എഴുത്ത്:-മഹാ ദേവൻ
” മോളെ… പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ വേഷം നമുക്ക് ചേരില്ല. ഇതൊരു പഴയ തറവാട് ആണ്. നല്ല അടക്കവും ഒതുക്കവുമുള്ള വസ്ത്രം ഇടാനാണ് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചത്. പെണ്ണ് ഉടുത്തൊരുങ്ങിയാൽ പൂർണ്ണചന്ദ്രനെ പോലെ തിളങ്ങണം. അതിന് നമ്മള് ധരിക്കുന്ന വസ്ത്രവും പ്രധാനമാണ്. ഇതിപ്പോ ഒരുമാതിരി പകുതിയും പുറത്തുകാണിച്ചുകൊണ്ട്….വേണ്ട മോളെ… ഇതൊന്നും ശരിയാവില്ല.. ഇതിന്റെ പേരിൽ ഈ വീട്ടിൽ ഒരു കല്ലുകടി ഉണ്ടാകേണ്ട. നാളെ ഞാൻ മുഷിപ്പ് വല്ലതും പറഞ്ഞാൽ അമ്മായമ്മ പോരാണെന്ന് പറയും, അതുകൊണ്ട് ആണ് ഇപ്പഴേ കാര്യം പറഞ്ഞു മനസ്സിലാകുന്നത്. മോൾടെ വീട്ടിൽ മോള് എന്തോ ഇട്ടോ.. പക്ഷേ, ഇവിടെ ഇങ്ങനത്തെ കീറിയ പാന്റും പിന്നെ…. “
അമ്മ ബാക്കി പറയാൻ വന്നത് എന്താണെന്ന് ശിഖയ്ക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.
വരുണുമായുള്ള വിവാഹം കഴിഞ്ഞിട്ട് ആഴ്ച ഒന്നായതെ ഉളളൂ. ബാംഗ്ലൂരിലെ ജീവിതം ആയത്കൊണ്ട് മോഡേൺ ആയിട്ടായിരുന്നു ശിഖയുടെ വളർച്ച. ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന വരുണുമായുള്ള സൗഹൃദം പ്രണയ ത്തിലേക്ക് എത്തിയപ്പോൾ രണ്ട് വീട്ടുകാരുടെയും സമ്മത ത്തോടെ വിവാഹവും കഴിഞ്ഞു.അന്നേ വരുൺ പറയാറുള്ളത് ശിഖയ്ക്ക് ഓർമ്മയുണ്ട്.
” എന്റെ പെണ്ണെ. നിനക്കറിയാലോ. ഞാൻ ഒരു നാട്ടിന്പുറത്തുകാരനാ. ആണ് പഴയ ചിട്ടയോടെ ജീവിക്കുന്നവരാ എന്റെ വീട്ടിലുള്ളവർ. ബാംഗ്ലൂരിലെ മോഡേൺ ജീവിതം കണ്ട് വളർന്ന നിനക്ക് ചിലപ്പോൾ ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയെന്നു വരില്ല എന്റെ വീട്ടിൽ. പഴയ ആളുകൾ അല്ലെ, എന്തേലും തെറ്റോ കുറ്റൊ കണ്ടാൽ മുന്നും പിന്നും നോക്കാതെ തുറന്നടിച്ചു പറയുന്ന പ്രകൃത. “
വരുൺ പറയുന്നത് കേൾക്കുമ്പോൾ ഒരു ചിരിയോടെ ആണ് കേട്ടിരിക്കാറ്. അപ്പോഴെല്ലാം ഇതുവരെ കാണാത്ത നാടും തോടും കുളവുമെല്ലാം മനസ്സിൽ വരും. ലാപ്ടോപ്പിൽ മാത്രം കണ്ടിട്ടുള്ള ആ ഭംഗി ആസ്വദിക്കാലോ എന്നായിരുന്നു ചിന്ത.
