എന്നാൽ അപ്പോഴും എന്നിൽ ഒരു സംശയം ബാക്കി നിന്നിരുന്നു ആരെങ്കിലും ഇങ്ങനെ എന്തെങ്കിലും പറഞ്ഞതു കൊണ്ട് മാത്രം ഒരാളെ ഇത്ര പെട്ടന്ന് ഇഷ്ടപ്പെടാൻ സാധിക്കുമോ….

_upscale

Story written by Pratheesh

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

തൊട്ടടുത്ത വീട്ടിലെ ചെക്കനെ പ്രേമിച്ചിട്ടുണ്ടോ ? ഒരു കണ്ണിൽ ആശയും മറു കണ്ണിൽ നാണവും പേറി എന്നും എപ്പോഴും ഒരാളെ കണ്ടും അറിഞ്ഞും സ്നേഹിക്കാൻ കഴിയുന്ന ഒരവസ്ഥയിലൂടെ എപ്പോഴെങ്കിലും നിങ്ങൾ കടന്നു പോയിട്ടുണ്ടോ ?

അതൊരു അനുഭവം തന്നെയാണ്, സ്വപ്നം കാണേണ്ട ഒരാളെ എപ്പോഴും മുന്നിൽ ഇങ്ങനെ കാണാൻ കഴിയുക, ദിനവും മിഴികൾ തുറക്കുന്നതും അടക്കുന്നതും അയാളിലേക്കായിരിക്കുക ! അധികം ആർക്കും കിട്ടാത്തതും പറഞ്ഞറിയിക്കാൻ കഴിയാത്തതുമായ ഒരു പ്രത്യേക അനുഭൂതിയാണത് !

എന്തു കണ്ടിട്ടാണ് ആ പൊട്ടൻ ചെക്കനോടു എനിക്ക് ഇഷ്ടം തോന്നിയതെന്ന് എനിക്കു തന്നെ അറിയില്ല,

എല്ലാം ആ നൂർണിയേ പറഞ്ഞാൽ മതി അവളാണ് ഒരു ദിവസം എന്നോടു ചോദിച്ചത്,

” നിനക്ക് നിന്റെ തൊട്ടടുത്ത വീട്ടിലെ ആ ഇഷയ്നെ പ്രേമിച്ചൂടെന്ന് ?”

നൂർണിയതു പറഞ്ഞെങ്കിലും ഞാനതിനെ അവളുടെ സ്ഥിരം തമാശകളിൽ ഒന്നായി മാത്രമാണ് കണ്ടത്, എന്നാൽ അതിനോടു ചേർത്ത് അവൾ പറഞ്ഞ മറ്റൊന്നാണ് കാര്യങ്ങളെ മൊത്തത്തിൽ തകിടം മറിച്ചത് !

അവള് പറയാ അവളുടെ കൂട്ടുകാരി അനിർവക്ക് അവനോടൊരു താൽപ്പര്യമുണ്ടെന്ന് !

അവളതു പറഞ്ഞു കേട്ടപ്പോഴാണ് എനിക്കും ശരിക്കും ചൊറിഞ്ഞു കയറിയത്, പണ്ടേ കുറച്ചു സൗന്ദര്യം കൂടുതലുള്ളതു കൊണ്ട് ആരേയും വീഴ്ത്താമെന്നൊരു അഹങ്കാരം അവൾക്കുണ്ട് ! അവിടെയാണ് എന്റെ മനസെനോടു ചോദിച്ചത്, ” അനിർവക്കു ഇഷയ്നോട് അങ്ങിനെ തോന്നാമെങ്കിൽ എന്തു കൊണ്ട് എനിക്ക് അവനോട് അങ്ങിനെ തോന്നികൂടാന്ന് ? “

ആ ചോദ്യം മനസിൽ കയറി കൂടിയ അന്നു രാത്രി ആദ്യമായി അവൻ വരുന്നതും കാത്തു ജനാലക്കരുകിൽ ഞാനിരുന്നു, അവൻ വന്നതും അതുവരേയും അവനെ കണ്ടിട്ടില്ലാത്ത പോലെയാണ് എന്റ മനസ്സവനെ നോക്കിയത് ! അവനെ കണ്ടതും പിന്നെയും എന്റെ മനസ്സെന്നോടു പറഞ്ഞു, ” ചെക്കനെ കണ്ടിട്ട് അങ്ങിനെ വല്യ കുഴപ്പമൊന്നും തോന്നുന്നില്ലല്ലൊന്ന് !

അതു തന്നെയായിരുന്നു എല്ലാറ്റിന്റെയും തുടക്കവും, അങ്ങിനെ എന്റെ വീടിനോടു ചേർന്നു തൂങ്ങി കിടക്കുന്ന മാമ്പഴം കൊത്താൻ പുറത്തു നിന്നൊരു കിളിയുടെ ആവശ്യമില്ലെന്നു ഞാനും അങ്ങു തീരുമാനിച്ചു,

അതോടെ ബാല്യകാലകൂട്ടുകാർ, അയൽവാസി, സ്നേഹിതൻ, എന്നതെല്ലാം വഴിമാറി ഒരു സാധാരണ മനുഷ്യനായി മനസ്സവനെ കാണാൻ തുടങ്ങി, തുടർന്ന് അതുവരെയുള്ള മറ്റു കാഴ്ച്ചകളെല്ലാം മങ്ങി പോകുകയും കണ്ണിലും മനസ്സിലും ഹൃദയത്തിലും അവനെ കുറിച്ചുള്ള പുതിയ കാഴ്ച്ചകൾ തെളിയാൻ തുടങ്ങുകയും ചെയ്തു,

എന്നെ സംബന്ധിച്ച് അതൊരു പുതിയ അനുഭവവും ഒപ്പം അതൊരു വല്ലാത്ത ത്രില്ലും ആയിരുന്നു, പിന്നെ ദിവസവും രാവിലെ നോട്ടം കടന്നു ചെല്ലുന്നത് തന്നെ അവനെന്ന കാമുകനിലേക്കായിരുന്നു, പുലർക്കാല മഞ്ഞിനൊപ്പം അവനെ നോക്കി നിൽക്കുമ്പോൾ മനസിനുണ്ടാവുന്ന ആ സന്തോഷം വിലമതിക്കാ നാവാത്തതാണെന്ന് പതിയേ പതിയേ ഞാനും തിരിച്ചറിയുകയായിരുന്നു,

എന്നാൽ അപ്പോഴും എന്നിൽ ഒരു സംശയം ബാക്കി നിന്നിരുന്നു ആരെങ്കിലും ഇങ്ങനെ എന്തെങ്കിലും പറഞ്ഞതു കൊണ്ട് മാത്രം ഒരാളെ ഇത്ര പെട്ടന്ന് ഇഷ്ടപ്പെടാൻ സാധിക്കുമോ ? എന്നത് !

