എഴുത്ത് : നൗഫു ചാലിയം
==========================
“മോനേ കുടിക്കാൻ… ഇച്ചിരി വെള്ളം തരുമോ?”
വീട്ടിൽ ആരുമില്ലാത്ത നേരം കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടു ആരാണീ മാരണം എന്ന് മനസിൽ കരുതി….
ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ കേട്ട വാക്കുകൾ അതായിരുന്നു..
“മോനേ കുടിക്കാൻ ഇച്ചിരി വെള്ളം തരുമോ “
അല്ലെങ്കിലേ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇങ്ങനെയുള്ള ഓരോരോ മാരണങ്ങൾ കയറി വരിക…
വീട്ടിൽ ആളില്ലാത്ത നേരമുള്ള എന്റെ ചില കുസൃതികൾ ചിഹ്നം പിന്നമാവും….
[സത്യായിട്ടും നിങ്ങൾ ഉദേശിച്ചത് അല്ലെ.. ഞാനൊരു നല്ല കുട്ടിയാണന്ന്… എനിക്ക് അഭിപ്രായമേ ഇല്ല ട്ടോ ..]
“മെലിഞ്ഞു ഉണങ്ങിയ ശരീരവും അതിനെക്കാൾ മെലിഞ്ഞ മുഖവും കയ്യുമുള്ള ഒരു സാധു മനുഷ്യൻ എന്നെ ദയനീയ മായി നോക്കി കൊണ്ട് ചോദിച്ചു..”
ഉള്ളിൽ വന്ന ദേഷ്യം മുഴുവൻ അയാളെ കണ്ടപ്പോൾ തന്നെ എങ്ങോ മറഞ്ഞിരുന്നു…!
“എന്താണുപ്പാ?…
എന്തേലും സുഖമില്ലായ്മ്മ തോന്നുന്നുണ്ടോ..?”
അയാൾ നെഞ്ചിൽ കൈ വെച്ചു പതിയെ നെഞ്ചിൽ തലോടി…
വീടിന്റെ പുറത്തേക് പൂന്തോട്ടത്തിനായി ഇറക്കി കെട്ടിയ തിണ്ടിലേക് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു..
“അറിയില്ല മോനേ….
നെഞ്ചിൽ ആകെ ഒരു പുകച്ചിൽ…
വെയിൽ കൊണ്ട് കുറെ നേരമായുള്ള അലിച്ചിലിന്റെ ആണെന്നുതോന്നുന്നു.. നല്ല ക്ഷീണം…
എനിക്ക് കുറച്ചു വെള്ളം കൊണ്ടു വന്നു തരുമോ…?”
അയാളുടെ ദയനീയവസ്ഥ മുഴുവൻ ആ വാക്കുകളിൽ നിറഞ്ഞിരുന്നു..
ഞാൻ ഉടനെ തന്നെ ഉള്ളിലേക്കു പോയി എനിക്കായ് കലക്കി വെച്ചിരുന്ന ടാങ്കിൽ നിന്നും ഒരു ഗ്ലാസ് കൊണ്ടു വന്നു കൊടുത്തു.. കയ്യിൽ ഒരു ജെഗും കരുതിയിരുന്നു നിറയെ ടാങ്ക് കലക്കിയ വെള്ളവുമായി….
അയാൾ അത് ഒറ്റവലിക്കു തന്നെ കുടിച്ചു തീർത്തു…
ദാഹം തീർന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നത് കൊണ്ട് തന്നെ ഞാൻ വീണ്ടും വീണ്ടും മുന്നോ നാലോ വട്ടം അയാളുടെ ഗ്ലാസ് നിറച്ചു കൊടുത്തു …
അയാൾ അതെല്ലാം
“കളിക്കിടയിൽ ദാഹിച്ചു കിണറ്റിൽ കരയിലേക് ഓടി പോയി ദാഹം മാറുവോളം വയറ് നിറയെ കുടിക്കുന്ന കുട്ടിയെ പോലെ എന്റെ കയ്യിൽ നിന്നും വാങ്ങി കുടിച്ചു.. മതിയാകുവോളം..”
“ഉപ്പാക് ഭക്ഷണം എന്തേലും വേണോ കഴിക്കാൻ..?
ഇവിടെ ചോറുണ്ട്…”
എനിക്കായ് ഉമ്മ ഉണ്ടാക്കി വെച്ച ചോറ് ഓർത്തുകൊണ്ട് ഞാൻ ചോദിച്ചു…
“വേണ്ട മോനേ..
