എഴുത്ത്:-അപ്പു
“മോളെ.. കല്യാണം കഴിഞ്ഞ് 7 മാസത്തോളം ആയില്ലേ. ഇതുവരെ വിശേഷം ഒന്നും ആയില്ലല്ലോ.. ഓരോരുത്തരും ഓരോന്നും ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. അമ്മയ്ക്ക് നിങ്ങളുടെ മക്കളെ കാണാൻ എത്ര ആഗ്രഹമുണ്ടെന്നോ.. വിദ്യാഭ്യാസമുള്ള കുട്ടികളല്ലേ നിങ്ങൾ..? ഇപ്പോൾ വേണ്ടെന്നു കരുതി ഇരുന്നിട്ട് അവസാനം വേണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് അത് കിട്ടണ മെന്നില്ലല്ലോ.. എന്താണെന്ന് വെച്ചാൽ ആലോചിക്ക്..”
നിമിഷയോട് ഗീത പറയുന്നത് അവൾ ശ്രദ്ധിച്ചു കേട്ടു.അതിനു മറുപടി പറയാതെ അവൾ ജോലിയിലേക്ക് ശ്രദ്ധിച്ചു.
നാളുകൾ കടന്നുപോയി. എന്നിട്ടും അവൾക്ക് വിശേഷം ഒന്നുമായില്ല. ഏകദേശം രണ്ട് വർഷത്തോളമായപ്പോൾ വീട്ടുകാർക്കും മടുപ്പായി തുടങ്ങിയിരുന്നു.
” എനിക്ക് യാതൊരു പ്രതീക്ഷയുമില്ല ഇവൾ പ്രസവിക്കുമെന്ന്. എത്ര ഡോക്ടർ മാരെ ഇതിനോടകം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. നാട്ടുകാർക്ക് ഞാനിപ്പോൾ ഒരു പരിഹാസ മാത്രമാണ്. “
ദേഷ്യത്തോടെ അവൻ ഫോൺ ചെയ്യുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു. എങ്കിലും അവൾ പ്രതികരിച്ചില്ല.
” അവൾക്ക് ഒരു കുട്ടി ഉണ്ടായി കാണണം എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ എന്റെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. “
അവൻ നിരാശയോടെ പറയുന്നുണ്ട്. അത് ശ്രദ്ധിക്കാതെ അവൾ തന്റെ പണികൾ തീർക്കാൻ തുടങ്ങി.
” നിമിഷ.. “
അമ്മയുടെ വിളി കേട്ട് അവൾ അടുക്കളയിലേക്ക് ചെന്നു.
” ഈ അടുക്കള ഇത് എന്ത് കോലത്തിലാണ് കിടക്കുന്നത്.? നീയല്ലേ നേരത്തെ പറഞ്ഞത് ഇവിടെയൊക്കെ വൃത്തിയാക്കിയതാണെന്ന്.. ഇതാണോ നിന്റെ വൃത്തി? “
സ്ലാബിന്റെ പുറത്തിരിക്കുന്ന പാത്രത്തിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ ചോദിച്ചു.
” അച്ഛൻ ഇപ്പോൾ ആഹാരം കഴിച്ചിട്ട് കൊണ്ടു വച്ച പ്ലേറ്റ് ആണ്.. ഞാനിവിടെ തുടയ്ക്കുക കാരണം അതൊന്നും കണ്ടിരുന്നില്ല. “
പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി പറഞ്ഞു.
“കണ്ടില്ല പോലും. ആരെങ്കിലും ആഹാരം കഴിച്ചിട്ട് എഴുന്നേറ്റ് പോകുമ്പോൾ ആ പാത്രം എടുത്തു കൊണ്ടു വന്ന് കഴുകി വയ്ക്കണം എന്ന് ഇനി നിന്നെ ആരെങ്കിലും പഠിപ്പിച്ചിട്ട് വേണം.. ഇതൊക്കെ അവരവരുടെ വീട്ടിൽ നിന്ന് വരുമ്പോൾ പഠിച്ചിട്ട് വരേണ്ട ശീലങ്ങളാണ്. അതെങ്ങനെ.. “
ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവർ അടുക്കളയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ കണ്ണീരോടെ നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.
