Story written by Sneha Sneha
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ഭയങ്കര തലവേദന …..
രാത്രി കിടക്കാനായി റൂമിലേക്ക് ചെന്ന ദീപ ബെഡിലേക്കിരുന്നു കൊണ്ട് പറഞ്ഞു….
ഓ ഇന്നും വേദനയാണോ ദീപ വരുന്നതും കാത്തിരുന്ന രാജേഷ് പുച്ഛം കലർന്ന സ്വരത്തിൽ ചോദിച്ചു…
ആ രാജേഷേട്ടാ തല പൊട്ടിപ്പൊളിയുന്ന വേദന സഹിക്കാൻ പറ്റുന്നില്ല…. ദീപ ബെഡിലേക്ക് കയറി കിടന്നു.
എന്നും വേദന വേദന എന്നു പറഞ്ഞാൽ എൻ്റെ കാര്യം എങ്ങനെ നടക്കും നീ ഇങ്ങു വന്നേ രാജേഷ് ദീപയെ തന്നിലേക്കടുപ്പിച്ച് തൻ്റെ ചുണ്ട് ദീപയുടെ ചുണ്ടോട് ചേർത്തു…
വിട് രാജേഷേട്ടാ ….എനിക്ക് വയ്യ… തലവേദനയാണന്ന് പറഞ്ഞത് കള്ളത്തരം അല്ല…
രാജേഷിൻ്റെ പിടിത്തം വിടുവിച്ചുകൊണ്ട് ദീപ ഭിത്തി സൈഡിലേക്ക് നീങ്ങി കിടന്നു…..
എന്നും നീ ഇങ്ങനെ ആയാൽ ‘ഞാൻ എന്താ ചെയ്യേണ്ടത് ഇനി എൻ്റെ കാര്യങ്ങൾ നടക്കണമെങ്കിൽ വേറെ എവിടേലും പോകേണ്ടി വരുമല്ലോ…
പൊയ്ക്കോ രാജേഷേട്ടാ എനിക്ക് പരാതിയില്ല… എനിക്കൊന്ന് ഉറങ്ങണം ഉറങ്ങാൻ പറ്റുമോന്ന് അറിയില്ല തലവേദന കാരണം…..
ഇപ്പോ കുറെ നാളായല്ലോ ഇങ്ങനെ ഓരോ വേദന …. ഇനി ഞാൻ അറിയാതെ വേറെ ആർക്കെങ്കിലും കി ടക്കുന്നു കൊടു ക്കുന്നുണ്ടോ നീ? രാജേഷ് രോഷാകുലനായി പൊട്ടിതെറിച്ചു….
അതെ ഇന്നും കിട ന്നു കൊടുത്തു മൂന്നാലുപേർക്ക് നാളെയും മൂന്നാലുപേർക്ക് കിട ന്നു കൊടു ക്കണം…
എനിക്കറിയാം നിനക്കെന്നെ മടുത്തു തുടങ്ങിയെന്ന് … അതിൻ്റെ എതിർപ്പാ നീ കാണിക്കുന്നത് എന്നിട്ട് ഓരോ ദിവസവും ഓരോ വേദന പറഞ്ഞ് എന്നെ ഒഴിവാക്കുന്നു…..
അതെ അങ്ങനെയൊക്കെ തന്നെയാണ് ഞാൻ നിഷേധിക്കുന്നില്ല ….
ഞാൻ കല്യാണം കഴിച്ചത് എൻ്റെ കാര്യങ്ങൾ നടക്കാനാണ് അല്ലാതെ ഓരോ ദിവസവും നിൻ്റെ വേദനയുടെ കണക്കെടുപ്പും നടത്തി എന്നിലെ വികാരങ്ങളെ അടക്കി കിടന്നുറങ്ങാനല്ല….
