എന്താ ചേട്ടാ..അവനു എന്തെങ്കിലും പ്രശ്നമുണ്ടോ..? വയ്യായ്ക എന്തെങ്കിലും ഉണ്ടോ..? അഥവാ എന്തെങ്കിലും ഉണ്ടെങ്കിലും ഈ ചെറുക്കൻ ഒരു വാക്കു പോലും നമ്മളോട് പറയില്ലല്ലോ……

ഈ നേരവും കടന്ന് പോകും

എഴുത്ത്:-ആമി

”  ജലജേ.. ജലജേ… “

ഉമ്മറത്തു നിന്ന് ഭർത്താവ് വിളിക്കുന്നത് കേട്ട് ജലജ വേഗത്തിൽ തന്നെ അടുക്കളയിൽ നിന്ന് അവിടേക്ക് ചെന്നു.

” എന്താ രാമേട്ടാ..എന്തിനാ ഇങ്ങനെ വിളിക്കുന്നത്..? എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണി ഉണ്ടെന്ന് രാമേട്ടനു അറിയില്ലേ..? ഇങ്ങനെ മിനിറ്റിന് മിനിറ്റിന് എന്നെ വിളിച്ചു കൊണ്ടിരുന്നിട്ട് സമയത്ത് ഊണ് റെഡിയായില്ലെങ്കിൽ അതിനും എനിക്ക് ആയിരിക്കും കുറ്റം.”

തന്റെ ജോലിയിൽ തടസ്സം ചെയ്തതിന് ദേഷ്യപ്പെട്ട് കൊണ്ടാണ് അവർ പുറത്തേക്ക് വന്നത്. പക്ഷേ ഉമ്മറത്തിരിക്കുന്ന ഭർത്താവിന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ കാര്യമായ എന്തോ ഒരു പ്രശ്നമുണ്ടെന്ന് അവർക്ക് തോന്നി.

“എന്താ രാമേട്ടാ… എന്താ പറ്റിയത്..? “

അയാളുടെ അടുത്തേക്ക് ഇരുന്നു കൊണ്ട് ആശങ്കയോടെ അവർ അന്വേഷിച്ചു.

” ജലജ..നമ്മുടെ മോൻ വിളിച്ചിട്ടുണ്ടായിരുന്നു.”

അത് കേട്ടപ്പോൾ അവരുടെ മുഖം വിടർന്നു.

” എന്നിട്ട് എനിക്ക് ഫോൺ തന്നില്ലല്ലോ.. അവൻ തിരക്കായിരുന്നോ..? കുറച്ചു കഴിയുമ്പോൾ വിളിക്കും ആയിരിക്കും അല്ലേ..? “

അവർ ഫോൺ എടുത്തു നോക്കിക്കൊണ്ട് പ്രതീക്ഷയോടെ പറഞ്ഞു.

” ഇല്ല. അവൻ ഇന്നിനി വിളിക്കാൻ സാധ്യതയില്ല.”

അയാൾ വല്ലാത്തൊരു ഭാവത്തിൽ അത് പറഞ്ഞപ്പോൾ അവർക്ക് ചെറിയൊരു ഭയം തോന്നി.

“എന്താ ചേട്ടാ..അവനു എന്തെങ്കിലും പ്രശ്നമുണ്ടോ..? വയ്യായ്ക എന്തെങ്കിലും ഉണ്ടോ..? അഥവാ എന്തെങ്കിലും ഉണ്ടെങ്കിലും ഈ ചെറുക്കൻ ഒരു വാക്കു പോലും നമ്മളോട് പറയില്ലല്ലോ. മുൻപൊരിക്കൽ ഇതുപോലെ പനി വന്ന് അവൻ ആശുപത്രിയിൽ കിടന്നിട്ട് വരെ നമ്മളാരും അറിഞ്ഞില്ല. അവന്റെ ഒരു കൂട്ടുകാരൻ പറഞ്ഞിട്ടല്ലേ നമ്മൾ വിവരം അറിഞ്ഞത്..? അതുപോലെ എന്തെങ്കിലും ആണോ ഇത്തവണയും..?”

പരിഭവം നിറഞ്ഞ സ്വരത്തിൽ അവർ അന്വേഷിച്ചു.

“അതല്ല ജലജ.. അവന്റെ ജോലി പോയി..”

ആ വാർത്ത കേട്ടപ്പോൾ ഒരു നിമിഷം അവരൊന്നു പകച്ചു പോയി.

