരിഞ്ഞപ്പോഴേക്കും സാബുവിന്റെ തള്ളലേറ്റു ഗേറ്റിൽ തലയിടിച്ചു നിലത്തു വീണിരിന്നു പോളേട്ടൻ .

“എന്നതാടാ സാബു ഒന്നുവല്ലേലും നിന്റെ എളേപ്പനല്ലേടാ …. ചോരയല്ലേടാ.. ഇങ്ങനെ കന്നംതിരിവു കാണിക്കാവോ ” എന്നു ചോദിച്ചു അപ്പനും ഓടിക്കൂടിയ അയല്വക്കക്കാരും ചേർന്ന് പോളേട്ടനെ പിടിച്ചെണീപ്പിച്ചു കൊണ്ടു സാബുവിന് നേരെ തിരിഞ്ഞു.

“ചോദ്യം ചെയ്യാനും, സമാധാനം പറയിക്കാനുമൊന്നും ആരും സാബുവിന്റെ വീട്ടുമുറ്റത്തേക്കു കയറേണ്ടെന്നു” പറഞ്ഞു അവൻ ഭാര്യയെയും മക്കളെയും കൂട്ടി അകത്തു കയറി വാതിലടച്ചു.

“നാളെ ഇവന്റെ മക്കളും ഇതെല്ലാം കണ്ടു പഠിച്ചു ഇതൊക്കെ തന്നെ ആവർത്തിക്കുമ്പോഴേ ഇവനൊക്കെ പഠിക്കു ” എന്നു പറഞ്ഞു പിറുപിറുത്തുകൊണ്ട് എല്ലാവരും പിരിഞ്ഞുപോയി…

“പോളേ.. ദേ നെറ്റിപൊട്ടിയിട്ടുണ്ട് .. അകത്തു കേറിവാ . മരുന്നെന്നേലും വെച്ചു കുറച്ചുനേരം ഇരുന്നിട്ട് പോകാം” എന്നു പറഞ്ഞു അപ്പൻ നിർബന്ധിച്ചു പോളേട്ടനേയും ചേടത്തിയേയും കൂട്ടി വീട്ടിലേക്കു വന്നു… ഓയിന്മെന്റും പുരട്ടി ഒരു ഗ്ലാസ്സ് ചായയും കുടിച്ചപ്പോഴേക്കും പോളേട്ടനൊരു ആശ്വാസമായി..

“കാര്യങ്ങള് കുറെയൊക്കെ അറിയാം. എന്നാലും എന്നതാ പോളേ… എന്നതാ ഇതൊക്കെ.. ” അപ്പൻ ചോദിച്ചു.

പോളേട്ടന്റെ നിശബ്ദത ഭംഗിച്ചു അപ്പന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു തുടങ്ങിയത് ചേടത്തിയാണ്.

“കുര്യച്ചായനറിയാവല്ലോ.. പീലിച്ചായൻ മരിക്കുമ്പോൾ സാബുവിന് ആറും, സിമിക്ക് പതിനൊന്നും വയസ്സാ. അന്നുതൊട്ട് അങ്ങോട്ട്‌ ചേട്ടന്റെ മക്കളായിട്ടല്ല സ്വന്തം മക്കളായിട്ടാ ഈ മനുഷ്യൻ അതുങ്ങളെ നോക്കിപറക്കി എടുത്തത്.. ഞങ്ങടെ സോണിമോളെ പോലെ തന്നെയാ അച്ചായന് അവരും… ആ മരുഭൂമിയിൽ കിടന്നു സമ്പാദിച്ചതിന്റെ നല്ലൊരു പങ്കും അവർക്കായി തന്നെയാ ചിലവാക്കിയതും…”