ഞാനിപ്പോ എന്തു വേണമെന്നാ രാജേഷേട്ടൻ പറയുന്നത്. ? രാജേഷട്ടൻ വാ ഞാൻ സമ്മതിക്കാം
ആർക്കു വേണം ?എനിക്ക് വേണ്ട….. ഒന്നൊഴിവായി തന്നാൽ മാത്രം മതി…. രാജേഷ് തിരിഞ്ഞു കിടന്ന് ഉറങ്ങി:…. തലവേദന കാരണം ദീപക്ക് ഒന്ന് കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല….. തിരിഞ്ഞും മറിഞ്ഞും കിടന്നും ഇടയ്ക്ക് എഴുന്നേറ്റിരുന്നും നേരം വെളുപ്പിച്ചു അഞ്ചു മണിയുടെ അലറാം കേട്ടതും ദീപ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു……. തലവേദനയുടെ ശക്തി കാരണം കണ്ണ് തുറക്കാൻ വയ്യ ഒരു തോർത്തെടുത്ത് തലയിൽ വട്ടം കെട്ടി അടുക്കളയിലെ പണികളാരംഭിച്ചു. ബ്രേക്ക് ഫാസ്റ്റിനുള്ളതും ഉച്ചത്തേക്കുള്ള ഊണിനുള്ളതും റെഡിയാക്കി ……… തലവേദനശക്തമായപ്പോൾ കട്ടൻ ചായ തിളപ്പിച്ച് ബിസ്ക്കറ്റും പാത്രത്തിൽ നിന്ന് അഞ്ചാറ് ബിസ്ക്കറ്റും കഴിച്ചു വേദനസംഹാരി എടുത്ത് കഴിച്ചതിന് ശേഷം മുറ്റത്തേക്കിറങ്ങി മുറ്റം തൂക്കാൻ തുടങ്ങി….
വർഷം അഞ്ചു കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് നാല് വയസുള്ള ഒരു മകളുമുണ്ട് രാജേഷേട്ടന് സർക്കാർ സർവീസിലാണ് ജോലി ക്ലർക്കാണ് …… അമ്മയും അച്ഛനും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാനം രാജേഷേട്ടൻ്റെ ജോലിയാണ് അതുകൊണ്ടുതന്നെ ആ വരുമാനത്തിൽ ഒതുങ്ങിയാണ് ജീവിക്കുന്നത് …… തൻ്റെ പല ആവശ്യങ്ങളും രാജേഷേട്ടനോട് പറയാറില്ല …. രാജേഷേട്ടൻ തൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാറും ഇല്ല. എന്നിട്ടും പരാതിയും പരിഭവവും പറയാതെ കുടുംബത്തിലെ കാര്യങ്ങളും മോൾടെ കാര്യങ്ങളും നോക്കി ജീവിക്കുകയാണ്….. രാജേഷേട്ടന് ശമ്പളം കിട്ടുന്നതിൻ്റെ തലേന്ന് രജേഷേട്ടൻ്റെ പെങ്ങളും കെട്ടിയോനും മക്കളും വിരുന്ന് വരും…. ശമ്പളത്തിൻ്റെ ഒരു വീതം എന്തെങ്കിലും പറഞ്ഞ് കൈക്കലാക്കിയിട്ടേ പെങ്ങൾ മടങ്ങിപോകു…. അതിലും തനിക്ക് പരാതിയില്ല….. സ്വന്തം സഹോദരിയല്ലേ സഹോദരനോടല്ലാതെ അവൾ ആരോടാണ് ചോദിക്കുക…..
പലപ്പോഴും രജേഷേട്ടൻ മറന്നു പോകുന്ന ഒരാളാണ് ഞാൻ തൻ്റെ ആവശ്യങ്ങൾ …. പക്ഷേ കിടപ്പറയിലെത്തുമ്പോൾ രജേഷേട്ടൻ ഓർക്കുന്ന ഒരാളാണ് ഞാൻ …. അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞ് ഞാൻ ചെല്ലുന്നതും കാത്ത് അക്ഷമനായി ഇരിക്കുന്ന രാജേഷേട്ടന് ഒരിക്കലും തൻ്റെ സങ്കടങ്ങൾ കേൾക്കാൻ ക്ഷമയില്ല. …. രാജേഷേട്ടൻ്റെ ആവശ്യങ്ങളും കഴിഞ്ഞ് തിരിഞ്ഞു കിടന്നുറങ്ങുമ്പോളും തന്നെയൊന്ന് കേൾക്കാൻ പോലും ആരും ഇല്ലാലോ എന്നോർത്ത് കരയാനാണ് തൻ്റെ വിധി….. കഴിഞ്ഞ ഒരു മാസമായി കടുത്ത തലവേദനയും ചില ശാരീരിക അസ്വസ്ഥതകളും …….. കുറച്ചു ദിവസങ്ങളായി സഹിക്കാൻ പറ്റാത്ത തലവേദന … അതിൻ്റെ കലിയിലാണ് രാജേഷേട്ടൻ…. ആശുപത്രിയിൽ ഒന്ന് പോകണമെന്നുണ്ട് പക്ഷേ രാജേഷേട്ടനോട് വേദനയുടെയും ക്ഷീണത്തിൻ്റെയും കാര്യം പറയുമ്പോൾ ഏട്ടന് കലിയാണ്….
