Story written by Saji Thaiparambu
മറിയേച്ചീ… ഇത് പിടിക്കു… എൻ്റെ കൈയ്യിൽ ഇപ്പോൾ ഇത്രേയുള്ളു…
ടൗണിലെ കടമുറി വിറ്റ വകയിൽ ,അച്ചായന് അയച്ച് കൊടുത്തിട്ട് മിച്ചമുണ്ടായിരുന്ന പന്ത്രണ്ടായിരം രൂപ ,എൻ്റെ കൈയ്യിൽ നിന്ന് വാങ്ങുമ്പോൾ മറിയേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു
വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു മറിയേച്ചി,
വർഷങ്ങൾക്ക് മുമ്പ് എനിക്കൊരു സഹായത്തിനായിട്ട് ഞങ്ങളുടെ വീട്ടിൽ എൻ്റെ പപ്പ കൊണ്ട് വന്ന് നിർത്തിയതായിരുന്നു , മറിയം ജോർജ്ജ് എന്ന മറിയേച്ചിയെ
ഹസ്, ഗൾഫിലായിരുന്നത് കൊണ്ട് ,എനിക്കും മക്കൾക്കും ഒരു കൂട്ടും കൂടിയാകട്ടെ, എന്ന് കരുതിയാണ് ,മകളോടും മരുമകനോടുമൊപ്പം കഴിഞ്ഞിരുന്ന , ഭർത്താവ് മരിച്ച മറിയേച്ചിയെ, നാട്ടിൽ നിന്ന് പപ്പ കൂട്ടികൊണ്ട് വന്നത്.
അന്ന് മുതൽ എല്ലാമാസവും മുടങ്ങാതെ ശബ്ബളം കൊടുത്തിരുന്നെങ്കിലും ഒരു രൂപ പോലും കൈയ്യിൽ വയ്ക്കാതെ ,ഇടയ്ക്ക് നാട്ടിൽ പോകുന്ന മറിയേച്ചി, മുഴുവൻ പൈസയും മകൾക്ക് കൊണ്ട് കൊടുക്കുമായിരുന്നു.
അന്ന് മറിയേച്ചിക്ക്പ്രാ യം അറുപത് കഴിഞ്ഞിരുന്നെങ്കിലും നല്ല ആരോഗ്യ വതിയായിരുന്നു, അത് കൊണ്ട് തന്നെ ,എനിക്ക് കുട്ടികളെ സ്കൂളിലയച്ച് കഴിഞ്ഞാൽ, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുമായിരുന്നു,
അങ്ങനെയാണ്, എന്തെങ്കിലുമൊരു സംരംഭം തുടങ്ങിയാലോന്ന്, ഞാൻ ആലോചിക്കുന്നതും, ഭർത്താവിനെ വിളിച്ച് അനുവാദം ചോദിക്കുന്നതും
എന്താ സൂസൻ? നിനക്ക് ഞാനയച്ച് തരുന്ന ഫണ്ട് പോരെന്നുണ്ടോ ? വേണമെങ്കിൽ അടുത്ത പ്രാവശ്യം കുറച്ച് കൂടുതൽ എമൗണ്ട് അക്കൗണ്ടിലേക്കിട്ടേക്കാം
അതായിരുന്നു പുള്ളിക്കാരൻ്റെ ആദ്യ പ്രതികരണം
അതല്ലച്ചായാ .. ഫിനാൻസ് പ്രോബ്ള മല്ല ,ഞാനിവിടെയിരുന്ന് ബോറടിക്കുന്നത് കൊണ്ട് ചോദിച്ചതാണ് ,അച്ചായൻ ഒരു ഫൈവ് ലാക്സ് ഇൻവെസ്റ്റ് ചെയ്താൽ മതി ബാക്കി എൻ്റെ ബാങ്ക് ബാലൻസുണ്ടല്ലോ ? ഒന്ന് സമ്മതിക്കച്ചായാ…
