Story written by Ezra Pound
വീട്ടുജോലിയൊക്കെ തീർത്ത് നടുവൊന്നു നിവർത്തുമ്പോഴേക്കും നേരം രണ്ടുമണിയാവും..
കെട്യോന് സഹായിച്ചൂടെന്നൊക്കെ ചെലപ്പം ഇങ്ങക്ക് തോന്നും.. ഞമ്മക്കും തോന്നലിണ്ട്..
പക്ഷേങ്കില് അതോണ്ടൊന്നും കാര്യമില്ലാലോ.. മൂപ്പരിക്ക് തോന്നണ്ടേ.. പാവം ന്റെ പെണ്ണ് രാവിലെ തൊട്ട് കഷ്ടപ്പെടുവാ.. എന്തെലുമൊക്കെ സഹായിച്ചാലൊന്നൊക്കെ..
അതില്ലാത്തിടത്തോളം കാലം സഹിക്കന്ന്യേ..
എങ്ങിനെങ്കിലും മൂപ്പരെ അടുക്കളയിൽ കയറ്റാമെന്ന് കരുതി ക്ഷീണം അഭിനയിച്ചു കിടന്ന് നോക്കിയാലും വലിയ കാര്യമൊന്നുമില്ല..
‘വയ്യെങ്കി കിടന്നൊ.. വരുമ്പൊ പാർസൽ വാങ്ങിച്ചേക്കാം എന്നെ പറയുള്ളൂ..
ഹോട്ടൽ ഫുഡൊക്കെ എന്നും കഴിക്കാൻ പറ്റോ.. ഇങ്ങളന്നെ പറ.. അതോണ്ടന്നെ വയ്യെങ്കിലും വെച്ചുണ്ടാക്കും..
ഉച്ചകഴിഞ്ഞു പേരിനൊന്ന് കുളിച്ചൂന്നും വരുത്തി അയല്പക്കത്തൊട്ടെക്ക് ഇറങ്ങുന്നതാ ആകെയുള്ളൊരാശ്വാസം.. അതുമില്ലെങ്കി ശ്വാസം മുട്ടി മരിച്ചേനെ..
ഒരിക്കൽ അങ്ങനെങ്ങാനും ഞാന് മരിച്ചോയാല് ഇങ്ങള് വേറേ കെട്ടൊന്നു ചോയ്ച്ചപ്പോ ആ മനസ്സാക്ഷിയില്ലാത്തോൻ പറഞ്ഞത് കേക്കണോ.. ‘എന്റെ പൊന്നേ.. അതൊന്നും ഓർമ്മിപ്പിക്കല്ലേ ഒരണ്ണം കൊണ്ടന്നെ മതിയായീന്ന്..
ഇക്കറിയാം അതൊക്കെ വെർതെ പറയാണെന്ന്.. ആണല്ലേ വർഗം.. എന്തായാലും കെട്ടുമാരിക്കും.. ആ എന്തെലും ആവട്ട്..
അയലോക്കത്തൂന്ന് മടങ്ങുമ്പോഴേക്കും കെട്യോനെത്തീട്ടുണ്ടാവും.. അനക്ക് ഈന് മാത്രം മിണ്ടാനെന്താ ഉള്ളെ ന്ന് ചോയ്ക്കുമ്പം കളിയാക്കുന്ന താണെന്നറിയാവുന്നതോണ്ട് ഞാനൊന്നും മറുപടി പറയൂല..
എന്തോന്ന് മിണ്ടാനാ.. ആണുങ്ങളെപ്പോലെ അഫ്‌ഗാനിസ്ഥാനിന്ന് അമേരിക്ക പിന്മാറിയതോ മെസ്സി ക്ലബ് വിട്ടതൊ ഒന്നും ഞങ്ങള് പെണ്ണുങ്ങളെ ബാധിക്കൂല..
പുതുതായി തുടങിയ സൂപ്പർമാർക്കെറ്റിലെ ഓഫറിനെ പറ്റിയും സ്വർണ്ണത്തിന്റെ വിലയുടെ ഏറ്റക്കുറച്ചിലിനെ പറ്റിയും രാത്രി ഉണ്ടാക്കേണ്ട ഫുഡിനെ പറ്റിയുമൊക്കെ ആവും മിക്കപ്പോഴും ചർച്ച..
