Story written by Lis Lona
“ഈ അമ്മച്ചിക്കിത് എന്തിന്റെ കേടാണ്.. അവളെ പിരി കേറ്റുന്നത് തന്നെ നിങ്ങക്ക് പണി.. ഞാൻ കണ്ണുപൊട്ടനല്ല കാണുന്നുമുണ്ട് അറിയുന്നുമുണ്ട്..”
“ഞാനെന്ത് ചെയ്‌തിട്ടാ സേവി നീയീ വിളിച്ചു കൂവുന്നേ.. ഇല്ലാവചനം പറയരുത്..എന്നെപോലെ അല്ല!നാലുകൊല്ലം മുൻപ് ഞങ്ങളെ എല്ലാം നിന്നെയേല്പിയ്ച്ചു പള്ളിപ്പറമ്പിലെ കുടുംബകല്ലറയിൽ പോയി ആറടി നീളത്തിൽ കാലും നീട്ടികിടക്കുന്ന നിന്റപ്പൻ തോമസിന്റെ സ്വഭാവാ നിനക്കും നിന്റെ പെങ്ങൾക്കും..പോയി അങ്ങേരോട് ചോദിക്ക്…”
അടുക്കളയിൽ അമ്മച്ചിയും ചേട്ടായിയും കൂടി നടത്തുന്ന യുദ്ധം എന്നെച്ചൊല്ലി യാണെന്ന് അറിയാൻ വയ്യാഞ്ഞിട്ടൊന്നുമല്ല പഠിക്കാനിരിക്കുന്ന ഞാൻ അങ്ങോട്ടേക്ക് കാതോർത്തിരിക്കുന്നത് …
ചേച്ചിക്ക് കൊടുത്തകണക്ക് ദാനംപോലെ ഇച്ചിരി പൊന്നും പൊടിയും തന്ന് എന്നെയങ്ങു കെട്ടിച്ചു വിടാനുള്ള പ്ലാൻ നടക്കൂല്ലന്ന് ഉറപ്പിച്ചു പറഞ്ഞതിന്റെ ചൊരുക്കിലാ ചേട്ടായി..
ഗ്രേസിചേച്ചിയെ കെട്ടിച്ചിട്ടിപ്പോ കൊല്ലം അഞ്ചായി, അപ്പനുള്ളപ്പോൾ ആയിരുന്നു അവളുടെ കല്യാണം.
എന്നെ കൂടി കെട്ടിച്ചുവിട്ടാൽ സേവിച്ചന് സ്നേഹിക്കുന്ന പെണ്ണിനേം കെട്ടി സമാധാനമായി ജീവിക്കാമെന്നും പറഞ്ഞു എന്റെ ബി എഡ് തീർന്നില്ല അതിനും മുൻപേ ലോകത്തുള്ള സകല ദല്ലാളന്മാരെയും അറിയിച്ചതുകൊണ്ട് വീട്ടിലിപ്പോ ആലോചനക്കാരുടെ ബഹളമാണ്.
അപ്പൻ പോലീസ് സർവിസിലിരിക്കുമ്പോൾ മരിച്ചത് കൊണ്ട് ആ പേരിലുള്ള ജോലി ചേട്ടായിക്ക് കിട്ടിയില്ലേ പിന്നെന്താ എനിക്ക് തരാൻ വിഷമം…ആവശ്യത്തിലേറെ കുടുംബസ്വത്തും ഉണ്ട്..
വരുന്നവര് സ്ത്രീധനമായി ചോദിച്ചാലും ഇല്ലെങ്കിലും എനിക്കിത്ര വേണമെന്ന് പറഞ്ഞതാണ് ഇവിടെ പ്രശ്നം.. ചോദിച്ചതിലൊരു തെറ്റും എനിക്കിതുവരെ തോന്നിയില്ല അല്ലെങ്കിലും കല്യാണമൊക്കെ ഒരിക്കലേ ഉള്ളൂ അന്ന് നിറയെ ആഭരണങ്ങളിട്ട് ഉടുത്തൊരുങ്ങി നിക്കണമെന്ന് ഏത് പെണ്ണാ ആഗ്രഹിക്കാത്തത്..