ഉം ശരി ,നിൻ്റെ ഇഷ്ടം പോലെയാവട്ടെ
അന്ന് മനസ്സില്ലാ മനസ്സോടെയുള്ള അദ്ദേഹത്തിൻ്റെ സമ്മതവും വാങ്ങിച്ച് ഞാനൊരു സ്റ്റാർട്ടപ്പ് തുടങ്ങി, ആദ്യമൊക്കെ ചെറിയ മടുപ്പ് കാണിച്ചെങ്കിലും പിന്നീട് വളരെ പെട്ടെന്നാണ് എൻ്റെ ബിസിനസ്സ് വളർന്നത്
എനിക്കൊറ്റയ്ക്ക് ഹാൻഡില് ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ഒന്ന് രണ്ട് പേരെ കൂടി സഹായത്തിന് നിർത്തി
അതോടെ എനിക്ക് ഒന്നിനും സമയമില്ലാതായി
എൻ്റെ തിരക്ക് പിടിച്ചുള്ള ഓട്ടപ്പാച്ചില് കണ്ട്, വീട്ടുജോലികളുടെയൊപ്പം കുട്ടികളുടെ കാര്യങ്ങളും കൂടി മറിയേച്ചി സ്വയമേറ്റെടുത്തു
പെട്ടെന്നൊരു ദിവസം, ഗൾഫിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ ,വലിയ ബിസിനസ്സുകാരുടെ കൂറ്റൻ സ്ഥാപനങ്ങൾ ഒന്നൊന്നായി കൂപ്പ് കുത്തിയപ്പോൾ ,ലക്ഷം സാലറിയുണ്ടായിരുന്ന ജോബിച്ചായൻ്റെ മാനേജര് പണിയും നഷ്ടമായി
നാട്ടിലേക്ക് തിരിച്ച് വരാൻ ഞാൻ ഒത്തിരി നിർബന്ധിച്ചെങ്കിലും അദ്ദേഹമത് കൂട്ടാക്കിയില്ല
അങ്ങോട്ട് വന്നിട്ടെന്തെടുക്കാനാണ് സൂസൻ ? ഇവിടെ തന്നെ ഞാനൊരു ലേബർകമ്പനി, സ്റ്റാർട്ട് ചെയ്താലോന്ന് ആലോചിക്കുന്നുണ്ട്, പക്ഷേ കുറച്ചധികം പൈസ വേണം, നിൻ്റെ കൈയ്യിലുണ്ടാവുമോ ?
എൻ്റെ കൈയിൽ ഒരു അഞ്ചോ പത്തോ കാണും അത് മതിയോ?
ഹേയ് ,അത് പോരാ , ഞാൻ തന്നോട് ചോദിക്കുന്നത് ശരിയല്ലെന്നറിയാം ,പക്ഷേ നമുക്ക് പഴയ സ്റ്റാറ്റസ്സിലേക്ക് തിരിച്ച് വരണമെങ്കിൽ നീ കുറച്ച് വിട്ട് വീഴ്ച ചെയ്യേണ്ടി വരും സൂസൻ …
അച്ചായൻ എന്താ പറഞ്ഞ് വരുന്നത് ?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
ഒരു അൻപതെങ്കിലുമുണ്ടെങ്കിലേ കമ്പനി ലൈസൻസിന് അപ്ളേ ചെയ്യാനൊക്കു ,നീ വിചാരിച്ചാലത് നടക്കും
ഞാനെന്ത് ചെയ്യണമെന്ന് അച്ചായൻ പറയ്