മുറ്റം അടിച്ചു തൂത്തുവാരിയതിന് ശേഷം അടുക്കളയിൽ കയറി രാജേഷേട്ടനും മോൾക്കുമുള്ള ബ്രേക്ക് ഫാസ്റ്റ് വിളമ്പി ടേബിളിൽ വെച്ചു രണ്ടു പേരുടേയും ലഞ്ച് ബോക്സ് നിറച്ച് ടേബിളിൽ എടുത്ത് വെച്ചിട്ട് പോയി മോളെ വിളിച്ചുണർത്തി പല്ലുതേപ്പിച്ചു. രജേഷേട്ടന് ഓഫീസിൽ പോകാനുള്ള ഡ്രസ്സ് എടുത്ത് വെച്ചു മോളേയും ഒരുക്കി ഡൈനിംഗ് റൂമിലേക്ക് വന്നു. രാജേഷേട്ടന് കഴിക്കാനുള്ളത് വിളമ്പിവെച്ചു…. മോൾക്കു കഴിക്കാനുള്ളത് വാരികൊടുത്തു……
മോൾടെ ബാഗൊരുക്കി ബാഗും എടുത്ത് രാജേഷേട്ടൻ്റെ ബൈക്കിൻ്റെ അടുത്ത് എത്തി അപ്പോഴെക്കും രാജേഷേട്ടൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു…. മോളെ എടുത്ത് ബൈക്കിൽ ഇരുത്തും മുൻപ് ദീപ പറഞ്ഞു രാജേഷേട്ടാ എനിക്ക് തീരെ വയ്യ ആശുപത്രിയിൽ ഒന്ന് പോകണം
എനിക്ക് ലീവില്ല…..
ഞാനൊറ്റക്ക് പൊയ്ക്കോളാം എനിക്ക് ആശുപത്രിയിൽ പോകാനുള്ള പൈസ തരാമോ
എൻ്റെ കൈയിൽ കാശൊന്നും ഇല്ല നീ നിൻ്റെ വീട്ടിൽ വിളിച്ചു പറ അവരു വന്ന് കൊണ്ടുപോകട്ടെ….
രാജേഷേട്ടന് ബാക്കി എല്ലാറ്റിനും കാശ് ഉണ്ടല്ലോ എനിക്ക് മരുന്ന് വാങ്ങാൻ മാത്രം കാശില്ല അല്ലേ?
ഇല്ല….. ഉണ്ടെങ്കിലും തരാൻ ഉദ്ദേശിക്കുന്നും ഇല്ല. …. എന്നും ഓരോ വേദന അടവ് അല്ലന്ന് ആരു കണ്ടു…
രാജേഷേട്ടാ……
അലറണ്ട …. എൻ്റെ കൈയിൽ കാശില്ല
ദീപ ഒന്നും മിണ്ടാതെ മോളെ ബൈക്കിൽ ഇരുത്തി …..രാജേഷേട്ടൻ പോകുന്നത് ഒരു നിമിഷം നോക്കി നിന്നു…. വീടിനകത്തേക്ക് വന്നു. … ഒന്നും ചെയ്യാൻ തോന്നിയില്ല. മുറിയിൽ കയറി വാതിലടച്ച് കിടന്നു. കണ്ണുകളടഞ്ഞു പോകുന്നു….