“അയ്യോ അവന് നല്ല വിഷമമായി കാണുമല്ലോ.. ഈ ജോലി നല്ലതാണെന്ന് പറഞ്ഞ് നല്ല പ്രതീക്ഷയിൽ ആയിരുന്നു അവൻ. എന്തു പറ്റി ആവോ പെട്ടെന്ന് ഇങ്ങനെ..”

അവർ വിഷമത്തോടെ ചോദിച്ചു.

“കമ്പനിക്ക് എന്തോ സാമ്പത്തികമാന്ദ്യം ആണെന്നാണ് പറഞ്ഞത്.കുറേ സ്റ്റാഫുകളെ പിരിച്ചു വിടുന്നുണ്ടത്രേ. നിർഭാഗ്യവശാൽ ആ കൂട്ടത്തിൽ ഇവനും ഉണ്ട്. ആകെ വിഷമത്തിലാണ് അവൻ വിളിച്ചു പറഞ്ഞത്.”

മകന്റെ അവസ്ഥയെടുത്ത് അവർക്ക് വല്ലാത്ത ദുഃഖം തോന്നി.

“എന്നിട്ട് നിങ്ങൾ മോനോട് എന്താ പറഞ്ഞത്..?”

അവർ ആകാംക്ഷയോടെ അന്വേഷിച്ചു.

“ഞാനെന്തു പറയാൻ..? എത്രയും പെട്ടെന്ന് നാട്ടിലേക്ക് കയറി പോരാൻ പറഞ്ഞിട്ടുണ്ട്. വിസ ഒന്നുമില്ലാതെ അവിടെ നിൽക്കാൻ പറ്റില്ലല്ലോ. നാട്ടിൽ വന്നിട്ട് എന്തെങ്കിലും നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്..”

അയാൾ പറഞ്ഞത് കേട്ടപ്പോൾ അവരുടെ മുഖം തെളിഞ്ഞു.

” അത് ഏതായാലും നന്നായി. അവൻ വന്നാലും ജോലി പോയതിനെക്കുറിച്ച് അവനോട് ഒന്നും ചോദിക്കുകയും പറയുകയും ഒന്നും വേണ്ട. അവന്റെ സമാധാനം ഇല്ലാതെയാകും. “

ഭർത്താവിന്റെ അതേ അഭിപ്രായം തന്നെയായിരുന്നു അവർക്കും.

കുറച്ചു ദിവസങ്ങൾക്കകം മകൻ നാട്ടിലേക്ക് എത്തി. ആകെ നിരാശനായിട്ടാണ് അവൻ വീട്ടിലേക്ക് കയറി വന്നത്. അച്ഛനെയും അമ്മയുടെയും മുഖത്തു നോക്കാൻ പോലും അവന് ബുദ്ധിമുട്ടുള്ളതു പോലെ തോന്നിച്ചു.

വന്നതിനു ശേഷം മുറിക്ക് പുറത്തു പോലും ഉറങ്ങാതെ അവിടെത്തന്നെ ഇരിക്കുന്ന മകനെ അച്ഛനും അമ്മയും സങ്കടത്തിലാണ് നോക്കിയത്.

” നീ എന്തിനാടാ ഇങ്ങനെ മുറിക്കകത്ത് അടച്ചിരിക്കുന്നത്..? “

അമ്മ അവന്റെ മുറിയിലേക്ക് കയറി ചെന്നുകൊണ്ട് ചോദിച്ചു.

“എനിക്ക് ആരെയും ഫേസ് ചെയ്യാൻ പോലും പറ്റുന്നില്ല അമ്മ.. ഉണ്ടായിരുന്ന ജോലിയും ഇല്ലാതെ ഈ വീട്ടിൽ ഇങ്ങനെ വന്നിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല.”

സങ്കടത്തോടെ അവൻ പറഞ്ഞത് കേട്ടപ്പോൾ അമ്മയ്ക്കും വിഷമം തോന്നി.