” അതിന് നമ്മള് അവിടെ സ്ഥിരം താമസിക്കാനൊന്നും പോകുന്നില്ലല്ലോ വരുൺ. ഇടയ്ക് ഏറിയാൽ ഒരാഴ്ച. അതിൽ കൂടുതൽ ഇവിടെ നിന്ന് നമുക്ക് ലീവും കിട്ടില്ല. അപ്പൊ പിന്നെ ആണ് ഒരാഴ്ച എന്നെ സഹിക്കാൻ അരുണിന്റെ അമ്മയ്ക്ക് പറ്റില്ലേ. ഒന്ന് ചിരിച്ചുകളിച്ചു നാടും വീടും ആസ്വദിക്കുമ്പോഴേക്കും ഒരാഴ്ച ദേ, എന്നും പറഞ്ഞങ്ങു പോകും. അതിനിടയ്ക്ക് എന്ത് കുറ്റവും കുറവും കണ്ട് പിടിക്കാനാ.. ഇനി അഥവാ എന്തേലും പറഞ്ഞാലും ഞാൻ അഡ്ജസ്റ്റ് ചെയ്‌തോളാന്നേ. ഒരാഴ്ചത്തെ കാര്യമല്ലേ ഉളളൂ. “
പറഞ്ഞത് അങ്ങനെ ഒക്കെ ആയിരുന്നെങ്കിലും ഇവിടെ വന്നത് മുതലുള്ള ചിട്ടയും വട്ടവും ശിഖയെ വല്ലാതെ അലോസരപ്പെടുത്തിത്തുടങ്ങിയിരുന്നു.
ബാംഗ്ലൂരിൽ വാ തോരാതെ എന്തെങ്കിലും കഴിച്ച് ശീലിച്ച ശിഖയ്ക്ക് ഇവിടെ വന്നത് മുതൽ ആ കാര്യത്തിൽ വല്ലാത്തൊരു മടുപ്പ് ആയിരുന്നു.
” മോളെ.. ഇങ്ങനെ തോന്നിയ സമയത്തൊന്നും പെണ്ണുങ്ങൾ വാരിവലിച്ചു കഴിക്കാൻ പാടില്ല. വിളക്ക് വെച്ച സമയത്ത് ഒട്ടും. ബാംഗ്ലൂരിൽ ശീലിച്ച പോലെ അല്ലല്ലോ നാട്ടിൽ. ഇവിടെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കണം. കേട്ടല്ലോ “
അമ്മ പറയുന്ന വളരെ സൗമ്യമായിട്ട് ആണെങ്കിലും എന്തോ തുടരെ തുടരെ ഉള്ള ചിട്ട പഠിപ്പിക്കൽ വല്ലാതെ ഇറിറ്റേഷൻ ആയിത്തുടങ്ങി.
സന്ധ്യയ്ക്ക് വിളക്ക് വെക്കാൻ തുടങ്ങുമ്പോൾ അമ്മയുടെ കയ്യിലെ വിളക്കിനായി കൈനീട്ടി ” ഞാൻ കൊണ്ട് വെക്കാം അമ്മേ ” എന്ന് പറയുമ്പോൾ അമ്മയുടെ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു എന്തോ പന്തികേട്.