മുന്നേ പലപ്പോഴും അവൻ വരാൻ വൈകുന്ന രാത്രികളിൽ അവനെ കാത്തിരിക്കുന്ന അവന്റമ്മയേ കാണുമ്പോൾ ഞാൻ മനസിൽ പറയാറുണ്ടായിരുന്നു ” ആ കുരുത്തംക്കെട്ടവനെ നോക്കിയിരിക്കാതെ ഈ തള്ളക്കു പോയി കിടന്നുറങ്ങികൂടെയെന്ന് ? ” എന്നാൽ ഇന്നിപ്പോൾ അവന്റമ്മ ഉറങ്ങിയാലും അവനെ കാണാതെ എനിക്കുറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല, അവൻ വൈകുമ്പോൾ അവന്റമ്മയേക്കാൾ നെഞ്ചുപിടക്കുന്നതെന്റെയാണ്, ചിലപ്പോൾ അവൻ വല്ലാതെ വൈകുമ്പോൾ എനിക്കവനെ തല്ലിക്കൊ ല്ലാനുള്ള ദേഷ്യം വരും എങ്കിലും അവസാനം അവന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ മനസിനുണ്ടാകുന്ന ആ സുഖവും സന്തോഷവും അതുവരെയുണ്ടായിരുന്ന ആ ദേഷ്യം അലിഞ്ഞില്ലാതാവുകയും ചെയ്യും !

അല്ലെങ്കിലും അവനറിയുന്നുണ്ടോ ഇങ്ങനെ ഒരുത്തി അവനെ കാത്തിരിക്കുന്നുണ്ടെന്ന് ? എന്തായാലും ഒരാളെ അയാൾ അറിയാതെ സ്നേഹിക്കുന്നതിലെ സുഖം അതൊന്നു വേറെ തന്നെയായിരുന്നു,

എന്നാൽ ഇപ്പോൾ എന്നെ പിൻതുടരുന്നത് രണ്ടു പേടികളാണ്, ഒന്ന് അവനെന്റെ ഉള്ള് മനസിലാകാതെ പോകുമോ എന്നത്, രണ്ട് എനിക്കു പകരം മറ്റൊരുവൾ അവനോടൊപ്പം സ്ഥാനം പിടിക്കുമോ എന്നത് !

അവനോടുള്ള ഇഷ്ടം തുടങ്ങിയതിൽ പിന്നെയാണ് നാട്ടിൽ നടക്കുന്ന പരിപാടികൾക്കെല്ലാം ഞാൻ പോകാൻ തുടങ്ങിയത് ലക്ഷ്യം അവനെ തൊട്ടടുത്തായി കണ്ടു കൊണ്ടിരിക്കുക എന്നതു തന്നെയായിരുന്നു ,

അങ്ങിനെയിരിക്കേ അവന്റെ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണ ദിവസം അവനും സുഹൃത്തുക്കളും ഭയങ്കര അടിപൊളിയായി ജുമ്പയും മുണ്ടും ഒക്കെ ഉടുത്ത് മുണ്ടും മടക്കിക്കുത്തി കൂളിങ്ങ് ഗ്ലാസ്സും വെച്ച് ഫുൾ ഫോമിലായിരുന്നു,

കല്യാണത്തിന്റെ സദ്യ തുടങ്ങിയതോടെ ആദ്യപന്തിയിൽ തന്നെയിരിക്കാൻ എനിക്കരുകിലായി ഉണ്ടായിരുന്ന ആളുകൾ മിക്കവരും വരിവരിയായി എഴുന്നേറ്റു പോയ നേരം അവന്റെ കഷ്ടകാലമോ എന്തോ ഞാനിരിക്കുന്നതിന്റെ സൈഡിലൂടെ നടന്നു വന്ന അവൻ ഫോട്ടോഷൂട്ടിനായി നിലത്ത് നീർത്തിയിട്ടിരുന്ന ഇലക്ട്രിക്കൽ വയറിൽ കാലു തടഞ്ഞ് ” അയ്യോ ” ന്നു നിലവിളിച്ച് മലന്നടിച്ച് ഒറ്റ വീഴ്ച്ച,

ഞാൻ പൊട്ടന്നു നോക്കുമ്പോൾ തെളിഞ്ഞു കാണുന്നതോ നല്ല മഞ്ഞ കളറിലുളള അ ടിവസ്ത്രവും !

അതു കണ്ടതും എന്റെ ചിന്ത പോയത് ഞാനിത് ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നാണ്, കാരണം അവന്റെതെല്ലാം അവന്റമ്മ കഴുകി ഉണങ്ങാൻ വെയിലത്തിടുന്നത് എന്റെ സ്ഥിരം കാഴ്ച്ചയാണല്ലോ,

എന്റെ തൊട്ടടുത്തായി വീണു കിടക്കുന്ന അവന്റെയും എന്റെയും നോട്ടം ഒരേ ദിശയിലേക്കു തന്നെയായിരുന്നു എന്റെ നോട്ടം കണ്ടതും അവൻ വേഗം നെഞ്ചിലോട്ടു മാറി കിടന്ന ഉടുമുണ്ടെടുത്ത് വേഗം അരയിലേക്കു താഴ്ത്തിയിട്ടു അപ്പോഴേക്കും കാണേണ്ടതെല്ലാം ഞാൻ കണ്ടു കഴിഞ്ഞിരുന്നു,

അതിനു ശേഷം കല്യാണസദ്യയുണ്ണാൻ ഇരിക്കുമ്പോൾ സാമ്പാർ വിളമ്പാൻ അവനും വന്നു അവൻ എന്റെ മുന്നിലെത്തിയതും അവനെ നോക്കി ഞാൻ ചോദിച്ചു,

“പുതിയതാണോ ? ” എന്ന്, അതു കേട്ടതും തെല്ലാശ്ചര്യത്തോടെ”ഏ ?

എനിക്കവനോടു പറയണമെന്നുണ്ട് ” ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രേ കണ്ടുള്ളൂ ” എന്ന് ! പക്ഷേ ഉള്ളിലെ ചിരിയടക്കാൻ കഴിയണ്ടേ ?