ദീപേ …… ദീപേ….. അമ്മയുടെ വിളിയൊച്ച കേട്ടാണ് ദീപകണ്ണു തുറന്നത് ഉറങ്ങിപ്പോയി എന്ന് ദീപക്ക് മനസ്സിലായി ദീപ വേഗം എഴുന്നേറ്റ് സമയം നോക്കി പത്തര കഴിഞ്ഞിരിക്കുന്നു. അച്ഛനും അമ്മയ്ക്കും ഭക്ഷണം വിളമ്പി കൊടുക്കാത്തതിൻ്റെ ദേഷ്യം ഇനി കേൾക്കണം….. ദീപ മുറിയിൽ തന്നെ ഇരുന്നു…… ദീപ ഒരുറച്ച തീരുമാനത്തോടെ ബാഗിൽ തൻ്റെ ആവശ്യത്തിനുള്ള വസ്ത്രങ്ങളെടുത്തു വെച്ചു തൻ്റെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അടങ്ങിയ ഫയലും താൻ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന സ്വർണ്ണവും എടുത്ത് ബാഗിൽ വെച്ച് ബാഗിൻ്റെ സിബ്ബും വലിച്ചിട്ടു. എന്നിട്ട് ഡ്രസ്സ് മാറി ബാഗും എടുത്ത് മുറിക്ക് പുറത്തിറങ്ങി
ഹാളിൽ വിറഞ്ഞു നിൽക്കുന്ന അമ്മയെ കണ്ടില്ലന്ന് നടിച്ച് വീടിൻ്റെ പുറത്തേക്കിറങ്ങി പൂമുഖത്തിരിക്കുന്ന അച്ഛനെ നോക്കുക പോലും ചെയ്യാതെ മുറ്റത്തേക്കിറങ്ങി ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി…. ആദ്യം കണ്ട ഓട്ടോക്ക് കൈ നീട്ടി പോകാനുള്ള സ്ഥലം പറഞ്ഞു. ദീർഘദൂരം ഓട്ടം കിട്ടിയതിൻ്റെ ഒരു പുഞ്ചിരി ഓട്ടോക്കാരൻ്റെ മുഖത്ത് തെളിഞ്ഞു …… രണ്ടു മണിക്കൂർ ഓടി തീർന്ന് ഓട്ടോ തൻ്റെ തറവാടിൻ്റെ മുന്നിൽ നിർത്തിയപ്പോൾ ദീപയ്ക്ക് സന്തോഷം തോന്നി.
അച്ഛൻ്റെ കൈയിൽ നിന്ന് ഓട്ടോ കൂലി വാങ്ങി ഓട്ടോകാരന് കൊടുത്ത് ഓട്ടോ പറഞ്ഞു വിട്ടു.
നീയെന്താ മോളെ ഒറ്റക്ക് ? രാജേഷും കുഞ്ഞും എവിടെ ദീപയുടെ അമ്മ സുധ വന്ന് ദീപയുടെ കൈയിൽ നിന്ന് ബാഗു വാങ്ങി കൊണ്ട് ചോദിച്ചു.
ഞാനെല്ലാം പറയാമ്മേ ഞാനൊന്ന് ഫ്രഷ് ആയി വരാം എനിക്ക് വിശക്കുന്നു അമ്മ എനിക്ക് കഴിക്കാൻ എന്തെങ്കിലും എടുത്ത് വെയ്ക്ക്…..
ദീപ ബാഗും എടുത്തു കൊണ്ട് തൻ്റെ മുറിയിലേക്ക് പോയി…..
ദീപ കുളിച്ചിറങ്ങി വന്നപ്പോഴെക്കും സുധ ദീപക്കുള്ള ഭക്ഷണം എടുത്ത് വെച്ചു.
മകൾ ഭക്ഷണം കഴിക്കുന്നതും നോക്കി സുധ ഇരുന്നു.
ഭക്ഷണം കഴിച്ച കഴിഞ്ഞ ഉടൻ സുധ മോളെയും കൂട്ടി പൂമുഖത്തേക്ക് വന്നു….. അച്ഛനോടും അമ്മയോടും തൻ്റെ തലവേദനയെ കുറിച്ചും ഇന്ന് രാജേഷേട്ടൻ പറഞ്ഞതിനെ കുറിച്ചും ഭർത്താവിൻ്റെ വീട്ടിൽ താൻ അനുഭവിച്ച ദുരിതങ്ങളും സങ്കടങ്ങളും എല്ലാം ദീപ വിവരിച്ചു…..
മോളെന്താ ഇതുവരെ ഇതൊന്നും പറയാതെയിരുന്നത്…….
