എഴുത്ത് :- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“എനിക്കൊരു ഉമ്മ തരുമോ നീ…? “
“ഒന്നൊന്നര വർഷത്തിന് ശേഷം ആദ്യമായി അയാളിൽ നിന്നും ആ വാക് കേട്ടപ്പോൾ എന്റെ മനസൊന്നു പതറി …
ഞങ്ങളിപ്പോൾ ഇരിക്കുന്നത് ഞങ്ങളുടെ ജീവിതത്തെ രണ്ടു വഴിയിലേക് സഞ്ചരിപ്പിക്കാനുള്ള വിധിയുടെ സമക്ഷത്തിൽ ആണെന്ന് പോലും ഓർക്കാതെ അയാളുടെ കണ്ണുകളിലേക് തന്നെ നോക്കി ഞാൻ ഇരുന്ന് പോയി…”
” ആ കണ്ണുകളിൽ പണ്ടെങ്ങോ നഷ്ട്ടപെട്ടു പോയ ഒരു തിരയിളക്കം ഞാൻ കണ്ടു..”
“എനിക്ക് വേണ്ടി എന്നെ മാത്രം തിരഞ്ഞു നടന്നിരുന്ന കണ്ണിന്റെ തിരയിളക്കം “…
“പെട്ടന്ന് തന്നെ അയാൾ എന്നിൽ നിന്നും കണ്ണുകളെ താഴ്ത്തി..
വീണ്ടും ഒരിക്കൽ കൂടി ദയനീയമായ മുഖത്തോടെ എന്നെ നോക്കി…”
“ഞാൻ അപ്പോഴാണ് അയാളെ നല്ലത് പോലെ ഒന്ന് നോക്കുന്നത്…
ഒന്നര കൊല്ലം മുമ്പ് കണ്ടു മറന്ന മുഖത്തിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ടായിരുന്നു അയാൾ..
ഇതിന് മുമ്പുള്ള രണ്ടു പ്രാവശ്യത്തെ കൗൺസിലിംഗിന് അയാൾ വന്നിരുന്നു വെങ്കിലും അയാൾക് മുഖം കൊടുക്കാതെ രണ്ടു മിനിറ്റിൽ കൂടുതൽ സംസാരിക്കാൻ പോലും നിൽക്കാതെ ഞാൻ ഒഴിഞ്ഞു മാറിയിരുന്നു…”
“അയാൾ എന്നോട് സംസാരിക്കാൻ ഇരിക്കുന്നത് പോലെ എന്റെ മനസിൽ അത്രത്തോളം അരാജകത്വം നിറച്ചിരുന്നു…
അയാളുടെ സാമിപ്യത്തെ ഒരു നിമിഷം പോലും ഞാൻ എന്റെ ഇനിയുള്ള ജീവിതത്തിൽ ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു സത്യം…”
“അങ്ങനെ അല്ലായിരുന്നു വെങ്കിൽ…ഞാൻ ഇക്കാ എന്ന് മാത്രം വിളിച്ചിരുന്നയാൾ ഇന്ന് എന്റെ മുന്നിൽ അയാൾ എന്നൊരു അഭിസംബോധനയോടെ ഇരിക്കില്ലായിരുന്നു…”
“അയാളുടെ മുഖം വാടിയ ചേമ്പിന്തണ്ട് പോലെ കവിളിലെ ചോ ര മുഴുവൻ വരണ്ടുണങ്ങി…
വാർദ്ധക്ക്യം ബാധിച്ചത് പോലെ ചുളിവുകൾ വന്നു തുടങ്ങിയിരുന്നു..
ഒരു മുപ്പത്തഞ്ചു വയസുകാരന് ഇത്ര പെട്ടന്ന് വാർദ്ധക്ക്യം ബാധിക്കുമോ എന്നൊന്നും എനിക്കറിയില്ല…”
“കത്തുന്ന വെയിലിൽ ഒരു ഓല കീറിന്റെ തണലു പോലും ഇല്ലാത്ത സ്ഥലത് ജോലി ചെയ്യുന്നത് കൊണ്ടായിരിക്കാം..