” ഇത്രേം നേരം തൊടിയിൽ ഓടിനടന്ന് വിയർത്തിട്ട് കുളിക്കാതെ ആണോ വിളക്ക് വെക്കാൻ വരുന്നത്. അതും ഇതുപോലെ ഇറുകിയ ട്രൗസറും ഇട്ട്. ഞാൻ പറഞ്ഞിട്ടുണ്ട് മോളെ നിന്നോട് ഇവിടെ ഇങ്ങനെ ഉള്ള ഡ്രസ്സ് ഒന്നും പറ്റില്ലെന്ന്. ഇവിടെ വേറേം ആണുങ്ങൾ ഉണ്ട്. വരുണിന്റ അനിയനും അച്ഛനും. അതു കൊണ്ട് നിങ്ങടെ ഈ കോപ്രായം ഒക്കെ ബാംഗ്ലൂരിൽ ആയിക്കോ. ഇവിടെ ഇതൊന്നും കാണാൻ എനിക്ക് പറ്റില്ല. പറയുന്നതിൽ ദേഷ്യം തോന്നിയിട്ട് കാര്യമില്ല. “
അമ്മയുടെ ചുണ്ടിൽ ഇപ്പോൾ ചിരിയില്ല. വാക്കിൽ ശാന്തതയും. പരുഷമായ സംസാരം അവളെ തെല്ല് സങ്കടപെടുത്തിയെങ്കിലും ഒന്ന് ചിരിച്ചെന്ന് വരുത്തി പിന്മാറി ശിഖ.
രാത്രി കിടക്കുമ്പോൾ വരുണിന്റ നെഞ്ചിലൂടെ വിരൽ ഓടിച്ചുകൊണ്ടവൾ ഇപ്പോഴത്തെ തന്റെ അവസ്ഥ പറയുകയായിരുന്നു.
” മനുഷ്യന് ഇഷ്ട്ടപ്പെട്ട ഒരു ഡ്രസ്സ് ഇടാൻ പോലും സ്വാതന്ത്ര്യം ഇല്ലേ വരുൺ ഇവിടെ ? അത് ഇടരുത്, ഇത് ഇടരുത്, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത്, വിശന്നാൽ ഭക്ഷണം കഴിക്കരുത്. ആണുങ്ങൾ കഴിച്ചിട്ടേ പെണ്ണുങ്ങൾ കഴിക്കാവൂ… എന്തൊക്ക ചിട്ടയും ശീലവുമാ ഇതൊക്കെ. അതും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ. ഞാനും കേട്ടിട്ടുണ്ട് മുൻപ് ഇങ്ങനെ ഒക്കെ ഇവിടെ വീടു കളിൽ ഉണ്ടായിരുന്നു എന്ന്. പക്ഷേ, അതൊക്കെ ഇപ്പോഴും… ഞാൻ ഇതുപോലെ ഉള്ള ഡ്രെസ് ഇട്ടാൽ ഇവിടെ വേറേം ആണുങ്ങൾ ഉണ്ടെന്ന്. അത്രേം കൺ ട്രോൾ ഇല്ലാത്ത ആണുങ്ങൾ ആണോ ഇവിടെ ഉള്ളത്. ഒരു പെണ്ണിന്റ കാല് കണ്ടാൽ…. വേണ്ട ഞാൻ ഒന്നും പറയുന്നില്ല. സ്വന്തം മകനെയും ഭർത്താവിനെയും വിശ്വാസമില്ലേ ഈ അമ്മയ്ക്ക്. “
അവളുടെ അമർഷം മനസ്സിലായപ്പോൾ അവൻ പുഞ്ചിരിച്ചു. ” ഇതല്ല, ഇതിൽ കൂടുതൽ ഇവിടെ സംഭവിക്കാം എന്ന് അറിയാവുന്നത് കൊണ്ടാണോ പലപ്പോഴും തനിക്ക് ക്ലാസ്സ് എടുത്ത് തന്നത്. ഇവിടെ എങ്ങനെ ആണെന്നും, എങ്ങനെ ഒക്കെ പെരുമാറണമെന്നും ഞാൻ പറഞ്ഞതല്ലേ ശിഖ. ഇവരൊക്കെ പഴയ ആളുകൾ അല്ലെ. അവരെ ഇനി നമുക്ക് പുതിയ ലോകത്തേക്ക് മാറ്റിയെടുക്കാൻ ഒന്നും പറ്റില്ല. അത് മനസ്സിലാക്കി നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. ഒരാഴ്ച അല്ലെടോ… നീ ആ സമയം കൊണ്ട് അമ്മയെ എങ്ങനെയും വളച്ചു കുപ്പിയിലാക്കാൻ നോക്ക്. അതല്ലേ ഹീറോയിസം. “
അവൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അതിൽ കാര്യമുണ്ടെന്ന് തോന്നി ശിഖയ്ക്ക്.