എനിക്കറിയാം എൻ്റെ സങ്കടങ്ങൾ ഞാനിവിടെ വന്നു പറഞ്ഞാൽ എൻ്റെ അച്ഛനും അമ്മയും എനിക്കൊപ്പം നിൽക്കുമെന്ന്….. പക്ഷേ ഭർത്താവിൻ്റെ വീട് സ്വന്തം വീടായി കണ്ടതുകൊണ്ട് ഇന്നുവരെ എല്ലാം സഹിച്ചു.പിന്നെ ഞാനിവിടെ വന്ന് എല്ലാം പറഞ്ഞാൽ രാജേഷേട്ടന് സങ്കടമാകും എന്നോർത്തു….. പിന്നെ എൻ്റെ അനിയനേയും അനിയത്തിയേയും ഓർത്തു. .. ഞാൻ കാരണം അവർക്കൊരു ദോഷവും വരരുതെന്ന് …..
ഞങ്ങൾക്ക് മക്കൾ മൂന്നു പേരും ഒരുപോലെയാണ് ….. വിവാഹം കഴിപ്പിച്ചു വിട്ടു എന്നാൽ എല്ലാ ബന്ധവും ഉപേക്ഷിച്ചു എന്നല്ല അർത്ഥം…. മോളിപ്പോഴെങ്കിലും വന്നല്ലോ നാളെ നമുക്ക് ആശുപത്രിയിൽ പോകാം ഇന്ന് മോൾ വിശ്രമിക്ക്…..
ദീപ തൻ്റെ മുറിയിലേക്ക് പോയി നല്ല ക്ഷീണമുണ്ട് ദീപകണ്ണുകളടച്ച് കിടന്നു ….മോൾ സ്കൂൾ വിട്ടു വരുമ്പോൾ തന്നെ കണ്ടില്ലങ്കിൽ ബഹളമുണ്ടാക്കും അതോർത്തപ്പോൾ ദീപക്ക് സങ്കടം തോന്നി…. സാരമില്ല… ഞാനില്ലാതായാലും മോളു വളരണ്ടേ….. ഓരോന്നോർത്തു കിടന്ന് ദീപ മയങ്ങി പോയി അമ്മ വന്ന് അത്താഴം ഉണ്ണാൻ വിളിച്ചപ്പോളാണ് കണ്ണു തുറന്നത്. അത്താഴ ഈണ് കഴിഞ്ഞ് അച്ഛനോടും അമ്മയോടും അല്പസമയം സംസാരിച്ചിരുന്ന ശേഷമാണ് ദീപ മുറിയിലേക്ക് പോന്നത്. രാജേഷേട്ടൻ്റെ പഴയ ഒരു ഫോണാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. പോരാൻ നേരത്ത് അത് അവിടെ വെച്ചിട്ടാണ് പോന്നത്…… ദീപക്ക് മോളെയോർത്ത് സങ്കടം വന്നു. രാജേഷേട്ടൻ ജോലി കഴിഞ്ഞ് വന്നിട്ട് തന്നെ കാണാതായിട്ട് ഇതുവരെ ഒന്നു വിളിച്ചതു പോലും ഇല്ലാലോ വിളിച്ചിരുന്നെങ്കിൽ മോൾടെ വിശേഷം അറിയാമായിരുന്നു. മോൾ തന്നെ കാണാതെ കരയുകയായിക്കും ദീപ മുറി തുറന്ന് പുറത്തിറങ്ങി അച്ചൻ്റെ ഫോണിൽ നിന്ന് രാജേഷേട്ടൻ്റെ ഫോണിലേക്ക് വിളിച്ചു ബെല്ലടിച്ച് നിന്നതല്ലാതെ രാജേഷ് കോൾ എടുത്തില്ല….. ഫോൺ അച്ഛനെ തിരികെ ഏൽപ്പിച്ച് തൻ്റെ മുറിയിലേക്ക് വന്നു ….. റൂമിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളിൽ നിന്ന് പുസ്തകം എടുത്ത് വെറുതെ മറിച്ചു നോക്കി….. ഡിഗ്രിക്ക് നല്ല മാർക്ക് വാങ്ങിയാണ് പാസ്സായത്. ടീച്ചർ ആകുക എന്നതായിരുന്നു ആഗ്രഹം…. അങ്ങനെ ഇരിക്കുമ്പോളാണ് ഇരുപത്തിയൊന്ന് വയസിനുള്ളിൽ വിവാഹം നടന്നില്ലങ്കിൽ പിന്നെ ഇരുപത്തിയേഴ് കഴിയണം എന്ന് ജാതകത്തിൽ പറയന്നുണ്ടന്നും പറഞ്ഞ് അമ്മ വിവാഹലോചന തുടങ്ങിയത്.ആദ്യം വന്ന ആലോചനയാണ് രാജേഷേട്ടൻ്റേത്. എല്ലാം കൊണ്ടും ചേർന്നതുകൊണ്ട് ആ വിവാഹം നടത്തി……..