ഇപ്പൊ ഒന്നും ഇറങ്ങില്ല തൊണ്ടയിൽ കൂടി..
കുറെ ഏറെ ഗുളിക കുടിക്കാനുണ്ടേ…”
അയാൾ ദാഹം തീർന്ന ആശ്വാസത്തോടെ പറഞ്ഞു…
“ഉപ്പ എങ്ങോട്ടാ വന്നത്….?”
അയാളെ കണ്ടാൽ എന്റെ ഉപ്പയുടെ പ്രായം തോന്നുന്നത് കൊണ്ടു തന്നെ ഞാൻ അയാളോ ഉപ്പ എന്ന് വിളിച്ചു കൊണ്ട് ചോദിച്ചു..
“ഇവിടെ അടുത്ത് വരെ വന്നതാ മോനേ..
ഒരു ആവശ്യത്തിന് ..”
അയാൾ എന്റെ മുഖത്തേക് നോക്കാതെ പറഞ്ഞു
“എന്ത് ആവശ്യം …?”
അയാൾ എന്നോട് ഒന്ന് പറയാൻ മടിച്ചു…
അയാളുടെ മുഖത്തു എന്തോ സങ്കടം തളം കെട്ടി നിൽക്കുന്നത് പോലെയുള്ളത് കൊണ്ട് തന്നെ ഞാൻ വീണ്ടും ചോദിച്ചു…
“ഉപ്പ എന്തിനാ വന്നത്..ആരെ കാണാനാ വന്നത്?… എന്താണ് ആവശ്യം..?”
അദ്ദേഹം കുറച്ചു നിമിഷം എന്റെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കി..
എന്നോട് പറയണോ എന്നാകും ചിലപ്പോൾ ആ മനസിനുള്ളിൽ ..
“ഉപ്പാക് ബുദ്ധിമുട്ട് ആണേൽ പറയണ്ടാട്ടോ..”
ഉള്ളിലുള്ളത് പറയാൻ സെന്റി അല്ലാതെ മാർഗമില്ല എന്നറിയുന്നത് കൊണ്ടു തന്നെ ഞാൻ വീണ്ടും പറഞ്ഞു…
“ഉപ്പയുടെ മുഖം കണ്ടാൽ അറിയാം…
നിങ്ങൾക് എന്തോ ആവശ്യം ഉണ്ടെന്ന്,..
ഇൻശാഅല്ലാഹ് എന്നെ കൊണ്ടു പറ്റുന്നത് ആണേൽ ഞാൻ സഹായിക്കാം..”
കയ്യിൽ ഓട്ട കാലണ പോലും ഇല്ലാത്ത ഞാൻ എന്ത് ധൈര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല… ആരോ എന്നെ പറയിപ്പിക്കാൻ പ്രരിപ്പിച്ചു എന്നതായിരുന്നു സത്യം…
“എന്റെ വാക്കുകൾ കേട്ടപ്പോൾ മൂപ്പരുടെ മുഖത് ഒരു ചിരി നിറഞ്ഞു..
പുച്ഛം നിറഞ്ഞ ചിരി..
ഫീലിംഗ് പുച്ഛം…”
( പക്ഷെ അദ്ധേഹത്തിന്റെ കഥ കേട്ടപ്പോൾ എനിക്ക് മനസിലായി അത് എനിക്കുള്ള ചിരിയല്ലന്ന്..)
“എന്റെ മോളെ നിക്കാഹിനു സഹായം ചോദിക്കാൻ ഹനീഫിക്ക യുടെ അടുത്ത് വന്നതാണ്….”
[ഹനീഫിക്ക ഞങ്ങളുടെ നാട്ടിലെ ഒരു പുത്തൻ പണക്കാരൻ ആയിരുന്നു… ഏകദേശം പത്തു കൊല്ലം കൊണ്ട് നാട്ടിലെ ഒരു വിധം എല്ലാ സ്ഥലങ്ങളും സ്വന്തം പേരിലേക് ആക്കിയിരുന്നു.. ആളൊരു പരോപകാരി കൂടിയാണ്.. മൂപ്പരെ പൊക്കി പറഞ്ഞു കൂടേ നിന്ന് മണി അടിക്കുകയോ… അല്ലേൽ നാട്ടുകാരെ അറിയിക്കാൻ പറ്റുന്ന സഹായത്തിനോ കയ്യും മെയ്യും മറന്നു മൂപര് ചിലവാകും..]
എന്റെ കാഴ്ച പാടിൽ ആളൊരു പൊങ്ങച്ചക്കാരൻ അത്ര മാത്രം…
“എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ പറഞ്ഞിരുന്നു…
ഹനീഫിക്കയുടെ കൂടേ,..