അതും കൂടി ആയതോടെ തുടർന്നുള്ള എന്റെ എല്ലാ നോട്ടങ്ങളിൽ നിന്നും അവൻ ഒഴിഞ്ഞു മാറാൻ തുടങ്ങി എന്നാലവനെ അങ്ങിനെ വിടാൻ ഞാനും ഒരുക്ക മല്ലായിരുന്നു,

തുടർന്നും അവനെ പിൻതുടർന്ന് വന്ന് അവനു പെട്ടന്ന് ഒഴിഞ്ഞു മാറാൻ സാധിക്കാത്ത സ്ഥലത്തു വെച്ച് ഞാനവനു തടസ്സം നിന്നു കൊണ്ട് അവന്റെ മുഖത്തേക്കു തന്നെ നോക്കിയതും അവന്റെ മുഖത്ത് എന്തോരം നാണമായിരുന്നു ആ സമയം എന്നറിയോ ? നാണത്തിൽ കുതിർന്ന ആ മുഖമൊന്നു കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു,ഒരാണിന്റെ നാണത്തിനു ഇത്രയേറെ ഭംഗിയുണ്ടെന്ന് അന്നാണെനിക്കു മനസിലായത് !

അതോടൊപ്പം ഇനിയൊരാൾക്ക് കയറിപ്പറ്റാൻ സാധിക്കാത്ത വിധം അവനെന്റെ മനസിലും കയറി എന്റെയുള്ളിൽ എവിടെയൊക്കെ അവന്റെ കുറവുണ്ടായിരുന്നോ അവിടെയെല്ലാം അവൻ കയറിപ്പറ്റിയ നിമിഷം കൂടിയായിരുന്നു അത് !!

ആ നിമിഷം ഞാൻ തിരിച്ചറിയുകയായിരുന്നു ഇനിയവനെ ഞാൻ വിചിരിച്ചാൽ പോലും എന്നിൽ നിന്ന് പറിച്ചുമാറ്റാനാവില്ലെന്ന് !

അപ്പോഴും ഞാൻ ആലോചിച്ചു അവനെ ഇത്ര പെട്ടന്ന് ഇത്ര കണ്ട് ഇഷ്ടപ്പെടാൻ എന്താണ് കാരണമെന്ന് ! അപ്പോഴും അതിനുത്തരമൊന്നും ഉണ്ടായിരുന്നില്ല !

അന്നു രാത്രിയാണ് ഞാൻ ഏറ്റവും ഭയപ്പെട്ടതും കാരണം എന്റെയുള്ളിൽ മാത്രം അവനുണ്ടായാൽ പോരല്ലോ ? എന്റെയുള്ളിലുള്ള പോലെ അവന്റെയുള്ളിലും ഞാൻ വേണമല്ലോ എന്നോർത്ത് ? അതെല്ലാം ഒാർത്തതോടെ ഉണ്ടായിരുന്ന ഉറക്കം കൂടി പോയി,

പിറ്റേ ദിവസം നൂർണിയുടെ കണി ഞാനായിരുന്നു, വെറുതെ ഇരുന്ന എന്റെയുള്ളിൽ തീ കോരിയിട്ട് നീയായിട്ടു ഉണ്ടാക്കിയ പ്രശ്നമാണ് ഇതെന്നും ഇതിന്റെ പരിഹാരവും നീ തന്നെ കണ്ടു പിടിച്ചേ മതിയാവു ‘എന്നും തറപ്പിച്ചവളോടു പറഞ്ഞതും അവളും ആകെ അന്താളിച്ചു പോയി,

മറ്റൊന്നും പറയാതെ അവളുടെ മുഖത്തേക്കു തന്നെ തറപ്പിച്ചു നോക്കി നിന്നതോടെ അവൾക്കും മനസിലായി പ്രശ്നം അത്ര ചെറിയതാവാൻ വഴിയില്ലെന്ന് അതോടെ” ശരി നമുക്ക് നോക്കാം ” എന്നവൾ എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞതും

എന്റെ അവസ്ഥ മനസിലായതോടെ നൂർണി അന്നു തന്നെ അവനോടു സംസാരിച്ചു, അവനോടു സംസാരിച്ചു മടങ്ങി വരുന്ന നൂർണിയുടെ മുഖത്ത് പക്ഷേ വലിയ സന്തോഷമൊന്നും ഞാൻ കണ്ടില്ല എന്റെ അടുത്തു വന്നതും അവൾ എന്നോടു പറഞ്ഞു , എന്റെ പൊന്നുമോളെ ഇതു ശരിയാവുമെന്നു തോന്നുന്നില്ല, അതു കേട്ടതും എന്റെ നെഞ്ച് കിടന്നു പിടക്കാനും, കാലിന്റെ പെരു വിരൽ മുതൽ നെറും തലവരെ ശരീരം വിറ കൊള്ളാനും തുടങ്ങി,

നൂർണി പിന്നേയും പറഞ്ഞു, അവൻ പറയുന്നു, തൊട്ടടുത്ത വീടാണ്, ജനിച്ചതു മുതൽ കാണുന്നവരാണ്, വർഷങ്ങളായി അടുത്തറിയുന്നവരാണ്, അവർക്കാർക്കും ഇതൊന്നും മനസിലാകില്ല, വീട്ടുകാർ ഒരു തരത്തിലും സമ്മതിക്കില്ല, രണ്ടു വീട്ടുകാരുടെയും ഇടയിൽ ഇതുവരെ ഉണ്ടായിരുന്ന സൗഹൃദമാണ് ഇതു കൊണ്ട് ആദ്യം നശിക്കുക എന്നൊക്കെ!

ഒന്നു നിർത്തി നൂർണി വീണ്ടും പറഞ്ഞു നല്ല രീതിയിൽ നില നിന്നു പോകുന്ന ഒരു ബന്ധം ഇല്ലാതെയാക്കാൻ അവനിഷ്ടപ്പെടുന്നില്ലന്നാണ് അവൻ പറഞ്ഞതിൽ നിന്ന് എനിക്ക് മനസിലായത് !

അതു കേട്ടതും ഞാനവളോടു ചോദിച്ചു, ശരിക്കും അവനങ്ങിനെ തന്നെയാണോ നിന്നോടു പറഞ്ഞതെന്ന് ? അവളതിനു ” അതെ ” എന്നർത്ഥത്തിൽ തലയാട്ടിയതും ഞാനവളെ കെട്ടിപ്പിടിച്ച് അവൾക്കൊരു ഉമ്മ കൊടുത്തു,

ശേഷം ഞാനവളോടു പറഞ്ഞു, ഇതിലും മനോഹരമായി അവനെങ്ങനെയാ എന്നെ ഇഷ്ടമാണെന്നു പറയുക ? നൂർണിക്കൊന്നും മനസിലായില്ലെന്നു മനസിലായതും, പിന്നെയും ഞാനവളോടു പറഞ്ഞു, അവൻ പറഞ്ഞത് അവനെന്നേ ഇഷ്ടമല്ലാ എന്നല്ലാ മറിച്ച് മറ്റുള്ളവർക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടാവും എന്നാണ്എ ന്നു വെച്ചാൽ…………?