അല്ലെങ്കിൽ അയാളുടെ ഉള്ളിലെ ചുട്ട് നീറുന്ന എന്തെങ്കിലും പ്രശ്നം കൊണ്ട് മനസും ശരീരവും ചൂട് പിടിച്ചു വാർദ്ധക്യം ഇച്ചിരി നേരത്തെ അയാളിലേക്കു കുടി ഏറി തുടങ്ങിയതായിരിക്കാം…”
“അയാൾ എന്റെ മുഖത്തേക് നോക്കി എന്നോടൊന്നു ചിരിക്കുവാനായി ശ്രമിച്ചു…”
“ഞാൻ അതിനും ഭാവ മാറ്റമേതും ഇല്ലാതെ തന്നെ ഇരുന്നു…”
“എന്നോ മരവിച്ചു പോയ എന്റെ മനസ്.. ഇന്നിനി തളിരായും പൂവായും കായായും വിരിഞ്ഞു പാകപെടുന്നതെങ്ങനെ …”
“ഇതെന്റെ കഥ യാണ്.. അല്ല എന്റെ ജീവിതം…
ഞാൻ സുറുമി… കോഴിക്കോട് ജില്ലയിൽ തീരപ്രദേശത് താമസിക്കുന്നു…”
“എന്റെ തൊട്ടടുത്തു ഇരിക്കുന്നയാൾ എന്റെ ഭർത്താവ് ആയിരുന്നയാളാണ്…
പേര് ഷാഫി… ഇക്കയും കോഴിക്കോട് തന്നെ..”
“ഇക്കാക് കടലിൽ പോകലാണ് ജോലി…
കടലിൽ കുറച്ചു ഉള്ളിലേക്കു മാറിയുള്ള വലിയ പാറക്ക് മുകളിൽ അള്ളി പിടിച്ചു ജീവിക്കുന്ന കടുക്ക (കല്ലുമ്മ ക്കായ ) പറിച്ചെടുത്തു അങ്ങാടിയിൽ കൊണ്ട് വന്നു വിൽക്കലായിരുന്നു ജോലി…”
“ഒരു കൊല്ലം മുമ്പ് കൊടുത്ത ഡിവോഴ്സ് പെറ്റീഷന്റെ അവസാനത്തെ ചടങ്ങുകളാണ് ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത്..
മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ അല്ലാത്തത് കൊണ്ട് തന്നെ കോടതി പറയുന്നത് പോലെ എല്ലാ കാര്യവും മുറപോലെ തീർപ്പാക്കാതെ ഡിവോഴ്സ് ലഭിക്കില്ലല്ലോ…”
“ഏതായാലും നനഞ്ഞു ഇനി കുളിച്ചിട്ട് കയറാമെന്നൊരു തീരുമാനം എനിക്കും ഉള്ളത് കൊണ്ട് തന്നെ ഇതൊന്ന് തീർപ്പാക്കി കിട്ടാൻ ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കുമായിരുന്നു…”
“ഇക്ക എന്നെ കെട്ടിയിട്ട് എട്ടു കൊല്ലമായി …
ഞങ്ങളുടെ ജീവിതം എല്ലാവരെയും പോലെ ഇടയ്ക്കിടെയുള്ള ഇണക്കങ്ങളും പിണക്കങ്ങക്കുമായി തന്നെ ആയിരുന്നു മുന്നോട്ട് പോയിരുന്നത്..
അതിനുള്ള സമ്മാനം പോലെ പടച്ചോൻ ഞങ്ങൾക് രണ്ടു കുട്ടികളെയും തന്നു..
