കാത്തിരിപ്പ്…
എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
മായ തലയിൽ ഇട്ടിരുന്ന ഷാൾ മെല്ലെ മാറ്റി, നിലാവെളിച്ചത്തിൽ മുടികൾ കൊഴിഞ്ഞു പോയ തല കണ്ണാടിയിൽ കണ്ടപ്പോൾ ഉള്ളിൽ ഒരു വേദന, അവൾ മെല്ലെ തലയിൽ കൈ ഓടിച്ചു , അവളറിയാതെ തന്നെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി തുടങ്ങി…
ഷാൾ വീണ്ടും തലയിൽ ഇട്ടിട്ട് കുറച്ചുനേരം കണ്ണാടിയുടെ മുന്നിൽ നിന്നു. മുഖത്തേക്ക് സൂക്ഷിച്ചു നോക്കി തൊലിയൊക്കെ പോയി ഒരു വികൃതരൂപം ആയിരിക്കുന്നു. അവൾ കൈകളിലേക്ക് നോക്കി കയ്യിലും അതുപോലെ തന്നെ ചിലയിടത്തു തൊലികൾ പോയിട്ടുണ്ട് അവിടെ ചെറുതായി രക്തം പൊടിഞ്ഞിരിക്കുന്നു….
” ഈ കോലത്തിൽ റാം കണ്ടാൽ അപ്പോൾ തന്നെ സ്ഥലം വിടും ” അവൾ മനസ്സിൽ ഓർത്തു, രാത്രി എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല..മനസ്സ് നിറയെ നാളെ റാമിനെ കാണുന്നതിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. റാം വരുന്നത് കൊണ്ട് തന്നെ വീട്ടിൽ ഉണ്ടായിരുന്ന ജോലിക്കാരിയോട് ലീവ് എടുക്കാൻ പറഞ്ഞു, റാം വരുമ്പോൾ അവർക്ക് ഇടയിൽ ആരും വേണ്ട എന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു…
മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ മായയ്ക്ക് ആകെ ഉള്ള ആഗ്രഹം ആണ് റാമിനെ കാണാനും അൽപ്പസമയം ഒപ്പം ചിലവഴിക്കാനും… അസുഖം വന്ന് കിടപ്പിലായപ്പോൾ ആണ് പലരുടെയും യഥാർത്ഥ മുഖങ്ങൾ അവൾ തിരിച്ചറിയുന്നത്. പക്ഷെ റാം പലപ്പോഴും അവളെ അത്ഭുതപ്പെടുത്തി.തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥമായി സ്നേഹിക്കാൻ അറിയുന്നവൻ, ദേഹമാസക്കാലം കീറി മുറിയുന്ന വേദനയിലും ഒരു ആശ്വാസം റാം മാത്രമായിരുന്നു….
ഇതുവരെ നേരിട്ട് കണ്ടിട്ടില്ലത്ത് ഒരു സുഹൃത്ത്, അല്ല അയ്യാൾ ഒരു സുഹൃത്ത് മാത്രമല്ല വേറെന്തൊക്കെയോ ആണ് അവൾക്ക്, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആത്മബന്ധം ഇതിനോടകം തന്നെ അവർക്കിടയിൽ ഉടലെടുത്തു.നേരിട്ട് കാണാൻ ഉള്ള ആഗ്രഹം പലപ്പോഴും റാം പറഞ്ഞിട്ടുണ്ട് എങ്കിലും അവൾ ഒഴിഞ്ഞു മാറിവരുക ആയിരുന്നു.. ഇന്നിപ്പോൾ അവളും ആഗ്രഹിക്കുന്നുണ്ട് ആ സാമിപ്യം, അതാണ് ഈ മോശം അവസ്ഥയിലും അവനെ കാണണം എന്ന് പറഞ്ഞത്…
ഓരോന്ന് ആലോചിച്ചു ആലോചിച്ചു അവൾ എപ്പോഴോ ഉറങ്ങിപ്പോയി… തുടർച്ചയായ കാളിങ് ബെൽ കേട്ടാണ് മായ ഉണർന്നത്. മൊബൈൽ എടുത്തു നോക്കിയപ്പോൾ സമയം ആറായിരിക്കുന്നു.. ഇത്ര രാവിലെ തന്നെ റാം എത്തിക്കാണുമോ അതോ ഇനി മറ്റാരെങ്കിലും ആകുമോ.. അവൾ എഴുന്നേറ്റ് ഷാൾ തലയിൽ ഇട്ടുകൊണ്ട് വാതിലിന്റെ അടുക്കലേക്ക് നടന്നു…
വാതിൽ തുറന്നപ്പോൾ തന്റെ മുന്നിൽ ഒരു പുഞ്ചിരിയുമായി നിൽക്കുന്ന ആളിനെ കണ്ട് മായ അറിയാതെ വിളിച്ചു… “റാം”…. പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ അവൾ റാമിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു,.പിന്നെ ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി, മെല്ലെ അവൾ അവന്റ അരികിലേക്ക് ചേർന്ന് നിന്നു, റാം മായയെ തന്നിലേക്ക് പിടിച്ച് അടുപ്പിച്ചു… മായ റാമിന്റെ നെഞ്ചിലേക്ക്ചാഞ്ഞു അവൻ മായയെ ചേർത്ത് പിടിച്ചു നിന്നു….