ഞാൻ അതു പറഞ്ഞു നിർത്തിയതും നൂർണിയുടെ മുഖത്തും ഒരു ചിരി വിടരുന്നു, തുടർന്നവൾ എന്നെ നോക്കി

” ശരിക്കും ? “

എന്നു എന്നു ചോദിച്ചതും ഒന്നു തലയാട്ടി കൊണ്ട് വീണ്ടും ഞാൻ അവളോടു പറഞ്ഞു,

നമ്മൾ എത്രയൊക്കെ കണക്കു കൂട്ടിയാലും അവന്റെ നാവിൻത്തുമ്പിൽ നിന്നതു നേരിട്ടു കേൾക്കാതെ നമുക്കതു ഉറപ്പിക്കാൻ സാധിക്കില്ല ! ഞാനതു പറഞ്ഞതും അതു ശരി വെക്കുന്നതായിരുന്നു ആ സമയം നൂർണിയുടെ മുഖഭാവവും !

പിന്നെ അങ്ങിനെ ഒരവസരത്തിനായി എന്റെ കാത്തിരുപ്പ്, എന്നാൽ അതിനും അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല,

ഒരു ദിവസം ഒരു ഉച്ച നേരത്ത് എന്റെ അമ്മച്ചി എന്നോടു പറഞ്ഞു ഇഷയ് അവന്റെ വീട്ടിൽ തനിച്ചാണെന്നും അവിടെ അവന്റമ്മയില്ലെന്നും അവർ കുടുംബത്തിലേതോ കല്യാണത്തിനു പോയതാണെന്നും അവിടെ ചോറു മാത്രമേ വെച്ചിട്ടുള്ളുവെന്നും അവനു ഉച്ചക്ക് ചോറിനു കൂട്ടാൻ കുറച്ചു കറി കൊണ്ടു കൊടുക്കാൻ, അതു കേൾക്കണ്ട താമസ്സം വേഗം തന്നെ ഞാൻ ഒരു പാത്രത്തിൽ കറിയുമെടുത്ത് അങ്ങോട്ടു പോയി,

എന്നെ കണ്ടതും അവനൊരു പരുങ്ങൽ എന്റെ കൈയ്യിലെ പാത്രം കണ്ടപ്പോൾ തന്നെ അവനു കാര്യം പിടികിട്ടിയിരുന്നു, അതു കൊണ്ടാവണം എന്നെ അകത്തു കയറ്റാതെ പുറത്തു നിർത്തി കൊണ്ടു തന്നെ പാത്രം വാങ്ങാനാണു പരിപാടി എന്നു മനസിലാക്കിയതും പാത്രം അവനു കൊടുക്കാതെ തന്നെ ഞാൻ വീടിനകത്തേക്കു കയറി പാത്രം നേരെ മേശപ്പുറത്തു വെച്ച് അവന്റെ മുന്നിലൂടെ തന്നെ ഞാനവന്റെ മുറിയിലേക്കു കയറിച്ചെന്ന് അവന്റെ കട്ടിലിൽ ഇരുന്നു എനിക്കു പിന്നാലെ അവനും അങ്ങോട്ടു കയറി വന്നതോടെ ഞാൻ അവനോടു ചോദിച്ചു,

കട്ടിലിനു നല്ല ബലമൊക്കേയില്ലെ ? രണ്ടാളെ ഒന്നിച്ചൊക്കെ താങ്ങില്ലെന്ന് ? അതു കേട്ടതും അവൻ ചെറുതായൊന്ന് ചിരിച്ചു,

തുടർന്ന് അതിനനുകൂലമായി അവൻ തലയാട്ടിയതും ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് അവന്റെ മുഖത്തേക്കും കണ്ണിലേക്കും നോക്കി കൊണ്ട് അവനോടു ചോദിച്ചു ” എന്നാടാ നിനക്കെന്നെ ഇഷ്ടമല്ലെന്ന് ” ?

അതിനുള്ള മറുപടിക്കായി എന്റെ കണ്ണിൽ നിന്നുള്ള അവന്റെ നോട്ടം പിൻവലിക്കാൻ പോലും ഞാനവനെ അനുവദിക്കാതെ അവനെ തന്നെ നോക്കി നിന്നതും അവൻ പറഞ്ഞു,

ഇഷ്ടമില്ലെന്നു ഞാൻ പറഞ്ഞില്ലല്ലോന്ന് ?

അതു കേട്ടതും ഞാൻ പറഞ്ഞു “എന്നാൽ എന്നെ കെട്ടിപിടിക്ക് എന്ന് ! ” അവനറിയാം അവിടെ ഞാൻ പറഞ്ഞതനുസരിക്കാതെ മറ്റു മാർഗ്ഗമില്ലെന്ന് അതോടെ മടിച്ചു മടിച്ചു അവനെന്നെ കെട്ടിപ്പിടിച്ചതും ഞാനും അവനെ വാരിപുണർന്നു കൊണ്ട് അവന്റെ കാതിൽ ഞാനും പറഞ്ഞു ” ഐ ലൗ യൂ ” ന്ന് !

അന്നവനെ വിട്ടു പോരുമ്പോഴാണ് അവൻ പെട്ടന്ന് എന്നെ മെർലിൻ…..? എന്നു വിളിച്ചത്അ വിടെ അവനപ്പോൾ എന്റെ പേരു വിളിച്ചപ്പോഴാണ് മറ്റൊരു കാര്യം പെട്ടന്നെന്റെ മനസ്സിൽ തെളിഞ്ഞത് !

എന്റെ ഒാർമ്മകളിൽ അതുവരെ കുടുങ്ങി കിടക്കുകയായിരുന്ന ചിലതെല്ലാം മഴക്കാറു നീങ്ങിയ ആകാശം പോലെ അന്നേരം തെളിയാൻ തുടങ്ങിയത് !

ആ നിമിഷമാണ് എന്തു കൊണ്ടാണ് എനിക്കവനോട് ഇഷ്ടം തോന്നാൻ കാരണം എന്ന ആ ഒരു ചോദ്യത്തിനുള്ള ഉത്തരം എനിക്കു കിട്ടിയത് !