അത് ചിന്തിച്ചുകൊണ്ട് തന്നെ ആണ് രാവിലെ എഴുന്നേറ്റത്. എഴുന്നേറ്റ പാടെ കുളിച്ചു ഒരു ചുരിദാറും എടുത്തിട്ട് അടുക്കളയിൽ കേറുമ്പോൾ അമ്മ അതിലും നേരത്തെ അടുക്കളയിൽ സ്ഥാനം പിടിച്ചിരുന്നു.
” ഇതെന്താ മോളെ ഇന്നിത്ര നേരത്തെ? “
ആണ് ചോദ്യത്തിൽ ഒരു കളിയാക്കലുണ്ടെന്ന് തോന്നി. പക്ഷേ, ഒന്ന് ചിരിച്ചതേ ഉളളൂ. ന്തായാലും വന്നതല്ലേ, മോള് ഇച്ചിരി നാളികേരം ചിരവി ഒന്ന് അരച്ചെടുത്തെ ചമ്മന്തിക്ക്.
കെട്ട പാതി ഒരു മുറി നാളികേരവും എടുത്ത് ചിരവി മിക്സിയിലേക്ക് ഇടാൻ തുടങ്ങുമ്പോൾ അമ്മ തടഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു ” അതിലല്ല മോളെ, പുറത്ത് അമ്മിക്കല്ലുണ്ട്, അതിൽ. അതിലരച്ചാലേ സ്വാദ് ഉണ്ടാകൂ.. ഇതിൽ അരച്ചാൽ അച്ഛൻ കൈ കൊണ്ട് തൊടില്ല “
” ഇതിപ്പോ അറക്കല്ലിലാലോ മിക്സിയിലാണോ അരച്ചതെന്ന് അച്ഛൻ എങ്ങനെ അറിയാൻ പോണൂ ” എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും രാവിലെ തന്നെ അബദ്ധം ആയാലോ എന്ന് കരുതി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു ശിഖ.
അര മണിക്കൂർ കഴിഞ്ഞും അരയ്ക്കാൻ പോയവളെ കാണാതെ തിരഞ്ഞു അരക്കലിനരികിൽ എത്തിയ അമ്മയ്ക്ക് ശിഖ ഒരു ചിരി സമ്മാനികുമ്പോൾ അമ്മയുടെ കണ്ണുകൾ അരക്കല്ലിൽ ആയിരുന്നു. കല്ല് മുഴുവൻ തേങ്ങ, ബാക്കി പുറത്തും വീണ് ആകെ പെനഞ്ഞു കിടക്കുന്ന ആണ് അവസ്ഥ കണ്ട് താടിക്ക് കൈ കൊടുത്ത അമ്മ ” വയ്യാതെ പണിക്ക് നിൽക്കണോ. ഇനി ചമ്മന്തിക്കുള്ള തേങ്ങ ആദ്യം ചിരവണ്ടേ ” എന്ന് ചോദിക്കുമ്പോൾ പറ്റിയ അമളി ഓർത്ത് മിണ്ടാതിരിക്കാനേ ശിഖയ്ക്ക് കഴിഞ്ഞുള്ളൂ. എന്നാലും അതിൽ ഉള്ളതെലാം വാരിയെടുത്തു അമ്മയ്ക്ക് നൽകുമ്പോൾ ” സോറി ” എന്ന് പറയാനേ കഴിഞ്ഞുള്ളു.
എന്നാൽ പിന്നെ മുറ്റമടിക്കാം എന്ന് കരുതി ചൂലുമെടുത്തു ഇറങ്ങി പണി തുടങ്ങുമ്പോൾ അവൾ ശ്രദ്ധിച്ചില്ലായിരുന്നു രാവിലെ എന്നും അമ്പലത്തിൽ പോകുന്ന അച്ഛൻ കുളിച്ചിറങ്ങുന്നതും മുന്നിൽ ചൂലും പിടിച്ചുനിൽക്കുന്ന അവളെ കണ്ട് വന്ന പോലെ അകത്തേക്ക് പോയതും.