“മുട്ടു തേയ്മാനം വന്നു രണ്ടുകാലിലും നീരുവന്ന് വീർത്തു അവിടെ നിൽക്കാൻ പറ്റാതെ ഈ മനുഷ്യൻ കഴിഞ്ഞ വർഷം ഇവിടേയ്ക്ക് വിമാനം കയറുമ്പോ സമ്പാദ്യം എന്നു പറയാൻ ആകെ കൈയിലുണ്ടായിരുന്നതു അഞ്ചോ ആറോ ലക്ഷം രൂപയാണ്. സോണികൊച്ചാണെങ്കി പ്ലസ് ടുവിന് പഠിക്കുന്നു. അതിനു തുടർന്നു പടിക്കണ്ടേ , കുടുംബച്ചിലവ് നടക്കണ്ടേ… അതൊക്കെയോർത്തു വയ്യായ്ക മാറ്റിവെച്ചു അച്ചായൻ ഒരു ഓട്ടോ വാങ്ങി അതുമായി റോഡിലേക്കിറങ്ങി… “

“അതിനിടയിലാണ് പുതിയതായി തുടങ്ങിയ സൂപ്പർ മാർക്കറ്റിന്റെ ആവശ്യങ്ങൾക്കായി ഒരു അഞ്ചു ലക്ഷം രൂപ അത്യാവശ്യമായി വേണമെന്ന ആവശ്യവുമായി സാബു വന്നത്. ഞാനെതിർത്തിട്ടും കൈയിലുണ്ടായിട്ടു എന്റെ ചെറുക്കൻ ചോദിക്കുമ്പോ എങ്ങനാ സിസിലി ഇല്ലെന്നു പറയുന്നെന്നും പറഞ്ഞു കൈയിലിരുന്ന പൈസ ഒരു രേഖയുമില്ലാതെ ഈ മനുഷ്യൻ എടുത്തു കൊടുത്തു. “

“സോണിമോളെ ചേർക്കാറാകുമ്പോ ഒരു വാക്ക് പറഞ്ഞാ മതി എളേപ്പാ.. അടുത്ത മിനിറ്റിൽ കാശിവിടെ എത്തിയിരിക്കും” എന്നു വാക്ക് പറഞ്ഞിറങ്ങിയ സാബുവാണ്… പിന്നെ ആ വഴി വരലോ, ഫോൺ വിളിയോ ഒന്നും ഇല്ലാതായി. അതിനിടയിൽ അവൻ പലരുടെ കൈയിൽ നിന്നും കാശു വാങ്ങി കൊറച്ചു പിശകിലാണ് പോക്കെന്ന് പലരും പറഞ്ഞു കേട്ടിട്ടും വിശ്വസിക്കാൻ തോന്നിയില്ല.. അതിനിടക്കായിരുന്നല്ലോ ചേടത്തിയുടെ മരണം.. അമ്മച്ചി മരിച്ചിരിക്കുന്ന അവനോടു പിന്നെ അതേപ്പറ്റിയൊന്നും ചോദിക്കാനും തോന്നിയില്ല.. പക്ഷെ.. ” ചേടത്തി പറഞ്ഞു നിർത്തി…

“അതുശെരി അപ്പൊ നാട്ടുകാരെ പറ്റിച്ച കാശു കൊണ്ടായിരുന്നല്ലേ അവന്റെ വിദേശ ടൂറുകളും, ലക്ഷങ്ങളുടെ ബൈക്കു വാങ്ങലും എല്ലാം … ഫേസ്ബുക്കിലിതിന്റെ യൊക്കെ ഫോട്ടോസ് കാണുമ്പോ ഞാൻ വിചാരിക്കു വായിരുന്നു ഇവനെങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നുവെന്ന്… ഇതുപോലെ വെട്ടിച്ചും, പറ്റിച്ചും നടന്നാ എന്താ സാധിച്ചു കൂടാത്തതല്ലേ.. ” ടോണിച്ചൻ പറഞ്ഞു

” വരവിൽ കൂടുതൽ പൈസ വീട്ടിലെത്തുമ്പോ കുടുംബത്തിലിരിക്കണ പെണ്ണുങ്ങള് ചോദിക്കണ്ടേ ഇതെവിടുന്നാ ഇത്രയും കാശെന്നു. ഇതിനൊക്കെ എവിടുന്നാ വരുമാനമെന്നു… ” അങ്ങനെയുള്ള ഒരു ചിന്തയും ജെസ്സിക്കില്ല . ആരെ കൊന്നിട്ടായാലും, ആരുടെ കൈയ്യിൽ നിന്ന് പിടിച്ചു പറിച്ചിട്ടായാലും അവൾക്കു അടിച്ചു പൊളിക്കണം. അവനു ചേർന്ന ഒരുത്തി തന്നെയാ എന്തുകൊണ്ടും അവള്… ” ചേടത്തി പറഞ്ഞു തുടങ്ങി.

