ലോകവസാനത്തിന്റെ തൊട്ടുമുമ്പ്
Story written by Shaan kabeer
“ഇന്ന് അർദ്ധരാത്രിയോടു കൂടി ഈ ലോകം അവസാനിക്കും എന്ന് നാസയുടെ മുന്നറിപ്പ്”
ഏത് ന്യൂസ് ചാനൽ തുറന്നാലും അതുതന്നെയായിരുന്നു വാർത്ത. വാർത്ത കണ്ടതും പേടിച്ച് വിറച്ച് മനോജ് ഉണ്ണിയെ ഫോണിൽ വിളിച്ചു
“എടാ, നീ എവിടെ പോയി കിടക്കാടാ, എത്ര നേരമായി ഞാന്‍ നിന്നെ വിളിക്കുന്നു”
“മച്ചാനേ ഞാന്‍ ഡ്രൈവിങ്ങിലായിരുന്നെടാ. നീ നല്ല ചൂടിലാണല്ലോ, എന്താ കാര്യം”
ഉണ്ണിയുടെ ചോദ്യം കേട്ടപ്പോൾ മനോജിന് വല്ലാതങ്ങ് ദേഷ്യം വന്നു
“അപ്പോ നീ ഒന്നും അറിഞ്ഞില്ലേ. എടാ നാസ മിനുറ്റുകൾക്ക് മുമ്പ് ലോകത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നു. ഇന്ന് അർദ്ധരാത്രിയോടു കൂടി ഈ ലോകം അവസാനിക്കാൻ പോവാണ് എന്ന്”
ഉണ്ണി പൊട്ടിച്ചിരിച്ചു
“ഒന്നു പോടാപ്പാ, ഈ നേരമില്ലാത്ത നേരത്താണ് അവന്റെ വളിച്ച കോമഡി”
ഇത്രയും പറഞ്ഞ് ഉണ്ണി ഫോണ്‍ കട്ട് ചെയ്തു. അപ്പോഴാണ് അവന് ഒരു കാര്യം ശ്രദ്ധിച്ചത്. സാധാരണയായി വാഹനങ്ങള്‍ കൊണ്ടും ജനങ്ങളെ കൊണ്ടും തിങ്ങി നിറഞ്ഞു നിന്നിരുന്ന ആ വലിയ സിറ്റിയിൽ താന്‍ മാത്രമേ ഒള്ളൂ എന്ന കാര്യം. എങ്ങും നിശബ്ദത മാത്രം. കടകളെല്ലാം അടച്ചിട്ടിരിക്കുന്നു. സമയം രാവിലെ പതിനൊന്ന് മണിയേ ആയൊള്ളൂ, പക്ഷെ ആകാശത്ത് സൂര്യനെ കാണാനേ ഇല്ല.
ഉണ്ണി ശരിക്കും പേടിച്ചു. മൊബൈലെടുത്ത് മനോജിനെ തിരിച്ച് വിളിച്ചു. പക്ഷേ നെറ്റ്വർക്ക് ഇല്ലായിരുന്നു. അത്രയും വലിയൊരു സിറ്റിയിൽ മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്തത് ശരിക്കും ഉണ്ണിയെ ഞെട്ടിച്ചു. അപ്പോഴാണ് അവൻ ഒരുകാര്യം ശ്രദ്ധിച്ചത്. പരിസരം മുഴുവന്‍ ഇരുട്ട് കൂടി കൂടി വരുന്നു. ഉണ്ണിയുടെ കൈകാലുകൾ വിറക്കാൻ തുടങ്ങി. പെട്ടന്നാണ് “ട്ടൊ” എന്നൊരു ഇടിമുഴക്കം കേട്ടത്. ഉണ്ണി ഞെട്ടിത്തരിച്ചു നിന്നുപോയി. പിന്നെ തുരുതുരാ ഇടിയും മിന്നലും അടിച്ചു കൊണ്ടിരുന്നു. ഉണ്ണിയുടെ മൂക്കിനുള്ളിലൂടെ നല്ല നനഞ്ഞ മണ്ണിന്റെ മണം തുളച്ചു കയറി.