” ഇന്നെന്താ നിങ്ങൾ അമ്പലത്തിൽ പോകുന്നില്ലേ ” എന്ന് ചോദിച്ച അമ്മയോട് ” ഓഹ്, രാവിലെ ഇറങ്ങുമ്പോൾ മുന്നിൽ കുറ്റിച്ചൂലാ. അതും കണ്ട് ഇറങ്ങിയാൽ ശരിയാവൂല ” എന്ന് അച്ഛൻ പറയുന്നത് കേട്ടായിരുന്നു അവൾ മുറ്റമടി കഴിഞ്ഞ് അകത്തേക്ക് കയറിയത്.
” എന്റെ കുട്ട്യേ, നിനക്ക് അറിയില്ലേ ഒരാൾ എങ്ങോട്ടേലും ഇറങ്ങുമ്പോൾ മുന്നിൽ കുറ്റിച്ചൂലും പിടിച്ച് നിൽക്കരുതെന്ന്. വീട്ടിൽ പറഞ്ഞുതരാൻ നല്ല കാർന്നോമ്മാർ ഇല്ലാത്തതിന്റെ പ്രശ്ന. അറിയില്ലെങ്കിൽ അത് ചോദിക്കണം. അല്ലാതെ “
” ഇതിപ്പോ വല്ലാത്ത പൊല്ലാപ്പ് ആയല്ലോ ഈശ്വരാ ” എന്നും മനസ്സിൽ പറഞ്ഞ് അച്ഛനെ വല്ലായ്മയോടെ നോക്കുമ്പോൾ ” അത് സാരമില്ല മോളെ, അറിയാതോണ്ടല്ലേ, ചൂല് ശകുനം അത്ര നന്നല്ല, അതാ അമ്മ പറഞ്ഞത് ” എന്ന് സൗമ്യമായി പറഞ്ഞുതന്നപ്പോൾ അച്ഛന് ദേഷ്യം ഇല്ലെന്നുള്ളത് വല്ലാത്ത ആശ്വാസം ആയിത്തോന്നി.
രാവിലത്തെ ബ്രെക്ക്ഫാസ്റ്റ് കഴിഞ്ഞ് എല്ലാം ഒന്ന് അടിച്ചുതുടയ്ക്കാനായി ചൂലും വെള്ളവും എടുത്തിറങ്ങുമ്പോൾ അമ്മ മുൻകൂട്ടി തന്നെ പറയുന്നുണ്ടായിരുന്നു ” ഇച്ചിരി വൃത്തി ഒക്കെ വേണംട്ടോ ” എന്ന്.
അതൊരു മുന്നറിയിപ്പ് ആണെന്നും അറിയാം.
ഇച്ചിരി കഴിഞ്ഞപ്പോഴേ ആ മുന്നറിയിപ്പിന്റ ബാക്കിയെന്നോണം അമ്മ നാലുപാടും നോക്കി പറയുന്നുണ്ടായിരുന്നു ” ദേ, കണ്ടില്ലേ, മുക്കിലും മൂലയിലും ഒന്നും പൊടി പോയിട്ടില്ല.. അതിനീ മോപ്പും വെച്ച് തുടച്ചാൽ എങ്ങനാ.. നല്ലോണം മുട്ടുകുത്തി ഇരുന്ന് തുടയ്ക്കണം. “
” എങ്ങനെ തുടയ്ച്ചാലും ഇത്രയൊക്കെ പോകൂ ” എന്ന് പറയണമെന്ന് ഉണ്ടായിരുന്നു. അതിനി അഹങ്കാരം ആയി കണ്ടാലോ എന്ന് കരുതി മിണ്ടാതെ ഒരു തുണിയും എടുത്തിരുന്നു തുടയ്ക്കാൻ തുടങ്ങി ശിഖ. ആ വലിയ വീടൊന്ന് അടിച്ച് തുടച്ചു വന്നപ്പോഴേക്കും വിയർത്തു കുളിച്ചിരുന്നു.