അൽപ്പം സമയം അങ്ങനെ നിന്ന ശേഷം മായ അവന്റെ കരവയലത്തിൽ നിന്ന് മാറി വീണ്ടും ആ മുഖത്തേക്ക് നോക്കി നിന്നു…
” ന്താടോ ഇങ്ങനെ നോക്കുന്നത്, വീട്ടിലേക്ക് ഒരാൾ വരുമ്പോൾ ഒന്ന് ഇരിക്കാൻ എങ്കിലും പറയ്… “
അത് പറഞ്ഞുകൊണ്ട് റാം അടുത്ത് കിടന്ന സെറ്റിയിൽ ഇരുന്നു, ഒപ്പം മായയെയും അടുത്ത് ഇരുത്തി.. അവൻ മായയുടെ കയ്യിൽ മെല്ലെ തലോടി, തൊലികൾ പൊട്ടി ഇരിക്കുന്ന ആ കൈകൾ മെല്ലെ ചുണ്ടിലെക്ക് അടുപ്പിച്ചു…മായ റാമിന്റെ തോളിലേക്ക് തല ചായ്ച്ച് ഇരുന്നു… റാം അവളുടെ മുഖം പിടിച്ചു ഉയർത്തി. അവന്റെ കണ്ണുകളിലെ പ്രണയം അവൾ കണ്ടു… തലയിൽ കിടന്ന ഷാൾ മാറ്റി മുടികൾ കൊഴിഞ്ഞു പോയ ആ തലയിൽ അവൻ ഒരു ചുംബനം നൽകി… മായ കണ്ണുകൾ അടച്ചു കൊണ്ട് വീണ്ടും അവന്റ നെഞ്ചിലെക്ക് ചാഞ്ഞു..
” അതെ , ഒരുപാട് യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ,, റാം ഒന്ന് ഫ്രഷ് ആയിക്കോളു.. ഞാനും ഒന്ന് ഫ്രഷ് ആകട്ടെ… ദേ അവിടെയാണ് ബാത്‌റൂം… “
ബാത്‌റൂം ചൂണ്ടികാണിച്ചു കൊണ്ട് മായ റാമിന്റെ അടുക്കൽ നിന്ന് എഴുനേറ്റു.. മായ അവളുടെ മുറിയിലേക്ക് പോകുന്നത് റാം നോക്കിയിരുന്നു.. മായ പോയി കഴിഞ്ഞ ശേഷം റാം പോയി കുളിച്ചു ഫ്രഷ് ആയി..മായ തിരികെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നപ്പോഴേക്കും കൈകളിൽ ഓരോ കപ്പ് കാപ്പിയുമായി റാം കാത്ത് നിൽക്കുന്നുണ്ടായിരുന്നു… അതിൽ ഒരു കപ്പ് മായയ്ക്ക് നേരെ നീട്ടി… അവൾ ചെറു പുഞ്ചിരിയോടെ അത് വാങ്ങി പുറത്തേക്ക് നടന്നു ഒപ്പം റാമും…
” മുറ്റത്തെക്ക് ഇറങ്ങേണ്ട മായ… മഞ്ഞ് മാറിയിട്ടില്ല, ഇനി പനി പിടിപ്പിക്കണ്ട… “
” അത് സാരമില്ല റാം… അൽപനേരം നമുക്ക് ആ ഊഞ്ഞാലിൽ ഇരിക്കാം… “
മായ റാമിന്റെ കയ്യും പിടിച്ച് മുറ്റത്തേക്ക് നടന്നു, അനുസരണയുള്ള കുട്ടിയെ പോലെ റാമും പുറകെ നടന്നു.. മുറ്റത്തെ ഒരു കോണിൽ ഇട്ടിരുന്ന ഊഞ്ഞാലിൽ മായ റാമിനൊപ്പം ഇരുന്നു… മുറ്റത് വിരിഞ്ഞു നിൽക്കുന്ന റോസാ പൂവുകൾക്ക് പതിവിലും കൂടുതൽ സൗന്ദര്യം ഉള്ളത് പോലെ…
” മതി മായ അകത്തേക്ക് പോകാം ഒരുപാട് നേരം ഇങ്ങനെ ഇരുന്ന് മഞ്ഞ് കൊള്ളണ്ടാ… “
” എനിക്ക് വയ്യെന്ന് പറയുമ്പോൾ ന്റെ അടുക്കൽ ഇരിക്കാൻ കൊതിക്കുന്ന ആളല്ലേ ഇനിയിപ്പോയെങ്ങാനും പനി പിടിച്ചാൽ അടുത്ത് ഇരുന്ന് ആശതീർത്തോളു മോനെ ദിനേശാ… “