മൂപ്പരുടെ കമ്പനിയിൽ ഇരുപത്തിമൂന്നോളാം വർഷം ഞാൻ ജോലി ചെയ്തിട്ടുണ്ട്… വന്നു കണ്ടാൽ എന്തേലും സഹായം ലഭിക്കുമെന്ന് കരുതി വന്നതായിരുന്നു…
മൂപ്പര് എന്നെ ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല…”
ഉപ്പയെ കണ്ടാൽ തന്നെ എക്സ് പ്രവാസി യാണെന്ന് മനസിലായെങ്കിലും…ഞാൻ ചോദിച്ചു
“എവിടെയായിരുന്നു ജോലി…?”
“സൗദിയിൽ…”
“നിങ്ങക് പിരിഞ്ഞു പോരുമ്പോൾ ഒന്നും കിട്ടിയില്ലെ..
ഇത്രയും കൊല്ലത്തെ പിഫും… എക്സിറ്റ് അടിക്കുമ്പോളുള്ള ആനുകൂല്യങ്ങളൊക്കെ ഉണ്ടാവില്ലേ…?”
“ഇല്ല മോനേ.. ഇതൊരു ഗവണ്മെന്റ് അപ്പ്രൂവ്ട് ആയ കമ്പിനിയോ…
ലിമിറ്റഡ് കമ്പിനിയോ അല്ല.. അതിനാൽ തന്നെ പിരിഞ്ഞു പോരുമ്പോൾ വിമാന ടിക്കറ്റ് അല്ലാതെ ഒന്നും കിട്ടില്ല..
അതും അത്രക്ക് നമ്മൾ അവിടെ താഴ്ന്ന് നിൽക്കണം എന്നാൽ മാത്രം..”
എന്റെ പ്രാരാബ്ദം കൊണ്ടു മറ്റൊരു ജോലിയിലെക്കോ കമ്പനി യിലെക്കോ മാറി പോകുവാൻ കഴിഞ്ഞതുമില്ല..
ഞാൻ മാത്രമല്ല മറ്റു പലരും… അനേകായിരങ്ങൾ ഉണ്ടാവും എന്നെ പോലെ..
[എനിക്കും അറിയുന്ന ഒരുപാട് പേര് ഉണ്ടങ്ങനെ.. ചോരയും നീരും ഒരേ സ്ഥലത്തു, അവർക്ക് മാത്രമായി ഉരുകി തീർത്ത ഒരുപാട് മനുഷ്യർ..
അവരിൽ പലരും ഏതേലും കടകളിലോ.. ആരുടെ എങ്കിലും കീഴിലോ ആയിരിക്കും ജോലി..
കിട്ടുന്നത് ശമ്പളം മാത്രം… മറ്റൊരു ആനുകൂല്യവും അവർക്ക് ഉണ്ടാവില്ല…
അത് നാട്ടിൽ ആണേലും അത് തന്നെ സ്ഥിതി…
( അവർക്കതിനുള്ള അവകാശമോ.. അവർക്കായ് സംസാരിക്കാൻ ആരുമില്ല താനും)
മറ്റെവിടെ ക്കെങ്കിലും ഒരു മാറ്റം നോക്കുവാൻ പോലും സാധിക്കാതെ പ്രാരബ്ധം അവരെ വലിഞ്ഞു മുറുക്കിയിരിക്കും..
അവരുടെയും ചോരയും നീരിനാൽ.. മുതലാളി എന്ന് നടിച്ചു നടക്കുന്നവൻ ഒരുപാട് ഉയരങ്ങളിൽ എത്തിയിട്ടുണ്ടാവും..
വരുന്ന പത്തോ പതിനഞ്ചോ തലമുറ കഴിയാനുള്ളതെല്ലാം കൂട്ടി പിടിച്ചു കൊണ്ട്.
അവർക്കറിയാമായിരിക്കും ഇതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് നിലം പൊത്തുന്ന കുമിളകളാണെന്ന്…
എന്നിട്ടും….]
“പോരുമ്പോൾ ആകെ കിട്ടിയത് നാട്ടിലേക്കുള്ള ടിക്കറ്റും.. ആ മാസത്തെ ശമ്പളവുമായിരുന്നു..
ഭൂരിപക്ഷം പ്രവാസികളെയും പോലെ ഒരു അഞ്ചിന്റെ പൈസ പോലും സേവ് ചെയ്യാൻ കഴിയിഞ്ഞില്ല.. പറ്റിയില്ല എന്നതായിരുന്നു സത്യം..