“ഡീ ആൻസിയെ… നിനക്കൊന്നും പറയാനില്ലേ… ഇതൊക്കെ കൂടി എന്റെ തലമണ്ടേല് തട്ടി നീയവിടെ ഇരുന്നോ..”
അമ്മച്ചിയുടെ വിളി കേട്ടിട്ടും ഞാൻ അനങ്ങിയില്ല.
കുറച്ചുകഴിഞ്ഞതും സേവിച്ചന്റെ ബൈക്ക് സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടപ്പോൾ മനസിലായി ഇന്നത്തെ വാദപ്രതിവാദങ്ങൾ കഴിഞ്ഞു.. ഇനി അടുക്കളയിലേക്ക് ചെല്ലാം.. വിശപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തി.
തലേന്നത്തെ മീൻകറി ചോറിൻ കിണ്ണത്തിലേക്ക് ഇടുമ്പോഴേക്കും അമ്മച്ചിയുടെ തല വാതിൽക്കലെത്തി കണ്ണുരുട്ടി നിന്നു.
” എന്നാലുമെന്റെ കൊച്ചേ നിന്റെ സാമർഥ്യം ഞാൻ സമ്മതിച്ചു.. ആ…നിന്നെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിന്റെ പകുതി മിടുക്ക് എനിക്കുണ്ടായിരുന്നെങ്കിൽ അർഹതപെട്ടത് എനിക്കും കിട്ടിയേരുന്നു..”
വീട്ടുജോലിക്കാരി മറിയച്ചേടത്തി കേൾക്കെ അമ്മച്ചി പഴംപുരാണങ്ങൾ എടുത്തിട്ടു… ഞാൻ ശേഷംപകരം ഒന്നും മിണ്ടിയില്ല എനിക്കറിയാത്ത കഥകളൊന്നും അല്ലല്ലോ..ആദ്യമായല്ല ഇതൊന്നും കേൾക്കുന്നതും.
പിറ്റേ ശനിയാഴ്ച്ച കെ എസ് ഇ ബിക്കാരൻ മാത്യു പെണ്ണ് കാണാനെത്തി…
പെണ്ണിനേയും പെൺവീട്ടുകാരെയും പെണ്ണിന്റെ വീടിന്റെ ചുറ്റുപാടുകളും ‘ക്ഷ’ പിടിച്ചതുകൊണ്ട് ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ പിറ്റേ ആഴ്ച്ച അവിടേക്ക് ചെല്ലാൻ ക്ഷണിച്ചാണവർ പോയത്…
ചിരിച്ചു കൈവീശി അവരെ യാത്രയാക്കി കയറി വന്ന ചേട്ടായി തൂണിന്റെ പിറകിൽ നിന്ന എന്റെ മുഖം കണ്ടതും ഒന്ന് കനപ്പിച്ചു നോക്കി അകത്തേക്ക് കയറിപ്പോയി.
പിറ്റേ ആഴ്ച്ച കുടുംബത്തെ കാർന്നോന്മാരും സേവിച്ചനും തലേന്നേ എത്തിയ ഗ്രേസിച്ചേച്ചിയും ഭർത്താവുമൊക്കെ കൂടി മാത്യുവിന്റെ വീട്ടിൽ പോയി വാക്ക് കൊടുത്തു മടങ്ങി..
അവിടുന്ന് ഇറങ്ങാൻ നേരവും ‘അമ്മച്ചിയോട് പൊന്നിനും പണത്തിനും ഞങ്ങൾക്കൊരു നിർബന്ധവുമില്ല നിങ്ങടെ മോളെ ഇങ്ങു തന്നാൽ മതി’ എന്ന് അവിടുത്തെ അമ്മച്ചി പറഞ്ഞെന്ന് ചേട്ടായി വന്നവർ പിരിഞ്ഞുപോകും മുൻപേ ഞാൻ കേൾക്കാനായി തന്നെ രണ്ട് വട്ടം പറഞ്ഞു..
