എന്റെ ആകാംഷ വർദ്ധിച്ചു…… ആരാണ് ഈ ചുവന്ന വട്ടപ്പൊട്ട് ഒട്ടിച്ചു വയ്ക്കുന്നത്…?? എന്താണ് അതുകൊണ്ട്…….

അജ്ഞാതയായ ചുവന്ന വട്ടപ്പൊട്ടുകാരി

എഴുത്ത്:-സാജുപി കോട്ടയം

ഒരു ദിവസം രാവിലെ പതിവുപോലെ ഓട്ടോ കഴുകിക്കൊണ്ടിരുന്നപ്പോഴാണ് ഡ്രൈവിംഗ് സീറ്റിന്റെ പിൻവശത്തായി ഒരു ചുവന്ന വട്ടപ്പൊട്ട് ആരോ ഒട്ടിച്ചു വച്ചിരിക്കുന്നു . അന്ന് അതിനത്ര പ്രാധാന്യമൊന്നും കൊടുക്കാതെ എടുത്തു കളഞ്ഞു. എന്നാൽ തൊട്ടടുത്ത രണ്ടു ദിവസത്തിനുള്ളിൽ തന്നെ വീണ്ടും അതേ സ്ഥാനത്ത് ആ ചുവന്ന വട്ടപ്പൊട്ട് സ്ഥാനം പിടിച്ചിരിക്കുന്നു. ഇതാരോ മനപ്പൂർവം ഒട്ടിച്ചു വയ്ക്കുന്ന താണെന്ന് എന്റെ മനസ്സിൽ പറഞ്ഞു. അതുകൊണ്ട് തന്നെ ആ പൊട്ട് ഞാൻ പറിച്ചു കളഞ്ഞില്ല.

എന്നാൽ ഒരുപാട് പരിചിതരും അപരിചിതരുമായ സ്ത്രീകൾ വണ്ടിയിൽ കയറി യിറങ്ങാറുള്ളതു കൊണ്ട് പലരെയും മനസ്സിൽ ചിന്തിച്ചു പക്ഷെ കൃത്യമായ ഒരു ഉത്തരം കിട്ടിയില്ല. പിന്നിടുള്ള ദിവസങ്ങളിൽ വണ്ടിയിൽ കയറുന്ന ഓരോ സ്ത്രീകളെയും ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങി.

അതിൽ വട്ടപ്പൊട്ട് തൊട്ടവരും നീളപ്പൊട്ട് തൊട്ടവരും സിന്ദൂരവും ചന്ദനവും തൊട്ടവരുമൊക്കെ ആ ദിവസങ്ങളിൽ കണ്ണിനുമുന്നിൽക്കുടി കടന്നു പോയെങ്കിലും അതിനിടയിൽ ഞാനറിയാതെ മൂന്നാമത്തെ പൊട്ടും എന്റെ സീറ്റിന് പിന്നിൽ സ്ഥാനം പിടിച്ചു.

എന്റെ ആകാംഷ വർദ്ധിച്ചു…… ആരാണ് ഈ ചുവന്ന വട്ടപ്പൊട്ട് ഒട്ടിച്ചു വയ്ക്കുന്നത്…?? എന്താണ് അതുകൊണ്ട് ആ സ്ത്രീ ഉദ്ദേശിക്കുന്നത്?? എന്തെങ്കിലും ആശയ വിനിമയത്തിന്റെ ഭാഗമാണോ ഈ വട്ടപ്പൊട്ട്…?

എന്തായാലും ഞാൻ ഇത് ശ്രെദ്ധിക്കുന്നുണ്ടെന്ന് അയാളെ അറിയിക്കണമെന്ന് കരുതി ആ രണ്ടു പൊട്ടുകളും ഞാൻ ഇളക്കിയെടുത്തു എപ്പോഴും കാണാവുന്ന തരത്തിൽ മുൻവശത്തെ ചില്ലിൽ ഒട്ടിച്ചു വച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ഓരോ സ്ത്രിയും വണ്ടിയിൽ കയറിയിറങ്ങുമ്പോഴും ഞാൻ പിന്നിൽ ചെന്ന് സീറ്റിലേക്ക് നോക്കും പൊട്ട് അവിടെയുണ്ടോന്ന് പക്ഷെ നിരാശ യായിരുന്നു ഫലം.

എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ രാവിലെ വണ്ടി കഴുകുന്ന സമയത്തു വണ്ടിയുടെ ബാക്ക് ലൈറ്റിന്റെ മുകളിൽ ഒരു ചുവന്ന വട്ടപ്പൊട്ട്.

അത് കണ്ടപ്പോൾ

“ഞാൻ നിന്റെ അരികിൽ തന്നെയുണ്ടെന്ന് ” ആരോ പറയുന്നത് പോലെ ഒരു തോന്നൽ.

അവൾ ആരായാലും ഞാൻ പിന്നിടുള്ള ഓരോ ദിവസവും ഞാനറിയാതെ അവൾ പതിപ്പിച്ചു വയ്ക്കുന്ന ഓരോ ചുവന്ന വട്ടപ്പൊട്ടുകളും തിരഞ്ഞു കണ്ടുപിടിച്ചു വണ്ടിയുടെ മുന്നിലെ ചില്ലിൽ തന്നെ ഒട്ടിച്ചു വയ്ക്കും.

അത് അജ്ഞാതയായ ചുവന്ന വട്ടപ്പൊട്ടുകാരിയുടെ സാമിപ്യം ഞാൻ ഇനിയും ഇഷ്ട്ടപെടുന്നുവെന്നതിന് തെളിവായ് പറയാതെ പറയുകയാണ് ഞാനും. അവളോട്‌