ഒരു മോനും ഒരു മോളും…”
“ഇക്കാക് കുടുംബത്തെ നോക്കുക എന്ന് പറഞ്ഞാൽ ഭ്രാന്തായിരുന്നു…
ഇക്കാന്റെ രണ്ടു പെങ്ങന്മാരും വിവാഹം കഴിച്ച് വിട്ടിട്ടും.. സ്വന്തമായി വീട് ഉണ്ടായിട്ട് പോലും ഇവിടെ ഞങ്ങളുടെ കൂടേ ആയിരുന്നു താമസം..
അവരുടെ ഭർത്താക്കന്മാരും..
നേരത്തിനു കൈ കഴുകി വന്നിരിക്കാൻ മാത്രം അറിയാം എന്നും…
അവർക്ക് വേണ്ടി ഇക്ക എന്നും രാവന്തിയോളം ജോലി ചെയ്യും…
എനിക്കൊന്ന് നേരെ ചൊവ്വേ ഇക്കാനെ കാണുവാൻ പോലും കഴിഞ്ഞിരുന്നില്ല…
എന്നാലും ഞാൻ ഒരു പരാതിയും കൂടാതെ ജീവിച്ചു…
എന്റെ ദേഹത്തു അവർ ഉപദ്രവം തുടങ്ങുന്നത് വരെ…”
“ഇക്കനോട് പറയുമ്പോൾ എല്ലാം എന്നോട് ക്ഷമിക്കാൻ മാത്രം പറയും…
ഒരു ദിവസം ഇക്കാ വീട്ടിലേക് കയറി വരുന്ന സമയം എന്റെ നേരെ കഴിച്ച് കൊണ്ടിരിക്കുന്ന പാത്രം എറിയുന്നതാണ് കാണുന്നത്..
ആ പൊട്ടുന്ന ഗ്ലാസ് പാത്രം എന്റെ നെറ്റിയിൽ വന്ന് ഇടിച്ച സമയം തന്നെ എന്റെ നെറ്റി പൊട്ടി ചോര ഒലിക്കാനായി തുടങ്ങി..”
“അത് കണ്ടിട്ട് പോലും ഇക്ക ഒന്നും പ്രതിക്കരിക്കാതെ നിൽക്കുന്നത് കണ്ടപ്പോളായിരുന്നു ഞാൻ മക്കളെയും കൊണ്ട് ആ വീട്ടിൽ നിന്നും എന്നേക്കുമായി ഇറങ്ങിയത്…”
“വീട്ടിൽ നിന്നും ഇറങ്ങി രണ്ടു മാസത്തിനു ശേഷ മായിരുന്നു ഞാൻ എനിക്ക് ഡിവോഴ്സ് വേണമെന്ന് പറഞ്ഞു ഇക്കാക്ക് വകീൽ നോട്ടിസ് അയച്ചത്…
ഇക്ക എന്നെ കുറേ പ്രാവശ്യം കാണുവാൻ ശ്രമിച്ചെങ്കിലും എനിക്ക് കാണുവാൻ ഒട്ടും താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ എന്റെ വീട്ടിലേക് ഉപ്പയും ഉമ്മയും കയറ്റിയില്ല..”
“പിന്നെ ഞാൻ അറിഞ്ഞു…ഇക്കയെ ഇക്കയുടെ വീട്ടിൽ നിന്നും പെങ്ങന്മാർ ഇറക്കി വിട്ടെന്ന്..
ഉപ്പ മരിക്കുന്നതിന് മുമ്പ് ഉപ്പാന്റെ പേരിൽ ഉണ്ടായിരുന്ന വീട് പെൺ മക്കളുടെ ഭർത്താക്കന്മാരുടെ പേരിൽ എഴുതി കൊടുത്തിരുന്നുപോൽ..”