അന്ന് രാത്രി എല്ലാവരും കൂടി അത്താഴത്തിനിരിക്കുമ്പോൾ സംസാരത്തിൽ വീണ്ടും മനസമ്മതവും കെട്ടുകല്യാണവും കടന്നു വന്നു…
” അധികം നീട്ടിവെക്കാനൊന്നും നിക്കണ്ട ല്ലേ അമ്മച്ചി അടുത്ത മാസം അവസാനത്തെ ശനിആഴ്ച്ച മനസമ്മതം നടത്താം..മൂന്നാഴ്ചത്തെ വിളിച്ചുചൊല്ലൽ ആ ഞായറാഴ്ചയിലെ കുർബാനയിൽ പറയാൻ പള്ളിയിൽ കാശു കെട്ടിയാൽ പിന്നത്തെ ഞായാറാഴ്ച കെട്ടും നടത്താം..അല്ലേ അളിയാ?”
അനിയന്റെ ചോദ്യം കേട്ട് ഒരിക്കലും സ്വന്തം അഭിപ്രായങ്ങളൊന്നും പറയാത്ത ചേച്ചി കെട്ട്യോന്റെ മുഖത്തേക്ക് നോക്കിയതും പുള്ളിയൊന്ന് മൂളി അതെയെന്ന് ശരി വച്ചു.
” അവര് കെട്ട് കഴിഞ്ഞും പഠിപ്പിക്കാമെന്ന് പറഞ്ഞല്ലോ സമാധാനമായി.. ഇവൾക്ക് ഈ പഠിപ്പ് ഒന്ന് മുഴുമിപ്പിക്കാൻ വല്ല്യേ ആഗ്രഹമുണ്ടാരുന്നു എന്തായാലും മാതാവ് ആ പ്രാർത്ഥന കേട്ടു..”
വാത്സല്യത്തോടെയതും പറഞ്ഞു സന്തോഷമായില്ലേ എന്നർത്ഥത്തിൽ അമ്മച്ചിയെന്റെ മുഖത്തേക്ക് നോക്കി..
പഠിപ്പ് മുഴുമിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അതിനെന്താ തീർച്ചയായും പൂർത്തിയാക്കണം എന്ന് പറഞ് പുഞ്ചിരിച്ച മാത്യുവിന്റെ മുഖം മനസ്സിൽ വന്നതും അമ്മച്ചിയെ നോക്കി ഉള്ള് നിറഞ്ഞ ഒരു പുഞ്ചിരി ഞാനും കൊടുത്തു.
” ഒരു ഡിമാൻഡും പറയാതെ പെങ്കൊച്ചിനെയിങ്ങു തന്നാ മതിയെന്ന് പറഞ്ഞ കൂട്ടരാ..ഇനി ഇവളവിടെ ചെന്ന് മര്യാദക്ക് കണ്ടും കേട്ടും നിന്നാൽ കൊള്ളാം…”
മൂന്നാം വട്ടവും ഉടുതുണിയോടെ പെൺകുട്ടിയെ വെറുതെ തന്നാൽ മതിയെന്ന വരന്റെ വീട്ടുകാരുടെ ഓഫർ ചേട്ടായി എന്നെ കേൾപ്പിച്ചതും ഞാൻ ശ്വാസം ഉള്ളിലേക്കെടുത്തു…
” അതേ…ഞങ്ങൾക്ക് ഒന്നും വേണ്ട നിങ്ങടെ മോൾക്ക് കൊടുക്കാനുള്ളത് നിങ്ങള്ടെ ഇഷ്ടത്തിന് കൊടുത്താൽ മതിയെന്നും പറഞ്ഞു കൊണ്ടോയ മുതലാ ഈ ഇരിക്കുന്നെ.. ഇതേ തന്നുള്ളൂ എന്ന് ഉന്തിത്തള്ളി വിട്ടപ്പോ കരഞുകൂവി എത്രെ തവണ ഇവിടെ വന്നെന്ന് ചേച്ചി പറയും അല്ലെങ്കി കൊണ്ടുവന്ന് വിട്ട ചേട്ടൻ പറയും…”
കെട്ട്യോൻ കോഴിക്കാല് കടിച്ചു പറിക്കുന്നതിൽ ശ്രദ്ധ കൊടുത്തിരുന്ന ചേച്ചിയും കഷ്ടപ്പെട്ട് കടിച്ചെടുത്ത കോഴിയിറച്ചി വായിലിട്ട് ചേട്ടനും ഒന്നും പറയാനില്ലാതെ ഉണ്ണുന്ന പ്ലേറ്റിൽ ചിത്രം വരക്കുന്നതും നോക്കി ഞാൻ കൈകഴുകാൻ എഴുന്നേറ്റ് അകത്തേക്ക് നടന്നു..