എന്നെ എല്ലാവരും ഏതവസരത്തിലും പൊന്നുട്ടി ” എന്ന എന്റെ ചെല്ലപ്പേര് വിളിക്കുമ്പോൾ അവൻ മാത്രം എപ്പോഴും ഞാൻ നിൽക്കുന്ന സ്ഥലവും എന്റെ സാഹചര്യം വളരെ കൃത്യമായി മനസിലാക്കി മെർലിൻ എന്നെന്നെ വിളിക്കാൻ ശ്രമിച്ചിരുന്നു, അതു കൊണ്ടു തന്നെ അവനോടെനിക്ക് ഒരു പ്രത്യേക താൽപ്പര്യം നിലനിന്നിരുന്നു പൊന്നുട്ടി എന്ന വിളിപേര് മോശമായതു കൊണ്ടല്ല ചില സാഹചര്യങ്ങളിൽ ആ വിളിയിൽ നമ്മൾ ഒരു കുട്ടിയാവുന്നതു പോലെ തോന്നും,

അവനോടുണ്ടായിരുന്ന ആ പ്രത്യേക താൽപ്പര്യം വളർന്നതാണ് അവനോടുള്ള ഇപ്പോഴത്തെ പ്രണയമായി മാറിയതെന്ന് എനിക്കു മനസിലായി,

സത്യത്തിൽ നൂർണി അതിനൊരു കാരണമാവുക മാത്രമായിരുന്നു !

എല്ലാം തിരിച്ചറിഞ്ഞതിലുള്ള ഒരു ഇഷ്ടവും കൂടി ചേർന്നാണ് അവന്റെ വിളികേട്ട് അവന്റെ മുന്നിലേക്കു നടന്നു ചെന്നത് അപ്പോൾ അവൻ എന്നോടു ചോദിച്ചു,

എന്നെ ചതിക്കുമോയെന്ന് ?

അതിനു ഞാനവനോടു പറഞ്ഞു, “ഒരു താലി കൈയ്യിലുണ്ടെങ്കിൽ കഴുത്ത് ഞാനിപ്പോൾ തന്നെ നീട്ടി തരാമെന്ന് “

പിന്നെ അവനൊന്നും പറഞ്ഞില്ല,

പ്രണയം പറഞ്ഞതിനു ശേഷമുള്ള കാഴ്ച്ചകളും പ്രവർത്തികളും കൂടുതൽ മനോഹരമായിരുന്നു, തീർത്തും വ്യത്യസ്ഥവും !

രാത്രിയിൽ എല്ലായിടങ്ങളിലും ഇരുട്ടു പരക്കുമ്പോൾ എന്റെ മുറിയിലെ ജനൽ തുറന്നിട്ട് ഞാനും അവന്റെ മുറിയിലെ ജനൽ തുറന്നിട്ട് അവനും ഞങ്ങൾ പരസ്പരം മുഖം നോക്കി നിൽക്കും,

ചിലപ്പോഴോക്കെ വെളിച്ചമില്ലാതെയും !

ചന്ദ്രന്റെ നേർത്ത വെളിച്ചത്തിൽ മുഖഭാവങ്ങൾ കൊണ്ടും ആംഗ്യഭാവങ്ങൾ കൊണ്ടും ഞങ്ങൾക്കു മാത്രം പരസ്പരം തിരിച്ചറിയാവുന്ന രണ്ടു രൂപങ്ങളായും ഭാഷയായും ഞങ്ങൾ പരസ്പരം സ്നേഹിക്കും !

അതുപോലെ വീട്ടിൽ എന്തെങ്കിലും സ്പെഷൽ വിഭവങ്ങൾ ഉണ്ടാക്കുന്ന അന്ന് രാത്രി അവനെ ജനലിനരുകിലേക്ക് വിളിച്ചു വരുത്തി ജനലിനിടയിലൂടെ എന്റെ കൈയ്യാലെ ഞാനവനെ ഊട്ടും !

ബർത്തിഡേയോ മറ്റോ വരുമ്പോൾ ഞങ്ങൾ അതേ ജനലിനു അപ്പുറവും ഇപ്പുറവും നിന്നു മെഴുകുത്തിരിയെല്ലാം ഊതി കെടുത്തി കേക്ക് ഒക്കെ മുറിച്ചു കഴിക്കും !

ഇഷ്ടപ്പെട്ട ഒരു ഡ്രസ്സ് വാങ്ങി കഴിഞ്ഞാൽ അതിട്ടു കാണിക്കാൻ അന്നു രാത്രി തന്നെ ഞാനവനെ വിളിച്ചു വരുത്തും !

ഒരുപാടിഷ്ടം തോന്നുമ്പോൾ വിളിച്ചു വരുത്തി ജനലിനിടയിലൂടെ കവിളിലൊരുമ്മ കൊടുക്കും !

പിണങ്ങുമ്പോഴും അങ്ങിനെ തന്നെ ഞാൻ പിന്നെ ജനൽ തുറക്കുകയേ ഇല്ലാ, അവൻ ഫോൺ വിളിച്ചാലും എടുക്കില്ല, അപ്പോഴേക്കും അവനെ കാണാതെ എനിക്കു തന്നെ സ്വയം വീർപ്പുമുട്ടൽ വന്നിട്ടുണ്ടാകും എന്നാലും തുറക്കില്ല എന്നാലും കടിച്ചു പിടിച്ചു നിൽക്കും, അവസാനം അവൻ കുറേ മേസേജ് ഒക്കെ അയച്ച് എന്നോടു കുറേ സോറി ഒക്കെ പറഞ്ഞു കഴിയുമ്പോൾ ഞാൻ ജനൽ തുറക്കും,

അപ്പോൾ അവനെ കാണുമ്പോൾ ഒാടിച്ചെന്നു കെട്ടി പിടിച്ചു ഉമ്മ വെക്കാനൊക്കെ തോന്നും !

ചിലപ്പോഴൊക്കെ ആ ജനലിനരുകിൽ നിന്നു കൊണ്ട് ഞാൻ ഒാർക്കും ആ നൂർണിക്ക് അന്നങ്ങിനെ അവനെ പറ്റി പറയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോന്ന് ? പക്ഷേ അന്നതു ചോദിച്ചതിനു ഇന്നവളോട് എനിക്ക് ഒരുപാടിഷ്ടം തോന്നുന്നു,

ഞങ്ങളുടെ ഈ ബന്ധം വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല എന്നറിയാവുന്നതു കൊണ്ടു തന്നെ ഒരു ദിവസം അവനോടൊപ്പം ഇറങ്ങി പോയി ഞങ്ങൾക്ക് വിവാഹം കഴിക്കേണ്ടി വന്നു !