“പോകാൻ വേറെ വീടോ…
ഒരു വാടക വീട് എടുക്കാനുള്ള പൈസ പോലും കയ്യിൽ ഇല്ലാത്തത് കൊണ്ട് ഞങ്ങളെ അവിടെ നിന്നും ഇറക്കി വിടുമോ എന്ന് കരുതി സഹിക്കെട്ട് നിൽക്കുകയായിരുന്നു എന്ന്…”
“എന്തറിഞ്ഞിട്ടും…
ഇക്ക ആവശ്യ സമയത്ത് പ്രതിക്കരിക്കാതെ നിന്നത് കൊണ്ട് തന്നെ എന്റെ ഉള്ളിലെ ഇക്കയോടുള്ള ദേഷ്യം ഒരിഞ്ചു പോലും കുറഞ്ഞിരുന്നില്ല…”
“ഇക്ക കുറേ കാലമായി കടത്തിണ്ണയിൽ ആണ് ഉറങ്ങുന്നത് എന്ന് അറിഞ്ഞിട്ടും പോലും..
ചിലപ്പോൾ എന്റെ ദുഷിച്ച മനസ് കൊണ്ടായിരിക്കാം…”
“ഇന്ന് ഞങ്ങളുടെ അവസാനത്തെ കൗൺസിലിംഗ് നടക്കുകയാണ്…
അവസാനമായി തമ്മിൽ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇക്കാക് എന്തോ പറയാൻ ഉണ്ടന്ന് പറഞ്ഞപ്പോൾ അവസാന മായി ഞങ്ങൾക് തമ്മിൽ സംസാരിക്കാൻ അര മണിക്കൂർ സമയം അനുവദിച്ചിരിക്കുകയാണ് ഡോക്ടർ..”
“ഇനി ഒരു തിരിച്ചു പോക്കോ… അയാളുടെ കൂടേ ഒരു അര മിനിറ്റ് പോലും എനിക്ക് നിൽക്കാൻ തീരെ താല്പര്യം ഇല്ലെങ്കിലും ഡോക്ടർ പറഞ്ഞപ്പോൾ എന്റെ മനസ് ഒരിക്കലും മാറില്ലന്ന് അറിയുമായിരുന്നത് കൊണ്ട് തന്നെ ഡോക്ടർ പറഞ്ഞതനുസരിച്ചു ഞാൻ അയാളിരിക്കുന്ന റൂമിലേക്കു വന്നതാണ്..”
“വന്നു ഒരഞ്ചു മിനിറ്റ് കഴിഞ്ഞെങ്കിലും എന്റെ കണ്ണിലേക്കു മാത്രം നോക്കി ഇരിക്കുകയല്ലാതെ ഒന്നും സംസാരിക്കാതെ ഇരിക്കുന്ന സമയത്താണ് പെട്ടന്ന് ഒരു ഇടി വെട്ടുന്നത് പോലെ അയാൾ എന്നോട് ആ ചോദ്യം ചോദിച്ചത്..”
“എനിക്കൊരു ഉമ്മ തരുമോ നീ …”
” ഞാൻ പിണങ്ങി ഇരിക്കുന്ന സമയം ഇത് പോലെ ഇക്ക എന്റെ അരികിൽ വന്നിരുന്നു കൊണ്ട് ചോദിക്കും…
സുമി…നീ എനിക്കൊരു ഉമ്മ തരുമോ…
കുറേ ഏറെ പ്രതിഷേധിച്ചു നിന്നാലും ഇക്ക എന്റെ ചുണ്ടിൽ നിന്നും ഉമ്മയും വാങ്ങി എന്റെ പിണക്കവും മാറ്റിയിട്ടേ എന്നെ വിടാറുള്ളു…”
“എന്റെ മനസിലൂടെ എന്റെ ചുറു ചുറുക്കുള്ള ഇക്കയുടെ മുഖം കടന്നു പോയി…”
“ഞാൻ വീണ്ടും ഇക്കയെ നോക്കിയപ്പോൾ ഇക്ക എന്നെ തന്നെ നോക്കി ഇരിക്കുകയാണ്..