അനിയത്തിയും അനിയനും ഇപ്പോഴും പഠിക്കുകയാണ്…… കൃഷി പണിയാണ് അച്ഛനും അമ്മയ്ക്കും….. എന്നിട്ടും യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത് …
ദീപ ഓരോന്നും ഓർത്ത് കിടന്ന് കണ്ണുനീർ വാർത്തു……
പിറ്റേന്ന് രാവിലെ സുധ ചായയുമായി ചെന്ന് ദീപയെ തട്ടി വിളിച്ചു…… ചെരിഞ്ഞു കിടന്നുറങ്ങുന്ന ദീപ സുധ വിളിച്ചിട്ടും ഉണർന്നില്ല ചെറിയ ഒരു ഭയത്തോടെ സുധ ദീപയുടെ തോളിൽ പിടിച്ച് തിരിച്ചു. സുധ ഞെട്ടിപ്പോയി അബോധാവസ്ഥയിൽ കിടക്കുന്ന ദീപയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നു …..
സുധ അതു കണ്ട് അലമുറയിട്ടു കരഞ്ഞു. സുധയുടെ കരച്ചിൽ കേട്ട് അച്ഛൻ മുറിയിലേക്ക് ഓടിയെത്തി…..
നെഞ്ചിടിപ്പോടെ ക്വാഷാൽറ്റിൽക്കു മുന്നിൽ നിൽക്കുന്ന ദീപയുടെ അച്ഛൻ്റേയും അമ്മയുടെയും മുന്നിലേക്ക് ക്വാഷാൽറ്റിയുടെ ഡോർ തുറന്ന് ഡോക്ടർ വന്നു.
ഡോക്ടർ…. എങ്ങനെയുണ്ട് ഞങ്ങളുടെ മോൾക്ക്……
പേടിക്കാൻ ഒന്നും ഇല്ലന്ന് ഞാൻ പറയില്ല. സ്കാൻ ചെയ്തു. ദിപയുടെ ബ്രയിനിൽ ഒരു ട്യൂമർ വളരുന്നുണ്ട്. അതിൻ്റെ ഫലമായിട്ടാണ് ഇപ്പോ ബ്ലീഡിംഗ് ഉണ്ടായത്. മാത്രവും അല്ല ദീപയുടെ ഇടതു വശം തളർന്നും പോയി….
ഡോക്ടർ പറഞ്ഞതു കേട്ട് സുധ തളർന്ന് നിലത്തേക്കിരുന്നു…..
ട്രീറ്റ്മെൻ്റ് തുടങ്ങിക്കഴിഞ്ഞു. ഉടനെ ഒരു സർജറി നടത്തണം ട്യൂമർ നീക്കം ചെയ്യണം ടെസ്റ്റിന് അയക്കണം എന്നാലേ കൂടുതൽ വിവരങ്ങൾ നമുക്ക് അറിയാൻ പറ്റു……
അച്ഛനും അമ്മയും എന്തു ചെയ്യണമെന്നറിയാതെ പരസ്പരം നോക്കി ദീപയുടെ അച്ഛൻ ഫോണെടുത്ത് രജേഷിനെ വിളിച്ചു….. പലവട്ടം വിളിച്ചതിന് ശേഷമാണ് രാജേഷ് കോളെടുത്തത് കരഞ്ഞുകൊണ്ടാണ് ആ അച്ഛൻ ദീപയുടെ അവസ്ഥ വിവരിച്ചത്. എന്നാൽ ഒന്നും പ്രതികരിക്കാതെ രാജേഷ് കോൾ കട്ട് ചെയ്തു…..