ആഹ്.. ഞാൻ പറഞ്ഞു വന്നത് എന്നതാന്നു വെച്ചാ…

സോണികൊച്ചിന്റെ റിസൾട്ടു വന്ന് അഡ്മിഷൻ ആയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.

അവൻ കാശു കടം വാങ്ങിയവരൊക്കെ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയപ്പോൾ ജെസ്സി പിള്ളേരുമായി പള്ളിയിൽ അച്ഛന്റെ അടുത്തു പരാതിയുമായെത്തി .. ജീവിക്കാൻ സമ്മതിച്ചില്ലെങ്കി പിള്ളരുമായി ചാവുമെന്ന ഭീഷണി മുഴക്കി. ഒടുവിൽ പള്ളിവക മദ്ധ്യസ്ഥത..

“എല്ലാവരും സാബുവിനൊരു സാവകാശം കൊടുക്കണം … അവനെ യോർത്തല്ലെങ്കിലും ആ മൂന്നു പെങ്കൊച്ചുങ്ങളെ ഓർത്തു… അവന്റെ പേരിലുള്ള സ്ഥലം വിൽക്കാൻ പോവുകയാണ്. അതു വിറ്റാലുടനെ എല്ലാവരുടെയും കാശു തന്നു തീർക്കാമെന്ന ധാരണയോടെ യോഗം പിരിഞ്ഞു..”

അത്രയും സാവകാശം ഇല്ലാത്തതു കൊണ്ട് ബാങ്കിൽ കിടപാടം ഈടുവെച്ചു ലോണെടുത്തു കൊച്ചിനെ അവളുടെ ഇഷ്ടം പോലെ സിവിൽ എഞ്ചിനീറിങ്ങിനു ചേർത്തു.. ഇന്നത്തെ കാലത്ത്‌ പൊന്നും പണവും ഒന്നും അല്ലല്ലോ വിദ്യയല്ലേ പിള്ളേർക്കായി കരുതേണ്ടത്..

അതിനിടയിൽ കേട്ടു അവന്റെ പെങ്ങള് സിമികൊച്ചു അവൻ സ്ഥലം വിൽക്കുന്നതിനെതിരെ സ്റ്റേ വാങ്ങി. കുടുംബസ്വത്താണ്‌ അവനങ്ങനെ വിൽക്കാൻ ഒക്കത്തില്ല എന്നു . ആങ്ങളയും പെങ്ങളും കൂടിയുള്ള ഒത്തു കളിയാണ് എന്നും പറയുന്നു. ഇങ്ങനൊരു കളി കളിച്ചാൽ പ്രയോചനങ്ങൾ ഏറെയാണല്ലോ.

അതിനിടയിൽ എനിക്ക് ഹാർട്ടില് ബ്ലോക്ക്‌ വന്നു.. ചികിത്സയും മറ്റുമായി അടവ് മുടങ്ങി ലോണിപ്പോ ജപ്തിയിലെത്തി നിൽക്കുന്നു…

“കുറച്ചു കാശെങ്കിലും തരാൻ പറഞ്ഞു അവന്റെ കാലു പിടിക്കാൻ വന്നതാ ഇപ്പൊ… അതാണ്‌ കുറച്ചു മുന്നേ കണ്ടത് ” ചേടത്തി കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു നിർത്തി.