” മോൻ വിഷമിക്കേണ്ട. ഗൾഫിൽ മാത്രമല്ലല്ലോ ജോലി ഉള്ളത്.. നമ്മുടെ നാട്ടിലും ജോലിയുണ്ട്. മോൻ ശ്രമിച്ചാൽ നല്ലൊരു ജോലി കണ്ടുപിടിക്കാൻ പറ്റും. അതോടെ ഇപ്പോഴത്തെ വിഷമമൊക്കെ മാറി കിട്ടും. ഇങ്ങനെ അടച്ചു പൂട്ടി വിഷമിച്ചിരുന്ന് കഴിഞ്ഞാൽ, അത് കണ്ടുനിൽക്കുന്ന ഞങ്ങൾക്ക് എത്രത്തോളം വിഷമം ഉണ്ടാകും എന്ന് നിനക്കറിയാമോ..? “

അമ്മ ചോദിച്ചപ്പോൾ അവൻ സങ്കടത്തോടെ തലകുനിച്ചു.

“അമ്മയ്ക്ക് ഒരു കാര്യം അറിയാമോ..? കഴിഞ്ഞ തവണയൊക്കെ ഞാൻ ലീവിന് വന്നപ്പോൾ ഇവിടെ നിന്ന് ഇറങ്ങാതെ നടന്നതാണ് എന്റെ കൂട്ടുകാർ പലരും.ഞാൻ വരുന്ന അന്ന് ഇവിടേക്ക് വന്നു കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അല്ലാതെ സ്വന്തം വീട്ടിലേക്ക് പോലും അവർ പോകില്ലായിരുന്നു.അങ്ങനെ നടന്നവരിൽ ഏതെങ്കിലും ഒരാൾ ഇത്തവണ ഞാൻ വന്നിട്ട് ഇവിടേക്ക് തിരിഞ്ഞു നോക്കിയോ..? ഞാൻ ജോലി പോയിട്ടാണ് വരുന്നത് എന്ന് ഞാൻ അവിടെ നിന്ന് വരുന്നതിനു മുൻപ് തന്നെ അവരോട് ഞാൻ പറഞ്ഞിരുന്നു. അവർക്ക് അതോടെ ഒന്നും കിട്ടില്ലെന്ന് ഉറപ്പായിട്ടുണ്ടാകും.അതുകൊണ്ടാകും എന്നെ കാണാൻ വരാത്തത്. എല്ലാവർക്കും ഞാൻ ഒരു വെറുക്കപ്പെട്ടവൻ ആയി. എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും ഒക്കെ കിട്ടാനുണ്ടായിരുന്ന സമയത്ത് എല്ലാവർക്കും ഞാൻ പ്രിയപ്പെട്ടവൻ ആയിരുന്നു. ഇപ്പോൾ കണ്ടില്ലേ ആരുമില്ല..”

അവൻ പറയുന്നതൊക്കെ വാസ്തവമാണെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു.

” പോട്ടെടാ. നീ അതൊന്നും ആലോചിച്ചു മനസ്സു വിഷമിപ്പിക്കേണ്ട. ഇങ്ങനെ യൊരു അവസരം വന്നതുകൊണ്ട് എല്ലാവരുടെയും യഥാർത്ഥ മുഖം എന്താണെന്ന് നിനക്ക് മനസ്സിലായില്ലേ..? ഇനി അതിനനുസരിച്ച് പെരുമാറിയാൽ മതി.  മോൻ എഴുന്നേറ്റ് വന്ന് ആഹാരം കഴിക്ക്.. “

സ്നേഹത്തോടെയും വാത്സല്യത്തോടെയും പറഞ്ഞു കൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി.

പിറ്റേന്ന് രാവിലെ അച്ഛൻ എവിടേക്ക് പോകുന്നത് കണ്ടു കൊണ്ടാണ് മകൻ പുറത്തേക്ക് വരുന്നത്.

” അച്ഛൻ എവിടെക്കാ അമ്മ പോയത്..? “

അവൻ അന്വേഷിച്ചു.

” മോൻ എഴുന്നേറ്റോ..? അച്ഛൻ,അച്ഛന്റെ കൂട്ടുകാരൻ സജീവേട്ടൻ ഇല്ലേ.. ആളുടെ കൂടെ പെയിന്റിന്റെ പണിക്ക് പോയതാണ്. “

അമ്മ പറഞ്ഞപ്പോൾ അവനു വല്ലാത്ത വിഷമം തോന്നി.

“അച്ഛന് സുഖമില്ലാത്തതല്ലേ അമ്മ..? എന്നിട്ടും എന്തിനാ അച്ഛനെ പോകാൻ സമ്മതിച്ചത്..?”

സങ്കടത്തോടെ അവൻ ചോദിച്ചപ്പോൾ അവനെ വിഷമിപ്പിക്കാതിരിക്കാൻ അവർ പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞു.