ഉണ്ണി ബൈക്കിന്റെ വേഗത കൂട്ടി. അവന്റെ മനസ്സിലൂടെ ഇത്രയും കാലത്തെ തന്റെ ജീവിതം ഒരു സിനിമ പോലെ കടന്നുപോയി. നല്ലത് ചെയ്തത് വളരെ കുറവാണ്. കാശായിരുന്നു ദൈവം. ബാങ്ക് ലോക്കറുകളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന അവന്റെ സമ്പാദ്യങ്ങൾക്ക് ഒരുപാട് പാവങ്ങളുടെ കണ്ണീരിന്റെയും വിയർപ്പിന്റെയും മണമുണ്ടായിരുന്നു.
വീടിനെ ലക്ഷ്യമാക്കി ബൈക്കില്‍ അവന് കുതിച്ചു പാഞ്ഞു. പെട്ടന്നായിരു അത് സംഭവിച്ചത്. കുതിച്ചു പാഞ്ഞിരുന്ന ബൈക്കില്‍ നിന്നും ഉണ്ണി തെറിച്ചുവീണു. ഭൂമി കുലുങ്ങുകയാണ് എന്ന് അവന് മനസ്സിലായി. നിലത്ത് വീണു കിടന്ന ഉണ്ണിയുടെ ശരീരത്തില്‍ ശക്തമായ മഴത്തുള്ളികൾ വന്നു പതിച്ചു. നിസ്സഹായനായ ഉണ്ണി കൊച്ചു കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു
“അമ്മേ, ഭൂമി കുലുങ്ങുന്നേ. ഞാന്‍ ഇപ്പോ ചാവുമേ. എന്റെ പൊന്നു ദൈവേ എനിക്ക് നന്നാവാൻ ഒരു അവസരം പോലും തരാതെ നീ ഈ ലോകം അവസാനിപ്പിക്കാണോ”
പെട്ടെന്നായിരുന്നു ഉണ്ണിയുടെ കാതില്‍ ഒരു സ്ത്രീ ശബ്ദം മുഴങ്ങിയത്
“നീ എന്തൊക്കെയാടാ ഈ വിളിച്ചു കൂവുന്നത്..?”
ഈ ശബ്ദം ഇതിനു മുന്നേ എവിടെയോ കേട്ടിട്ടുണ്ട് എന്ന് ഉണ്ണിക്ക് തോന്നി. കണ്ണ് തുറന്ന് തന്റെ മുന്നില്‍ അവതരിച്ച ആ സ്ത്രീ ശബ്ദത്തിന് ഉടമയെ അവന് നോക്കി. കയ്യില്‍ കുടവുമായി നില്ക്കുന്ന സ്വന്തം അമ്മയെ ആയിരുന്നു അവിടെ കണ്ടത്
“എന്ത് ഉറക്കാടാ ഇത്, നേരം പന്ത്രണ്ട് മണിയായി. എത്ര നേരായി നിന്നെ ഞാന്‍ വിളിക്കുന്നു. ഉറക്കത്തില്‍ നീ എന്തൊക്കെയോ പിച്ചും പേയും പറയുന്നത് കേട്ടു. പിന്നെ ഒന്നും നോക്കിയില്ല. ഒരു കുടം വെള്ളമെടുത്ത് നിന്റെ തലയിലൂടെ അങ്ങ് കമഴ്ത്തി”
വളിഞ്ഞ ചിരിയോടെ ഉണ്ണി അമ്മയെ നോക്കി
“അമ്മേ, നമ്മള് കഴിഞ്ഞ ആഴ്ച കണ്ട ആ കുട്ടിയെ അങ്ങ് ഉറപ്പിച്ചാലോ”
ആശ്ചര്യത്തോടെ അമ്മ
“ചോദിച്ച സ്ത്രീധനം തരാന്‍ ഒരു വഴിയുമില്ല എന്ന് ആ പാവങ്ങൾ പറഞ്ഞപ്പോള്‍, നീ തന്നെയല്ലേ പറഞ്ഞേ അവളെ വേണ്ടാ എന്ന്”