പിന്നെ നീണ്ട നാളത്തെ ആശുപത്രി വാസമായിരുന്നു ദീപയ്ക്ക് ഒരിക്കൽ പോലും രാജേഷ് ദീപയെ കാണാൻ എത്തിയില്ല… ബയോപ്സി റിസൽട്ട് നെഗറ്റീവ് ആയിരുന്നു
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വന്ന ദീപയെ കാത്തിരുന്നത് ഡിവോഴ്സ് നോട്ടീസായിരുന്നു….. ദീപയുമായി പിരിഞ്ഞതിൻ്റെ രണ്ടാമാസം രാജേഷ് മറ്റൊരു പെണ്ണിനെ താലിചാർത്തി…… മോളെ ഒരിക്കൽ പോലും കൊണ്ടുവന്നു കാണിക്കാൻ രാജേഷ് മനസ്സു കാണിച്ചില്ല
താൻ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നുറപ്പില്ലാത്തതിനാൽ മകളുടെ കാര്യത്തിൽ ഒരു വാശിയും ദീപ കാണിച്ചില്ല…. മോളെ രാജേഷിനും കുടുംബാംഗങ്ങൾക്കും ഒത്തിരി ഇഷ്ടമാണ് അതുകൊണ്ടുതന്നെ മോളെ അവർ നന്നായി നോക്കും എന്ന് ദീപക്ക് ഉറപ്പുണ്ടായിരുന്നു.
എഴുന്നേറ്റ് നടക്കണം എന്നുള്ള ദീപയുടെ മനക്കരുത്തും മാതാപിതാക്കളുടെ സ്നേഹപരിചരണവും ട്രീറ്റ്മെൻ്റും എല്ലാം ആയപ്പോൾ ദീപ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു തുടങ്ങി. വെറുതെ കിടക്കുന്ന ഒരു സമയവും ദീപ വെറുതെ കളഞ്ഞില്ല. എം എ പ്രൈവറ്റായി പഠിച്ചു കൂടെ പിഎസ് സി ക്ക് വേണ്ടിയും പഠിച്ചു. ….. നല്ല മാർക്ക് വാങ്ങി എം എ പാസ്സായി അതോടൊപ്പം പി എസ് സി യുടെ മെയിൻ ലിസ്റ്റിലും നല്ലൊരു റാങ്കിൽ ഇടം നേടി.
മൂന്നു വർഷങ്ങൾക്ക് ശേഷം
ദീപ അതിരാവിലെ ഉണർന്ന് കുളിച്ചൊരുങ്ങി അമ്മയക്കും അച്ഛനും ഒപ്പം അമ്പലത്തിൽ പോയി ….. ഭഗവാൻ്റെ മുന്നിൽ നിന്നു പ്രാർത്ഥിച്ചു……
രാജേഷ് രാവിലെ ഓഫീസിലെത്തി
ഇന്ന് പുതിയ ഓഫീസർ ചാർജ് എടുക്കും എന്നു പറഞ്ഞിട്ട് പുതിയ സാർ ജോയിൻ ചെയ്തോ? രാജേഷ് ഓഫീസിലെ മറ്റൊരു സ്റ്റാഫിനോട് ചോദിച്ചു.
ഇന്ന് ഓഫീസറുടെ കല്യാണമാണ് അതു കഴിഞ്ഞേ ഓഫീസിലെത്തു…..
ജോലി കിട്ടാൻ കാത്തിരിക്കുകയായിരുന്നോ കല്യാണം കഴിക്കാൻ .?
ഓഫീസർ ഉടൻ എത്തും സാർ വരുമ്പോൾ രാജേഷ് സാർ നേരിട്ടു ചോദിച്ചു നോക്ക്…… മറ്റൊരു സ്റ്റാഫ് പറഞ്ഞതുകേട്ട് ഓഫിസിലുള്ള മറ്റുള്ളവർ ചിരിച്ചു.
ആ സമയത്താണ് ഓഫിസിന് മുറ്റത്തായി ഒരു കാർ വന്നു നിന്നത്
സാർ വന്നു എന്നാ തോന്നുന്നത്……. പുതിയ ഓഫീസറെ എതിരേൽക്കാനായി എല്ലാവരും പുറത്തേക്കിറങ്ങി നിന്നു.