” അച്ഛൻ ഇപ്പോൾ ഭേദമായില്ലേ മോനെ.. പിന്നെ പണിക്കൊന്നും പോകാതിരുന്നാൽ നമ്മുടെ ലോൺ അടക്കണ്ടേ..? ലോൺ എടുത്തിട്ടല്ലേ നമ്മൾ വീട് വെച്ചത്..? അത് കൃത്യമായി അടച്ചില്ലെങ്കിൽ പിന്നെ വലിയൊരു തുകയാകും. “

അമ്മ പറഞ്ഞപ്പോൾ അവന് കുറ്റബോധം തോന്നി.

” എന്റെ ജോലിയിൽ ഒന്ന് സെറ്റ് ആകുന്നത് വരെ വീട് വയ്ക്കേണ്ട എന്ന് നിങ്ങളൊക്കെ പറഞ്ഞിട്ടും കേൾക്കാതെ ഞാൻ ഇത്രയും വലിയൊരു ബാധ്യത എടുത്തു വെച്ചത് മണ്ടത്തരമായി പോയി.. അല്ലേ അമ്മ..? “

ദൈന്യതയോടെ അവൻ ചോദിക്കുന്നത് കേട്ടപ്പോൾ അമ്മയ്ക്കും സങ്കടം തോന്നി.

” നീ അങ്ങനെയൊന്നും ചിന്തിക്കേണ്ട. അന്ന് അങ്ങനെ ലോണെടുത്ത് ചെയ്തത് കൊണ്ട് നല്ലൊരു വീടായില്ലേ..? അല്ലെങ്കിൽ നമ്മൾ ഒരിക്കലും നല്ലൊരു വീട് വയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കില്ലായിരുന്നല്ലോ. പിന്നെ ഈ ലോൺ ഒക്കെ നമ്മൾ ഒരുമിച്ച് നിന്നാൽ അടച്ചു തീർക്കാവുന്നതല്ലേ ഉള്ളൂ.. “

അമ്മ ആശ്വാസ വാക്കുകൾ പറയുന്നുണ്ടെങ്കിലും അത് അവന്റെ ഉള്ളിലെ തീയെ അണയ്ക്കാൻ പോന്നതായിരുന്നില്ല.

” പിന്നെ മോനെ… നാളെ മുതൽ അമ്മ തൊഴിലുറപ്പിന് പോകുന്നുണ്ട്. മോൻ എതിരൊന്നും പറയാൻ നിൽക്കണ്ട. “

അത്രയും പറഞ്ഞു ചിരിച്ചുകൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോകുമ്പോൾ തന്നെ ഇത്രയും പിന്തുണയ്ക്കുന്ന ഒരു കുടുംബത്തെ കിട്ടിയതിന് ദൈവത്തോട് നന്ദി പറയുകയായിരുന്നു അവൻ..!

“എന്നാലും ജലജേച്ചിടെ അവസ്ഥ ഒന്ന് നോക്കണേ.. നാട്ടിൽ നിന്ന് കടം വാങ്ങി മോനെ ഗൾഫുകാരൻ ആക്കി. അതോടെ രക്ഷപ്പെടും എന്നാണ് കരുതിയത്. ഇപ്പോൾ ഉള്ള ജോലിയും പോയി മോൻ വീട്ടിൽ ഉണ്ട്.. കഷ്ടം തന്നെ അല്ലേ..?”

തൊഴിലുറപ്പ് സ്ഥലത്ത് രമ പറഞ്ഞപ്പോൾ ജലജ ചിരിച്ചു.

” അവന്റെ ജോലി പോയി അവൻ നാട്ടിൽ വന്നു എന്നുള്ളത് സത്യം തന്നെ. പക്ഷെ ഈ സമയത്തു അവനെ കുറ്റപ്പെടുത്തുകയല്ല, ചേർത്ത് പിടിക്കുകയാണ് വേണ്ടത്. ഇതൊക്കെ മനുഷ്യന്റെ ഓരോ അവസ്ഥയല്ലേ.. ഈ സമയവും കടന്ന് പോകും..!!”

അതേ.. ഈ സമയവും കടന്ന് പോകും.. അവരുടെ ആ പ്രത്യാശ അതാണ് ആ ജീവിത വിജയവും..!!

Leave a Reply

Your email address will not be published. Required fields are marked *