ഞാൻ പോട്ടേ മോനേ..
എന്റെ മോള് എന്നെ കാത്തിരിക്കുന്നുണ്ടാവും..
ഉപ്പ അവളുടെ നിക്കാഹിനു കൈ നീട്ടാൻ പോയതാണെന്ന് അവൾക്കറിയില്ല.”.
അയാളുടെ ആ വാക്കുകൾ എന്റെ നെഞ്ചിലായിരുന്നു കൊണ്ടത്..
++++
“നെഞ്ചിൽ കൊണ്ടു നടന്ന പെണ്ണ് മറ്റൊരുത്തന്റെ കൈ പിടിച്ചു ഇറങ്ങി പോകുന്നത് കണ്ട് ഡെസ്പ് അടിക്കാതെ ലോകമേ തറവാട് എന്ന് കരുതി ജീവിക്കുമ്പോൾ ആയിരുന്നു ഇക്കയുടെ വാക്കുകൾ നെഞ്ചിലേക് തറഞ്ഞു കയറിയത്..”
ആ ഉപ്പ എന്റെ മുന്നിലൂടെ നടന്നു എന്നെ മറഞ്ഞു പോയി..
അയാളെ സഹായിക്കണമെന്ന് മനസിൽ ആരോ പറയുന്നത് പോലെ.. എന്നെ വല്ലാതെ ഇടങ്ങേറ് ആക്കി കൊണ്ടിരിക്കുന്നു..
ഞാൻ ഉടനെ തന്നെ പുറത്തേക് ഓടി.. അയാളുടെ നമ്പർ എങ്കിലും ഒന്ന് വാങ്ങുവാനായി… പക്ഷെ അയാൾ വളരെ വേഗത്തിൽ എന്റെ അരികിൽ നിന്നും മറഞ്ഞു പോയിരുന്നു..
++++
തിരികെ വീട്ടിലേക് കയറുവാനായി തുടങ്ങുമ്പോളാണ് ഒരു കവർ എന്റെ കണ്ണിൽ പെട്ടത്.. അയാളിരുന്ന സ്ഥലത്ത് ഏതോ ഒരു ടെക്സ്റ്റയിൽ ഷോപ്പിന്റെ കവർ…
ഞാൻ വേഗത്തിൽ അതെടുത്തു തുറന്നു നോക്കി..
മുന്നിൽ തന്നെ സുന്ദരമായി പുഞ്ചിരി തൂകുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു അതിൽ.. അതായിരിക്കാം അയാളുടെ മകൾ..
കണ്ടപ്പോൾ തന്നെ എന്റെ നെഞ്ചിനുള്ളിൽ ഒരു പീരു പിരുപ്പു… ആഹാ നീ തേടി നടന്നവൾ ഇതാ നിന്റെ മുന്നിലെന്ന പോലെ…
( അപ്പൊ ആദ്യം തേച്ചിട്ട് പോയവളോ എന്നുള്ള ചോദ്യം അലോണ്ട് അല്ല)
അതിന് തൊട്ട് താഴെ മറ്റൊരു ഫോട്ടോ കൂടിയുണ്ട്..
അതയാളുടെ ഭാര്യ യുടെ യാണെന്ന് എനിക്ക് തോന്നി.. കൂടേ അയാളുമുണ്ട്…
പിന്നെയുള്ളത് കുറെ ടെസ്റ്റ് കളുടെയും ഡോക്ടറുടെയും കുറിപ്പടികൾ ആയിരുന്നു.. അയാൾ മറ്റെന്തോ എന്നിൽ നിന്നും മറച്ചു വെച്ചത് പോലെ എനിക്ക് തോന്നി..
പറയേണ്ട ആവശ്യവും ഇല്ലല്ലോ…ഞാൻ അയാളുടെ ആരാ..?
എന്നാലും എന്റെ ഉള്ളിലെ ആകാംഷ എന്നെ പിന്തിരിപ്പിക്കാതെ മുന്നിലേക്ക് തന്നെ നടത്തി..
ഞാൻ വീണ്ടും തിരഞ്ഞപ്പോൽ ഒരു ചെറിയ കടലാസ് കഷണത്തിൽ മൊബൈൽ നമ്പർ.. അതായളുടെയോ, അയാളുടെ ബന്ധത്തിൽ പെട്ട ആരുടെയോ ആയിരിക്കുമെന്ന പ്രതീക്ഷയിൽ എന്റെ മൊബൈലിൽ നിന്നും അതിലേക് കാൾ ചെയ്തു..