രാജേഷ് സാർ വേണം പുതിയ ഓഫീസർക്ക് ബൊക്ക നൽകി സ്വീകരിക്കാൻ ഒരു പൂച്ചെണ്ട് രാജേഷിനെ ഏൽപ്പിച്ചു കൊണ്ട് സ്റ്റാഫിൽ ഒരാൾ പറഞ്ഞു.
കാറിൽ നിന്നിറങ്ങിയ ആളെ കണ്ട് രജേഷിന് തൻ്റെ കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി……
ദീപ…… കാറിൻ്റെ മറുവശത്തെ ഡോർ തുറന്ന് സുമുഖനായ മറ്റൊരു ചെറുപ്പക്കാരനും ഇറങ്ങി….
രാജേഷ് സാർ ആ ബൊക്ക മാഡത്തിന് നൽകു. ഇതാണ് നമ്മുടെ പുതിയ ഓഫീസർ ….. രാജേഷ് വിറയ്ക്കുന്ന കൈകളോടെ പൂച്ചെണ്ട് ദീപയുടെ നേരെ നീട്ടി ഒരു പുഞ്ചിരിയോടെ ദീപ ആ പൂച്ചെണ്ട് സ്വീകരിച്ചു….. എല്ലാവരേയും വിഷ് ചെയ്തു ….. അതിന് ശേഷം തൻ്റെ അടുത്ത് നിൽക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി കൊണ്ട് എല്ലാവർക്കും പരിചയപ്പെടുത്തി
ഇതെൻ്റെ ഭർത്താവ് വിനോദ് ….. പോലീസ് ഡിപ്പാർട്ടുമെൻ്റിലാണ് സി ഐ ആണ്
രാജേഷ് വിനോദിൻ്റെ നേരെ പാളി നോക്കി ….. ദീപയുടെ നേരേയും ….. കുനിഞ്ഞ മുഖത്തോടെ രാജേഷ് പോയി തൻ്റെ സീറ്റിലേക്കിരുന്നു.
ഒരിക്കൽ മരണം കാത്തു കിടന്നവളാണ് ഇന്ന് തൻ്റെ മേലുദ്യോഗസ്ഥയായി മുന്നിലെത്തിയിരിക്കുന്നത്. രാജേഷിന് എവിടെക്കെങ്കിലും ഓടിയൊളിക്കാൻ തോന്നി…..
ദീപ വൈകിട്ടു ഞാനെത്താം വിനോദ്ദീപയോട് യാത്ര പറഞ്ഞിറങ്ങി
തൻ്റെ വീടിൻ്റെ അടുത്ത് പുതുതായി വന്ന താമസക്കാരായിരുന്നു വിനോദും അമ്മയും ….വിനോദ് ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ ആ അമ്മ ആ വീട്ടിൽ ഒറ്റക്കാവും…. ഒഴിവു സമയം ആ അമ്മ വീട്ടിലേക്ക് വരും വിനോദിൻ്റെ ഭാര്യ മരിച്ചു പോയതാണ് ബ്രെയിൻ ട്യൂമർ ആയിരുന്നു ഒരു പാട് ചികിത്സിച്ചു പക്ഷേ ജീവൻ പിടിച്ചു നിർത്താനായില്ല. ….വിനോദിനോട് അമ്മ തൻ്റെ കഥകളെല്ലാം പറഞ്ഞു. അങ്ങനെ ആ അമ്മയാണ് തൻ്റെ മകന് വേണ്ടി പെണ്ണ് ചോദിച്ചതും ഇന്ന് വിവാഹത്തിൽ കലാശിച്ചതും.വിനോദാണ് പറഞ്ഞത് രാജേഷ് ഈ ഓഫിസിൽ ആണന്ന്. താൻ ഇവിടെ ജോയിൻ ചെയ്യണമെന്നുള്ളത് വിനോദിൻ്റെ നിർബന്ധം ആയിരുന്നു. ബൊക്ക തരാൻ രാജേഷിനെ ഏർപ്പാട് ചെയ്യിച്ചതും വിനോദയിരുന്നു…. ദീപ ഓരോന്നോർത്ത് പുഞ്ചിരിച്ചു.
അവസാനിച്ചു.