അപ്പനും അമ്മക്കും അതൊരു ഷോക്കായിരുന്നു, അവരത് ഒട്ടും പ്രതീക്ഷിച്ച തായിരുന്നില്ല,

കുറച്ചു കാലം കഴിഞ്ഞതോടെ പള്ളിയിലൊക്കെ വെച്ചു കാണുമ്പോൾ അപ്പൻ കാണാതെ അമ്മച്ചി എന്നോടു വന്നു മിണ്ടും, വർഷങ്ങൾ കഴിഞ്ഞിട്ടും അപ്പനു പക്ഷേ പഴയ ദേഷ്യത്തിൽ നിന്നു ഇന്നുവരെ ഒരു അണുതട വ്യത്യാസം ഉണ്ടായിട്ടില്ല,

അങ്ങിനെയിരിക്കേ ഒരു ദിവസം ഞാനൊരു കാഴ്ച്ച കണ്ടു, അപ്പൻ ഇഷയ്ന്റെ കൂടെ ഒരു കടയിൽ നിന്നു ചായ വാങ്ങി കുടിച്ച് അവർ പരസ്പരം വളരെ സൗഹാർദ്ദ്രപരമായി നിന്നു സംസാരിക്കുന്നത്,

സത്യത്തിൽ ഒരേ സമയം എന്നെ ഏറേ സന്തോഷിപ്പിച്ചതും വേദനിപ്പിച്ചതും ആ കാഴ്ച്ചയായിരുന്നു, സന്തോഷിപ്പിച്ചത് നിങ്ങൾക്കു മനസിലാകും, വേദനിപ്പിച്ചത്, ” അവർക്കിടയിൽ ഞാനില്ല എന്നതായിരുന്നു ” അവിടം മുതലാണ് എനിക്കു മറ്റൊരു കാര്യം മനസിലായത് ഞാൻ പ്രതീക്ഷിച്ചതിലും വലിയ അളവിലായിരുന്നു അപ്പൻ എന്നോടു പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നതെന്ന് !

എന്റെ കണക്കുക്കൂട്ടലുകളെ പാടേ തകിടം മറിച്ചു കൊണ്ട് എന്നോടൊഴിച്ച് മറ്റെല്ലാവരോടും അപ്പൻ മിണ്ടാൻ തുടങ്ങി, എന്റെ കുഞ്ഞിനെ പോലും എടുക്കാനും അവനോടു സംസാരിക്കാനും അവന് മിഠായി വാങ്ങി കൊടുക്കാനും അപ്പൻ തയ്യാറായി,

എന്നെ മാത്രം അപ്പൻ കണ്ടതായി പോലും നടിച്ചില്ല എന്നാൽ എനിക്കു ചുറ്റുമുള്ള എല്ലാറ്റിനോടും പഴയതുപോലെ തന്നെ ഇടപഴകാനും സംസാരിക്കാനും അപ്പൻ സമയം കണ്ടെത്തി, എന്നോടൊഴിച്ച് എല്ലാവരോടും അപ്പൻ വാരിക്കോരി സംസാരിക്കാൻ തുടങ്ങി,

സത്യത്തിൽ അതൊരു വല്ലാത്ത പ്രതികാരമായിരുന്നു അപ്പനതു വളരെ മനോഹരമായി തന്നെ നടപ്പിൽ വരുത്തി,

അപ്പന്റെ ആ പ്രവർത്തി എന്നെ വല്ലാതെ വേദനിപ്പിച്ചു, ആ വേദനയുടെ ആഴം നിങ്ങൾക്കു മനസിലാവുക ഞാൻ അപ്പന്റെ കൺവെട്ടത്തു തന്നെയുണ്ടായിരുന്നു എന്നറിയുമ്പോഴാണ്,

ഒരിക്കൽ അമ്മയെന്നോടു പറഞ്ഞിരുന്നു ഞാൻ ആ വീട്ടിൽ നിന്നു ഇറങ്ങി പോന്ന ശേഷം അപ്പനൊരിക്കലും എന്റെ പേരു പോലും വീട്ടിൽ ഉച്ചരിച്ചിട്ടില്ലെന്ന്, അത്ര ദേഷ്യമുണ്ടായിരുന്നു അപ്പനെന്നോട് !

എന്റെ പ്രവർത്തി കാരണം അപ്പനു ദേഷ്യം തോന്നാം എന്നാൽ അതിൽ എന്നെ മാത്രം ഒറ്റപ്പെടുത്തി അപ്പൻ മുന്നോട്ടു പോയപ്പോൾ അതെനിക്ക് ഒട്ടും സഹിക്കാൻ പറ്റാതായി

നാട്ടിലെ ഏതെങ്കിലും ഒക്കെ കല്യാണത്തിനു കാണുമ്പോൾ അവിടെയുള്ളവരോടൊക്കെ വെറുതെയെങ്കിലും സംസാരിക്കുകയും എന്നെ മനപ്പൂർവ്വം ഒഴിവാക്കുന്നതും വല്ലാതെ കൂടിയപ്പോൾ അപ്പന്റെ അതേ ര ക്തം തന്നെ എന്നിലും കിടന്നു തിളക്കാൻ തുടങ്ങി,

അതോടെ അപ്പനു എന്നോടു അത്രക്ക് ഇഷ്ടക്കുറവുണ്ടെങ്കിൽ അതിനനുശ്രിതമായി എനിക്ക് അപ്പനെ ഒരുപാട് ഇഷ്ടമാണ് എന്ന് അപ്പനോടു തന്നെ ഒളിവോ മറയോയില്ലാതെ നേരിട്ടു അപ്പന്റെ മുഖത്തു നോക്കി പറയണമെന്ന് ഞാനും അങ്ങു തീരുമാനിച്ചു,

ഞായറാഴ്ച്ച പള്ളി കഴിഞ്ഞു വരുന്ന സമയമാണ് അതിനു നല്ലതെന്നു തോന്നിയതു കൊണ്ട് അപ്പൻ വരാറുള്ള വഴിയിൽ അപ്പനെ കാത്തു ഞാൻ നിന്നു കുർബാന കഴിഞ്ഞു വരുന്ന അപ്പനെ കണ്ടതും അപ്പന്റെ മുന്നിലോട്ടു കയറി ചെന്ന് അപ്പനെ തടഞ്ഞു കൊണ്ടു എനിക്കപ്പനോടൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു,