“ട്രിങ് ട്രിങ്..”
മൂന്നു ബെല്ലടിക്കുന്നതിന് മുമ്പ് തന്നെ ആ ഫോൺ എടുത്തു..
“ഉപ്പാ…”
അപ്പുറത്ത് നിന്നും മനോഹരമായ ശബ്ദത്തിൽ അങ്ങനെ ഒരു മറുപടി യായിരുന്നു കിട്ടിയത്…
“ഹലോ..
മോളെ
ഉപ്പയല്ല..
ഉപ്പയുടെ ഒരു കൂട്ടുകാരനാണ്..
ഉപ്പയില്ലേ അവിടെ..”
ഞാൻ പെട്ടന്ന് തന്നെ മനസിൽ തോന്നിയത് പറഞ്ഞു..
“വന്നിട്ടില്ലല്ലോ ഇക്കാ..
ഉപ്പ രാവിലെ പോയതാണ്..
കുറച്ചു മുന്നേ മറ്റാരുടെയോ ഫോണിൽ നിന്നും വിളിച്ചിരുന്നു..
പോയ കാര്യം ശരിയായെന്ന് പറഞ്ഞു എന്നോട്..”
അവൾ വളരെ സന്തോഷത്തോടെ ആയിരുന്നു പറഞ്ഞത്..
എന്ത് നുണ പറഞ്ഞിട്ടാണോ ആ സാധു വീട്ടിൽ നിന്നും ഇറങ്ങിയത്… ഞാൻ അറിയാതെ ഓർത്തു പോയി..
“ഹ്മ്മ്..”
ഞാൻ ഒന്ന് മൂളി…
ആ ഉപ്പ പുറത്ത് പോയാൽ അവളെ ഇടക്കിടെ വിളിക്കാറുണ്ടെന്ന് തോന്നുന്നു.. അതായിരിക്കാം അവൾ ഫോൺ എടുത്ത ഉടനെ ഉപ്പാ എന്ന് വിളിച്ചത്..
“മോളെ
ഉമ്മയോ..”
ഞാൻ ഉമ്മയോട് സംസാരിക്കാമെന്ന് കരുതി ചോദിച്ചു .
പക്ഷെ അപ്പുറത്തു നിന്നും കുറച്ചു നിമിഷം മറുപടി ഒന്നും ഇല്ലാതെ നിന്നു..
പിന്നെ എന്നോട് ചോദിച്ചു..
“ഇങ്ങള് ഉപ്പാന്റെ കൂട്ടുകാരൻ അല്ലല്ലോ.. “
കള്ളം പിടിക്കപ്പെട്ടത് പോലെ ഒരക്ഷരം മിണ്ടാൻ കഴിയാതെ ഞാൻ നിന്നു…
“നിങ്ങൾ ശരിക്കും ആരാ..?
എന്തിനാ ഈ നമ്പറിൽ വിളിച്ചത്..?
ആരാണ് നിങ്ങൾക് ഈ നമ്പർ തന്നത്?…
അങ്ങനെ തുടരെ തുടരെ ചോദ്യങ്ങൾ…?”
ഒന്നിനും മറുപടി പറയാൻ കഴിയാതെ ഞാൻ നിന്നു വിയർത്തു…
അവളുടെ ചോദ്യങ്ങൾ അവസാനിച്ചപ്പോൾ ഞാൻ സാവധാനം ഇന്ന് നടന്ന കാര്യങ്ങൾ മുഴുവൻ അവളോട് പറഞ്ഞു..
അവിടുന്ന് ഒരു തേങ്ങി കരച്ചിൽ ആയിരുന്നു മറുപടി..
“ഉപ്പ ഒരു ജോലിക്കാണെന്ന് പറഞ്ഞാണ് ഇവിടുന്ന് പോയത്..
എന്റെ നിക്കാഹിനു മറ്റുള്ളവരുടെ കയ്യിൽ നിന്നും എന്തേലും കിട്ടാൻ വേണ്ടി ആണെന്ന് അറിഞ്ഞിരുന്നേൽ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു..”
അവൾ അപ്പോഴാണ് മറ്റൊരു കാര്യം കൂടേ എന്നോട് പറഞ്ഞത്..
“അവളുടെ ഉമ്മാക് ഒരു മാറാ രോഗം ആയിരുന്നു..
അതിന് വേണ്ടി ചികിത്സ നടത്തി നടത്തിയാണ് അവളുടെ ഉപ്പ ന്റെ കയ്യിൽ,.. ഒന്നും ഇല്ലാതെ പോയത്… സ്വന്തം വീട് പോലും വിൽക്കേണ്ടി വന്നു…
അല്ലാതെ അവളുടെ ഉപ്പ ജീവിക്കാൻ അറിയാത്തവൻ ആയിരുന്നില്ല എന്ന്..