എന്തായാലും അതിന് ശേഷം പിന്നെ വീട്ടിൽ എനിക്ക് തരുന്ന സ്വർണത്തിന്റെയും പൈസയുടെയും പേരിൽ ഒരു സംസാരവും നടന്നില്ല..
കല്യാണകൂദാശക്ക് മുൻപുള്ള പ്രീ മാരിറ്റൽ കോഴ്സിനുള്ള മൂന്ന് ദിവസങ്ങൾ, ബിഷപ് ഹൗസിൽ രണ്ടുപേർക്കും ഒരുമിച്ച് കിട്ടിയതുകൊണ്ട് ആരുടേയും ശല്യമില്ലാതെ മാത്യുവിനോട് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിയത് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു.
പഠിച്ചു ജോലിനേടി സ്വന്തം കാലിൽ നിന്ന് ഭർത്താവിന് തുണയാകണമെന്ന് ആഗ്രഹമുള്ള ഭാര്യ അഭിമാനമെന്ന് പറഞ്ഞ മാത്യു എന്റെ മനസിലുള്ള ഭർത്താവ് തന്നെയെന്ന് വിശ്വാസമായി.
മനസമ്മതത്തിനു മുൻപേ രണ്ടു വീട്ടുകാരും ഒരുമിച്ചു തന്നെ സ്വർണവും വസ്ത്രങ്ങളും എടുക്കാൻ പോയതോടെ വീട്ടുകാരെ പറ്റിയും ഏകദേശ ധാരണയായി.
കല്യാണത്തലേന്ന് വരെയും ചേട്ടായി എന്നോട് കാര്യമായി ഒന്നും മിണ്ടിയില്ല.. എന്നോട് പറയാനുള്ള കാര്യങ്ങളെല്ലാം അമ്മച്ചി വഴി അറിയിച്ചു.
സ്വന്തം കല്യാണത്തിന് പൊന്നും പണവും ചോദിച്ചു വാങ്ങിയ സാമർത്യക്കാരി പെൺകുട്ടിയെന്ന ചിത്രം അടുത്ത ബന്ധുക്കളുടെയെല്ലാം മനസ്സിൽ ഉള്ളത്കൊണ്ടാകും എന്നോടുള്ള അവരുടെ പെരുമാറ്റത്തിൽ ഒരു അതിശയഭാവം..
കല്യാണത്തിന്റന്ന് കാലത്ത് മധുരം കൊടുക്കൽ ചടങ്ങിന് ബാക്കിയെല്ലാവരും സന്തോഷത്തോടെ മധുരം നുള്ളി നാവിൽ തന്നിട്ടും കടമ നിർവഹിക്കാനെന്ന പോലെ മധുരം വായിൽ വച്ച് തന്ന ആങ്ങളയുടെ മുഖം ശരിക്കുമെന്നെ സങ്കടത്തിലാഴ്ത്തി.
ഇന്നീ വീട്ടിൽ നിന്നും ഇറങ്ങും മുൻപേ എന്റെ മനസ്സിലെ ഭാരം കുറക്കണം.. എന്നെകൊണ്ട് ഈ നാടകമെല്ലാം കളിപ്പിച്ചത് എന്തിനെന്ന് അമ്മച്ചിയോടെനിക്ക് ചോദിക്കണം .
കെട്ടുകുർബാനക്ക് പള്ളിയിലേക്ക് വധുവിനെ കൊണ്ടുപോകാനായി മാത്യുവിന്റെ വീട്ടുകാർ വരും മുൻപേ അമ്മച്ചിയേം വലിച്ചു എന്റെ മുറിയിൽ കയറി വാതിലടച്ചു..