അപ്പനപ്പോൾ തന്നെ തോന്നിയിരിക്കണം എന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള എന്റെ ശ്രമമായിരിക്കുമെന്ന്അ തു കൊണ്ടു തന്നെ ഒരൽപ്പം കനപ്പിച്ച മുഖമായാണ് എനിക്കു മുന്നിൽ അപ്പൻ നിന്നത്, അതെല്ലാം ഞാനും പ്രതീക്ഷിച്ചതായിരുന്നതു കൊണ്ട് എനിക്കു പറയാനുള്ളതു പറയുന്നതിൽ നിന്നു ആ ഭാവം എന്നെ തളർത്തിയതുമില്ല,

ഞാൻ അപ്പനോടു പറഞ്ഞു ,

അപ്പാ…, എന്നെ അപ്പനൊരിക്കലും അപ്പനെ തിരുത്താനോ കാര്യങ്ങളെ പറഞ്ഞു മനസിലാക്കിക്കാനോ യോഗ്യതയുള്ള ഒരു വ്യക്തിയായിട്ട് കാണില്ല എന്നെനിക്കറിയാം പ്രത്യേകിച്ചും ഞാൻ ചെയ്തത് ഒരു തെറ്റായി തന്നെ അപ്പന്റെ മനസ്സിൽ കിടക്കുന്നിടത്തോള്ളം !

അതു കൊണ്ടു തന്നെ എന്തെങ്കിലും ഒക്കെ പറഞ്ഞു അപ്പനെ മനസിലാക്കിക്കാമെന്നോ തിരുത്താമെന്നോ ഉള്ള ഒരു വ്യാമോഹവും എന്റെ മനസ്സിലില്ല,

ഞാൻ പറയുന്ന കാര്യം എത്രമാത്രം അപ്പനു മനസിലാവും എന്നും എനിക്കറിയില്ല എന്നാലും പറയാം,

ഒരു കുട്ടി അവളുടെ അപ്പനോട് അവൾക്കിഷ്ടപ്പെട്ട ഒരു കളിപ്പാട്ടം വേണമെന്നു പറഞ്ഞപ്പോൾ അയാൾ വളരെ നിറഞ്ഞ മനസ്സോടെ അവൾക്കതു വാങ്ങി കൊടുത്തു, മറ്റൊരവസരത്തിൽ അവൾ അവൾക്കിഷ്ടപ്പെട്ട നിറത്തിലുള്ള ഒരു ഉടുപ്പ് വേണമെന്നു വാശി പിടിച്ചപ്പോൾ അപ്പൻ അതും അവൾക്കു വാങ്ങി നൽകി,
ആ സമയങ്ങളിലെല്ലാം അവൾ കരുതി തന്റെ ഇഷടങ്ങളെ തന്നെയാണ് അപ്പനും സ്നേഹിക്കുന്നതെന്ന്, അതു കരുതുമ്പോൾ അവൾ കുഞ്ഞായിരുന്നു, ലഭിക്കുന്നതിലേ സന്തോഷങ്ങൾ മാത്രമേ അവൾക്കറിയുമായിരുന്നുള്ളൂ,

അവൾ വലുതായി…

അവിടെ അവൾ അതുവരെയും കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായതിൽ നിന്നും വളരെ വ്യത്യസ്ഥമായ ഒരു ലോകമാണവൾ കണ്ടത് .

ചുറ്റുമുള്ള സമൂഹത്തിന്റെ ഒറ്റ താൽപ്പര്യങ്ങൾക്കായി മാത്രം ഏറ്റവും ഇഷ്ടമുള്ളതിനെ നഷ്ടപ്പെടുത്തുന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് വിശ്വസിക്കുന്നവർക്കു മുന്നിലാണ് താനുള്ളതെന്ന് അവൾക്കു മനസിലായി .

അതു മനസിലാക്കിയ അവൾക്കു സ്നേഹമെന്നത് ഭയമാണ് നൽകിയത് .

എന്നിട്ടും അവളിൽ ആദ്യമായി സ്നേഹമുദിച്ച ആ രാത്രിയിൽ തന്നെ അവളാലോജിച്ചു തന്നോടൊപ്പം ആരേ ചേർത്തു വെക്കണമെന്ന് ?

ആദ്യമൊന്നും അവൾക്കുത്തരമുണ്ടായിരുന്നില്ല ആ രാത്രിയുടെ അവസാന യാമങ്ങളിലൊന്നിലാണ് അവളും അതു തിരിച്ചറിഞ്ഞത്, താൻ ഇപ്പോൾ ആ പഴയ കുഞ്ഞല്ലായെന്നും എല്ലാവരേയും പോലെ താനും വളർന്നെന്നും അതു കൊണ്ടു തന്നെ തന്റെ ശരികളെ തനിക്ക് തീരുമാനിക്കാമെന്നും .

മാത്രമല്ല അപ്പനെന്നത് ര ക്തബന്ധമാണെന്നും എങ്ങിനെ പറിച്ചെറിഞ്ഞാലും അതു വിട്ടു പോവില്ലെന്നും കൂടി അവൾ മനസിലാക്കി, അതു കൊണ്ടാണ് അവൾ ഒരിക്കൽ വിട്ടുകളഞ്ഞാൽ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടിലെന്നുറപ്പുള്ള അവനെ മതിയെന്ന് തീരുമാനിച്ചത് .

ആ അപ്പനും മകളും നമ്മൾ ഇരുവരുമാണ് !

ഇപ്പോൾ പക്ഷേ അപ്പനോടു മിണ്ടാൻ വന്നത് ഒരു കാര്യം കൂടി അപ്പനെ ഒാർമ്മിപ്പിക്കാനാണ്,

ഏറ്റവും അധികം സ്നേഹിച്ചിരുന്നവരാണ് ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ പേരിൽ ജീവിതത്തിൽ വലിയ ശത്രുക്കളാകുക,

അങ്ങിനെ ആയവർ തമ്മിലുള്ള ആ അകൽച്ചക്കും ഒരു കുഴപ്പമുണ്ട് കുറച്ചധികം കാലം അവർ തമ്മിൽ മിണ്ടാതിരുന്നാൽ പിന്നീടൊരിക്കലും പഴയ പോലെ അവരെ തമ്മിൽ ചേർത്തുവെക്കാനോ പരസ്പരം മിണ്ടാനോ ആവാത്ത വിധം അവർ തീർത്തും അകന്നു പോകും.

പിന്നീടവർ അതു തിരിച്ചറിയുക ഏതെങ്കിലും ഒരാളുടെ അവസാന സമയത്തോ അതല്ലെങ്കിൽ തമ്മിലൊരാൾ മരണപ്പെട്ടു കിടക്കുമ്പോഴോ ആയിരിക്കും

ഞാനതു പറഞ്ഞതും തെല്ലാശ്ചര്യത്തോടെയാണ് അപ്പനെന്നെ നോക്കിയത്, തുടർന്നും ഞാൻ പറഞ്ഞു,

ഇപ്പോൾ ഞാനിങ്ങനെ അപ്പന്റെ മുന്നിൽ വന്നു നിൽക്കുന്നത് !