ആ പാത്രം അവൾ എടുത്തു കഴുകി വയ്ക്കുന്ന സമയത്ത് അമ്മ അവരുടെ മുറിയിലേക്കാണ് പോയത്.
“നിമിഷേ.. ഇവിടെ വാ..”
ദേഷ്യത്തോടെ അമ്മ വിളിക്കുമ്പോൾ കാര്യം അറിയാതെ അവൾ പകച്ചു പോയി. ശബ്ദം കേട്ട ഭാഗത്തേക്ക് ചെല്ലുമ്പോൾ കബോർഡിൽ നിന്ന് വീണു കിടക്കുന്ന തുണികൾക്ക് മുന്നിൽ രോഷത്തോട നിൽക്കുകയാണ് അമ്മ.
“ഈ മുറി കിടക്കുന്ന കോലം നോക്ക്.. നിന്റെ വീട്ടിലും ഇങ്ങനെയൊക്കെ തന്നെയാണോ..? ഒരു വൃത്തിയും ഇല്ല..”
അമ്മ ദേഷ്യപ്പെട്ടു.
” അമ്മേ..ഏട്ടൻ ഇപ്പോൾ ഏട്ടന്റെ ഒരു ഷർട്ട് എടുത്തിരുന്നു.. അപ്പോൾ എങ്ങാനും താഴെ വീണതായിരിക്കും. അല്ലാതെ ഞാൻ ഒന്നും ചെയ്തതല്ല.. “
സങ്കടത്തോടെ അവൾ പറഞ്ഞു.
” എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അവൾ അതിനു 100 പേരെ പഴി പറയും. ഈ സ്വഭാവം എന്ന് മാറും..?ഇതൊക്കെ നീ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അവൻ ഒരു ഷർട്ട് ചോദിച്ചാൽ നിനക്ക് എടുത്തു കൊടുത്തു കൂടെ..? അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൻ ഇതു മുഴുവൻ ഇവിടെ വാരിയിടില്ലായിരുന്നല്ലോ.. അവൾ ശ്രദ്ധിക്കാതിരുന്നിട്ട് കുറ്റം മുഴുവൻ അവനാണ്.. “
അമ്മ ദേഷ്യത്തോടെ ഓരോ വാക്കും പറയുമ്പോൾ അവൾ സങ്കടത്തോടെ തല കുനിച്ചു നിന്നു.
” ഇനി ഇവിടെ നിന്ന് കണ്ണീർ ഒഴുക്കാതെ ഇതൊക്കെ എടുത്ത് മടക്കി വയ്ക്കാൻ നോക്ക്.”
അവളോട് ദേഷ്യത്തിൽ അത്രയും പറഞ്ഞു കൊണ്ട് അമ്മ മുറിവിട്ട് പോയി.
സങ്കടത്തോടെ അത് നോക്കി നിന്നിട്ട് അവൾ തുണികൾ ഓരോന്നായി മടക്കി വയ്ക്കാൻ തുടങ്ങി.
അതേ സമയത്താണ് അവൻ മുറിയിലേക്ക് കയറി വന്നത്. അവൾ അവിടെ ഇരിക്കുന്നത് പോലും ശ്രദ്ധിക്കാതെ ഫോണും ചാർജിൽ വച്ചിട്ട് അവൻ പുറത്തേക്കിറങ്ങി.
” ഏട്ടാ.. “
അവൾ പിന്നിൽ നിന്ന് വിളിച്ചപ്പോൾ അവൻ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.
“എന്താ..?”
അവൻ ദേഷ്യത്തോടെ തന്നെ ചോദിച്ചപ്പോൾ അവൾ പരുങ്ങി.