ഉപ്പയുടെ അഭിമാനം ആരുടെ മുന്നിലും പണയം വെക്കാറില്ല..
പക്ഷെ ഇത് എന്റെ കാര്യം ആയത് കൊണ്ടായിരിക്കാം ഉപ്പ ഇറങ്ങിയതെന്നും അവൾ പറഞ്ഞു..”
“മോളെ നിന്റെ പേര് എന്താണ്..”
“ഫൗസിയ…”
അവൾ പറഞ്ഞു..
“ഞാൻ ഒരു കാര്യം പറയാം നിന്റെ നിക്കാഹിനു വേണ്ടത് എന്താണേലും ഞാൻ എത്തിക്കാം.. മോൾക് ഇടേണ്ട പൊന്നും..
അന്നേക് വേണ്ട ഭക്ഷണവും എല്ലാം.. എല്ലാം എന്റെയും കൂട്ടുകാരുടെയും വക “
കയ്യിൽ അഞ്ചു പൈസ ഇല്ലങ്കിലും അങ്ങനെ പറയാനാണ് മനസിൽ തോന്നിയത്..
“വേണ്ട ഇക്കാ..
നിങ്ങൾ ആരാണെന്നു എനിക്കറിയില്ല..
എന്നെ കെട്ടാൻ പോകുന്നവൻ ഉപ്പയോട് എന്തോ പറഞ്ഞിരുന്നു.. എന്നെ കാണാൻ വന്ന ദിവസം…
പക്ഷെ എന്നോട് എന്റെ മോളെ ഒന്നും വേണ്ടാതെ യാണ് കെട്ടി കൊണ്ടു പോകുന്നതെന്നാണ് പറഞ്ഞിരുന്നത്…
ഇനി എനിക്കാ വിവാഹം വേണ്ട!….
എനിക്ക് എന്തേലും മഹർ മാത്രം തന്നു എന്നെ കെട്ടാൻ വരുന്നവൻ ആരേലും ഉണ്ടേൽ മാത്രം മതി എനിക്ക്..”
അവൾ അതും പറഞ്ഞു ഫോൺ വെച്ചു.. എന്നോട് അങ്ങോട്ട് ഒന്നും പറയാൻ സമ്മതിക്കാതെ…
ഫോൺ കട്ട് ചെയ്തപ്പോൾ ആയിരുന്നു വേണ്ടായിരുന്നു എന്ന് തോന്നിയത്.. മൂപ്പരുടെ വല്യ ഒരു ആഗ്രഹം ആയിരിക്കും ആ കല്യാണം.. അത് ഞാൻ ആയിട്ട് മുടക്കിയോ എന്നൊരു തോന്നൽ.. എന്റെ ഉള്ളിൽ നിറഞ്ഞു…
++++
രണ്ടു ദിവസം എന്റെ ഉള്ളിൽ ആ ഉപ്പയുടെ മുഖവും.. മോളെ ശബ്ദവും ഇടങ്ങേറ് തന്നെ ഉണ്ടാക്കി കൊണ്ടിരുന്നു..
അവസാനം ഒരു തീരുമാനം എടുത്തു ഉമ്മയുടെ അടുത്തേക് പോയി..
“ഉമ്മ എനിക്കൊരു കല്യാണം കഴിക്കണം..”
“ഉമ്മ പന്തം കണ്ട പെരുച്ചായിയെ പോലെ എന്നെ നോക്കി..”
അടുക്കളയിൽ ആ സമയം ഉണ്ടായിരുന്ന ഇത്തയുടെ മുഖത്തും അതെ ഭാവം….
പിന്നെ രണ്ടു പേരും ചിരിക്കാൻ തുടങ്ങി..
“ഹ ഹ ഹ ഹ…”
“ഇങ്ങള് രണ്ടാളും വല്ലാതെ ചിരിക്കേണ്ട…
ഇനി ചിരിച്ചാൽ നിങ്ങൾക് എന്റെ കല്യാണം കൂടാൻ പോലും പറ്റാതെ ഞാൻ ഒരു പെണ്ണിനെ ഈ വീട്ടിലേക് കൂട്ടികൊണ്ട് വരും..”
“ആഹാ..
Ksrtc ബ്രേക്ക് ഇട്ട പോലെ ഒറ്റയടിക്ക് ആ ചിരി അങ്ങോട്ട് നിന്നു..”