അത് പിന്നെ ,സൂസൻ.. നിൻ്റെ ഷോപ്പ് കൊടുക്കുകയാണെങ്കിൽ അതിന് മുകളിൽ കിട്ടില്ലേ? നിനക്കതിൽ നിന്ന് കിട്ടുന്ന ഇങ്കത്തിൻ്റെ പതിൻമടങ്ങ് വരുമാനം നമുക്ക് ഗൾഫിൽ നിന്നും സമ്പാദിക്കാം ഒന്ന് രണ്ട് വർഷത്തിനുള്ളിൽ നിങ്ങൾക്ക് കൂടി ദുബായിൽ സെറ്റിൽഡാവാൻ കഴിയുന്ന രീതിയിൽ ബിസിനസ്സ് വളരുമെന്ന കാര്യത്തിൽ സംശയമില്ല ,അത് കൊണ്ട് നീ എത്രയും പെട്ടെന്ന് , വേണ്ടത് ചെയ്യാൻ നോക്ക്
അദ്ദേഹം പറഞ്ഞതിൽ കഴമ്പുണ്ടെങ്കിലും ലാഭത്തിൽ പോകുന്ന എൻ്റെ ചെറിയ സ്ഥാപനം ,ഞാൻ വിറ്റത് അങ്ങേയറ്റം വേദനയോടെയായിരുന്നു
അദ്ദേഹത്തിന് കമ്പനി തുടങ്ങാനും അതിൽ നിന്ന് വരുമാനമുണ്ടാകാനും കുറച്ച് സമയമെടുക്കുമെന്ന് എനിക്കറിയാമായിരുന്നു
അത് കൊണ്ട് തന്നെയാണ് എൻ്റെ അക്കൗണ്ടിലേക്ക് രണ്ട് മാസമായി ഫണ്ടൊന്നും വരാതിരുന്നതെന്ന് ഞാൻ ഊഹിച്ചു.
വരുമാനം പെട്ടെന്ന് നിലക്കുകയും വീട്ടിലെ കാര്യങ്ങളൊക്കെ ബുദ്ധിമുട്ടിലാകുകയും ചെയ്തപ്പോഴാണ്, മറിയേച്ചിയുടെയും രണ്ട്മാസത്തെ സാലറി കൊടുത്തില്ലല്ലോ എന്നോർത്തത്
ഇപ്പോഴത്തെ സിറ്റുവേഷനിൽ മാസം പന്ത്രണ്ടായിരം രൂപ കൊടുത്ത് ഒരു സർവ്വൻ്റിനെ നിർത്തുന്നത്, ഉചിതമല്ലെന്നാണ് എനിക്ക് തോന്നുന്നത് ,നിനക്കിപ്പോൾ ഒരു പാട് സമയമുണ്ടല്ലോ ?കഴിയുമെങ്കിൽ ,ഒരുമാസത്തെ സാലറി ഒപ്പിച്ച് കൊടുത്തിട്ട്, മറിയേച്ചിയെ പറഞ്ഞ് വിട്ടേക്ക് ,വേറെ എവിടെയെങ്കിലും പോയി അവർ ജോലി അന്വേഷിക്കട്ടെ, നമ്മളെന്തിനാ വെറുതെ അവരെ കൂടി ബുദ്ധിമുട്ടിക്കുന്നത്?
രണ്ട് ദിവസം മുമ്പ് വിളിച്ചപ്പോൾ അച്ചായൻ എന്നോട് ഉപദേശിച്ചതനുസരിച്ചാണ് വേദനയോടെയാണെങ്കിലും ഞാൻ മറിയേച്ചിയോട് കാര്യങ്ങൾ സൂചിപ്പിച്ചത്.
ഒന്നും മിണ്ടാതെ അവർ
ഞാൻ പറഞ്ഞതെല്ലാം അനുസരണയോടെ കേട്ടിരുന്നതേയുള്ളു,
**************
മക്കള് വരുന്നത് വരെ ഞാൻ നില്ക്കുന്നില്ല ,അവരെ കണ്ടാൽ എനിക്ക് പോകാൻ കഴിയില്ല ഞാനിറങ്ങട്ടെ മോളേ …
എന്നോട് യാത്ര പറഞ്ഞിറങ്ങിയ മറിയേച്ചിയെ കൊണ്ട് പോകാനായി ,അവരുടെ മരുമകൻ, ഗേറ്റിൽ ഓട്ടോറിക്ഷയുമായി കാത്ത് കിടപ്പുണ്ടായിരുന്നു.