” അമ്മച്ചീ…എനിക്ക് സഹിക്കാൻ മേലാ സേവിച്ചൻ എന്നോട് ഇപ്പോഴും ദേഷ്യത്തിലാ പെരുമാറുന്നെ.. അമ്മച്ചി പറഞ്ഞിട്ടല്ലേ ഞാനങ്ങനെ ചോദിച്ചത് എന്നിട്ടിപ്പോ എന്നോട് മാത്രമാ ചേട്ടായിക്ക് കലി..”
അനുകമ്പയോടെ എന്നെയും നോക്കി അമ്മച്ചി കുറച്ചുനേരം നിന്നു..
” എന്റെ കൊച്ചേ.. കരഞ്ഞുകൂവി ആ ബൂട്ടീഷൻ പെണ്ണുംപിള്ള കഷ്ടപ്പെട്ട് മുഖത്തിട്ട് തന്ന പെയിന്റ് നീ കളയണ്ട.. അവന്റെ ദേഷ്യമൊക്കെ കുറച്ചു ദിവസം കഴിഞ്ഞാൽ ആറിത്തണുത്തോളും..
ദേ കുറച്ചൂടെ കഴിഞ്ഞാൽ അവരുടെ വീട്ടുകാര് വന്ന് നിന്നെ കൊണ്ടുപോകും പിന്നെ കെട്ട് കഴിഞ്ഞു നീയീ വീട്ടിലേക്ക് മടങ്ങിവരുമ്പോൾ ഇറങ്ങിപോകുമ്പോഴുള്ള വീട്ടുകാരി അല്ല വിരുന്നുകാരി ആണ് … മോള് മാത്രമല്ല എല്ലാ പെൺകുട്ടികളും അങ്ങനെ തന്നെ …”
എന്തിനെന്ന് പോലും പറയാതെ.. അതുവരെ ആരും കേൾക്കാതെ.. നിനക്കുള്ളത് ചോദിച്ചു വാങ്ങണമെന്ന് നിർബന്ധം പറഞ്ഞുകൊണ്ടിരുന്ന അമ്മച്ചി മനസ്സ് തുറന്നു.
” കെട്ടിച്ചു വിടുമ്പോൾ തന്ന പൊന്നല്ലതെ ഒരുതരി പൊന്ന് എനിക്കെന്റെ വീട്ടിൽ നിന്ന് കിട്ടിയില്ല.. മണ്ണ് പങ്കുവെക്കും നേരത്തും കെട്ടിക്കുമ്പോൾ തന്ന പൊന്നിന്റെ പേരും പറഞ്ഞു ഞങ്ങൾ പെൺ മക്കൾക്ക് പേരിനൊരോഹരി തന്ന് ആങ്ങളമാർ ഒഴിവാക്കി… അവിടെ മാത്രേ അങ്ങനുള്ളൂ എന്ന് കരുതിയ ഞാൻ കണ്ടു നിന്റപ്പൻ ഇവിടെ പെങ്ങന്മാരോട് ചെയ്തതും അങ്ങനെതന്നെയെന്ന് ..അതേ അപ്പന്റെ ഗുണമാ എന്റെ മോനും ഇന്നുവരെ കണ്ടതിൽ..എന്റെ ഗ്രേസികൊച്ചിന്റെ കണ്ണീരും ഞാൻ കണ്ടു..”
“കളിച്ചുവളർന്ന വീട്ടിൽ വിരുന്നുകാരിയായി വരുമ്പോൾ എനിക്കിന്നത് വേണമെന്ന് ചോദിക്കാനും സങ്കോചം തോന്നും ആങ്ങളക്കൊരു തുണ കൂടി വന്നാൽ.. നിന്റെ ചേട്ടായിക്ക് ആവശ്യത്തിനുള്ളത് ഇവിടുണ്ട് .