” ഏട്ടൻ ഇപ്പോൾ എന്നോട് സ്നേഹത്തോടെ ഒരു വാക്കു പോലും സംസാരിക്കാറില്ലല്ലോ.. എന്തിന് എന്നെ ഒന്ന് നോക്കാറു കൂടിയില്ല.. ഏട്ടനും മടുത്തോ എന്നെ..? “
സങ്കടത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ അവളെ തുറിച്ച് നോക്കി.
” മനുഷ്യന് ഉപകാരമുള്ള എന്തെങ്കിലും ഒരു കാര്യം നീ ചെയ്തിരുന്നെങ്കിൽ എനിക്ക് നിന്നോട് സ്നേഹം തോന്നിയേനെ. ഒരു കുട്ടിക്ക് വേണ്ടി ഞാൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി എന്നറിയാമോ.. എന്റെ ആഗ്രഹം നടത്തി തരാൻ നിനക്ക് കഴിയുന്നുണ്ടോ..?അപ്പോൾ പിന്നെ ഞാൻ നിന്നെ എങ്ങനെ സ്നേഹിക്കണം..? “
അവൻ ചോദിച്ചപ്പോൾ മറുപടിയില്ലാതെ അവൾ തലകുനിച്ചു. അത് നോക്കി പരിഹാസത്തോടെ ചിരിച്ചിട്ട് അവൻ മുറിവിട്ട് പുറത്തേക്ക് പോയി.
പുറത്ത് ആരോ വന്നത് അറിഞ്ഞിട്ടാണ് ഗീത പുറത്തേക്ക് ചെന്നത്. അയൽ ക്കാരി യായ ഗംഗയെ കണ്ടപ്പോൾ അവർ ചിരിച്ചു.
” നീയെന്താ ഗംഗേ പപ്പായ ഒക്കെയായിട്ട്.. “
അവർ ചോദിച്ചപ്പോൾ ഗംഗ ചിരിച്ചു.
” ഇന്നലത്തെ കാറ്റത്ത് അവിടെനിന്ന് പപ്പായ ഒടിഞ്ഞു വീണു. കുറച്ചധികം കായ ഉണ്ടായിരുന്നു.അത് എല്ലാവർക്കും കൊടുക്കാം എന്ന് കരുതി. ഇവിടെ പിന്നെ നിമിഷയ്ക്ക് ഇഷ്ടമാണെന്ന് ചേച്ചി പറഞ്ഞിട്ടുണ്ടായിരുന്നല്ലോ.. “
ഗംഗ പറഞ്ഞപ്പോൾ ഗീതയുടെ മുഖം ഇരുണ്ടു.
” പിന്നെ നിനക്ക് വേറെ പണിയില്ല. ഇവൾക്കൊക്കെ വേണ്ടി എന്തിനാ അത് അവിടെ നിന്ന് കൊണ്ടുവരാൻ പോയത്..? “
ഗീത ദേഷ്യത്തോടെ പറഞ്ഞു.
” ചേച്ചി എന്താ അങ്ങനെയൊക്കെ പറയുന്നത്..? അവൾ വന്ന സമയത്ത് നല്ല കാര്യമായിരുന്നല്ലോ.. ഇപ്പോൾ എന്ത് പറ്റി..? “
ഗംഗ അതിശയത്തോടെ ചോദിച്ചു.
” എന്റെ മകന് ഒരു കുട്ടിയെ കൊടുക്കാൻ പോലും അവളെ കൊണ്ട് പറ്റുന്നില്ല. അങ്ങനെയുള്ളവളോട് ഞാൻ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ പെരുമാറണം..? “
ഗർവ്വോടെ ഗീത ചോദിച്ചപ്പോൾ ഗംഗ പൂഛത്തോടെ ചിരിച്ചു.