” എന്റെപ്പൻ മരണപ്പെട്ടു കിടക്കുമ്പോൾ കുറച്ചു കൂടി മുന്നേ വന്നൊന്നു അപ്പനോടു മിണ്ടായിരുന്നു എന്നോ ” ” അയ്യോ ഇനി ഒരിക്കലും എനിക്കെന്റെ അപ്പനോടു മിണ്ടാൻ കഴിയില്ലല്ലോ എന്നോ ” അപ്പോൾ ഒാർത്തു ദു:ഖിക്കുന്നതിലും നല്ലത് അതിലും മുന്നേ തന്നെ ഞാൻ അതിനു മുൻകൈയ്യെടുക്കുന്നതാണെന്നു എനിക്കു ബോധ്യം വന്നതു കൊണ്ടാണ് .

ഒപ്പം ഞാൻ അതിനു ശ്രമിച്ചില്ലെന്ന് അന്നെനിക്കുണ്ടായേക്കാവുന്ന എന്റെ ദു:ഖവും ഇതോടെ ഇവിടെ തീർന്നു .

എന്റെ സ്വപ്നങ്ങളുടെയും ഇഷ്ടങ്ങളുടെയും പേരിൽ അപ്പനെന്നെ വെറുക്കാം, പക്ഷേ എനിക്കപ്പനെ ഒരുപാട് ഇഷ്ടമാണ് . ഒരുപക്ഷേ അമ്മയേക്കാൾ അധികം,

ഒരോ പെൺകുട്ടികൾക്കും അവരുടെ അപ്പനൊരു പ്രത്യാശയാണ്, മൗനങ്ങളിൽ പോലും സ്നേഹം പകർന്നു തരാൻ കഴിയുമെന്ന പ്രത്യാശ

അപ്പൻ ഒന്നു കൂടി മനസിലാക്കിയാൽ കൊള്ളാമെന്നുണ്ട്, ഒരു പരിധിക്കപ്പുറം വാശികളെ ജയിക്കാൻ അനുവദിക്കുമ്പോൾ ബന്ധങ്ങൾ അറ്റു പോകുമെന്നത്

അത്രയും പറഞ്ഞ് ഞാനപ്പനെ വിട്ടു പോന്നു, അപ്പൻ അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു,

അന്നു രാത്രി എനിക്കുറക്കം വന്നതേയില്ല, അപ്പനോടു ഞാൻ പറഞ്ഞത് ഒരൽപ്പം കൂടിപോയോ എന്നൊരു സംശയം അതെന്നെ ഉറങ്ങാൻ അനുവദിച്ചില്ല, ഒന്നോർത്തപ്പോൾ ഒന്നും പറയേണ്ടിയിരുന്നില്ലായെന്നു തോന്നി, അപ്പനു വിഷമമായിട്ടുണ്ടാവുമോ എന്നൊരു തോന്നൽ അങ്ങിനെ ഒരോന്നോർത്ത് പുലർച്ചയെപ്പോഴോ ആണു ഞാനുറങ്ങി പോയത്

പിറ്റേ ദിവസവും ആ സങ്കടങ്ങളോടെയാണ് ഞാനുണർന്നത് അപ്പോഴും തലേനാളത്തെ കാര്യങ്ങൾ തന്നെയായിരുന്നു മനസ്സിൽ,

അപ്പോഴാണ് അമ്മയുടെ ഫോൺ വന്നത് ഫോണെടുത്തതും അമ്മ എന്നോടു ചോദിച്ചു, അപ്പനോട് നീയെന്തു അത്ഭുതമാണ് പ്രവർത്തിച്ചതെന്ന് ? എന്താ കാര്യമെന്നു ചോദിച്ചതും അമ്മച്ചി പറഞ്ഞു,

ഇന്നലെ രാത്രി അപ്പൻ തീരേ ഉറങ്ങിയിട്ടില്ല, ഇന്നു രാവിലെ അപ്പൻ നിന്റെ ഫോട്ടോ എടുത്ത് അതിലേക്ക് പുഞ്ചിരിയോടെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു എന്ന്

അമ്മച്ചി അതു പറഞ്ഞു തീർന്നതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി അമ്മച്ചിയോടു മറുപടി പറയാൻ പോലും എനിക്കു വാക്കുകൾ കിട്ടാതെയായി,

അപ്പന്റെ ഉള്ളിൽ വീണ്ടും എന്നോടുള്ള ഇഷ്ടം ഉണ്ടായിരിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു ശരിക്കും ഞാൻ കരഞ്ഞു പോയി,

ആ സമയമാണ് ഇഷയ് പെട്ടന്നങ്ങോട്ടു വന്നത് അവനെ കണ്ടതും ആശ്വാസത്തിന്റെ കൊടുമുടി കയറി ഞാനവനെ തലയാട്ടി എന്നിലേക്ക് വിളിച്ചു,

ഫോണും കൈയ്യിൽ പിടിച്ച് കണ്ണും നിറഞ്ഞു നിൽക്കുന്ന എന്നെ കണ്ടപ്പോൾ തന്നെ അവനു മനസിലായി എന്റെ ഉള്ളിലെവിടയോ ഒരു സന്തോഷം അലയടിച്ചതിലുള്ള ആനന്ദകണ്ണീരാണതെന്ന്

അതു കണ്ട് അവൻ അടുത്തു വന്നതും ഞാനവനെ ചേർത്തു പിടിച്ചു എന്റെ കണ്ണീരിന്റെ നനവുകൾ അവന്റെ ദേഹത്തു പതിഞ്ഞതും പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും അവനു മനസിലായി അത്രയും കാലമായി ഉള്ളിൽ അടക്കി വെച്ചിരുന്ന എന്തൊക്കയോ വിഷമങ്ങളാണ് കണ്ണീരായി എന്നിൽ നിന്നു ആ സമയം പുറത്തേക്കൊഴുകി പോകുന്നതെന്ന്.

അതോടെ അവനെന്നെ ഒന്നു കൂടി ചേർത്തു പിടിച്ചു, പിന്നെ പതിയേ അവനെന്റെ മുഖം പിടിച്ചുയർത്തി എന്റെ മൂർദ്ധാവിൽ ഉമ്മ വെച്ചതും നിർവൃതിയിലൂന്നി പിന്നെയും എന്റെ കണ്ണുകൾ അടഞ്ഞു പോയി…