ഇന്നിത് തന്നത് കൊണ്ട് ഒരു കുറവും അവന് വരാൻ പോകുന്നില്ല.. പക്ഷെ നാളെ നീ വന്ന് ചോദിക്കുമ്പോളതിന്റെ നിറം വേറെയാണ് അത് എനിക്ക് മനസിലായ പ്രായം വരുമ്പോൾ നിനക്കും മനസിലാകും.. നിനക്കായി തരുന്ന പൈസ ഞാൻ മാത്യുവിനോട് പറഞ് നിന്റെ പേരിൽ ബാങ്കിലിട്ടിട്ടുണ്ട് . നാളെ നിനക്കൊരു ജോലിക്ക് അതാവശ്യം വരും അല്ലെങ്കിൽ വേറൊരു ആവശ്യത്തിന് അന്ന് ആരുടേയും മുൻപിൽ ന്റെ കൊച്ചിന് കൈനീട്ടേണ്ടി വരില്ല..”
കല്യാണമെന്നത് സർവ്വാഭരണവിഭൂഷിതയായി ഉടുത്തൊരുങ്ങി ആർഭാടത്തോടെ നടത്തുന്ന ഒരാഘോഷം മാത്രമല്ലെന്ന് ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ കണ്ടതായിരുന്നു.. ഇപ്പോൾ അമ്മച്ചി ഒന്നുകൂടെ വ്യക്തമാക്കി തന്നു.
” മോളെ എല്ലാവരുടെയും ജീവിതം ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല പക്ഷേ ഞാൻ കണ്ട ജീവിതങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നു.. അവസരങ്ങൾ എപ്പോഴും കിട്ടില്ല കിട്ടുമ്പോൾ അത് ഉപയോഗപ്പെടുത്താനും പഠിക്കണമെന്ന് ഞാൻ വളരെ വൈകിയാ പഠിച്ചത്. നീയും അവനും എനിക്ക് തുല്യരാണ് പക്ഷേ നാളെ ചിലപ്പോൾ എനിക്കിതിന് കഴിഞ്ഞെന്ന് വരില്ല.”
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെന്ന് അറിയാം.. കഷ്ടപ്പെട്ട് ഉള്ളതെല്ലാം പെറുക്കിക്കൂട്ടി കൊടുക്കുന്നവരോട് അത് ചെയ്യുന്നത് തെറ്റ് തന്നെ പക്ഷേ, കല്യാണച്ചിലവിന്റെയും കൊടുത്ത പൊന്നിന്റെയും കണക്കുകൾ വാരിനിവർത്തി പിന്നീട് പെൺകുട്ടികൾക്ക് കൊടുക്കുന്ന അവകാശങ്ങളിൽ പോലും കയ്യിട്ട് വാരുന്ന കുടുംബങ്ങളുമുണ്ട്..
നിങ്ങടെ മകൾക്ക് നിങ്ങൾ ഇഷ്ടമുള്ളത് കൊടുത്താൽ മതി ഞങ്ങൾക്കൊന്നും വേണ്ട എന്ന് പറയുന്നവരും പെൺവീട്ടുകാരുടെ സാമ്പത്തിക സ്ഥിതി മുൻകൂട്ടി കണ്ട് ഒന്നും വേണ്ട കൊച്ചിനെയിങ്ങു തന്നാ മതിയെന്ന് പറയുന്നവരും പെൺകുട്ടികളെ ബുദ്ധിമുട്ടിക്കുന്നത് എത്രെയോ കണ്ടിരിക്കുന്നു മോളെ…
ചെന്ന് കയറുന്ന വീട് സ്വർഗമാക്കാനും നരകമാക്കാനും പെൺകുട്ടികൾക്ക് കഴിയുമെന്ന് എല്ലാരും പറയും അതിന് സ്വർഗം വേണോ നരകം വേണോ ! ഏത് വേണമെന്ന് അവിടുള്ളവർ കൂടി തീരുമാനിക്കണമെന്ന് കുറച്ചുപേർക്കെങ്കിലും അറിയില്ല.
പേറും ചിലവും പെൺവീട്ടുകാരുടെ ചുമതലയായി കണ്ട് വീട്ടിൽ കൊണ്ട് വിടുന്ന ഭർത്താവിനും…
ആർക്കും ബാധ്യത കൊടുക്കേണ്ടെന്ന് കരുതി മരുമകൻ എല്ലാ ചിലവുകളും ചെയ്യുന്നത് കയ്യുംകെട്ടി നോക്കി നിൽക്കുന്ന സ്വന്തം വീട്ടുകാർക്കും ഇടയിൽ..