“പള്ളിയും, പ്രാർത്ഥനയും, ബൈബിളുമൊക്കെയായി ഇവര് കെട്ട്യോനും കെട്ട്യോളും നടക്കണ കണ്ടാ പറയോ ഇതാ കൈയിലിരുപ്പെന്നു… ” അമ്മച്ചി ആത്മഗതിച്ചു…

“വിശ്വാസത്തിന്റെ പേരിലല്ലേ മേരി ഇപ്പൊ ഏറ്റവുമധികം തട്ടിപ്പ് നടക്കണേ.. ” ചേടത്തി പറഞ്ഞു… പിന്നെ അവനു കടം കൊടുത്തവരിൽ അധികവും പ്രവാസികളാണ്.. നുള്ളിപറക്കി മിച്ചം വെച്ച കാശാണ് പലരും ഒരു വിശ്വാസത്തിന്റെ പുറത്തു എടുത്തു കൊടുത്തത് .. പക്ഷെ ഗൾഫ്കാരൊക്കെ അവിടെ പൈസ കുലുക്കി പറിച്ചെടുക്കുവാന്നാണല്ലോ പലരുടെയും വിചാരം.. അതോണ്ട് കാശുള്ളവരൊക്കെ കുറച്ചു പൈസ ഇളവ് ചെയ്തു കൊടുക്കാനാ ഇപ്പൊ പുതിയ മധ്യസ്ഥ കമ്മിറ്റിയുടെ ഉപദേശം … അവനു മൂന്ന് പെണ്മക്കളാണ് എന്നു ഓർക്കണം പോലും.. “

“അവൻ ധൂർത്തടിച്ചും, ഉല്ലസിച്ചും നശിപ്പിച്ചിട്ടു പൊരിവെയിലിൽ കിടന്നുണ്ടാക്കിയ കാശു ഞങ്ങളൊക്കെ മറക്കണം എന്നുള്ളത് എവുടത്തെ ന്യായാ… അവനു കുടുംബമുണ്ടെന്നും, പിള്ളേരുണ്ടെന്നുമൊക്കെ ഓർക്കേണ്ടിയിരുന്നത് അവനല്ലേ.. ഞങ്ങളാണോ… ” നിയന്ത്രണം വിടുന്നുണ്ടായിരുന്നു ചേടത്തിക്കു.

പലരും ഇപ്പൊ കേസും കൂട്ടവുമൊക്കെ ആയി നീങ്ങുന്നുണ്ട്. എത്ര തള്ളിപ്പറഞ്ഞാലും ചോരയല്ലേ അതോണ്ട് അതിനുമാകുന്നില്ല.. പോളേട്ടൻ പറഞ്ഞു..

“കേസുമായി നിങ്ങളങ്ങു ചെന്നാമതി.. ഇത്രയും കാശുകൊടുത്തേനു എന്നതേലും തെളിവുണ്ടോ.. ” ചേടത്തി ദേഷ്യത്തിൽ തന്നെയായിരുന്നു…

“സ്വന്തം നിഴലിനെ പോലും വിശ്വസിക്കരുത് കുര്യച്ചാ..കാശിന്റെയും പണത്തിന്റെയും കാര്യം വരുമ്പോൾ നിഴലു പോലും നമ്മളെ ചതിക്കും.. ” എന്നു പറഞ്ഞു നെഞ്ചും തിരുമ്മി ആ പാവം മനുഷ്യൻ മുറ്റത്തേക്കിറങ്ങുമ്പോൾ കേൾക്കാമായിരുന്നു സാബുവിന്റെ വീട്ടിൽ കൂട്ടുകാരുമൊത്തുള്ള മദ്യസൽക്കരവും പാട്ടും കൂത്തുമൊക്കെ..

മുറ്റത്തേക്കിറങ്ങിയ പോളേട്ടനെ കുത്തും കോളും വെച്ചു പറഞ്ഞു കളിയാക്കാനും അവൻ മറന്നില്ല..