അവർ പോയി കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസമുതിർത്ത് കൊണ്ട് ഞാൻ അകത്തേക്ക് കയറിപ്പോയി, മനോവിഷമം കൊണ്ട് ഞാൻ കട്ടിലിൽ കയറിക്കിടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ തുരുതുരാ കോളിങ്ങ് ബെല്ല് കേട്ട് കൊണ്ടാണ് ഒന്ന് മയങ്ങിപ്പോയ ഞാനെഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നത്
മറിയേച്ചി എവിടെ മമ്മീ …? സ്കൂൾ ബസ്സ് വന്നിട്ട് , എന്താ മറിയേച്ചി ഇറങ്ങി വരാതിരുന്നത് ?
ഞാൻ വിളിക്കുന്നത് കേട്ടിട്ട് കുട്ടികളും മറിയേച്ചീന്ന് തന്നെയാണ് വിളിച്ച് ശീലിച്ചത്,
മറിയേച്ചി ,അവരുടെ വീട്ടിലേക്ക് പോയി,
കുട്ടികളോടത് പറയുമ്പോൾ എൻ്റെ മനസ്സിലെ വിങ്ങലൊതുക്കാൻ ഞാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു.
ഞങ്ങളോട് പറയാതെ പോയോ? ഇനിയെന്നാ വരുന്നത് ?
അവരുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ ഞാൻ ,ഒന്നും മിണ്ടാതെ അകത്തേയ്ക്ക് പോയി.
മമ്മീ … ചായ തന്നില്ലാ … ഇന്നെന്താ സ്നാക്സ് ?
കുട്ടികൾ ചോദിച്ചപ്പോഴാണ്അ വർക്കത് പതിവുള്ളതാണല്ലോയെന്ന് എനിക്കോർമ്മ വന്നത് , ഇന്നലെ വരെ എല്ലാത്തിനും മറിയേച്ചി ഉണ്ടായിരുന്നത് കൊണ്ട് ,ഞാനതൊന്നുമറിഞ്ഞിരുന്നില്ല.
ഇനി എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം ,അടുക്കളയിലേക്ക് കയറിയപ്പോൾ
വല്ലാത്തൊരു അപരിചിതത്വം എനിക്കനുഭവപ്പെട്ടു
മുട്ടയെടുത്ത് കുട്ടികൾക്ക് ഓംലറ്റ് ഉണ്ടാക്കാമെന്ന് കരുതി ഫ്രിഡ്ജ് തുറക്കാൻ നോക്കിയപ്പോഴാണ് ഡോറിന് പുറത്ത് ഒരു വലിയ പേപ്പറിൽ എന്തൊക്കെയോ കുനുകുനാന്ന് എഴുതി വച്ചിരിക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടത്
മോളേ… നീ തന്ന പന്ത്രണ്ടായിരം രൂപ ഞാൻ ഫ്രിഡ്ജിൻ്റെ മുകളിൽ വച്ചിട്ടുണ്ട് ,എനിക്കറിയാം നീ എത്ര ബുദ്ധിമുട്ടിയിട്ടാണ് അതെനിക്ക് ഒപ്പിച്ച് തന്നതെന്ന്