തോർത്ത് മുണ്ടുകൊണ്ട് തല തുടച്ച് ഉണ്ണി അമ്മയുടെ അടുത്തേക്ക് ചെന്നു
“സ്ത്രീധനത്തിലൊക്കെ എന്തിരിക്കുന്നു അമ്മേ”
അമ്മ ഉണ്ണിയെ അടിമുടി ഒന്ന് നോക്കി
“ഇന്നലെ രാത്രി വരെ ആ കൊച്ചിനെ കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ പൈസ പൈസാ എന്നും പറഞ്ഞ് എന്നെ കടിച്ചു തിന്നാന്‍ വന്ന എന്റെ മോന് തന്നെയാണോ ഈ പറയുന്നത്”
ഉണ്ണി അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു
“അമ്മ ഈ ലോകം അവസാനിക്കുന്ന ആ അവസാന നിമിഷം കണ്ടിട്ടുണ്ടോ”
“സത്യം പറ മോനേ, നിനക്ക് വല്ല കുഴപ്പവും ഉണ്ടോ”
ചിരിച്ചോണ്ട് ഉണ്ണി അമ്മയെ ചേർത്ത് പിടിച്ചു
“എന്റെ പൊന്നമ്മേ, ഒരു ലോകവസാനം ദാ.. ഇങ്ങനെ തൊട്ടടുത്ത് കണ്ട് തീര്‍ന്നതേ ഒള്ളൂ ഇപ്പോ. ഈ ഭൂമിയൊന്നു കുലുങ്ങിയാൽ പപ്പടം പൊടിയുന്നത് പോലെ പൊടിയും നമ്മളെല്ലാം. നമ്മളൊക്കെ അത്രയേ ഒള്ളൂ അമ്മേ”
ഒന്നു നിറുത്തിയിട്ട് ഉണ്ണി തുടര്‍ന്നു
“ഞാന്‍ പലിശ പരിപാടിയൊക്കെ നിറുത്താൻ പോവാണ് അമ്മേ. ഒരുപാട് പാവങ്ങളുടെ കണ്ണീര് കണ്ടിട്ടുണ്ട്, അതിനൊക്കെ പ്രായശ്ചിത്വം ചെയ്യണം. എന്തായാലും എനിക്കു വേണ്ടി അമ്മ ഒരു കാര്യം ചെയ്യ്. ആ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ച് പൊന്നും പണവും ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് ഒന്നു വിളിച്ചു പറ അമ്മേ. കല്യാണത്തിന്റെ ചിലവ് മൊത്തം ഞാന്‍ നടത്താം എന്ന് കൂടി പറഞ്ഞേക്ക്. ബാങ്ക് ലോക്കറിനുള്ളിൽ ചത്തു കിടക്കുന്ന കടലാസുകൾക്ക് മൂല്യം വരുന്നത് അതുകൊണ്ട് ആരുടെയെങ്കിലും മുഖത്ത് സന്തോഷം വരുത്താൻ കഴിയുമ്പോഴാണ്”
അമ്മ ഉണ്ണിയെ ആശ്ചര്യത്തോടെ നോക്കി
“നിന്റെ ഈ മനംമാറ്റത്തിന് കാരണം എന്താണ് എന്ന് പെണ്ണിന്റെ വീട്ടുകാര്‍ ചോദിച്ചാല്‍ ഞാന്‍ എന്താ പറയാ”
ഉണ്ണി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് അമ്മയെ നോക്കി
“അമ്മയുടെ മോന് ഒരു സ്വപ്നം കണ്ടതാണ് എന്ന് പറഞ്ഞാല്‍ മതി, മനുഷ്യനാവാനുള്ള സ്വപ്നം”