മായ ചിരിച്ചു കൊണ്ട് പറയുമ്പോഴും ഇടയ്ക്ക് ശബ്ദം മുറിച്ച് കയറി വരുന്ന ചുമയെ അവൾ അടക്കി നിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.. അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ റാം ഒരുപാട് സംസാരിക്കാതെ അവളുടെ കൈകൾ മെല്ലെ തടവി അടുത്ത് തന്നെ ഇരുന്നു…
” ഇങ്ങനെ ഇരുന്നാൽ മതിയോ ന്തേലും കഴിക്കട്ടെ, അതോ ഇപ്പോൾ ഒന്നും കഴിക്കാറില്ലേ…. “
” എനിക്ക് വിശപ്പ് ഇല്ല റാം…. ഉണ്ടേലും ഒന്നും കഴിക്കാൻ വയ്യ വായിലും തൊണ്ടയിലും തൊലി ഒന്നും ഇല്ല,.. “
അത് പറയുമ്പോൾ മായയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
” താൻ വാ ജ്യൂസ് ന്തേലും ഉണ്ടാക്കി തരാം… “
റാം എഴുനേറ്റ് മായയെയും ചേർത്ത് പിടിച്ചു വീട്ടിലേക്ക് നടന്നു… അടുക്കളയിൽ ചെന്ന് മായാക്കായി ജ്യൂസ് ഉണ്ടാക്കുമ്പോൾ അവന്റ പ്രവർത്തികൾ നോക്കി അവൾ അടുക്കളയിൽ ഒരു കസേരയിട്ട് ഇരുന്നു…
മാതാപിതാക്കൾ മരിച്ചശേഷം തനിക്ക് വേണ്ടി സന്തോഷത്തോടെ കുറച്ചു സമയം മാറ്റി വയ്ക്കാൻ ഒരാളെങ്കിലും ഉണ്ടാകുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. അല്ലെങ്കിലും ചിലർ ജീവിതത്തിലേക്ക് കടന്ന് വരുന്നത് വളരെ അപ്രതീക്ഷിതമായിരിക്കുമെന്ന് ആരോപറഞ്ഞത് അവൾ ഓർത്തു…
” ന്താ ഇരുന്നു സ്വപ്നം കാണുന്നത്, ദേ ഈ ജ്യൂസ് കുടിച്ചേ…. “
റാം ഒരുഗ്ലാസ് ജ്യൂസ് അവൾക്ക് നേരെ നീട്ടി.. അവൾ അത് വാങ്ങി ഒരു കവിൾ കുടിച്ചിട്ട് റാമിന്റെ നേർക്ക് നീട്ടി…
” എനിക്ക് ഉള്ളത് അവിടെ ഉണ്ട് ഇത് താൻ കുടിക്ക്.. “
” കുറച്ചു കുടിച്ചോ, ന്റെ കയ്യിൽ നിന്ന് ന്തേലും വാങ്ങി കഴിക്കണം എന്നല്ലേ ആഗ്രഹം അത് എങ്കിലും നടക്കട്ടെ…. “
” അയ്യടി നീ കുടിച്ചതിന്റെ ബാക്കിയല്ല, നീ ഉണ്ടാക്കി തരുന്നത് കഴിക്കാൻ ആണ് ആഗ്രഹം കേട്ടോ…. “
ചിരിച്ചു കൊണ്ട് റാം അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി അൽപ്പം കുടിച്ചിട്ട് ബാക്കി കുടിക്കാൻ ആഗ്യം കാണിച്ചു കൊണ്ട് അവൾക്ക് ജ്യൂസ് തിരികെ കൊടുത്തു…
” റാം എനിക്ക് നല്ല ക്ഷീണം തോനുന്നു ഒന്ന് കിടക്കട്ടെ…. “
കുടിച്ച ജ്യൂസ് ഗ്ലാസ് തിരികെ കൊടുത്ത് കൊണ്ട് മായ പറഞ്ഞു…
” എന്നാൽ കിടന്നോളു .. “
റാം മായയെയും പിടിച്ചു കൊണ്ട് മുറിയിലേക്ക് പോയി. ബെഡിൽ ഷീറ്റ് കുടഞ്ഞു വിരിച്ചുകൊണ്ടു മായയോട് കിടന്നോളാൻ പറഞ്ഞു. ബെഡിൽ കിടന്ന മായയുടെ അരികിൽ റാം ഇരുന്നു..
