ഒത്തുചേരൽ
Story written by Jewel Adhi
” നീ എന്നെ ഇങ്ങനെ നോക്കല്ലെ..എനിക്ക് നാണമാവുന്നു..” കുണുങ്ങി കുണുങ്ങി ചിരിച്ച് വീണ്ടും അവൾ അവനോട് പരിഭവങ്ങളുടെ കെട്ടഴിച്ചു. ” ഇനിയും എന്നോട് പിണക്കമാണോ?നമ്മുടെ വാവ വരാൻ ഇനി കുറച്ച് ദിവസം കൂടെ ഉള്ളൂട്ടോ..എന്റെ വാവയ്ക്ക് നിന്റെ കണ്ണുകൾ ആയിരിക്കും.പക്ഷേ ,ചിരിക്കുമ്പോൾ എന്നെ പോലെ മതി.ഇല്ലെങ്കിൽ ബോർ ആവും..” ഒരു നിശ്വാസം മാറ്റൊലി കൊണ്ടു.
പിന്നെയും അവളെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.അടച്ചിട്ട മുറിയുടെ പുറത്ത് ജീർണിച്ച ശരീരം കണക്കെ ഒരു അമ്മ ഉണ്ടായിരുന്നു.ഒട്ടിയ കവിൾത്തടത്തിൽ കൂടെ ഒരു നീരുറവ ഒഴുകിക്കൊണ്ടിരുന്നു.ഒരു ആർത്തനാദം അവരുടെ കണ്ഠത്തിൽ നിന്നും ഉയർന്നു
” എന്റെ ഈശ്വരാ…ഇനിയും എന്നെയും എന്റെ കുട്ടിയെയും ഇങ്ങനെ പരീക്ഷിക്കാൻ എന്ത് പാപാ ഞങ്ങൾ ചെയ്തേ..?”
ഭവാനി അമ്മ ഓർമകളുടെ ചുഴിയിലേക്ക് മനസ്സിനെ അവസാനമായി തള്ളിയിട്ടു.ഒരേ ഒരു മകളെ മുറച്ചെറുക്കനെ കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണമെന്ന ഭർത്താവിന്റെ അവസാന ആഗ്രഹത്തിന് നിറം പകർന്നപോഴും പാർവതിയുടെ ജീവിതത്തെ കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നു.എന്നാൽ ഹരി അവളെ പൊന്ന് പോലെ നോക്കുന്നതിൽ മനസ്സ് എന്നും നിറഞ്ഞു.അമ്മായിയമ്മ എന്ന സ്ഥാനം ആയിരുന്നില്ല അവൻ ഭവാനി അമ്മയ്ക് നൽകിയത്.ഒരു അമ്മയെ കൂടെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവനും.വർഷം ഒന്ന് കഴിഞ്ഞപ്പോൾ സന്തോഷത്തിന്റെ മാറ്റ് കൂട്ടാൻ ഒരു അതിഥി കൂടെ വരുന്നുണ്ട് എന്നറിഞ്ഞ ആ നിമിഷം …ആനന്ദം നിർവചിക്കാൻ സാധിക്കില്ല..
ആരുടെയോ കണ്ണ് തട്ടിയ പോലെ ആയിരുന്നു അന്ന് സംഭവിച്ചത് എല്ലാം.അഞ്ച് മാസം ആയപ്പോൾ അവളെയും കൊണ്ട് സിനിമ കാണാൻ പോയത് .. തിരികെ അവൻ വന്നില്ല ബൈക്ക് അപകടം ആയിരുന്നു.അവൻ അവളുടെ ഉദരത്തിൽ ഉള്ള കുഞ്ഞിനെയും കൂട്ട് വിളിച്ച് അകലേക്ക് മാഞ്ഞു.അവന്റെ ഓർമകൾ പേറി ഭ്രാന്തി ആയി പാറുവും…
പാർവതിയുടെ നിലവിളി ആണ് ഭവാനി അമ്മയെ ഓർമയിൽ നിന്നും തിരികെ എത്തിച്ചത്..