പിന്നെ ആരെലും ഒളിച്ചോടിയയിനെ പറ്റിയും ഫേസ്ബുക്കിലെ കഥകളെപ്പറ്റി യു മൊക്കെ പരാമർശങ്ങളുണ്ടാവും എന്നല്ലാതെ നിങ്ങളൊക്കെ കരുതുന്ന പോലേ പെണ്ണുങ്ങളൊന്നിച്ചു കൂടിയാ പരദൂഷണം പറച്ചിലൊന്നല്ല പണി..
അക്കൂട്ടത്തില് ആകപ്പാടെ മുഷിച്ചിലുണ്ടാക്കുന്നൊരു ചൊദ്യം ന്റെ കെട്യോൻ അടുക്കളേല് സഹായിക്കലുണ്ടോന്ന് ചോയ്ക്കുന്നതാ…
മൂപ്പരിക്ക് ഓഫീസിലെ തെരക്കൊഴിഞ്ഞിറ്റ് എവിടാ നേരം.. അല്ലങ്കിലും കുടുമ്മത്തിനും മാണ്ടി കഷ്ടപ്പെടുന്നോരെ അടുക്കളേല് കയറ്റുന്നത് തറവാട്ടിൽ പിറന്നൊരിക്ക് ചേരുന്നതല്ലാന്നൊക്കെ പറഞ് തടി സലാമത്താക്കും.. അല്ലാണ്ടെന്താ ചെയ്യാ..
ജീവിതത്തിലൊരിക്കലെങ്കിലും മൂപ്പരെ കൈകൊണ്ടു ഉണ്ടാക്കീതാണെന്നും പറഞോണ്ടു എന്തെലും സ്പെഷ്യല് അയലോക്കത്തുള്ളോരുടെ അണ്ണാക്കിലോട്ട് തള്ളിക്കൊടുക്കണ മെന്നൊക്കെ ആഗ്രഹിക്കാറുണ്ട്..
അങ്ങനെങ്കിലും ഓലുടെ വായടപ്പിക്കാലോ..
എല്ലാരിക്കും ജീവിതത്തില് നല്ലൊരു വീട് കാറ് ഒക്കല്ലേ സ്വപ്‍നണ്ടാവാ.. മ്മടെ സ്വപ്നം കെട്യോന്റെ കയ്യോണ്ട് വെച്ചുണ്ടാക്കുന്ന ഫുഡ് കൈക്കുന്നതാരുന്നു..
ഇങ്ങനുള്ളൊരാളെ എന്തിനാ സഹിക്കുന്നെന്ന് നിങ്ങക്കൊക്കെ തോന്നുന്നുണ്ടാവും.. മൂപ്പരെ ഞാന് ഉപേക്ഷിച്ചു പോയിറ്റ് അങ്ങനിപ്പം മൂപ്പര് സന്തോഷിക്കണ്ട.. അല്ലപിന്നെ..
‘ഡീ എന്തൊരുറക്കാ ഇത്.. ഒന്നെഴുന്നേറ്റെ.. വന്ന് വല്ലതും കഴിച്ചിട്ട് കിടക്കെടീ..
നിസ്കാരപ്പായേല് കിടന്നങ്ങനെ ഉറങ്ങിപ്പോയതാരുന്നു.. മൂപ്പരെ ശബ്ദം കേട്ടൊണ്ടാണ് കണ്ണുതുറന്നെ..
മൂപ്പരെ പിറകേ ഡൈനിങ് ഹാളിലേക്ക് ചെന്നപ്പം കണ്ട കാഴ്ച..
ന്റെ ഹോജരാജാവായ തമ്പുരാനെ.. മേശമ്മല് നെറച്ചും വിഭവങ്ങള്.. അരിപ്പത്തിരി.. നെയ്ച്ചോറും ബീഫും.. കോയി പൊരിച്ചത്…
അള്ളോഹ്.. സന്തോഷാധിക്യം കൊണ്ട് വീണു പോവൂന്ന് തോന്നിയപ്പം ചുവര്മ്മല് മുറുകെ പിടിച്.. അപ്പത്തന്നെ മൂപ്പരെന്നെ കസേരമ്മല് പിടിച്ചിരുത്തി..
