എല്ലുകളിൽ ക്യാൻസർ ആണെന്ന് അറിഞ്ഞാൽ ആ നിമിഷം അമ്മച്ചി തട്ടിപോകും… അപ്പൻ മരിച്ചതിൽ പിന്നേ അമ്മച്ചി ആകെ നിരാശ പോലെയാണ്…….

മക്കൾ മാഹാത്മ്യം

Story written by Jolly Shaji

“വല്യമ്മച്ചി മരിക്കേണ്ടട്ടോ… വല്യമ്മച്ചി മരിച്ചാൽ എനിക്കാരാ കഥ പറഞ്ഞ് തരാനുള്ളത്…”

ഏബൽ ഓടിവന്ന് വല്യമ്മച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു…

“അതിന് വല്യമ്മച്ചി മരിക്കുമെന്ന് ആര് പറഞ്ഞു…. വല്യമ്മച്ചിയേ മരിക്കില്ലാട്ടോ…”

“അപ്പായും അമ്മയും കൊച്ചപ്പനും കൊച്ചമ്മയും ഒക്കെയും കൂടിയിരുന്നു പറയുന്നുണ്ടാരുന്നു…”

“എന്ത് പറഞ്ഞു അവര്…”

“അതേ.. ദേ ഇങ്ങനെ..”

“എടാ ജോസ്മോനെ അമ്മച്ചിക്ക് ഇനി അധികം ദിവസം ഒന്നുമില്ലെന്ന ഇന്ന് ഡോക്ടർ പറഞ്ഞത്…”

“അമ്മച്ചിക്ക് അറിയാമോ അമ്മച്ചിയുടെ അസുഖം…”

“ഇല്ലെടാ നടുവിന് തേയ്മനം ആയിട്ടു കുറേ ആയില്ലേ ചികിത്സ ഇപ്പോഴും അതിന്റെ എന്തോ ആണെന്ന അമ്മച്ചിയുടെ ചിന്ത… തണുപ്പൊക്കെ അല്ലെ…”

“എല്ലുകളിൽ ക്യാൻസർ ആണെന്ന് അറിഞ്ഞാൽ ആ നിമിഷം അമ്മച്ചി തട്ടിപോകും… അപ്പൻ മരിച്ചതിൽ പിന്നേ അമ്മച്ചി ആകെ നിരാശ പോലെയാണ്….”

“എന്റെ ഇച്ചായ എങ്ങാനും കുറേനാൾ കിടന്നുപോയാൽ എന്നെകൊണ്ട് പറ്റില്ലാട്ടോ പൊക്കിക്കൊണ്ട് നടക്കാൻ..” ഏബലിന്റെ അമ്മച്ചി റാണി ആണ്…

“വെല്യേച്ചി പറയുന്ന കേട്ടാൽ അപ്പൻ കിടന്നിട്ടു ഒറ്റയ്ക്ക് നോക്കിയപോലെ ആണല്ലോ…” ജോസ്മോന്റെ ഭാര്യ സിൽവി

“ഓ നിങ്ങളൊരു ഹോംനഴ്സിനെ വെച്ചു തന്നു അതല്ലയോ പറഞ്ഞ് വരുന്നത്… അവൾക്കു വെച്ചു വിളമ്പിയതുകൂടി ഞാനല്ലയോ..”

“എന്റെ വെല്യേച്ചി ഞങ്ങള് എന്തേലും വീതം മേടിക്കാൻ വാശിപിടിച്ചു വന്നിട്ടുണ്ടോ… ഞങ്ങൾക്ക് തന്നേക്കുന്ന വസ്തുവിലെ അദായം പോലും നിങ്ങൾ അല്ലെ എടുക്കുന്നത്…”

“എടി സിൽവി അതിലെ തേങ്ങയും ചക്കയും മാങ്ങയുമൊക്കെ എല്ലാ മാസവും നിന്റെ അപ്പനല്ലായോടി എടുക്കുന്നത്…. പിന്നേ എന്തോ ആദായം ആടി ഞാനും എന്റെ പെമ്പിളേം അനുഭവിക്കുന്നത്…” സണ്ണിച്ചായൻ അല്പം ദേഷ്യത്തിൽ ആയി..

“ഓ അതുപോട്ടെ ഇനിയത്തെ കാര്യം പറയു… ഫ്ലൈറ്റ് സർവീസ് തുടങ്ങിയാൽ ഞങ്ങൾക്ക് പോവണം… അപ്പച്ചന്റെ കഴിഞ്ഞ ആണ്ടിനും വരാൻ പറ്റിയില്ല അതാണ് ഈ കൊല്ലം വന്നത് അത് ഇങ്ങനെയും ആയി…”

“ഓ എന്തോന്ന് തീരുമാനം…. അമ്മച്ചി ഇപ്പോളെങ്ങാനും മരിച്ചെങ്കിൽ നമുക്ക് രണ്ടുകൂട്ടർക്കും എല്ലാം കൊണ്ടും ലാഭം ആയിരുന്നു…”

“അതേ അതേ, മരിച്ചടക്കാൻ ആള് കുറവായിരിക്കും, അടിയന്തിരം നടത്തുകയും വേണ്ടാ… ഞങ്ങൾക്ക് സമാധാനത്തോടെ തിരിച്ചും പോകാം.. ഇച്ചായനു കട അടച്ചും ഇടേണ്ട…”

“അത് ഉള്ളത് തന്നെ… ഹോ അപ്പൻ മരിച്ചപ്പോൾ രണ്ടുദിവസം കട അടച്ചു എത്ര വരുമാനം പോയെന്നോ… പിന്നേ മരിച്ചപ്പോൾ മുതൽ ബന്ധുക്കൾ തിക്കും തിരക്കും എല്ലാത്തിനും ഭക്ഷണം, രണ്ടുദിവസം ഫ്രീസർ ചാർജ്….”