“അതെന്താടാ..കഴിഞ്ഞ ആഴ്ച കല്യാണം കഴിഞ്ഞു പോയ നിന്റെ ഓള് നിന്നെ തന്നെ വേണമെന്ന് പറഞ്ഞോ..”
ഉമ്മ ചോദിച്ചു..
“അതെന്തായാലും പറയൂല ഉമ്മ.
. ഈ കാണ്ടാമൃഗതേക്കാൾ നല്ലത് ഇപ്പൊ കൂടേ യുള്ള കാട്ടു പോത്ത് മതിയെന്നെ ഓള് ചിന്തിക്കൂ..”
ഇത്തയുടെ കൌണ്ടറിൽ ഉമ്മ വീണ്ടും ചിരിക്കാൻ തുടങ്ങി..
“ഇങ്ങള് ഞാൻ പറയുന്നതൊന്നു കേൾക്കുമോ..
എനിക്ക് ഒരാളെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്..
ഇങ്ങള് എന്റെ കൂടേ വരണം പെണ്ണ് ചോദിക്കാൻ..”
“ആഹാ അപ്പൊ ആളെ കണ്ടെത്തിയിട്ടുണ്ടല്ലേ.. അത് ഏതായാലും നന്നായി…
ഉമ്മാ ഉമ്മാന്റെ മോൻ റോമിയോ ആണെന്ന് തോന്നുന്നു.. ഒന്ന് പോയിട്ട് ഒരാഴ്ച ആയിട്ടില്ല അതിന് മുമ്പ് മറ്റൊന്നിനെ സെറ്റ് ആകിയിട്ടുണ്ട്..”
ഇത്ത എന്നെ വിടാൻ ഭാവമില്ലാതെ തീ കത്തിച്ചു കൊണ്ടിരുന്നു…
ഉമ്മ ഒന്ന് ആലോചിച്ചു..
ഞാൻ അവരോട് രണ്ടു ദിവസം മുന്നേ നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞു…
എല്ലാം കേട്ടപ്പോൾ അവർക്ക് പൂർണ്ണ സമ്മതം…
” ഉപ്പയോടും ഇക്കയോടും പറയണം..
അവർ വന്നാൽ വിവാഹം.. അവരുടെ സമ്മതം ഇത്തയും ഉമ്മയും വാങ്ങി തരും..
പക്ഷെ ഒരു കണ്ടീഷൻ..
നമ്മള് രാവിലെ മുതൽ ജോലിക് പോണം..”
അവര് എന്നെ വല്യ ഒരു ആപ് വെച്ചത് പോലെ പറഞ്ഞു…
എന്തേലും ആകട്ടെ ജോലിക് പോകാമെന്നു വാക് കൊടുത്തു..
അന്ന് വൈകുന്നേരം തന്നെ വീട്ടിൽ നിന്നും ഉമ്മയും ഇത്തയും ഞാനും അവരുടെ വീട്ടിലേക് ഇറങ്ങി…
അഡ്രസ് ആ കവറിൽ ഉണ്ടായിരുന്നത് കൊണ്ട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല..
വീടിനുമുന്നിൽ കുറച്ചു പേര് നിൽക്കുന്നുണ്ട്…
നാട്ടിലെ കാര്യപ്പെട്ട കാരണവന്മാർ ആണെന്ന് തോന്നുന്നു.. വെള്ളയും വെള്ളയും.. നല്ല ഉഷാർ തടിയൊക്കെ വെച്ച ആളുകൾ..
ഉമ്മയും ഇത്തയും ഞാനും കൂടേ ആ വീട്ടിലേക് കയറി ചെന്നു… അവിടെ ആർക്കേലും എന്തേലും സംഭവിച്ചോ എന്നായിരുന്നു മനസിൽ നിറയെ..
ആ ഉപ്പയുടെ മുഖവും… ആരുമില്ലാതെ ആയാൽ ഫൗസിയയുടെ അവസ്ഥയും മനസിലൂടെ മിന്നി മറഞ്ഞു പോയി…
ആ ഉപ്പ എന്നെ കണ്ടപ്പോൾ വേഗം എന്റെ അടുത്തേക് നടന്നു വന്നു… എന്റെ കൈകളിൽ പിടിച്ചു…
” മോനേ ….
എന്റെ മോളോട് ആരോ വിളിച്ചു പറഞ്ഞു ഉപ്പ ഓളെ കല്യാണത്തിന് നാട്ടുകാരുടെ മുന്നിൽ ഇരക്കുന്നുണ്ടെന്ന്…
ഓള് എന്റെ വാക് കേൾക്കാതെ കെട്ടാൻ പോണ ചെക്കനെ വിളിച്ചു പറഞ്ഞു അവൾക് ഈ വിവാഹത്തിന് താല്പര്യമില്ലന്ന്.