പ്ലേറ്റ് മുമ്പില് വെച്ചു ഓരോന്നായി വെളമ്പിത്തന്നപ്പം സത്യം പറയാലോ കണ്ണീരങ്ങനെ ഒഴുകി ഒഴുകി വീഴുവാരുന്നു..
ഇത്രേമൊക്കെ വെള്ളം ഈ കുഞ്ഞിക്കണ്ണിനുള്ളിൽ ഉണ്ടെനോ.. ഉണ്ടേരിക്കും..
ഇങ്ങളിരിക്കുന്നില്ലെന്നു ചോയ്ച്ചപ്പം ഇയ്യ് കൈച്ചിട്ടു കൈച്ചോളാന്നും കൂടി പറഞ്ഞപ്പം ഇരുന്ന ഇരിപ്പിലങ്ങട് മരിച്ചാലും വേണ്ടീലാന്ന് തോന്നിപോയി..
ഇന്നലെ വരേം ഒരു പ്ലേറ്റ് പോലും കൈകൊണ്ട് കഴുകാത്ത മനുഷ്യനാണ്… പടച്ചോന്റെ ഖുദ്റത്ത്.. അല്ലാണ്ടിപ്പം എന്താ പറയാ..
പൊരിച്ച കോയിന്റെ കാലെടുത്തു കടിക്കുമ്പം സന്തോഷം കൊണ്ടാവണം കണ്ണ് പിന്നെം നിറഞ്..
‘എരുവ് കൂടിയോ.. ന്റെ കണ്ണ് നിറഞ്ഞപ്പം മൂപ്പരു ചോയ്ക്കാണ്..
മീൻമുറിക്കുമ്പം കൈമുറിഞ്ഞിട്ട് രണ്ടീസം വിരലനക്കാൻ പറ്റാണ്ട് മൂപ്പരെ മുമ്പിലൂട്ടേ നടന്നപ്പോളും അന്റെ കയ്‌ക്കെന്താ പറ്റിയെന്ന് ചോയ്ക്കാത്ത മൻഷനാണിത്.. ബല്ലാത്ത ഹിക്മത്തന്നെ..
ഓരോന്നോർത്തിട്ടെരിക്കും കൈച്ചോണ്ടിരിക്കുമ്പം ഭക്ഷണം തൊണ്ടേല് കുരുങ്ങി.. ശ്വാസം കിട്ടുന്നീല.. ആഞ്ഞു വലിച്ചോന്നൂടെ ചുമച്ചപ്പളാ ശരിയായെ.. ആവൂ.. രക്ഷപ്പെട്ട്..
‘ഇയ്യ് ഇങ്ങനെ കൊരച്ചും കൊണ്ട് മനുഷ്യന്റെ ഒറക്കം കളയാനും മാണ്ടി ഇറങ്ങീതാണൊ’ന്നും ചോയ്ച്ചോണ്ടു മൂപ്പര് പൊതപ്പ് വലിച്ചു മോന്തമ്മലേക്കിട്ട് ചെരിഞ്ഞങ്ങട് കെടന്ന്..
അപ്പോ ഇത്രെം നേരം കണ്ടതൊക്കേം കിനാവാരുന്നോ..
എന്തൊക്കെയാരുന്നു.. നെയ്‌ച്ചോറ് ബീഫ്.. മണ്ണാങ്കട്ട..
അല്ലേലും മ്മക്കിതെ വിധിച്ചിട്ടുള്ളൂ.
നല്ലൊരു കിനാവ് നശിപ്പിച്ച പിശാചിനെ തൊഴിച്ചു താഴെയിട്ടാലൊന്നു തോന്നിയതേനും..
വല്ലതും പറ്റിയാല് അതും ഞാൻതന്നെ ചുമക്കേണ്ടെന്നോർത്തു ക്ഷമിച്ചതാ.