“അപ്പോൾ എനിക്കോ ഇച്ചായ എമർജൻസി ഫ്ലൈറ്റ് ടിക്കറ്റിനു ക്യാഷ് എത്ര പോയി…”

“അപ്പന്റെ അടിയന്തിരത്തിനു അമ്മേടെ ബന്ധുക്കൾ പാതി വന്നിട്ടും എന്തോരും ജനം ആരുന്നു… ഇതിപ്പോ അമ്മച്ചി മരിച്ചെന്ന് കേട്ടാൽ എല്ലാം എത്തും….”

“അപ്പൊ ഈ ലോക്ഡൗൺ തീരും മുന്നേ അമ്മച്ചി മരിച്ചാൽ ഒരു രണ്ടുമൂന്നു ലക്ഷം നമുക്ക് ലാഭിക്കാം അല്ലെ ഇച്ചായ…”

“വെറുതെ കൊതിക്കാമെന്നെ ഒള്ളെടാ അമ്മച്ചിയെങ്ങും ഉടനെ പോവില്ല പഴയ തടിയല്ലേ…” റാണിയാണ് പറഞ്ഞത്.. എല്ലാരും പൊട്ടിച്ചിരിച്ചു….

ഇതുകേട് ഓടിയതാണ് ഏബൽ വല്യമ്മച്ചിയുടെ അടുത്ത്…

അന്നമ്മച്ചിക്ക് ഇതൊക്കെ കേട്ട് ചങ്ക് പൊടിയും പോലെ തോന്നി… ക്യാൻസർ എന്ന് അറിഞ്ഞതിൽ അല്ല ആ അമ്മമനം കരഞ്ഞത്… തന്റെ മക്കടെ മനസ്സ് അറിഞ്ഞായിരുന്നു…

കല്യാണം കഴിച്ച് ഇച്ചായൻ കൊണ്ടുവരുമ്പോ പ്രായം പതിനേഴു ആയിട്ടേ ഉള്ളു… വലിയൊരു കൂട്ടുകുടുംബം ആരുന്നു.. അപ്പൻ അമ്മ വല്യപ്പൻ വല്യമ്മ മക്കൾ എല്ലാം കൂടി പത്തിരുപതു പേരുണ്ടായിരുന്നു… എല്ലാർക്കും വെച്ചുവിളമ്പി എത്ര സന്തോഷം ആയി കഴിഞ്ഞതാ…

കല്യാണം കഴിഞ്ഞ് ആറേഴു കൊല്ലം ആയിട്ടും മക്കൾ ഉണ്ടായില്ല… അന്നൊന്നും അതൊരു വിഷമം ആയി തോന്നിയില്ല… വീട്ടിൽ നിറയെ കുട്ടികളും കളിയും ചിരിയും… പിന്നേ ആരൊക്കെയോ ഇച്ചായനോട് പറഞ്ഞ് പറഞ്ഞാണ് ഡോക്ടറെ കണ്ടത്..

എത്ര വഴിപാടുകൾ നേർന്നു… എത്ര രാത്രികൾ ആരും കാണാതെ കരഞ്ഞേക്കുന്നു..

പതിനഞ്ചാം വർഷം ആണ് സണ്ണിച്ചൻ ഉണ്ടായതു… അവന് രണ്ടുവയസ്സ് ആകുന്നതിനു മുന്നേ ജോസ്മോനും ഉണ്ടായി…

നിലത്തു വെക്കാതെ ആണ് മക്കളെ വളർത്തിയത്… അവരുടെ ഇഷ്ടങ്ങൾ ആയിരുന്നു എന്റേം ഇച്ചായന്റേം ഇഷ്ടം….

ആ മക്കൾ ആണ് ഇന്ന് തന്റെ മരണം കാത്തിരിക്കുന്നത്..

അന്നമ്മച്ചി പൊട്ടികരഞ്ഞു..

“വല്യമ്മച്ചി കരയുവാണോ.. “ഏബൽ അവന്റെ കുഞ്ഞു കൈകൊണ്ടു വല്യമ്മച്ചിയുടെ കണ്ണുകൾ തുടച്ചു…

“ഞാൻ സമ്മയിക്കില്ല വല്യമ്മച്ചി മരിക്കാൻ… ഞാൻ ഈശോയോട് പ്രാർത്ഥിക്കാം എന്റെ വല്യമ്മച്ചി മരിക്കാതിരിക്കാൻ…”

“മോൻ കരയേണ്ട വല്യമ്മച്ചി മരിക്കില്ലട്ടോ … പിന്നേ ഒരീസം ഈശോയെ കാണാൻ പോകുവെ… മാലാഖയെ പോലെ… നിറയെ പൂവൊക്കെ വെച്ചു കണ്ണടച്ച് പോകും… അപ്പോൾ മോനൂട്ടൻ കരയരുതേ… അമ്മച്ചി ഈശോയെ കണ്ടിട്ട് വേഗം വരും കേട്ടോ…”

അമ്മച്ചി ഏബലുകുട്ടനെ കെട്ടിപ്പിടിച്ചു വിങ്ങി പൊട്ടി….