അതിന്റെ പുകിലിൽ ചോദിക്കാൻ വന്നതാണ് നാട്ടുകാരായ ഇവരൊക്കെ….”
ഞാൻ എന്ത് തെറ്റ് ചെയ്തിട്ട പടച്ചോൻ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് അറിയില്ലല്ലോ മോനേ.. അയാൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു തേങ്ങി..
“അല്ലേലും പെൺ കുട്ടികൾ ആയാൽ ഇത്രക് അഹങ്കാരം പാടുണ്ടോ …
.
നാട്ടുകാർ പിരിവെടുത്തു നടത്തുന്ന കല്യാണം ആണെന്ന് ഓർക്കാതെ.. നിലത്തൊന്നും അല്ലല്ലോ അവൾ..”
അവിടെ കൂടി നിന്നവരിൽ ഒരാൾ വളരെ ദേഷ്യത്തോടെ പറഞ്ഞു..
“ഇക്ക..
അവൾക് ഇഷ്ട്ടമല്ലേൽ പിന്നെ നിങ്ങൾക് എന്താണ് ഇതിൽ കാര്യം..
ഓളെ കാര്യം പറയാൻ നിങ്ങളെക്കാൾ അർഹത അവൾക്കല്ലേ…
ഇങ്ങള് ഈ കല്യാണം നടത്താൻ ഇനി ബുദ്ധിമുട്ടണ്ട… എന്റെ മോന് അവളെ വിവാഹം കഴിക്കാൻ സമ്മതമാണ്…
ഉമ്മ അയാളോട് പറഞ്ഞു കൊണ്ടു ഉപ്പയുടെ നേരെ തിരിഞ്ഞു..
ഇങ്ങക്ക് സമ്മതം ആണേൽ.. ഈ നിമിഷം എന്റെ മോന് നിക്കാഹ് ചെയ്തു കൊടുക്കാമെന്നു വാക് നൽകാം.. ഈ വിവാഹം നമ്മുടെ രണ്ടു വീട്ടിലുമായി ആഘോഷത്തോടെ തന്നെ നടത്തും…”
ഉമ്മ ഉപ്പയോട് പറഞ്ഞ വാക്കുകളിൽ അദ്ദേഹത്തിന്റെ സന്തോഷം കണ്ണുനീർ തുള്ളികളായി പുറത്തേക് ഒഴുകി..
എന്റെ മോളോട് ഒന്ന് ചോദിക്കട്ടെ ഞാൻ…
അദ്ദേഹം ഉമ്മയോടായി പറഞ്ഞു അവിടെ കൂടി നിൽക്കുന്നവരെ മൈൻഡ് ചെയ്യാതെ ഉള്ളിലേക്കു പോയി..
++++
നജീബ് വേഡ്സ് ഫൗസിയ..
എന്റെ മണിയറയിൽ അവളുടെ വരവും കാത്തു കിടക്കുമ്പോൾ എന്റെ നേരെ മുന്നിലെ ചുമരിലെ പോസ്റ്റർ നോക്കി ഞാൻ വായിച്ചു…
എന്റെ ഉള്ളിൽ ചിരി പൊട്ടി…
പക്ഷെ ആ ചിരിക് അൽപ്പയുസ്സ് ഉണ്ടായിരുന്നുള്ളു..
മണിയറയിൽ കയറുന്നതിനു മുമ്പ് ഉമ്മ പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ് നിറയെ..
മര്യാദക്ക് ഇത്തയുടെ കടയിൽ പോയിരുന്നിലേൽ അനക് ഈ വീട്ടിൽ ഇന്ന് മുതൽ ഫുഡില്ല..
അപ്പൊ ഓൾക്കോ.. എന്റെ മനസിൽ വന്ന ചോദ്യം അറിയാതെ പുറത്ത് വന്നു..
ഓള് എന്റെ മോളാ.. അതിനി മയ്യത്തായാലും ഓളെ അമ്മള് പൊന്നു പോലെ നോക്കും..
ആ സമയവും എന്റെ ഇത്ത എന്നെ നോക്കി ഇളിച്ചു കൊണ്ടു നിക്കുന്നുണ്ടായിരുന്നു…
“നജീബിന്റെ സ്വന്തം ഫൗസിയ…”
ബൈ
നൗഫു.. 😍😍😍