” ഒരു പെണ്ണായ ചേച്ചി തന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ കഷ്ടമാണ്. ഇവളുടെ സ്ഥാനത്ത് ചേച്ചിയുടെ സ്വന്തം മകൾ ആണെങ്കിൽ ഇങ്ങനെയൊക്കെ പറയുമായിരുന്നോ..? അല്ലെങ്കിൽ ഒരുപക്ഷേ ചേച്ചിയുടെ മകനാണ് പ്രശ്നമെങ്കിൽ അവനെയും ഇങ്ങനെ പറയുമായിരുന്നോ..? ഇതിപ്പോൾ മറ്റൊരു വീട്ടിൽ നിന്ന് വന്നു കയറിയ പെൺകുട്ടിയായപ്പോൾ എന്തും പറയാം അല്ലേ.. വേറെ ആരും അവളുടെ അവസ്ഥ മനസ്സിലാക്കിയില്ലെങ്കിലും ചേച്ചി മനസ്സിലാക്കേണ്ടതായിരുന്നു. നിങ്ങളെല്ലാവരും അവളെ എങ്ങനെ കുറ്റപ്പെടുത്തുമ്പോൾ അവളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഓർത്തു നോക്കിയിട്ടുണ്ടോ..? “
ഗംഗ ചോദിച്ചപ്പോൾ ഗീതയ്ക്ക് കുറ്റബോധം തോന്നി.
“ഞാൻ എന്റെ വിഷമം കൊണ്ടാണ്..”
പതിഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു.
” ചേച്ചിക്ക് വിഷമം കൊണ്ടാണെന്ന് ചേച്ചി പറയുന്നു. അതിനേക്കാൾ ഒക്കെ എത്രയോ ഇരട്ടി വിഷമം ഉണ്ടാകും അവൾക്ക്. അത് ആരെങ്കിലും അറിയുന്നുണ്ടോ..? ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അവൾക്ക് നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് ആവശ്യം. അവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് നിങ്ങൾ ഉണ്ട് കൂടെ എന്ന് പറയുന്ന വാക്കാണ് അവൾക്ക് ആവശ്യം. അല്ലാതെ ഇത്രയും നാളും അവളെ കുറ്റപ്പെടുത്തിയിട്ട് നാളെ ഒരു സമയത്ത് അവൾക്ക് വിശേഷം ആകുമ്പോൾ അവളെ പൊന്നുകൊണ്ടു തുലാഭാരം നടത്തിയിട്ടും കാര്യമില്ല. “
അത്രയും പറഞ്ഞു കൊണ്ടുവന്ന പപ്പായ അവിടെത്തന്നെ വച്ചുകൊണ്ട് ഗംഗ ഇറങ്ങി നടന്നു.
അവൾ പറഞ്ഞ ഓരോ വാക്കുകളും ഗീതയ്ക്ക് ഹൃദയത്തിൽ തട്ടുന്നതായിരുന്നു.
“മോളെ.. അമ്മയ്ക്ക് മോളോട് ദേഷ്യം ഉള്ളതുകൊണ്ടല്ല. എന്റെ വിഷമം കൊണ്ടാണ് ഞാൻ മോളെ കുറ്റപ്പെടുത്തിയത്. ഇനി ഒരിക്കലും അങ്ങനെ യൊന്നും ഉണ്ടാവില്ല.”
അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവർ ക്ഷമാപണം നടത്തുമ്പോൾ അവിടേക്കായിരുന്നു അവൻ കടന്നു വന്നത്.
“ഡി.. ഇന്ന് പുതിയ സിനിമ റിലീസ് ആണ്. നമുക്ക് കാണാൻ പോയാലോ..?”
അവൻ ചോദിച്ചപ്പോൾ അവൾ ആവേശത്തോടെ തലയാട്ടി.
” എന്നാൽ പിന്നെ നീ പോയി റെഡിയായിക്കോ.. “
അവനത് പറഞ്ഞപ്പോൾ അമ്മയെ ഒന്ന് നോക്കിയിട്ട് ഉത്സാഹത്തോടെ അവൾ അകത്തേക്ക് പോയി.
അവളുടെ സന്തോഷം കാണുമ്പോൾ അവൻ ഓർത്തത് അവനെ ഉപദേശിച്ച സുഹൃത്തിനെ ആയിരുന്നു. മനസ്സുകൊണ്ട് ആ സുഹൃത്തിന് നന്ദി പറയുകയായിരുന്നു ആ നിമിഷം അവൻ…!