അങ്ങനെ രണ്ട് ദിവസം കഴിയുമ്പോൾ തിരികെ പോകാനുള്ള ദിവസവും ആയി.
അമ്മയെ വീഴ്ത്താൻ നോക്കിയിട്ട് താൻ വീഴുമെന്ന് ശിഖയ്ക്ക് മനസ്സിലായി. ഈ വീട്ടിൽ ഒരു മാസം കഴിച്ചുകൂട്ടേണ്ടി വന്നാലുള്ള അവസ്ഥ കൂടി ഓർത്തുമ്പോൾ അവളുടെ നെഞ്ചോന്നു പിടച്ചു.
അന്ന് രാത്രി കിടക്കുമ്പോൾ വരുൺ പറയുന്നുണ്ടായിരുന്നു ” എത്ര പെട്ടന്നാ ഒരാഴ്ച കഴിഞ്ഞേ. എനിക്കാണേൽ പോകാനും തോന്നുന്നില്ല. നമുക്ക് ലീവ് കുറച്ചു ദിവസം കൂടി നീട്ടിയാലോ “
അവന്റ ചോദ്യം കേട്ട് അവൾ അമ്പരപ്പോടെ ചാടി എഴുനേറ്റ് അവനെ തുറിച്ചു നോക്കി.
” എന്റെ പൊന്ന് വരുണെ. ഒരാഴ്ച തന്നെ എനിക്ക് ഒരു മാസം പോലെ ആയിരുന്നു. കഴിഞ്ഞു കിട്ടാൻ ഞാൻ പെട്ട പാട്. അമ്മയെ വീഴ്ത്തി ഹീറോയിസം കാണിക്കാൻ പോയ ഞാൻ ഈ വീട് ഇരുന്ന് തുടച്ചു മടുത്തു. വരുൺ പറഞ്ഞപോലെ ഇവിടെ ഉള്ളവരുടെ ചിന്തയും രീതിയും മാറ്റാൻ ഇച്ചിരി പാടാ… അതുപോലെ തന്നെ ആണ് ഞാൻ വളർന്നു വന്ന സാഹചര്യവും രീതിയും. എനിക്കും അത് വിട്ട് പെട്ടന്ന് ഒന്നും ഈ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ല. അതുകൊണ്ട് ഇനി ലീവ് എക്സ്ചേഞ്ച് ചെയ്യാതെ വേഗം വണ്ടി പിടിക്കാൻ നോക്കാം.. ഇപ്പോൾ അമ്മ ഇടഞ്ഞിട്ടില്ല.. ഞാൻ ഇനിയും ഇവിടെ നിന്നാൽ ഉള്ള സ്നേഹം കൂടി ഇല്ലാതാകും. ഇനി അമ്മയ്ക്ക് അത്ര നിർബന്ധം ആണേൽ അങ്ങോട്ട് വരട്ടെ.. അപ്പൊ ഇച്ചിരി മോഡേൺ ഞാനും പഠിപ്പിക്കാം അമ്മയെ.. അല്ലാതെ വയ്യെന്റെ പൊന്നോ.. നാട്ടിൻപുറം ബെസ്റ്റാ… പക്ഷേ നാടൻശീലുകൾ….. ഹോ “
അവൾ ഒന്ന് ദീർഘനിശ്വാസം വിടുമ്പോൾ അവൻ ചിരിക്കുകയായിരുന്നു.
പരസ്പ്പരം മാറ്റാൻ കഴിയാത്ത രണ്ട് തരം രീതികളും അതുണ്ടാക്കുന്ന അവസ്ഥയും ഓർത്ത്.