” നല്ലപോലെ പനിക്കുന്നുണ്ടല്ലോ.. “
മായയുടെ നെറ്റിയിലും കഴുത്തിലും കൈ വച്ചുകൊണ്ട് റാം പറഞ്ഞു…
” സാരമില്ല അത് ഇടയ്ക്ക് വരുന്നതാ.. “
മായ ഒന്ന് കൂടി ബെഡ് ഷീറ്റ് പുതച്ചു കൊണ്ട് കിടന്നു..
” ഇവിടെ മരുന്ന് ഇരിപ്പില്ലേ, മരുന്ന് കഴിച്ചാൽ അല്ലെ പനി കുറയുള്ളു… “
അത് പറഞ്ഞ് റാം എഴുനേറ്റ് മായയുടെ മരുന്ന് ഇരിക്കുന്ന ഭാഗത്തു തിരഞ്ഞു…
” അവിടെ ഇരിപ്പുണ്ട് ആ പച്ച കളർ ഉള്ളു പാക്കറ്റ്.. “
റാം അതിൽ നിന്ന് ഒരു ഗുളിക എടുത്ത് അവൾക്ക് നൽകി, ഒരു തുണി നനച്ച് അവളുടെ നെറ്റിയിൽ വച്ചു കൊടുത്തു,,അവളുടെ മുഖം നോക്കി ഇരിക്കുമ്പോൾ റാമിന്റെ ഉള്ളിൽ സങ്കടം അണപൊട്ടി.. ദൈവം ചിലപ്പോൾ എങ്കിലും ക്രൂരൻ തന്നെയാണ് എന്നവന് തോന്നി.. തൊലികൾ പൊട്ടി ഇരിക്കുന്ന അവളുടെ കൈകളിൽ തടവി അവനും അവളുടെ അടുക്കൽ ഇരുന്നു….
” റാം.. “
നേർത്ത ശബ്ദത്തോടെ മായ വിളിച്ചു.. റാം ഒന്ന് മൂളി..