ഒരു അഭിപ്രായവും പറയാൻ പറ്റാതെ വിരൽനഖവും കടിച്ചു നിസ്സഹായായി നിൽക്കുന്ന പെൺകുട്ടികളും ഒരുതരത്തിൽ ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ തന്നെ അതിനിടയിൽ രണ്ട് വീട്ടുകാരും ഒത്തൊരുമയോടെ എല്ലാ കാര്യങ്ങളും ചെയ്ത് കിട്ടുന്ന കുറച്ചു ഭാഗ്യവതികളും ഉണ്ടാകുമെന്ന് മാത്രം…
കുറെ കാര്യങ്ങൾ പറഞ്ഞും കുറെ കാര്യങ്ങൾ പറയാതെ പറഞ്ഞും അമ്മച്ചി എന്നെ ചേർത്ത് കെട്ടിപിടിച്ചതും ഒന്നും പറയാനില്ലാതെ അമ്മച്ചിയെ പൂണ്ടടക്കം കെട്ടിപിടിച്ചു ഞാൻ ഉമ്മ വച്ചു..മനസിലെ ഭാരം കുറഞ്ഞ പോലെ..
“അമ്മച്ചിയെ.. ആൻസിയെ.. നിങ്ങളിത് എന്ത് ചെയ്യാണ് വാതിൽ തുറക്ക് ..ദേ അവരെത്തി അവളെ പള്ളിയിലേക്ക് കൊണ്ടുപോകാൻ…”
ചേട്ടായി വാതിലിൽ തട്ടിയതും ഞങ്ങൾ മുഖം തുടച്ചു പുറത്തേക്കിറങ്ങി.
കെട്ടും കഴിഞ്ഞു പേറും കഴിഞ്ഞു കൊല്ലങ്ങൾ കടന്നുപോയത് എത്രെ വേഗത്തിലാ..
നെറ്റിയിലെ സിന്ദൂരം അഴകിന് മാത്രമല്ല അതൊരു ഉത്തരവാദിത്തം കൂടിയാണെന്ന് തിരിച്ചറിഞ്ഞു.
അമ്മച്ചിയുടെ കണക്ക് കൂട്ടലുകൾ ചിലകാര്യങ്ങളിലെങ്കിലും തെറ്റിയില്ലെന്ന് ചേട്ടായിയുടെ കല്യാണം കഴിഞ്ഞതോടെ ജീവിതമെനിക്ക് കാണിച്ചു തന്നു..
പക്ഷെ കുറച്ചു കാര്യങ്ങളിൽ മാത്രം അമ്മച്ചിക്ക് തെറ്റി…
മരുമകളായി കാണാതെ മകളായി കണ്ട് പ്രസവത്തിന് പോലും വീട്ടിൽ വിടാതെ ശുശ്രുഷിച്ച മാത്യുവിന്റെ ചാച്ചനും അമ്മച്ചിയും… ആസ്പത്രിബില്ല് ആരോടും ചോദിക്കാതെ പോയി കെട്ടിയ സേവിച്ചനും.. സ്ത്രീധനത്തുകയോ സ്വർണമോ തൊടാതെ സ്വന്തം പോക്കറ്റിലെ പൈസയെടുത്തു സ്കൂളിലെ ജോലി വാങ്ങിത്തന്ന കെട്ട്യോനും….തെറ്റിച്ചു.
അമ്മച്ചിയുടെ കണക്ക് കൂട്ടലുകൾ തെറ്റിയെന്നതിനേക്കാൾ ആ മനസുരുകിയുള്ള പ്രാര്ഥനയാകും ഈ സൗഭാഗ്യങ്ങളെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം…
അല്ല അത് തന്നെ ആണ് അല്ലേ അമ്മച്ചി…
അങ്ങകലെ പള്ളിസെമിത്തേരിയിലെ കുടുംബകല്ലറയിൽ കെട്ട്യോൻ തോമസുചേട്ടന്റെ തൊട്ടപ്പുറത്തു കാലും നീട്ടി നീണ്ടുനിവർന്ന് കിടക്കുന്ന അമ്മച്ചിയുടെ മുഖത്തെ ചിരി എനിക്കിവിടെ കാണാം….