” വാതിൽ തുറക്ക്..എന്റെ ഹരിയെട്ടൻ എന്നെ വിളിക്കുന്നു.മസാല ദോശ കൊണ്ട് വന്നിട്ടുണ്ട്.എന്റെ കുഞ്ഞുവാവയ്ക്ക് ബോമ്മകൾ വാങ്ങിയിട്ടുണ്ട്.തുറക്കമ്മെ..ഞാൻ പോട്ടെ..”
“അമ്മേ..എനിക്ക് ഹരിയെട്ടൻ വാങ്ങിത്തന്ന പാദസരം എവിടെ?? കാണാനില്ല..എന്ത് കഷ്ടമാ ഇത് …വച്ചാൽ വച്ചവിടെ ഒന്നും കാണില്ല ഈ വീട്ടിൽ…തുറക്ക്…. വാതിൽ തുറന്ന് താ..എനിക്ക് പോണമെന്ന് പറഞ്ഞില്ലേ…തുറക്ക്….””
തുടരെയുള്ള വാതിലിന്റെ മുട്ട് പതിയെ നിലച്ചു.പിന്നെ അവിടെ ഉയർന്നത് നിലവിളി ആയിരുന്നു…
” ഹരിയെട്ട…എന്തിനാ എന്നെ മാത്രം ഇട്ടേച്ച് പോയത്…പോകുമ്പോൾ കുഞ്ഞു വാവയെ കൂടെ എന്നിൽ നിന്നു അകറ്റിയില്ലെ….എന്നോട് എന്തിനാ ഇത്ര ദേഷ്യം…”
ഉയരുന്ന നിലവിളികൾക്ക് കൂട്ടായി നിലയ്ക്കാത്ത ചങ്ങലയുടെ കിലുക്കവും ഉണ്ടായിരുന്നു.അകത്ത് പാർവതി അലമുറയിട്ട് കരയുമ്പോൾ ഭവാനിയമ്മ അവൾക്കായി ആഹാരം തയ്യാറാക്കുകയായിരുന്നു.അവൾക് ഇഷ്ടമുള്ള സാമ്പാറിൽ ജീവൻ അപഹ രിക്കാനുള്ള മരുന്ന് ചേർക്കുമ്പോഴും ആ അമ്മയുടെ കൈകൾ വിറകൊണ്ടില്ല.
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന മകളുടെ അടുത്തേക്ക് വാതിൽ തുറന്നു നടന്നപ്പോൾ, പാറു ഓടി വന്ന് അമ്മയെ മാറ്റി പുറത്തേക്ക് നോക്കി..
” ഹരിയെട്ടൻ എവിടെ?? ഇന്നും വന്നില്ലേ…എന്നേം എന്റെ പൊന്നുനേം കാണാൻ? ഒരു ഐസ്ക്രീം കൊടുക്കാത്തതിന് ഇത്ര പിണക്കമോ..? ഇങ്ങ് വരട്ടെ..ഞാൻ മിണ്ടില്ല…”
” മോളെ…” സ്നേഹത്തോടെ അമ്മ അവളുടെ നെറുകയിൽ തലോടിയപ്പോൾ പാറു പൊട്ടിക്കരഞ്ഞു.
” വരില്ല അല്ലേ അമ്മെ …അവർ എന്നെ ഇട്ടിട്ട് പോയി ഇല്ലെ…എനിക്ക് പോണം അമ്മെ..എന്നേം കൊണ്ടോകാൻ പറ..”
” ഇപ്പൊ മോൾ കഴിക്ക്..കുറച്ച്…”
“മ്മഹ്….”
അനുസരണയോടെ ഇരുന്ന പാറുവിന്റെ വായിലേക്ക് ഓരോ ഉരുള വച്ച് കൊടുക്കുമ്പോഴും അമ്മയുടെ നെഞ്ച് നീറി.അവൾക് ഒപ്പം അവരും ഓരോ ഉരുള കഴിച്ചു.ആഹാരം കഴിച്ച ശേഷം, യാത്രയ്ക്കായുള്ള ഒരുക്കത്തിൽ അമ്മയെയും കെട്ടിപിടിച്ച് പാർവതി കിടന്നു…
അവസാനിച്ചു..