“ടോണി. വരുവാണെങ്കി നമുക്കൊന്ന് കൂടാം.. നല്ല സ്കോച്ച് ഉണ്ട്… ” ടെറസ്സിൽ നിന്ന് സാബു വിളിച്ചുകൂവി…

” നാട്ടുകാരെ പറ്റിച്ചും…പാവങ്ങളുടെ കണ്ണീരും, ശാപവും വീണ കാശു കൊണ്ടു വാങ്ങിയതല്ലേ.. നീയൊറ്റക്കു മോന്തിയാ മതിയെന്ന്” പറഞ്ഞു ടോണി അകത്തേക്ക് വരുമ്പോൾ സാബുവിന്റെ കൂട്ടുകാരിലാരോ പറയുന്നുണ്ടായിരുന്നു നീ പോരെടാ.. അവനും പൂത്തകാശിന്റെ പുറത്തുറങ്ങുന്നോനാ… അവിടെ കിടന്നു കാശു വാരുന്നോനെന്തിനാ നിന്റെ സ്കോച്ചൊക്കെയെന്നു…

മറുപടി പറയാൻ തിരിഞ്ഞ ടോണിയെ തടഞ്ഞു കൊണ്ടു അപ്പച്ചൻ പറഞ്ഞു.. ” നീയിങ്ങു പോരെ ടോണി.. നാണവും മാനവും ഉള്ളവരോടല്ലേ എന്തെങ്കിലും പറഞ്ഞിട്ടും, തർക്കിച്ചിട്ടുമൊക്കെ കാര്യമുള്ളൂ… മാനാഭിമാനം ഇല്ലാത്തവർക്ക് ആരെ പറ്റിച്ചായാലും , ആരെ കൊന്നിട്ടായാലും സ്വന്തം കാര്യം നേടണം എന്നേ ഉണ്ടാകൂ… ഇളയപ്പനെ വരെ പറ്റിച്ചു തല്ലി ഇറക്കിയവന് എന്തു നാണം, എന്തു മാനം… പക്ഷെ ഒന്നുണ്ട് മറ്റുള്ളവരുടെ കണ്ണീരും , ശാപവും വീണ കാശ് കൊണ്ടിവനൊക്കെ എന്തു കെട്ടിപൊക്കിയാലും ചീട്ട്കൊട്ടാരം പോലെയേ ഉള്ളു… അത്രെ ആയുസ് അതിനുണ്ടാകൂ. . ഇവനൊക്കെ ഇവിടെ നന്നാവാൻ… “

“മറ്റുള്ളവരെ പറ്റിച്ചിങ്ങനെ നാണംകെട്ടു ജീവിക്കാനും വേണം ഒരു കഴിവ്… ഇങ്ങനെയുള്ളവന്മാരുടെ കെണിയിൽ ചെന്നു ചാടാതിരിക്കാൻ നമ്മളും കുറെയൊക്കെ ശ്രദ്ധിക്കണം … ഇവന്മാരൊന്നും ഏതായാലും നന്നാവാൻ പോകുന്നില്ല ” എന്നും പറഞ്ഞു കൊണ്ടു അമ്മച്ചിയും അപ്പന്റെ പിറകെ പോയപ്പോഴും എന്റെ മനസ്സു മുഴുവൻ നീറുന്ന മനസ്സുമായി പടി ഇറങ്ങിപ്പോയ ആ പാവങ്ങളുടെ മുഖമായിരുന്നു… “ചതിയും വഞ്ചനയുമൊക്കെ കൂടെ കൊണ്ടു നടക്കുന്നവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല.. പക്ഷെ പറ്റിക്കപ്പെട്ടുപോകുന്ന ഇതുപോലുള്ള പാവങ്ങളെ പറ്റി ഓർക്കുമ്പോഴാ… “

പാലം കടക്കുവോളം നാരായണ… പാലം കടന്നാൽ….

ഇതുപോലെ പറ്റിക്കപ്പെടുന്ന.. ചതിക്കപ്പെടുന്ന… അതിലൂടെ ജീവിതം തന്നെ പ്രതിസന്ധിയിലായി പോകുന്ന… എത്രയെത്ര ജീവിതങ്ങൾ…

( കഥയല്ലിത് ജീവിതം)