എത്ര ബലം പിടിച്ചു ഇരുന്നിട്ടും ഇക്കയുടെ കണ്ണുകളുടെ നോട്ടം കണ്ടു എന്റെ ചുണ്ടുകൾ ഇക്കയെ നോക്കി പതിയെ മൃദുലമായി പുഞ്ചിരിച്ചു തുടങ്ങി…”
“ഇക്കയുടെ ചുണ്ടിലും ഒരു പുഞ്ചിരി നിറയുന്നത് ഞാൻ കണ്ടു…
“പെട്ടന്ന് ഇക്ക ഇരുന്നിടത് നിന്നും എഴുന്നേറ്റ് എന്റെ അരികിലേക് വന്നു..”
“ഇക്ക എണീറ്റത് കണ്ടു ഭയത്തോടെ ഞാനും എഴുന്നേറ്റ് നിന്നു… “
“ഇക്ക എന്റെ നേരെ നടക്കാൻ തുടങ്ങിയപ്പോൾ ഞാനും അറിയാതെ എന്റെ കാലുകൾ പുറകിലേക്ക് വെച്ച് കൊണ്ടിരുന്നു..
പതിയെ പതിയെ പുറകിലേക്ക് നടന്ന ഞാൻ ആ റൂമിന്റെ ചുമരിൽ തട്ടിയപ്പോളാണ് നിന്നത്..
ആ സമയം ഇക്ക എന്റെ തൊട്ടു മുന്നിൽ എത്തിയിരുന്നു..”
“ഇക്ക എന്റെ കണ്ണുകളിലേക് നോക്കി ഒരിക്കൽ കൂടേ എന്റെ പഴയ ഇക്കയായി ചോദിച്ചു…
സുമി ഇക്കാക് നീ ഒരു ഉമ്മ തരുമോ…”
“ഞാൻ വന്നത് എന്തിനാണെന്ന് പോലും ആ നിമിഷം മറന്നു പോയിരുന്നു..
കുറച്ചു കാലം മുമ്പുള്ള ഇക്കാന്റെ സുമി യായി ഞാൻ തരില്ല എന്ന പോലെ തലയാട്ടി…”.
“ഇക്ക വീണ്ടും എന്റെ മുഖത്തിന് അടുത്തേക് മുഖം കൊണ്ട് വന്നു സ്വകാര്യം പോലെ വളരെ പതിയെ ചോദിച്ചു…
സുറുമി…
ഇക്കാക്ക് നീ ഒരു ഉമ്മ തരുമോ…? “
“ആ ഒരു നിമിഷം ഞാൻ മറ്റെല്ലാം മറന്നു പോയിരുന്നു..…
അറിയതെ എന്റെ എന്റെ കൈകൾ രണ്ടും ഇക്കാനെ ചേർത്തു കെട്ടിപിടിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മ വെക്കുവാനായി തുടങ്ങി…
എത്ര നിമിഷം ഞാൻ നിന്നു എന്ന് പോലും എനിക്കറിയില്ല…
ഈ കാലത്തിനിടക്ക് എന്റെ മനസ് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഈ ഒരു നിമിഷം…
ഉണ്ടായിരിക്കാം…
കുറേ നേരം ഇക്കാന്റെ കവിളുകളിൽ ഉമ്മ വെച്ച് കഴിഞ്ഞു ഞാൻ കണ്ണുകൾ തുറന്ന് ഇക്കയെ നോക്കിയപ്പോൾ ഇക്കയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…
ഞാൻ എന്റെ വിരൽ തുമ്പിനാൽ ഇക്കയുടെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികളെ തട്ടി മാറ്റി…
ആ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു തുളുമ്പുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകളും അറിയാതെ തന്നെ നിറഞ്ഞു വന്നു…”
” ഞാൻ ഇക്കയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും….
ആ നിറമുള്ള പുഞ്ചിരിക്ക് ഇടയിലും എന്റെ കൺ കോണിൽ നിന്നും ഒരു കുഞ്ഞു കണ്ണുനീർ തുള്ളി ഉരുണ്ടു വന്നു പുറത്തേക് തേകി …”
ഇഷ്ടപെട്ടാൽ…👍👍👍