” ഞാൻ ഉറങ്ങുന്നത് വരെ എന്റെ അടുക്കൽ ഒന്ന് കിടക്കുമോ…. “
” ഞാൻ ഇവിടെ അടുത്ത് ഇരിപ്പുണ്ടല്ലോ മായ, അത് പോരെ… “
” ന്താ എന്റെ അടുക്കൽ കിടക്കാൻ റാമിന് പേടിയുണ്ടോ…. “
” പേടിയോ.. ന്തിനാ പേടി… “
” എന്നാൽ ഒന്ന് കിടന്നൂടെ… “
റാം അവൾക്കരികിലായി കിടന്നു. മായ റാമിന്റെ കൈ എടുത്ത് അവളുടെ വയറിൽ വച്ചു…
” റാം… വരണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ… “
” ഒരിക്കലുമില്ല മായ… ഞാനും നീയും കൊതിച്ചത് ഈ കൂടി കഴിച്ചമാത്രം അല്ലെ.. അതെങ്കിൽ സാധിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് ജീവിതം.. “
” റാം ന്റെ ഈ കൈകൾ കണ്ടില്ലേ അത് പോലെ ആണ് ശരീരം മുഴുവൻ തൊലി പൊട്ടി ഇരിക്കുകയാണ്, ചില സമയങ്ങളിൽ സഹിക്കാൻ കഴിയത്ത വേദനയാണ്.. അപ്പോഴൊക്കെ റാം അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്… “
മായ അത് പറയുമ്പോൾ രണ്ട് ആളുടെയും കണ്ണ് നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു…
” റാം എനിക്ക് ഉറക്കം വരുന്നുണ്ട്, ഞാൻ ഉറങ്ങുമ്പോൾ റാം പൊയ്ക്കോളൂ, എന്നോട് യാത്ര പറയാൻ നിൽക്കണ്ട, അത് ചിലപ്പോൾ എന്റെ മനസ്സ് കൂടെ തളർത്തിയേക്കാം.. “
റാം എല്ലാത്തിനും മൂളുക മാത്രമേ ചെയ്തുള്ളു…
” എന്നാൽ ഞാൻ ഉറങ്ങട്ടെ റാം… ഇനി ഇതുപോലെ ഒരു കൂടി കാഴ്ച്ച ഉണ്ടാകുമോ എന്നറിയില്ല, ഒരു കണക്കിന് ഈ വേദന സമ്മാനിക്കുന്ന കൂടി കാഴ്ചകൾ ഇല്ലാത്തതാണ് നല്ലത് അല്ലെ റാം… “
” ഇല്ല മായ നമ്മൾ ഇനിയും കാണും, വേദന ഇല്ലാത്ത് സന്തോഷം തരുന്ന നല്ല കൂടി കാഴ്ചകൾ… “
ഒന്ന് മൂളിയ ശേഷം മായ ഉറക്കത്തിലേക്ക് വീണു… അൽപ്പനേരം കൂടി അവൾക്കരികിൽ കിടന്നിട്ട് റാം എഴുന്നേറ്റു.. മേശപ്പുറത്ത് ഇരുന്നു ഡയറിയിലെ ഒരു പേജിൽ ഇങ്ങനെ എഴുതി..
” മായ,, എനിക്ക് തന്നെ വിട്ട് പോകാൻ തോന്നുന്നില്ല, വീണ്ടും വീണ്ടും തന്റെ അരികിൽ ഇരിക്കാൻ മനസ്സ് കൊതിക്കുന്നു.. ഞാൻ ഇനിയും വരും, അന്ന് എന്റെ കയ്യിൽ നിന്റെ കഴുത്തിൽ അണിയിക്കാൻ ആയി ഒരു കുഞ്ഞു താലി കൂടി കാണും, പിന്നെ നിന്നെ ആർക്കും വിട്ടു കൊടുക്കാതെ ഞാൻ കൊണ്ട് പോകും, സുഖം ആയാലും ദുഃഖം ആയാലും നമ്മൾ ഒരുമിച്ചു നേരിടും…
എന്ന് നിന്റെ സ്വന്തം റാം… “
അത് എഴുതി തീരുമ്പോഴേക്കും അവന്റ കണ്ണുനീർ തുള്ളികൾ അതിൽ വീണിരുന്നു.. ആ പേജ് കീറി എടുത്ത് മേശപുറത്തെ മരുന്നുകൾക്ക് അടുത്ത് വച്ചു.. അൽപ്പനേരം കൂടി അവൾക്കരികിൽ ഇരുന്നു റാം… മെല്ലെ അവളുടെ നെറ്റിയിൽ ചുംബനം നൽകി പോകാനായി ഇറങ്ങി റാം… മുറ്റത്തേക്ക് ഇറങ്ങി ഒന്ന് കൂടി തിരിഞ്ഞു നോക്കിയിട്ട് അവൻ മുന്നോട്ട് നടന്നു.,
ഇടയ്ക്ക് ഇടയ്ക് ഒഴുകി വരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് ആ വിജനമായ വഴിയിലൂടെ അവൻ നടന്നു നീങ്ങുന്നതും നോക്കി ജന്നൽ കമ്പികളിൽ പിടിച്ചുകൊണ്ടു മായ നിൽപ്പുണ്ടയിരുന്നു… കയ്യിൽ അവൻ എഴുതി വച്ച എഴുത്തും മനസ്സ് നിറയെ അവനോടുള്ള പ്രണയവുമായി ഇനിയും അവൻ വരുമെന്ന പ്രതീക്ഷയോടെ അവൾ കാത്തിരുന്നു …