എന്നെ ഇത്രയും നാളും ഒരമ്മയെ പോലെ സംരക്ഷിച്ച ഞാൻ പ്രസവിക്കാത്ത എൻ്റെ മോളെ ,ഇത്തരമൊരു ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ എന്തെങ്കിലുമൊന്ന് തന്ന് സഹായിക്കണമെന്ന് ഈ മറിയേച്ചിക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും അതിന് കഴിയാത്തത് കൊണ്ടാണ്, മോള് തന്ന പൈസ ഞാൻ തിരിച്ചവിടെ വച്ചത് ,പിന്നെ മോളേ… നിങ്ങളെനിക്ക് തന്നിരുന്ന ശബ്ബളത്തിന് വേണ്ടി ആയിരുന്നില്ല, ഞാനവിടെ ഇത്രയും നാളും കഴിച്ച് കൂട്ടിയത് ,എൻ്റെ വീട്ടിൽ എൻ്റെ മകളിൽ നിന്ന് എനിക്ക് കിട്ടാതിരുന്ന സ്നേഹവും പരിഗണനയും മോളും കുഞ്ഞുങ്ങളും എനിക്ക് തന്നത് കൊണ്ടായിരുന്നു, പിന്നെന്തിനാണ് ,എല്ലാമാസവും കൈ നീട്ടി ശബ്ബളം വാങ്ങിയതെന്ന് മോളിപ്പോൾ ചിന്തിക്കുന്നുണ്ടാവും , അതെൻ്റെ മോൾക്കും മരുമോനും വേണ്ടി യായിരുന്നു, അത് ഞാൻ കൃത്യമായിട്ടവിടെ എത്തിച്ചില്ലെങ്കിൽ, എന്നെ കൊണ്ട് പോയി വൃദ്ധസദനത്തിലാക്കുമെന്ന്അ വർ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ്, ഞാൻ മോളോട് ശബ്ബളം വാങ്ങിയത് ,
എൻ്റെ കെട്ടിയോൻ ഉണ്ടായിരുന്നെങ്കിൽ, എനിക്കാരെയും ആശ്രയിക്കേണ്ടായിരുന്നു ,
പിന്നെ മോളെ.., എന്നെ ഇവിടെ നിന്ന് മുരുമകൻ കൊണ്ട് പോകുന്നത് വൃദ്ധ സദനത്തിലേക്കാണെന്ന് എനിക്ക് ഉറപ്പുണ്ട് ,പൂച്ചക്കുഞ്ഞിനെ ഉപേക്ഷിക്കുന്ന ലാഘവത്തിൽ അവൻ എന്നെ ഉപേക്ഷിച്ച് പോകും ,എന്നാലും മാസത്തിൽ ഒരിക്കലെങ്കിലും മോളും ,കുട്ടികളും എന്നെ കാണാൻ വരുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കും ,നീ വരാതിരിക്കല്ലേ മോളേ …
മറിയേച്ചിയുടെ എഴുത്ത് വായിച്ച് കഴിഞ്ഞപ്പോൾ അവരുടെ ദൈന്യതയാർന്ന മുഖം ,ഒരു തേങ്ങലായി എൻ്റെ നെഞ്ചിൽ കിടന്ന് വിങ്ങി.
ഇല്ല ,ആരും സംരക്ഷിക്കാനില്ലാത്ത ഒരാനാഥയല്ല മറിയേച്ചി, അവരുടെ ഭർത്താവ് മാത്രമേ മരിച്ചിട്ടുള്ളു ,മകളും ചെറുമക്കളും ഈ വീട്ടിലുണ്ട് അവര് ജീവിക്കേണ്ടത് ഇവിടെ എൻ്റെ കൂടെയാണ്
അങ്ങനെയൊരു ഉറച്ച തീരുമാനമെടുത്തത് കൊണ്ടാണ് ,പിറ്റേന്ന് കുട്ടികളെ സ്കൂളിലാക്കിയിട്ട് ,ഞാനൊരു ഓട്ടോറിക്ഷ പിടിച്ച് ,വൃദ്ധസദനത്തിലേക്ക് പോയത്.
NB :- പല കാരണങ്ങളാൽ മറ്റൊരു വീട്ടിലെ ജോലിക്കാരിയാകേണ്ടി വന്നവർക്കായി സമർപ്പിക്കുന്നു.🙏